Begin typing your search above and press return to search.
proflie-avatar
Login

കല്ലിൽ കൊത്തിയ ജീവിതം

ഇറാനി-ഡച്ച് നോവലിസ്റ്റ് കാദര്‍ അബ്ദുല്ലയുടെ ‘മൈ ഫാദേഴ്സ് നോട്ട്ബുക്ക്’ എന്ന നോവലിന് ഒരു വായന.

കല്ലിൽ കൊത്തിയ ജീവിതം
cancel

പി​താ​പു​ത്ര ബ​ന്ധ​ത്തി​ന്‍റെ പ​വി​ത്ര​തക്ക് ഊന്നല്‍ നല്‍കി, ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് കാദര്‍ അബ്ദുല്ലയുടെ 'മൈ ഫാദേഴ്സ് നോട്ട്ബുക്ക്'. കാഴ്ചശേഷിയും കേൾവിശേഷിയുമില്ലാത്ത ആഗ അക്ബര്‍ എന്ന പിതാവിന്‍റെയും ഇസ്മായില്‍ എന്ന പുത്രന്‍റെയും സാഫ്റന്‍ മലയോരത്തെ നിഷ്കളങ്കരായ ഗ്രാമീണജീവിതത്തിന്‍റെയും കഥയായി തോന്നാമെങ്കിലും നിരവധി രാഷ്ട്രീയ മാനങ്ങളുള്ള നോവലാണ് ഈ കൃതി. 1941 സെപ്റ്റംബര്‍ 16ന് ഇറാന്‍റെ പരമാധികാരിയായി അധികാരമേറ്റെടുത്ത മുഹമ്മദ് റീസ ഷായുടെ സ്വേച്ഛാധിപത്യ ഭരണത്തിന്‍റെയും മതവിശ്വാസികളുടെയും മുല്ലമാരുടെയും (വലിയൊരളവോളം ഇടതുപക്ഷത്തിന്‍റെയും)...

Your Subscription Supports Independent Journalism

View Plans

പി​താ​പു​ത്ര ബ​ന്ധ​ത്തി​ന്‍റെ പ​വി​ത്ര​തക്ക് ഊന്നല്‍ നല്‍കി, ഇറാനിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് കാദര്‍ അബ്ദുല്ലയുടെ 'മൈ ഫാദേഴ്സ് നോട്ട്ബുക്ക്'. കാഴ്ചശേഷിയും കേൾവിശേഷിയുമില്ലാത്ത ആഗ അക്ബര്‍ എന്ന പിതാവിന്‍റെയും ഇസ്മായില്‍ എന്ന പുത്രന്‍റെയും സാഫ്റന്‍ മലയോരത്തെ നിഷ്കളങ്കരായ ഗ്രാമീണജീവിതത്തിന്‍റെയും കഥയായി തോന്നാമെങ്കിലും നിരവധി രാഷ്ട്രീയ മാനങ്ങളുള്ള നോവലാണ് ഈ കൃതി.

1941 സെപ്റ്റംബര്‍ 16ന് ഇറാന്‍റെ പരമാധികാരിയായി അധികാരമേറ്റെടുത്ത മുഹമ്മദ് റീസ ഷായുടെ സ്വേച്ഛാധിപത്യ ഭരണത്തിന്‍റെയും മതവിശ്വാസികളുടെയും മുല്ലമാരുടെയും (വലിയൊരളവോളം ഇടതുപക്ഷത്തിന്‍റെയും) സഹായത്തോടെ ഷായെ അട്ടിമറിച്ച് അധികാരമേറ്റെടുത്ത ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുള്ള മതാധിഷ്ഠിത ഭരണത്തിന്‍റെയും കാലത്തെ ചോരയാൽ ചുവന്നതാണ് ഈ നോവലിലെ ഓരോ പേജുകളും. പാരമ്പര്യത്തിലും അടിസ്ഥാന മൗലികതയിലും അടിയുറച്ചു വിശ്വസിച്ച് ജീവിച്ച ഒരു സമൂഹത്തിനു മേല്‍, റീസ ഷാ തന്‍റെ പാശ്ചാത്യ മോഡല്‍ ആധുനികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇസ്ലാമിന്‍റെ ആധുനികവത്കരണമായിരുന്നില്ല അത്. മതപണ്ഡിതരുടെ കടുത്ത എതിര്‍പ്പും വിശ്വാസികളുടെ നിസ്സഹായതയും ബുദ്ധിജീവികളായ അധ്യാപക-വിദ്യാർഥി സമൂഹത്തിന്‍റെ പ്രക്ഷോഭങ്ങളുമാണ് ഇറാനെ പതിറ്റാണ്ടുകളോളം ഖുമൈനിയുടെ ആധിപത്യത്തിന്‍ കീഴിലാക്കാന്‍ സഹായിച്ചതെന്നും കാദര്‍ അബ്ദുല്ല നിരീക്ഷിക്കുന്നു.

പ്രതിരോധായുധമായി എഴുത്തിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ച എഴുത്തുകാരനാണ് കാദര്‍ അബ്ദുല്ല. 1954ല്‍ തെഹ്റാനില്‍ ജനിച്ച അദ്ദേഹം വിദ്യാർഥിയായിരിക്കെ തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടതുപക്ഷ നേതാക്കളുമായുള്ള ബന്ധം പഠനം ഉപേക്ഷിക്കുന്നതിനും പാര്‍ട്ടി പത്രത്തിന്‍റെ ചുമതല ഏറ്റെടുക്കുന്നതിനും നിര്‍ബന്ധിതനാക്കി. ഷായുടെ രഹസ്യ പൊലീസിന്‍റെ പിടിയില്‍നിന്ന് രക്ഷപ്പെടുന്നതിനും പട്ടാളത്തിന്‍റെ ക്രൂര മർദനത്താല്‍ കൊല്ലപ്പെട്ട രണ്ട് സഹപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി സ്വന്തം പേരായ ഹുസൈന്‍ സദ്ജാദി ഫര്‍ഹാനി എന്ന പേര്‍ ഉപേക്ഷിച്ച് കാദര്‍ അബ്ദുല്ല എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഷാ ഭരണകൂടത്തിനെതിരെ എടുത്ത അതേ കടുത്ത നിലപാട് തന്നെയാണ് ഖുമൈനിയുടെ ഭരണകൂടത്തിനെതിരെയും എടുത്തത്. സ്വന്തം രാജ്യത്ത് രണ്ട് ഗ്രന്ഥങ്ങളും ഏതാനും പത്ര റിപ്പോര്‍ട്ടുകളും മാത്രമേ അദ്ദേഹത്തിന് പ്രസിദ്ധീകരിക്കാനായുള്ളൂ. കാദര്‍ അബ്ദുല്ല തുര്‍ക്കിയില്‍ അഭയം പ്രാപിച്ചു. പിന്നീട് 1988ല്‍ രാഷ്ട്രീയാഭയാർഥിയായി നെതര്‍ലന്‍ഡ്സില്‍ എത്തുകയായിരുന്നു. ഡച്ച് ഭാഷയിലാണ് കാദര്‍ അബ്ദുല്ല തന്‍റെ പിന്നീടുള്ള എല്ലാ രചനകളും നിര്‍വഹിച്ചത്.

'മൈ ഫാദേഴ്സ് നോട്ട്ബുക്കി'നെ ഏതു ഗണത്തില്‍ പെടുത്താവുന്ന നോവലാണ് എന്നതിനെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ട്. ഏകാകിയും ബധിരനും മൂകനുമായ ഒരു മനുഷ്യന്‍റെ ജീവിതാനുഭവങ്ങളായും ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പാതി മുതല്‍ 21ാം നൂറ്റാണ്ടിന്‍റെ പ്രാരംഭംവരെയുള്ള രാഷ്ട്രീയ ചരിത്രമായും ചെറുപ്പക്കാരനായ ഇസ്മായിലിന്‍റെ കമ്യൂണിസ്റ്റ് വിശ്വാസത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രവാസ ജീവിതത്തിന്‍റെയും ചിത്രീകരണങ്ങളായെല്ലാം ഈ നോവല്‍ വായിക്കാം. എന്നാല്‍ ആത്യന്തികമായി ഒരു മകന്‍റെ പിതാവിനുള്ള അന്ത്യാഞ്ജലിയാണ് ഇത്. ജീവിച്ചിരിക്കെ പിതാവിന്‍റെ സ്നേഹം ആവോളം അനുഭവിക്കുകയും എന്നാല്‍ പാതിപോലും തിരിച്ചുനല്‍കാന്‍ കഴിയാത്തതില്‍ കേഴുകയും ചെയ്യുന്ന ഇസ്മായില്‍ എന്ന പുത്രന്‍റെ തീവ്രദുഃഖം നോവലില്‍ നിറഞ്ഞുനില്‍ക്കുന്നു.

ശിലാലിപിയില്‍ എഴുതിയ ആത്മകഥ

ഇറാന്‍റെ സാമൂഹികവും മതപരവുമായ വിശ്വാസങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് സാഫ്റന്‍ മലനിരകളിലെ പുരാതന ഗുഹകള്‍. ഈ ഗുഹാന്തര്‍ ഭാഗത്ത് ഇറാന്‍റെ സമ്പന്നമായ ഭൂതകാല ചരിത്രം ശിലാലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. താഴ്വാരത്തെ സിനോജന്‍ ഗ്രാമത്തിലാണ് ആഗാ അക്ബറിന്‍റെ ജനനം. ഗ്രാമത്തിലെ സമ്പന്നനും ഗ്രാമപ്രമുഖനുമായ ആഗാഹാദി ഖുറാസനിയുടെ രണ്ടാം ഭാര്യയായ ഹജര്‍ ആണ് അക്ബറിന്‍റെ മാതാവ്. ഹജര്‍ ആഗാഹാദിയുടെ വേലക്കാരിയായിരുന്നു. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അയാള്‍ നിയമവിധേയമായിതന്നെ അവളെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ അയാളോടൊപ്പം ജീവിക്കാന്‍ ഹജറിനോ അവളുടെ മക്കള്‍ക്കോ അനുവാദമുണ്ടായിരുന്നില്ല.

ഇറാനിലെ ഗ്രാമാന്തരീക്ഷവും വിശ്വാസ പ്രമാണങ്ങളും ഗ്രാമീണജീവിതവും ചാരുതയോടെയാണ് കാദര്‍ അബ്ദുല്ല ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തൊന്ന് രാവുകളിലെ ഒരു കഥ വായിക്കുന്ന പ്രതീതിയാണ് 'മൈ ഫാദേഴ്സ് നോട്ട്ബുക്കി'ലെ ആദ്യ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ വായനക്കാരുടെ മനസ്സിലുണ്ടാകുന്ന ആദ്യ പ്രതികരണം. കഥകളും ഉപകഥകളും കഥാപാത്രങ്ങളുടെയും ദേശത്തിന്‍റെയും പില്‍ക്കാല കഥകളുംകൊണ്ട് നോവലിന് ഒരിതിഹാസ കഥയുടെ പരിവേഷം നല്‍കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളുടെ വൈവിധ്യവും അവര്‍ക്ക് നോവലിസ്റ്റ് നല്‍കിയിട്ടുള്ള വ്യക്തിത്വവുമാണ് കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നത്. അക്ബറിന്‍റെ അമ്മാവന്‍ കാസിം ഖാനാണ് ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. അക്ബറിന്‍റെയും പുത്രന്‍ ഇസ്മായിലിന്‍റെയും രക്ഷാപുരുഷനാണ് അയാള്‍. ഇറാനില്‍ സുലഭമായ കറുപ്പിന്‍റെ അടിമയാണ് അയാളെങ്കിലും അയാളുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും യുക്തിഭദ്രമാണ്.

നിരക്ഷരനായ അക്ബറിനെ സാഹ്റന്‍ ഗുഹകളിലെ ശിലാലിഖിതങ്ങള്‍ പരിചയപ്പെടുത്തിയത് കാസിം ഖാനാണ്. അക്ബര്‍ ഒരു നോട്ടുപുസ്തകത്തില്‍ ഈ ശിലാലിഖിതങ്ങള്‍ രേഖപ്പെടുത്തി. അയാള്‍ പക്ഷേ അവ നേരെ പകര്‍ത്തിവെക്കാനല്ല ഉപയോഗിച്ചത്. ആ ലിപികള്‍ ഉപയോഗിച്ച് തന്‍റെയും കുടുംബത്തിന്‍റെയും രാജ്യത്തിന്‍റെയും കഥകള്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്. ക്യുനിഫോം എന്നറിയപ്പെടുന്ന ലിപിയില്‍ എഴുതപ്പെട്ട പിതാവിന്‍റെ നോട്ടുപുസ്തകം ഡീകോഡ് ചെയ്ത് നോവല്‍ രൂപത്തില്‍ എഴുതാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്മായിലിനെ അവതരിപ്പിച്ചുകൊണ്ടാണ് കാദര്‍ അബ്ദുല്ല നോവല്‍ ആരംഭിക്കുന്നത്.

സിനോജനില്‍ നിർമിക്കപ്പെടുന്ന പരവതാനികള്‍ ലോകപ്രസിദ്ധങ്ങളാണ്. ഈ പരവതാനികള്‍ നിർമിക്കുന്നത് ഗ്രാമത്തിലെ സ്ത്രീജനങ്ങളാണ്. അവ തെഹ്റാനില്‍നിന്ന് എങ്ങോട്ടാണ് കയറ്റുമതി ചെയ്യുന്നത് എന്നൊന്നും ഗ്രാമീണര്‍ക്ക് അറിയില്ലായിരുന്നു. അക്ബറിന് പ്രായപൂര്‍ത്തിയായതോടെ ഒരു പരവതാനി നിർമാതാവിന്‍റെ സഹായിയായി ജോലി തരപ്പെടുത്തിക്കൊടുത്തത് കാസിം ഖാനാണ്.

അൽപം സങ്കീര്‍ണമായ രചനാരീതിയാണ് നോവലിസ്റ്റ് ഈ നോവല്‍ രചനയില്‍ സ്വീകരിച്ചിരിക്കുന്നത്. പിതാവിന്‍റെ നോട്ട്ബുക്കിലെ ലിപികള്‍ തന്‍റെ മനോധർമമനുസരിച്ചാണ് ഇസ്മായില്‍ ഡീകോഡ് ചെയ്യുന്നത്. ഒപ്പം പിതാവ് രേഖപ്പെടുത്താത്ത തന്‍റെ കഥയും ഇസ്മായില്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. സിനോജനില്‍നിന്ന് തെഹ്റാനിലേക്കും, താന്‍ പ്രവാസിയായി കഴിയുന്ന ഹോളണ്ടിലേക്കും ഇസ്മായില്‍ കഥാസന്ദര്‍ഭങ്ങള്‍ ഒരേസമയം മാറ്റുന്നുണ്ട്. പിതാവിന്‍റെയും പുത്രന്‍റെയും കഥകളും, ഇറാന്‍റെ രാഷ്ട്രീയ രംഗത്തെ ചലനങ്ങളും കൂടിക്കുഴഞ്ഞ് കിടക്കുകയാണ് നോവലില്‍. എന്നാല്‍ ഈ രചനാരീതി നോവലിന്‍റെ സുഗമമായ വായനയെ ഒരിക്കല്‍പോലും അലോസരപ്പെടുത്തുന്നില്ല.

ആംഗ്യഭാഷ അക്ബറിന് പഠിപ്പിച്ചുകൊടുത്തതും അയാള്‍ക്ക് ഭാര്യയായി തന്‍റേടിയായ ഒരു സ്ത്രീയെ കണ്ടെത്തിയതും കാസിംഖാന്‍ തന്നെയാണ്. അസാധാരണ സ്വഭാവ വിശേഷങ്ങളുള്ള ഒരു സ്ത്രീയായിരുന്നു ടിന എന്ന അക്ബറിന്‍റെ ഭാര്യ. കോപാകുലയാകുമ്പോള്‍ അവളുടെ ഉള്ളിലുള്ള ചെന്നായ പുറത്തുവരും. ആ സമയത്ത് അവളെ അടക്കിനിര്‍ത്തുന്നതിന് കാസിം ഖാന്‍ ഖുര്‍ആനില്‍ നിന്ന് വിശുദ്ധ വചനങ്ങള്‍ ഉരുവിടുമായിരുന്നു. ഇസ്മായിലിന്‍റെ ജനനശേഷം അവന്‍ ഒരിക്കല്‍ ഈ രംഗത്തിന് സാക്ഷിയായിട്ടുണ്ട്. പിന്നീട് കാസിം ഖാന്‍റെ മരണാനന്തരം ഒരിക്കല്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ഇസ്മായില്‍ ഇത് പരീക്ഷിക്കുകയും ടിനയെ ശാന്തചിത്തയാക്കുകയും ചെയ്തിട്ടുണ്ട്.

ആഗ അക്ബര്‍ തന്‍റെ നോട്ടുപുസ്തകത്തിലും ഭാര്യയുടെ ഈ സ്വഭാവ വിശേഷം ചിത്രീകരിച്ചിട്ടുണ്ട്. മൂന്ന് പുത്രിമാരും ഒരു പുത്രനുമാണ് അക്ബറിന് ഉണ്ടായിരുന്നത്. ഇവരില്‍ ഇസ്മായിലിനോടും ഗോള്‍ഡന്‍ ബെല്‍ എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന പുത്രിയോടുമായിരുന്നു അക്ബറിന് ഏറെ ആഭിമുഖ്യം. ആംഗ്യഭാഷയില്‍ പിതാവിനോട് ഏറ്റവുമധികം സംവദിച്ചിരുന്നതും അവരായിരുന്നു.

ഇസ്‍ലാമിക വിപ്ലവ കാലത്തെ ഇറാൻ
ഇസ്‍ലാമിക വിപ്ലവ കാലത്തെ ഇറാൻ

പട്ടണത്തിലേക്കുള്ള പറിച്ചുനടല്‍

കുട്ടികളുടെ, പ്രത്യേകിച്ച് ഇസ്മായിലിന്‍റെ വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തിയാണ് സിനോജന്‍ വിട്ട് ഇസ്ഫഹാനിലേക്ക് മാറി താമസിക്കാന്‍ അക്ബര്‍ തീരുമാനിക്കുന്നത്. കാരണം ഇസ്മായിലിനും തന്‍റെ പുത്രിമാര്‍ക്കും മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാകണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. പരവതാനി നിർമാണ കലയില്‍നിന്ന് നല്ലൊരു വരുമാനം ലഭിച്ചിരുന്ന അക്ബറിന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ തടസ്സമൊന്നുമുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ടിനയുടെ എതിര്‍പ്പിനും, കാസിം ഖാന്‍റെ നിര്‍ബന്ധപൂര്‍വമായ ഉപദേശത്തിനും അയാളുടെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞതുമില്ല.

ഇസ്ഫഹാനിലെത്തിയ അക്ബറിന് അവിടെ കൂടുതല്‍ കാലമൊന്നും പിടിച്ചുനില്‍ക്കാനായില്ല. ഇസ്മായിലിന് വേണ്ടി ധാരാളം പഴയ പുസ്തകങ്ങള്‍ അയാള്‍ ശേഖരിച്ചു. കൈത്തൊഴിലില്‍ വിദഗ്ധനായിരുന്ന അയാള്‍ക്ക് പട്ടിണി കിടക്കേണ്ടിവന്നില്ല. കൂടാതെ ഒരു വനിതാ സുഹൃത്തിനെ സമ്പാദിക്കാനും അയാള്‍ക്ക് കഴിഞ്ഞു. ഇസ്മായിലായിരുന്നു അയാളുടെ സംഭാഷണങ്ങളില്‍ മധ്യവര്‍ത്തിയായി നിന്നിരുന്നത്. അയാള്‍ക്ക് പിതാവിന്‍റെ ഈ സൗഹൃദത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. അത്രക്കും അഗാധമായിരുന്നു പിതാവിലുള്ള അയാളുടെ വിശ്വാസം. കുടുംബാംഗങ്ങളുടെ നിര്‍ബന്ധംമൂലമാണ് അയാള്‍ക്ക് വീണ്ടും സിനോജനിലേക്ക് തിരിച്ചു പോകേണ്ടിവന്നത്.

ഇതിനിടെ ഇറാനിലെ രാഷ്ട്രീയ രംഗം കൂടുതല്‍ കലുഷിതമായി തീര്‍ന്നിരുന്നു. ഷാക്കെതിരെയുള്ള പ്രക്ഷോഭം തെഹ്റാനിലും ഇമാമുമാരുടെ ശക്തികേന്ദ്രമായിരുന്ന ഖോം നഗരത്തിലും ആളിപ്പടര്‍ന്നു. ആയത്തുല്ല ഖുമൈനിയുടെ രംഗപ്രവേശം ഇമാമുമാരുടെയും വിശ്വാസികളുടെയും പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എന്നാല്‍ ഈ ഭാഗം കൂടുതല്‍ വിശദീകരിക്കാന്‍ കാദര്‍ അബ്ദുല്ല നോവലില്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പില്‍ക്കാല നോവലായ 'ഹൗസ് ഓഫ് ദ മോസ്കി'ല്‍ പക്ഷേ മതാധിപന്മാരുടെ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

സിനോജനില്‍ തിരികെ എത്തിയ ആഗ അക്ബറിന് ഇസ്മായില്‍ സ്വന്തമായി ഒരു പരവതാനിക്കട നിർമിച്ചുകൊടുത്തു. പിന്നീട് അവിടേക്ക് അക്ബര്‍ ചുരുങ്ങിക്കൂടുകയായിരുന്നു. ഗോള്‍ഡന്‍ ബെല്ലും സഹായിയായി അയാള്‍ക്കുണ്ടായിരുന്നു.

ഇതിനിടെ തെഹ്റാന്‍ സര്‍വകലാശാലയില്‍ ഇസ്മായിലിന് പ്രവേശനം ലഭിച്ചിരുന്നു. നേരത്തേതന്നെ ആഭിമുഖ്യമുണ്ടായിരുന്ന ഫിസിക്സായിരുന്നു അയാള്‍ പാഠ്യവിഷയമായി തിരഞ്ഞെടുത്തത്. പക്ഷേ ഇസ്മായില്‍ യൂനിവേഴ്സിറ്റിയിലെ രാഷ്ട്രീയാന്തരീക്ഷത്തോടായിരുന്നു കൂടുതല്‍ അഭിമുഖ്യം പുലര്‍ത്തിയത്.

മകന്‍റെ രാഷ്ട്രീയചായ്വിനെക്കുറിച്ച് അക്ബറിന് ധാരണയുണ്ടായിരുന്നു. അപകടമൊഴിവാക്കുന്നതിനായി ഷായുടെ വലിയൊരു ചിത്രം അയാള്‍ കടയില്‍ തൂക്കി. രഹസ്യ പൊലീസുകാര്‍ ക്രൂരമായ നരനായാട്ടാണ് ഷാക്കെതിരെ കലാപമുയര്‍ത്തുന്നവര്‍ക്കെതിരെ നടത്തിയത്. മകന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം മണത്തറിഞ്ഞ് അവരെത്തുകയാണെങ്കില്‍ ഷായുടെ ചിത്രം കാണിച്ച് അവരില്‍നിന്ന് രക്ഷ നേടാമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍.

മുഹമ്മദ് റീസ ഷാക്കെതിരെയുള്ള കലാപത്തില്‍ മുല്ലമാര്‍ക്കും അനുയായികള്‍ക്കുമൊപ്പം നിര്‍ണായക പങ്കായിരുന്നു ഇറാനിലെ ഇടതുപക്ഷത്തിനുണ്ടായിരുന്നത്. ഷായുടെ പതനശേഷം തങ്ങള്‍ക്ക് രാജ്യത്ത് സ്വതന്ത്ര പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ഇത് വെറും മരീചിക മാത്രമായിരുന്നു.

റീസ ഷായുടെ രഹസ്യ പൊലീസ് ഇടതുപക്ഷ പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരുന്ന സമയത്താണ് ഇസ്മായില്‍ ജമീല എന്ന വനിതാ സഖാവുമായി ആഗ അക്ബറിന്‍റെ കടയിലെത്തുന്നത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അവളെ കണ്ടതോടെ അക്ബറിന് കാര്യം മനസ്സിലായി. പിന്നീടവള്‍ അയാളുടെയും കുടുംബത്തിന്‍റെയും സംരക്ഷണയിലായിരുന്നു.

പ്രസും പത്രവും കണ്ടുകെട്ടിയതോടെ രഹസ്യമായി ഒരു ഷീറ്റ് വാര്‍ത്താപത്രിക സ്റ്റെന്‍സില്‍ ചെയ്തിറക്കാനുള്ള ശ്രമത്തിലായിരുന്നു ഇസ്മായില്‍. എന്നാല്‍ ഖുമൈനിയുടെ നേതൃത്വത്തിലുള്ള സംഘം അധികാരം പിടിച്ചെടുത്തതോടെ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. പ്രതീക്ഷിച്ചിരുന്നപോലെ ഖുമൈനി ഇടതുപക്ഷത്തെ പിന്തുണച്ചില്ല. ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

പ്യൂര്‍ ബഹ്ലുല്‍ എന്ന ഒരു ഡോക്ടറെ ആദ്യ നാളുകളില്‍ ഇസ്മായില്‍ പരിചയപ്പെടുന്നുണ്ട്. രഹസ്യ പൊലീസിന്‍റെ പിടിയിലായ ഡോക്ടറുടെ ദൃശ്യം ടെലിവിഷനില്‍ കാണുമ്പോള്‍ മാത്രമാണ് അയാള്‍ തങ്ങളുടെ സഹയാത്രികനായിരുന്നു എന്ന സത്യം ഇസ്മായില്‍ മനസ്സിലാക്കുന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട അയാള്‍ കരുണക്കായി കേഴുന്ന ദൃശ്യമാണ് ടി.വിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

അക്ബറിന്‍റെ വീട്ടില്‍ കഴിഞ്ഞിരുന്ന ജമീലയുടെ സ്വാധീനംമൂലം ഗോള്‍ഡന്‍ ബെല്ലും വിപ്ലവാനുകൂലിയായി തീര്‍ന്നിരുന്നു. ജമീല സുഖം പ്രാപിച്ച് തിരികെ പോയെങ്കിലും ഗോള്‍ഡന്‍ ബെല്‍ പൊലീസിന്‍റെ പിടിയിലായി. അവള്‍ ജയിലിലാണെന്ന് വളരെ വൈകി മാത്രമാണ് ഇസ്മായില്‍ അറിയുന്നത്.

തുടര്‍ന്നും ഇറാനില്‍ കഴിയുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ ഇസ്മായില്‍ സാഫ്റന്‍ മല കടന്ന് അന്നത്തെ സോവിയറ്റ് യൂനിയനിലേക്കും അവിടെനിന്ന് സുരക്ഷിതമായ മറ്റൊരിടത്തേക്ക് പലായനം ചെയ്യാനും തീരുമാനിക്കുന്നു. യാത്ര പറയാനായി ഇസ്മായിലിനെ കാണാനെത്തിയ മകനെ കണ്ടപ്പോള്‍തന്നെ അക്ബറിന് കാര്യം മനസ്സിലായി. തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ തന്‍റെ കോട്ടും വഴിയില്‍ ഭക്ഷണത്തിനായി ഒരു വലിയ റൊട്ടിയും നല്‍കി അയാള്‍ ഇസ്മായിലിനെ യാത്രയാക്കി. നോവലിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു രംഗം ആണിത്.

ജയില്‍ ചാടിയ ഗോള്‍ഡന്‍ ബെല്ലിനെ പിന്തുടര്‍ന്ന് സാഫ്റന്‍ മല കയറുന്ന ആഗ അക്ബറിന്‍റെ ചിത്രീകരണമാണ് മറക്കാന്‍ കഴിയാത്ത മറ്റൊരു രംഗം. അവിസ്മരണീയങ്ങളായ ഒട്ടേറെ രംഗങ്ങള്‍ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. വിപ്ലവകാരിയായ ജമീലയെ ചുമലിലേറ്റി വീട്ടിലേക്കു കൊണ്ടുപോകുന്ന ടിന എന്ന മാതാവിനെയും, ജ്യേഷ്ഠനെ പിന്തുടര്‍ന്ന് വിപ്ലവത്തിന്‍റെ പാതയിലേക്ക് ഭയലേശമില്ലാതെ പോകുന്ന ഗോള്‍ഡന്‍ ബെല്ലും അനശ്വരങ്ങളായ കഥാപാത്രങ്ങളാണ്.

News Summary - My Father's Notebook book review