Begin typing your search above and press return to search.
proflie-avatar
Login

അരക്ഷിതാവസ്ഥകൾ, ഒഴിയാബാധകൾ, വിഭ്രാന്തികൾ

അരക്ഷിതാവസ്ഥകൾ, ഒഴിയാബാധകൾ, വിഭ്രാന്തികൾ
cancel

സമകാലിക നോർവീജിയൻ സാഹിത്യത്തിലെ സർഗാത്മക വിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് യോൺ ഫോസെ (Jon Fosse). നോവൽ, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നീ മേഖലകളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഫോസെയുടെ രചനകൾ ഇതിനകം തന്നെ നാൽപത് ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. മുപ്പതു പുസ്തകങ്ങൾ 1989 മുതലുള്ള സാഹിത്യജീവിതത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനകം അദ്ദേഹം നേടിയ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികതന്നെ വിശ്വസാഹിത്യകാരന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. 1959ൽ നോർവേയുടെ പടിഞ്ഞാറൻ തീരത്താണ് അദ്ദേഹം ജനിച്ചത്. 1983ൽ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന നോവലിലൂടെയാണ് അദ്ദേഹം...

Your Subscription Supports Independent Journalism

View Plans

മകാലിക നോർവീജിയൻ സാഹിത്യത്തിലെ സർഗാത്മക വിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് യോൺ ഫോസെ (Jon Fosse). നോവൽ, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നീ മേഖലകളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഫോസെയുടെ രചനകൾ ഇതിനകം തന്നെ നാൽപത് ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. മുപ്പതു പുസ്തകങ്ങൾ 1989 മുതലുള്ള സാഹിത്യജീവിതത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനകം അദ്ദേഹം നേടിയ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികതന്നെ വിശ്വസാഹിത്യകാരന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

1959ൽ നോർവേയുടെ പടിഞ്ഞാറൻ തീരത്താണ് അദ്ദേഹം ജനിച്ചത്. 1983ൽ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന നോവലിലൂടെയാണ് അദ്ദേഹം ഫിക്ഷൻ ലോകത്തേക്കു ചുവടുകൾ വെച്ചത്. സെപ്റ്റോളജി (Septology) എന്ന പേരിൽ പുറത്തുവന്ന നോവൽ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. ഇതിന്റെ ആദ്യത്തെ വാല്യത്തിന് (The Other Name) രണ്ടു ഭാഗങ്ങളുണ്ട്. രണ്ടാമത്തെ വാല്യമായ ഞാൻ മറ്റൊന്നാണ് (I is another) എന്നതിൽ മൂന്നു ഭാഗങ്ങളുണ്ട്. മൂന്നാമത്തെ ഭാഗത്തിന്റെ ഇംഗ്ലീഷ് മൂന്ന് പരിഭാഷ പൂർത്തിയായി വരുന്നതേയുള്ളൂ. നോവൽ ത്രയത്തിന്റെ രണ്ടു വാല്യങ്ങൾ വായിച്ചത് അത്യപൂർവമായ വായനാനുഭവമായിരുന്നു. 'ഒരു ബാല്യകാലത്തിൽനിന്നുള്ള രംഗങ്ങൾ' (Scenes from a child hood) എന്ന ചെറുകഥകളുടെ സമാഹാരം ചെറുകഥകളുടെ സൃഷ്ടിയിൽ ഫോസെയുടെ മികവ് എടുത്തുകാണിക്കുന്നു. നാൽപത് നാടകങ്ങൾ ആറു വാല്യങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഇവയിൽ പലതും യൂറോപ്പിലെയും അമേരിക്കയിലെയും പ്രശസ്തമായ അരങ്ങുകളിൽ അവതരിപ്പിക്കപ്പെട്ടു.


ഫോസെയുടെ കവിതകൾ പൂർണമായും പരിഭാഷപ്പെടുത്തിയതായി അറിവില്ല. മറ്റൊരു നോർവീജിയൻ സാഹിത്യപ്രതിഭയായ കാൾ ഒവെ നോസ്ഗാർഡാണ് (Karl Ove Knausgaard) ഫോസെയെ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കാൻ മുൻകൈയെടുത്തത്.

ഇത്രയും ആമുഖമായി രേഖപ്പെടുത്തിയത് ഫോസെയുടെ ഏറ്റവും വിഖ്യാതമായ കൃതികളിലൊന്ന് വ്യാകുലഭ്രാന്ത് (Melancholy) വായിക്കാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്. ഇതിനൊരു രണ്ടാം ഭാഗംകൂടിയുണ്ട്. അമേരിക്കയിലെ ഡാൽെക്ക ആർക്കൈവ് പ്രസാധകർ (Dalky Archive Press) പുറത്തിറക്കിയിരിക്കുന്ന ഈ നോവലിന്റെ പരിഭാഷ ഗ്രെഥ് കെർനെസും ഡാമിയോൺ സിയാൾസും (Grethe Kernes and Damion Searls) ചേർന്നാണ്.

ഇതിലെ പ്രധാന കഥാപാത്രമായി വരുന്ന ലാർസ് ഹെർട്ടർവിഗ് നോർവീജിയൻ ക്രിസ്തീയ പശ്ചാത്തലത്തിൽനിന്നു വരുന്ന പാവപ്പെട്ട മനുഷ്യനാണ്. ലാർസ് ഹെർട്ടർവിഗ് (1830-1901) ശരിക്കും പ്രശസ്തനായ നോർവീജിയൻ ലാൻഡ്സ്കേപ്പ് പെയിന്ററായിരുന്നു. പക്ഷേ, അയാളുടെ മാനസികനില പ്രത്യക്ഷമായും തകർന്നുകൊണ്ടിരിക്കുന്ന ഒരവസ്ഥയിലുമായിരുന്നു. ഫോസെ തന്റെ ഈ നോവൽ വിഖ്യാതനായ ഈ ചിത്രകാരന്റെ ജീവിതത്തെ ആധാരമാക്കി വികസിപ്പിച്ചെടുത്തതാണ്. ചിത്രകാരന്റെ ചെറുപ്പകാലത്ത് നേരിടേണ്ടിവന്ന ദുരന്തപൂർണമായ തകർച്ചയിലേക്കാണ് നോവൽ സൂക്ഷ്മമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അത് ശരിക്കും ചിത്രകാരന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ഭാഗംതന്നെയായിരുന്നു. ഫോസെ അതിനെ തന്റെ ഭാവനയുടെ ചിറകുകളിലേറ്റി സർഗാത്മകതയുടെ പുതിയ തലങ്ങളിലേക്ക് ആവിഷ്കരിച്ച് അവതരിപ്പിക്കുമ്പോൾ വായനക്കാർക്ക് അത്ഭുതത്തോടെ മാത്രമെ ഉൾക്കൊള്ളാൻ കഴിയൂ. നോവലിന്റെ രണ്ടാംഭാഗത്തിലും ചിത്രകാരനോടുള്ള ഫോസെയുടെ അവസ്ഥ ഒരു ഒഴിയാബാധക്കുള്ളിൽ നിൽക്കുന്നതുപോലെയാണ്.

ഇതൊരു നോവലാണെങ്കിൽകൂടിയും ഇതിലൂടെ കടന്നുവരുന്ന ചിത്രകാരനായ ലാർസ് ഹെർട്ടർവിഗിന്റെ യഥാർഥ ജീവിത പശ്ചാത്തലങ്ങളും ഇതിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നോർവേയിൽ ലാർസിന്റെ പേരുകേൾക്കുമ്പോൾ തന്നെ മഹത്തായ ഒരു കലാപാരമ്പര്യത്തിന്റെ ഓർമകളിലൂടെയാണ് ജനം കടന്നുപോകുന്നത്. പുറംലോകത്ത് അദ്ദേഹത്തെ ഇതുപോലെ ജനം തിരിച്ചറിയണമെന്നില്ല. പക്ഷേ, ഒരു പരിധിവരെ പരിഭാഷകളിലൂടെ സാധ്യമാക്കുന്നുയെന്നുള്ളത് ആദരണീയമായ വസ്തുതയാണ്.

ചിത്രകാരന്റെ ജീവിതത്തിലെ ഒരു ദിവസത്തെ ഏറ്റവും സങ്കീർണമായ തലങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആദ്യത്തെ 180 പേജുകളിൽ ഫോസെ ചെറുപ്പക്കാരനായ ചിത്രകാരന്റെ തകർച്ചയെയാണ് ചിത്രീകരിക്കുന്നത്. നോവലിന്റെ രണ്ടാമത്തെ ഭാഗം മൂന്നുവർഷങ്ങൾക്കു ശേഷം വരുന്ന ക്രിസ്മസ് കാലത്തും സംഭവിക്കുന്നു. വീണ്ടും മൂന്നു വർഷങ്ങൾക്കു ശേഷം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ചിത്രകാരനെയാണ് നാം കാണുന്നത്. അവസാനത്തെ ഹ്രസ്വമായ ഒരു ഭാഗം, അതും ഒരു നൂറ്റാണ്ടിനുശേഷം 1991ൽ ഹെർട്ടർവിഗിനാൽ വേട്ടയാടപ്പെട്ട ഒരെഴുത്തുകാരന്റെ രൂപത്തിലും. മൂന്നാമത്തെ ഭാഗത്ത് ഒരെഴുത്തുകാരനെന്ന നിലയിൽ ഹെർട്ടർവിഗ് കുറച്ചൊക്കെ അംഗീകാരങ്ങൾ നേടി നിൽക്കുന്ന ഒരു പശ്ചാത്തലം അനാവരണം ചെയ്യപ്പെടുന്നു. വിജയത്തിന്റെ പടവുകൾ കയറിപ്പോകാനും അയാൾക്ക് കഴിയുന്നുണ്ട്. നോവലിലെ വിഡ്മി എന്ന എഴുത്തുകാരനായ മനുഷ്യനിലൂടെയാണ് ഫോസെ ഈ ലക്ഷ്യം സാധിച്ചെടുക്കുന്നത്.

സ്ലോ നഗരത്തിലെ ദേശീയ ഗാലറിയിലെ 'ബോർഗൊയിൽനിന്ന്' എന്ന ചിത്രം ഇതിനു സാക്ഷ്യംവഹിക്കുന്ന ഒന്നാണ്. പക്ഷേ, അപ്പോഴും ഒരു ചിത്രകാരനെന്ന നിലയിൽ പോരാട്ടത്തിനുള്ളിൽ കഴിയുന്ന ഒരുവനെയാണ് നമുക്കു കാണാൻ കഴിയുന്നത്. കലയെക്കാൾ കൂടുതൽ സ്വന്തം മനസ്സുമായി പോരാട്ടത്തിലാക്കുന്ന ഒരു രൂപത്തെയാണവിടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്.

നോർവേയിലെ പാവപ്പെട്ട കുടുംബത്തിൽനിന്നും ജർമനിയിലെ ഡൂസർഡോർഫിലെ ചിത്രകലാ അക്കാദമിയിൽ പഠിക്കാനായി വരുന്ന വിദ്യാർഥിയാണ് ഹെർട്ടർവിഗ്. അയാൾ വല്ലാത്ത ഒരു പ്രതിസന്ധിയിലാകുന്നത് അധ്യാപകനായ ഹാൻസ്ഗുഡിനെ നേരിടേണ്ടിവരുമ്പോഴാണ്. ഹെർട്ടർവിഗിന്റെ കലാനിപുണതയെ വിലയിരുത്തേണ്ടതും അധ്യാപകനായ ഗുഡാണ്. ഒരു വശത്ത് മികച്ച ആത്മവിശ്വാസമുള്ള ഹെർട്ടർവിഗിനെയാണ് നാം കാണുന്നത്. താനൊരു യഥാർഥ കലാകാരനാണെന്നും അയാൾ പൂർണമായും വിശ്വസിക്കുമ്പോൾ കൂടെയുള്ള മറ്റുപല ചിത്രകാരന്മാരുടെയും അവസ്ഥ അതായിരുന്നില്ല. ഇതിനിടയിൽ അയാൾ താമസിക്കുന്ന ഭവനത്തിലെ അവസ്ഥ നേരിടേണ്ടിവരുന്ന യാതനകളുടെ വേറിട്ടൊരു മുഖത്തെ എടുത്തുകാണിക്കുന്നു. അവിടെ നേരിടേണ്ടിവരുന്ന ലൈംഗികപരമായ സമ്മർദങ്ങളുടെ തലങ്ങളും കാര്യങ്ങളെ കൂടുതൽ വിഷമത്തിലാക്കുന്നു. ഭവനത്തിലെ ഒരു മുറിയിൽ വാടകക്കു കഴിയേണ്ടിവരുമ്പോൾ അവിടത്തെ പതിനഞ്ചു വയസ്സുകാരിയുമായി അയാൾ സ്വയം ആകർഷിതനായി പ്രണയത്തിലാകുന്നു. ഇവിടെയും അയാൾ ഒരനിശ്ചിതത്വത്തിനുള്ളിലാണ് കഴിയുന്നത്. എവിടെയാണ് താൻ നിലറയുറപ്പിക്കേണ്ടത്? അവൾ തന്നെയും സ്നേഹിക്കുന്നുണ്ടോ? അല്ലെങ്കിൽ എല്ലാം തന്റെ ഭാവനകളുടെ സൃഷ്ടി മാത്രമാണോ? പക്ഷേ, ഹെലിനുമായുള്ള ബന്ധത്തിന്റെ ഓർമകൾ അതൊരു ഭാവനയാണെങ്കിൽ പോലും അയാളെ വല്ലാതെ ആവേശംകൊള്ളിക്കുന്നു.

അവിടെ ഹെലിന്റെ മാതുലനായ വിൻകെൽമൻ എന്ന കഥാപാത്രം പെട്ടെന്നു കടന്നുവരുകയാണ്. അയാളിൽ ഹെർട്ടർവിഗ് ഒരു അപകടസാധ്യതയും ശത്രുവിനെയും തിരിച്ചറിയുന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നത്. വിൻകെൽമൻ അയാളെ അവിടെനിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലെത്തുന്നു.

അക്കാദമിയിൽ തന്റെ കഴിവുകളെ വിലയിരുത്താനായി പോകേണ്ടതിനു പകരം ഹെർട്ടർവിഗ് പോകുന്നത് ചിത്രകാരന്മാരുടെ പുറത്തുള്ള താമസകേന്ദ്രമായ മാൽക്കാസ്റ്റെന്നിലേക്കാണ്. പുറന്തള്ളപ്പെട്ടവരുടെ ഒരഭയകേന്ദ്രമായിട്ടാണിതിനെ അറിയപ്പെട്ടിരുന്നത്. അവിടെയാണ് മറ്റുള്ള ചിത്രകാരന്മാർ മദ്യപിക്കാനും സംവേദിക്കാനുമായി പോയ്ക്കൊണ്ടിരുന്നത്. ഹെർട്ടർവിഗിന് ഒരിക്കലും ഇവിടേക്കു കടന്നുചെല്ലേണ്ടതായും വന്നിരുന്നില്ല. ഹെർട്ടർവിഗ് വീണ്ടും തന്റെ പഴയ വാടകമുറിയിലേക്കു മടങ്ങുകയാണ്. അപ്പോഴും അയാളുടെ മനസ്സിൽ ഒരു കാര്യം മാത്രമെയുണ്ടായിരുന്നുള്ളൂ. പഴയ ഭവനത്തിലേക്കു ചെല്ലുമ്പോൾ വിൻകെൽമൽ പൊലീസിനെ വിവരമറിയിച്ചിരുന്നു. അയാളുടെ വാടകമുറിയിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു മാതുലന്റെ ഉദ്ദേശ്യം.

നോവലി​െന്‍റ രണ്ടാമത്തെ ഭാഗത്ത് ഹെർട്ടർ വിഗിനെ ഒരു ഭ്രാന്താലയത്തിലടയ്ക്കപ്പെട്ടിരിക്കുന്നതായിട്ടാണ് കാണുന്നത്. ഗൗസ്റ്റാദ് ആശുപത്രിയിലെ ജീവിതത്തിനുപോലും പഴയ ഓർമകളിൽനിന്ന് അയാൾക്ക് മോചനം കൊടുക്കുന്നില്ല. നിരാശാബോധത്തിന്റെ ഇരുട്ടിനുള്ളിൽ കഴിയുന്ന ഹെർട്ടർവിഗിനെയാണ് നാമിവിടെ കാണുന്നത്. അയാൾക്ക് ചിത്രം വരക്കാനുള്ള അനുവാദം നിഷേധിക്കലാണ് ഏറ്റവും ക്രൂരം. ചിത്രം വരക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതവും നിരർഥകമാണ്. ഈ ഭാഗത്തെ നോവലും സംഭവിക്കുന്നത് ഒരു ദിവസത്തിന്റെ ഇടവേളയിലാണ്. വീണ്ടും നിരാശാബോധത്തിന്റെ പടുകുഴിയിലേക്കാണ് അയാൾ വീഴുന്നത്. അവിടന്നുള്ള മോചനം മാത്രമായിരുന്നു അയാളുടെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ, അത് സാധ്യമാകുമോ എന്ന ഭയം അയാളെ വല്ലാതെ തളർത്തി. സ്വയം എല്ലാത്തിനും ഒരുത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അയാൾ തന്റെ അവിടത്തെ ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നത്.

നോവലിലെ അവസാന ഭാഗത്തിലെ ഹ്രസ്വമായ ഭാഗം 1991ലാണ് സംഭവിക്കുന്നത്. വിദൂര ബന്ധുവായ എഴുത്തുകാരൻ വിഡ്മെ എന്ന കഥാപാത്രത്തെയാണിവിടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ദേശീയ ഗാലറിയിൽ ഹെർട്ടർവിഗിന്റെ 'ബോർഗോയിൽനിന്ന്' എന്ന ചിത്രം കണ്ട അയാൾ ഹെർട്ടർ വിഗിനെക്കുറിച്ച് ഒരു നോവലെഴുതാൻ തീരുമാനിക്കുകയാണ്. അയാളുടെ ജീവിതത്തിലെ ഒരു മഹത്തായ അനുഭവംതന്നെയായത് രൂപാന്തരപ്പെടുകയായിരുന്നു. സർഗാത്മക ചിന്തകളുമായി ജീവിക്കുന്ന ഒരു ചിത്രകാരന്റെ ജീവിതത്തിലെ പ്രതിഫലനങ്ങൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ചിത്രരചനയുടെ തലങ്ങൾക്കായി വെമ്പുന്ന ഒരു മനുഷ്യന്റെ വേദനകൾ മുഴുവൻ അവളുടെ ചിന്തകളിൽ നിറഞ്ഞു. വിഡ്മെക്ക് വളരെ വിഷമംപിടിച്ച ഒരു കാലത്തെയാണ് അതിജീവിക്കേണ്ടതായി വന്നത്.

ഹെർട്ടർവിഗിന്റെ തകർച്ച അയാളുടെ കലാകാരനെന്ന നിലയിലുള്ള ജീവിതത്തിന്റെ തകർച്ചകൂടിയായിരുന്നു. മൂന്നുവർഷങ്ങൾക്കു ശേഷമാണ് വിഡ്മെ എന്ന എഴുത്തുകാരനായ കഥാപാത്രം ഇവിടേക്കാകർഷിക്കപ്പെടുന്നത്. ചിത്രകാരന്റെ ഒരു ശൂന്യമായ കാൻവാസാണ് നമുക്കു മുന്നിലുള്ളത്. പക്ഷേ, അപ്പോഴും അയാൾ വരച്ച ചരിത്രങ്ങളും ആസ്വാദകരുടെ മനസ്സിൽ തന്നെയുണ്ട്. പ്രതിസന്ധിയിലായ ചിത്രകാരന്റെ ജീവിത സങ്കീർണതകളാണ് നമ്മെ ഏറെ ചിന്തിപ്പിക്കുന്നത്.


ഫോസെ തന്റെ നോവൽ അനാവരണം ചെയ്യുന്നത് ഒരുതരം ആവർത്തനങ്ങളുടെ തലങ്ങൾക്കുള്ളിൽനിന്നുകൊണ്ടാണ്. ഫോസെയുടെ ഓരോ ഭാഗത്തെ ശൈലിയുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. പലപ്പോഴും സൂക്ഷ്മമായ വായനകൊണ്ടു മാത്രമെ വഴികണ്ടെത്താൻ സാധിക്കൂ. പക്ഷേ, അയാൾ അതിന്റെ പ്രവാഹത്തിനുള്ളിൽ സ്വയമലിഞ്ഞുചേർന്ന് നോവലിന്റെ ആസ്വാദനത്തിനു തയാറാവേണ്ടിയിരിക്കുന്നു. വിരാമവും കോമയും മാത്രമുപയോഗിച്ചുകൊണ്ടുള്ള രചനാരീതി ഫോസെ നോവലുകളുടെ ഒരു പ്രത്യേകതയാണ്. പക്ഷേ, ഈ നോവലിൽ പതിവിനു വിപരീതമായി സംഭാഷണങ്ങൾ ൈശലിയിൽ വളരെ സുന്ദരമായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ജർമൻ എഴുത്തുകാരൻ തോമസ് ബോൺഹാർട്ടിന്റെ ശൈലിയാണ് ഇവിടെ ഓർത്തുപോകുന്നത്. ആവർത്തനത്തിന്റെ സാധ്യതകൾ കൂടുതൽ ഉണ്ടെങ്കിലും ഇവിടെ അതിനു താൽപര്യമുയർത്തുന്ന ചില തലങ്ങളുമുണ്ട്. ഒരു കാൻവാസുപോലെ തന്നെയാണ് ഫോസെ നോവൽ നിർമിച്ചെടുക്കുന്നത്. അതിനുള്ളിൽ ആവർത്തിച്ചുപയോഗിക്കുന്ന ബ്രഷിന്റെ ചലനരേഖകളുണ്ട്. തീരെ ചെറിയ മാറ്റങ്ങൾ മാത്രം ഇവക്കു ശക്തിപകർന്നുകൊടുക്കുന്നു. പലപ്പോഴും മറ്റൊരു പ്രതിഭക്കിതിന് സാധിക്കണമെന്നില്ല. അതാണ് യോൺ ഫോസെയെന്ന നോർവീജിയൻ എഴുത്തുകാരന്റെ രചനാവൈഭവം എടുത്തുകാണിക്കുന്നത്. രണ്ടായിരാമാണ്ടിൽ നോർവീജിയൻ ഗവൺമെന്റിന്റെ മെൽഡോം പുരസ്കാരം നേടിയ ഈ നോവലിന്റെ രണ്ടാം ഭാഗം ഹെർട്ടർവിഗിന്റെ മരണശേഷമുള്ള കഥയാണ്. 

News Summary - Melancholy by Jon Fosse review