കഥകളിൽനിന്ന് വിടവാങ്ങിയ മൃദുസ്വരം

ഡിസംബർ 15ന് വിടവാങ്ങിയ എഴുത്തുകാരനും കഥാകൃത്തുമായ എം. രാഘവനെ അനുസ്മരിക്കുന്നു.
മലയാള സാഹിത്യത്തിലെ മൃദുസ്വരങ്ങളാണ് രാഘവേട്ടന്റെ കഥകളെന്ന് ഇളയസഹോദരൻ എം. മുകുന്ദൻ കഥ എം. രാഘവൻ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. കുടുംബത്തിന്റെ രക്ഷകനായും തന്റെ ജീവിതത്തിന്റെ വഴികാട്ടിയായും സാഹിത്യജീവിതത്തിൽ ഊർജം പകർന്ന വ്യക്തിയായും രാഘവേട്ടനെ കുറിച്ച് സഹോദരൻ ഓർമിക്കുന്നു. കുടുംബ ബന്ധങ്ങെള കുറിച്ചും വീടിനുള്ളിലെ ജീവിതത്തെ കുറിച്ചും കഥ പറഞ്ഞ എഴുത്തുകാരനാണ് എം. രാഘവൻ. ആർദ്രതയുടെയും സ്നേഹത്തിന്റെയും കഥാകാരൻ.
മൂത്ത സഹോദരി കൗസല്യ ഒരു സർക്കാർ സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾ പ്രാരബ്ധമുള്ള കുടുംബത്തിന് താങ്ങും തണലുമായിത്തീർന്നു എന്ന് കരുതിയതാണ്. ഒരു വർഷം തികയുന്നതിന് മുമ്പേ സഹോദരി മരിച്ചു. പിന്നീട് കുടുംബസംരക്ഷണത്തിനുവേണ്ടി പതിനെട്ടാമത്തെ വയസ്സിൽ ബോംബെയിലേക്ക് വണ്ടി കയറിയ എം. രാഘവൻ വർഷങ്ങൾക്കുശേഷം ഡൽഹി ഫ്രഞ്ച് എംബസിയിലെ ഉന്നത ഉദ്യോഗത്തിൽനിന്നാണ് വിരമിക്കുന്നത്. അതിനിടയിൽ എം. മുകുന്ദൻ സേഹാദരനെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നു. അദ്ദേഹത്തിന് ഫ്രഞ്ച് എംബസിയിൽ ജോലി ലഭിക്കുകയുംചെയ്യുന്നു. മുകുന്ദൻ ഒരു ജീനിയസാണെന്നും ഡൽഹിയിൽ വന്നില്ലായിരുന്നുവെങ്കിലും അവൻ എഴുത്തുകാരനായിത്തീരുമെന്നും എം. രാഘവൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
മയ്യഴിയിലെ ഫ്രഞ്ച് സ്കൂളിലാണ് എം. രാഘവൻ പഠിച്ചത്. വിക്ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ’ എന്ന കൃതിയെ കുറിച്ച് അധ്യാപകൻ പഠിപ്പിച്ചത് മനസ്സിൽ മായാത്ത ചിത്രങ്ങളായി. ഴാങ് വൽ ഴാങ് ഇൻസ്പെക്ടർ ഴാവേർ കൊസേത്ത് കുട്ടിയുമെല്ലാം ബാലമനസ്സിൽ കൗതുകം പകർന്നുതന്ന സാഹിത്യത്തിലെ കഥാപാത്രങ്ങളായിരുന്നു. തന്നെ സാഹിത്യത്തിലേക്ക് നയിച്ചത് പുരോഗമന സാഹിത്യ പ്രസ്ഥാനമാണെന്ന് രാഘവൻ പറയുന്നു. പൊെറ്റക്കാട്ടിന്റെ ‘നാടൻ േപ്രമവും, ദേവിന്റെ ഓടയിൽനിന്നും, ഉറൂബിന്റെ കഥകൾ എന്നിവ തന്നെ കൂടുതൽ സാഹിത്യത്തിലേക്ക് അടുപ്പിച്ചു.
17ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ മെംബർഷിപ് നേടിയ രാഘവൻ പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചു. അച്ഛൻ മകനെ എങ്ങനെയെങ്കിലും നാടുകടത്തണമെന്ന ചിന്തയിലായിരുന്നുവെന്ന് ഒരഭിമുഖത്തിൽ രാഘവൻ പറയുന്നുണ്ട്. അങ്ങെനയാണ് രാഘവൻ ബോംബെയിലേക്ക് വണ്ടി കയറുന്നത്.
മയ്യഴിയിലെ പാതാറിനടുത്ത് ഒത്തുചേരാറുള്ള സൗഹൃദസംഘത്തിൽ (യൂണിയോം അമിക്കാൻ) നടക്കാറുള്ള സാഹിത്യ ചർച്ചകൾ എഴുത്തിനോട് കൂടുതൽ ആഭിമുഖ്യമുണ്ടാക്കി. ദീർഘകാലം മാതൃഭൂമിയിൽ പ്രവർത്തിച്ച മംഗലാട്ട് രാഘവൻ, അധ്യാപകനും എഴുത്തുകാരനുമായ മൂച്ചിക്കൽ പത്മനാഭൻ എന്നിവർ പങ്കെടുത്ത സാഹിത്യ ചർച്ചകളും വാദപ്രതിവാദങ്ങളും ബാലമനസ്സിൽ ചിന്തകൾക്ക് ഉണർവേകി. പതിനെട്ടാം വയസ്സിൽ ബോംബെയിലെത്തിയ രാഘവൻ ഫ്രഞ്ച് എംബസി സ്ഥാപനമായ അല്ലിയാൻസ് ഫ്രാൻസേസിലും, അദ്ദേഹത്തിന്റെ കഴിവുകൾ മനസ്സിലാക്കി പിന്നീട് ഫ്രഞ്ച് എംബസിയിലും നിയമിക്കപ്പെടുകയുണ്ടായി. അങ്ങനെ ജോലി ചെയ്തു കുടുംബം പോറ്റുകയും അനുജന്മാരെ പഠിപ്പിച്ച് വലിയവരാക്കുകയുംചെയ്തു.
1955 മുതൽ ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ ജോലി തുടങ്ങിയതിനു ശേഷമാണ് കഥകൾ എഴുതിത്തുടങ്ങിയത്. അക്കാലത്ത് ഡൽഹി മലയാള സമാജത്തിനുവേണ്ടി നാടകങ്ങൾ എഴുതുകയും സംവിധാനംചെയ്യുകയുമുണ്ടായി. ഭാര്യ അംബുജാക്ഷി ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നനവ് എന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം ആദ്യകാലത്ത് എഴുതിയ കഥകളാണ്. വളരെ സരളമായ രീതിയിൽ കഥ പറയുന്ന എഴുത്തുകാരനാണ് രാഘവൻ. ഋജുവായരീതിയിൽ കഥയെഴുതുന്ന എഴുത്തുകാരനെന്ന് രാഘവൻതന്നെ സമ്മതിക്കുന്നുണ്ട്.
സ്നേഹത്തിന്റെയും മരണത്തിന്റെയും കഥയെഴുത്തുകാരൻ സ്നേഹമാണഖിലസാരമൂഴിയിൽ എന്ന കവിവാക്യത്തെ ഓർമിപ്പിക്കുന്ന ധാരാളം കഥകൾ രാഘവൻ എഴുതിയിട്ടുണ്ട്. സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ പല കഥകളിലും പ്രകടമാവുന്നുണ്ട്. ‘ശിശിരത്തിന്റെ അവസാനത്തിൽ’ എന്ന കഥയിൽ സ്മിതക്ക് തന്റെ ഭർത്താവിന്റെ സുഹൃത്തിനോട് തോന്നുന്ന സ്നേഹം. അമ്മയോടുള്ള സ്നേഹത്താൽ അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും പിന്നീട് അമ്മയോട് കാണിക്കുന്ന പെരുമാറ്റത്തിൽ സ്നേഹം നഷ്ടപ്പെടുകയുംചെയ്യുന്നത് ‘മഞ്ഞുപെയ്യുമ്പോൾ’ എന്ന കഥയിൽ കാണാം.
‘കുളക്കരയിൽ’ എന്ന കഥയിൽ അച്ഛൻ മകന്റെ ഭക്ഷണവുമായി ഉച്ചസമയത്ത് പൊരിവെയിലിൽ ഓഫിസിലേക്ക് പോകുന്ന ചിത്രം കാണാം. എന്തിനാണ് അച്ഛനെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നത് എന്ന് വായനയുടെ ആരംഭത്തിൽ നമ്മൾ ചിന്തിച്ചുപോകും. പക്ഷേ കഥയുടെ അവസാനമെത്തുമ്പോൾ അച്ഛനോടൊപ്പം ഭക്ഷണം കഴിക്കാനുള്ള മകന്റെ താൽപര്യമാണെന്ന് മനസ്സിലാകുമ്പോഴാണ് കഥയുടെ മനോഹാരിത നമുക്കനുഭവപ്പെടുന്നത്.
സ്നേഹത്തിന്റെ മറ്റൊരു പേരാണ് ഭയം എന്ന് ‘തോണി’ എന്ന കഥയിലൂടെ കഥാകാരൻ സമർഥിക്കുന്നു.
‘അപ്പുക്കുട്ടന്റെ കൂടെ’ എന്ന കഥയിൽ സ്നേഹത്തിന്റെ മറ്റൊരു ഭാവപ്രകടനമാണ് കാണുന്നത്. വേലക്കാരിയുടെ മകനായ ദിനേശന് യജമാനന്റെ വീട്ടിൽ വെച്ച് ലഭിക്കുന്ന സ്നേഹപ്രകടനങ്ങൾ അവനെ സന്തോഷിപ്പിക്കുന്നു. സ്നേഹം പ്രണയമാവുന്ന കഥകളാണ് ‘കത്രികയും ചീർപ്പും’, ‘സൂര്യൻ സാക്ഷി’ തുടങ്ങിയ കഥകൾ. ഫ്രഞ്ചുകാരിയായ ആൻ മരിയയുടെ മുടിമുറിക്കാരനായിരുന്ന കണാരൻ അവരുമായി പ്രണയത്തിലാവുകയും പിന്നീട് വേർപിരിയുകയുംചെയ്യുന്നു. പ്രണയത്തിന്റെ ഓർമക്കായി താൻ ഉപയോഗിച്ച കത്രികയും ചീർപ്പും മാത്രമല്ല ആൻ മരിയയുടെ മുടിയിഴകൾപോലും ആയാൾ ഓർമയുടെ പെട്ടിയിൽ സൂക്ഷിക്കുന്നു.
കുടുംബബന്ധങ്ങളുടെയും ഗൃഹാന്തരീക്ഷത്തിന്റെയും കഥ പറയുന്ന എഴുത്തുകാരനായതുകൊണ്ടാവാം പല കഥകളിലും സ്ത്രീപക്ഷ നിലപാട് കാണുന്നുണ്ട്. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാം. ‘ഞായറാഴ്ച’ എന്ന കഥയിൽ ഞായറാഴ്ചകളിൽപോലും വിശ്രമമില്ലാതെ ജോലിചെയ്യുന്ന സരോജിനി എന്ന വീട്ടമ്മയെ ചിത്രീകരിക്കുന്നുണ്ട്. ഭർത്താവ് സ്ത്രീസമത്വത്തിന് വേണ്ടിയും സ്ത്രീ ഉന്നമനത്തിനുവേണ്ടിയും വാതോരാതെ സംസാരിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയുംചെയ്യുമ്പോൾ സ്വന്തം ഭാര്യയുടെ കഷ്ടപ്പാടുകൾ കാണുന്നില്ല. മനുഷ്യന്റെ ഹിപ്പോക്രസിയെയാണ് ഈ കഥയിലൂടെ വ്യക്തമാക്കുന്നത്.
‘സ്ഥാനംമാറൽ’ എന്ന കഥയിൽ കഥാനായകൻ ഭാര്യയെ കുറിച്ച് പറയുന്നു. അവൾ വിളിച്ചാൽ ഉടനെ ചെല്ലണം. അല്ലെങ്കിൽ സന്തോഷക്കുറവ് കാണിക്കും എന്ന്. വിവാഹം എന്ന സ്ഥാപനം ആവശ്യമാണോ എന്ന് ചിന്തിപ്പിക്കുന്ന കഥയാണ് ‘വധു’. ‘ഞായറാഴ്ച’, ‘വധു’ തുടങ്ങിയ കഥകൾ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയതാണ് എന്നു പറയുന്നു. കൂട്ടുകുടുംബത്തിലെ മുതിർന്ന ആളായിട്ടാണെന്നും, തന്റെ ഭാര്യ അനുഭവിച്ച പ്രയാസങ്ങളും കഷ്ടപ്പാടുകളും പിൽക്കാലത്ത് സ്ത്രീപക്ഷ രചനകൾക്ക് കാരണമായി എന്ന് ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുന്നുമുണ്ട്.
മനുഷ്യമനസ്സിന്റെ ഇളക്കങ്ങളാണ് ‘ഇളക്കങ്ങൾ’ എന്ന കഥ. ഈ കഥ ഇളക്കങ്ങൾ എന്ന പേരിൽ മോഹനൻ സംവിധാനം ചെയ്തപ്പോൾ നിർമാതാവ് ഇന്നസെന്റായിരുന്നു. ഫ്രഞ്ച് എംബസിയിൽ ജോലിചെയ്യുന്ന കാലത്ത് അപരിചിതനായ ഒരു മനുഷ്യൻ രാഘവനെ കാണാൻ വന്നു. കേരളത്തിലെ ഒരു ചെരിപ്പു കച്ചവടക്കാരൻ ഇളക്കങ്ങൾ സിനിമയാക്കാൻ തരുമോ എന്നാവശ്യപ്പെടുന്നു. പെട്ടെന്നൊരുത്തരം പറയാൻ പറ്റാതെ മാറിനിന്നപ്പോൾ അയാൾ വീണ്ടും വരികയും പിറ്റേദിവസം 100 രൂപ അഡ്വാൻസ് തന്നപ്പോൾ ഇളക്കങ്ങൾ നിർമാതാവിന് അനുവാദം നൽകുന്നു. ഇളക്കങ്ങൾ ശ്രദ്ധേയമായ സിനിമയായിത്തീർന്നു. പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം ഇന്നസെന്റ് പ്രശസ്ത സിനിമാതാരമാവുകയുംചെയ്തു.
മരണത്തെ കുറിച്ചു പറയുന്ന കഥകളാണ് ‘തൊടുന്നതൊക്കെ പൊന്ന്’, ‘പട്ടുതുണി’, ‘പാവത്താൻ’ തുടങ്ങിയ കഥകൾ. മംഗളോദയത്തിലാണ് എം. രാഘവന്റെ ആദ്യകഥ പ്രത്യക്ഷപ്പെടുന്നത്. ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണനാണ് അന്ന് മംഗളോദയത്തിന്റെ എഡിറ്റർ. പ്രശസ്തരായ എഴുത്തുകാരോടൊപ്പം ചെറുപ്പക്കാരനായ രാഘവന്റെയും കഥ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് മാതൃഭൂമിയിലൂടെയും ദേശാഭിമാനിയിലൂടെയും ധാരാളം കഥകൾ പുറത്തുവരികയുണ്ടായി. നമ്മുടെ സംസ്കാരം ഇന്ന് നേരിടുന്ന പല പ്രതിസന്ധികളുമുണ്ട്. അവയിൽ ചിലതാണ് എന്റെ കഥകളിൽ ഉന്നയിക്കുന്നതെന്ന് തോന്നുന്നു എന്ന് രാഘവൻ പറയുന്നു.
ഏഴു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യസപര്യയായിരുന്നു രാഘവേട്ടന്റേത്. പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത് വളരെ വൈകിയാണ്. കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുന്നത് 2023 ൽ 93ാമത്തെ വയസ്സിലാണ്. അദ്ദേഹത്തിന്റെ പ്രധാനെപ്പട്ട കഥകളെല്ലാം സമാഹരിച്ചുകൊണ്ട് തലശ്ശേരിയിലെ നെയ്താൽ പതിപ്പകം എന്ന പ്രസിദ്ധീകരണം മഹേഷ് മംഗലാട്ടിന്റെ നേതൃത്വത്തിൽ കഥ എം. രാഘവൻ എന്ന പേരിൽ 2023ൽ പുറത്തിറക്കിയ പുസ്തകത്തിന് ന്യൂ മാഹിയിലെ സഹൃദയ സാംസ്കാരിക വേദിയുടെ പ്രഥമ പുരസ്കാരം ലഭിക്കുകയുണ്ടായി.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ അവാർഡ് (2008), അബൂദബി ശക്തി അവാർഡ് (2008), സമഗ്രസംഭാവനകൾക്കുള്ള പുതുച്ചേരി സർക്കാറിന്റെ മലയാളി പുരസ്കാരം (2009) എന്നിവ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
‘നനവ്’, ‘വധു’, ‘സപ്തംബർ അകലെയല്ല’, ‘ഇനിയുമെത്ര കാതം’, ‘എം. രാഘവന്റെ സമ്പൂർണ കഥാസമാഹാരം’ എന്നീ കഥാസമാഹാരങ്ങളും, ‘നങ്കീസ്’, ‘അവൻ’, ‘യാത്ര പറയാതെ’, ‘ചിതറിയ ചിത്രങ്ങൾ’ എന്നീ ാവലുകളും കർക്കടകം, ചതുരംഗം എന്നീ നാടകങ്ങളും പ്രസിദ്ധീകരിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽനിന്നും ധാരാളം കഥകൾ മലയാളത്തിലേക്ക് പരിഭാഷെപ്പടുത്തുകയുമുണ്ടായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ 2024ലെ സ്റ്റേറ്റ് സമ്മേളനം കണ്ണൂരിൽ നടക്കുമ്പോൾ അതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ സെക്രട്ടറി എം.എ. ബേബി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരവ് ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
കഥകളിലൂടെയാണ് എം. രാഘവനെന്ന എഴുത്തുകാരനെ അടുത്തറിഞ്ഞതെന്നും, എം. മുകുന്ദന്റെ സഹോദരനാണെന്ന് മനസ്സിലാക്കിയത് പിന്നീടാണെന്നും മികച്ച കഥയെഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല തന്റെ അനുജൻ മുകുന്ദനെ ജീനിയസായ എഴുത്തുകാരനാക്കിയ വ്യക്തി എന്ന നിലയിൽകൂടി രാഘവൻ അനുമോദനം അർഹിക്കുന്നുവെന്നും നമ്മുടെ ഭാഷക്കും സംസ്കാരത്തിനും ഇരുവരും വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും എം.എ. ബേബി തദവസരത്തിൽ പറയുകയുണ്ടായി. മലയാളത്തിന്റെ അഭിമാനമായ എം. മുകുന്ദൻ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ സഹോദരനായ എം. രാഘവൻ എന്ന എഴുത്തുകാരൻ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് എം.എ. ബേബിയുടെ വാക്കുകൾ നമ്മെ ഓർമപ്പെടുത്തുന്നു.
