അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം ഒറ്റത്തവണ പെണ്ണാവണേ!

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. കോടി കോടിക്കണക്കിന് എന്നേപ്പോലുള്ള കീടങ്ങളെ ലക്ഷം ലക്ഷം കൊല്ലങ്ങൾക്കുള്ളിൽ സൃഷ്ടിച്ചതിനുശേഷം നന്മകൾക്ക് നാകവും തിന്മകൾക്ക് നരകവും നിജപ്പെടുത്തിയതിനുശേഷം, ഞങ്ങളെയും കാത്തിരിക്കുമ്പോൾ പ്രഭോ! അങ്ങ് അങ്ങയുടെ സ്വർഗത്തോട്ടത്തിലെ സൗരഭ്യം ആസ്വദിക്കാൻ ഇറങ്ങുകയായിരിക്കാം, അല്ലെങ്കിൽ തിളങ്ങുന്ന മുഖങ്ങളും...
Your Subscription Supports Independent Journalism
View Plansഅന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.
കോടി കോടിക്കണക്കിന് എന്നേപ്പോലുള്ള കീടങ്ങളെ ലക്ഷം ലക്ഷം കൊല്ലങ്ങൾക്കുള്ളിൽ സൃഷ്ടിച്ചതിനുശേഷം നന്മകൾക്ക് നാകവും തിന്മകൾക്ക് നരകവും നിജപ്പെടുത്തിയതിനുശേഷം, ഞങ്ങളെയും കാത്തിരിക്കുമ്പോൾ പ്രഭോ! അങ്ങ് അങ്ങയുടെ സ്വർഗത്തോട്ടത്തിലെ സൗരഭ്യം ആസ്വദിക്കാൻ ഇറങ്ങുകയായിരിക്കാം, അല്ലെങ്കിൽ തിളങ്ങുന്ന മുഖങ്ങളും കൂപ്പിയ കരങ്ങളുമായി നിൽക്കുന്ന മാലാഖമാർക്ക് ആജ്ഞകൾ നൽകിക്കൊണ്ടിരിക്കയാവാം. അങ്ങയുടെ ആത്മാവിന്റെ ഒരു ചെറിയ പൊടി മാത്രമായിരിക്കാം ഈയുള്ളവൾ; എങ്കിലും നന്നെച്ചെറിയൊരു കെഞ്ചലിന് ഈയുള്ളവൾക്കും അർഹതയില്ലേ? എന്തെന്നാൽ...
ഈ ചോദ്യമുന്നയിച്ചത് തീർത്തും അബലയായിരുന്നെങ്കിലും കഠിനമായ ക്ലേശങ്ങളില്ലാതിരുന്ന ഒരു പഴയകാലത്താണ്. ചുറ്റും നാലു ചുമരുകൾ; അങ്ങയുടെ ഏറ്റവും അത്ഭുതകരമായ സൃഷ്ടികളിലൊന്നായ ഇളംകാറ്റ് ജനലുകൾ തുറക്കുമ്പോൾ മാത്രം എന്നെ തലോടിയിരുന്ന കാലത്ത് കാറ്റിന് തൂമണം കൊടുത്തിരുന്ന മുല്ലവള്ളികളെ താൻ തലോടിയത് രാവിരുട്ടിൽ മാത്രമായിരുന്ന കാലത്ത്; വീടിന് പിന്നിൽ ഉണ്ടായിരുന്ന കറിയിലച്ചെടികൾക്കിടയിലൂടെ അസ്തമയസൂര്യൻ ചാർത്തിക്കൊടുത്ത കസവലുക്കുകളോടുകൂടിയ വെളുവെളുത്ത പഞ്ഞി മേഘക്കെട്ടുകളെ നോക്കി ഇരുന്നിരുന്ന കാലത്ത്.
വീട്ടിലെ നടുമുറിയിലെ ജനലിലൂടെ കണ്ട കാഴ്ചകൾ. മഴത്തുള്ളികളുടെ മുത്തുമണിമാല അണിഞ്ഞതു ഹൃദയത്തിൽ; ദേഹത്തിലല്ല. മുൻ മുറ്റത്തു കാലുകുത്തിയിരുന്നില്ല. അകത്തളത്തിലെ നിലത്തുമാത്രം കാലുതൊട്ടിരുന്ന കാലം. തലയിലെ തട്ടം ഒരിക്കലും വഴുതി വീണില്ല. നാണംകൊണ്ടു കൂമ്പിയ കണ്ണിമകൾ. ചിരിയറിയാത്ത ചുണ്ടുകൾ. കണ്ണുകൾ തേനീച്ചകൾപോലെ അലഞ്ഞിരുന്നില്ല. അമ്മക്ക് എന്നെ കണ്ണിലെണ്ണയൊഴിച്ച് കാക്കേണ്ടി വരാറില്ല. ‘അരുത്’, ‘അരുത്’ എന്നാവർത്തിക്കേണ്ടിവരാറില്ല. അത്ര നന്നായി അടങ്ങി ഒതുങ്ങിക്കഴിഞ്ഞു.
എന്നാലും ഒരു എളിയ ചോദ്യം ചോദിച്ചോട്ടേ? പ്രകൃതിയിലെ അനുഗ്രഹങ്ങളെല്ലാം അങ്ങയുടെ ഉൽകൃഷ്ട സൃഷ്ടിയായ ‘അവന്നു’ മാത്രമായിട്ടുള്ളതാണോ? പാവം അമ്മ. അങ്ങയുടെ ആജ്ഞക്കെതിരായി വിരലനങ്ങാത്ത അമ്മക്ക് ഞാനൊരു വിഷമവുമുണ്ടാക്കിയില്ല. ആ അമ്മയെ വിട്ടുപോകണമെന്ന സമയമെത്തിയപ്പോൾ എന്റെ കരൾ പിളരുന്നുവെന്നു തോന്നി. അമ്മക്കും അങ്ങനെത്തന്നെ. എങ്കിലും അമ്മ സന്തോഷം മുഖത്തുവരുത്തി. അമ്മയെ വിട്ടുപോകണമെന്ന് വന്നപ്പോൾ കരൾ പറിച്ചെടുത്തു പിഴിയുംപോലെ എനിക്ക് തോന്നി. അമ്മക്കും ഉള്ളിലൊരു അരിവാൾ കീറി അരിയുകയായിരുന്നു. അങ്ങ് നൂറുകണക്കിന് അമ്മമാരുടെ അലിവുള്ളവനാണെന്ന് അവരെല്ലാം പറയുന്നു. അങ്ങനെയുള്ള അങ്ങയെ എങ്ങും കാണാതെ ഞാൻ വലഞ്ഞു. അമ്മ എന്നെ നെഞ്ചോടുചേർത്തു കെട്ടിപ്പിടിച്ചു തണുത്ത കൈകൊണ്ട്, കണ്ണീരുകൊണ്ട് ചുട്ടുപൊള്ളുന്ന കവിളിൽ തലോടി.
അയാൾ എന്നെ അമ്മയുടെ കെട്ടിപ്പിടിത്തത്തിൽനിന്ന് വലിച്ചെടുത്തുകൊണ്ടുപോയി. ഏറെദൂരം പിന്നിട്ടിട്ടും അമ്മയുടെ തേങ്ങലുകൾ എന്റെ കാതിലലച്ചുകൊണ്ടിരുന്നു. എനിക്ക് എന്റേതായ ഒന്നുംതന്നെ ഇല്ലാതായി. എല്ലാം അവന്റേതു മാത്രം. ഒരു നിമിഷംകൊണ്ട് എന്റെ ഹൃദയം കീറിമുറിച്ചു ശകലങ്ങളാക്കാൻ അവന് അധികാരമുണ്ട്. എന്റെ ദേഹം അവന് ഒരു കളിപ്പാട്ടം. പ്രഭോ! എന്തിനെന്നെ ഇങ്ങനെയൊരു കളിപ്പാട്ടമാക്കി?
ഒരാഴ്ചയോളം എന്റെ ദേഹം വട്ടുരുട്ടിയതിനുശേഷം അയാൾ ഒരുനാൾ അലറി. ‘‘എന്റെ നിലയെന്ത്? പദവിയെന്ത്? ലക്ഷങ്ങൾ എനിക്ക് തരാൻ ഒരുക്കമുള്ളവരുണ്ട്. എന്നിട്ടും നിന്നെപ്പോലുള്ള ഒരു ഇരപ്പാളിയെയാണ് കൊണ്ടുവരേണ്ടി വന്നത്... നീ ഒരമ്പതിനായിരമെങ്കിലും ഉടനെ നിന്റെ വീട്ടിൽപോയി കൊണ്ടുവാ.’’
എന്നെ കണ്ടപ്പോൾ അമ്മയുടെ മുഖം ആനന്ദംകൊണ്ടു തിളങ്ങി. അടുത്ത നിമിഷംതന്നെ ഒറ്റക്കാണ് ഞാനെത്തിയത് എന്നു കണ്ട് മുഖം ഇരുളിലാണ്ടു. അന്നു രാവിൽ അമ്മയോടൊപ്പം കിടക്കുമ്പോൾ എന്റെ മനം തണുത്തു. മൂന്നുനാൾ കഴിഞ്ഞ് അവനെന്നെ തിരിച്ചുകൊണ്ടു പോകാൻ വന്നു. പറഞ്ഞ പണം കിട്ടിയിട്ടില്ലെന്നറിഞ്ഞപ്പോൾ പറഞ്ഞു: ഇനി ഇവിടെ കാലുകുത്തലില്ല; ഇവരാരും അവിടെ എന്റെ വീട്ടിൽ വരാൻ പാടില്ല.
അമ്മ എന്റെ മുടി ചീകിമെടഞ്ഞു മുല്ലപ്പൂമാല ചൂടിച്ച് യാത്രയാക്കി. അമ്മയെ തിരിഞ്ഞു തിരിഞ്ഞു നോക്കി ഞാൻ അയാളുടെ പിന്നാലെ നടന്നു. പിന്നീട് ഞാനെന്റെ അമ്മയെ കണ്ടിട്ടില്ല. ഇതൊക്കെ ഞാൻ പറയാതെ അങ്ങ് അറിയുന്നുണ്ടല്ലോ പ്രഭോ... അങ്ങയുടെ കണക്കെഴുത്തുകാർ എല്ലാം രേഖപ്പെടുത്തിയിരിക്കുമല്ലോ. അവർ ആയിരക്കണക്കിന് ഇത്തരം റിപ്പോർട്ടുകൾ മഷിയിലെഴുതിയിരിക്കും. ഞാനിത് രേഖപ്പെടുത്തുന്നത് ഹൃദയത്തിന്റെ മുനകൊണ്ടാണ്. അതിൽനിന്നൊഴുകുന്ന ചുവന്ന മഷികൊണ്ട്. ഇത്തരം റിപ്പോർട്ട് അങ്ങയുടെ മുന്നിൽ മുമ്പെങ്ങും എത്തിയിട്ടുണ്ടാവില്ല. ആ കണക്കെഴുത്തുകാർക്ക് എന്റേതുപോലൊരു ഹൃദയമില്ലല്ലോ.
ഒരിക്കൽപോലും അമ്മയെയോ ബാപ്പയെയോ ഇളയ കൂടപ്പിറപ്പിനെയോ പിന്നീട് കണ്ടിട്ടില്ല. പണവും കൊണ്ടല്ലാതെ വരുന്നത് അയാൾ വിലക്കി.
പ്രഭോ! ഞാനും അങ്ങയുടെ സൃഷ്ടിയല്ലേ! ഞാനെന്തു തെറ്റുചെയ്തു? എനിക്ക് ആശ്വാസം തരുന്ന ഒരു വാക്കെങ്കിലും അങ്ങയിൽനിന്ന് കിട്ടാത്തതെന്തുകൊണ്ടാണ്?
ഞാൻ വല്ലതും കഴിച്ചോ എന്ന ചോദ്യം ഒരിക്കൽപോലും അയാളിൽനിന്നുണ്ടായില്ല. ഉഴുതുമറിച്ചു. വിത്തുവിതച്ചു. ഞാനും ഒരു അമ്മയാവാൻ പോവുന്നെന്നറിഞ്ഞു.
പിന്നീട് ഞാൻ കേട്ടു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഇരുപതിനായിരത്തിന്റെ കെട്ടുമായി അമ്മ പുറപ്പെട്ടെന്ന്. പക്ഷേ എത്തിയില്ല. യാത്രയിൽ എന്തോ അപകടത്തിൽപ്പെട്ടു അമ്മ പോയി എന്നു കേട്ടു. പക്ഷേ അയാൾ അമ്മയുടെ ദേഹം ഒരു നോക്കു കാണാൻ പോവുന്നതിനനുവദിച്ചില്ല. ഞങ്ങളുടെ നഗരത്തിലുള്ള ആശുപത്രിയിലാണ് അമ്മയുടെ ദേഹം കീറിമുറിച്ചത്. അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നില്ലത്രെ. ആരെയോ കാണാൻ കൊതിച്ചെന്നപോലെ.
ഉമ്മയുടെ അരക്കെട്ടിലെ കെട്ടിൽനിന്ന് ഒരു പണക്കെട്ടെടുത്തു അയാളുടെ കൈയിൽ കൊടുത്ത് ബാപ്പ കെഞ്ചിയത്രെ. ‘‘അവളെ ഇപ്പോഴെങ്കിലും ഒന്നു കൊണ്ടുവരൂ.’’ അയാൾ പറഞ്ഞല്ല ഞാനറിഞ്ഞത്. അയാളെന്നെ ഒടുക്കമൊരു നോക്കുകാണാൻ കൊണ്ടുപോയില്ല.
എനിക്കൊരു പെൺകുഞ്ഞു പിറന്നു. അമ്മയുടെ മുഖത്തിന്റെ തനിപ്പകർപ്പ്, അതേ കണ്ണുകൾ, അമ്മയെ എനിക്ക് തിരിച്ചു കിട്ടിയപോലെ ഞാൻ സന്തോഷിച്ചു. ഈ വിലപ്പെട്ട നിധി എനിക്ക് തന്നതിന് ഞാനങ്ങയോട് നന്ദിയുള്ളവളാണ്. എല്ലാ കെടുതികളും മറക്കാനെനിക്ക് കരുത്തു തന്നതിനും.
എന്റെ ഓമനയുടെ മുലകുടി മാറും മുമ്പ് വീണ്ടും ഗർഭിണിയായപ്പോൾ എനിക്കും വല്ലാത്ത വിഷമം തോന്നി. അയാൾ കയർത്തു. ‘‘ഞാനാണു പോറ്റുന്നവൻ; നിനക്കെന്താണ് കഷ്ടപ്പാട്?’’ വയറ്റിൽ പേറുന്നതിന്റെയും ഈറ്റുനോവിന്റെയും അനുഭവമെന്തെന്ന് അയാൾക്ക് ബോധമുണ്ടാക്കിക്കൊടുക്കാൻ എന്താണു തുനിയാത്തത്.
പിറന്നത് ആൺ കുഞ്ഞായപ്പോൾ സന്തുഷ്ടനായി അയാൾ. കൂലിയില്ലാത്ത വേലക്കാരിയെന്ന ഭാര്യയായി, അടിമയായി ഞാൻ കഴിഞ്ഞു കൂടി.
എന്റെ അമ്മ എന്നെ അയച്ചതുപോലെ മോളെ കല്യാണം ചെയ്തു കൊടുത്തു ഞാനും സന്തോഷിക്കുമെന്ന കിനാവ് വെറുതെയായി. എന്റെ വയറ്റിലൊരു ട്യൂമറുണ്ടെന്ന് ആശുപത്രിയിൽ പരിശോധന കഴിഞ്ഞപ്പോൾ അറിയേണ്ടിവന്നു. അയാൾ കഠിനമായ കോപത്തോടെ എന്നെ നോക്കി. ഡോക്ടർമാരുടെ മുന്നിൽവെച്ച് അയാൾ ശകാരിച്ചില്ല. എന്റെ ശസ്ത്രക്രിയ കഴിഞ്ഞതിനു പിറകെ അയാൾ വന്നു. എന്റെ കഴുത്തിൽ കിടന്ന മാല വേണമെന്ന് പറഞ്ഞു. അമ്മ തനിക്കുണ്ടായിരുന്ന പണ്ടങ്ങളുരുക്കി എന്റെ കല്യാണമായപ്പോൾ അണിയിച്ച രണ്ടിഴ മാല. അമ്മയുടെ ഓർമക്കായി ഞാൻ അണിഞ്ഞിരുന്നത്. അതഴിച്ചുകൊടുക്കാൻ വയ്യ. ഞാൻ ചോദിച്ചു, ‘‘എന്തിനാണ്’’ ജീവിതത്തിലാദ്യമായി ഒരു ചോദ്യം ചോദിക്കാൻ തുനിഞ്ഞതന്നാണ്.
ഒരു ചൂളലുമില്ലാതെ അയാൾ പറഞ്ഞു, ‘‘ഞാൻ വീണ്ടും കല്യാണം കഴിക്കുന്നു. പുതുപ്പെണ്ണിന് കൊടുക്കാനാണ്.’’ എന്റെ തലകറങ്ങി. ഗ്ലൂക്കോസിന്റെ ഡ്രിപ് എടുത്തുമാറ്റി ഓടിപ്പോയാലോ! എങ്ങോട്ടോടാൻ? കുഞ്ഞുങ്ങൾക്കെന്തുപറ്റും! ഞാൻ ആ മാല ഇടത്തെ കൈ കൊണ്ടമർത്തിപ്പിടിച്ചു. ‘‘ഇതു ഞാൻ തരില്ല.’’ അയാൾ വെറുപ്പോടെ നോക്കി. ‘‘ഓഹോ! നിന്റെ മാല തന്നില്ലെങ്കിൽ എന്റെ കല്യാണം നടക്കില്ലെന്നാണോ.’’ ഞാൻ പേടിച്ചുകൊണ്ട് ചോദിച്ചു. ‘‘എന്തിനാണിപ്പോൾ വീണ്ടും കല്യാണം.’’ ‘‘ഞാൻ ഇനി അതിനൊരു വിശദീകരണംകൂടി തരണമോ? എന്നാൽ കേൾക്ക്. നിന്നെപ്പോലൊരു ഇരപ്പാളിച്ചിയോടു കൂടി എന്റെ ജീവിതം തുലക്കില്ല. ഒരു രോഗിയെ പോറ്റാനോ! ഞാൻ നല്ല കുടുംബത്തിൽനിന്നൊരുവളെ നിക്കാഹ് ചെയ്യുന്നു.’’
എനിക്ക് എന്തും സഹിക്കാനുള്ള കരുത്ത് പ്രഭോ! അങ്ങു തന്നു. പക്ഷേ ഇത്രയേറെ ക്രൂരത അയാൾക്ക് കൊടുത്തതെന്താണ്! ഇനിയും കേൾക്കണോ? ‘‘എന്തു സുഖമാണ് നീയെനിക്ക് തന്നിട്ടുള്ളത്? ഒരു ശവംപോലെ കിടന്ന നീ.’’ എനിക്ക് മിണ്ടാൻ ആവതില്ലാതായി. ഒരായിരം ചോദ്യങ്ങൾ പത്തിവിടർത്തി. ഞാനൊരു രോഗിണി. ഇയാൾക്ക് ഒന്നല്ല നാലു കല്യാണം ചെയ്യാം. ഞാൻ കേസു കൊടുത്താൽ വല്ലതുമൊരു തീരുമാനമുണ്ടാവാൻ നാലഞ്ചു കൊല്ലം പിടിക്കും. അതുവരെ വല്ല കൂലിപ്പണിയും ചെയ്തു നാൾപോക്കാനെനിക്കാവുമോ? അയാൾ ചെയ്യുന്നതൊക്കെ നിയമം അനുവദിക്കുന്നു. അങ്ങാണ് എന്തിനും അനുവാദം കൊടുത്തതെന്ന് അവർ പറയുന്നു. ഹേ പ്രഭോ, എന്നെ ഇങ്ങനെ കൊള്ളരുതാത്തവളാക്കി സൃഷ്ടിച്ചുവിട്ടത് അങ്ങല്ലെ!
പിന്നീടയാൾ ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിൽനിന്ന് എനിക്ക് കിട്ടിയ ഭക്ഷണംകൊണ്ട് ഞങ്ങൾ കഴിഞ്ഞുകൂടി. അതും നിന്നു. എനിക്ക് അവിടെ നിന്നിറങ്ങാറായി. കുഞ്ഞുങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു. അവിടെ ആരുമില്ല. വീട് പൂട്ടിയിട്ടിരിക്കുന്നു. അയൽക്കാർ ഒന്നെത്തിനോക്കി പിന്മാറി. വിശന്നിട്ടും കുട്ടികൾ കരഞ്ഞില്ല. പകലൊടുങ്ങി. രാവെത്തി. ഞാൻ ഒരേയിരുപ്പിരുന്നു. ഇരുട്ടു പരന്നു. തരിച്ച കാലു നീട്ടിക്കിടന്നു. പാതിയുറക്കത്തിൽ ഒരു നിലവിളികേട്ട് ഞാനുണർന്നു നോക്കിയപ്പോൾ ഞാനടക്കിപ്പിടിച്ചിരുന്ന മോൻ കീഴേക്ക് വീണിരിക്കുന്നു.
ഞാൻ ചാടി അവനെ ചെളിയിൽനിന്നെത്തു. അന്നേരത്ത് ഒരു ടെമ്പോ അവിടെ എത്തി. ഘോഷംകൂടി ആളുകളിറങ്ങുന്നു. പിൻസീറ്റിൽനിന്ന് അയാൾ ചെംപട്ടുടുത്ത ഒരുവളെ കൈപിടിച്ചിറക്കുന്നു. അയാൾ വീടു തുറന്ന് അവളെ അകത്തേക്ക് നയിച്ചു. മോൻ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ കണ്ണു തള്ളി നോക്കിക്കൊണ്ടിരുന്നു. ചെമ്മഷി നിറച്ച എന്റെ ഹൃദയത്തിന്റെ മുനപൊട്ടി. എന്റെ ചുണ്ടനങ്ങിയില്ല. ഇനി ഒരപേക്ഷയും എഴുതാനാവില്ല. ആണുങ്ങളെയും പെണ്ണുങ്ങളെയും ഇനിയും ലോകത്തേക്ക് ഉണ്ടാക്കിവിടുമ്പോൾ, ഒരു കഴിവറ്റ കുശവൻ കലങ്ങളെയുണ്ടാക്കും പോലെയാകരുതേ പ്രഭോ! അങ്ങ് ഒരു പെണ്ണായി ഇങ്ങോട്ടെത്തണേ– ഒരൊറ്റത്തവണ പെണ്ണായി പിറക്കുമോ പ്രഭോ!

പെണ്ണായിപ്പിറന്നു എന്നതുകൊണ്ടുമാത്രം ഒരു മനുഷ്യജീവിക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകളും ദുരിതങ്ങളും ന്യായമാണ് എന്ന് അവളെ സൃഷ്ടിച്ചവൻ വിശ്വസിക്കുന്നുണ്ടാവുമോ? ഈ ചോദ്യം ആണിനോട് ചോദിച്ചിട്ട് ഫലമില്ല. ഉത്തരമായി ഒരു ആട്ടു കിട്ടും. അതുകൊണ്ട് സുഖങ്ങളെല്ലാം ആണിനും ദുഃഖങ്ങളും വേദനകളുമെല്ലാം പെണ്ണിനും പകുത്തുനൽകിയ സ്രഷ്ടാവിനോട് തന്നെ ചോദിക്കുന്നു. ഉത്തരമില്ല. സ്രഷ്ടാവ് മൗനത്തിൽ.
രണ്ടു പിഞ്ചു പൈതങ്ങളെയും കൊണ്ട് രോഗിണിയായ പെറ്റ തള്ള തെരുവാധാരമായി ഇറങ്ങേണ്ടി വരുന്ന ചിത്രം തീനാളങ്ങൾകൊണ്ടാണ് കഥാകൃത്ത് വരഞ്ഞിരിക്കുന്നത്. കുറ്റവാളി സ്രഷ്ടാവല്ല. മതനിയമങ്ങൾ പുരുഷന്റെ ക്രൂരതയെ അനുവദിക്കുന്നുവെന്നു തെറ്റായി വ്യാഖ്യാനിക്കുന്നവരാണെന്നെല്ലാവർക്കുമറിയാം. കഥാപാത്രത്തിന്റെ ചോദ്യം കഥാകൃത്തിന്റേതാണ്. അത് സ്രഷ്ടാവിനോടുള്ളതല്ല. മതനിയമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്ന മതസംരക്ഷകരോടുള്ളതാണ്. അത് അവരുടെ ബധിര കർണങ്ങളിൽ പതിക്കും. അന്തരംഗത്തിൽ ഒരു ചലനവുമുണ്ടാവില്ല. ദുരന്ത തരംഗങ്ങൾ അന്തരീക്ഷത്തിൽ വീശിയടിച്ചുകൊണ്ടിരിക്കും.
പുരുഷന്മാർക്ക് അനുഭവിക്കേണ്ടതില്ലാത്ത വേദനകൾ സ്ത്രീകൾക്കായി നീക്കിവെച്ച ഉടയതമ്പുരാനെത്തന്നെയാണ് കഥയിൽ അഭിസംബോധന ചെയ്യുന്നത്. അതികഠിനമായുള്ള പ്രസവവേദന –എല്ലുപൊളിയുന്നത് അറിയേണ്ടിവരുന്നത് മനുഷ്യസ്ത്രീകൾക്ക് മാത്രമാണ്. നാൽക്കാലികൾക്കുപോലും ഇല്ലാത്ത വേദന. സ്രഷ്ടാവ് ഒരു പുരുഷ പാതിയാണെന്ന ആരോപണം അടിസ്ഥാനരഹിതമല്ല തന്നെ –ചില മഹാന്മാരായ പുത്രന്മാർ അതു തിരിച്ചറിഞ്ഞിട്ടുണ്ട്. ശങ്കരാചാര്യരെപ്പോലെ. പക്ഷേ, അതു വിഭാവനം ചെയ്യാൻ സാമാന്യേന മക്കൾക്ക് പോലും കഴിയാറില്ല. ഭർത്താക്കന്മാർക്കും ആ ചിന്തയില്ല. ‘‘ഞാനല്ലേ അവരെ പോറ്റുന്നത്. നിനക്ക് അവരെ കുറച്ചുനാൾ വയറ്റിൽ പോറ്റുന്നതിന്നെന്താണിത്രപാട്’’ എന്ന നിഷ്ഠുരമായ ചോദ്യം പെണ്ണിന്റെ മുഖത്തേക്കെറിയുന്നു.
പുരുഷൻ സ്ത്രീയെ ‘ഇന്ദ്രിയാർഥം’ മാത്രമായിക്കാണുന്നു. തനിക്ക് ഇന്ദ്രിയസുഖം നൽകാനുള്ള ഒരു വെറും ഉപകരണം. കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള ഒരു യന്ത്രം. വേദനകളെല്ലാം സ്ത്രീകൾക്കും സുഖങ്ങളെല്ലാം പുരുഷന്മാർക്കുമായി പകുത്തുവെച്ച തമ്പുരാനോടല്ലാതെ ആരോടാണ് ഇതിന്റെ നീതികേടിനെപ്പറ്റി ആവലാതി പറയുക! വേദനകൾ കൊടുത്തില്ലെങ്കിലും വേദനകളെല്ലാം അനുഭവിക്കുന്നവളോടു സ്നേഹവും കരുണയുമുള്ള ഒരു മനസ്സ് പുരുഷനു കൊടുക്കാൻ തമ്പുരാന് കഴിയുമായിരുന്നില്ലേ? ഈ ചോദ്യമാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കിയതിനുശേഷം അവരെയും തള്ളയെയും ഇട്ടേച്ചുപോയി, സുഖം നേടാൻ മറ്റൊരുപകരണത്തെ അനായാസമായി കൈക്കൊള്ളുന്ന ആണൊരുത്തനെന്ന ചങ്കൂറ്റമുള്ള ഒരുവനോട് ചോദിക്കാൻ കഴിയാതെ അശരണയായ സ്ത്രീ അയാളെ സൃഷ്ടിച്ചവനോട് ചോദിക്കുന്നത്. അവനു കീഴടങ്ങി, അവൻ പറയുന്നത് ദൈവവചനമായിക്കരുതി എതിരായി ഒരു വാക്കും പറയാതെ അടങ്ങണം എന്നാണ് പെറ്റ തള്ളമാർ പെൺമക്കൾക്ക് കൊടുക്കുന്ന ഉപദേശവും.
എല്ലാ പുരുഷന്മാരും കഥയിലെ പേരില്ലാപ്പെണ്ണിന്റെ കെട്ടിയവനെപോലെ നിഷ്ഠുരരല്ലാ എന്നും സ്നേഹിക്കാനും രക്ഷിക്കാനും കഴിവുള്ള ആണുങ്ങൾ ലോകത്തുണ്ട് എന്നുമുള്ള യാഥാർഥ്യം നമുക്കറിയാം. എങ്കിലും കഥയിലെ പുരുഷനെ പോലുള്ളവർ ജേതാക്കളായി ഞെളിഞ്ഞു നടക്കുന്നുണ്ട് എന്നതു മറ്റൊരു യാഥാർഥ്യം. അതിനെതിരെ കണ്ണീരുകൊണ്ടും ഹൃദയരക്തം കൊണ്ടും എഴുതിയ ഒരു മഹത്തായ കഥയാണിത്.
