Begin typing your search above and press return to search.
proflie-avatar
Login

കാ​ട്ടൂ​ർ​ക​ട​വി​ന്റെ ജീവിത ആഖ്യാനങ്ങളിലെ പ​ര​ഭാ​ഗ​ശോ​ഭയും ര​ക്ത​പ്ര​സാ​ദവും -ഡോ. എം. ​ലീ​ലാ​വ​തി എഴുതുന്നു

കാ​ട്ടൂ​ർ​ക​ട​വി​ന്റെ ജീവിത ആഖ്യാനങ്ങളിലെ  പ​ര​ഭാ​ഗ​ശോ​ഭയും ര​ക്ത​പ്ര​സാ​ദവും -ഡോ. എം. ​ലീ​ലാ​വ​തി എഴുതുന്നു
cancel

അശോകൻ ചരുവിലി​ന്റെ ‘കാട്ടൂർകടവ്​’ എന്ന നോവൽ സൂക്ഷ്​മമായ വായനക്കും പഠനത്തിനും വിധേയമാക്കുന്നു. ‘‘ശ്രീ​നാ​രാ​യ​ണ​ഗു​രു സ്വാ​മി​ക​ളു​ടെ ആ​ത്മീ​യ​ത​യെ മാ​ർ​ക്സി​സ​ത്തി​ന്റെ ഭൗ​തി​ക​ത​യോ​ടു സ​മ​ന്വ​യി​ക്കു​ന്ന ഒ​രു ജീ​വി​തദ​ർ​ശ​ന​ത്തി​ന് ത​ഴ​ച്ചു​വ​ള​രാ​ൻ ഉ​ത​കു​ന്ന മ​ണ്ണും വെ​ള്ള​വും കാ​ട്ടൂ​ർ​ക​ട​വി​ൽ വ​ര​ളാ​തെ, വ​റ്റാ​തെ സ​ഞ്ച​യി​ച്ചി​രി​ക്കു​ന്നു’’വെന്ന്​ എഴുത്തുകാരിയും വിമർശകയുമായ ഡോ. എം. ലീലാവതി എഴുതുന്നു.പി​റ​ന്ന മ​ണ്ണി​നോ​ടും വ​ള​ർ​ന്ന പ​രി​സ​ര​ങ്ങ​ളോ​ടും ജ​ന​യി​താ​ക്ക​ളോ​ടെ​ന്ന​പോ​ലെ മ​മ​ത​യു​ണ്ടാ​വു​ന്ന​ത് മ​നു​ഷ്യ​പ്ര​കൃ​തി​യാ​ണ്. ബ​ലം...

Your Subscription Supports Independent Journalism

View Plans
അശോകൻ ചരുവിലി​ന്റെ ‘കാട്ടൂർകടവ്​’ എന്ന നോവൽ സൂക്ഷ്​മമായ വായനക്കും പഠനത്തിനും വിധേയമാക്കുന്നു. ‘‘ശ്രീ​നാ​രാ​യ​ണ​ഗു​രു സ്വാ​മി​ക​ളു​ടെ ആ​ത്മീ​യ​ത​യെ മാ​ർ​ക്സി​സ​ത്തി​ന്റെ ഭൗ​തി​ക​ത​യോ​ടു സ​മ​ന്വ​യി​ക്കു​ന്ന ഒ​രു ജീ​വി​തദ​ർ​ശ​ന​ത്തി​ന് ത​ഴ​ച്ചു​വ​ള​രാ​ൻ ഉ​ത​കു​ന്ന മ​ണ്ണും വെ​ള്ള​വും കാ​ട്ടൂ​ർ​ക​ട​വി​ൽ വ​ര​ളാ​തെ, വ​റ്റാ​തെ സ​ഞ്ച​യി​ച്ചി​രി​ക്കു​ന്നു’’വെന്ന്​ എഴുത്തുകാരിയും വിമർശകയുമായ ഡോ. എം. ലീലാവതി എഴുതുന്നു.

പി​റ​ന്ന മ​ണ്ണി​നോ​ടും വ​ള​ർ​ന്ന പ​രി​സ​ര​ങ്ങ​ളോ​ടും ജ​ന​യി​താ​ക്ക​ളോ​ടെ​ന്ന​പോ​ലെ മ​മ​ത​യു​ണ്ടാ​വു​ന്ന​ത് മ​നു​ഷ്യ​പ്ര​കൃ​തി​യാ​ണ്. ബ​ലം പ്ര​യോ​ഗി​ച്ച് അ​റു​ത്തു​ക​ള​ഞ്ഞാ​ലും വേ​രു​ക​ൾ ഉ​ണ​ങ്ങാ​ത്ത​തി​നാ​ൽ പൊ​ടി​പ്പു​ക​ൾ ത​ഴ​ച്ചു​വ​ള​രും. സ്മൃ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യേ തീ​രൂ എ​ന്ന ഉ​ൾ​ത്തി​ങ്ങ​ൽ ത​ടു​ക്കാ​നാ​വാ​ത്ത സ​ർ​ഗശ​ക്തിധ​ന​ന്മാ​ർ അ​വ​യെ വ​ർ​ണ​ങ്ങ​ളി​ലോ വ​ര​ക​ളി​ലോ അ​ക്ഷ​ര​ങ്ങ​ളി​ലോ പ്ര​തി​ഷ്ഠി​ക്കും. ത​ന്നാ​ട്ടു​കാ​ർ​ക്കു മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ചി​ല രൂ​പ​ഭാ​വ​ങ്ങ​ളു​ണ്ടാ​വാ​മെ​ങ്കി​ലും വി​കാ​ര​ങ്ങ​ളു​ടെ മാ​നു​ഷി​ക സാ​മാ​ന്യ​ത​യെ പ്ര​കാ​ശി​പ്പി​ക്കാ​ൻ ക​ഴി​വു​റ്റ​വ​രു​ടെ ര​ച​ന​ക​ൾ എ​ങ്ങും എ​ന്നും സ​മാ​നഹൃ​ദ​യ​രെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കും.​ അ​പ്ര​കാ​രം പ്ര​ഖ്യാ​ത​മാ​യിത്തീർ​ന്ന ദേ​ശ​കേ​ന്ദ്രി​ത കൃ​തി​ക​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ ഏ​റെ​യു​ണ്ട്. അ​ശോ​ക​ൻ ച​രു​വി​ൽ ര​ചി​ച്ച ‘കാ​ട്ടൂ​ർ​കട​വ്’ ഈ ​വ​കു​പ്പി​ൽപെ​ടു​ന്നു​വെ​ങ്കി​ലും മ​ല​യാ​ള​ത്തി​ലെ മ​റ്റു ദേ​ശ​കേ​ന്ദ്രി​ത കൃ​തി​ക​ൾ​ക്കി​ല്ലാ​ത്ത ഒ​രു സ​വി​ശേ​ഷ​ത ഇ​തി​നു​ണ്ട് –ദേ​ശ​പ​രി​മി​തി​ക​ൾ​ക്ക​പ്പു​റ​മു​ള്ള കാ​ല​ബ​ദ്ധ​മാ​യ രാ​ഷ്ട്രീ​യാ​വ​സ്ഥ അ​തി​ലു​ൾ​പ്പെ​ട്ട സാ​മാ​ന്യ​രെ എ​ത്ര ആ​ഴ​ത്തി​ൽ ബാ​ധി​ച്ചു​വെ​ന്ന​നു​ഭ​വ​പ്പെ​ടു​ത്തു​ന്ന ആ​ഖ്യാ​നം.

അ​ടി​മ​ത്തം, സ്വ​ദേ​ശീ​യ​രി​ൽ​നി​ന്നാ​യാ​ലും വി​ദേ​ശീ​യ​രി​ൽനി​ന്നാ​യാ​ലും, അ​ത് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മൃ​തി​യേ​ക്കാ​ൾ ഭ​യാ​വ​ഹംത​ന്നെ. ഭാ​ര​തീ​യ ജന​ത വി​ദേ​ശീ​യാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യു​ള്ള സ​മ​രം ഊ​ർ​ജി​ത​മാ​ക്കി​യ​തി​നുശേ​ഷം ഒ​ന്നൊ​ന്ന​ര ദ​ശ​കം പി​ന്നി​ടും മു​മ്പു​ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ കാ​റ്റ് ഇ​ന്ത്യ​യി​ലേ​ക്ക് വീ​ശി​പ്പ​ട​ർ​ന്നു. സോ​ഷ്യ​ലി​സ​ത്തി​ന്റെ സ്വ​ർ​ഗം റ​ഷ്യ​യി​ൽ സാ​ക്ഷാ​ത്കൃ​ത​മാ​യെ​ന്നും ഇ​വി​ടെ​യും അ​ത് സാ​ധ്യ​മാ​ണെ​ന്നും വി​ശ്വ​സി​ക്കു​ന്ന ചി​ന്ത​ക​ർ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കി. മാ​തൃ​ക റ​ഷ്യ മാ​ത്ര​മാ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് ​പ്ര​സ്ഥാ​നം ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ന് ചൈ​ന​യെ ആ​ധാ​ര​മാ​ക്കി​യ​തോ​ടെ, പാ​ർ​ട്ടി പി​ള​ർ​ന്ന​ത് ഭൂ​രി​പ​ക്ഷ​മാ​യ നീ​ത​സ​മൂ​ഹ​ത്തി​ന് ഗ്ര​ഹി​ക്കാ​നും സ​ഹി​ക്കാ​നും വി​ഷ​മ​മു​ണ്ടാ​ക്കി​യ പ​രി​ണാ​മ​മാ​യി​രു​ന്നു. അ​വ​ര​നു​ഭ​വി​ച്ച അ​ന്തഃ​പീ​ഡ​യു​ടെ ആ​ഴം കാ​ട്ടി​ത്ത​രു​ന്ന കൃ​തി എ​ന്ന നി​ല​ക്കു​ള്ള അ​ഭൂ​ത​പൂ​ർ​വ​ത കാ​ട്ടൂ​ർ​ക​ട​വി​ന്റെ അ​ന​ന്യ​ത​യാ​ണ്.

ഗ്ര​ന്ഥ​ക​ർ​ത്താ​വി​ന്റെ വ്യ​ക്തി​ത്വാം​ശ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ‘കെ’ ​എ​ന്ന ക​ഥാ​പാ​ത്ര​വും ‘കെ’​യെ വി​മ​ർ​ശി​ക്ക​ൽ സ്വ​ന്തം, ജ​ന്മ​കൃ​ത്യ​മെ​ന്ന​പോ​ലെ നി​ര​ന്ത​രം അ​നു​ഷ്ഠി​ക്കു​ന്ന ‘ദി​മി​ത്രി’ എ​ന്ന ക​ഥാ​പാ​ത്ര​വും നോ​വ​ലി​ലെ സം​ഭ​വ പ​ര​മ്പ​ര​ക​ളോ​ട് മു​ഖ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും, ദി​മി​ത്രി​യു​ടെ വി​കാ​സപ​രി​ണാ​മ​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം.

അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

ഒ​രേ അ​ർ​ഥ​ത്തോ​ടു​കൂ​ടി​യ ര​ണ്ടു നാ​മ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പി​താ​ക്ക​ൾ​ക്ക് ന​ൽ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത് – രാ​ജശേ​ഖ​ര​നും ച​ന്ദ്ര​ശേ​ഖ​ര​നും. പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ ഇ​വ​ർ വി​രു​ദ്ധ​പ​ക്ഷ​ത്താ​യി. ദി​മി​ത്രി​ക്ക് ‘കെ’​യോ​ടു​ള്ള വി​ദ്വേ​ഷ​ത്തി​ന് ഇ​തു​ മാ​ത്ര​മ​ല്ല ഹേ​തു; രാ​ഷ്ട്രീ​യ​ത്തി​ലെ സ​മ​ത്വസ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക് വേ​ര​റു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ‘ജാ​തി’പ്ര​ശ്ന​ങ്ങ​ളാ​ണ്. ര​ണ്ടു​പേ​രും അ​വ​ർ​ണ വി​ഭാ​ഗ​ത്തി​ൽ ആ​ഭി​ജാ​ത്യ​പ്പെ​രു​മ അ​വ​കാ​ശ​പ്പെ​ടു​ന്ന ‘ശ്രീ​നാ​രാ​യ​ണീ​യ’​രു​ടെ സ​ന്ത​തി​ക​ൾ. പ​ക്ഷേ, ദി​മി​ത്രി​ക്ക് ജ​ന്മ​സി​ദ്ധ​മാ​യ ആ ​പെ​രു​മ, അ​മ്മ​ക്കി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട്, ശാ​പ​മാ​യി​ത്തീ​ർ​ന്നു. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ അ​നു​യാ​യി​യെ​ന്ന​ഭി​മാ​നി​ക്കു​ന്ന ക​രു​ണ​ൻ മാ​ഷി​ന്റെ പു​ത്ര​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ പി​താ​വാ​യി​രു​ന്നെ​ങ്കി​ലും, ദ​ലി​ത സ​മൂ​ഹാം​ഗ​മാ​യ ക​ണ്ട​ൻ​കു​ട്ടി​യാ​ശാ​ന്റെ മ​ക​ൾ മീ​നാ​ക്ഷി​യാ​യി​രു​ന്നു അ​മ്മ. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഉ​ണ്ടാ​യ ബ​ന്ധം ‘കു​മാ​രസം​ഭ​വ’​ത്തി​ലേ​ക്ക് വ​ഴു​തി​യ​പ്പോ​ൾ ച​ന്ദ്ര​ശേ​ഖ​ര​ൻ ‘ത​നി​നി​റം’ കാ​ട്ടി.

പാ​ർ​ട്ടി ഇ​ട​പെ​ട്ട് ക​ല്യാ​ണം ന​ട​ത്തി​യെ​ങ്കി​ലും ച​ന്ദ്ര​ശേ​ഖ​ര​നും അ​യാ​ളു​ടെ അ​ച്ഛ​നും മീ​നാ​ക്ഷി​യെ കു​ടും​ബാം​ഗ​മാ​യി കൈ​ക്കൊ​ണ്ടി​ല്ല. ദേ​വാ​ല​യ​ങ്ങ​ളോ​ടു ബ​ന്ധ​പ്പെ​ട്ട അ​നു​ഷ്ഠാ​ന ക​ല​ക​ളി​ലും മ​ന്ത്ര​വാ​ദ​ത്തി​ലും വി​ദ​ഗ്ധ​നാ​യ ക​ണ്ട​ൻകു​ട്ടി​യാ​ശാ​ന്റെ ദൗ​ഹി​ത്ര​നാ​യി ‘വേ​ല​ൻ​തു​രു​ത്തി​ൽ’ അ​ല്ലല​റി​യാ​തെ വ​ള​ർ​ന്ന ദി​മി​ത്രി​യോ​ടു ‘നീ​തി’ ചെ​യ്യാ​ൻ നി​ശ്ച​യി​ച്ച് അ​ച്ഛ​​ന്റെ അ​മ്മ അ​വ​നെ പി​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ നി​ശ്ച​യി​ച്ച​തോ​ടെ അ​വ​ന്റെ ജീ​വി​ത​ത്തി​ലെ ദു​രി​ത​പ​ർ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മീ​നാ​ക്ഷി കൃ​ഷി​പ്പ​ണി​യി​ൽ കൂ​ലി​വേ​ല​ക്കാ​രി​യാ​യി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ ​വീ​ട്ടി​ൽ ത​നി​ക്കെ​ന്തെ​ങ്കി​ലും സ്ഥാ​ന​മു​ണ്ടെ​ന്നോ അ​തി​ന്റെ ഏ​കാ​വ​കാ​ശി​യു​ടെ അ​മ്മ​യാ​ണെ​ന്നോ ഭാ​വി​ച്ചി​ല്ല. അ​വ​ൾ അ​ഭി​മാ​നി​നി​യാ​യ തൊ​ഴി​ലാ​ളി​യാ​യും പാ​ർ​ട്ടി​യു​ടെ വീ​റും കൂ​റും വി​ടാ​ത്ത അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. അ​വ​ളും അ​മ്മ കൗ​സ​ല്യ​യും അ​ച്ഛ​ൻ ക​ണ്ട​ൻ​കു​ട്ടി​യാ​ശ​ാനും അ​ന്ത്യനി​മി​ഷം വ​രെ പാ​ർ​ട്ടി​യോ​ട് കൂ​റു​പു​ല​ർ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​നു​ള്ള നി​സ്വാ​ർ​ഥ തൊ​ഴി​ലാ​ളി ഗ​ണ​ത്തി​ൽപെ​ടു​ന്നു. ഇ​ത്ത​ര​ക്കാ​രു​ൾ​പ്പെ​ട്ട ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​ന്റെ സാ​മൂ​ഹി​കാ​ബോ​ധ​മ​ന​സ്സി​നും സാമൂഹിക ബോധമനസ്സിനും ഇ​ണ​ങ്ങും​മ​ട്ടി​ലു​ള്ള ഒ​രു ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​നം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ന്ന​ത്തെ നേ​താ​ക്ക​ൾ കി​ണ​ഞ്ഞു പ​ണി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഇ​വി​ടെ പ്ര​സ്ഥാ​നം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ വേ​രോ​ടു​ക​യും വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പ​ന്ത​ലി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നി​ല്ലേ? സാ​മാ​ന്യജ​ന​ത​യു​ടെ അ​ബോ​ധ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള ദൈ​വ​വി​ശ്വാ​സംപോ​ലു​ള്ള​വ​യെ തീ​ർ​ത്തും അ​ന്ധ​മാ​യ വി​ശ്വാ​സ​ങ്ങ​ളെ​പോ​ലെ നി​രാ​ക​രി​ച്ച​ത് ശ​രി​യാ​യ ന​യ​മാ​യി​രു​ന്നി​ല്ല.

അ​തു​പോ​ലെ, സാ​യു​ധ വി​പ്ല​വ​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യി വി​ശ്വ​സി​ച്ചി​രു​ന്ന​ചു​രു​ക്കം​ ചി​ല​ർ സാ​മാ​ന്യ ജ​ന​ഗ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ർ​ദ​കവ​ർ​ഗ​ത്തെ ഉ​ന്മൂ​ല​നംചെ​യ്യു​ന്ന ഹിം​സ​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന വി​ശ്വാ​സം സ​മൂ​ഹബോ​ധ​ത്തി​ൽ വേ​രു​റ​പ്പു​ള്ള​താ​യി​രു​ന്നി​ല്ല. ദൈ​വ​വി​ശ്വാ​സ​ത്തെ അ​ക​റ്റാ​ത്ത​തും ഹിം​സാ​മാ​ർ​ഗ​ത്തെ അ​ക​റ്റു​ന്ന​തു​മാ​യ ഒ​രു ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ര​ണ്ട് പ​ര​ദേശ​ങ്ങ​ളെ ആ​ലം​ബ​മാ​ക്കി​ക്കൊ​ണ്ട് പാ​ർ​ട്ടി​യെ പി​ള​ർ​ത്തി​യ​ത് പാ​ർ​ട്ടി​യി​ലെ നേ​തൃ​വി​ഭാ​ഗ​മാ​യി​രു​ന്നു. അ​ത് നീ​ത​വി​ഭാ​ഗ​ത്തെ എ​ത്ര​മാ​ത്രം വ്യ​ഥി​ത​രാ​ക്കി​യെ​ന്ന വ​സ്തു​ത​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​തി​ഫ​ല​നം ഈ ​ച​രി​ത്രാ​ഖ്യാ​യി​ക​യി​ലു​ണ്ട്. ‘‘പാ​ർ​ട്ടി പി​ള​ർ​ന്ന​തി​ന്റെ സ​ങ്ക​ട​ത്തി​ൽ നി​ഷ്ക്രി​യ​രാ​യി വീ​ട്ടി​ൽത​ന്നെ​യി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ണ്ടാ​യി​രു​ന്നു... നി​രാ​ശ ബാ​ധി​ച്ച് രാ​ത്രി​യും പ​ക​ലും ഉ​റ​ക്കം... ലോ​ക​ത്തോ​ട് മു​ഴു​വ​ൻ വി​രോ​ധം.’’ ഈ ​മൂ​ക​ജ​നസ​ഹ​സ്ര​ത്തി​ന്റെ ഉ​ള്ളി​ലെ തീ​യി​ൽ​നി​ന്നു കൊ​ളു​ത്തി​യ ഒ​രു പ​ന്തം ജ്വ​ലി​പ്പി​ക്കാ​ൻ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തു​ട​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കോ നേ​താ​ക്ക​ൾ​ക്കോ ആ​വി​ല്ല​ല്ലോ. ഈ ​മൂ​ക​വി​ഭാ​ഗം പ്ര​ത്യ​യ​ശാ​സ്ത്ര ഗ്ര​ന്ഥ​ങ്ങ​ൾ അ​ര​ച്ചു​ക​ല​ക്കി കു​ടി​ച്ച​വ​ര​ല്ല. ത​ർ​ക്കി​ച്ചു ജ​യി​ക്കാ​ൻ കോ​പ്പു​ള്ള​വ​ര​ല്ല. അ​വ​രു​ടെ പ്രാ​തി​നി​ധ്യം ഏ​റ്റെ​ടു​ത്ത് പ​ണ്ഡി​ത​ന്മാ​രു​ടെ മു​ഖ​ത്തേ​ക്ക് വാ​ക്കു​ക​ളു​ടെ തീ​ക്ക​ട്ട ചൊ​രി​യാ​ൻ ര​ണ്ടു വി​ഭാ​ഗ​ത്തി​ലെ​യും ‘ബു​ദ്ധി​ജീ​വി​ക​ൾ’ മു​തി​രു​ക​യു​മി​ല്ല. ത​ന്മൂ​ലം ഒ​രു വി​ഭാ​ഗ​ത്തി​ൽ സ​ജീ​വ​മാ​യി തു​ട​രു​മ്പോ​ഴും എ​തി​ർ​വി​ഭാ​ഗ​ത്തി​ന്റെ ചോ​ദ്യ​ശ​ര​ങ്ങ​ൾ നെ​ഞ്ചേ​റ്റു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ‘കെ’​യെ​ന്ന സ്വ​ത്വ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലൗ​കി​ക രീ​തി​യി​ൽ വി​ജ​യി​ക്കു​ക​യും സ​മ്മാ​ന്യ​ത നേ​ടു​ക​യും ചെ​യ്യു​ന്നു രാ​ജ​ശേ​ഖ​ര പു​ത്ര​നാ​യ ‘കെ’. ​ആ വ്യ​ക്തി​ത്വ​ത്തി​ന് നേ​രെ നി​ര​ന്ത​ര​മാ​യി അ​മ്പെ​യ്യുന്നു ച​ന്ദ്ര​ശേ​ഖ​ര പു​ത്ര​നാ​യ ദി​മി​ത്രി. ‘‘ര​ക്ത​സാ​ക്ഷി കൗ​സ​ല്യ​യു​ടെ കു​ടും​ബ​ത്തി​ന് നി​ങ്ങ​ൾ എ​ന്തു​കൊ​ടു​ത്തു?.. ആ​ല​പ്പു​ഴ​യി​ലും ശൂ​ര​നാ​ടും ക​രി​വ​ള്ളൂ​രി​ലു​മാ​യി നി​ങ്ങ​ൾ ആ​യി​ര​ങ്ങ​ളെ ബ​ലി​കൊ​ടു​ത്ത​ല്ലോ... നേ​ടി​യ നി​ങ്ങ​ൾ എ​ന്തു തി​രി​ച്ചു​കൊ​ടു​ത്തു?’’ ഈ ​ര​ണ്ടുപേ​രു​ടെ​യും മ​നോ​ഭാ​വ​ങ്ങ​ൾ മാ​റി​മാ​റി വ​ഹി​ക്കു​ന്ന ഏ​ക​വ്യ​ക്തി​ത്വ​ത്തെ, ആ ​വ്യ​ക്തി​ത​ന്നെ ‘ഓ​പ​റേ​ഷ​ൻ മേ​ശ​’മേ​ൽ കി​ട​ത്തി സ്വ​യം ശ​സ്ത്ര​ക്രി​യ നി​ർ​വ​ഹി​ക്കു​ന്ന ഒ​രു അ​സാ​മാ​ന്യ പ്ര​തി​ഭാ​സ​മാ​ണ് കാ​ട്ടൂ​ർ​ക​ട​വെ​ന്ന നോ​വ​ലി​ന്റെ അ​ന്ത​രാ​ത്മാ​വ്.

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു

‘ദി​മി​ത്രി’ വൈ​ദേ​ശി​ക​നാ​യ ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​നോ​ടു​ള്ള ആ​രാ​ധ​ന​യി​ൽ​നി​ന്ന് പി​റ​ന്ന പേ​രാ​ണ്. ആരാ​ധ​നാ​ഭാ​വം പേ​രി​ട​ലി​ന് മാ​ത്രം ഒ​തു​ങ്ങി​യ ഒ​ന്ന​ല്ല. ച​കി​രി​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന കൗ​സ​ല്യ​യും അ​നു​ഷ്ഠാ​ന ക​ലാ​കാ​ര​നാ​യ ക​ണ്ട​ൻ​കു​ട്ടി​യാ​ശാ​നും അ​വ​രു​ടെ മ​ക​ളാ​യ മീ​നാ​ക്ഷി​യും ഉ​റ​ച്ച വി​ശ്വാ​സ​വും പ​ത​റാ​ത്ത കൂ​റും പാ​ർ​ട്ടി​യോ​ട് പു​ല​ർ​ത്തി​പ്പോ​ന്നു. പാ​ർ​ട്ടി പി​ള​ർ​ന്ന​തി​ന്റെ ത​ത്ത്വശാ​സ്ത്ര​മോ അ​നി​വാ​ര്യ​ത​യോ അ​വ​ർ​ക്ക് സ​ഹി​ക്കാ​നോ ഗ്ര​ഹി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ല. കൗ​സ​ല്യ​യെ നാ​ഭി​ക്ക് ച​വി​ട്ടി പൊ​ലീ​സ് മ​ർ​ദി​ച്ച​താ​ണ് അ​വ​ളു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ന് കാ​ര​ണം. ക​ഠി​നമ​ർ​ദ​ന​ത്തെ അ​തി​ജീ​വി​ച്ച ക​ണ്ട​ൻ​കു​ട്ടി​യാ​ശാ​ൻ, പ​ത്നി​യു​ടെ വേ​ർ​പാ​ടി​ൽ ക​ഠി​ന​മാ​യ വ്യ​ഥ​യോ​ടെ വെ​റും മ​ണ്ണി​ൽ ത​ല​യു​യ​ർ​ത്താ​തെ കു​ന്തി​ച്ചി​രി​ക്കു​ന്ന നേ​ര​ത്ത്, അ​വ​ളു​ടെ ഉ​ട​ലി​നെ മൂ​ടേ​ണ്ട​ത് ഏ​തു വി​ഭാ​ഗ​ത്തി​ന്റെ കൊ​ടി​ത്തു​ണി കൊ​ണ്ടാ​ണെ​ന്ന ത​ർ​ക്ക​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ (കൗ​സ​ല്യ​ക്ക് മ​ർ​ദ​ന​മേ​റ്റ​തി​നും മ​ര​ണ​ത്തി​നും ഇ​ട​ക്കു​ള്ള ദു​രി​ത​കാ​ല​ത്താ​ണ് പി​ള​ർ​പ്പ് സം​ഭ​വി​ച്ച​ത്). ആ ​സ​ന്ദ​ർ​ഭ​ത്തി​ൽപോ​ലും എ​ന്താ​ണ് പാ​ർ​ട്ടി​യാ​പ്പീ​സി​ലേ​ക്ക് വ​രാ​ത്ത​ത് എ​ന്നാ​യി​രു​ന്നു ആ​ശാ​നോ​ട് ഒ​രു പ്ര​വ​ർ​ത്ത​ക​ന്റെ ചോ​ദ്യം! ഉ​ള്ളു​രു​കി​യൊ​ഴു​കി​യ ഒ​രു മ​റു​ചോ​ദ്യ​മാ​യി​രു​ന്നു ആ​ശാ​ന്റെ മ​റു​പ​ടി. ‘‘ഏ​തു പാ​ർ​ട്ടി​യാ​പ്പീ​സി​ലേ​ക്കാ​ണ് ഞാ​ൻ വ​രേ​ണ്ട​ത്?’’ അ​ണി​ക​ളു​ടെ അ​ന്ത​രം​ഗ​ത്തി​ൽ വീ​ശിയ കൊ​ടു​ങ്കാ​റ്റി​ന്റെ മു​ഴ​ക്ക​മു​ള്ള ചോ​ദ്യം.

ദി​മി​ത്രി​ക്ക് പാ​ർ​ട്ടി​യു​ടെ പേ​രി​ൽ പ​രി​ഗ​ണ​ന​യൊ​ന്നും കി​ട്ടി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ‘ജാ​തി’​യു​ടെ പേ​രി​ൽ ക​ടു​ത്ത അ​വ​ഹേ​ള​ന​വും നേ​രി​ടേ​ണ്ടി​വ​ന്നു. ‘കെ’ ​മു​ന്നേ​റു​മ്പോ​ൾ ദി​മി​ത്രി പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ​ർ​ഷ്യ​യു​ടെ​യും അ​പ​ക​ർ​ഷബോ​ധ​ത്തി​ന്റെ​യും നി​ർ​മ​മ​ത​യു​ടെ​യും ഭാ​രം സ​ഹി​ക്കാ​നാ​വാ​തെ ഇ​ടി​ഞ്ഞ മ​ന​സ്സ് ആ​രെ​യും വ​ക​വെ​ക്കാ​ത്ത കൂ​സ​ലി​ല്ലാ​യ്മ​യും നി​ർ​വി​കാ​ര​ത​യും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ത​ലയു​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ യ​ത്നി​ച്ച​ത്. ഈ ​മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തി​ന്റെ സൃ​ഷ്ടി​യി​ലു​ള്ള മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ ഉ​ൾ​ക്കാ​ഴ്ച, കാ​ട്ടൂ​ർ​ക​ട​വി​ന്റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പ​ത്തി​നൊ​പ്പം മി​ക​വു​റ്റ​താ​ണ്.

വേ​ല​ൻ​തു​രു​ത്തി​ൽ ക​ണ്ട​ൻ​കു​ട്ടി​യാ​ശാ​ന്റെ ദൗ​ഹി​ത്ര​നാ​യ ദ​ലി​ത​നാ​യി വ​ള​ർ​ന്നി​രു​ന്നെ​ങ്കി​ൽ ദി​മി​ത്രി ഒ​രു ദു​ര​ന്ത​ക​ഥാ​പാ​ത്ര​മാ​യി മാ​റി​ല്ലാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ​ത്തോ​ടൊ​പ്പം ‘ജാ​തി​ത്ത’​മെ​ന്ന സാ​മൂ​ഹി​ക സ​ത്യ​ത്തെ, അ​തി​ന്റെ കു​ത്തി​ത്ത​റ​ക്കു​ന്ന കൊ​മ്പു​ക​ൾ പി​ടി​ച്ച് ഒ​രു കാ​ള​പ്പോ​ർ വീ​ര​ന്റെ ധീ​ര​ത​യോ​ടെ നേ​രി​ടു​ക​യെ​ന്ന ദൗ​ത്യംകൂ​ടി ഈ ​നോ​വ​ൽ ഏ​റ്റെ​ടു​ക്കു​വെ​ന്ന​ത്, ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​റ്റു പു​രോ​ഗ​മ​ന വാ​ദി​ക​ൾ പ്ര​ക​ടി​പ്പി​ച്ചു കാ​ണാ​ത്ത സാ​ഹ​സി​ക​ത​യാ​ണ്. ത്രൈ​വ​ർ​ണി​ക​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന കേ​ര​ള​ത്തി​ലെ ബ്രാ​ഹ്മ​ണ-​ക്ഷ​ത്രി​യ-​അ​മ്പ​ല​വാ​സി-​ശൂ​ദ്ര വി​ഭാ​ഗ​ങ്ങ​ളി​ൽപെ​ട്ട​വ​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​ൻ ക​രു​ത്തു​കാ​ട്ടി​യ​വ​രു​ണ്ടാ​കും. എ​ന്നാ​ൽ, ‘ശ്രീ​നാ​രാ​യ​ണീ​യ​ർ’ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ചു കൃ​താ​ർ​ഥ​രാ​വു​ന്ന​വ​രു​ടെ ഉ​ൾ​ക്കാ​മ്പി​ലും ഇ​ഴു​കി​പ്പി​ടി​ച്ചു കി​ട​ക്കു​ന്ന ആ ‘വൃ​ത്തി​കേ​ടി’​നെ തൊ​ട്ടു​ക​ളി​ക്കാ​ൻ വേ​ണ്ടു​ന്ന സാ​ഹ​സി​ക​ത​യു​ള്ള​വ​ർ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​നെ​ പോ​ലെ വി​ര​ള​മാ​യ പ്ര​തി​ഭാ​സ​മാ​ണ്. ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ പി​ള​ർ​പ്പു​പോ​ലെ​ത്ത​ന്നെ​യു​ള്ള ഗൗ​ര​വം ആ ​തി​ക്തസ​ത്യ​ത്തി​നു​ണ്ടെ​ന്ന്, കാ​ഴ്ച​യെ മൂ​ടു​ന്ന ക​ന​ത്ത ആ​വ​ര​ണ​ത്തെ ഒ​രു തി​മി​ര ശ​സ്ത്ര​ക്രി​യകൊ​ണ്ടെ​ന്ന​പോ​ലെ പി​ഴു​തു​മാ​റ്റി ദ​ർ​ശ​നശ​ക്തി വീ​ണ്ടെ​ടു​ത്തു​കൊ​ണ്ട് ഈ ​നോ​വ​ൽ വെ​ളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു.

ആ ​തി​മി​രം ബാ​ധി​ച്ച​വ​രാ​ണ് ദി​മി​ത്രി​യെ ജീ​വ​നോ​ടു​കൂ​ടി​യ ര​ക്ത​സാ​ക്ഷി​യാ​ക്കി​യ​ത്. മാ​തൃ​ത്വ​ത്തി​ന്റെ സ്നേ​ഹ​കാ​രു​ണ്യ​ങ്ങ​ൾ വ​റ്റി​യി​ട്ടി​ല്ലാ​ത്ത നെ​ഞ്ച​ക​മു​ള്ള​വ​ർ ആ ​തി​മി​ര​ബാ​ധി​ത​രു​ടെ വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​ജ​ന​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​വാം എ​ന്ന നി​ന​വി​ൽ​നി​ന്ന് പി​റ​ന്ന സ​വി​ത്രി​യാ​ണ് പു​ല്ലാ​നി​ക്കാ​ട്ടെ ‘വെ​ല്യ​മ്മ’ –ച​ന്ദ്ര​ശേ​ഖ​ര​ന്റെ അ​മ്മ. ദ​ലി​തഗൃ​ഹ​ത്തി​ൽ​നി​ന്ന് ശ്രീനാ​രാ​യ​ണീ​യ​രു​ടെ ആ​ഢ്യ​ഗൃ​ഹ​ത്തി​ലേ​ക്ക് ദി​മി​ത്രി​യെ പ​റി​ച്ചു​ന​ട്ട് വ​ള​ർ​ത്തി വ​ലു​താ​ക്കു​ക​യെ​ന്ന സ്വ​പ്നം ക​ണ്ട മ​ന​സ്വി​നി. ഭാ​ര്യ ത​ന്നെ വ​ക​വെ​ക്കാ​ത്ത​വ​ളാ​ണെ​ന്ന ഉ​റ​പ്പു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്ക​ണം ക​രു​ണ​ൻ മാ​ഷ് ദി​മി​ത്രി​യെ ഒ​രു പു​ഴു​വി​നെ​ പോ​ലെ തോ​ണ്ടി​യെ​റി​യാ​ഞ്ഞ​ത്. അ​ദ്ദേ​ഹ​വും ദി​മി​ത്രി​യു​ടെ അ​ച്ഛ​ന്റെ അ​മ്മാ​മ​ൻ മു​കു​ന്ദ​ൻ വൈ​ദ്യ​രും ‘ഗു​രു’​ഭ​ക്തി​യി​ൽ മു​മ്പ​ന്മാ​രാ​യി​ട്ടും മേ​ൽ​ജാ​തി​ക്കാ​ർ ത​ങ്ങ​ളോ​ട് പു​ല​ർ​ത്തി​പ്പോ​ന്ന നി​ന്ദ അ​തേ തോ​തി​ൽ കീ​ഴ്ജാ​തി​ക്കാ​രോ​ട് പു​ല​ർ​ത്തു​ന്ന​തി​ൽ ഒ​രു വൈ​രു​ധ്യ​വും ക​ണ്ടി​ല്ല. മു​കു​ന്ദ​ൻ വൈ​ദ്യ​ർ പെ​ങ്ങ​ളോ​ട് പ​റ​ഞ്ഞു: ‘‘കു​പ്പേ​ൽ കെ​ട​ക്കേ​ണ്ട​ത് കു​പ്പേ​ൽ കെ​ട​ക്ക​ണം; അ​തെ​ടു​ത്ത് ഉ​മ്മ​റ​ത്തു​വെ​ക്ക​രു​ത്.’’ അ​ച്ഛ​ന്റെ​യും മുത്ത​ച്ഛ​ന്റെ​യും ലാ​ള​ന​ക​ൾ ദി​മി​ത്രി​ക്ക് കി​ട്ടി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പാ​ട്ടും പ്ര​സ​രി​പ്പും മി​ണ്ടാ​ട്ടം​പോ​ലും ന​ഷ്ട​പ്പെ​ട്ട് ആ ​കു​ട്ടി കൂ​ട്ടി​ലി​ട്ട ‘ഒ​രു വ​ള​ർ​ത്തു​മൃ​ഗം​’പോ​ലെ ഞെ​ങ്ങി​ഞെ​രു​ങ്ങി നാ​ൾ​പോ​ക്കി. ഉ​യ​ർ​ന്ന വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ച്ചെ​ങ്കി​ലും അ​വി​ടെ​യും അ​വ​ഹേളന​ങ്ങ​ൾ നേ​രി​ട്ട അ​വ​ൻ വി​ക​ല​മാ​യ വി​ദ്വേ​ഷ​ക്കാ​ഴ്ച​പ്പാ​ടോ​ടെ ത​ന്നി​ലേ​ക്കു​ത​ന്നെ ചു​രു​ങ്ങി.

ആ​ർ​ഥി​ക സ​മ​ത്വ​ത്തി​ൽ മാ​ത്രം ഊ​ന്നി​യാ​ൽ പോ​രാ; ‘ജാ​തി’​പ​ര​മാ​യ ഉ​ച്ച​നീ​ച​ഭേ​ദം കൂ​ടി ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന ല​ക്ഷ്യ​മു​ണ്ടെ​ങ്കി​ലേ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സം സാ​ർ​ഥ​മാ​വൂ. ഭ​ക്തി​സാ​ഹി​ത്യം ഈ ​പോ​രാ​ട്ട​ത്തി​ന് ദൈ​വ​ത്തെത​ന്നെ ഉ​പ​ക​ര​ണ​മാ​ക്കി. ആ​സ്തി​ക്യ​ത്തെ​ത്ത​ന്നെ നി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് ആ ​ഉ​പ​ക​ര​ണ​ത്തെ സ​മ​ർ​ഥ​മാ​യി ഉ​പ​യു​ക്ത​മാ​ക്കാ​നാ​വി​ല്ല​ല്ലോ. ആ​ർ​ഥി​ക സ​മ​ത്വോ​ന്മു​ഖ​മാ​യ വി​പ്ല​വ സ​ങ്ക​ൽ​പ​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് ഭക്തി​​പ്ര​സ്ഥാ​നം സ​മ​ത്വ​സം​സ്ഥാ​പ​ന​ത്തി​ന് അ​പ​ര്യാ​പ്ത​മാ​യ​തു​പോ​ലെ, വ​ർ​ണ​സ​മ​ത്വ സം​സ്ഥാ​പ​ന​ത്തി​നു വേ​ണ്ടും​വ​ണ്ണം പ​രി​ഗ​ണ​ന ക​ൽ​പി​ക്കാ​തി​രു​ന്ന​ത് ആ​ർ​ഥി​ക വി​പ്ല​വ രാ​ഷ്ട്രീ​യ​ത്തെ​യും ഭാ​ര​ത​ത്തി​ൽ വി​ക​ലാം​ഗ​മാ​ക്കി​ത്തീ​ർ​ത്തു. ജാ​തി​പ്പി​ശാ​ചി​നെ നി​ർ​ജീ​വ​മാ​ക്കാ​ൻ ഭ​ക്തി​സാ​ഹി​ത്യം പ​ര്യാ​പ്ത​മാ​യി​ല്ലെ​ന്നി​രി​ക്കെ, ആ​ത്മോ​പ​ദേ​ശ ശ​ത​കാ​ലാ​പ​ന​മോ ആ​ത്മീ​യ വി​ജ്ഞാ​ന​മോ ആ ​ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ഉ​ത​കു​വാ​നി​ട​യി​ല്ലെ​ന്ന അ​നു​ഭ​വ​ജ്ഞാ​നം ഗു​രു​വി​നെ ശോ​കാ​കു​ല​നാ​ക്കി​യി​ട്ടു​ണ്ടാ​വും. ‘‘ഇ​വി​ടെ മു​ഴു ശ്രീ​നാ​രാ​യ​ണീ​യ​ർ വേ​ണ്ടു​വോ​ള​മു​ള്ള​പ്പോ​ൾ അ​ര​ശ്രീ​നാ​രാ​യ​ണീ​യ​നെ (ദി​മി​ത്രി​യെ​ -പോ​ലു​ള്ള ഈ​ഴ​വ-​ദ​ലി​ത സ​ങ്ക​രം) എ​ന്തി​ന് ഭ​ര​ണ​കൃ​ത്യ​ത്തി​ൽ അം​ഗ​മാ​ക്ക​ണം?’’ എ​ന്നു​ ചോ​ദി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ൾ​പ്പെ​ട്ട സാം​സ്കാ​രി​ക സ​മി​തി​ക്ക് ജാ​തി​യെ കൊ​ല്ലാ​നോ സം​സ്ക​രി​ക്കാ​നോ (ദ​ഹി​പ്പി​ക്കാ​ൻ) ക​ഴി​വു​ള്ള അ​ഗ്നി​ച​യ​നം സാ​ധ്യ​മാ​വി​ല്ല​ല്ലോ.

നി​യ​തി അം​ഗീ​ക​രി​ച്ച ‘ജാ​തി’ ര​ക്ത​ഗ്രൂ​പ്പു മാ​ത്ര​മാ​ണ്. അ​തി​നാ​ൽ ര​ക്ത​ത്തി​ലൂ​ടെ​ത്ത​ന്നെ​യാ​ണ് മ​നു​ഷ്യ​വ​ർ​ഗം ജാ​തി​പ്പി​ശാ​ചി​നെ നി​ഗ്ര​ഹി​ക്കേ​ണ്ട​ത്. വ​ർ​ണസ​ങ്ക​ര​മ​ല്ലാ​തെ അ​തി​ന് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല. സാ​വി​ത്രി ചാ​ത്ത​നെ പ​രി​ണ​യി​ച്ച​ത് വ​ൻ വി​പ്ല​വ​മെ​ന്നു നാം ​വാ​ഴ്ത്തും. അ​തു​പോ​ലു​ള്ള പ​രി​ണ​യ​ങ്ങ​ൾ ജീ​വി​തരം​ഗ​ത്തേ​ക്ക് പ​റി​ച്ചുന​ടു​മോ? അ​ത്ത​രം സ​ങ്ക​ര​ത്തി​ന് മാ​തൃ​ക കാ​ട്ടി​ക്കൊ​ടു​ക്കാ​ൻ നേ​താ​ക്ക​ൾ വ​ൻ​തോ​തി​ൽ മു​ന്നോ​ട്ടു​വ​ന്നി​ല്ല. ആ​ര്യാ​ പ​ള്ള​ത്തി​നെ തു​ട​ർ​ന്ന് ഒ​രു വ​ലി​യ സ​ങ്ക​രസം​സ്കാ​രം ബോ​ധ​പൂ​ർ​വം ആ​സൂ​ത്ര​ണം ചെ​യ്യ​പ്പെ​ട്ടി​ല്ല. നേ​രെ​മ​റി​ച്ച്, അ​നു​ലോ​മ സ​ങ്ക​ര​ത്തെകൂ​ടി ഇ​ല്ലാ​താ​ക്കി. ബ്രാ​ഹ്മ​ണ​ൻ സ്വ​ജാ​തി വി​വാ​ഹ​ത്തെ സ്വ​വ​ർ​ഗ സ്ത്രീ​ക​ളോ​ടു നീ​തിചെ​യ്യു​ന്ന​തി​ൻ പേ​രി​ൽ പ്ര​ച​രി​പ്പി​ച്ചു. അ​തി​ൻ പേ​രി​ൽ ഇ​ത​ര​വ​ർ​ഗ​ത്തി​ലെ സ്ത്രീ​ക​ളോ​ട് അ​നീ​തിചെ​യ്യു​ന്ന​ത് ക്ഷ​ന്ത​വ്യ​മെ​ന്ന് വി​പ്ല​വ​കാ​രി​യാ​യ വി.​ടിപോ​ലും (വേ​ദ​ന​യോ​ടെ​യാ​ണെ​ന്നാ​ലും) നി​ശ്ച​യി​ച്ചു (ഈ ​അ​നീ​തി​യെ ചോ​ദ്യംചെ​യ്യു​ന്ന ഒ​രു ക​ഥ മാ​ത്ര​മാ​ണ്, എ​ന്റെ ഓ​ർ​മ​യി​ലു​ള്ള​ത് –വി.​എ​സ്. അ​നി​ൽ​കു​മാ​ർ ര​ചി​ച്ച ‘മാ​പ്പ്’).


ഈ ​സ​മ​സ്യ അ​തി​ന്റെ ഭീ​ക​ര​സ​ത്യ സ്വ​രൂ​പ​ത്തി​ൽ അ​വ​തീ​ർ​ണ​മാ​കു​ന്നു എ​ന്ന​ത് ‘കാ​ട്ടൂ​ർ​ക​ട​വി’​ന്റെ പെ​രു​മ​യാ​ണ്. അ​വ​ർ​ണ​നാ​യ ച​ന്ദ്ര​ശേ​ഖ​ര​നോ അ​യാ​ളു​ടെ ബ​ന്ധു​ക്ക​ളോ അ​നു​ലോ​മ സ​ങ്ക​ര​ത്തെപോ​ലും നി​ന്ദിക്കു​ക​യ​ല്ലാ​തെ അ​ഭി​ന​ന്ദ​നീ​യ​മാ​യി​ക്കാ​ണു​ന്നി​ല്ല. അ​തി​ലു​ള്ള പു​രോ​ഗ​മ​ന​ത്തി​ന് ശ്രീ​നാ​രാ​യ​ണ ഭ​ക്തി​പോ​ലും പ്രേ​ര​ക​മാ​യ​തു​മി​ല്ല. ജാ​തി​നി​ർ​മാ​ർ​ജ​ന​മെ​ന്ന ക​ടും കെ​ട്ടഴി​ക്ക​ൽ എ​ത്ര​മേ​ൽ സ​ങ്കീ​ർ​ണ​മാ​ണെ​ന്ന സ​ത്യ​ത്തി​ന്റെ രൂ​ക്ഷ​പ്ര​ഭ ഉ​ൾ​ക്ക​ണ്ണി​ലേ​ക്ക് ത​റ​ച്ചു​ക​യ​റു​ന്ന​തി​ന്റെ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ത്തി​ത്ത​രു​ന്ന​ത് കാ​ട്ടൂ​ർ​ക​ട​വി​ന്റെ അ​പ്ര​തി​മ​മാ​യ നേ​ട്ട​മാ​ണ്. സാ​വി​ത്രി​യു​ടെ ‘വ​ര​ണ’​ത്തേ​ക്കാ​ൾ ഈ ​നി​രാ​ക​ര​ണം സ​ത്യ​ത്തി​ന്റെ ക​ലാ​മൂ​ല്യ​പ്ര​ഭ ചൊ​രി​യു​ന്നു. ദ​ലി​ത് സ്ത്രീ​യെ തി​ര​ഞ്ഞു ക​ണ്ടെ​ത്തി വി​വാ​ഹംചെ​യ്ത ആ​ദ​ർ​ശ​ശാ​ലി​യാ​ണ് പി.​കെ എ​ന്ന വ​ല​തു​ക​ക്ഷി പ്ര​വ​ർ​ത്ത​ക​ൻ. അ​ത്ത​രം ആ​ദ​ർ​ശ​ശാ​ലി​ക​ൾ​ക്ക് പി​ന്തു​ട​ർ​ച്ച​ക്കാ​രി​ല്ല. അ​തു​പോ​ലെ ച​ന്ദ്ര​ശേ​ഖ​ര​ന്റെ​യും മീ​നാ​ക്ഷി​യു​ടെ​യും വി​വാ​ഹം പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​തി​ൽ മു​ൻ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ച​ക്ര​പാ​ണി വാ​ര്യ​ർ ആ ​ബ​ന്ധം ത​ക​ർ​ന്നെ​ന്ന് വ​ന്ന​പ്പോ​ൾ പ​ശ്ചാ​ത്താ​പ​ത്തോ​ടെ മീ​നാ​ക്ഷി​യെ സ​മീ​പി​ച്ചു, അ​വ​ൾ​ക്ക് സ​മ്മ​ത​മെ​ങ്കി​ൽ താ​ൻ വി​വാ​ഹം ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​റി​യി​ക്കാ​ൻ. പ​ക്ഷേ, മീ​നാ​ക്ഷി പ​റ​ഞ്ഞ​ത് പാ​ർ​ട്ടി പ​ഠി​പ്പി​ച്ച​തി​ലു​ൾ​പ്പെ​ടാ​ത്ത ചി​ല ജീ​വി​തസ​ത്യ​ങ്ങ​ൾ സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ​നി​ന്ന് പ​ഠി​ച്ചു​വെ​ന്നും ത​ന്റെ ദാ​മ്പ​ത്യ​ത്തി​ലെ പ​രാ​ജ​യ​ത്തി​ന് മ​റ്റു​ള്ള​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നു​മാ​ണ്.

പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹ​ത്തി​ലേ​ക്ക് പാ​ർ​ട്ടി നീ​ങ്ങി​യ​പ്പോ​ൾ വാ​രി​യ​ർ ‘വ​സ​ന്ത​ത്തി​ന്റെ ഇ​ടി​മു​ഴ​ക്കം കേ​ട്ട’ തീ​​വ്ര​വാ​ദി​ക​ളു​ടെ പ​ക്ഷ​ത്തേ​ക്കാ​ണ് വ​ഴി​മാ​റി​യ​ത്. ‘ആ​ക്ഷനി’​ലൊ​ന്നും പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ലെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ലു​ൾ​പ്പെ​ട്ടു. നീ​ണ്ട​കാ​ലം ജ​യി​ലി​ൽ കി​ട​ന്നു. പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം ആ​രോ​ടും ബ​ന്ധ​പ്പെ​ടാ​തെ ഏ​കാ​കി​യാ​യി പ​ഴ​യ ഗൃ​ഹ​ത്തി​ന്റെ ഒ​രു ഭാ​ഗ​ത്തു ക​ഴി​ഞ്ഞു​കൂ​ടി. ഒ​ടു​വി​ൽ അ​പ്ര​ത്യ​ക്ഷ​നാ​യി. കാ​ട്ടൂ​ർ​ക​ട​വി​ലെ ‘ചാ​ത്രാ​പ്പ്’ കാ​യ​ലാ​വാം ഗ​തി​മു​ട്ടി​യ ആ ​നി​ർ​ല​ക്ഷ്യ​നെ ഏ​റ്റു​വാ​ങ്ങി​യ​ത്. രാ​ഷ്ട്രീ​യ​ത്തി​ലെ ഗ​തി​വി​ഗ​തി​ക​ളി​ൽ സ്വ​ന്തം വ​ഴി​യേ​തെ​ന്ന് തി​രി​ച്ച​റി​യാ​തെ, എ​വി​ടേ​ക്കെ​ന്ന് ഒ​രു തീ​രു​മാ​ന​വു​മി​ല്ലാ​തെ വ​ണ്ടി ക​യ​റി ​കൽ​ക്ക​ത്ത​യി​ൽ ചെ​ന്നു​പെ​ട്ട മാ​ധ​വ​നെ​ന്ന ക​ഥാ​പാ​ത്രം ​ക​ൽ​ക്ക​ത്ത​യി​ലെ ക​മ്യൂ​ണി​സ​ത്തി​ന്റെ പോ​ക്കി​നോ​ടു ക​ല​ഹി​ച്ചു കാ​ലം പോ​ക്കി​യ​തി​നുശേ​ഷം നാ​ട്ടി​ൽ തി​രി​​ച്ചെ​ത്തി. ക​ൽ​ക്ക​ത്ത മാ​ധ​വ​ൻ എ​ന്ന നൈ​രാ​ശ്യ​മൂ​ർ​ത്തി വാ​രി​യ​രെ ​പോ​ലെ അ​ട​ച്ചു​പൂ​ട്ടി സ്വ​യം ത​ട​ങ്ക​ലി​ൽ ക​ഴി​യാ​തെ എ​ല്ലാ​വ​രെ​യും വി​മ​ർ​ശി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​യാ​ളും ഒ​ടു​വി​ൽ അ​പ്ര​ത്യ​ക്ഷ​നാ​യി. മ​റ്റൊ​രു മ​റ​ക്കാ​നാ​വാ​ത്ത ദു​ര​ന്തക​ഥാ​പാ​ത്ര​മാ​ണ് ‘ഇം​ഗ്ലീ​ഷ് രാ​മ​ൻ​കു​ട്ടി നാ​യ​ർ’. സി​ലോ​ണി​ൽ ഉ​ദാ​ര​നാ​യ ഒ​രു സാ​യ്പി​ന്റെ ബ​ട്‍ല​ർ ആ​യി ചി​ര​കാ​ലം ക​ഴി​ഞ്ഞ​യാ​ൾ. 1983ൽ ​സി​ലോ​ണി​ലെ ‘ബ്ലാ​ക്ക് ജൂ​ലൈ’ എ​ന്ന​റി​യ​പ്പെ​ട്ട ആ​ക്ര​മ​ണ​ത്തി​ന്റെ ഇ​ര​യാ​യി ഒ​ടു​ങ്ങാ​തി​രി​ക്കാ​ൻ വേ​ണ്ടി സാ​യ്പാ​ണ് അ​യാ​ളെ അ​വി​ടെ​നി​ന്ന് ‘ഓ​ടി​ച്ച്’ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ രാ​മ​ൻ​കു​ട്ടി​യെ വ​യ​സ്സു​കാ​ല​ത്ത് നി​ർ​ബ​ന്ധി​ച്ചു വി​വാ​ഹം ക​ഴി​പ്പി​ച്ച​ത് വ​ര​നെ കി​ട്ടാ​തെ വൃ​ദ്ധ​ക​ന്യ​യാ​യി ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്ന ഒ​രു യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്. ഭാ​ര്യ​യെ ഗാ​ഢ​മാ​യി സ്നേ​ഹി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യ​ത് ഒ​രു മു​ടി​യ​നാ​യ പു​ത്ര​നാ​ണ്. തൊ​ണ്ണൂ​റു​ക​ഴി​ഞ്ഞ കാ​ല​ത്ത് അ​വ​നെ വ​ക​വ​രു​ത്തി​യ​തി​നു ശേ​ഷം അ​വ​ളെ ക​ഴു​ത്തു​ഞെ​ക്കി മോ​ചി​പ്പി​ക്കേ​ണ്ടി​വ​ന്ന ദു​ര​ന്തതീ​വ്ര​ത​ക്ക് കേ​ര​ള രാ​ഷ്ട്രീ​യ​മ​ല്ല കാ​ര​ണം. സി​ലോ​ണി​ലെ രാ​ഷ്ട്രീ​യ​മാ​ണ്. വി​ഷം കു​ടി​ച്ച് ചാ​ത്രാ​പ്പ് കാ​യ​ലി​ൽ ചാ​ടി​ച്ചാ​വാ​ൻ തൊ​ണ്ണൂ​റു പി​ന്നി​ട്ട ഒ​രു മ​നു​ഷ്യ​നെ പ്രേ​രി​പ്പി​ച്ച ദാ​രു​ണ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ട്ടൂ​ർ​കട​വി​ന്റെ ക​ണ്ണു​ക​ൾ​ക്ക് രൗ​ദ്ര​ഭീ​ക​ര​ത​യു​ടെ ക​ടുംചോ​ര ചു​വ​പ്പേ​റ്റു​ന്നു.

ജാ​തി​ഹു​ങ്ക് വി​വാ​ഹ​ബ​ന്ധങ്ങ​ളെ മാ​ത്ര​മ​ല്ല, ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ കൂ​ടി ബാ​ധി​ച്ചി​രു​ന്നു. ‘പ്ലാ​ക്ക​ലെ ത​ണ്ടാ​ര്’ കൊ​ട്ടി​ലി​ലെ വെ​ള​ക്കി​ന് ക​ളം​വ​ര​ക്കാ​നോ വാ​ദ്യ​ത്തി​നോ ക​ണ്ട​ൻ​കു​ട്ടി​യാ​ശാ​നെ വി​ളി​ക്കു​ന്ന​തി​ന് പ​ക​രം മാ​രാ​ൻ​മാ​രെ കൊ​ണ്ടു​വ​രാ​ൻ നി​ശ്ച​യി​ച്ചു. അ​ഷ്ട​മം​ഗ​ല്യ പ്ര​ശ്നം വെ​ച്ചു നി​ശ്ച​യി​ച്ച​താ​ണു​പോ​ലും. പൂ​ജ​ക്ക് തൃ​പ്ര​യാ​റ് കീ​ഴ്ശാ​ന്തി​യും! കീ​ഴ്ജാ​തി​ക്കാ​ർ​ക്ക് നെ​ഗ​ളി​പ്പ് കൂ​ടി​യി​ട്ടു​ണ്ടു​പോ​ലും. പ​ണം കൊ​ടു​ത്തു നെ​ല്ലു​മേ​ടി​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ ‘‘വ​ട​ക്കോ​ർ​ത്ത് പോ​യി​ ചോ​ദി​ക്കാ​ൻ’’ ആ​ണ് പ്ലാ​ക്ക​ലെ കാ​ര​ണ​വ​ർ കീ​ഴ്ജാ​തി​ക്കാ​ര​നോ​ട് പ​റ​ഞ്ഞ​ത്.

‘‘എ​റേ​ത്ത് തൊ​ടാ​ണ്ടെ അ​ക​ന്നു​മാ​റി​നി​ക്കാ​ൻ’’ കാ​ര​ണ​വ​ത്തി​യു​ടെ ഉ​ത്ത​ര​വ്! കീ​ഴ്ജാ​തി​ക്കാ​ർ വ​ർ​ഷാ​വ​ർ​ഷം ചെ​ന്ന് ഭ​ഗ​വ​തി​ക്ക് ക​ളം​വ​ര​ക്കു​ക പ​തി​വാ​യി​രു​ന്ന മു​റ്റ​ത്തേ​ക്ക്, ‘‘ഒ​രു ജാ​തി ഒ​രു മ​തം എ​ന്നു​പ​റ​ഞ്ഞ് ന​ട​ക്ക​ണോ​ര്’’ പ്ര​വേ​ശ​നം വി​ല​ക്കു​ന്നു! (പേ. 129). ‘‘​ന​മ്മ​ടെ പോ​ല​ത്തെ ഈ​ഴ​വ കു​ടും​ബ​ങ്ങ​ളി​ൽ എ​ത്രെ​ത്ര മേ​ൽ​ജാ​തി പെ​ൺ​കു​ട്ടി​ക​ൾ വ​ന്നു​കേ​റീ​ട്ടു​ണ്ട്. വാ​ര്യ​ത്തെ കു​ട്ടി​ക​ളും ന​മ്പൂ​രി​ക്കു​ട്ടി​ക​ളും വ​രെ വ​ന്നി​ട്ടു​ണ്ട്. തേ​ച്ചു​തെ​ളി​ച്ച നെ​ല​വി​ള​ക്ക് മാ​തി​ര്യൊ​ള്ള ആ ​കു​ട്ടി​ക​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് ഐ​ശ്വ​ര്യാ​ണ്. അ​ഭി​മാ​ന​ാണ്. അ​തി​ന്റെ നെ​ലേം വെ​ലേം ത​ല​മു​റ​ക​ൾ നെ​ല​നി​ൽ​ക്കും. എ​ന്താ​ണ് ഒ​രു മ​ടീം ഇ​ല്ലാ​ണ്ട് അ​വ​രു കേ​റി​വ​രാ​ൻ കാ​ര​ണം. ഗു​രു അ​നു​ഗ്ര​ഹി​ച്ച സ​മു​ദാ​യാ​ണ് ന​മ്മ​ടേ​ത്. അ​തി​ന്റെ ബ​ല​ത്തി​ലാ​ണ് ന​മ്മ​ നി​ക്ക​ണ്’’ (പേ. 224). ​ഗു​രു​വി​ന്റെ സ​മ​ത്വ​ദ​ർ​ശ​ന​ത്തെ അ​നു​യാ​യി​ക​ൾ ഭ​ക്തി​യി​ലൂ​ടെ​ത്ത​ന്നെ തോ​ൽ​പി​ച്ച പ​രി​ണാ​മം ശ​ങ്ക​കൂ​ടാ​തെ വ​ര​ച്ചു​കാ​ട്ടാ​ൻ ഗ്ര​ന്ഥ​ക​ർ​ത്താ​വ് ധൈ​ര്യ​പ്പെ​ട്ട​ത് ‘കാ​ട്ടൂ​ർ​കട​വി’​ന്റെ മ​ഹ​ത്ത്വ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലെ ലോ​ക നേ​താ​വി​ന്റെ പേ​രു​പേ​റു​ന്ന ‘ദി​മി​ത്രി’ ആ ​പ്ര​സ്ഥാ​ന​ത്തി​ലെ ഏ​റ്റ​വും വീ​റു​ള്ള സ​മ​ര​നാ​യി​ക​യു​ടെ മ​ക​നാ​യി പി​റ​ന്നി​ട്ടും പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​ന്നു പോ​കു​ക​യും ഒ​രു ശ​രാ​ശ​രി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി രേ​ഖ​ക​ളി​ൽ ത​ല​പൂ​ഴ്ത്തി​ക്ക​ഴി​ഞ്ഞു​കൂ​ടു​ക​യും അ​ഴി​മ​തി​ക്കാ​ര​നാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത പ​രി​ണാ​മം ആ​ണ് നോ​വ​ലി​ലെ മു​ഖ്യ​ക​ഥ. മ​ക​ൻ ഹീനകൃ​ത്യം ചെ​യ്തു​വെ​ന്നു കേ​ട്ട​പ്പോ​ഴ​ത്തെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് മീ​നാ​ക്ഷി മു​ക്ത​യാ​യി​ല്ല. ആ​​ശു​പ​ത്രി​യി​ൽ അ​മ്മ​യെ കാ​ണാ​ൻ ജാ​മ്യം കി​ട്ടി​യ ദി​മി​ത്രി എ​ത്തി​യെ​ങ്കി​ലും അ​യാ​ൾ അ​മ്മ​യു​ടെ പ്രാ​ണ​ൻ കൂ​ടു​വെ​ടി​യും മു​മ്പ് സ്ഥ​ലം വി​ട്ടു. വി​യ്യൂ​ർ ജ​യി​ലി​ലാ​യി​രു​ന്ന ചു​രു​ക്കം നാ​ളു​ക​ളി​ൽ പ​ഴ​യ കോ​ള​ജ് കൂ​ട്ടു​കാ​രി മു​ത്തു​ല​ക്ഷ്മി​യു​ടെ (അ​വ​ൾ ഇ​ട​തു തീ​വ്ര​വാ​ദ​ത്തി​ലെ വീ​ര​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ൽ ജ​യി​ലി​ലു​ണ്ടാ​യി​രു​ന്നു) ഒ​രു ക​ത്ത് അ​ധി​കൃ​ത​ർ ദി​മി​ത്രി​ക്ക് ന​ൽ​കി​യി​രു​ന്നു. അ​തി​ൽ​നി​ന്ന് കോ​ള​ജു​കാ​ല​ത്തെ ഒ​രു കൂ​ട്ടു​കാ​ര​ൻ ജോ​സ​ഫ് തി​രു​വ​ണ്ണാ​മ​ല​ക്ക​ടു​ത്ത് പാ​ട്ടാ​ളി​ക്കു​ടിയി​ൽ ഉ​ണ്ടെ​ന്ന​റി​യാ​ൻ ക​ഴി​ഞ്ഞു.

ര​ണ്ട് വൃ​ദ്ധ​ന്മാ​ർ ഹെ​ർ​ബ​ർ​ട്ട് സ്​​പെ​ൻ​സറി​ന്റെ പേ​രി​ൽ ഒ​രു കൃ​ഷി​യി​ടം ന​ട​ത്തി​യി​രു​ന്നു. ക്ലെ​മ​ന്റ് പീ​റ്റ​റും തേ​നാ​ദി​യ​രും: അ​വി​ടെ​യാ​ണ് ജോ​സ​ഫ് എ​ത്തി​പ്പെ​ട്ടി​രു​ന്ന​ത്. ദി​മി​ത്രി​യു​ടെ പ​ലാ​യ​നം ​ഹെ​ർ​ബ​ർ​ട്ട് സ്​​പെ​ൻ​സ​ർ ഫാ​മി​ലേ​ക്കാ​യി​രു​ന്നു. ദി​മി​ത്രി​ക്ക് ഒ​ളി​ച്ചോ​ടാ​ൻ ഒ​രു ല​ക്ഷ്യം എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, നോ​വ​ലി​ൽ ഈ ​സ്ഥാ​പ​ന​ത്തി​ന് സ്ഥാ​നം. സ​ബ​ർ​മ​തി​യി​ലേ​തു​പോ​ലു​ള്ള ആ​ശ്ര​മാ​ന്ത​രീ​ക്ഷ​മു​ള്ള ആ ​സ്ഥാ​പ​നം പ​രോ​ക്ഷ​മാ​യി മാ​ർ​ക്സി​സ​വും ഗാ​ന്ധി​സ​വും സ​മ​ന്വ​യി​ച്ചു​ണ്ടാ​ക്കാ​വു​ന്ന ഒ​രു പ്ര​ത്യ​യശാ​സ്ത്ര​ത്തെ ദ്യോ​തി​പ്പി​ക്കു​ന്നു​ണ്ട്; അ​ത് പ്ര​ത്യ​ക്ഷ ല​ക്ഷ്യ​മ​ല്ലെ​ങ്കി​ലും. നി​സ്വാ​ർ​ഥ​ത​യും നി​ഷ്‍കി​ഞ്ച​ന​ത​യും ആ​ർ​ഥി​ക സ​മ​ത്വ​ബോ​ധ​വും ആ​ത്മീ​യ​ത​യും മാ​ർ​ക്സി​സ​ത്തെ ‘ദൂ​ത​ഃപ​രി​വ​ർ​ജി​ക്കു’ന്ന​വ​രി​ൽപോ​ലും നി​റ​ഞ്ഞു വ​ഴി​യു​ക​യെ​ന്ന മാ​നു​ഷാ​വ​സ്ഥ​ക്കു​ള്ള പ​രോ​ക്ഷ​മാ​യ അം​ഗീ​കാ​ര​മാ​ണ് ആ ​സ്ഥാ​പ​ന​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സൃ​ഷ്ടി. അ​തു​പോ​ലെ​ത്ത​ന്നെ​യാ​ണ് ന​ക്സ​ലി​സ​മെ​ന്ന തീ​വ്ര​വാ​ദ​ത്തെ സാ​ധൂ​ക​രി​ക്കാ​തി​രി​ക്കെ​ത്ത​ന്നെ, പ​രാ​ജ​യ​പ്പെ​ടാ​ൻ വി​ധി​ക്ക​പ്പെ​ട്ട ആ ​പ്ര​സ്ഥാ​ന​ത്തി​ലേ​ക്കെ​ടു​ത്ത് ചാ​ടി​യ​വ​രു​ടെ വി​ശ്വാ​സദൃ​ഢ​ത​യെ​യും ധീ​ര​ത​യെ​യും വാ​ഴ്ത്തു​ന്ന​തി​ലെ ഉ​ദാ​ര സ​മീ​പ​നം. വാ​ർ​ധ​ക്യ​ത്തി​ലും ധീ​ര​ത​യു​ടെ ജ്വാ​ല​ക​ളാ​യി​രു​ന്ന കൗ​സ​ല്യ​യെ​യും മ​ക​ൾ മീ​നാ​ക്ഷി​യെ​യും പോ​ലെ ന​ക്സ​ലി​സ​ത്തി​ലെ ദീ​പ്തി​മ​ത്താ​യ ജ്വാ​ല​യാ​യി മു​ത്തു​ല​ക്ഷ്മി​യെ​യും രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ ​ധീ​ര​ത​യെ വാ​ഴ്ത്താ​ൻ മ​ടി​ക്കാ​ത്ത വി​പ്ല​വ​ച​രി​ത്ര​വി​ജ്ഞ​നാ​യ ഒ​രു ബ്യൂ​റോ​ക്രാ​റ്റും നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്നു -വി​ന​യ്‍ലാ​ൽ ഐ.​പി.​എ​സ്.

ഹെ​ർ​ബ​ർ​ട്ട് ഫാ​മി​ന്റെ ന​ട​ത്തി​പ്പു​കാ​ർ കാ​ട്ടൂ​ർ​ക​ട​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ലും നോ​വ​ലി​നെ ചൈ​ത​ന്യ​വ​ത്താ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​ള്ള​വ​രാ​ണ്. ‘തേ​നാ​ദി​യ​ർ’ (ഹ്യൂ​ഗോ​വി​ന്റെ പാ​വ​ങ്ങ​ളി​ലെ ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്റെ പേ​ര്) എ​ന്ന ഫാ​ദ​ർ ഒ​രു ഋ​ഷി​ത​ന്നെ. മ​ണ്ണി​ൽ പ​ണി​യു​ന്ന​തി​ൽ ജീ​വി​ത​സാ​ഫ​ല്യം ക​ണ്ടെ​ത്തു​ന്ന ക്ല​മ​ന്റ് പീ​റ്റ​ർ (എ​ൻ​ജി​നീ​യ​ർ, ലോ​കം ചു​റ്റി​യ ആ​ൾ; ഇ​റ്റ​ലി​ക്കാ​രി​യാ​ണ് പ​ത്നി. ര​ണ്ടു മ​ക്ക​ൾ​ക്ക​ച്ഛ​ൻ), നി​ത്യ​സ​ഞ്ചാ​രി​യാ​യ മെ​ഹ്മൂ​ദ് മു​ത​ലാ​യ​വ​ർ ഔ​പ​നി​ഷ​ദ​മാ​യ ഒ​രു നി​സ്വാ​ർ​ഥ ക​ർ​മ​നി​ര​ത​മാ​യ ജീ​വി​ത​വ്യ​വ​സ്ഥ​യു​ടെ പ്ര​യോ​ക്താ​ക്ക​ളാ​ണ്.

ഇ​സ്‍ലാം കു​ടും​ബ​ത്തി​ൽ പ​തി​നൊ​ന്നാ​മ​ത്തെ സ​ന്ത​തി​യാ​യി പി​റ​ന്ന മെ​ഹ്മൂ​ദ് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ പേ​രി​ലു​ള്ള ആ​ശ്ര​മ​ത്തി​ൽ കു​റെക്കാ​ലം ഉ​ണ്ടാ​യി​രു​ന്നു. അ​ദ്വൈ​ത​ത്തെ​പ്പ​റ്റി ആം​ഗ​ല​ത്തി​ൽ ആ​ധി​കാ​രി​ക​മാ​യി പ്ര​ഭാ​ഷ​ണംചെ​യ്യാ​ൻ ക​ഴി​വു​ള്ള ആ​ൾ. ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് പോ​ന്ന​തി​നു ശേ​ഷ​മാ​ണ് ലോ​കം ചു​റ്റി​യ​ത്. ന​വ​യു​ഗ​ത്തി​ന്റെ ‘പ്ര​ബു​ദ്ധ​ത’​യാ​ർ​ന്ന പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് പേ​രു​മാ​റ്റ​ണ​മെ​ന്നും ‘സ​ന്യാ​സി’​ക്ക് കാ​വി​വ​സ്ത്രം വേ​ണ​മെ​ന്നും ‘ഉ​പ​ദേ​ശം’ ല​ഭി​ച്ച ദി​ന​ത്തി​ൽ, ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം, അ​ദ്ദേ​ഹം നി​സ്ക​രി​ച്ച ചി​ത്രം വരയു​ന്ന ഈ ​നോ​വ​ൽ, മ​ത​മൗ​ലി​ക​വാ​ദ​ത്തി​ന്റെ നീ​രാ​ളി​ക്കൈക​ൾ പ്ര​ത്യ​ക്ഷ​മെ​ന്ന​പോ​ലെ പ​രോ​ക്ഷ​മാ​യും എ​വി​ടെ​യൊ​ക്കെ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്നു എ​ന്ന സ​ത്യ​ത്തി​ന്റെ കി​ര​ണ​ങ്ങ​ൾകൊ​ണ്ട് ‘അ​തി​മാ​ത്ര​മി​രു​ൾ തി​ങ്ങു​ന്ന അ​ന്ധ​കൂ​പ​ത്തി​ലേ​ക്ക്’ ഒ​ളിവീ​ശു​ന്നു.

തേ​നാ​ദി​യ​ർ ഹെ​ർ​ബ​ർ​ട്ട് സ്​​പെ​ൻ​സ​ർ ഫാ​മി​ന്റെ വി​ക​സ​ന​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധതി​രി​ച്ച് ഉ​ന്മാ​ദി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജീ​വി​തസാ​ഫ​ല്യം ക​ണ്ടെ​ത്തി​യ കാ​ല​ത്ത് സം​ര​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ട്ട മ​ല​യാ​ളി​യാ​യ മാ​നു​വൽ, നി​ഷ്‍ക​ള​ങ്ക​ത​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ദു​ര​ന്തതീ​വ്ര​ത​യാ​ൽ കാ​ട്ടൂ​ർ​ക​ട​വി​ലെ മ​ന​മു​രു​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മാ​ണ്. മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ലെ നാ​യ്ക്കൂട്ടി​ന്ന​ടി​യി​ൽ​നി​ന്ന് ഒ​രു കു​ഞ്ഞി​ന്റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തു​ന്ന ജോ​സ​ഫ​ച്ച​നാ​ണ് അ​വ​നെ ക​ണ്ടെ​ടു​ത്ത​ത്. സെ​മി​നാ​രി​യി​ൽ അ​ടി​ച്ചു​ത​ളി​ക്കാ​രി​യു​ടെ ക​നി​വി​ൽ അ​വ​ൻ വ​ള​ർന്നു. ജോ​സ​ഫ​ച്ച​ൻ ഇ​റ്റ​ലി​യി​ൽ പോ​യ കാ​ല​ത്ത് സ​മ്പാ​ദി​ച്ച തു​ക മാ​നു​വ​ലി​ന് അ​ച്ചു​കൂടം തു​ട​ങ്ങാ​ൻ ദാ​നംചെ​യ്തു. ര​ണ്ടാം ത​വ​ണ റോ​മി​ൽ പോ​യി, പി​ന്നെ മ​ട​ങ്ങി​വ​ന്നി​ല്ല. അ​ന്ത്യം മു​ൻ​കൂ​ട്ടി​ക്ക​ണ്ട് മാ​നു​വ​ലി​ന് അ​യ​ച്ച ക​ത്തി​ൽ ‘‘നീ​യെ​ന്റെ മ​ക​നാ​ണ്’’ എ​ന്ന് ര​ണ്ടു ത​ര​ത്തി​ൽ അ​ർ​ഥം ക​ണ്ടെ​ത്താ​വു​ന്ന (മ​ക​നെ​ന്നും മ​ക​നെ പോ​ലെ​യെ​ന്നും) ഒ​രു വാ​ക്യം കു​റി​ച്ചി​രു​ന്നു. മാ​നു​വ​ലി​ന് കു​ടും​ബ​മു​ണ്ടാ​യ​പ്പോ​ൾ അ​ച്ചു​കൂട​ത്തി​ലെ​ത്തു​ന്ന എ​ന്തും അ​ച്ച​ടി​ച്ചു​കൊ​ടു​ക്കു​ക പ​തി​വാ​യി. അ​തി​ൽ ന​ക്സ​ലു​ക​ൾ ഏ​ൽ​പി​ച്ച ചി​ല​തും ഉ​ൾ​പ്പെ​ട്ടു; ആ​പ​ത്ത് തി​രി​ച്ച​റി​ഞ്ഞി​ല്ല. അ​തി​ൻപേ​രി​ലാ​ണ് പൊ​ലീ​സി​ന്റെ ക​ഠി​നമ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. ഇ​ത്ത​രം ഉ​പ​ക​ഥ​ക​ൾ ന​ല്ല മ​നു​ഷ്യ​ർ ഈ ​ലോ​ക​ത്ത് നേ​രി​ടേ​ണ്ടി​വ​രു​ന്ന പീ​ഡ​ന​ങ്ങ​ളു​ടെ വൈ​രു​ധ്യാ​ത്മ​ക​ത​കൊ​ണ്ട് നോ​വ​ലി​ന് ദു​ര​ന്ത​കാ​ന്തി​യേ​ക​ു​ന്നു:

ക​ണ്ട​ൻ​കു​ട്ടി​യാ​ശാ​ന്റെ സ​ഹോ​ദ​ര​പു​ത്ര​നും വാ​ദ്യ​ക​ല​യി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​നു​മാ​യ ശി​വ​രാ​മ​നാ​ണ് മീ​നാ​ക്ഷി​യു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്.

വി​ന​യ​്ലാ​ൽ എ​ന്ന ഐ.​പി.​എ​സു​കാ​ര​ൻ ദി​മി​ത്രി​യെ ശ​രി​ക്ക് മ​ന​സ്സി​ലാ​ക്കു​ക​യും ന​ർ​മ​ബോ​ധ​ത്തോ​ടെ സ്വ​ത​ന്ത്ര​നാ​ക്കു​ക​യും ചെ​യ്തു.

വി​ചി​ത്ര​മാ​ണ് ദി​മി​ത്രി​യു​ടെ ജീ​വി​ത​ത്തി​ലെ ഗ​തി​വി​ഗ​തി​ക​ൾ. അ​ച്ഛ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് അ​ക​ന്ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി കു​ഴ​ൽ​മ​ന്ദ​ത്ത് ക​ഴി​യു​ന്ന അ​ന്ത്യ​ഘ​ട്ട​ത്തി​ലാ​ണ് മീ​നാ​ക്ഷി​യും ദി​മി​ത്രി​യും അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വീ​ണ്ടും ക​ട​ന്നു​വ​രു​ന്ന​ത്. ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് ശ​മ്പ​ള​ത്തി​ന് പു​റ​മെ ദി​നം​തോ​റും ‘ന​ല്ല​വ​രു​മാ​നം’ ഉ​ണ്ടാ​ക്കാ​വു​ന്ന ആ​പ്പീ​സി​ലാ​ണെ​ങ്കി​ലും അ​ദ്ദേ​ഹം ആ ​വ​രു​മാ​നം ആ​ദ​ർ​ശ​ത്തി​ൻ പേ​രി​ൽ വേ​ണ്ടെ​ന്നു​വെ​ച്ച ആ​ളാ​ണ്. മു​ഴു​ക്കു​ടി​യ​നാ​യി മാ​റു​ക​യും അ​തി​നു​വേ​ണ്ടി​ട​ത്തോ​ളം പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന ​കാ​ല​ത്തു​പോ​ലും ഭ​ർ​ത്താ​വി​ന്റെ ക​ട​മ​ക​ളൊ​ന്നും നി​ർ​വ​ഹി​ക്കാ​ത്ത ച​ന്ദ്ര​ശേ​ഖ​ര​നെ അ​യാ​ളു​ടെ അ​ന്ത്യ​കാ​ല​ത്ത് പ​രി​ച​രി​ച്ച് ഭാ​ര്യ​യു​ടെ ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി മീ​നാ​ക്ഷി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി​യെ അ​നു​സ​രി​ക്കു​ക​യെ​ന്ന അ​ച്ച​ട​ക്ക​ത്തി​ൻ പേ​രി​ൽ മീ​നാ​ക്ഷി ചു​മ​ത​ല​യേ​റ്റു. തേ​ങ്കു​റി​ശ്ശി​യി​ൽ ഒ​രു അ​ച്ചാ​റു ക​മ്പ​നി​യി​ൽ പ​ണി​യെ​ടു​ത്തു കി​ട്ടി​യ വ​രു​മാ​നംകൊ​ണ്ടാ​ണ് ശു​ശ്രൂ​ഷ​ക്കാ​ല​ത്ത് അ​വ​ളും മ​ക​നും ജീ​വി​ച്ച​ത്. ച​​​ന്ദ്ര​ശേ​ഖ​ര​ൻ മ​ക​നോ​ട് പ​ശ്ചാ​ത്ത​ാപ​ത്തോ​ടെ കു​മ്പ​സാ​രി​ക്ക​യു​ണ്ടാ​യി. മ​ദ്യം കി​ട്ടാ​തെ പൊ​രി​യു​ന്ന നേ​ര​ത്ത് ഒ​ര​ൽ​പം മ​ദ്യം കൊ​ണ്ടു​വ​ന്നു​ത​ര​ണ​മെ​ന്ന് യാ​ചി​ച്ചു. ദാ​ഹി​ച്ച​വ​ന് വെ​ള്ളം കൊ​ടു​ക്കും​പോ​ലെ ദി​മി​ത്രി അ​ത് ചെ​യ്യു​ക​യു​ണ്ടാ​യി. ഒ​രു കു​ട്ടി​ക്ക് മ​ദ്യം വി​ൽ​ക്കാ​ൻ ഷാ​പ്പു​കാ​ർ ത​യാ​റാ​യി​ല്ല.

അ​ല​ഞ്ഞു​തി​രി​ഞ്ഞു പ​ട്ട​ണാ​തി​ർ​ത്തി​യി​ലെ ഒ​രു ഓ​ല​ക്കു​ടി​ലി​ലെ ചാ​രാ​യ​ഷാ​പ്പി​ൽ​നി​ന്ന് ഒ​ടു​വി​ൽ അ​ത് വാ​ങ്ങി​യെ​ത്തി. അ​തു കു​ടി​ച്ച് സ​ന്തു​ഷ്ട​നാ​യ അ​ച്ഛ​ൻ പ​റ​ഞ്ഞു: ‘‘നീ ​എ​ന്നെ അ​ച്ഛാ എ​ന്നു​വി​ളി​ക്കൂ. അ​ടു​ത്തേ​ക്ക് നി​ൽ​ക്കൂ. ഞാ​ൻ നി​ന്നെ ഒ​ന്ന​നു​ഗ്ര​ഹി​ക്ക​ട്ടെ.’’ അ​വ​ൻ അ​യാ​ളു​ടെ ചെ​വി​യോ​ട് മു​ഖ​മ​ടു​പ്പി​ച്ച് അ​ല​റി: ‘‘വേ​ഗം ചാ​വ​ടാ​ പ​ട്ടീ.’’ ഉ​ള്ളി​ൽ പു​ക​ഞ്ഞ പ​ക ദി​മി​ത്രി​യു​ടെ പ്ര​കൃ​ത​ത്തെ എ​പ്ര​കാ​രം വി​കൃ​ത​മാ​ക്കി എ​ന്ന് വ്യ​ഞ​്ജി​പ്പി​ക്കു​ന്നു സ​ന്ദ​ർ​ഭം. സ​ഹ​ന​ശീ​ല​ത്തി​ന്റെ ത​പ​സ്സ് അ​മ്മ​യെ മാ​ലാ​ഖ​യാ​ക്കി​യെ​ങ്കി​ൽ മ​ക​നെ സ​ഹ​ന​ത്തി​ന്റെ ചൂ​ള പി​ശാ​ചാ​ക്കി വാ​ർ​ത്തു. ജീ​വി​ച്ചി​രി​ക്കെ മ​ക​ന് ഒ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ലും ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ക്കും മു​മ്പ് ജീ​വി​ത​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​തി​നാ​ൽ, മ​ക​ന് ജോ​ലി​യി​ൽ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം കി​ട്ടി. ‘പാ​രി​തോ​ഷി​ക’ വ​രു​മാ​ന​ത്തി​ന്റെ പ​ങ്കു​പ​റ്റാ​തി​രു​ന്ന അ​ച്ഛ​ന്റെ മ​ക​ൻ പ​ങ്കുപ​റ്റു​ക മാ​ത്ര​മ​ല്ല, വി​ശേ​ഷ പ്ര​യ​ത്നം ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ ചി​ക​ഞ്ഞെ​ടു​ക്കേ​ണ്ടു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ അ​തി​ന് വി​ശേ​ഷ പാ​രി​തോ​ഷി​കം അ​വ​കാ​ശ​പ്പെ​ടാ​നും മ​ടി​ച്ചി​ല്ല. നി​കു​ഞ്ജം മാ​ധ​വ​ൻ നാ​യ​ർ ഒ​റ്റി​ക്കൊ​ടു​ത്തി​ട്ടാ​ണ് ദി​മി​ത്രി കു​ടു​ക്കി​ൽപെ​ട്ട​ത്. ഒ​രു രേ​ഖ​യു​ടെ കാ​ര്യ​ത്തി​ൽ ത​ൽ​പ​ര​നാ​യ അ​ദ്ദേ​ഹം ദ​ലി​തജാ​തി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ ദി​മി​ത്രി​ക്ക് കി​ട്ടു​മാ​യി​രു​ന്ന നേ​ട്ട​ത്തെ​പ്പ​റ്റി​യും മേ​ലു​ദ്യോ​ഗ​സ്ഥ​യെ വി​വാ​ഹം ചെ​യ്തി​രു​ന്ന ദി​മി​ത്രി​ക്ക് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ എ​ഴു​ന്നേ​റ്റു​നി​ന്ന് ആ​ദ​രി​ക്കേ​ണ്ട​തി​നെ പ​റ്റി​യും വാ​ഗ​സ്ത്രം പ്ര​യോ​ഗി​ച്ച​ത് ദി​മി​ത്രി​യു​ടെ നി​ലതെ​റ്റി​ച്ചു. അ​യാ​ൾ അ​ല​റി, ‘‘എ​റ​ങ്ങി​പ്പോ​ടാ നാ​യേ!’’ ഈ ​ആ​ക്രോ​ശ​മാ​ണ് ഒ​റ്റി​ക്കൊ​ടു​പ്പി​ലേ​ക്ക് മാ​ധ​വ​ൻ നാ​യ​രെ എ​ത്തി​ച്ച​ത്.

പു​ല്ലാ​നി​ക്കാ​ട്ടു ത​റ​വാ​ട്ടി​ലെ പൂ​ർ​വി​ക​നും സി​ലോ​ണി​ൽ പോ​യി സ്വ​പ്ര​യ​ത്ന​ത്താ​ൽ ധ​നി​ക​നാ​യി ഉ​യ​ർ​ന്നി​ട്ടും ജാ​തി​ഹു​ങ്കി​ന്ന​ടി​പ്പെ​ടാ​തെ യ​ഥാ​ർ​ഥ ശ്രീ​നാ​രാ​യ​ണ ശി​ഷ്യ​ന് യോ​ജി​ച്ച മ​ട്ടി​ൽ ജീ​വി​ച്ച​വ​നു​മാ​യ ക​റു​പ്പ​യ്യാ സ്വാ​മി​യു​ടെ​യും ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ​യും സാ​ന്നി​ധ്യ​മു​ള്ള ജ്വ​ല​ത്താ​യ രം​ഗ​ങ്ങ​ൾ കാ​ട്ടൂ​ർ​ക​ട​വി​ന്റെ ദാ​ർ​ശ​നി​ക മൂ​ല്യ​ത്തി​ന് അ​ന​ശ്വ​ര​ത​യേ​കു​ന്നു.

തു​ട​ക്ക​ത്തി​ൽ നി​രീ​ക്ഷി​ച്ച​തു​പോ​ലെ, മ​റ്റു ദേ​ശച​രി​ത്രാ​ഖ്യാ​യി​ക​ക​ൾ​ക്കി​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം കാ​ട്ടൂ​ർ​ക​ട​വി​ന് ന​ൽ​കു​ന്ന​ത് ‘‘ഒ​ന്നാ​യ പാ​ർ​ട്ടി​യെ ര​ണ്ടെ​ന്ന് ക​ണ്ട​വ​രി​ലു​ണ്ടാ​യ ഇ​ണ്ട​ൽ’’ ചി​ത്രീ​ക​രി​ച്ച​തി​ലെ സ​ത്യ​ദീ​പ്തി​യാ​ണ്. ഇ​ട​തു​ശാ​ഖ​യോ​ടു കൂ​റു​പു​ല​ർ​ത്തി​യ ബു​ദ്ധി​ജീ​വി​യാ​യി പ്ര​വ​ർ​ത്തി​ക്കെ​ത്ത​ന്നെ അ​പ​രാ​ർ​ധ​ത്തി​ന്റെ വീ​ക്ഷ​ണ​ത്തെ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ ഗ്ര​ഹി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ‘കെ’ ​എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ പോ​ലെ സ്വ​ചേ​ത​ന​യെ സ്വ​യം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന രാ​ഷ്ട്രീ​യ ദൗ​ത്യം ആ​ഖ്യാ​താ​വ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. പ്ര​ത്യ​യ​ശാ​സ്ത്ര​മൊ​ന്നും പ​ഠി​ച്ചി​ല്ലെ​ങ്കി​ലും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട നി​സ്വ​വ​ർ​ഗ​ത്തി​ന് ത​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് മ​ർ​ദ​ക വ​ർ​ഗ​ത്തി​നെ​തി​രാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്ക​ണ​മെ​ന്ന ബോ​ധ​മു​റ​യ്ക്കാ​ൻ, ത​ങ്ങ​ൾ​ക്ക് സ​ഹി​ക്കേ​ണ്ടി​വ​ന്ന ദു​രി​ത​ങ്ങ​ൾ വി​ധി​വി​ഹി​ത​മോ ജ​ന്മാ​ന്ത​ര ക​ർ​മ​ഫ​ല​മോ അ​ല്ലെ​ന്നും ഉ​യ​ർ​ന്ന വ​ർ​ഗ​ത്തി​ന്റെ നി​ർ​ഘൃണ​ത​യും സ്വാ​ർ​ഥകേ​ന്ദ്രി​ത​ത്വ​വു​മാ​ണെ​ന്നും ഉ​ള്ള അ​റി​വ് അ​വ​രി​ൽ ഉ​ണ​ർ​ത്തു​ക​യും അ​ത് കെ​ടാ​ത്ത ജ്വാ​ല​യാ​യി നി​ല​നി​ർ​ത്തു​ക​യും ചെ​യ്താ​ൽ മ​തി. കാ​ട്ടൂ​ർ​ക​ട​വി​ലെ തൊ​ണ്ടു​ത​ല്ല​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ ​അ​റി​വ് ദീ​പ്ത​മാ​യി​രു​ന്ന​തി​നാ​ലാ​ണ്, പി.​കെ. മീ​നാ​ക്ഷി പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ച​ർ​ച്ചചെ​യ്തു​ തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്ന് കൈ​ക​ഴു​കു​ന്ന​വ​രോ​ട്, ധീ​ര​വും സു​ചി​ന്തി​ത​വു​മാ​യ ഈ ​ചോ​ദ്യം ചോ​ദി​ക്കാ​ൻ ശ​ക്ത​യാ​യ​ത്: ‘‘ആ​കാ​ശ​ത്തു​നി​ന്ന് സ്വ​ർ​ണ​പ്പ​ല്ല​ക്കി​ൽ ആ​രെ​ങ്കി​ലും എറ​ങ്ങി​വ​രാ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടോ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്?’’ പു​സ്ത​ക​ങ്ങ​ളി​ൽനി​ന്നാ​വി​ല്ല, സ്റ്റ​ഡി​ക്ലാ​സു​ക​ളി​ൽ​നി​ന്നും സ്വാ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി​രി​ക്കും ആ ​ബു​ദ്ധി​മ​തി ക​മ്യൂ​ണി​സ​ത്തി​ന്റെ മൗ​ലി​ക ത​ത്ത്വ​ങ്ങ​ൾ പ​ഠി​ച്ചി​രി​ക്കു​ക.

അ​തോ​ടൊ​പ്പം നേ​താ​ക്ക​ൾ​ക്കി​ല്ലാ​ത്ത ‘സാ​മാ​ന്യ​ബു​ദ്ധി’ കൂ​ടി ആ ​ക​ഥാ​പാ​ത്ര​ത്തി​ന് ന​ൽ​ക​പ്പെ​ട്ടി​രി​ക്കു​ന്നു. ‘‘അ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ണ്ട്; അ​വ​രു​ടെ മു​ന്ന​ണി​യാ​ണ് വേ​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​ക്കാ​രും മാ​ത്ര​മ​ല്ല, ദ​ലി​ത​ർ, സ്ത്രീ​ക​ൾ, ആ​ദി​വാ​സി​ക​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പാ​ർ​ട്ടി​ക​ൾ​ക്കൊ​ക്കെ അ​പ്പു​റ​ത്തുനി​ൽ​ക്കു​ന്ന ആ ​ജ​ന​കോ​ടി​ക​ളു​ടെ മു​ന്ന​ണി ആ​രു​ണ്ടാ​ക്കും? എ​ന്ന ചോ​ദ്യ​മു​ന്ന​യി​ക്കു​ന്ന​വ​ൾ. റ​ഷ്യ​യി​ലേ​ക്കോ ചൈ​ന​യി​ലേ​ക്കോ നോ​ക്കാ​തെ സ്വ​ന്തം കാ​ൽ​ക്കീ​ഴി​ലു​ള്ള മ​ണ്ണി​ലേ​ക്കും സ്വ​ന്തം ചു​റ്റു​പാ​ടു​ക​ളി​ലു​ള്ള മ​ർ​ദി​ത ചൂ​ഷി​ത ജ​ന​വി​ഭാ​ഗ​ത്തി​ന്റെ അ​ന്ത​രംഗ​ത്തി​ലേ​ക്കും നോ​ക്കി ഒ​രു ഇ​ന്ത്യ​ൻ വി​പ്ല​വ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​സ്ഥാ​ന​ത്തി​ന് പ​റ്റി​യ പി​ഴ​വെ​ന്ന് നോ​വ​ൽ ‘സി​ദ്ധാ​ന്തി​ക്കു​ന്നി’​ല്ലെ​ങ്കി​ലും അ​ത് പ്ര​ബ​ന്ധ ധ്വ​നി​ക​ളി​ലൊ​ന്നാ​യി ഉ​റ​ഞ്ഞു​കൂ​ടു​ന്നു​ണ്ട്. ‘ച​കി​രി​യു​ടെ ഗ​ന്ധം’, ‘സം​വാ​ദ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ങ്ങ​ളോ​ടു​കൂ​ടി​യ അ​ധ്യാ​യ​ങ്ങ​ൾ പി​ള​ർ​പ്പ് എ​ന്ന യാ​ഥാ​ർ​ഥ്യം അ​ണി​ക​ളെ എ​ത്ര​യേ​റെ ശോ​കാ

​ക​ുല​രും നി​ഷ് ക്രി​യ​രു​മാ​ക്കി എ​ന്ന വ​സ്തു​ത​യു​ടെ ഭീ​മ​മാ​യ വ്യാ​പ്തം കാ​ട്ടി​ത്ത​രു​ന്നു. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്ന ചോ​ദ്യ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ചി​ത്ര​ണ​വും ആ ​അ​ധ്യാ​യ​ങ്ങ​ളി​ലു​ണ്ട്.

ക​മ്യൂ​ണി​സ​ത്തി​ന്റെ പി​ള​ർ​പ്പും ജാ​തി​വി​വേ​ച​ന​വും കാ​ട്ടൂ​ർ​ക​ട​വി​നെ ദു​ര​ന്ത​ങ്ങ​ളു​ടെ രം​ഗ​ഭൂ​മി​യാ​ക്കി. അ​തോ​ടൊ​പ്പം പ്ര​കൃ​തി​കോ​പ​വും താ​ണ്ഡ​വ​മാ​ടി. പ്ര​കൃ​തി മ​നു​ഷ്യ​നെ​തി​രെ തി​രി​ഞ്ഞാ​ൽ ഉ​ണ്ടാ​വു​ന്ന നി​സ്സ​ഹാ​യ​ത​യു​ടെ ആ​ഴ​വും കാ​ട്ടൂ​ർ​ക​ട​വ് കാ​ട്ടി​ത്ത​രു​ന്നു. മാ​ധ​വ​മേ​നോ​നെ​ പോ​ലു​ള്ള​വ​ർ​ക്ക് മ​നഃ​പ​രി​വ​ർ​ത്ത​ന​വും പ​ക്വ​ത​യു​മു​ണ്ടാ​ക്കു​ന്ന പ​രി​ണാ​മ ര​മ​ണീ​യ​ത​യി​ലൂ​ടെ ‘മ​നു​ഷ്യ​ൻ മ​നു​ഷ്യ​ത്വം വീ​ണ്ടെ​ടു​ക്കു’മെ​ന്ന പ്ര​ത്യാ​ശ​ക്കും കൂ​മ്പു​കി​ളി​ർ​പ്പി​ച്ചി​ട്ടു​ണ്ട്. തേ​നാ​ദി​യ​ർ, വേ​ദ​നാ​യ​കം, ക​റു​പ്പ​യ്യ​സ്വാ​മി, ക്ലെ​മ​ന്റ് പീ​റ്റ​ർ, മെ​ഹ​്മൂ​ദ് മു​ത​ലാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ‘സ്ഫു​ട​താ​ര​ക​ൾ കൂ​രി​രു​ട്ടി​ലു​ണ്ടി​ട​യി​ൽ ദ്വീ​പു​ക​ളു​ണ്ട് സി​ന്ധു​വി​ൽ’ എ​ന്ന് ആ​ശ്വാ​സ​ത്തി​ന് നി​ദാ​ന​ങ്ങ​ളാ​ണ്. പ്ര​ള​യംകൊ​ണ്ടു​ വ​ല​യു​ന്ന കേ​ര​ളീ​യ​ർ​ക്ക് ത​മി​ഴ്നാ​ട്ടി​ലെ വേ​ദ​നാ​യ​ക​ത്തെ കൊ​ണ്ട് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തേ​നാ​ദി​യ​ർ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്നു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​തീ​ത​രാ​യും ജാ​തി​മ​താ​ദി സ​ങ്കു​ചി​ത മ​നോ​വൃ​ത്തി​ക​ളു​ടെ വി​ഷം തീ​ണ്ടാ​ത്ത​വ​രാ​യും വ​ർ​ത്തി​ക്കു​ന്ന​വ​രെ കൊ​ണ്ട് മാ​ന​വ​സേ​വ നി​ർ​വ​ഹി​പ്പി​ക്കു​ന്നു എ​ന്ന വ​സ്തു​ത ചൂ​ണ്ടു​ന്ന​ത് മാ​ന​വീ​യ​ത​യെ​ന്ന മൂ​ല്യ​ത്തി​ന് ര​ക്ഷ​ക​സ​ത്ത​യാ​വാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലേ​ക്കാ​ണ്.

ആ​ദ്യ​ന്തം നോ​വ​ലി​നെ ആ​സ്വാ​ദ്യ​മാ​ക്കി​ത്തീ​ർ​ക്കു​ന്ന ഘ​ട​കം ആ​ഖ്യാ​ന ശൈ​ലി​യാ​ണ്. കാ​ട്ടൂ​ർ​ക​ട​വി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യും (Local dialect) പ്ര​സ​ക്തി​യ​നു​സ​രി​ച്ചു​ള്ള സാ​മു​ദാ​യി​ക ഭാ​ഷ​യും (Communal dialect) വ്യ​ക്തി​ഭാ​ഷ​യ​ും (Idiolect) ത​മി​ഴ്നാ​ട്ടി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​കൃ​ത​ത്തി​ൽ പ്ര​യു​ക്ത​മാ​കു​ന്ന പ്രാ​ദേ​ശി​ക ത​മി​ഴും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ രാ​ഷ്ട്രീ​യ​പ​ദാ​വ​ലി​യും ആ​ഖ്യാ​ന​ത്തെ ചൈ​ത​ന്യ​വ​ത്താ​ക്കി​യി​രി​ക്കു​ന്നു. ബ​ഹു​ജ​ന​ത്തി​നി​ട​യി​ൽ പ്ര​ചാ​ര​മു​ള്ള ഉ​പ​മ​ക​ളും പ​ഴ​ഞ്ചൊ​ല്ലു​ക​ളും സ​ന്ദ​ർ​ഭോ​ചി​ത​മാ​യി സ​മൃ​ദ്ധ​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ള്ള​തി​ലെ വാ​ഗ്‍വി​ഭു​ത്വം ‘കാ​ട്ടൂ​ർ​ക​ട​വി​’ന് ന​ൽ​കു​ന്ന പ​ര​ഭാ​ഗ​ശോ​ഭ ക​ഥാ​പാ​ത്ര ചി​ത്ര​ണ​ത്തി​ലു​ള്ള സ​ർ​ഗ​ചൈ​ത​ന്യ​ത്തേ​ക്കാ​ൾ ഒ​ട്ടും താ​ഴെ​യ​ല്ല. മ​നു​ഷ്യപ്ര​കൃ​തി​പോ​ലെ ബാ​ഹ്യപ്ര​കൃ​തി​യും നോ​വ​ലി​ന്റെ ര​ക്ത​പ്ര​സാ​ദം വ​ള​ർ​ത്തു​ന്ന അ​ന്തഃ​പ്ര​വാ​ഹ​ങ്ങ​ളാ​ണ്: സ്ഥ​ല​രാ​ശി​ക​ളു​ടെ മ​ണ്ണി​നും ജ​ല​രാ​ശി​ക​ളു​ടെ നീ​രി​നും (ചാ​ത്രാ​പ്പു​ കാ​യ​ലും ക​ട​വു​ക​ളുംപോ​ലെ) ത​ന​താ​യ ജീ​വ​സ്പ​ന്ദം ന​ൽ​കു​ന്ന മാ​ന്ത്രി​ക​വി​ദ്യ​യി​ൽ പ്ര​ക​ട​മാ​യ ത​ഴ​ക്ക​വും വ​ഴ​ക്ക​വും ’ഒ​രു ദേ​ശ​ത്തി​ന്റെ ക​ഥ​’ക്കോ ‘ക​യ​റി’​നോ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​തി​നേ​ക്കാ​ൾ ഒ​രു​പ​ടി മേ​ലെ​യാ​ണ്; പ്രാ​ദേ​ശി​ക ഭാ​ഷാപ്ര​യോ​ഗം ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സ​’ത്തോ​ള​മോ ‘ആ​ലാ​ഹ​യു​ടെ പെ​ൺ​മ​ക്ക​ളോ’​ള​മോ വ​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന​ത് ഒ​രു​നി​ല​ക്ക് വി​വ​ർ​ത്ത​ന​ത്തെ അ​സാ​ധ്യ​മാ​ക്കു​ന്ന പ​രി​മി​തി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട​ലു​മാ​ണ്.

ശ്രീ​നാ​രാ​യ​ണ​ഗു​രു സ്വാ​മി​ക​ളു​ടെ ആ​ത്മീ​യ​ത​യെ മാ​ർ​ക്സി​സ​ത്തി​ന്റെ ഭൗ​തി​ക​ത​യോ​ടു സ​മ​ന്വ​യി​ക്കു​ന്ന ഒ​രു ജീ​വി​തദ​ർ​ശ​ന​ത്തി​ന് ത​ഴ​ച്ചു​വ​ള​രാ​ൻ ഉ​ത​കു​ന്ന മ​ണ്ണും വെ​ള്ള​വും കാ​ട്ടൂ​ർ​ക​ട​വി​ൽ വ​ര​ളാ​തെ, വ​റ്റാ​തെ സ​ഞ്ച​യി​ച്ചി​രി​ക്കു​ന്നു.

News Summary - kattoorkadavu by Ashokan Charuvil -review