Begin typing your search above and press return to search.
proflie-avatar
Login

ഹൃദയദീപം

ഹൃദയദീപം
cancel

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. പരമ്പരയിലെ അവസാനത്തേതും എട്ടാമത്തേതുമായ ലേഖനം. മെഹ്റൂൺ പാതി അടഞ്ഞുകിടന്നിരുന്ന വാതിൽ തുറന്ന് ഒരു കാൽ വീട്ടിനുള്ളിൽ വെക്കുമ്പോൾ, ദിവാൻകട്ടിലിൽ കിടക്കുകയായിരുന്ന ബാപ്പയോട് ഏറ്റവും മൂത്ത ചേട്ടൻ എന്തോ താഴ്ന്ന സ്വരത്തിൽ പറയുകയായിരുന്നു. അവളെ കണ്ട ഉടനെ മിണ്ടാട്ടം നിർത്തി. രണ്ടാം ചേട്ടന്റെ മകൾ റസിയ അകത്തുനിന്നോ ടിയെത്തി. അവൾ വിളിച്ചുപറഞ്ഞു: ‘‘മെഹ്റൂൺ ഏച്ചു വന്നു... മെഹ്റൂൺ ഏച്ചു വന്നു.’’ അവളുടെ ബാപ്പ അമാൻ ചേട്ടൻ, കൈയിൽ ബ്രഷും മുഖത്ത്...

Your Subscription Supports Independent Journalism

View Plans
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. പരമ്പരയിലെ അവസാനത്തേതും എട്ടാമത്തേതുമായ ലേഖനം.

മെഹ്റൂൺ പാതി അടഞ്ഞുകിടന്നിരുന്ന വാതിൽ തുറന്ന് ഒരു കാൽ വീട്ടിനുള്ളിൽ വെക്കുമ്പോൾ, ദിവാൻകട്ടിലിൽ കിടക്കുകയായിരുന്ന ബാപ്പയോട് ഏറ്റവും മൂത്ത ചേട്ടൻ എന്തോ താഴ്ന്ന സ്വരത്തിൽ പറയുകയായിരുന്നു. അവളെ കണ്ട ഉടനെ മിണ്ടാട്ടം നിർത്തി. രണ്ടാം ചേട്ടന്റെ മകൾ റസിയ അകത്തുനിന്നോ ടിയെത്തി. അവൾ വിളിച്ചുപറഞ്ഞു: ‘‘മെഹ്റൂൺ ഏച്ചു വന്നു... മെഹ്റൂൺ ഏച്ചു വന്നു.’’ അവളുടെ ബാപ്പ അമാൻ ചേട്ടൻ, കൈയിൽ ബ്രഷും മുഖത്ത് സോപ്പുപതയുമായി വന്നു, കാണുന്നത് വിശ്വസിക്കാനാവാത്തപോലെ നിന്നു. മൂത്ത നാത്തൂൻ കുട്ടികളെ പാടുംപോലെ ഖുർആൻ ചൊല്ലിപ്പഠിപ്പിക്കുന്നത് നിർത്തി ഇരിപ്പുമുറിയിലെത്തി. തട്ടം ഊർന്നുവീഴുന്നതറിയാതെ, മെലിഞ്ഞ കൈയിൽ ജപമാലയുടെ മണികളുരുട്ടിക്കൊണ്ട് അമ്മ ‘‘നേരാണോ നേരാണോ’’ എന്നു ചോദിച്ചുകൊണ്ടെത്തി. അനുജത്തിമാർ റഹാനയും സബീഹയും വാതിലിനു പിറകിൽനിന്നു നോക്കി, അടുക്കളയിൽ ചപ്പാത്തി തവയിൽ കരിയുന്നതോർക്കാതെ.

വീടാകെ സ്തംഭിച്ച നിലയിലായി. ഒമ്പതുമാസം അവളെ വയറ്റിൽ പേറി പെറ്റു പോറ്റിയ അമ്മയോ അവളെ നെഞ്ചേറ്റി ലാളിച്ച ബാപ്പയോ എന്റെ കൊച്ചുമാലാഖയെന്നും മറ്റും താലോലിച്ചിരുന്ന ചേട്ടനോ അവളെ കോളജിലയച്ച് പഠിപ്പിക്കണമെന്ന് വാശിപിടിച്ച ചേട്ടൻ അമാനോ... ആരുംതന്നെ ഉരിയാടിയില്ല. അവളുടെ രണ്ട് നാത്തൂന്മാർ മറ്റേതോ ഗ്രഹത്തിൽനിന്നെത്തിയവളെന്നപോലെ നോക്കിനിന്നു. അവളുടെ കൈക്കുഞ്ഞ് കീറിക്കരഞ്ഞപ്പോഴാണ്, എല്ലാരും ചുറ്റുപാടിലേക്കുണർന്നത്. മൂത്ത ചേട്ടൻ ചോദിച്ചു: ‘‘ഇനായത്ത് എവിടെ?’’ അവൾ മെല്ലെ പറഞ്ഞു: ‘‘ടൗണിലുണ്ട്.’’ ‘‘ആരുടെ കൂടെയാണ് നീ വന്നത്?’’ ‘‘ഒറ്റയ്ക്ക്.’’ ‘‘ഒറ്റയ്ക്കോ?’’ എല്ലാവരും സ്തംബ്ധരായി. ‘‘ഫാറൂഖ് അവളെ അകത്തേക്ക് കൊണ്ടുപോ,’’ ചേട്ടൻ വിളിച്ചുപറഞ്ഞു. അവൾ ബാപ്പ കിടന്നിരുന്ന കട്ടിലിന്റെ ഒരു മൂലക്കിരുന്നു. നിക്കാബ് തെല്ലുനീക്കി കുഞ്ഞിനെ പാലൂട്ടാൻ. അവളുടെ വയറു കത്തുകയായിരുന്നു. തലേന്ന് രാത്രി മുതൽ ഒന്നും കഴിച്ചിരുന്നില്ല. ‘‘മെഹർ നീ വീട്ടിലാരോടെങ്കിലും പറഞ്ഞിട്ടാണോ പോന്നത്? ‘‘അല്ല.’’ ‘‘നീ ഞങ്ങളെ മാനംകെടുത്താൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണോ?’’ ‘‘ആരോടാണ് ഞാൻ പറയേണ്ടത്? ഒരാഴ്ചയായി അയാൾ വീട്ടിൽ ഇല്ല. എങ്ങോട്ടാണ് പോവുന്നതെന്ന് പറഞ്ഞില്ല. ഞാൻ നിങ്ങളെയൊക്കെ അറിയിച്ചില്ലേ? നിങ്ങൾ ഞാൻ ചത്തോ, ജീവിച്ചിരിപ്പുണ്ടോ എന്നു നോക്കിയോ?’’

‘‘അയാൾ ഏതോ നഴ്സി​ന്റെ കൂടെ പോയിരിക്കുന്നെന്ന് നീ എഴുതി. ശരിയാണ്. ഞങ്ങളതു വിശ്വസിക്കണോ?’’

‘‘നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ അവിടെ വന്നുനോക്കാഞ്ഞതെന്താ?’’ അവർ ഒരുമിച്ചു വിലസുന്നതു കണ്ടവരുണ്ട്. ഞങ്ങൾ അവിടെ വന്ന് അവനെ കണ്ടിട്ടെന്തു ചെയ്യാനാ? ശരിയാണ് എന്നയാൾ പറഞ്ഞാൽതന്നെ ഞങ്ങളെന്തു ചെയ്യും? പള്ളിയിൽ പരാതി കൊടുക്കണോ? ‘‘ശരിയാണ്, ഒരു തെറ്റുപറ്റി. ഞാൻ അവളെ മുസ്‍ലിം ആക്കാം. നിക്കാഹ് ചെയ്യാം എന്നവൻ പറഞ്ഞാലെന്തുചെയ്യും. അവൾ നിന്റെ സവതി (സപത്നി)യാകും. അത്രതന്നെ. ‘‘എനിക്കിവൾ വേണ്ട, മെഹ്റൂൺ എന്ന പെണ്ണിനെ തലാഖ് ചൊല്ലുകയാണെന്ന് പറഞ്ഞാൽ ഞങ്ങളെന്തു ചെയ്യാനാ?’’

‘‘അപ്പോൾ നിങ്ങളാരും ഒന്നും ചെയ്യില്ലെന്നർഥം.’’ ആരുമൊന്നും മിണ്ടിയില്ല; അവൾ തുടർന്നു: ‘‘ഞാൻ നിങ്ങളുടെ കാൽക്കൽ വീണുകേണു എനിക്കിപ്പോൾ കല്യാണം വേണ്ട. ഞാൻ ബുർക്കയിട്ടുകൊണ്ട് കോളജിൽ പോകാം. എനിക്ക് പഠിപ്പു തുടരണം. നിങ്ങൾ വകവെച്ചുവോ? എന്റെ ഒപ്പം പഠിച്ചവർ പലരും ഇനിയും കല്യാണം കഴിച്ചിട്ടില്ല. ഞാനൊരു കിഴവി ആയിക്കഴിഞ്ഞു. അഞ്ചു മക്കളായി അവരുടെ തന്ത മറ്റൊരുത്തിയുടെ കൂടെ വിലസി നടക്കുന്നു. ഒരാണൊരുത്തൻ ‘ഹറാം’ ചെയ്തു വിലസുമ്പോൾ നിങ്ങളാരും അയാളെ ചോദ്യംചെയ്യാനില്ല.

അവളുടെ അമ്മ, ‘‘മതി മെഹർ മതി’’ എന്നു തലയാട്ടി കണ്ണടച്ചു. ‘‘അമ്മാ എനിക്കും മതിയായി.’’ ‘‘അവർ രണ്ടുപേരും ഒരുമിച്ച് ഹോട്ടലുകളിൽ പോകുന്നു. സിനിമക്ക് പോകുന്നു. അവളുടെ വീട്ടിൽ താമസിക്കുന്നു. ആളുകൾ എതിർത്തുനിന്നപ്പോൾ അയാൾ ബംഗളൂരുവിൽ പോയി. ആയിക്കണക്കിന് ചെലവാക്കി അവൾക്ക് സ്ഥലംമാറ്റം ശരിപ്പെടുത്തി. ഇപ്പോൾ അവളോടൊപ്പം കഴിയുന്നു. ഞാനെന്താണ് വേണ്ടത്? എങ്ങനെ കഴിഞ്ഞുകൂടും?’’ അമ്മ പറഞ്ഞു, ‘‘ക്ഷമിക്ക് മോളെ. അയാളെ സ്നേഹിച്ച് നേർവഴിക്ക് കൊണ്ടുവരണം.’’

‘‘അമ്മാ എങ്ങനെയാണ് സ്നേഹിക്കുക. എനിക്കുമില്ലേ ഒരു ഹൃദയം? അയാൾ വരുന്നില്ല. മൊഴി ചൊല്ലുന്നുമില്ല. എങ്ങനെയാണ് ഞാൻ ആ വീട്ടിൽ കഴിഞ്ഞുകൂടുക.

സ്നേഹിക്കുക! എനിക്കയാളോട് വെറുപ്പാണ്. മൊഴിചൊല്ലുകയാണ് ഭേദം.’’

‘‘മെഹർ നീയെന്താണ് പറയുന്നത്? അയാളൊരു ആണാണ്. ചളിയിൽ​ ചവിട്ടിയെന്നു വരും. വെള്ളം കണ്ടാൽ കഴുകും. ചളി ഒട്ടിനിൽക്കില്ല.’’

അമാൻ ഇടപെട്ടു. ‘‘ഇവൾ നമ്മളുടെ നേരെ നിന്ന് ഇങ്ങനെ പറയുംപോലെ അയാളോടും പറഞ്ഞിരിക്കും. അങ്ങനെ കോപിച്ച് ഇറക്കിവിട്ടതാവും. ഈ വീട്ടിലെ മരുമക്കളും ഇതൊക്കെ കേട്ടുപഠിച്ചാൽ കേമമാവില്ലേ?’’

അതുവരെ കരയുകയായിരുന്ന മെഹ്റൂൺ ഭാവം മാറ്റി. ‘‘അണ്ണാ, വാദം നന്നായി. അല്ലാഹു കാക്കട്ടെ. ഞാൻ ഒരു ചീത്തപ്പെണ്ണുതന്നെ. എന്റെ ചീത്തത്തം എന്തെന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. ബുർഖ ഉപേക്ഷിക്കണമെന്നും പൊക്കിളും കാട്ടി സാരിയുടുത്തു നടക്കണമെന്നും അയാളെന്നെ നിർബന്ധിച്ചു. നിങ്ങളെന്നെ പഠിപ്പിച്ചത് ബുർഖയിട്ടു നടക്കാനാണ്. അത് ഉപേക്ഷിച്ചാൽ നഗ്നയായതുപോലെയാണെനിക്കു തോന്നുക. തട്ടം ഉയർന്നുപോവാതിരിക്കണമെന്നല്ലേ നിങ്ങൾ പഠിപ്പിച്ചത്. അയാൾ ആവശ്യപ്പെടുംപോലെ അഴിഞ്ഞാടാൻ എന്നെ ക്കൊണ്ടായില്ല. അതുകൊണ്ടാവും അഴിഞ്ഞാട്ടക്കാരിയെ അയാൾ കണ്ടെത്തിയത്. അയാൾ ഉപേക്ഷിച്ചാൽ ഞാൻ നിങ്ങൾക്കൊക്കെ ഭാരമാവുമെന്നു കരുതിയിട്ടല്ലേ ഇപ്പോൾ എല്ലാം സഹിക്കാനു​പദേശിക്കുന്നത്? എങ്ങനെ സഹിക്കണമെന്നാണ് പറയുന്നത്? ആ നരകത്തിൽ ഉരുകാനാവില്ല. ഞാൻ കൂലിപ്പണിയെടുത്തു കഴിഞ്ഞോളാം നിങ്ങൾക്കാർക്കും ഭാരമാവില്ല.’’

അമ്മ പറഞ്ഞു: ‘‘ഒരു വള്ളിക്കും കായ ഭാരമാവില്ല മോളേ.’’ മൂത്ത ചേട്ടൻ പറഞ്ഞു: ‘‘അമ്മാ അകത്തു കൊണ്ടുപോയി അവൾക്കെന്തെങ്കിലും കഴിക്കാൻ കൊടുക്ക്. പത്തു മിനിറ്റിനുള്ളിൽ ഇവളെയും കൂട്ടി ചിക്കമഗളൂരിൽ പോണം. ബസ് കിട്ടിയില്ലെങ്കിൽ ടാക്സി പിടിക്കും. ഇവളുടെ താളത്തിന് തുള്ളാനാവില്ല.’’ മെഹർ ചൊടിച്ചു. ‘‘ഞാനൊരു തുള്ളി വെള്ളം നിങ്ങളുടെ വീട്ടിൽനിന്നു കുടിക്കില്ല. ചിക്കമഗളൂർക്ക് പോകയുമില്ല. എന്നെ കൊണ്ടാക്കുകയാണെങ്കിൽ ഞാൻ തീ കൊളുത്തിചാവും.’’

അയാൾ പറഞ്ഞു: ‘‘മെഹർ. ഇത് കുറേയേറുന്നു. ചാവാൻ ഒരുക്കമുള്ളവർ അതു പറഞ്ഞു നടക്കാറില്ല. നിനക്ക് ഈ വീട്ടിന്റെ മാനത്തെപ്പറ്റി വിചാരമുണ്ടെങ്കിൽ നീ അതു ചെയ്യുകയായിരുന്നു വേണ്ടത്? ഇങ്ങോട്ടു വരുകയല്ല. നിനക്ക് ഹൈസ്കൂളിൽ പഠിക്കുന്ന ഒരു മോളുണ്ട്. നിന്റെ രണ്ട് അനുജത്തിമാർ കല്യാണപ്രായമായി നിൽക്കുകയാണ്. നിന്റെ നടപടി തെറ്റിയാൽ അവരാണതിന്റെ ഫലമനുഭവിക്കേണ്ടി വരിക. നിന്റെ കൊള്ളരുതാത്ത വാക്കുകൾ കേട്ട് ഞങ്ങൾ നിന്റെ കെട്ടിയവനോട് പോരിനിറങ്ങണം. അല്ലേ? ഞങ്ങൾക്കുമുണ്ട് ഭാര്യമാരും കുട്ടികളും. അകത്തു പോ. എന്തെങ്കിലും കഴിക്ക്. അയാൾ അനുജന്റെ നേരെ നോക്കി. അമാൻ! ഓടിപ്പോയി ഒരു ടാക്സി കൊണ്ടുവാ. മെഹർ നിന്റെ മക്കളോ അയൽക്കാരോ ചോദിച്ചാൽ കുഞ്ഞിനെയുംകൊണ്ട് ആസ്പത്രയിൽപോയി എന്നോ മറ്റോ പറഞ്ഞാൽ മതി. എത്ര മണിക്കാണ് നീ അവിടെനിന്ന് ഇറങ്ങിയത്?’’ അവൾ മിണ്ടിയില്ല.

‘ഇപ്പോൾ മണി ഒമ്പത് മുപ്പത്,’’ അമാൻ പറഞ്ഞു. അവളെത്തിയത് ഒമ്പതിന്. മൂന്നു മണിക്കൂർകൊണ്ടേ ഇവിടെ എത്തൂ. ആറു മണിക്ക് ഇറങ്ങിയിരിക്കണം. ഇപ്പോൾ പുറപ്പെട്ടാൽ പന്ത്രണ്ടരക്കവിടെ എത്താം’’

മെഹ്റൂൺ ഇരുന്നിടത്തുനിന്നനങ്ങിയില്ല. അമ്മയും അനിയത്തിമാരും അവളെ എന്തെങ്കിലും കഴിക്കാൻ നിർബന്ധിച്ചു. അവൾ വഴങ്ങിയില്ല. ഒന്നും മിണ്ടിയില്ല. അവൾ കുഞ്ഞിനെ നെഞ്ചിലടക്കി പടിയിറങ്ങുമ്പോൾ ആരോടും മിണ്ടിയില്ല. ഒടുക്കത്തെ പടിയിറങ്ങുമ്പോൾ താൻ പിറന്നുവളർന്ന ആ വീടിനെ ഒന്നു തിരിഞ്ഞുനോക്കി. കണ്ണീരൊഴുകിക്കൊണ്ടിരുന്നു.

അവളുടെ ബാപ്പ ചുമച്ചുംകൊണ്ട് നെഞ്ചു തിരുമ്മി, അമ്മ തേങ്ങിക്കരഞ്ഞു. ഭർത്താവിന് വീശി​ക്കൊടുത്ത്, കിടത്തി വെള്ളം തളിച്ചു. അവർ പ്രാർഥിച്ചു: ‘‘അള്ളാ ഞാൻ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മോളെ കാക്കണേ!’’

അമാൻ കാറിന്റെ ഡോർ തുറന്നു. അവളുടെ നേരെ കണ്ണുകാട്ടി അകത്തുകടക്കാൻ. ചേട്ടൻമാരെ ഒരുകാലത്തു വാഴ്ത്തിയവൾ. ഭർത്താവിനോട് കയർക്കേണ്ടിവരുമ്പോൾ എനിക്ക് സിംഹങ്ങളെപ്പോലുള്ള ആങ്ങളമാരുണ്ടെന്ന് മേനിപറഞ്ഞവൾ. അവളുടെ ആ വിശ്വാസത്തിന്റെ പെരുമലയാണിപ്പോൾ

ഇടിഞ്ഞുതകർന്നു വീണിരിക്കുന്നത്. അവരാണിപ്പോൾ തന്നോടു പറയുന്നത്: ‘‘ഈ വീടിന്റെ മാനംകാക്കണമെന്നുണ്ടെങ്കിൽ നീ തീകൊളുത്തിച്ചാവേണ്ടതായിരുന്നു’’ എന്ന്. പിന്നെ അവൾ അമ്മയെയോ വീടിനെയോ തിരിഞ്ഞുനോക്കിയിട്ടില്ല. കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ചുണ്ട് കടിച്ചുപിടിച്ച് തേങ്ങലടക്കിക്കൊണ്ട് അവൾ കാറിൽ കയറിയിരുന്നു.

ആരും ഒന്നും മിണ്ടിയില്ല. വീട്ടുകാര്യങ്ങൾ ഡ്രൈവർ കേൾക്കാവതല്ല. അവൾ തന്റെ അന്നേവരെയുള്ള അനുഭവങ്ങളിലേക്ക് ഉൗളിയിട്ടു. ഇനായത്ത് ഇത്രയും കാലം അവളെക്കൊണ്ടു പന്താടുകയായിരുന്നു, പതിനാറു കൊല്ലം. ചില​​പ്പോളയാൾ ആക്രോശിച്ചു. നീയൊരു ശവംപോലെയാണ്. നി​ന്നെക്കൊണ്ടെന്തു സുഖമാണെനിക്ക് കിട്ടിയത്? നിനക്കു ഞാൻ ഉണ്ണാനും ഉടുക്കാനും തന്നിട്ടില്ലേ? ആരാണെന്നെ തടുക്കാൻ? എന്നെ സുഖിപ്പിക്കാൻ കഴിവുള്ള ഒരുവളുടെ ഒപ്പം ഞാൻ പോകും...’’

കാറ് പെട്ടെന്നു നിന്നു. വീട്ടിനു മുന്നിൽ. വാതിൽക്കൽനിന്ന് ഒരു പതിനാറുകാരി പെൺകുട്ടി ഓടിവന്നു. ‘‘അമ്മീ! മടങ്ങി വന്നല്ലോ. ഞാൻ എന്തു വിഷമിച്ചെന്നോ!’’ അവൾ അമ്മയുടെ മാറിൽനിന്ന് കുഞ്ഞിനെ എടുത്ത് നെഞ്ചത്തടക്കി വീട്ടിലേക്കു കയറി. മെഹറൂൺ പതുക്കെ പടികയറി. മ​റ്റാരുമില്ല. കുട്ടികൾ സ്കൂളിൽ പോയിരുന്നു. മൂത്തവൾ സൽമ കാത്തിരിക്കയായിരുന്നു. അമ്മയുടെ കൂടെ മാമൻമാരെയും കണ്ടപ്പോൾ അവൾക്ക് തെല്ലാശ്വാസം തോന്നി. അവർ ‘‘ആ പെണ്ണിനെ മുടിക്കുപിടിച്ച് വലിച്ചോടിക്കും.’’ അവൾ കരുതി. അവൾ മാമന്മാർക്ക് ചായയുണ്ടാക്കിക്കൊണ്ടുവന്നു-പലഹാരവും.

മെഹറൂൺ മുറിയിൽ പോയി കിടന്നു. സൽമ അകത്തുവന്ന് അമ്മയുടെ കണ്ണീർ തുടച്ചു. നിർബന്ധിച്ച് കുറച്ച് ഭക്ഷണം കഴിപ്പിച്ചു. പുറത്തുനിന്ന് ബാപ്പയുടെ ഒച്ചകേട്ടു. തിരിച്ചോടിവന്ന് അ​മ്മയോട് പറഞ്ഞു, ‘‘അമ്മീ അമ്മീ? ബാപ്പ വന്നിണ്ടുണ്ട്. മെഹറൂൺ കേട്ടതായി ഭാവിച്ചില്ല. ബാപ്പ ചോദിക്കുന്നതു സൽമ കേട്ടു. ‘‘ഭയ്യാ എപ്പ വന്നു?’’ ‘‘ഇതാ ഇപ്പോൾതന്നെ.’’ അമാൻ ചോദിച്ചു, ‘‘ഇനായത്ത് ഭയ്യാ എവിടെ പോയിരുന്നു?’’ ‘‘ചില ചില്ലറ പണിയുണ്ടായിരുന്നു.’’ അയാൾ സൽമയെ വിളിച്ചു ചോദിച്ചു. സൽമാ അമ്മയെവിടെ? ആരാണ് വന്നിരിക്കുന്നതെന്നു നോക്ക്. അമ്മയെ ഇങ്ങോട്ടുവിളിക്ക്.’’ എവിടെ പോയി അവൾ?

ഞാൻ പോയി വിളിക്കാം. ഉള്ളിൽ കയറി അയാൾ സൽമയോട് പതു​െക്ക ചോദിച്ചു. ഇവരെപ്പോൾ വന്നു? ‘‘മാമന്മാർ ഇപ്പോഴെത്തിയ​തേയുള്ളൂ.’’ സൽമ തഞ്ചത്തിൽ പറഞ്ഞു. ‘‘അമ്മ എണീറ്റിട്ടില്ല.’’ ‘‘ഇനീം ഉണർന്നിട്ടില്ലേ? എന്തുപറ്റി?’’ കിടപ്പറയുടെ വാതിൽക്കലെത്തി നോക്കി. മെഹ്റൂൺ ചുരുണ്ടുകിടക്കുകയാണ്. പുതപ്പും വലിച്ചുകയറ്റി അയാൾ സൽമയെ വിളിച്ചു. ‘‘സൽമാ അവളോട് ഈ നാടകമൊക്കെ നിർത്താൻ പറ. എന്നെ ഉപദേശിക്കാൻ ആങ്ങളമാരെ വിളിച്ചുവരുത്തിയതാണെങ്കിൽ അത് കഴുത്തിൽ കുരുക്കിടലാവുമെന്ന് പറഞ്ഞേക്ക്. മൂന്നുതവണ തലാഖ് പിന്നെ അവളുടെ ഇളയ പെണ്ണുങ്ങളുടെയും മക്കളുടെയും നിക്കാഹ് എങ്ങനെ നടക്കുമെന്ന് ഓർക്കാൻ പറയ്... നേരം ഉച്ചയായി. ഇറങ്ങിവന്ന് ആങ്ങളമാർക്ക് കോഴിയിറച്ചിയോ ആട്ടിറച്ചിയോ എന്താണ് കഴിക്കാൻ വേണ്ടതെന്നു ചോദിക്കാൻ പറയ്’’.

 

ബാനു മുഷ്താഖ് ബുക്കർ പുരസ്കാരവുമായി

അയാൾ പുറത്തേക്ക് ചെന്നു. അവർ ആ വീട്ടിൽ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. കശ്മീരിലെ തെരഞ്ഞെടുപ്പിനെപ്പറ്റിയും മറ്റും. പിന്നെ മൊഹല്ലയിലെ ഒരു മുസ്‍ലിം പെൺകുട്ടി ഒരു ഹിന്ദുവിനെ രജിസ്റ്റർ കല്യാണം കഴിച്ച കഥയും മറ്റും മറ്റും. അടുക്കളയിൽനിന്ന് പ്രഷർകുക്കറിന്റെ വിസിലും മിക്സിയുടെയും ശബ്ദം ഉയർന്നു. മസാലയുടെ മണം വന്നു. അമ്മയും മകളുംകൂടി വേഗം ഭക്ഷണമൊരുക്കി. സൽമയാണന്നെല്ലാർക്കും വിളമ്പിക്കൊടുത്തത്. മെഹ്റൂൺ അടുക്കളയിൽനിന്ന് പുറത്തുവന്നത് ഒന്നോ രണ്ടോ തവണമാത്രം. വിഭവങ്ങളോടുകൂടിയ ഊണു കഴിച്ച് മുറുക്കി ആങ്ങളമാർ പുറപ്പെട്ടു. പോകുംമുമ്പ് അമാൻ അടുക്കള വാതുക്കൽ വന്നു പറഞ്ഞു. ‘‘ഒരിത്തിരി തന്റേടത്തോടെ പെരുമാറ്. ഞാൻ അടുത്തയാഴ്ച വരാം. കുറച്ചുനാളത്തേക്കേ ഇങ്ങനെയൊക്കെയുണ്ടാവൂ. അയാൾ വീണ്ടും പഴയപോലെയാവും. നീ നിന്റെ ചുമതലകൾ മറക്കരുത്. എന്തെല്ലാം കുഴപ്പങ്ങളാണ് ഓരോ സ്ത്രീകൾക്കുണ്ടാവുന്നത്. കുടിച്ചു ലക്കില്ലാതെ എല്ലാം തുലക്കുന്നവരില്ലേ? നിനക്ക് അത്തരം വിഷമങ്ങളൊന്നുമില്ലല്ലോ. അതൊക്കെ ഓർക്കുമ്പോൾ നീ ഭാഗ്യമുള്ളവളാണ്. അതിന് അല്ലാഹുവിനോടു നന്ദി പറയണം. അയാൾ ചുമതലയില്ലാത്തപോലെ കുറച്ചുനാൾ നടന്നു. അ​േത്രയുള്ളൂ. അതൊക്കെ നേരെയാക്കേണ്ടത് നീയാണ്.’’

ഉദാരമായ ഉപദേശങ്ങൾ കൊടുത്ത് ആങ്ങളമാർ സ്ഥലംവിട്ടു. പിന്നാലെ അയാളും. സൽമ അമ്മയെ നോക്കി നെടുവീർപ്പിട്ടു. മാമന്മാർ അമ്മയെ ആശ്വസിപ്പിക്കാൻ ഒന്നും ചെയ്തില്ല. അമ്മയുടെ ഉള്ളിലെരിയുന്ന തീയിന്റെ ചൂട് അവളറിഞ്ഞു. ബാപ്പ ഇറങ്ങിപ്പോയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞൊഴുകി. വീട് ഇരുട്ടിലാണ്. സ്കൂളിൽനിന്നു തിരിച്ചെത്തിയ കുട്ടികൾക്കുപോലും അൽപം തെളിച്ചമുണ്ടാക്കാനായില്ല. നേരം ഇരുട്ടി. വിളക്കു കൊളുത്തി മെഹ്റൂണിന്റെ ഹൃദയദീപം അണഞ്ഞുകഴിഞ്ഞിരുന്നു. എന്തിന് ജീവിക്കണം? ആർക്കുവേണ്ടി? സൽമയുടെ രണ്ടു കണ്ണുകൾ അമ്മക്കു കാവലായി അടുത്തുള്ളതുപോലും അവളുടെ ഉള്ളിൽ പതിഞ്ഞില്ല. പത്താം ക്ലാസ് പരീക്ഷ അടുത്തിരിക്കുന്നു. അവൾക്ക് പഠിക്കാനുണ്ട്. പക്ഷേ, അമ്മയെപ്പറ്റിയുള്ള വേവലാതി മൂലം വായനയിൽ മനസ്സു നിൽക്കുന്നില്ല.

മെഹ്റിന് ഉറങ്ങാനാവുന്നില്ല. അവളോർക്കുകയായിരുന്നു. പിറന്ന വീട്ടിലും അവൾക്കു പോരടിക്കേണ്ടിവന്നില്ലേ? ബി.കോം. രണ്ടാംവർഷ പരീക്ഷയുടെ ഒരു മാസംമുമ്പാണ് ഇനായത്തുമായുള്ള നിക്കാഹ് നിശ്ചയിച്ചത്. അവൾ കരഞ്ഞു. എല്ലാരുടെയും കാലുപിടിച്ചു; പരീക്ഷക്കിരിക്കാൻ സമ്മതിക്കണമെന്നിരന്നുംകൊണ്ട്. ഒരാളും കേട്ടതായി ഭാവിച്ചില്ല. നിക്കാഹ് കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ അവൾ അയാളോടും കെഞ്ചി പരീക്ഷക്കിരിക്കാൻ സമ്മതിക്കണമെന്ന്. അയാളതു ചിരിച്ചുതള്ളി. അയാൾ പറഞ്ഞു: നീയെന്റെ കൂടെയില്ലാതെ എനിക്കു ശ്വസിക്കാൻ പോലുമാവില്ല. കണ്ണേ! കരളേ! ഓമനേ! എന്നൊ ക്കെ വിളിച്ചു താലോലിച്ചു.’’ അന്ന് ആ സ്നേഹം ഉള്ളിൽ തട്ടിയതാണെന്നുതന്നെ താൻ വിശ്വസിച്ചു. നീയെന്റെ കൂടെയില്ലാഞ്ഞാൽ എന്റെ ശ്വാസം നിലക്കുമെന്നു പറഞ്ഞത് നേരു​തന്നെയെന്നുപോലും തോന്നി. അയാളുടെ ഇഷ്ടങ്ങൾക്കെല്ലാം ഒത്തുനിന്നു. അയാളുടെ ഹൃദയത്തിലെ വിളക്കുതന്നെയാണ് താൻ എന്നവൾ നിനച്ചു.

ഒരുകൊല്ലം മുമ്പ് അയാളുടെ ബാപ്പയും അമ്മയും യാത്രയായി. അയാൾ മുഴുവനായും തന്റേതായെന്നവൾ കരുതി. നാത്തൂന്മാരും ഭർത്താക്കന്മാരും അവരുടെ വഴിക്കുപോയി. തന്റേതു മാത്രമായി വീട് എന്ന് അവൾ കരുതി. എങ്കിലും ഏറക്കുറെ ഒരു കിഴവിയായിക്കഴിഞ്ഞിരിക്കുന്നു. പ​ക്ഷേ, ഇനായത്ത് അങ്ങനെ കരുതുംപോലെ പെരുമാറിയിരുന്നില്ല. ആ പെണ്ണിനെ കണ്ടുമുട്ടിയതോടെയാണ് അയാൾക്ക് തലതിരിഞ്ഞത്, അപ്പന്റിസൈറ്റിസിനുള്ള ഓപറേഷന്റെ കാലത്ത്.പ്രായം മുപ്പത് കഴിഞ്ഞു മുന്നോട്ടായിരുന്നെങ്കിലും തൊലിമിനുപ്പും കൺതിളക്കവും ഉള്ള അവളെ ‘സിസ്റ്റർ’ എന്ന് വിളിക്കാതെ അയാൾ പേരു വിളിച്ചു. അവളെ കണ്ടതിനു ശേഷമാണ് തന്റെ ഇടിഞ്ഞുതൂങ്ങിയ വയറും അയാളുടെ കുട്ടികൾ കുടിച്ചു കുടിച്ചു ഞാന്ന മുലകളും ഒക്കെ അയാൾക്ക് വെറുപ്പുണ്ടാക്കിയത്.

ഒരു ദിവസം അയാൾ പറഞ്ഞു: ‘‘നീയെന്റെ അമ്മയെപ്പോലെയായിരിക്കുന്നു.’’ അയാൾ അവളെ നരകത്തിലേക്ക് തള്ളി. അവൾക്ക് ആ വീട്ടിൽനിന്ന് ഒരിത്തിരി ഭക്ഷണം കഴിക്കുന്നതുപോലും വലിയ തെറ്റായിത്തോന്നിത്തുടങ്ങി. അപമാനത്തിന്റെ ഭാരം പൊറുക്കാനാവാതെയാണ് അവൾ കൂടപ്പിറപ്പുകളെ കാണാൻപോയത്. അവർ അവൾക്ക് ആശ്രയമാവുമെന്ന നേരിയ പ്രതീക്ഷയോടെ. അവർ പറഞ്ഞതോ? നീ തീക്കൊളുത്തിച്ചാവുകയാണ് ഈ കുടുംബത്തിന്റെ മാനം കാക്കാൻ ചെയ്യേണ്ടിയിരുന്നതെന്ന്. അതേ വേണ്ടത് അതുതന്നെ. തീക്കൊളുത്തിച്ചാവുക. ആ വാക്കുകൾ അവളുടെ ഉള്ളിൽ നീറിക്കത്തിപ്പിടിച്ചു. അവൾക്ക് കിടക്കപ്പൊറുതിയില്ലാതായി. അവൾ കിടക്കയിൽനിന്ന് എഴുന്നേറ്റിരുന്നു. അരുമ പൈതലിനെ ഏറെനേരം നോക്കിയിരുന്നു. എന്നിട്ടും ഉള്ളിലെ തീ കത്തിപ്പടരുന്നു. അവൾ കിടപ്പുമുറിയിൽനിന്ന് പുറത്തുകടന്നു. ഇരിപ്പുമുറിയിൽ ഇരുന്ന് പഠിക്കുകയായിരുന്ന സൽമ മേശമേൽ തലവെച്ച് ഉറങ്ങിപ്പോയിരിക്കുന്നു. അവളെ നോക്കി കുറച്ചുനേരം നിന്നു. പിന്നെ നിൽക്കാൻപോലും കെൽപില്ലാതെ വിറച്ചു. അവളെയൊന്ന് തലോടണമെന്ന തോന്നൽ തള്ളിത്തള്ളി വന്നു. എങ്കിലും ഉള്ളിലിങ്ങനെ മൊഴിഞ്ഞതേയുള്ളൂ. ‘‘എന്റെ ഓമനേ! നീ ഈ കുഞ്ഞുങ്ങൾക്കമ്മയാവണം.’’

അവളുടെ കാലുകൾ മുന്നോട്ടുനീങ്ങി. അടുക്കളയിലേക്ക്, മണ്ണെണ്ണയുടെ കാൻ എടുത്തു. വീട്ടിനു ചുറ്റും നടന്നു -എവിടെ ഇരുന്നാണ് അത് ചെയ്യേണ്ടത്? അകത്തേക്ക് വീണ്ടും വന്നു. സൽമയുടെ നേരെ നോക്കാനാവതില്ലാതെ നിന്നു. അടുക്കളയിലേക്ക് വീണ്ടും പോയി. തീപ്പെട്ടിയെടുത്തു. വലത്തെ കൈയിലത് മുറുകെപ്പിടിച്ചു. മുൻവാതിൽ തുറന്ന് പുറത്തു കടന്നു. തനിക്ക് ആരുമില്ല. ആർക്കും വേണ്ടാത്തവൾ എന്ന തോന്നലിന് തീപിടിച്ചു. തനിക്ക് നിയന്ത്രിക്കാനാവാത്ത ഏതോ ഒരു ശക്തിതന്നെ വരിഞ്ഞുപിടിച്ചതായി അവൾക്കു തോന്നി. ഓർമകളില്ലാതായി. ബന്ധങ്ങളെല്ലാം മാഞ്ഞുപോയി -ബോധം മാഞ്ഞുപോയി- ഒരു പെണ്ണല്ല; ചാരമാകേണ്ട ഒരു വിറകുകൊള്ളി...

പെട്ടെന്ന് അകത്തുനിന്ന് കുട്ടിയുടെ കരച്ചിലുയർന്നു. സൽമ ഉണർന്ന് ഓടിച്ചെന്നു. അമ്മ കിടക്കയിലില്ല. അവൾ കുട്ടിയെ നെഞ്ചത്തടക്കിപ്പിടിച്ചു ഉറങ്ങുന്ന പൈതങ്ങളെ നോക്കി. അമ്മ അവിടെയുമില്ല- വാതിൽതുറന്നുകിടക്കുന്നു- അമ്മയുടെ രൂപം തരിമങ്ങിയ വെളിച്ചത്തിൽ അവൾ കണ്ടു. മണ്ണെണ്ണയുടെ മണം വന്നു- കുഞ്ഞിനെ അടക്കിപ്പിടിച്ച് അവൾ ഓടിച്ചെന്നു. അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ ഒരു മരപ്പാവപോലെ ഭാവമൊന്നുമില്ലാതെ നിൽക്കുന്നു. സൽമ കുട്ടിയെ നിലത്തുവെച്ചു; നിലവിളിച്ചു: ‘‘അമ്മി​!! അമ്മി​!! ഞങ്ങളെ വിട്ടുപോവല്ലേ!’’ അവൾ അമ്മയുടെ കാലുപിടിച്ചു കരഞ്ഞു. സൽമ തേങ്ങിത്തേങ്ങിക്കരയുന്നു. കുഞ്ഞുപൈതൽ നിലത്തുകിടന്നു കാറിക്കരയുന്നു. മെഹ്റൂൺ അവരെ നോക്കി. അവളെ വരിഞ്ഞുമുറുക്കിയിരുന്ന അജ്ഞാതശക്തിയിൽനിന്ന് കുതറിമാറാൻ പിടഞ്ഞു. കൈയിൽനിന്ന് തീപ്പെട്ടി വീണു. സൽമ കാലുപിടിച്ചുകരയുകയാണ്. കരച്ചിലിനിടയിൽ അവൾ ചോദിച്ചു: ‘‘അമ്മി! ഒരാൾ പോയെന്നതുകൊണ്ട് ഞങ്ങളെ എല്ലാരെയും ആ പെണ്ണിന്റെ കൈയിലേക്കെറിഞ്ഞുകൊടുക്കുമോ? അമ്മി! ബാപ്പക്കുവേണ്ടി ചാവുന്നതിനു പകരം ഞങ്ങൾക്കുവേണ്ടി ജീവിച്ചുകൂടേ? ഞങ്ങളെ ആരോരുമില്ലാത്തവരാക്കിത്തീർക്കാൻ അമ്മിക്കു കഴിയുമോ?’’ ഞങ്ങൾക്ക് അമ്മി വേണം.’’ അവളുടെ വാക്കുകളെക്കാളേറെ മെഹ്റിന് ബോധമുളവാക്കിക്കൊടുത്തത് ആ കെട്ടിപ്പിടിക്കലാണ്.

 

അവൾ കരയുന്ന കുഞ്ഞിനെ നിലത്തുനിന്നെടുത്തു. സൽമയെ മാറത്തടുക്കി. അവൾ തന്നെ കാക്കാനെത്തിയ മാലാഖയെപ്പോലെ തോന്നി. അവൾ പറഞ്ഞു: ‘‘എന്റെ കരളേ! എനിക്ക് മാപ്പുതരൂ.’’ ഇരുട്ടലിഞ്ഞുപോയി. ഹൃദയത്തിലൊരുനാളം തെളിഞ്ഞു. അഞ്ച് മക്കളുടെ അമ്മക്ക്, ഭർത്താവ് എത്രയേറെ ദുഷ്ടനായാലും അവരെ ആരോരുമില്ലാത്തവരാക്കി ഇട്ടേച്ചുപോകാനാവുമോ? സ്വബോധമുള്ള അവൾക്ക് അങ്ങനെയങ്ങ് പോവാനാവില്ല.

അവൾ ഉന്മാദം പിടിപെട്ട ഒരുവളെപ്പോലായിപ്പോയി. അതിനുത്തരവാദി തന്തയെന്നു പറയുന്നവന്റെ കൊടുംക്രൂരത മാത്രമല്ല, കൂടപ്പിറപ്പുകളുടെ നിഷ്ഠുരതകൂടിയാണ്. അവർ തനിക്ക് നല്ല വാക്കുകൾ കൊണ്ടെങ്കിലും സാന്ത്വനമരുളുമെന്നവൾ പ്രതീക്ഷിച്ചു. ആ പ്രതീക്ഷയുടെ നാളം എന്നേക്കുമായി ​പൊലിഞ്ഞുപോയതു കൂടിയാണ് അവളുടെ ഹൃദയംതകർത്തത്. ഹൃദയദീപത്തെ അവർ ഊതിക്കെടുത്തി. അവിടെ ഇരുട്ടല്ലാതൊന്നുമില്ലാതായി. അവർ അവളുടെ ഒപ്പംനിന്നിരുന്നെങ്കിൽ, ഞങ്ങളയാളെ വഴിക്കുവരുത്താം എന്ന് വാക്കുകൊണ്ട് ആശ്വസിപ്പിക്കുക മാത്രം ചെയ്തിരുന്നെങ്കിൽ, അവൾക്ക് ഉള്ളിലെ നാളം കെടില്ലായിരുന്നു. അവർ സംരക്ഷണം ഏറ്റെടുക്കണമെന്നല്ല, അയാളെ നേരിട്ട് രണ്ടു വാക്ക് പറയാനവർ ഒരുങ്ങിയിരുന്നെങ്കിൽ താൻ ആരോരുമില്ലാത്തവളാണെന്ന തോന്നൽ ഒരു പിശാചിനെപ്പോലെ അവളെ പിടികൂടുകയില്ലായിരുന്നു. അതിനു പകരം അവൾ പറഞ്ഞത് അവരുടെ കുടുംബത്തിന്റെ മാനംരക്ഷിക്കാൻ അവൾ എരിഞ്ഞു ചാമ്പലാവണമെന്നായിരുന്നു.

ആണിന്റെ ദുഷ്ടതകളെല്ലാം പൊറുക്കാൻ കടപ്പെട്ട അടിമകളാണ് പെണ്ണുങ്ങൾ എന്ന നിനവിൽ എല്ലാ ആണുങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നു. തങ്ങളെപ്പോലെ ഹൃദയമോ വികാരമോ പെണ്ണുങ്ങൾക്ക് വിധിച്ചതല്ല... പെണ്ണ് ആണിന്റെ ‘സുഖം’ പുലർത്താനുള്ള ഉപകരണങ്ങൾമാത്രമാണ്. വെറും ഉപകരണങ്ങൾ! ഈ തിരിച്ചറിവ് ആ സ്ത്രീയുടെ ആത്മാവിൽ വിഷം പുരട്ടിയ അമ്പുപോലെ തറച്ചുകയറി. അവൾ അവളല്ലാതായി.

ഈ പരിണാമം വിശ്വസനീയമാക്കിത്തീർത്ത കഥാകൃത്ത് ആൺവർഗത്തിന്റെ നേർക്ക് വാക്കുകളുടെ തീമഴ പൊഴിക്കുന്നു. അവരെ എരിപൊരി കൊള്ളിക്കുന്ന തീമഴ. ഈ കഥ സമാപിച്ചത്, അവൾ തീപ്പെട്ടിക്കൊള്ളിയുരച്ചുവെന്നും ആ സ്ത്രീ ചാരമായിത്തീർന്നെന്നുമുള്ള കഠോര ദുരന്തത്തിലായിരുന്നെന്നിരിക്കട്ടെ, അത് കഥയെ കൂടുതൽ ഹൃദയദ്രുതികരമാക്കുമായിരുന്നോ? ഇല്ലെന്നും ഇപ്പോഴത്തെ സമാപനം ജാജ്വല്യമാനമാണെന്നുമാണ് എന്റെ നിരീക്ഷണം.

കുറച്ചു നേരം മുമ്പ് അമ്മിഞ്ഞ കുടിച്ച് ഉറങ്ങിക്കിടന്ന കുഞ്ഞാണ് പെട്ടെന്നുണർന്ന് പെറ്റതള്ളയെ അവളുടെ വിഭ്രാന്തിയിൽനിന്ന് വലിച്ചുണർത്തുന്നതിന് സൽമയെ ഉണർത്തിയത്. രണ്ട് മാലാഖമാർ: വളർന്നു മുരടിക്കുകയെന്ന പെൺലോകത്തിന്റെ നരകഭീകരതയിലേക്ക് കൺമിഴിച്ചിട്ടില്ലാത്ത ഒരു പിഞ്ചു പൈതലും തനിക്കു നേരിടേണ്ടിവരാവുന്ന ഭീകരഭാവിയെപ്പറ്റി ഊഹിക്കാൻ വേണ്ടുന്ന തിക്താനുഭവങ്ങൾ കുറച്ചുനാളുകൾകൊണ്ട് ഉൾക്കൊള്ളേണ്ടിവരുന്ന ഒരു കുമാരിയായ സീമന്തപുത്രിയും പെണ്ണായിപ്പിറക്കുന്ന ആദ്യസന്തതികൾ, അമ്മക്കൊരു താങ്ങായി, തണലായി, ആപത്തിൽ തുണക്കുന്നു. മാമന്മാർ വന്നിരിക്കുന്നത് അമ്മയെ സഹായിക്കാനാണെന്ന് അവളും കിനാവുകണ്ടിരുന്നു. അവർ വിഭവങ്ങളോടു കൂടിയ ഉച്ചയൂണു കഴിഞ്ഞ് ഏമ്പക്കമിട്ടു. താംബൂലം ചവച്ച് അമ്മയെ മരുഭൂമിയുടെ കൊടുംതീയിലേക്കെറിഞ്ഞ് ബാപ്പയോട് കടുത്ത ഒരു വാക്കും ചോദിക്കാതെ, നിറഞ്ഞ സ്നേഹത്തോടെ, മൂടുംതട്ടിക്കുടഞ്ഞ് ഇറങ്ങിനടന്നത് കണ്ട അവളുടെ സ്വപ്നങ്ങളും പൊലിഞ്ഞുകഴിഞ്ഞിരുന്നു.

പകലത്തെ അധ്വാനങ്ങൾകൊണ്ട് തളർന്നിരുന്ന അവൾ ഉറക്കമിളച്ച് പഠിക്കാനിരിക്കുമ്പോൾ, താൻ പഠിച്ചുയർന്നിട്ടുവേണം, അമ്മക്ക് താങ്ങായും ഇളയ പൈതങ്ങൾക്ക് കാവലായും സ്വന്തംകാലിൽ നിൽക്കാൻ കരുത്തുണ്ടാക്കുന്ന ഒരു ജോലി നേടാൻ എന്നു ചിന്തിച്ചിരിക്കും; ഉറക്കം അവളെ കീഴടക്കി; അമ്മയെ വിഭ്രാന്തിയെന്നപോലെ. ഒരു പിഞ്ചുപൈതലിന്റെ രോദനമാണ് ആപത്തിന്റെ കാഹളം എന്നപോലെ അവളെ ഉണർത്തിയത്.

അതിലെ യാദൃച്ഛികതയും സ്വാഭാവികതയും പരിണാമരമണീയതയും കഥാസമാപനത്തിന് നൽകുന്ന ‘അലോക സാമാന്യവും അചിന്ത്യഹേതുക’വുമായ കാന്തിമത്ത്വം വാഗതീതം തന്നെ. കഠോരദുരന്തത്തേക്കാൾ ജ്വലത്തായ ഹൃദ്യശുഭാന്തം. അമ്മയുടെ ഹൃദയദീപത്തിലെ ഒടുക്കത്തെ നാളരോദന സ്നേഹം പകർന്ന് ആ പൈതങ്ങൾ കെടാതെ നീട്ടുന്നു. ഒരു ഷേക്സ്പിയർ ദുരന്തനാടകമാക്കാമായിരുന്ന കഥയെ, രണ്ട് കുഞ്ഞുങ്ങളുടെ കളങ്കമറ്റ കൈകൾ ചൊരിയുന്ന അമൃതരശ്മികൾകൊണ്ട് പ്രഭാപൂരിതമാക്കിയ കഥാകൃത്തിന്റെ സർഗചേതനയിൽ ഒഴുകുന്ന സ്വർഗസുധ വാഴ്ത്തപ്പെടട്ടെ.

(അവസാനിച്ചു)

News Summary - Read the stories of Banu Mushtaq