അഷ്ടകാന്തം:ബാനുവിന്റെ കഥാലോകം

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. യൂസഫ് രാവിലെ ഏഴിന് വീട്ടിൽനിന്ന് പ്രാതൽപോലും കഴിക്കാതെ ഇറങ്ങും. ഉച്ചഭക്ഷണത്തിനേ പിന്നെ തിരിച്ചെത്തൂ. അത്താഴം അമ്മയുടെ കൂടെയാണ്. അമ്മയുടെ വാസം അകലെയൊന്നുമല്ല. ഒരേ കെട്ടിടത്തിന്റെ ഒരുഭാഗത്ത് അമ്മയും മറുഭാഗത്ത് താനും ഭാര്യയും താമസിക്കുന്നു; വലത്തും എടത്തും. അമ്മ ചെറുപ്പത്തിലേ വിധവയായി. വളരെ പാടുപെട്ടാണ് മകനെ...
Your Subscription Supports Independent Journalism
View Plansഅന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.
യൂസഫ് രാവിലെ ഏഴിന് വീട്ടിൽനിന്ന് പ്രാതൽപോലും കഴിക്കാതെ ഇറങ്ങും. ഉച്ചഭക്ഷണത്തിനേ പിന്നെ തിരിച്ചെത്തൂ. അത്താഴം അമ്മയുടെ കൂടെയാണ്. അമ്മയുടെ വാസം അകലെയൊന്നുമല്ല. ഒരേ കെട്ടിടത്തിന്റെ ഒരുഭാഗത്ത് അമ്മയും മറുഭാഗത്ത് താനും ഭാര്യയും താമസിക്കുന്നു; വലത്തും എടത്തും. അമ്മ ചെറുപ്പത്തിലേ വിധവയായി. വളരെ പാടുപെട്ടാണ് മകനെ വളർത്തിയത്. മറ്റൊരു നിക്കാഹ് കഴിക്കാൻ വേണ്ടപ്പെട്ടവരെല്ലാം പ്രേരിപ്പിച്ചിരുന്നു. മെഹബൂബ് ബി ആ വഴിയെപ്പറ്റി നിനച്ചതേയില്ല. ആ ആവശ്യവുമായി വരുന്ന ആണുങ്ങളെ ഓടിച്ചുവിട്ടു. അവനെ വളർത്താൻവേണ്ടി കിട്ടുന്ന ജോലിയെല്ലാംചെയ്തു.
പഴം വിൽക്കുന്ന പണി യൂസഫും നേരത്തേ തുടങ്ങിയിരുന്നു. വീട്ടിൽ വളർത്തിയ പപ്പായയും വെള്ളരിക്കയും മറ്റും മുഴുവനായി വിൽക്കുകയല്ല; മുറിച്ചു കഷണങ്ങളാക്കി വിൽക്കും. വെള്ളരിക്ക കഷണങ്ങളിൽ ഉപ്പും മുളകും തേച്ച് സ്വാദുറ്റതാക്കും. കച്ചവം വേഗം വളർന്നു. സാമാന്യം വലിയൊരു പഴക്കടയായി; വരുമാനം കൂടിക്കൂടിവന്നു. അഖീലയെ കല്യാണം കഴിച്ചു. അഖീലക്ക് യൂസഫിന്റെ അമ്മയോടിണങ്ങാൻ കഴിഞ്ഞില്ല. അമ്മയോട് ഒരു പൈക്കിടാവിന് തള്ളയോടെന്നപോലെയുള്ള യൂസഫിന്റെ ഒട്ടിപ്പിടിത്തം അവളുടെ അസൂയ വളർത്തി. താനുണ്ടാക്കുന്ന ഉച്ചഭക്ഷണം അയാൾക്ക് തൃപ്തിയുണ്ടാക്കുന്നില്ലെന്നവൾക്കറിയാം. അമ്മയുണ്ടാക്കുന്ന അത്താഴം മൂക്കുമുട്ടെ കഴിക്കും. ചിലപ്പോ വയറുനിഞ്ഞു വീർപ്പുമുട്ടി അവിടെ തന്നെ കിടന്നുപോവും.
അമ്മായിയമ്മ അഖീലക്ക് ബദ്ധശത്രുവായിത്തീർന്നു. കല്യാണം കഴിഞ്ഞു കുറച്ചുകാലം അവരൊരുമിച്ചായിരുന്നു. അമ്മ ഒറ്റക്ക് മറ്റൊരു വീട്ടിൽ കഴിയുന്ന കാര്യം യൂസഫിന് ചിന്തിക്കാനാവില്ല. അഖീലയുടെ കോപം കൂടിക്കൂടിവന്നു. അവൾക്ക് നാലഞ്ചാങ്ങളമാരുണ്ടായിരുന്നു. ഒരിക്കൽ യൂസഫും അഖീലയും തമ്മിൽ അമ്മയുടെ പേരിൽ വല്ലാതെ വഴക്കുകൂടി. അഖീലയുടെ ഒരനിയൻ വഴക്കുതീർക്കാനെത്തിയതാണ്. പക്ഷേ, യൂസഫിനെ പ്രഹരിക്കലിലാണ് കലാശിച്ചത്. അമ്മ അവനെ ആശ്വസിപ്പിച്ചു. പിറ്റേന്ന് തന്നെ അവർ തന്റെ അനിയന്റെ വീട്ടിലേക്ക് പുറപ്പെട്ടു. യൂസഫിന് ദേഷ്യം കത്തിക്കയറി. ഇവിടെനിന്ന് ഇറങ്ങിയാൽ ഉറപ്പാണ് താൻ അഖീലയെ ഉപേക്ഷിക്കും. ഒടുവിൽ അഖീലയുടെ സഹോദരന്മാരും ജമാഅത്ത് മുഴുവനും ഇടപെട്ടു. അങ്ങനെയാണ് വീട് രണ്ടാക്കിപ്പകുക്കാൻ തീർച്ചപ്പെടുത്തിയത്.
യൂസഫ് രണ്ടുപേർക്കും വേണ്ടി അധ്വാനിച്ചു. രണ്ടു വീട്ടിലേക്കും തുല്യമായി സാമാനങ്ങൾ വാങ്ങി. ടി.വിയോ വസ്ത്രമോ സ്റ്റൗ ആയാലും തണ്ണിമത്തനായാലും അഖീല സ്വന്തം വീട്ടിലെ കോയ്മയായിട്ടും തൃപ്തിപ്പെട്ടില്ല. അസൂയ ജ്വലിച്ചു. അവരുടെ ഈ മത്സരത്തിൽനിന്ന് മുതലെടുത്തത് നാല് ആൺമക്കളാണ്. രാജാ, മുന്ന, ബാബു, ഛോട്ടു. മെഹബൂബ് ബി അഖീലയെപ്പോലെ കയർത്തുനിന്നിരുന്നെങ്കിൽ അയാൾ അഖീലയോടു കൂടുതൽ ചേർന്നേനെ. എന്നാൽ അഖീല എത്ര കയർത്താലും എത്ര ചീത്തവിളിച്ചാലും കലിതുള്ളിയാലും അമ്മ ക്ഷോഭിക്കാറില്ല. മിണ്ടാതിരിക്കും. അമ്മയുടെ അപാരമായ ക്ഷമ യൂസഫിനെ അമ്മയോട് കൂടുതൽ അടുപ്പിച്ചു.
ഒരിക്കൽ പത്ത് വയസ്സുകാരൻ മുന്ന അമ്മമ്മയുടെ വീട്ടിൽനിന്ന് ചായയും നല്ല സ്വാദുള്ള ബിസ്കറ്റും കഴിച്ചുവന്നിട്ട് ബിസ്കറ്റിന്റെ സ്വാദിനെപ്പറ്റി പറഞ്ഞു. അത് യൂസഫ് വാങ്ങിയതല്ല. മെഹബൂബ് ബിയുടെ മരുമകൻ കൊണ്ടുവന്നതായിരുന്നു. യൂസഫ് വാങ്ങിക്കൊടുത്തതാണെന്ന് കരുതി അഖീല വല്ലാതെ ബഹളമുണ്ടാക്കി. അമ്മായിയമ്മയെ കഠിനമായി ശകാരിച്ചു. ഒരു പ്രതികരണവുമുണ്ടാകാതിരുന്നപ്പോൾ നെഞ്ചത്തടിച്ച് നിലവിളി തുടങ്ങി. ഒരു ‘സവതി’യെപ്പോലെ (സപത്നി) തന്റെ കുടുംബം കലക്കുന്നെന്ന് വിളിച്ചുകൂവി. കുട്ടികൾ നാലും അമ്മയെ വട്ടമിട്ടു. അവളുടെ കരച്ചിൽ ഉച്ചത്തിലായി. ഭർത്താവ് അവളെയും മുത്തുമണികൾപോലുള്ള മക്കളെയും സ്നേഹിക്കുന്നതിലേറെ ആ കിഴവിയെ സ്നേഹിക്കുന്നുവെന്നത് അവൾക്ക് സഹിക്കാനായില്ല.
ഈ നിലവിളിയും നാടകവുമൊക്കെ നോക്കിക്കൊണ്ട് യൂസഫ് പിന്നിൽ നിന്നിരുന്നു. മാനംകെട്ടുപോകുന്ന ഇത്തരം സന്ദർഭങ്ങളിൽ അവൾക്ക് നല്ല പ്രഹരം കൊടുക്കാനയാൾക്ക് തോന്നാറുണ്ടായിരുന്നു. എങ്കിലും അമ്മയുടെ ശാന്തസ്വഭാവം കുറച്ച് അയാൾക്കും കിട്ടിയിരുന്നതുകൊണ്ട് അയാൾ മിണ്ടാതെ വിരലിലുണ്ടായിരുന്ന സ്വർണമോതിരങ്ങൾ നോക്കിക്കൊണ്ട് കസാലയിലിരിക്കും. അയാളുടെ മുസ്ലിം സുഹൃത്തുക്കൾ അവയുടെ പേരിൽ അയാളെ കളിയാക്കാറുണ്ട്. പട്ടുവസ്ത്രങ്ങളും സ്വർണാഭരണങ്ങളും ഇസ്ലാമിൽ ആണുങ്ങൾക്ക് വിധിച്ചതല്ല. യൂസഫ് പച്ചക്കല്ലുവെച്ച ഒരു വലിയ മോതിരവും ഒരു കപാലിമോതിരവും പതിവായി അണിഞ്ഞിരുന്നു.
ഇടത്തെ കൈയിൽ മോതിരവും തിരിച്ചുകൊണ്ട് അന്നും അയാൾ മാനംകെട്ടു മിണ്ടാതിരുന്നതേയുള്ളൂ. ‘സവതി’യെന്ന് അമ്മയെ അവൾ ചീത്തിവിളി തുടർന്നു. സഹികെട്ട് ക്ഷമയുടെ അണക്കെട്ട് പൊട്ടി അയാൾ അലറി. ആരാണ് നിന്റെ സവതി! ‘‘എന്റെ കുടുംബം കലക്കുന്നവൾ തന്നെ എന്റെ സവതി –എന്റെ കെട്ടിയവനെ പറിച്ചെടുത്ത് എന്റെ കുടുംബം നശിപ്പിക്കുന്നവൾ തന്നെ എന്റെ സവതി.’’
അവളോട് തർക്കിച്ചിട്ടു കാര്യമില്ല. അയാൾ വാതിൽക്കലേക്ക് നടന്നു. അവളെ ഇട്ടെറിഞ്ഞുപോകുന്ന അയാളുടെ പിന്നാലെ ചെന്ന് ഷർട്ടിന് പിടിച്ച് അവൾ അലറി. ‘‘അവളുടെ കൂടെ പൊറുത്താൽ മതിയായിരുന്നില്ലേ? എന്തിനെന്നെ കെട്ടിവലിച്ചു!’’ അയാൾക്ക് കലി കയറി. ‘‘മിണ്ടിപ്പോവരുത്. അടിച്ചു പല്ലുകൊഴിക്കും ഞാൻ; ഇമ്മാതിരി തെറി പറഞ്ഞാൽ.’’ അവൾ അടങ്ങിയില്ല; ഷർട്ട് പിടിച്ച് വലിച്ചുകൊണ്ട് അലറി. ‘‘അടിക്കുമോ? അടിക്ക്! ആ പുലയാടിച്ചി പറഞ്ഞിട്ടുണ്ടാവും.’’ എല്ലാ നിയന്ത്രണവും തകർന്നു. അയാൾ അവളെ പ്രഹരിച്ചു. പുറത്തുകടന്നു. രാത്രി അയാൾ തിരിച്ചു ചെന്നില്ല. അത്താഴം അമ്മയുടെ കൂടെ കഴിച്ചു. അവിടെ തന്നെ കിടന്നുറങ്ങി. യൂസഫ് രാവിലെ മകൻ രാജയെ വിളിച്ച് അമ്പതു ക കൊടുത്തു, അന്നത്തെ ചെലവിന്. അന്നു വൈകുന്നേരവും അയാൾ തിരിച്ചു ചെന്നില്ല. അവൾ രണ്ടാം മകൻ മുന്നയെ സ്കൂളിലയക്കാതെ മറ്റെ വീട്ടിലിരുത്തി, അവിടെ നടക്കുന്നതെന്തെന്ന് നോക്കിക്കണ്ടു റിപ്പോർട്ട് ചെയ്യാൻ. അവൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിറ്റേന്നും ചെലവിന് കാശുകൊടുത്തയച്ച് യൂസഫ് കടയിലേക്കു പോയി. മുന്നയെ ഒരാഴ്ച മുഴുവൻ അവൾ അവിടെ കാവലിരുത്തി, സ്കൂളിലേക്ക് വിടാതെ.
ഒടുവിൽ തോറ്റടിഞ്ഞ അവൾ ബാബുവിനെയും കൂട്ടി കടയിൽ ചെന്നു. യൂസഫ് കുറച്ചൊന്ന് തണുത്തിരുന്നു. അഖീല അവളുടെ ആങ്ങളമാരെയുംകൂട്ടി പടക്കെത്തുമോ എന്ന് അയാൾക്ക് ശങ്കയുണ്ടായിരുന്നു. പക്ഷേ, മൂക്കുചീറ്റിക്കൊണ്ട് നിൽക്കുന്നതുകണ്ടപ്പോൾ അവളുടെ തന്ത്രം അതല്ലെന്ന് മനസ്സിലായി. അങ്ങാടിയിലെ മറ്റുള്ളവർ വിവരങ്ങളറിയുന്നത് നന്നല്ല. അയാൾ ഉച്ചയൂണിന് തന്നെ അഖീലയുടെ വീട്ടിലെത്തി. അവൾ മീൻ പൊരിച്ചുവെച്ചിരുന്നു. അയാൾ സ്വാദോടെ കഴിച്ചു. അയാളുടെ മുഖം പ്രസന്നമായിരുന്നു. രണ്ടുപേരും ഒരു കുഴപ്പവുമുണ്ടായില്ലെന്നപോലെ പെരുമാറി.
അത്താഴത്തിന് അമ്മയുടെ അടുത്തെത്തുമ്പോൾ കാക്കായുടെ കടയിൽനിന്ന് രണ്ടു മീൻപൊരിച്ചത് അയാൾ പൊതിഞ്ഞുവാങ്ങിയിരുന്നു. അമ്മക്ക് കൊടുത്തിട്ടു പറഞ്ഞു, ‘‘കഴുകി പൊരിക്കാനൊക്കെ മെനക്കേടാണ്. അതുകൊണ്ട് പൊരിച്ചത് കടയിൽനിന്നു വാങ്ങി. അഖീല ഉച്ചയൂണിന് മീൻ പൊരിച്ചതുണ്ടാക്കിയിരുന്നു. നല്ല രുചി. എന്നിട്ടും എനിക്കത് തൊണ്ടയിൽനിന്നിറങ്ങിയില്ല. രണ്ടു കഷണം അമ്മക്കും കൊടുത്തയച്ചിരുന്നെങ്കിൽ അവൾക്കെന്താണ് ചേതം?’’
മെഹബൂബ് ബി പറഞ്ഞു, ‘‘പോട്ടെ മോനേ. നിങ്ങളു പൊരുത്തപ്പെട്ടു കഴിയുന്നതാണ് പ്രധാനം. മീനോ ഇറച്ചിയോ ഒന്നുമല്ല. കയ്യും വായും എല്ലാം ഇറച്ചി തന്നെയല്ലേ? എന്തിനാണ് ഈവകയൊക്കെ കാര്യമാക്കുന്നത്? നീ അവളോടു പൊരുത്തപ്പെട്ടു കഴിഞ്ഞുകൂടണം. എല്ലാം പെരുവഴിയിലെത്തിക്കരുത്’’, നല്ല ഉപദേശം കൊടുത്തുകൊണ്ട് അമ്മ മീൻ തിന്നു.
മുന്ന ഒരു പുസ്തകം വായിക്കയാണെന്ന് നടിച്ചുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നെന്ന് അവർ ഓർത്തില്ല. മീൻ പൊരിച്ചതിന്റെ ഒരു കഷണം അവർ അവനു കൊടുത്തിരുന്നെങ്കിൽ അവൻ അവരുടെ ഭാഗം പിടിച്ചേനേ. അവർ തന്നെ മറന്നെന്നു കണ്ടപ്പോൾ മുന്ന പതുക്കെ ഇറങ്ങി അമ്മയുടെ അടുത്തെത്തി. അഖീല കിടക്കവിരിച്ച് മുറുക്കാൻ ചവച്ച് ഇരിപ്പുണ്ടായിരുന്നു. മുന്നയെ മടിയിലിരുത്തി അവൾ ചോദിച്ചു, അവിടെ എന്താണ് നടക്കുന്നതെന്ന്. അവൻ മീൻ പൊരിച്ചതിന്റെ കഥ പറഞ്ഞു. മാത്രമല്ല അമ്മക്ക് പ്രാന്താണെന്ന് അവർ പറഞ്ഞെന്ന് കൂട്ടിച്ചേർത്തു.
അഖീല ഭർത്താവിനൊപ്പമെത്താൻ നിനച്ചിരുന്നു. മോൻ പറഞ്ഞതുകേട്ട് അവൾ സ്വയം മറന്നു. പുറത്തിറങ്ങി മുറുക്കിയത് തുപ്പി. ആവുന്നത്ര ഉച്ചത്തിൽ അലറിക്കരഞ്ഞു. അവരെ രണ്ടുപേരെയും ചീത്തവിളിച്ചു. യൂസഫ് അമ്പരന്ന് പുറത്തിറങ്ങി. അയൽക്കാർ ചിലരും പുറത്തുവന്നിരുന്നു. മീൻപൊരിച്ചത്, കാക്കായുടെ കട എന്നൊക്കെ കേട്ടതും മുന്ന ഒന്നുമറിയാത്തപോലെ അവിടെ നിന്നിരുന്നതും കണ്ടപ്പോൾ അയാൾ ഉണ്ടായതെന്തെന്ന് ഊഹിച്ചു. അയാൾ ചെന്ന് അഖീലയെ വീട്ടിനുള്ളിലേക്ക് വലിച്ചു കതകടച്ച് അവളെ കിടക്കയിലിരുത്തി. അടുത്തിരുന്ന് അവളെ മയപ്പെടുത്താൻ ശ്രമിച്ചു.
‘‘നോക്ക്, അഖീല. ആരും നിന്നെപ്പറ്റി ചീത്ത പറഞ്ഞിട്ടില്ല. അവരെന്റെ അമ്മയല്ലേ? നിനക്ക് ഒന്നല്ല നാല് ആൺമക്കളുണ്ട്. അമ്മക്ക് ഞാനൊരുവനല്ലാതെ മറ്റാരുമില്ല. മറ്റൊരു മകനുണ്ടായിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞേനേ –നിന്റെ മക്കൾ നിന്നോട് ഊണുകഴിച്ചോ വല്ലായ്മ വല്ലതുമുണ്ടോ എന്നൊക്കെ ചോദിച്ചാൽ അത് തെറ്റാണോ? പറ നിനക്കെന്താണ് വേണ്ടത്. എനിക്ക് നിന്നെ വേദനിപ്പിക്കാനാവില്ല –ഞാെനാരു ഇരപ്പാളിയായാൽപോലും നിന്റെ ആവശ്യങ്ങൾ നടത്തും. നീ അമ്മക്കെതിരെ അലറരുത്!’’
അഖീല തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ‘‘എനിക്കൊന്നും വേണ്ട. പണ്ടങ്ങൾ വേണെന്നോ പട്ടുപുടവ വേണെന്നോ വലിയ കട്ടിലു വേണെന്നോ ഞാൻ പറഞ്ഞോ! എനിക്ക് ഇത്തിരി സ്നേഹം മാത്രം മതി. അതാണ് എനിക്ക് കിട്ടാത്തത്!’’ അയാൾ അവളെ താലോലിച്ചു. മോതിരം ഊരി അവളുടെ വിരലിലിട്ടു. പതുക്കെപ്പതുക്കെ അവർ ഇണക്കത്തിലായി. രാവിലെ അഖീല ഉണരാൻ വൈകി. അയാൾ മോതിരങ്ങളൂരി സ്വന്തം വിരലിലിട്ട് കടയിലേക്ക് പോയി.
അഖീല പതിവുപോലെ വീട്ടുപണികളിൽ മുഴുകി. എങ്കിലും ഒരു കണ്ണ് അമ്മായിയമ്മയുടെ വീട്ടിനു നേരെയായിരുന്നു. ഏതാണ്ട് പതിനൊന്നു മണിക്ക് മെഹ്ബൂബ് ബി പുറത്തിറങ്ങുന്നത് കണ്ടു. നല്ലൊരു വോയ്ൽ സാരിയുടുത്തിരുന്നു. കൈയിൽ ബാഗുണ്ട്. ചപ്പലുകളിട്ട് അവർ പോയി. യൂസഫ് എന്താണ് ഉച്ചയൂണിന് വരാൻ വൈകുന്നതെന്നോർത്ത് വാതിൽ തുറന്നു നോക്കുമ്പോൾ അമ്മയും മകനും ഒരു ഓട്ടോയിൽ വന്നിറങ്ങുന്നു.
അവൾക്ക് ദേഷ്യം വന്നു. അയാൾ ഒരു തണ്ണിമത്തൻ അമ്മയുടെ വീട്ടിൽ കൊണ്ടുവെച്ചു. അതേപോലെ മറ്റൊന്ന് അഖീലയുടെ വീട്ടിലേക്കും. അതു കൈയിൽ കൊടുത്തപ്പോ അവളത് നിലത്തിട്ട് ഊക്കിൽ കാൽകൊണ്ട് തട്ടി. അത് ഭിത്തിമേൽ തട്ടിപ്പൊളിഞ്ഞു ചിതറി. ചുരുട്ടിയ കൈ തരിച്ചെങ്കിലും അയാൾ മിണ്ടാതെ കസേരയിലിരുന്നു. ആ മൗനം അവളെ കൂടുതൽ ദുഷ്ടയാക്കി. അവൾ ചുമരിൽ തലയിടിക്കാൻ തുടങ്ങി. ഒരു നാടകം കാണുംപോലെ നോക്കിയിരുന്നതല്ലാതെ അയാൾ അനങ്ങിയില്ല. അയാൾ പ്രതിമപോലെ ഇരിക്കുന്നത് അവളുടെ ദേഷ്യം ആളിക്കത്തിച്ചു. അവൾ നിലത്തുവീണ് അലറിക്കരയാൻ തുടങ്ങി. പിന്നെ നെഞ്ചത്തടിച്ച് അയാളെയും തള്ളയെയും ചീത്ത പറഞ്ഞു. ഒടുവിൽ ചോദിച്ചു, ‘‘വല്ലപ്പോഴും നിങ്ങളെെന്ന പുറത്തുകൊണ്ടുപോയിട്ടുണ്ടോ? രാവിലെ മുതൽ ഇന്നേരം വരെ തള്ളയേയുംകൊണ്ടു വിലസിനടന്നില്ലേ? നാണമുണ്ടോ നിങ്ങൾക്ക്?’’
ഒടുവിലയാൾ മിണ്ടി: ‘‘നോക്ക്, നീ ഈ കാണിക്കുന്നതൊക്കെ വെറുതെയാണ്. തണ്ണിമത്തൻ നീ തട്ടിയെറിഞ്ഞു, എന്നെയും ചവിട്ടിക്കോ, അമ്മയെ പറയരുത്. അവർക്ക് വിഷമങ്ങളുണ്ട്. മുട്ടുവേദന, രാത്രി ഉറങ്ങിയില്ല. ആശുപത്രിയിൽ പോകാൻ ഞാൻ പറഞ്ഞു. പോയി തിരിച്ചുവന്നപ്പോൾ മുട്ടുവേദനയും വെച്ച് നടന്ന് വീട്ടിൽ പോകാൻ പറയാമോ? അതുകൊണ്ടാണ് ഓട്ടോ പിടിച്ചത്. അതിനെന്താണ് തെറ്റ്. ഞാൻ നാലാളെ കൊണ്ടുവരാം അവർ പറയട്ടെ, ഞാനെന്ത് െതറ്റ്ചെയ്തെന്ന്.’’ അയാൾ പറഞ്ഞതൊന്നും അവളുടെ തലയിൽ കേറിയില്ല. ‘‘എന്നെ കളിപ്പിക്കാൻ നോക്കണ്ട; ഇപ്പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കണം അല്ലേ? അവർക്കൊരു രോഗവുമില്ല. ഒരു ചണ്ഡാലിെയപ്പോലെ എന്നെയും മക്കളെയും വിഴുങ്ങണം അത്രതന്നെ.’’
യൂസഫ് എണീറ്റു. താൻ തോറ്റു തുന്നംപാടിയിരിക്കുന്നു. നിന്നോടു നല്ലതുപറയുന്നത് വെറുതെ. എന്തു വേണമെങ്കിൽ ചെയ്യ്. അയാളുടെ ശാന്തത പൊറുക്കാനായില്ല അവൾക്ക്. അവൾ ചീറി, ‘‘നിങ്ങൾ വേശ്യകളുടെ കൂടെ പൊറുത്താലും എനിക്കൊന്നുമില്ല; പക്ഷേ ഈ പുലയാടിച്ചിയായ സവതി...’’ അവൾ മുഴുമിക്കും മുമ്പ് അയാൾ പ്രഹരം കൊടുത്തു. ‘‘തെമ്മാടിത്തം നിർത്ത്. ഇനി അമ്മയെപ്പറ്റി പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും. നിന്റെ രോഗം അസൂയയാണ്. അവർക്ക് ഞാനൊരു സാരി വാങ്ങിക്കൊടുക്കുന്നതുപോലും നിനക്ക് പൊറുക്കാൻ വയ്യ. നോക്ക്, ഞാനവർക്ക് ഒരു നല്ല പഞ്ചാബി ഉടുപ്പ് വാങ്ങിക്കൊടുക്കും; പണ്ടങ്ങൾ കൊടുക്കും, ഒരു ഷാമിയാന കെട്ടും, കല്യാണം ചെയ്തുകൊടുക്കും.’’ ‘‘പഞ്ചാബി ഉടുപ്പ് വാങ്ങുമേത്ര; കല്യാണം നടത്തുമേത്ര; ആണത്തമുണ്ടെങ്കിൽ ചെയ്ത് കാണിക്ക്.’’ അഖീല പരിഹസിച്ചു. ‘‘നോക്ക്, പറഞ്ഞപോലെ കല്യാണം നടത്തിയില്ലെങ്കിൽ ഞാനെന്റെ മീശവടിക്കും’’, അയാൾ ആ വെല്ലുവിളി ഏറ്റെടുത്തു.
മെഹബൂബ് ബി കരുതിയത് അവർ പതിവുപോലെ അടികൂടുക മാത്രമാണെന്നാണ്.
യൂസഫ് അമ്മയുടെ വീട്ടിൽ അന്തിയുറങ്ങി. സ്വന്തമായി പ്രായേണ ഒരിടമില്ലാത്തത് പെണ്ണിനാണ്. ബാല്യത്തിൽ അമ്മവീട്, യൗവനത്തിൽ കണവന്റെ വീട്; വാർധക്യത്തിൽ മകന്റെ വീട്. ഇവിടെ ആണൊരുത്തനാണ് വീടില്ലാതെയായിരിക്കുന്നത്. പാതി പെൺവീട്; പാതി അമ്മവീട്. സ്വന്തമായി വീടില്ല. ഒരു പോംവഴി കണ്ടെത്തിയേ പറ്റൂ.
എന്തുവേണം? അഖീലയെ മൊഴിചൊല്ലണോ? നാല് മക്കളുടെ അമ്മ. അവളെ അയാൾ സ്നേഹിച്ചിരുന്നു. അമ്മയോടുള്ള വെറുപ്പൊഴികെ വേറെ കുറ്റമൊന്നുമില്ല. മാത്രമല്ല ‘തലാഖ്’ എന്നുകേട്ടാൽ അവളുടെ ആങ്ങളമാർ മിണ്ടാതിരിക്കില്ല. സ്വന്തം മക്കളുടെ അമ്മ. അവളെ ഒഴിവാക്കാവതല്ല. മറ്റൊരുവളെക്കൂടി നിക്കാഹ് കഴിക്കാമെന്നു നിശ്ചയിച്ചാലോ, അതോർത്തപ്പോൾതന്നെ മേനി വിയർത്തു. അഖീല അവളെക്കൊന്ന് ജയിലിൽ പോകും.
ആലോചിച്ചാലോചിച്ച് അയാൾ തളർന്നു. ഒടുവിൽ തീർച്ചയാക്കി, വാശിക്ക് പറഞ്ഞത് ചെയ്യുക തന്നെ. പണ്ടേ അതു ചെയ്യേണ്ടതായിരുന്നു. ഇപ്പോഴും തീരെ വൈകിയിട്ടില്ല. അയാൾ കല്യാണ ദല്ലാൾ ഹായത്ഖാനെ കണ്ടു. യൂസഫിന്റെ തീരുമാനം അയാളെ നടുക്കി. തന്റെ തൊഴിലിനെ അതു ബാധിക്കുമെന്ന് തന്നെ തോന്നി. ജാമിയ മസ്ജിദിലെ മൗലവിയുടെ ഉപദേശം തേടി. മൗലവി സന്ദേഹം തീർത്തുകൊടുത്തു. ‘‘ഒരു വിധവയെ നിക്കാഹ് നടത്തിക്കൊടുത്തു രക്ഷിക്കുന്നതിനേക്കൾ വലിയ സൽക്കർമമെന്തുണ്ട്. നമുക്കത് നടത്തിക്കൊടുക്കാം.’’ പറ്റിയ ഒരാളെ കണ്ടെത്താൻ ഹായത്ഖാൻ കൊണ്ടുപിടിച്ചു ശ്രമിച്ചു. അയാൾ ആരോടും പറഞ്ഞില്ലെങ്കിലും ആളുകൾ അറിഞ്ഞു. ചിലർ ചിരിച്ചു. മറ്റു ചിലർ പറഞ്ഞു: അതിലെന്താ തെറ്റ്; ആണുങ്ങൾ ഇതു ചെയ്യുക പതിവല്ലേ? യൂസഫിന്റെ തലതിരിഞ്ഞെന്ന് വേറെ ചിലർ. യൂസഫ് അമ്മയുടെ നല്ലൊരു കളർ ഫോട്ടോ എടുപ്പിച്ചിരുന്നു. ആശുപത്രിയിൽ പോകും മുമ്പ്. അന്ന് അവർ നന്നായി ഡ്രസ് ചെയ്തിരുന്നു. ചിത്രത്തിലെ അമ്മ നല്ല മൊഞ്ചുള്ളവളായിരുന്നു. അമ്പതോടടുത്തെന്ന് ആരും പറയില്ല.
ഹഷീം സാഹബ് ഒരു രണ്ടാംകെട്ടിന് ഒരുങ്ങുകയായിരുന്നു. ആറു മക്കളുടെയും കല്യാണം കഴിഞ്ഞു. ഭാര്യ പരാലിസിസ് പിടിപെട്ടു കിടപ്പിലാണ്. സഹായത്തിനൊരുവൾ വേണം. യൂസഫ് അയാളെ ഊണിനു ക്ഷണിച്ചു. അഖീല നന്നായി പാകംചെയ്തിരുന്നു. എങ്കിലും മൂപ്പുചെന്ന ആടിന്റെ ഇറച്ചിയാണ് പാകം ചെയ്തിരുന്നത്. അതു ചവക്കാൻ അയാൾ പാടുപെട്ടു. അതു കണ്ടപ്പോൾ വായിൽ അണയ്ക്കപ്പല്ലില്ലെന്നു തോന്നി. അതു മാത്രമല്ല; ആലോചിച്ചപ്പോൾ തോന്നി, ‘‘ആയപ്പണിക്ക് പോകാൻ അമ്മയെ വിടുകയോ! വയ്യ വയ്യ.’’
എങ്കിലും അമ്മക്ക് ഒരു തുണയുണ്ടാക്കി കൊടുക്കുന്നത് പുണ്യം തന്നെയെന്ന തോന്നലുറച്ചു. അയാൾ കാര്യമായിത്തന്നെ ശ്രമിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അഖീല പോരടിക്കുന്നത് നിർത്തി. പിന്നെ കണ്ടെത്തിയ ആൾ കരീംഖാൻ. അയാൾ നല്ല ഉത്സാഹത്തിലായിരുന്നു. രണ്ടു ഭാര്യമാർ ഇപ്പോഴുണ്ട്. വീടു നിറയെ കുട്ടികളും, പോരാത്തതിന് ഒരു പെൺകോന്തനെന്ന ശ്രുതിയുമുണ്ട്. ഒരു കഥയും അയാളെ പറ്റി കേട്ടു. റസാക്കില്ലാത്തപ്പോൾ അയാൾ റസാക്കിന്റെ വീട്ടിലെത്തി. പക്ഷേ റസാക്ക് തിരിച്ചെത്തി. കരീംഖാൻ വീടിന്റെ പിൻഭാഗത്തുകൂടെ പുറത്തുകടന്ന് മതിൽചാടിയപ്പോൾ വീണത് ഒരു തുറന്ന സെപ്റ്റിക് ടാങ്കിലായിരുന്നത്രെ. ഈ കഥ കേട്ടപ്പോൾ ഇത്തരം ഒരു മൃഗത്തിന്റെ കൂടെ പ്രിയപ്പെട്ട അമ്മയെ അയക്കയോ? യൂസഫിന്റെ തല കറങ്ങി. ഇങ്ങനെ പലപല ആലോചനകളും വന്നതുപോലെ പോയി.
അബ്ദുൽ ഗാഫറെന്ന ഒരാളുടെ ആലോചന വന്നു. അയാളുടെ രണ്ടു പെൺമക്കളുടെയും കല്യാണം കഴിഞ്ഞു. ഭാര്യ കാൻസർ ബാധിച്ച് മരിച്ചു. ഒരു മകൾ റോഷ്നി കൂടെയുണ്ട്. മെഹ്ബൂബ് ബിയുടെ ഫോട്ടോ കണ്ട് അബ്ദുൽ ഗാഫറിന് സമ്മതമായിരിക്കുകയാണ്. മക്കൾക്കാർക്കുംതന്നെ അയാൾ നിക്കാഹ് കഴിക്കുന്നതിൽ എതിർപ്പില്ല. എങ്കിലും ആർഭാടത്തോടെയുള്ള ചടങ്ങ് വേണ്ടെന്നയാൾ യൂസഫിനോട് പറഞ്ഞു. എന്നാലും യൂസഫിന് അത് ഒരു തെറ്റ് ചെയ്യുംപോലെ ആരുമറിയാതെ ചെയ്യേണ്ടതാണെന്ന് തോന്നിയില്ല.
അയാൾ കൈയിൽ കിടന്നിരുന്ന മോതിരങ്ങളൂരി പോളിഷ് ചെയ്ത അലമാരയിൽ സൂക്ഷിച്ചു. വേറെയും നാലെഞ്ചണ്ണം ഉരുക്കി. ഒരു നല്ല നെക്ലസ് അമ്മക്കുവേണ്ടി പണിയിച്ചു. പല സാധനങ്ങളും വാങ്ങിക്കൊണ്ടുവന്ന് അലമാരയിൽ സൂക്ഷിച്ചുവെക്കുന്നത് അഖീല ശ്രദ്ധിച്ചു.
എല്ലാം പൂട്ടിവെച്ച് താക്കോലയാൾ സൂക്ഷിച്ചു. അതുകൊണ്ട് എന്തൊക്കെ സാധനങ്ങളാണെന്ന് അവൾക്കറിയാൻ കഴിഞ്ഞില്ല. അബ്ദുൽ ഗാഫറിനോട് നിശ്ചയത്തിനെ പറ്റി പറയുമ്പോൾ തന്റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളോടും യൂസഫ് ആലോചിച്ചിരുന്നു. ഒരു പിന്തുണക്കുവേണ്ടി. എത്ര രഹസ്യമാക്കിവെച്ചിട്ടും ആളുകളറിഞ്ഞിരുന്നു. അമ്മയും അഖീലയും യൂസഫിന്റെ പെരുമാറ്റത്തിലെ നിഗൂഢത ശ്രദ്ധിച്ചിരുന്നു. വിരലുകളിലെ മോതിരങ്ങൾ കാണാതായത് രണ്ടുപേരെയും വിഷമിപ്പിച്ചിരുന്നു. അഖീലക്ക് അയാളോടും വാക്കുകൊണ്ട് പോരടിക്കാൻ പഴയ വീറില്ലാതായി. മെഹബൂബ് ബിക്ക് മകന്റെ മനോഗതത്തിന്റെ ആപത്ത് ശരിക്കും മനസ്സിലായി. അവർ കരഞ്ഞുകൊണ്ട് നാൾ പോക്കി.
ഒരുദിവസം രാവിലെ നാല് ആടുകളെ കൊണ്ടുവന്ന് മുറ്റത്ത് കെട്ടിയിട്ടു. മൂന്നുപേരും അതിനെപ്പറ്റി സംസാരിച്ചില്ല. അയാൾ യാതൊന്നും പറഞ്ഞുമില്ല...
എന്തിനാണ് താൻ ഒരുക്കം
കൂട്ടുന്നതെന്ന് അമ്മയോട് പറയാൻ അയാൾക്ക് മനസ്സുറപ്പോ തക്കതായ സമയമോ കിട്ടിയില്ല. മരുമകൾ ഒടുവിൽ ഭർത്താവിന്റെ ‘ചെവീലോത്തി’ൽ വിജയിച്ചുവെന്നും അവർ തന്നെ ഒഴിവാക്കാൻ നിശ്ചയിച്ചുവെന്നുമാണ് അമ്മ എത്തിച്ചേർന്ന നിഗമനം. എന്തൊരാപത്ത്! എന്താണൊരു പോംവഴി! അമ്മ വ്യഥയിലാണ്ടു. ‘‘ആണത്തമുണ്ടെങ്കിൽ പറഞ്ഞ കാര്യം ചെയ്യ്’’ എന്നൊക്കെ ആക്രോശിച്ചെങ്കിലും കളി കാര്യമായപ്പോൾ അവൾക്കും ഇനിയെന്തുവേണ്ടൂ എന്ന പേടിയുണർന്ന് അമ്മായിയമ്മയെ ‘വേശ്യ’, ‘സവതി’ എന്നൊക്കെ പ്രാകിയിരുന്നെങ്കിലും അത് വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ ഓർത്തിട്ട് കാര്യമില്ല. ഭർത്താവ് അമ്മക്ക് നെക്ലസും പഞ്ചാബി ഉടുപ്പുമൊക്കെ വാങ്ങിയിട്ടുണ്ടാവും. ആ തള്ളമൂങ്ങ തന്നേക്കാൾ ഭാഗ്യവതിയാകാൻ പോകുന്നു എന്ന വിചാരം അവൾക്ക് വല്ലാത്ത പൊറുതികേടുണ്ടാക്കി.
ആടുകളെ മുറ്റത്തു കെട്ടിയിട്ടത് കണ്ടപ്പോ സന്തോഷിച്ചത് കുട്ടികൾ, പ്രത്യേകിച്ചും മുന്ന മാത്രമാണ്. ആരാണ് അവരോട് ആടുകളെന്തിനെന്ന് പറഞ്ഞുകൊടുത്തിരിക്കുക. അയലത്തെ പിള്ളേരുമെത്തി. ‘‘അജ്ജീടെ കല്യാണം, അജ്ജീടെ കല്യാണം’’ എന്നു പാടി ആടുകളുടെ ചുറ്റും ആടി. പാട്ടുകേട്ട അഖീല മുന്നയെ പിടിച്ച് അതികഠിനമായി പ്രഹരിച്ചു. മുന്ന പുരപ്പുറം പൊളിയത്തക്കവണ്ണം അലറി നിലവിളിച്ചു. പത്തു വീടുകൾക്കപ്പുറം വരെ എത്തുന്ന നിലവിളി. മെഹ്ബൂബ് ബി അവന്റെ നിലവിളി കേട്ടു. കുറേനേരം വാതിലടച്ച് അനങ്ങാതെ തന്റെ വീട്ടിലിരുന്നു. ഭക്ഷണംകൂടി കഴിക്കാതെ ഒരേയിരിപ്പായിരുന്നു. മകനോടും മരുമകളോടുമുള്ള ഒടുങ്ങാത്ത ദേഷ്യത്തോടെ അടങ്ങാത്ത വ്യഥയോടെ... മുന്നയുടെ നിലവിളി കാതിലലച്ചുകൊണ്ടിരുന്നു. വീടിന്റെ വാതിലടച്ചെങ്കിലും മനസ്സിന്റെ വാതിലടയ്ക്കാൻ കഴിയാതെ ഒടുവിൽ എഴുന്നേറ്റു. അവന്റെ കരച്ചിൽ സഹിക്കാനാവാതെ. ഒരമ്മ മനസ്സ് നിറഞ്ഞൊഴുകി. മുട്ടുവേദനയൊക്കെ നിസ്സാരം. അവർ അഖീലയുടെ വീട്ടിലേക്ക് കയറി. മുന്ന കരഞ്ഞുകൊണ്ടിരിക്കുന്നു. മറ്റു കുട്ടികളും അടികിട്ടുമെന്ന് പേടിച്ചു ചൂളിയിരിപ്പാണ്. അവരുടെ കണ്ണു നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
അകത്തു കടന്നു മരുമകളെ തള്ളിനീക്കി കുട്ടിയെ ചേർത്തുപിടിച്ചു: ‘‘നീയൊരു പെണ്ണാണോ? അതോ രാക്ഷസിയോ; എന്തിനാണ് കുഞ്ഞിനെ തല്ലിച്ചതക്കുന്നത്!’’ കുട്ടിയെ സാരിയുടെ ഞൊറിയിൽ ചേർത്തുപിടിക്കുമ്പോൾ ഓർത്തു, ‘‘ഇവൾ അലറിപ്പൊളിച്ച് അയൽക്കാരെയൊക്കെ വിളിച്ചുകൂട്ടുമോ?’’ പക്ഷേ ഉണ്ടായത് അതല്ല, അഖീല തേങ്ങിത്തേങ്ങിക്കരഞ്ഞു! അഖീല അമ്മായിയമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞു. ‘‘ബീ അമ്മാ ബീ അമ്മാ എന്താണിനി ഉണ്ടാവുക, നമ്മുടെ മാനം പോയില്ലേ, എല്ലാം എന്റെ തെറ്റാണ്. ചെരിപ്പഴിച്ച് എന്നെ തല്ലൂ. ഞാൻ അമ്മയോട് ചെയ്തതൊക്കെ തെറ്റാണ്.’’ അവൾ കണ്ണീർ ചൊരിഞ്ഞു.
മെഹ്ബൂബ് ബി സ്തബ്ധയായി. എന്തൊരത്ഭുതമാണിത്? നേരോ ഈ കാണുന്നത്. ഇവളല്ലേ ഭർത്താവിന്റെ ചെവീലോതി അവന്റെ അമ്മയുടെ കല്യാണം നിശ്ചയിപ്പിച്ചത്. അമ്മയെ േപ്ലഗുപോലെ വെറുത്തവൾ! സവതിയെന്ന് നാക്കെടുത്താൽ നാന്നൂറ് തവണ വിളിച്ചവൾ! ഇത് നല്ലതിനോ അതോ ഇനിയും വലിയ പൊല്ലാപ്പിനോ... അഖീല താൻ ഇക്കാര്യത്തിൽ തീരെ നിർദോഷയാണെന്ന് സ്ഥാപിക്കാൻ എല്ലാ അടവുകളും പയറ്റി. ‘‘ബീ അമ്മാ’’ എന്ന് സ്നേഹം കിനിയുന്ന ഈ വിളി കേട്ടാൽ കല്ലുമലിയും. നിറഞ്ഞ ഇഷ്ടം ചൊരിയുന്ന വാക്കുകൾ കേട്ട് മെഹ്ബൂബ് ബി കുറച്ചൊന്നു ഉരുകി. ‘‘ബീ അമ്മാ ചീത്തക്കാലം എന്നേ പറയാവൂ. അരുതാത്തതൊക്കെ ഉണ്ടായിപ്പോയി; എല്ലാം എന്റെ കുറ്റംകൊണ്ട്. ഞാനൊരു പട്ടിയേപോലെ കുരച്ചു. എങ്കിലും അങ്ങേര് ഒരാണല്ലേ.
എനിക്ക് പ്രാന്ത് മൂത്തപ്പോൾ നല്ല രണ്ട് തൊഴി വെച്ചുതന്നെങ്കിൽ എല്ലാം ശരിയാകുമായിരുന്നില്ലേ! എന്നോടു പകപോക്കാൻ സ്വന്തം അമ്മയെ കെട്ടിച്ചുകൊടുക്കുകയോ! നടാടെ കേൾക്കുകയാണ് ഇങ്ങനൊന്ന്. സിനിമയിൽപോലും ഉണ്ടാവുമോ?’’ അങ്ങനെ അവൾ തെറ്റൊക്കെ അയാളുടെ തലയിൽ കെട്ടിവെച്ചു. അവൾ അടുക്കളയിലേക്കോടിപ്പോയി ചായയുണ്ടാക്കി നല്ലപോലെ പാലൊഴിച്ച്. ചായക്കപ്പ് അമ്മായിയമ്മയുടെ കൈയിൽ കൊടുത്തു. ഛീ ഛീ... ഈ ആടുകളെ കൊണ്ടുവന്നു കെട്ടിയിട്ടതെന്തിനാണ്! ഏതു വീട്ടിലുമുണ്ടാവില്ലേ വഴക്കുകൾ! ഇറച്ചി തിന്നെന്നും വെച്ച് ആരെങ്കിലും കഴുത്തിൽ എല്ലുകോർത്തു മാലയിട്ടു നടക്കുമോ? ഇത്രക്ക് വലിയ കുറ്റമെന്താണ് ഞാൻ ചെയ്തത്. പട്ടിയേപ്പോലെ കുരച്ചെങ്കിലും ഞാൻ കടിച്ചിട്ടുണ്ടോ?
മെഹ്ബൂബ് ബി കപ്പ് പിടിച്ചിരുന്നതല്ലാതെ ചായ കുടിച്ചില്ല. അഖീലയുടെ ഈ ആൾമാറാട്ടം അവളെ വല്ലാതെ അമ്പരപ്പിച്ചു. മോനോട് കടുത്ത കോപം തോന്നിയ നേരത്തുപോലും അവനോട് കയർത്തിട്ടില്ല. എതിർത്തൊരു വാക്കുപോലും മിണ്ടിയിട്ടില്ല. ആ കരുതലുകളൊന്നും ഇവൾക്ക് മനസ്സിലാവാറില്ല. ഈ മാറ്റംമറിച്ചിലിനർഥം? തല പുകയുകയാണ്.
അഖീല പറയുന്നു: ‘‘ബീ അമ്മാ ചായ കുടിക്കൂ. ഞാൻ ഇപ്പവരാം.’’ അവൾ പുറത്തേക്ക് പോയി.
കൈയിലിരുന്ന ചായ തണുത്തു. മെഹ്ബൂബ് ബി പഴയ ചില ഓർമകളിലേക്കൂളിയിട്ടു. യൂസഫ് കുട്ടിയായിരുന്നപ്പോഴത്തെ ചില കഷ്ടപ്പാടുകൾ. എപ്പോഴും വിശപ്പ്. അവന്റെ വിശപ്പടക്കാൻ താൻപെട്ട പാട്! ഒടുവിലൊരു വഴി കണ്ടെത്തി. പ്ലേറ്റ് നിറച്ച് മുന്നിൽ വെച്ചുകൊടുത്ത് കഥ പറയുക. ഹതീം തായിയുടെ കഥ കേൾക്കാനാണേറെയിഷ്ടം. ‘‘പണ്ടൊരു രാജകുമാരിയുണ്ടായിരുന്നു. താൻ വലിയ സുന്ദരിയാണെന്നവൾ കരുതി. കല്യാണം കഴിക്കാൻ മോഹിച്ചുവന്ന ഒരാളെയും അവൾക്കിഷ്ടമായില്ല. ആരെക്കൊണ്ടും ചെയ്യാനാവാത്ത കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കും’’, കഥകേട്ട് യൂസഫ് റൊട്ടി മറക്കും. താൻ കഥ തുടരും. ‘‘സൈന്യത്തലവൻ അവളെ മോഹിച്ച് എത്തി. അവൾ വഴങ്ങിയില്ല.’’ ‘‘നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഹൃദയം കൊണ്ടുവന്നു തന്നാൽ ആലോചിക്കാം.’’ അയാൾ തന്റെ ഗ്രാമത്തിൽ പോയി. അമ്മയുടെ മുഖത്തു നോക്കിയപ്പോൾ അയാൾ തളർന്നുവീണു. അമ്മ എങ്ങനെയോ വിവരമറിഞ്ഞു.
മോനോട് പറഞ്ഞു. ‘‘അയ്യോ മോനേ! വയസ്സായ എനിക്ക് ഇനിയും ജീവിക്കണമെന്ന മോഹം ഇല്ലേയില്ല. നിനക്ക് വേണ്ടത് തരാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ജീവിക്കുന്നതെന്തിന്! എന്റെ ഹൃദയം എടുത്തോളൂ.’’ ഇതു കേട്ടിട്ടും അവന് നല്ല ബുദ്ധി തോന്നിയോ?.. ഇത്രയുമാവുമ്പോഴേക്കും യൂസഫിന്റെ കണ്ണുനിറയുമായിരുന്നു. മോന് വയറുനിറയെ തിന്നാൻ കൊടുക്കാനാവാത്തതിൽ മനംനൊന്ത താൻ പിന്നെ കഥ തുടരില്ല. കഥ വിഴുങ്ങും. അവനുണ്ടോ വിടുന്നു? ‘‘പറ അമ്മാ പിന്നെന്തുണ്ടായി?’’ ‘‘അയാൾ അമ്മയെ കൊന്ന്, ചൂടാറാത്ത ഹൃദയം കയ്യിലേന്തി രാജകുമാരിയുടെ അടുത്തേക്കോടി. ഓട്ടത്തിൽ കാലിടറി വീണു. വീണ ഉടനെ അമ്മയുടെ ഹൃദയം മിടിച്ചുതുടങ്ങി: ഇങ്ങനെ പറഞ്ഞു: ‘‘അയ്യോ മോനേ! നിനക്കു വേദനിച്ചോ? പതുക്കെ പോ.’’ ഇത്രയുമെത്തുമ്പോഴേക്ക് തന്റെ കണ്ണു നിറയുമായിരുന്നു. അപ്പോഴേക്ക് യൂസഫിന് ചിന്ത ഹതീംതായിയെപ്പറ്റിയല്ല, രാജകുമാരിയെ ഒരു പാഠം പഠിപ്പിക്കണം എന്നാണ്...
അഖീല വന്നു. കൂടെ കുറെ പേരുണ്ടായിരുന്നു –െമഹ്ബൂബ് ബി ഓർമയുടെ ലോകത്തുനിന്നിറങ്ങിവന്നു. ആളുകളെ കണ്ട് എഴുന്നേറ്റുനിന്നു. അഖീല ഇരിപ്പിടങ്ങളൊരുക്കി. എല്ലാവരും ഇരുന്നു. ആരും മിണ്ടുന്നില്ല. ഒടുവിൽ കൗൺസിലർ മുഹമ്മദിന്റെ ബീഗം വാ തുറന്നു. കൂട്ടത്തിൽ പ്രായമേറിയ ആൾ എന്നതു മാത്രമല്ല; സ്ത്രീകളുടെ ഭാഗം വാദിക്കാൻ എപ്പോഴും മുൻകൈയെടുക്കാറുള്ളവളുമാണ്. അവർ തുടങ്ങി:
‘‘െമഹ്ബൂബ് ബീ വരൂ ഇരിക്കൂ.’’ അവർ നിന്നേടത്തുനിന്നു. അനക്കമില്ലാതെ.
അവരെയൊക്കെ അങ്ങോട്ടെത്തിച്ച അഖീല തന്നെ ഒടുവിൽ അടുക്കളയുടെ കർട്ടനു പിന്നിൽനിന്നുകൊണ്ടു പറഞ്ഞു: ‘‘അള്ളാ എനിക്ക് മാപ്പുതരട്ടെ. ശെയ്ത്താൻ എന്റെ തലയിൽ കയറിക്കൂടി. ഞാനെന്റെ അമ്മായിയമ്മയോട് പോരടിച്ചു. എന്റെ കെട്ടിയവന് സ്വൈരം കൊടുത്തില്ല. ബീ അമ്മ ഒരിക്കലും ഒരു വിഷമവുമുണ്ടാക്കീട്ടില്ല. ഞാൻ അവർക്ക് സ്വൈരം കൊടുത്തില്ല. എനിക്ക് തെറ്റുപറ്റി...’’
അവൾ മുഴുമിപ്പിക്കുമ്പോഴേക്ക് യൂസഫ് ഒരു ഓട്ടോയിൽ വന്നിറങ്ങി, കുറേ സാധനങ്ങളോടു കൂടി. ആളുകൾ കൂടിയിരിക്കുന്നത്; അമ്മ ചുമർചാരി നിൽക്കുന്നത്; അഖീല സംസാരിക്കുന്നത്; അയാളെ കണ്ടപ്പോഴേക്ക് മിണ്ടാട്ടം നിർത്തിയത്... എല്ലാം കണ്ടപ്പോൾ, അയാൾ ഗ്രഹിച്ചു. എല്ലാത്തിനും പിന്നിൽ അവളാണ്. കല്യാണക്കാര്യമായിരിക്കുമെന്നും. അയാൾ എല്ലാരെയും അഭിവാദ്യംചെയ്തു: ‘‘അസ്സലാമു അലൈക്കും...’’ പിന്നെ സാധനങ്ങൾ ഇറക്കിവെച്ചു. ഓട്ടോക്കാരന് പണമെണ്ണിക്കൊടുത്തു.
ബീഗം പറഞ്ഞു, ‘‘യൂസഫ് വരൂ. നിന്നോട് ചിലത് സംസാരിക്കാനുണ്ട്.’’ എല്ലാരും ഇരിക്കുന്നതും അമ്മ നിൽക്കുന്നതും കണ്ട് അയാൾക്ക് ദേഷ്യം വന്നിരുന്നു. ബീഗം വിളിച്ചതു കേട്ടില്ലെന്ന് നടിച്ചു. സ്വയം അടക്കി അമ്മ നിൽക്കുന്നു. താനുംനിന്നു. ഒരു കടയുടമയായ ബുദേൻ സാഹിബ് അവിടെ തങ്ങളെത്തിയതെന്തിനെന്ന് വെളിപ്പെടുത്തി. ‘‘ഇവിടെ, വീട്ടിലെന്തോ കുഴപ്പമുണ്ടെന്ന് നിന്റെ ഭാര്യ പറഞ്ഞു.’’
‘‘ഓഹോ കുഴപ്പമോ! അവളുടെ പരാതി തീർക്കാനാണ് ഇതെല്ലാം. ഇപ്പോഴെന്താണ് പുതിയതൊന്ന് എന്ന് അവൾ തന്നെ പറയട്ടെ.’’ അയാളുടെ വാക്കുകളിൽ വെളിപ്പെട്ട പുച്ഛം അവർ അറിഞ്ഞു. ‘‘അഖീല വരൂ. പറയാനുള്ളതൊക്കെ കെട്ടിയവന്റെ മുന്നിൽ വെച്ചുതന്നെ പറയൂ. അയാളുടെ മനംതെളിയണം. അതാണ് പ്രധാനം.’’ അവൾ തുടർന്നു. ‘‘നിങ്ങൾക്കെല്ലാർക്കും കാര്യമറിയാം. എല്ലാവരും എന്നെ ഉപദേശിക്കാറുമുണ്ട്. എങ്കിലും എന്റെ ബുദ്ധി നേരെയായില്ല. എന്റെ പോരു പൊറുക്കാനാവാതെ എന്റെ ഭർത്താവ് അമ്മയുടെ നിക്കാഹ് നടത്താൻ നിശ്ചയിച്ചു. നാളെയാണ്... എനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഞാനൊരുക്കമാണ്. അവരെ ഞാനെന്റെ പെറ്റമ്മയെ പോലെ കരുതിക്കൊള്ളാം.
നിങ്ങൾ എല്ലാവരും പഠിപ്പുള്ളവരാണ്. ഇൗ കുടുംബത്തെ നേർവഴിക്കാക്കിത്തരണം.’’ അവൾ കണ്ണീരൊഴുക്കി. യൂസഫ് ഷോക്കേറ്റ പോലെയായി. ഇത് ആ അഖീല തന്നെയോ? നാക്കെടുത്താൽ അമ്മയെ സവതിയെന്ന് ശകാരിച്ചിരുന്ന അഖീല! തീതുപ്പിക്കൊണ്ടിരുന്ന പെണ്ണ്! തന്റെ ഉറക്കംകെടുത്തിയവൾ! അഖീലയുടെ ‘നാടകം’ അയാളെ സ്തബ്ധനാക്കി. അമ്മയുടെ ഉള്ളിലുള്ളതെന്തായിരിക്കും? ഈ പുണ്യാളത്തി ചമയുന്ന അഖീല പുതിയ ഒരുവളാണ്... പഞ്ചായത്തുകൂടിയ ഇവരെല്ലാം തന്റെ വീട്ടിലെ വിള്ളലടയ്ക്കാൻ എത്തിയിരിക്കയാണ്. അമ്മയും മകനും അനങ്ങാതെ നിന്നു. അഖീല തുടർന്നു: ‘‘ഇനിയെന്തെങ്കിലും തെറ്റ് എന്നിൽനിന്നുണ്ടായാൽ എന്തു ശിക്ഷയും ഞാനേറ്റോളാം.’’
ബീഗം തുടർന്നു: ‘‘യൂസഫ്, ഒരു വീടായാൽ തർക്കങ്ങളുണ്ടാവും... അതൊക്കെ മറക്കണം. ഭാര്യയെ ഭരിക്കണം അമ്മയെ സംരക്ഷിക്കണം...’’ ബുദേൻ സാഹിബ് പൂരിപ്പിച്ചു. ‘‘അതാണ് കാര്യം. സവാരി ക്കാരന് കുതിരയെ മെരുക്കാൻ കഴിയണം.’’ മെഹബൂബ് ബി കണ്ണ് തെല്ലൊന്നുയർത്തി മകന്റെ നേരെ നോക്കി. അവന്റെ നെറ്റിയിൽനിന്ന് കണ്ണീരുപോലെ വിയർപ്പൊഴുകുന്നുണ്ട് എന്ന് തോന്നി. അവന്റെ മനസ്സ് അമ്മ വായിച്ചു. അവനൊരു പെൺകോന്തനായി ഭാര്യയുടെ ഏഷണികേട്ട് അമ്മയെ ഓടിക്കാൻ ഒരുങ്ങിയവനായി എല്ലാരും കരുതുന്നുവെന്ന വിചാരണം അവനെ അലട്ടുന്നുണ്ട്. ‘അമ്മ തന്റെ മുഖത്തു തുപ്പി അനുജന്റെ വീട്ടിലേക്ക് പോവാൻ തുനിഞ്ഞാലോ. അത് എന്നേക്കുമായുള്ള വേർപാടാവില്ലേ എന്ന് അവൻ ഓർക്കുന്നുണ്ടാവണം.’
അയാൾ നെറ്റിയിൽനിന്നൊഴുകുന്ന വിയർപ്പ് തുടച്ചുകൊണ്ട് വിങ്ങിവിങ്ങി പറയുന്നത് അവർ ഉള്ളിൽ കേട്ടു. അമ്മാ അമ്മാ എന്നെ നേരേ അറിയൂ. ഞാൻ അവളുടെ ദ്രോഹമൊഴിക്കാൻവേണ്ടി അമ്മയെ പുറത്താക്കുകയല്ല; അവളോട് പകരംവീട്ടുകയുമല്ല; അമ്മക്ക് കുറച്ച് സുഖമുണ്ടാകണമെന്ന് കരുതീട്ടാണ്... മറ്റൊന്നുമല്ല അമ്മ...’’ അയാളുടെ ഉള്ളിലെ ഇടിവെട്ടുകൾ അമ്മയുടെ ഉള്ളിൽ മുഴങ്ങി. അവൻ തളരുകയാണ്.
ആരും നിനയ്ക്കാത്ത വാക്കുകളാണ് പിന്നെ അവിടെ മുഴങ്ങിക്കേട്ടത്. ‘‘എന്തിനാണീ വെപ്രാളങ്ങളെല്ലാം? എനിക്ക് മനസ്സിലാവുന്നില്ല...’’ ഏത് മാലാഖയുടെ ശബ്ദമാണിത്? ശബ്ദം തുടർന്നു: ‘‘ശരിയാണ്. ഞാൻ നിക്കാഹ് കഴിക്കാൻ പോകുന്നു. അതിലെന്താണ് തെറ്റ്? എന്റെ മോൻ അതിനുവേണ്ടതെല്ലാം ചെയ്യുന്നു; എന്നോടുള്ള സ്നേഹംകൊണ്ട്. അവൻ എന്നെ കല്യാണപ്രായമായ കന്യയെപ്പോലെ കാണുന്നു. ഇതിൽ നിങ്ങളാരും വേവലാതിപ്പെടണ്ട. ഞാൻ വേറൊരു കുടുംബത്തെ നശിപ്പിക്കാൻ പുറപ്പെട്ടിരിക്കയല്ല. ഇതിലൊരു തെറ്റുമില്ല. നിങ്ങളെല്ലാരും ജമാഅത്ത് മുഴുവനും ഞങ്ങളോടൊപ്പം വേണം. നാളെ രാവിലെ എല്ലാരും കല്യാണത്തിനെത്തണം.’’
ഒരു തീമല പൊട്ടിത്തെറിക്കുംപോലെ പൊട്ടിത്തെറിക്കുന്നതിനുപകരം അമ്മയുടെ ഉള്ളിൽനിന്ന് വാക്കുകളുടെ ഒരു തേനരുവി ഒഴുകിയെത്തി.
ഇനി തങ്ങളുടെ ‘ഇടപെടൽ’ ആവശ്യമില്ലെന്ന് പറയാതെ പറയുന്ന ആ വാക്കുകൾ അവർ കേട്ടു. മെഹ്ബൂബ് ബി അവരുടെ വീട്ടിലേക്ക് നടന്നു. യൂസഫ് ബോധം വീണ്ടെടുത്തു. പഞ്ചായത്തിനെത്തിയവർ സ്ഥലം വിട്ടിട്ടില്ല. അയാൾ പതുക്കെ പറഞ്ഞു.
‘‘അഖീല, നിന്റെ മക്കൾ നിന്റെ നിക്കാഹ് നടത്തിത്തരുന്ന ഭാഗ്യം നിനക്കും ഉണ്ടാവട്ടെ.’’

ബാനു മുഷ്താഖ്
അഖീല ഇടിമിന്നലേറ്റപോലെയായി. അവൾ കരഞ്ഞു. ‘‘അയ്യോ എന്നെ അങ്ങനെ ശപിക്കരുതേ.’’ മുന്നയെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ തേങ്ങിത്തേങ്ങി കരയുകയായിരുന്നു. ആ ശാപം ഫലിച്ചാലോ എന്ന പേടിയാൽ ഉണ്ടായ മുറവിളി നാട്യമായിരുന്നില്ല. പഞ്ചായത്ത് കൂടാനിരുന്നവർ അന്യോന്യം കണ്ണുകൊണ്ട് സംസാരിച്ചു. പതുക്കെ എഴുന്നേറ്റ് നടന്നു. യൂസഫിന് അമ്മ പറഞ്ഞു കൊടുത്ത കഥയിലെ ഹത്തീം തായിയെ കഥ സമാപിക്കുമ്പോൾ ഓർക്കാതിരിക്കാൻ നമുക്കു കഴിയുമോ? ദേഹം വെടിഞ്ഞ ആ മാതൃഹൃദയം മകൻ വീണതു കണ്ടപ്പോൾ ‘‘അയ്യോ മോനേ! നിനക്ക് വേദനിച്ചോ’’ എന്നു ചോദിച്ചത് ഈ അമ്മയുടെ വാക്കുകളിലൂടെ നാം വീണ്ടും കേൾക്കുകയല്ലേ? അന്ന് കഥകേട്ട്, രാജകുമാരിയെ കൊല്ലാൻ തരിച്ച കൈകളും കരളും തന്നെയാണ് അഖീലയുടെ തലയിൽ ഇടിവെട്ടുപോലെ വീണ ആ ശാപവാക്കുകളിലുള്ളത്.
ഒരമ്മ മകന്റെ മനഃശാന്തിക്കുവേണ്ടി, അവന്റെ മാനം കാക്കാൻവേണ്ടി ഇതിനേക്കാൾ വലിയൊരു ത്യാഗം ചെയ്യാനുണ്ടോ? കല്യാണം ആ അമ്മക്ക് കരളറുത്തു കൊടുക്കൽ തന്നെയായിരുന്നു. കല്യാണം ആത്മഹത്യയുടെ ബദലാണ്. ഈ കല്യാണക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ഒരു കുരുക്കിൽ തൂങ്ങാനാണവർ നിശ്ചയിച്ചിരുന്നതെങ്കിലോ? അത് മകന്റെ കരളിലേക്ക് ഒരു തീമല ചൊരിയലാവുമായിരുന്നില്ലേ? തനിക്കെന്തും വരട്ടെ. മോന് എന്നേക്കുമായി മനഃശാന്തി നഷ്ടപ്പെട്ടുകൂടാ; അവന്റെ മാനം കാക്കണം. തന്നോടു ചോദിക്കാതെ അവൻ ഒരാൾക്കു വാക്കുകൊടുത്തതിൽ ആ അമ്മയുടെ മനസ്സ് കോപംകൊണ്ട് ആളിക്കത്തിയിരുന്നു. പക്ഷേ, പഞ്ചായത്തിനെത്തിയവരുടെ മുന്നിൽവെച്ച് അവന്റെ നെറ്റിയിൽനിന്നും ദേഹത്തിൽനിന്നും ഒഴുകിയ വിയർപ്പും കണ്ണീരും കണ്ടപ്പോൾ അമ്മമനസ്സ് അതിലലിഞ്ഞു.
അവൻ കൊടുത്ത വാക്കിന് തന്റെ നിലനിൽപ്പിനേക്കാൾ വലിയ വിലയുണ്ടാവണം. അവനെ പരിഹാസപാത്രമാക്കിക്കൂടാ. അതിലേറെ ആ അമ്മമനസ്സിനെ അലട്ടിയത് അവന്റെ മനസ്സിന്റെ പിടച്ചിലാണ്. എന്തുവന്നാലും വേണ്ടില്ല അവന്റെ മനസ്സിന് സ്വസ്ഥത വീണ്ടെടുത്തുകൊടുക്കണം. ആത്മഹത്യ ചെയ്യുന്നതിനു പകരം വീട്ടിൽനിന്നിറങ്ങി സഹോദരന്റെ വീട്ടിലേക്ക് പോകാമെന്ന് നിശ്ചയിച്ചാലും അത് അവന്ന് മനഃശാന്തിയുണ്ടാക്കില്ല. അവിടെ അമ്മായിയമ്മപ്പോരല്ല നാത്തൂൻ പോരാണ് തനിക്ക് നേരിടേണ്ടി വരാവുന്നത് –അതോർത്ത് അവന്റെ മനസ്സ് പിടച്ചുകൊണ്ടിരിക്കും. ആത്മഹത്യയോ ഇറങ്ങിപ്പോക്കോ ഒന്നും പരിഹാരമല്ല.
കല്യാണം കരളറുത്തു കൊടുക്കൽ തന്നെ. ഹത്തീംതായിയെപ്പോലെ താനും ആ വാളിന്ന് കഴുത്തുവെച്ചു കൊടുത്തേ പറ്റൂ. കല്യാണം തനിക്ക് അഭിമതം തന്നെയെന്ന നാടകം കളിച്ചാൽ അത് അവന്ന് മനസ്സിൽ കുളിരു പകരും. ഈ തീരുമാനമെടുക്കാൻ വളരെക്കുറച്ചു നേരമേ വേണ്ടിവന്നുള്ളൂ. എന്തെന്നാൽ ഒരായുസ്സു മുഴുവൻ അവന്റെ സുഖത്തിനുവേണ്ടി മാത്രം ജീവിച്ചവളാണ് ആ അമ്മ. വിധവയായ കാലത്ത് രണ്ടാംകെട്ടിനെപ്പറ്റി പറഞ്ഞവരുടെ നേർക്ക് അവർ തീ തുപ്പി. ആ തീ തന്നെയാണ് ഇപ്പോൾ തണുത്ത നിലാവിന്റെ പാലായി ഒഴുകിയത്. ‘‘നാഴൂരി പാലുകൊണ്ടു നാടാകെ കല്യാണം.’’ ‘അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴും പേടിവേണ്ട’ എന്ന പഴംചൊല്ലിൽ പതിരൊട്ടുമില്ല തന്നെ.
ഒരമ്മയുടെ ആത്മത്യാഗ സന്നദ്ധതയുടെ ചിത്രത്തിൽ മേളിപ്പിച്ച വർണങ്ങളും വരകളും വാഴ്ത്തപ്പെടേണ്ടവ തന്നെ. അതിന് ആവശ്യമായ സർജനശക്തി അതുല്യവും അപാരവുമാണ്. ഈ അമ്മ മനുഷ്യരുണ്ടാക്കിയ ജാതി, മതം, വർഗം, വർണം മുതലായ എല്ലാ വിഭാജകശക്തികൾക്കും അതീതമാണ്. മായാത്ത ഈയൊരൊറ്റ അമ്മച്ചിത്രംകൊണ്ട് അത് വരച്ചവൾ വിശ്വചിത്രകാരന്മാരോടൊപ്പമിരിക്കാൻ അർഹത നേടിയിരിക്കുന്നു.
