അനന്തഭൂമികയുടെ വിശാലതകൾ തേടി

അർജന്റീനിയൻ എഴുത്തുകാരൻ എഡ്വാർദൊ ബെർട്ടിയുടെ (Eduardo Berti) ‘സാങ്കൽപികമായ ഭൂമിക’ (The Imagined Land) എന്ന നോവൽ വായിക്കുന്നു. സമകാലിക അർജന്റീനിയൻ (ലാറ്റിനമേരിക്കൻ) സാഹിത്യത്തിലെ തിളക്കമാർന്ന സാന്നിധ്യമാണ് ഔലിപ്യൻ എഡ്വാർദൊ ബെർട്ടി (Oulipian Eduardo Berti). 1964ൽ അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ ജനിച്ച ബെർട്ടിക്ക് 2014ൽ അവിടത്തെ മഹത്തായ, ഏറെ സ്വാധീനംചെലുത്താൻ കഴിയുന്ന ഔലിപൊ കൂട്ടായ്മയിൽ അംഗമാകാനും കഴിഞ്ഞു. വെനിസ്വേലയിലെ പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന റോമുലൊ ഗല്ലിഗോസിന്റെ പേരിലുള്ള സാഹിത്യപുരസ്കാരം നേടാൻ ബെർട്ടിക്ക് കഴിഞ്ഞതോടെ പരിഭാഷകളിലൂടെ ലോക സാഹിത്യത്തിലും അദ്ദേഹം അറിയപ്പെട്ടു. ബെർട്ടിയുടെ രണ്ട് പ്രധാന...
Your Subscription Supports Independent Journalism
View Plansഅർജന്റീനിയൻ എഴുത്തുകാരൻ എഡ്വാർദൊ ബെർട്ടിയുടെ (Eduardo Berti) ‘സാങ്കൽപികമായ ഭൂമിക’ (The Imagined Land) എന്ന നോവൽ വായിക്കുന്നു.
സമകാലിക അർജന്റീനിയൻ (ലാറ്റിനമേരിക്കൻ) സാഹിത്യത്തിലെ തിളക്കമാർന്ന സാന്നിധ്യമാണ് ഔലിപ്യൻ എഡ്വാർദൊ ബെർട്ടി (Oulipian Eduardo Berti). 1964ൽ അർജന്റീനയിലെ ബ്വേനസ് എയ്റിസിൽ ജനിച്ച ബെർട്ടിക്ക് 2014ൽ അവിടത്തെ മഹത്തായ, ഏറെ സ്വാധീനംചെലുത്താൻ കഴിയുന്ന ഔലിപൊ കൂട്ടായ്മയിൽ അംഗമാകാനും കഴിഞ്ഞു. വെനിസ്വേലയിലെ പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന റോമുലൊ ഗല്ലിഗോസിന്റെ പേരിലുള്ള സാഹിത്യപുരസ്കാരം നേടാൻ ബെർട്ടിക്ക് കഴിഞ്ഞതോടെ പരിഭാഷകളിലൂടെ ലോക സാഹിത്യത്തിലും അദ്ദേഹം അറിയപ്പെട്ടു. ബെർട്ടിയുടെ രണ്ട് പ്രധാന രചനകളായി വിലയിരുത്തപ്പെടുന്നത് ‘അഖ്വ’യും (Aqua) ‘സാങ്കൽപിക ഭൂമിക’യും (The Imagined Land) ആണ്. 1996ൽ അദ്ദേഹം പാരിസിലേക്ക് വരുകയും അവിടെ സാംസ്കാരിക പത്രപ്രവർത്തകനായും സ്ക്രിപ്റ്റ് റൈറ്ററായും സേവനമനുഷ്ഠിക്കുകയും ചെയ്തു. ഫ്രഞ്ച് എഴുത്തുകാരൻ ഫ്ലോബറിന്റെ രചനകളടക്കം പരിഭാഷപ്പെടുത്തിയതിലൂടെ ആ രംഗത്തും ശ്രദ്ധേയനായി.
ഇവിടെ വിശകലനം ചെയ്യുന്ന ‘സാങ്കൽപിക ഭൂമിക’ വായിക്കാനായത് ഈ ലേഖകനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമാണ്. ഒരു അലൗകിക പ്രണയകഥ (Eternal Love story) പ്രമേയമായിവരുന്ന ഈ നോവലിൽ ഒരു ചെറുപ്പക്കാരിയുടെ കണ്ണുകളിലൂടെ വിപ്ലവത്തിനു മുമ്പുള്ള ചൈനയുടെ അത്ഭുതകരമായ ദൃശ്യമാണ് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ബെർട്ടിയുടെ സാഹിത്യജീവിതത്തിലെ ഏറ്റവും മികച്ച രചനയായിട്ടാണതിനെ നിരൂപകർ വിലയിരുത്തുന്നത്. പ്രശസ്ത പരിഭാഷകയായ ചാർലോട്ടി കുംബെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ഈ നോവലിന്റെ പ്രസാധകർ അമേരിക്കയിലെ ഡീപ് വെല്ലമാണ് (Deep Vellum publishing).
ഈ നോവലിലെ പ്രധാനകഥാപാത്രമായ 14 വയസ്സുകാരി ലിങ് അവൾ കണ്ടതിലും ഏറ്റവും സുന്ദരിയായ സിയാവോമിയെ കാണുന്നതോടെ പെട്ടെന്നുതന്നെ നിസ്സഹായമായ ഒരവസ്ഥയിൽ വശീകരിക്കപ്പെട്ടുപോവുന്നു. നോവലിസ്റ്റായ ബെർട്ടിക്കും തന്റെ ഭൂമികകളെക്കുറിച്ച് ഏറെ പറയാനുണ്ട്. ഒരഭിമുഖത്തിൽ അദ്ദേഹമതിനെക്കുറിച്ച് വിശദമായി സംവേദിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ ഭൂമിക റുമേനിയയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജനിച്ചതും അവിടെയാണ്. ബ്വേനസ് എയ്റിസ് നഗരത്തിലെ ബാല്യകാലത്ത് പിതാവ് സ്വന്തം ജന്മനാടായ റുമേനിയ സംവാദങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. പക്ഷേ ബെർട്ടി തന്റെ വിഭാവനകളിലൂടെ പിതാവിന്റെ നിശ്ശബ്ദതകൾക്കുള്ളിൽ സ്വകാര്യമായ ഇടം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ശരിക്ക് അന്യോന്യമറിയപ്പെടാതെയുള്ള ഒരു സഞ്ചാരത്തിനുള്ളിൽ അത് പുതിയ അനുഭവങ്ങൾ പങ്കുവെച്ചുകൊടുത്തു. രണ്ടാമതായി വരുന്ന ഭൂമിക ബ്വേനസ് എയ്റിസ് നഗരത്തിന്റെ ബാഹ്യതലങ്ങളിലുള്ള തരിശുഭൂമിയുടെ രൂപത്തിലാണ് നിലനിന്നിരുന്നത്.
അവിടെ അദ്ദേഹത്തെപ്പോലെ തന്നെയുള്ള 12 വയസ്സ് മാത്രമുള്ള സുഹൃത്തുക്കൾ ഒരു പതാക ഉയർത്തുന്നതായി സങ്കൽപിക്കുകയാണ്. അത് പ്രതീകമായിവരുന്നത് അർജന്റീനിയൻ റിപ്പബ്ലിക്കിൽനിന്നുള്ള സ്വാതന്ത്ര്യമായിട്ടാണ്. പക്ഷേ, ഇങ്ങനെയുള്ള വളരെ വിനയപൂർവമായ ഒരു വിപ്ലവത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നുമില്ല എന്ന യാഥാർഥ്യം നിലനിൽക്കുകയും ചെയ്യുന്നു.
പിന്നീടാണ് അദ്ദേഹത്തിന്റേതായ ഒരു മൂന്നാം സാങ്കൽപിക ഭൂമിക ശരിക്കും കടന്നുവരുന്നത്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ ബെർട്ടിയുടെ ആദ്യ നോവലായ ‘അഖ്വ’യെക്കുറിച്ച് അറിഞ്ഞിരിക്കണം. ബെർട്ടിയുടെ 30ാം വയസ്സിലാണിത് പ്രസിദ്ധീകരിക്കപ്പെടുന്നത്. നോവലിൽ പൂർണമായും യഥാർഥമായ ഒരു ഭൂമികയായിട്ട് വിഭാവനം ചെയ്യപ്പെടുന്നത്. അതേസമയം, അത് പൂർണമായും സാങ്കൽപികമാണ്. നോവലിലെ കഥ സംഭവിക്കുന്നത് പോർചുഗലിലാണ്. ലിസ്ബൺ നഗരവും ഇതിൽ രംഗമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മറ്റുള്ളവ സംഭവിക്കുന്നത് ബെർട്ടി സ്വന്തമായി വിഭാവനംചെയ്ത നഗരത്തിൽ വെച്ചാണ്. ഈ നഗരം ഒരുപേക്ഷ ബെർട്ടിയുടെ സ്വന്തം ഭൂമികയിലുള്ള ഒന്നുതന്നെയായിരിക്കണം. നോവലിൽ ഇത് അറിയപ്പെടുന്നത് വിലാ നാറ്റൽ എന്ന പേരിലാണ്. അവയെക്കുറിച്ച് കൂടുതലായി ചിന്തിക്കാനോ അവതരിപ്പിക്കാനോ അദ്ദേഹം തയാറാകുന്നുമില്ല. പാരിസിലും മഡ്രിഡിലും ജീവിച്ചിരുന്നു. ഫ്രാൻസിന്റെ തെക്കുഭാഗത്തുള്ള ഒരിടമാണിത്. ഒരു യഥാർഥഭൂമികയെക്കുറിച്ചോ സൃഷ്ടിക്കപ്പെട്ട ഒരു ഭൂമികയെക്കുറിച്ചോ ശരിക്കുള്ള അറിവും ബെർട്ടിക്കുണ്ടായിരുന്നില്ല. അതിരുകൾ കൂടുതൽ നിർണയിക്കപ്പെടാതെ അവിടെ വിട്ടുനിൽക്കുകയായിരുന്നു.
ശരിക്കും അവിശ്വസനീയമായ അവസ്ഥയായിരുന്നു ഇത്. ഇവിടെ നമുക്ക് ഒരു സാങ്കൽപിക ഭൂമികക്കുള്ളിലെ സാങ്കൽപിക രാജ്യത്തിലേക്ക് കടന്നുചെല്ലാമെന്നാണ് ബെർട്ടി നമ്മെ ഓർമിപ്പിക്കുന്നത്. അത് ഒരു നോവലിൽ പ്രത്യക്ഷമാകുന്ന യഥാർഥത്തിൽ ചൈനയിലുള്ള ഒന്നായിവിടെ സമന്വയിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ ഒരേയൊരു വ്യത്യാസമായിട്ടുള്ളത് പാശ്ചാത്യരുടെ കാഴ്ചപ്പാടിലുള്ള ഒരു ചൈനയാണെന്ന് മാത്രം. അത് സൃഷ്ടിക്കപ്പെട്ടിരുന്നതും ഇതിനുള്ളിൽ തന്നെയാണ് വേറിട്ടൊരു ലോകമോ ഭൂമികയോ ഒക്കെയായിട്ടാണിത് നോവലിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
2004ലാണ് ഈ യാഥാർഥത്തിലുള്ള ചൈനയുമായി അദ്ദേഹം അടുത്ത് ബന്ധപ്പെടുന്നത്. ബെയ്ജിങ്ങിലേക്കും ഷാങ്ഹായിയിലേക്കും ബെർട്ടി യാത്ര നടത്തിയിരുന്നു. ഇതിന്റെ അനന്തരഫലമായി നിയോഗങ്ങളുടേതായ നിരവധി മാറ്റങ്ങൾ സംഭവിച്ചു. ജപ്പാനിലേക്കുള്ള യാത്ര മാറ്റിവെച്ചാണ് ചൈനയെ അവർ തിരഞ്ഞെടുത്തത്.
ചൈന പ്രത്യക്ഷമായും വേറിട്ടൊരു ദൃശ്യാനുഭവമായിട്ടാണ് ബെർട്ടിയുടെ വിഭാവനങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ഫിക്ഷനിലെപോലെ യാഥാർഥ്യമെന്ന് തോന്നിക്കുന്ന ആശയങ്ങളുടെ മുഖ്യസ്രോതസ്സായ ചൈന രൂപാന്തരപ്പെടുകയായിരുന്നു. അവിടേക്കുള്ള ആദ്യ യാത്രക്ക് മുമ്പുതന്നെ ഇങ്ങനെയൊരു നോവൽ ബെർട്ടിയുടെ മനസ്സിലും ചിന്തകളിലുമുണ്ടായിരുന്നു. പക്ഷേ, എഴുതിത്തുടങ്ങിയത് ആദ്യത്തെ യാത്ര പങ്കുവെച്ച പ്രതിഫലനങ്ങൾക്കുള്ളിൽനിന്നുകൊണ്ടായിരുന്നു.
ഇതുസംബന്ധിച്ച് പൂർത്തിയാക്കിയ വായനകളും നോവലിസ്റ്റിനെ വല്ലാതെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തു. അവിടത്തെ കടങ്കഥകൾ സമ്മാനിച്ച അനുഭവങ്ങളും പുതിയ നോവൽ രചനയെ നന്നായി പിന്തുണച്ചു. ചൈനീസ് ക്ലാസിക് നോവലുകളിലെ പശ്ചാത്തലവും ഭൂ ദൃശ്യങ്ങളും കഥാപാത്രങ്ങളും വളരെ സൂക്ഷ്മമായ രീതിയിൽ ഒപ്പം ചേർന്നു. ഇരുപതാം നൂറ്റാണ്ടിലെ നോവലിസ്റ്റുകളും അവരുടെ പ്രതിഭയുടെ പ്രതീകമായ രചനകളും വഹിച്ച പങ്കിനെക്കുറിച്ച് ബെർട്ടി സൂചിപ്പിക്കുന്നുമുണ്ട്.
ചൈനീസ് അന്ധവിശ്വാസങ്ങളുടെ സങ്കീർണമായ ഇരുട്ടിനുള്ളിലും പ്രകാശം കണ്ടെത്താൻ ബെർട്ടിക്ക് കഴിഞ്ഞത് മറക്കാൻ കഴിയില്ല. അതിലെ പൈശാചിക വിവാഹമുഹൂർത്തങ്ങൾക്കുള്ളിൽപോലും ബെർട്ടി പുതിയ പാതകൾ തുറന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും തമ്മിൽ നടന്ന വൈവാഹിക ബന്ധത്തിന്റെ തലങ്ങൾ നോവലിസ്റ്റിന് പുതിയ അറിവിന്റെ സാധ്യതകൾ പങ്കുവെച്ചു. വൈകാരികമായ തലത്തിൽനിന്നുകൊണ്ടുള്ള ഒരു ആഖ്യാനത്തിനാണ് ബെർട്ടി പ്രാധാന്യം കൊടുത്തത്. അതിനുള്ളിലേക്ക് ആഴത്തിലിറങ്ങി കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവ് പകർന്നുകൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ മുൻകാല രചനകളിൽനിന്നും വേറിട്ട ഒരനുഭവമായത് രൂപാന്തരപ്പെട്ടതിനെക്കുറിച്ച് നോവലിസ്റ്റ് സൂചിപ്പിക്കുന്നുമുണ്ട്.
കൗമാരപ്രായക്കാരികളായ കഥാപാത്രങ്ങൾക്കിടയിലെ ബന്ധങ്ങൾക്കും വല്ലാത്ത പ്രത്യേകതകളുണ്ടായിരുന്നു. ശാരീരികമായ ആകർഷണവും സ്നേഹത്തിന്റെ തീവ്രതക്ക് മൊത്തത്തിലൊരു തിരിച്ചറിവുണ്ടാക്കിക്കൊടുത്തു. ഒരെഴുത്തുകാരനെന്ന നിലയിൽ പ്രത്യേകിച്ചൊരു നാമം നൽകാനാവാത്ത വസ്തുതകളെയാണദ്ദേഹം നേരിട്ടത്. അവർണനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നിനെയാണ് ബെർട്ടിക്ക് നേരിടേണ്ടിവന്നിരുന്നത്. ചൈനയിലെ ഭൂമികയുടെ യഥാർഥനാമങ്ങൾപോലും അതെപോലെ ആവിഷ്കരിക്കാനാണദ്ദേഹം തയാറായത്.

ഈ നോവലിലെ ആഖ്യാതാവായി വരുന്ന പതിനാല് വയസ്സുകാരി പെൺകുട്ടി (അവരുടെ ശരിക്കുള്ള നാമം നോവലിൽ പ്രതിപാദിക്കുന്നില്ല) അവളുടെ അടുത്ത സുഹൃത്തായ സിയാബാമി അവൾക്കായി കൊടുത്ത പേരാണ് സ്വീകരിക്കുന്നത്. അവൾ ‘ലിങ്’ എന്ന നാമം അങ്ങനെ സ്വീകരിക്കുകയാണ്. ഇത് ശരിക്കും ഒരു തെറ്റിദ്ധാരണയാണ്. പക്ഷേ, ലിങ്ങിന്റെ യഥാർഥ പേരെന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ട് ഒരു പ്രാധാന്യവുമില്ല. പക്ഷേ, അവിടെയും നോവലിസ്റ്റ് വൈകാരികമായ തലങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. വാക്കുകൾകൊണ്ട് സ്വരൂപിച്ചെടുക്കുന്ന വരികൾക്കുള്ളിലെ താളമാണ് എഴുത്തിനെ സജീവമാക്കി നിർത്തുന്നത്.
ആഖ്യാതാവ് സ്വപ്നത്തിൽ തന്റെ മരിച്ചുപോയ പിതാമഹിയെ കണ്ടുമുട്ടുന്ന രംഗം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ഇവിടെ ഈ അധ്യായങ്ങൾ ആഖ്യാതാവ് പറയുന്നതായി രൂപപ്പെടുത്തിയിട്ടുമില്ല സ്വപ്നത്തിൽ കടന്നുവരുന്ന വ്യക്തിയുടെ രൂപമാണ് വേറിട്ടിവിടെ നിൽക്കുന്നത്. എന്നിരുന്നാലും പൂർണമായ ആശയസമ്പന്നത ഇതിനെക്കുറിച്ച് നോവലിലുണ്ട്. സ്വപ്നത്തിൽ കടന്നുവരുന്ന വ്യക്തിയുടെ വിശകലനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അവർക്കുമാത്രമേ സ്വപ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നിലനിർത്താനും കഴിയൂ.
നോവലിന്റെ ആദ്യരൂപം പൂർത്തീകരിക്കപ്പെട്ടുകഴിഞ്ഞപ്പോൾ ഒരു ചൈനീസ് വംശജനായ ആത്മസുഹൃത്തിനോട് ബെർട്ടി വിവരങ്ങൾ പറയുന്നു. മഡ്രിഡിൽതന്നെ താമസിച്ചിരുന്ന അയാൾക്ക് നൽകാൻ കഴിയുന്ന ഒരു വലിയ കാര്യത്തെക്കുറിച്ച് തുടർച്ചയായ പത്ത് പ്രഭാതങ്ങളിൽ അവർ തമ്മിൽ ഒരു ശാന്തമായ കഫെയിൽവെച്ച് കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യുന്നു. അവിടെ ഒത്തുചേർന്ന് പൂർത്തിയാക്കിയ നോവൽ ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കുന്നു. അതിനുള്ള അവരുടെ സമ്മതമാണ് ബെർട്ടി ആഗ്രഹിച്ചത്. അവസാനം അവർ പൂർത്തിയാക്കിയതും ഇതുതന്നെയായിരുന്നു. മഡ്രിഡിൽ ഇങ്ങനെ പ്രശാന്തമായ ഒരിടം ലഭിക്കുമോ എന്നുള്ളത് വേറിട്ടൊരു കാര്യംതന്നെയായിരുന്നു. സുഹൃത്തായിരുന്ന സ്ത്രീ ഇത് കേൾക്കുകയും അവരുടെ അഭിപ്രായം പറയുകയും ചെയ്തു. ചൈനീസ് വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ അവരത് തുറന്നുതന്നെ പറയണമെന്നാണ് ബെർട്ടി ആഗ്രഹിച്ചത്. 1930കളിലെ ചൈനയിൽ നടക്കുന്ന കഥ തന്റെ ചൈനീസ് സുഹൃത്തിന് വിശ്വസനീയമാക്കണമെന്നും ബെർട്ടിക്ക് നിർബന്ധമുണ്ടായിരുന്നു.
കാലം കുറേ പിന്നിട്ടിരിക്കുന്നു. നോവലിന്റെ ഘടനയും ആഖ്യാനവും ഈയൊരു നിർണയത്തിൽ വളരെ പ്രാധാന്യമർഹിക്കുകയും ചെയ്തിരുന്നു. ഭാഷയുടെ സൗന്ദര്യാത്മകതയിൽ ഒപ്പംചേർന്നുനിൽക്കുന്ന ഒരു രചന കാലത്തിനിപ്പുറവും കേൾവിക്കാരന് യാഥാർഥ്യമായ ഒരിടം പങ്കുവെച്ചുകൊടുക്കുന്നത് ആർക്കാണ് തടയാനാവുക. ആഖ്യാനത്തിൽ ചൈനയുടെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻവേണ്ടി ബെർട്ടി ബോധപൂർവം മാറ്റങ്ങൾ വരുത്തി. ഒരു സാംസ്കാരികതയിൽനിന്നും മറ്റൊന്നിലേക്ക് പറിച്ചുനടുമ്പോൾ ഭാഷക്കുള്ളിലെ സാഹിത്യപരമായ അനുബന്ധങ്ങൾക്കും മാറ്റംവരുത്തേണ്ടതായി വരും. ഈ മാറ്റങ്ങൾ നോവലിന്റെ വികാസത്തിന് കൂടുതൽ സാധ്യത തുറന്നുകൊടുക്കും. സാർവലൗകികമായ ദർശനങ്ങൾ കൊടുക്കുമ്പോഴാണ് നോവലും ഒന്നുകൂടി നന്നായി സാർവലൗകികമാവുന്നത്.
ആഖ്യാതാവായ ലിങ്ങിന്റെ പ്രായം ശരിക്കും ഈ ലോകത്തെ ഏറ്റവും പുതിയ ദർശനത്തോടെ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണെന്നുള്ള വീക്ഷണം വായനക്കാരായ നമുക്കും ഉണ്ടായിരിക്കണം. ഇതിലൂടെ അവർ പുതിയ പുതിയ അറിവുകളുടെ മഹാപ്രവാഹത്തിനുള്ളിൽ തന്നെയായിരിക്കും. അറിയുന്നതും അറിയപ്പെടാത്തതുമായ നിരവധി ആശയങ്ങൾക്കുള്ളിൽ ഒരു പരിധിവരെ നമ്മൾ തരിച്ചുനിൽക്കും. നോവലിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്.
ഒരു സാങ്കൽപികമായ ഭൂമികയെന്ന വീക്ഷണം ചൈനക്കു മാത്രം അധികരിച്ചുപറയാൻ കഴിയുന്ന ഒന്നാണ്. എഡ്വാർദൊ ബെർട്ടി പുതിയ കാലത്തിന്റെ ചുവടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരെഴുത്തുകാരനാണ്. പുതിയ വായനയുടെ പുതിയ വഴികളിൽ ബെർട്ടിയെപ്പോലുള്ള ഒരു പ്രതിഭയെ വരവേൽക്കാൻ നാം ഗൗരവമായി ശ്രമിക്കേണ്ടിയിരിക്കുന്നു.
