Begin typing your search above and press return to search.
proflie-avatar
Login

ഷെ​​യ്സ്ത മ​​ഹ​​ലിനുള്ള മാ​​ർ​​ബ്ൾ​​ പ​​ല​​ക​​ക​​ൾ

ഷെ​​യ്സ്ത മ​​ഹ​​ലിനുള്ള മാ​​ർ​​ബ്ൾ​​ പ​​ല​​ക​​ക​​ൾ
cancel

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. ഒ​​രു കോ​​ൺ​​ക്രീ​​റ്റ് വ​​നം; തീ​​പ്പെ​​ട്ടി​​ക​​ൾ​​പോ​​ലെ ഫ്ലാ​​റ്റു​​ക​​ൾ അ​​ടു​​ക്കി​​ക്കെ​​ട്ടി​​യ ‘അം​​ബ​​ര​​ചും​​ബി’​​ക​​ളാ​​യ അ​​പ്പാ​​ർട്മെ​​ന്റ് കെ​​ട്ടി​​ട​​ങ്ങ​​ൾ. രാ​​വും പ​​ക​​ലും ഒ​​രു​​പോ​​ലെ പു​​ക​​തു​​പ്പി​​ക്കൊ​​ണ്ടും ഹോ​​ൺ​​കാ​​ഹ​​ളം മു​​ഴ​​ക്കി​​ക്കൊ​​ണ്ടും ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന മോ​​ട്ടോ​​ർ​​വാ​​ഹ​​ന​​ങ്ങ​​ൾ -ഒ​​ടു​​ങ്ങാ​​തെ...

Your Subscription Supports Independent Journalism

View Plans
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.

ഒ​​രു കോ​​ൺ​​ക്രീ​​റ്റ് വ​​നം; തീ​​പ്പെ​​ട്ടി​​ക​​ൾ​​പോ​​ലെ ഫ്ലാ​​റ്റു​​ക​​ൾ അ​​ടു​​ക്കി​​ക്കെ​​ട്ടി​​യ ‘അം​​ബ​​ര​​ചും​​ബി’​​ക​​ളാ​​യ അ​​പ്പാ​​ർട്മെ​​ന്റ് കെ​​ട്ടി​​ട​​ങ്ങ​​ൾ. രാ​​വും പ​​ക​​ലും ഒ​​രു​​പോ​​ലെ പു​​ക​​തു​​പ്പി​​ക്കൊ​​ണ്ടും ഹോ​​ൺ​​കാ​​ഹ​​ളം മു​​ഴ​​ക്കി​​ക്കൊ​​ണ്ടും ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന മോ​​ട്ടോ​​ർ​​വാ​​ഹ​​ന​​ങ്ങ​​ൾ -ഒ​​ടു​​ങ്ങാ​​തെ നീ​​ങ്ങി​​ക്കൊ​​ണ്ടേ​​യി​​രി​​ക്ക​​ലാ​​ണ് ജീ​​വി​​ത​​ത്തി​​ലെ ഒ​​രേ​​യൊ​​രു ല​​ക്ഷ്യ​​മെ​​ന്ന​​പോ​​ലെ. പ​​ര​​സ്പ​​രം സ്നേ​​ഹ​​മോ വി​​ശ്വാ​​സ​​മോ ഒ​​രു പു​​ഞ്ചി​​രി​​പോ​​ലു​​മോ ഇ​​ല്ലാ​​തെ മ​​ര​​പ്പാ​​വ​​ക​​ൾ​​പോ​​ലു​​ള്ള മ​​നു​​ഷ്യ​​ർ മ​​നു​​ഷ്യ​​ർ -എ​​ങ്ങെ​​ങ്ങും- ശ്വാ​​സം​​മു​​ട്ടു​​ന്ന ഈ ​​ചു​​റ്റു​​പാ​​ടു​​ക​​ളി​​ൽ​​നി​​ന്ന് എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ത​​ടി ഊ​​രി​​യെ​​ടു​​ത്തേ പ​​റ്റൂ. അ​​ങ്ങ​​നെ മ​​ടു​​മ​​ടു​​ത്തി​​രി​​ക്കും നേ​​ര​​ത്താ​​ണ് അ​​റി​​യു​​ന്ന​​ത് മു​​ജാ​​ഹി​​ദി​​ന് സ്ഥ​​ലം​​മാ​​റ്റ​​മെ​​ന്ന്. എ​​ന്തെ​​ന്നി​​ല്ലാ​​ത്ത ആ​​ശ്വാ​​സം തോ​​ന്നി.

പ​​റ​​യാ​​ൻ മ​​റ​​ന്നു: മു​​ജാ​​ഹി​​ദി​​നെ​​പ്പ​​റ്റി. അ​​യാ​​ൾ എ​​ന്റെ ‘വീ​​ട്ടാ​​ൾ’ ആ​​ണ്. എ​​ന്നു​​പ​​റ​​ഞ്ഞാ​​ലോ? ഒ​​രു പെ​​ണ്ണ് എ​​പ്പോ​​ഴും വീ​​ട്ടി​​ൽ പ​​ണി​​യു​​ന്ന​​വ​​ൾ ‘വീ​​ട്ട​​മ്മ’യാ​​ണ്. ആ ​​നി​​ല​​ക്ക് എ​​പ്പോ​​ഴും ആ​​പ്പീ​​സി​​ൽ ക​​ഴി​​യു​​ന്ന മു​​ജാ​​ഹി​​ദ് ‘ആ​​പ്പീ​​സാ​​ൾ’ ആ​​കേ​​ണ്ട​​ത​​ല്ലേ? ഛെ! വീ​​ണ്ടും എ​​നി​​ക്കു​​തെ​​റ്റി. ആ​​പ്പീ​​സ് എ​​ന്റേ​​ത​​​ല്ല​​ല്ലോ. അ​​ത് എ​​ന്നോ​​ട​​യാ​​ൾ​​ക്കു​​ള്ള ബ​​ന്ധം സൂ​​ചി​​പ്പി​​ക്കു​​ക​​യി​​ല്ല. എ​​ന്റെ യ​​ജ​​മാ​​ന​​ൻ എ​​ന്നു​​പ​​റ​​ഞ്ഞാ​​ലോ? അ​​പ്പോ​​ൾ ഞാ​​ൻ അ​​യാ​​ളു​​ടെ അ​​ടി​​മ​​യെ​​പ്പോ​​ലാ​​വും. അ​​ല്ലെ​​ങ്കി​​ൽ ഒ​​രു​​ പ​​ട്ടി​​യെ​​പ്പോ​​ലെ. അ​​തു​​വ​​യ്യ. ഞാ​​ൻ അ​​ൽ​​പം പ​​ഠി​​പ്പു​​ള്ള​​വ​​ളാ​​ണ്- ഒ​​രു ഡി​​ഗ്രി​​യും നേ​​ടി​​യി​​ട്ടു​​ണ്ട്. ‘ഗ​​ണ്ഡ’ എ​​ന്നു​​പ​​റ​​യാ​​മോ? അ​​തൊ​​രു ക​​ന​​പ്പെ​​ട്ട വാ​​ക്കാ​​ണ്. ഗ​​ണ്ഡാ​​ന്തം പോ​​ലെ ഏ​​തോ വ​​ലി​​യ ആപ​​ത്തി​​ന്റെ ഓ​​ർ​​മ​​യു​​ണ​​ർ​​ത്തും. ഈ ​​പൊ​​ല്ലാ​​പ്പൊ​​ക്കെ എ​​ന്തി​​ന്? അ​​യാ​​ളെ എ​​ന്റെ ‘പ​​തി’ എ​​ന്നു​​പ​​റ​​യു​​ക​​യ​​ല്ലേ വേ​​ണ്ടൂ? അ​​പ്പോ​​ഴും കു​​ഴ​​പ്പം. ആ​​രെ​​ങ്കി​​ലും ‘‘ഇ​​താ ഇ​​ദ്ദേ​​ഹം എ​​ന്റെ പ​​തി’’ എ​​ന്ന് മ​​റ്റൊ​​രാ​​ൾ​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ക്കു​​മോ? അ​​ത് വാ​​മൊ​​ഴി​​യ​​ല്ല. വ​​ര​​മൊ​​ഴി​​യാ​​ണ്. ഒ​​രു ‘പു​​സ്ത​​ക​​വാ​​ക്ക്’. മാ​​ത്ര​​മോ! അ​​തി​​ന്റെ കൂ​​ടെ ‘ദേ​​വ​​രു’ എ​​ന്നു​​കൂ​​ടി ​​ചേ​​ർ​​ക്കാ​​ൻ പ്രേ​​ര​​ണ​​യു​​ണ്ടാ​​വും, സാ​​മാ​​ന്യേ​​ന ഒ​​രു​​വ​​ളു​​ടെ ക​​ണ​​വ​​നെ ദേ​​വ​​നാ​​ക്കു​​ന്ന ഇ​​ട​​പാ​​ട്. മു​​ജാ​​ഹി​​ദി​​നെ ദൈ​​വ​​മാ​​ക്കി ഉ​​യ​​ർ​​ത്താ​​ൻ വ​​യ്യ.

ഞ​​ങ്ങ​​ൾ, ‘മു​​സ്‍ലി​​മു​​ക​​ൾ’​​ക്ക് മോ​​ളി​​ലു​​ള്ള അ​​ല്ലാഹുവിനെ​​പ്പോ​​ലെ താ​​ഴെ, ഭൂ​​മി​​യി​​ലു​​ള്ള ദൈ​​വ​​മാ​​ണ് ‘പ​​തി’ എ​​ന്നാ​​ണ് പൊ​​തു​​സ​​മ്മ​​ത​​മാ​​യ നേ​​ര്. അ​​യാ​​ളു​​ടെ ദേ​​ഹ​​ത്തി​​ൽ ചോ​​ര​​യും​​ ച​​ല​​വും കി​​നി​​യു​​ന്ന വ്ര​​ണ​​ങ്ങ​​ളു​​ണ്ടാ​​വു​​ക​​യാ​​ണെ​​ന്നി​​രി​​ക്ക​​ട്ടെ; അ​​തു ന​​ക്കി​​ത്തോ​​ർ​​ത്താ​​ൻ ഒ​​രു​​ക്ക​​മാ​​ണെ​​ങ്കി​​ൽ​​കൂ​​ടി ഭാ​​ര്യ​​ക്ക് അ​​യാ​​ളോ​​ടു​​ള്ള ക​​ട​​പ്പാ​​ട് വീ​​ട്ടാ​​നാ​​വി​​ല്ലെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. അ​​യാ​​ളൊ​​രു മു​​ഴു​​ക്കു​​ടി​​യ​​നോ പെ​​ൺ​​പി​​ടി​​യ​​നോ, സ്ത്രീ​​ധ​​ന​​ത്തി​​ന്റെ പേ​​രി​​ൽ നി​​ര​​ന്ത​​രം അ​​ല​​ട്ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​വ​​നോ, ഇ​​വ​​യെ​​ല്ലാം ഒ​​ത്തു​​ചേ​​ർ​​ന്ന​​വ​​നോ ആ​​യാ​​ലും ഭാ​​ര്യ അ​​യാ​​ളു​​ടെ ഏ​​റ്റ​​വും താ​​ഴ്മ​​യു​​ള്ള വേ​​ല​​ക്കാ​​രി​​യാ​​വ​​ണം. ക​​ട​​മ​​പ്പെ​​ട്ട തൊ​​ഴി​​ലാ​​ളി.

എ​​നി​​ക്ക് മു​​ജാ​​ഹി​​ദി​​നോ​​ടു​​ള്ള ബ​​ന്ധ​​മെ​​ന്തെ​​ന്ന് ഇ​​പ്പോ​​ൾ നി​​ങ്ങ​​ൾ​​ക്ക് പി​​ടി​​കി​​ട്ടി​​യി​​രി​​ക്കും. അ​​തോ​​ടൊ​​പ്പം ഞാ​​ന​​യാ​​ളെ എ​​ങ്ങ​​നെ ക​​രു​​തു​​ന്നു​​വെ​​ന്നും. മു​​ജാ​​ഹി​​ദി​​ന്, എ​​ന്റെ ജീ​​വി​​ത​​പ​​ങ്കാ​​ളി​​ക്ക്, ‘കൃ​​ഷ്ണ​​സാ​​ഗ​​ര അ​​ണ​​ക്കെ​​ട്ടു​​ നി​​ർ​​മാ​​ണ പ​​ദ്ധ​​തി’​​യോ​​ടു ബ​​ന്ധ​​പ്പെ​​ട്ട ജോ​​ലി​​ക്ക് സ്ഥ​​ലം മാ​​റ്റ​​മാ​​യ​​പ്പോ​​ൾ മ​​നോ​​ഹ​​ര​​മാ​​യ ഒ​​രു ക്വാ​​ർ​​ട്ടേ​​ഴ്സ് കി​​ട്ടി. ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ളും പൂ​​ന്തോ​​ട്ട​​വു​​മു​​ണ്ട്. പ​​ച്ച​​ക്ക​​റി​​ച്ചെ​​ടി​​ക​​ളു​​ണ്ട്. എ​​നി​​ക്ക് അ​​വ​​യോ​​ടൊ​​പ്പം ക​​ഴി​​യാം. അ​​യാ​​ൾ​​ക്കാ​​ക​​ട്ടെ ഇ​​രു​​പ​​ത്തി​​നാ​​ലി​​ൽ ‘ഇ​​രു​​പ​​ത്തെ​​ട്ട്’ മ​​ണി​​ക്കൂ​​റും ജോ​​ലി, ജോ​​ലി. ഒ​​ന്നു​​കി​​ൽ അ​​ണ​​ക്കെ​​ട്ടി​​ൽ; അ​​ല്ലെ​​ങ്കി​​ൽ ക​​ർ​​ണാ​​ട​​ക എ​​ൻ​​ജി​​നീ​​യ​​റി​​ങ് റി​​സ​​ർ​​ച്ച് സ്റ്റേ​​ഷ​​നി​​ൽ.

ഞാ​​ൻ തോ​​ട്ട​​ത്തി​​ൽ കാ​​റ്റും​​കൊ​​ണ്ടി​​രി​​ക്ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ​​തി​​വി​​ല്ലാ​​ത്ത നേ​​ര​​ത്ത് മു​​ജാ​​ഹി​​ദി​​ന്റെ സ്കൂ​​ട്ട​​റി​​ന്റെ ശ​​ബ്ദം കേ​​ൾ​​ക്കുന്നു. വാ​​ച്ചു​​നോ​​ക്കി. അ​​ഞ്ചു​​മ​​ണി​​​യാ​​യി​​ട്ടേ​​യു​​ള്ളൂ. അ​​യാ​​ൾ എ​​ത്തി. ഹെ​​ൽ​​മ​​റ്റെ​​ടു​​ത്ത് എ​​ന്റെ ത​​ല​​യി​​ൽ​​വെ​​ച്ചു. എ​​ന്റെ കൈ​​പി​​ടി​​​ച്ചെ​​ഴു​​ന്നേ​​ൽ​​പി​​ച്ചു. ‘‘ആ ​​ഉ​​ട​​നെ പു​​റ​​പ്പെ​​ട്. എ​​ട്ടു​​മി​​നി​​റ്റ് ത​​രാം പു​​റ​​പ്പെ​​ടാ​​ൻ.’’ കൂ​​ട്ട​​ത്തി​​ൽ പ​​റ​​യ​​ട്ടെ, ഞ​​ങ്ങ​​ൾ ന​​വ​​വി​​വാ​​ഹി​​ത​​രാ​​ണ്. പ​​ത്തു​​മാ​​സ​​വും പ​​തി​​മൂ​​ന്ന് ദി​​വ​​സ​​വും മാ​​ത്രം പി​​ന്നി​​ട്ടു. ഇ​​തി​​നി​​ടെ ഞ​​ങ്ങ​​ൾ പ​​ല​​ ക​​ളി​​ക​​ളും ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ൾ ഞ​​ങ്ങ​​ൾ ‘നോ​​ർ​​മ​​ൽ’ ദ​​മ്പ​​തി​​ക​​ളാ​​യി​​രി​​ക്കു​​ന്നു. ‘‘ചോ​​ദി​​ക്ക​​ട്ടേ? എ​​ങ്ങോ​​ട്ടാ​​ണ് ന​​മ്മ​​ൾ പോ​​കു​​ന്ന​​ത്?’’ ‘‘പ​​റ​​യാം; ബ​​ല​​ഗോ​​ള ഫാ​​ക്ട​​റി​​യി​​ൽ ഇ​​ഫ്തി​​ഖ​​ർ അ​​ഹ​​മ്മ​​ദ് എ​​ന്നു​​പേ​​രാ​​യ ഒ​​രാ​​ളു​​ണ്ട്. ഞാ​​ൻ പ​​രി​​ച​​യ​​പ്പെ​​ട്ടി​​ട്ട് എ​​ട്ടു​​ നാ​​ളേ ആ​​യി​​ട്ടു​​ള്ളൂ. അ​​യാ​​ൾ ന​​മ്മ​​ളെ അ​​യാ​​ളു​​ടെ വീ​​ട്ടി​​ലേ​​ക്ക് ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്. ബ​​ല​​ഗോ​​ള​​യി​​ൽ.

ഞാ​​ൻ പു​​റ​​പ്പെ​​ടാ​​ൻ എ​​ട്ടു​​ മി​​നി​​റ്റു​​പോ​​ലും എ​​ടു​​ത്തി​​ല്ല. സ്കൂ​​ട്ട​​റി​​ൽ ഞ​​ങ്ങ​​ൾ ബ​​ല​​ഗോ​​ള​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി. പു​​റ​​ത്തു​​കാ​​ത്തു​​നി​​ൽ​​ക്കു​​ന്ന ആ​​ൾ ചി​​രി​​യോ​​ടെ ഗേ​​റ്റ് മ​​ല​​ർ​​ക്കെ തു​​റ​​ന്നു. വ​​ലി​​യ ​​വീ​​ടും ഞ​​ങ്ങ​​ളു​​ടേ​​തി​​നെക്കാ​​ൾ വ​​ലി​​യ ​​പ​​റ​​മ്പും തോ​​ട്ട​​വും. നി​​റ​​യെ പൂ​​ച്ചെ​​ടി​​ക​​ൾ. മു​​ല്ല​​യും റോ​​സും മ​​റ്റും. ഗേ​​റ്റ് തു​​റ​​ന്ന ആ​​ൾ ഇ​​ഫ്തി​​ഖർ ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് ഞാ​​ൻ ഊ​​ഹി​​ച്ചു. അ​​പ്പോ​​ഴേ​​ക്ക്, വീ​​ട്ടി​​ലെ നാ​​യി​​ക ഇ​​റ​​ങ്ങി​​വ​​ന്നു. പു​​ഞ്ചി​​രി​​യോ​​ടെ അ​​തി​​ഥി​​ക​​ളെ സ്വാ​​ഗ​​തം ചെ​​യ്തു. അ​​വ​​ർ വ​​ള​​രെ സ​​ര​​ള​​മാ​​യ സ്വ​​ഭാ​​വ​​മു​​ള്ള​​വ​​ൾ. ആ​​റു​​മ​​ക്ക​​ൾ. മൂ​​ന്നാ​​ണും മൂ​​ന്നു​​പെ​​ണ്ണും. അ​​വ​​യെ അ​​ണി​​നി​​ര​​ത്തി -മൂ​​ത്ത​​വ​​ളാ​​യ അ​​സീ​​ഫ​​യൊ​​ഴി​​കെ എ​​ല്ലാ​​രും വാ​​ലി​​ല്ലാ​​ക്കു​​ര​​ങ്ങു​​ക​​ളെ​​പ്പോ​​ലെ ചാ​​ടി​​ക്ക​​ളി​​ക്കു​​ന്ന പി​​ള്ളേ​​ർ. ഞ​​ങ്ങ​​ൾ പ​​രി​​ച​​യ​​പ്പെ​​ട്ടു. കു​​റ​​ച്ചു​​നേ​​രംകൊ​​ണ്ട് സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി. ഷെ​​യ​​്സ്താ ദാ​​ദി പ​​റ​​ഞ്ഞു. എ​​ന്തു​​ചെ​​യ്യാം, സീ​​ന​​ത്ത്. ക​​ല്യാ​​ണം ക​​ഴി​​ഞ്ഞു തു​​രു​​തു​​രാ പ്ര​​സ​​വ​​മാ​​യി. ആ​​സൂ​​ത്ര​​ണ​​മൊ​​ന്നു​​മി​​ല്ലാ​​തെ. ഓ​​പ​​റേ​​ഷ​​ൻ ന​​ട​​ത്താ​​ൻ ഭാ​​യി ​​സാ​​ഹി​​ബ് സ​​മ്മ​​തി​​ച്ചി​​ല്ല.

ഇ​​ന​​ിയ​​ത്തെ ത​​വ​​ണ എ​​ന്താ​​യാ​​ലും ന​​ട​​ത്തും (അ​​വ​​ർ ഗ​​ർ​​ഭി​​ണി​​യാ​​യി​​രു​​ന്നു). ഇ​​ഫ്തി​​ഖ​​ർ സാ​​ഹിബ് ഇ​​ട​​പെ​​ട്ടു: ‘‘എ​​ന്തി​​നാ​​ണ്! ഞാ​​ന​​ല്ലേ അ​​വ​​രെ പോ​​റ്റു​​ന്ന​​ത്? അ​​ല്ലാ​​ഹു​​വിനു ന​​ന്ദി... അ​​വ​​രെ സ​​ംര​​ക്ഷി​​ക്കാ​​ൻ വേ​​ണ്ട വ​​രു​​മാ​​നം എ​​നി​​ക്കു​​ണ്ട്.’’

‘‘വ​​രു​​മാ​​ന​​മു​​ണ്ടാ​​യാ​​ൽ മ​​തി​​യോ? എ​​ന്റെ അ​​സീ​​ഫ​​ മോ​​ൾ​​ക്ക് പ​​ഠി​​പ്പു​​നി​​ർ​​ത്തേ​​ണ്ടി​​വ​​ന്ന​​ത് ഞാ​​ൻ കാ​​ര​​ണ​​മ​​ല്ലേ? അ​​തി​​ലെ​​നി​​ക്കു​​ള്ള വി​​ഷ​​മം ചെ​​റു​​താ​​ണോ? ‘‘അ​​ങ്ങ​​നെ​​യ​​ല്ല. അ​​വ​​ളു​​ടെ പ​​ഠി​​പ്പ് ഞാ​​ൻ നി​​ർ​​ത്തി​​യ​​ത് പെ​​ൺ​​കി​​ടാ​​ങ്ങ​​ൾ​​ക്ക് അ​​ത്ര​​മ​​തി എ​​ന്നു​​വെ​​ച്ചി​​ട്ടാ​​ണ്. സ്കൂ​​ൾ പ​​ഠി​​പ്പേ വേ​​ണ്ടൂ. കോ​​ള​​ജി​​ൽ അ​​ല​​ഞ്ഞു​​ന​​ട​​ക്ക​​ണ്ട കാ​​ര്യ​​മി​​ല്ല. അ​​ടു​​ത്ത​​കൊ​​ല്ലം അ​​വ​​ളു​​ടെ നി​​ക്കാ​​ഹ് ന​​ട​​ത്ത​​ണം.

‘‘വേ​​ണ്ട, എ​​നി​​ക്ക് ഇ​​രു​​പ​​താ​​യ​​പ്പോ​​ൾ നി​​ക്കാ​​ഹ് ന​​ട​​ന്നു. പ​​തി​​നേ​​ഴു​​ കൊ​​ല്ല​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ആ​​റു​​ മ​​ക്ക​​ളാ​​യി. ‘‘മോ​​ളെ ഇ​​ത്ര ചെ​​റു​​പ്രാ​​യ​​ത്തി​​ൽ ക​​ല്യാ​​ണം ക​​ഴി​​പ്പി​​ച്ചാ​​ൽ...’’ എ​​ല്ലാം കേ​​ട്ടു​​കൊ​​ണ്ട്, ഇ​​ള​​യകു​​ഞ്ഞി​​നെ എ​​ടു​​ത്തു​​കൊ​​ണ്ട് നി​​ൽ​​ക്കു​​ക​​യാ​​ണ് അ​​സീ​​ഫ, ഒ​​ന്നും മി​​ണ്ടാ​​തെ.

പെ​​ട്ടെ​​​ന്നെ​​ന്തോ ഓ​​ർ​​ത്ത​​പോ​​ലെ ഇ​​ഫ്തി​​ഖ​​ർ എ​​ണീ​​റ്റു. ഷെ​​യ്സ്ത, സീ​​ന​​ത്തി​​നെ​​യും കൂ​​ട്ടി പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്നു. ഞാ​​ൻ കു​​റ​​ച്ച് പൂ​​വ് ഇ​​റു​​ക്കാം. പു​​റ​​ത്ത് മ​​ര​​ങ്ങ​​ളി​​ന്മേ​​ൽ ഊ​​ഞ്ഞാ​​ലു​​ക​​ൾ കെ​​ട്ടി​​യി​​ട്ടു​​ണ്ട്. ഞാ​​നും ഷെ​​യ്സ്ത​​യും അ​​വ​​യി​​ലി​​രു​​ന്നു. അ​​സീ​​ഫ കു​​ട്ടി​​ക്ക് കു​​പ്പി​​പ്പാ​​ലു​​ കൊ​​ടു​​ത്ത് തു​​ട​​യി​​ൽ താ​​ള​​മി​​ടു​​ക​​യാ​​യി​​രു​​ന്നു. ഊ​​ഞ്ഞാ​​ലി​​ലി​​രു​​ന്നു ആ​​ടാ​​ൻ എ​​നി​​ക്ക് ന​​ല്ലര​​സം തോ​​ന്നി. ഇ​​ഫ്തി​​ഖ​​ർ ഭാ​​യി ഒ​​രു പ്ലാ​​സ്റ്റി​​ക് കൊ​​ട്ട​​യി​​ൽ മു​​ല്ല​​മൊ​​ട്ടു​​ക​​ൾ ഇ​​റു​​ത്തി​​ടു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നെ പൂ​​ക്കൊ​​ട്ട ഷെ​​യ്സ്ത​​യു​​ടെ പ​​ക്ക​​ൽ​​ കൊ​​ടു​​ത്ത് പേ​​ര​​മ​​ര​​ത്തി​​ൽ കേ​​റി. ഷെ​​യ്സ്ത മു​​ല്ല​​മൊ​​ട്ടു​​കൊ​​ണ്ട് മാ​​ല കെ​​ട്ടി​​ക്കൊ​​ണ്ടി​​രു​​ന്നു. അ​​സീ​​ഫ കു​​ഞ്ഞി​​നെ ഉ​​റ​​ക്കി​​ക്കി​​ട​​ത്തി വ​​ന്നു. ഇ​​ഫ്തി​​ഖർ പേ​​ര​​പ്പ​​ഴം പ​​റി​​ച്ചു​​കൊ​​ണ്ടു​​വ​​ന്നു. ഞ​​ങ്ങ​​ൾ​​ക്കു​​ത​​ന്നു. ഊ​​ഞ്ഞാ​​ലി​​ൽ ഷെ​​യ്സ്ത​​യു​​ടെ അ​​ടു​​ത്തി​​രു​​ന്നു. മ​​ക​​ളോ​​ട് പ​​റ​​ഞ്ഞു: ‘‘അ​​സീ​​ഫ മോ​​ളേ, കു​​റ​​ച്ചു ചാ​​യ​​യു​​ണ്ടാ​​ക്ക്.’’ മു​​ജാ​​ഹി​​ദ് ഉ​​ള്ള​​തു​​കൊ​​ണ്ടാ​​യി​​രി​​ക്ക​​ണം അ​​വ​​ൾ വാ​​തി​​ൽ​​ക്ക​​ൽ ശ​​ങ്കി​​ച്ചു​​നി​​ൽ​​ക്ക​​യാ​​യി​​രു​​ന്നു. വ​​ന്ന​​തി​​നു​​ശേ​​ഷം ഞ​​ങ്ങ​​ൾ ചാ​​യ ധാ​​രാ​​ളം കു​​ടി​​ച്ചു​​ക​​ഴി​​ഞ്ഞി​​രു​​ന്നു എ​​ന്നി​​ട്ടും...

ഷെ​​യ്സ്ത മാ​​ല​​ കോ​​ർ​​ത്തു​​ക​​ഴി​​ഞ്ഞു. മു​​റി​​ച്ചു പ​​കു​​തി എ​​നി​​ക്കു​​ത​​ന്നു. പ​​കു​​തി മെ​​ട​​ഞ്ഞ മു​​ടി​​യി​​ൽ​​ ചൂ​​ടി. ഞാ​​ൻ അ​​സീ​​ഫ​​യെ വി​​ളി​​ച്ചു. എ​​ന്റെ പാ​​തി അ​​വ​​ൾ​​ക്കു​​ കൊ​​ടു​​ത്തു. അ​​വ​​ള​​ത് മേ​​ടി​​ച്ചി​​ല്ല. അ​​വ​​ളെ പി​​ടി​​ച്ചി​​രു​​ത്തി മു​​ടി​​യി​​ൽ ചൂ​​ടി​​ച്ചു. അ​​വ​​ളു​​ടെ ക​​ണ്ണു​​നി​​റ​​ഞ്ഞു. അ​​വ​​ൾ അ​​ക​​ത്തേ​​ക്ക് പോ​​യി.

ഞ​​ങ്ങ​​ൾ തി​​രി​​ച്ചു​​പോ​​കാ​​നി​​റ​​ങ്ങു​​​​മ്പോ​​ൾ ഇ​​ഫ്തി​​ഖർ പ​​റ​​ഞ്ഞു: സീ​​ന​​ത്ത് ഭാ​​ഭി, ഞാ​​നീ പേ​​ര​​ക​​ൾ ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ​​തും പൂ​​ച്ചെ​​ടി​​ക​​ൾ വ​​ള​​ർ​​ത്തി​​യ​​തു​​മൊ​ക്കെ ഷെ​​യ്സ്ത​​ക്കു​​വേ​​ണ്ടി​​യാ​​ണ്. അ​​വ​​ൾ​​ക്ക് ഇ​​വ​​യൊ​​ക്കെ ജീ​​വ​​നാ​​ണ്. ഈ ​​മു​​ന്തി​​രി​​വ​​ള്ളി​​യും ഊ​​ഞ്ഞാ​​ലും എ​​ല്ലാ​​മെ​​ല്ലാം.’’

ഞാ​​ൻ പ​​റ​​ഞ്ഞു: ‘‘ഇ​​ഫ്തി​​ഖർ ഭാ​​യി ദാ​​ദി​​യു​​ടെ ഇ​​ഷ്ട​​ങ്ങ​​ൾ​​ക്കെ​​ല്ലാം താ​​ങ്ക​​ൾ ഒ​​ത്തു​​നി​​ൽ​​ക്കു​​ന്ന​​ത് എ​​ത്ര​​ന​​ല്ല കാ​​ര്യം.’’ അ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നു: ‘‘ഞാ​​നൊ​​രു ച​​ക്ര​​വ​​ർ​​ത്തി​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ താ​​ജ്മ​​ഹ​​ലി​​നെ​​ക്കാ​​ൾ ന​​ല്ല​​തൊ​​ന്നു പ​​ണി​​യു​​മാ​​യി​​രു​​ന്നു; ഷെ​​യ്സ്ത ​​മ​​ഹ​​ൽ എ​​ന്നു​​പേ​​രി​​ടു​​മാ​​യി​​രു​​ന്നു.’’ കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന മു​​ജാ​​ഹി​​ദ് ഇ​​ട​​പെ​​ട്ടു: ‘‘എ​​ന്തു വി​​ഡ്ഢി​​ത്ത​​മാ​​ണ്, ഇ​​ഫ്തി​​ഖ​​ർ, താ​​ങ്ക​​ൾ പ​​റ​​യു​​ന്ന​​ത്. താ​​ജ് മ​​ഹ​​ൽ ഒ​​രു ശ​​വ​​കു​​ടീ​​ര​​മ​​ല്ലേ?’’ ‘ഒ​​രു​​നി​​മി​​ഷം ഓ​​ർ​​ത്തു​​നി​​ന്നി​​ട്ട് അ​​യാ​​ൾ പ​​റ​​ഞ്ഞു: അ​​ത് ഒ​​രു ശ​​വ​​കു​​ടീ​​ര​​മാ​​യി​​ട്ട​​ല്ല ആ​​ളു​​ക​​ൾ കാ​​ണു​​ന്ന​​ത്. ഒ​​രു പ്രേ​​മ​​ സ്മാ​​ര​​ക​​മാ​​യി​​ട്ടാ​​ണ്. ആ ​​അ​​ർ​​ഥ​​ത്തി​​ലാ​​ണ് ഞാ​​ൻ പ​​റ​​യു​​ന്ന​​ത്. മു​​ജാ​​ഹി​​ദ് അ​​ങ്ങ​​നെ വി​​ടു​​ന്ന​​വ​​ന​​ല്ല. ‘‘അ​​തെ​​യ​​തെ... മൃ​​ത​​സ്നേ​​ഹ​​ത്തി​​ന്റെ സ്മാ​​ര​​കം.’’

ഇ​​ഫ്തി​ഖ​​ർ എ​​തി​​ർ​​ത്തു, ‘‘സ്നേ​​ഹ​​ത്തി​​നു മ​​ര​​ണ​​മി​​ല്ല, മു​​ജാ​​ഹി​​ദ്.’’ ‘‘ഇ​​തൊ​​ക്കെ നാ​​ട​​ക​​ത്തി​​ലെ വ​​ച​​ന​​ങ്ങ​​ളാ​​ണ് ഭാ​​യി. അ​​മ്മ മ​​രി​​ച്ചാ​​ൽ അ​​മ്മ​​യു​​ടെ സ്നേ​​ഹ​​വും മ​​രി​​ച്ചു. അ​​തു​​പോ​​ലു​​ള്ള സ്നേ​​ഹം മ​​റ്റാ​​രി​​ൽ​​നി​​ന്നും കി​​ട്ടി​​ല്ല. അ​​ങ്ങ​​നെ​​യ​​ല്ല, ഭാ​​ര്യ മ​​രി​​ച്ചാ​​ൽ വേ​​റെ ഭാ​​ര്യ​​യെ കി​​ട്ടും.’’ മു​​ജാ​​ഹി​​ദ് ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​തു​​കേ​​ട്ട് ഞാ​​ൻ ഷോ​​ക്ക​​ടി​​ച്ച​​പോ​​ലെ ​​നി​​ന്നു. ഷെ​​യ്സ്ത എ​​ഴു​​ന്നേ​​റ്റു, ‘‘അ​​തെ. എ​​ന്റെ മു​​ത്തി പ​​റ​​യു​​മാ​​യി​​രു​​ന്നു. ഒ​​രു ഭാ​​ര്യ മ​​രി​​ച്ചാ​​ൽ ഭ​​ർ​​ത്താ​​വി​​ന് ഒ​​രു മു​​റി​​വേ​​റ്റ​​പോ​​ലെ​​​േയയു​​ള്ളൂ. കു​​റെ​​നേ​​രം ക​​ഠി​​ന​​മാ​​യ വേ​​ദ​​ന. പി​​ന്നെ അ​​ത് ആ​​റും. മു​​റി​​വു​​മി​​ല്ല; ചോ​​ര​​യൊ​​ഴു​​ക്കു​​മി​​ല്ല; മു​​റി​​പ്പാ​​ടി​​ല്ല, വേ​​ദ​​ന​​യു​​മി​​ല്ല.

സം​​ഭാ​​ഷ​​ണ​​ത്തി​​ന്റെ പോ​​ക്ക് അ​​ത്ര ന​​ന്നാ​​യി​​ത്തോ​​ന്നി​​യി​​ല്ല എ​​നി​​ക്ക്. പെ​​ട്ടെ​​ന്ന് ഇ​​ഫ്തി​​ഖ​​ർ എ​​ഴു​​ന്നേ​​റ്റു, ‘‘ഷെ​​യ്സ്ത നീ​​യെ​​ന്താ​​ണ് പ​​റ​​യു​​ന്ന​​ത്? അ​​വ​​ളു​​ടെ ര​​ണ്ട് കൈ​​യും കൂ​​ട്ടി​​പ്പി​​ടി​​ച്ച് അ​​യാ​​ൾ ചോ​​ദി​​ച്ചു. ‘‘എ​​ന്റെ ദേ​​ഹ​​ത്തി​​ലെ ഒ​​രോ സെ​​ല്ലും നി​​ൽക്കു​​ന്ന​​ത് നി​​ന്റെ ബ​​ല​​ത്തി​​ലാ​​ണ്. നീ​​യി​​പ്പോ പ​​റ​​ഞ്ഞ​​ത് നി​​ന്റെ ഉ​​ള്ളി​​ലി​​രി​​പ്പുത​​ന്നെ​​യാ​​ണോ?’’ എ​​നി​​ക്ക് ചി​​രി​​വ​​ന്നു എ​​ങ്കി​​ലും അ​​ട​​ക്കി. അ​​യാ​​ൾ​​ക്ക് ത​​ന്നേ​​ക്കാ​​ൾ പ​​ത്തു​​വ​​യ​​സ്സ് കൂ​​ടു​​മെ​​ന്ന് ഷെ​​യ്സ്ത പ​​റ​​ഞ്ഞി​​രു​​ന്നു. അ​​മ്പ​​തി​​നോ​​ട​​ടു​​ത്ത ഒ​​രാ​​ളാ​​ണ് ഒ​​രു ആ​​രം​​ഭ യൗ​​വ​​ന​​നെ​​പ്പോ​​ലെ ആ​​ണ​​യി​​ടു​​ന്ന​​ത്!

ഞ​​ങ്ങ​​ൾ വൈ​​കാ​​തെ ഇ​​റ​​ങ്ങി. അ​​വ​​രു​​ടെ വീ​​ട്ടി​​ൽ​​നി​​ന്ന് ഒ​​രു​​പാ​​ട് വി​​ഭ​​വ​​ങ്ങ​​ൾ തി​​ന്നു​​തീ​​ർ​​ത്തി​​രു​​ന്ന​​തി​​നാ​​ൽ രാ​​ത്രി ത​​നി​​ക്കൊ​​ന്നും വേ​​ണ്ടെ​​ന്നും ഒ​​രു ഗ്ലാ​​സ് പാ​​ൽ മാ​​ത്രം മ​​തി​​യെ​​ന്നും മു​​ജാ​​ഹി​​ദ് പ​​റ​​ഞ്ഞു. എ​​നി​​ക്കും അ​​ങ്ങ​​നെ​​ത​​ന്നെ തോ​​ന്നി. അ​​തി​​നാ​​ൽ പാ​​ച​​ക​​പ്പ​​ണി ഒ​​ഴി​​വാ​​യി: ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ പ്രേ​​മ​​ത്തെ​​പ്പ​​റ്റി​​യും മ​​റ്റും ഞ​​ങ്ങ​​ൾ ത​​മ്മി​​ൽ കു​​റേ ത​​ർ​​ക്ക​​മു​​ണ്ടാ​​യി. മു​​ജാ​​ഹി​​ദി​​ന്റെ പ്രേ​​മ​​ത്തി​​ൽ ത​​ർ​​ക്ക​​ങ്ങ​​ളെ​​ല്ലാം മു​​ങ്ങി.

ഒ​​രു ഞാ​​യ​​റാ​​ഴ്ച അ​​വ​​ർ ര​​ണ്ട​​ുപേ​​രും ഞ​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ൽ​​വ​​ന്നു. ഞാ​​ൻ അ​​വ​​ർ​​ക്ക് ചാ​​യ​​യും ചു​​ടു​​ചു​​ടെ സ​​മോ​​സ​​യു​​മു​​ണ്ടാ​​ക്കി​​ക്കൊ​​ടു​​ത്തു. മു​​ജാ​​ഹി​​ദ് ഉ​​ണ​​ർ​​ന്നി​​രു​​ന്നി​​ല്ല. ഇ​​ഫ്തി​​ഖ​​ർ മാ​​ർ​​ക്ക​​റ്റി​​ലേ​​ക്ക് പോ​​യി വെ​​ജി​​റ്റ​​ബ്ൾ വാ​​ങ്ങാ​​ൻ. ഞ​​ങ്ങ​​ളു​​ടെ ക​​ല്യാ​​ണ ആ​​ൽ​​ബം ഷെ​​യ്സ്ത​​ക്ക് കൊ​​ടു​​ത്ത് ഞാ​​ൻ അ​​ക​​ത്തു​​പോ​​യി. തി​​രി​​ച്ചു​​വ​​രു​​മ്പോ​​ൾ ഷെ​​യ​​്സ്ത ദുഃ​​ഖ​​മു​​ള്ള​​പോ​​ലെ ഒ​​രു ഫോ​​ട്ടോ നോ​​ക്കി​​ക്കൊ​​ണ്ടി​​രു​​ന്നു. ഞാ​​ൻ എ​​ത്തി​​ച്ചു​​നോ​​ക്കി. അ​​ത് ഡി​​ഗ്രി​​യെ​​ടു​​ത്ത​​പ്പോ​​ൾ ഗൗ​​ണി​​ട്ടു​​നി​​ൽക്കു​​ന്ന എന്‍റെ ഫോ​​ട്ടോ ആ​​യി​​രു​​ന്നു: അ​​വ​​ൾ അ​​സീ​​ഫ​​യെ ഓ​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ളെ കോ​​ള​​ജി​​​ല​​യ​​ക്കാ​​ൻ ക​​ഴി​​യാ​​ഞ്ഞ​​ത് കു​​ഞ്ഞ​​ുങ്ങ​​ളെ നോ​​ക്ക​​ലും വീ​​ട്ടു​​പ​​ണി​​ക​​ളും കാരണമാ​​യി​​രു​​ന്നു. ‘‘പ​​ണി​​ക്കാ​​രി​​യെ നി​​യ​​മി​​ക്കാ​​മാ​​യി​​രു​​ന്നി​​ല്ലേ?’’ എ​​ന്നു ചോ​​ദി​​ച്ച​​പ്പോ​​ൾ ‘‘നി​​യ​​മി​​ച്ചു. കു​​റ​​ച്ചു​​നാ​​ൾ ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ൽ​​പോ​​യി വ​​രാ​​മെ​​ന്നു​​പ​​റ​​ഞ്ഞ​​വ​​ൾ പി​​ന്നെ വ​​ന്നി​​ല്ല. ദ​​മ്മാ​​മി​​ലേ​​ക്ക് പോ​​യ​​ത്രെ. പി​​ന്നീ​​ടാ​​രെ​​യും കി​​ട്ടി​​യി​​ല്ല’’ എ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി.

‘‘ഇ​​ക്കൊ​​ല്ലം അ​​ഡ്മി​​ഷ​​ൻ ക​​ഴി​​ഞ്ഞു. അ​​ടു​​ത്ത​​കൊ​​ല്ലം അ​​വ​​ളെ കോ​​ള​​ജി​​ല​​യ​​ക്ക​​ണ​​മെ​​ന്ന് ഞാ​​ൻ പ​​റ​​ഞ്ഞു.

‘‘തീ​​ർ​​ച്ച​​യാ​​യും. ഞ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി അ​​വ​​ളെ ദ്രോ​​ഹി​​ച്ചു​​കൂ​​ടാ’’ എ​​ന്ന് ഷെ​​യ്സ്ത ഉ​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു. പി​​ന്നീ​​ട് പ​​തു​​ക്കെ ചോ​​ദി​​ച്ചു. ‘‘സീ​​ന​​ത്ത്, കു​​ട്ടി​​ക​​ളു​​ണ്ടാ​​വാ​​തി​​രി​​ക്കാ​​ൻ ഓ​​പ​​റേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത് കു​​ഴ​​പ്പ​​മാ​​ണോ?’’ ഞാ​​ൻ പ​​റ​​ഞ്ഞു, ‘‘എ​​ന്തു കു​​ഴ​​പ്പം? എ​​ന്റെ ര​​ണ്ടു ചേ​​ച്ചി​​മാ​​രും മൂ​​ന്ന് നാ​​ത്തൂ​​ൻ​​മാ​​രും ഓ​​പ​​റേ​​ഷ​​ൻ ചെ​​യ്ത​​വ​​രാ​​ണ്. ഒ​​രു കു​​ഴ​​പ്പ​​വു​​മു​​ണ്ടാ​​യി​​ല്ല.’’ ഷെ​​യ്സ്ത​​ക്കു ധൈ​​ര്യ​​മാ​​യി. ‘‘ഇ​​ത്ത​​വ​​ണ ഞാ​​നും ​ചെ​​യ്യും.’’

അ​​വ​​ർ അ​​ന്ന് ഞ​​ങ്ങ​​​ളോ​​ടൊ​​പ്പം ഊ​​ണു​​ക​​ഴി​​ക്ക​​ണ​​മെ​​ന്ന് ഞാ​​ൻ നി​​ർ​​ബ​​ന്ധി​​ച്ചു. അ​​വ​​ർ വൈ​​കു​​ന്നേ​​ര​​മേ തി​​രി​​ച്ചു​​പോ​​യു​​ള്ളൂ.

കെ.​​ആ​​ർ.​​എ​​സി​​ലെ എ​​ന്റെ ജീ​​വി​​ത​​ത്തി​​ന് നി​​റം​​പ​​ക​​ർ​​ന്ന​​ത് അ​​വ​​രു​​ടെ കു​​ടും​​ബ​​മാ​​ണ്. അ​​ങ്ങോ​​ട്ടും ഇ​​ങ്ങോ​​ട്ടും ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലു​​ള്ള സ​​ന്ദ​​ർ​​ശ​​നം സ​​ന്തു​​ഷ്ടി ന​​ൽ​​കി.

ഡോ​​ക്ട​​ർ പ​​രി​​ശോ​​ധി​​ച്ച് പ്ര​​സ​​വ​​ത്തി​​ന് ര​​ണ്ടാ​​ഴ്ചകൂ​​ടി ക​​ഴി​​യ​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ​​തി​​നാ​​ലാ​​ണ് ആ ​​ഞാ​​യ​​റാ​​ഴ്ച ഞാ​​ൻ അ​​വ​​രെ വീ​​ട്ടി​​ലേ​​ക്ക് ക്ഷ​​ണി​​ച്ച​​ത്. അ​​സീ​​ഫ​​യെ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന് പ്ര​​ത്യേ​​കം ഏ​​ൽ​​പി​​ച്ചി​​രു​​ന്നു. കു​​ട്ടി​​ക​​ൾ ബ​​ഹ​​ളം​​വെ​​ച്ച് ക​​ളി​​ക്കും. അ​​സീ​​ഫ മാ​​ത്രം മൂ​​ക​​യാ​​യി ഇ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​ല്ല സ​​ദ്യ ഒ​​രു​​ക്കി​​യി​​രു​​ന്നു. അ​​വ​​ർ തി​​രി​​ച്ചു​​പോ​​കു​​മ്പോ​​ൾ ഒ​​മ്പ​​തു​​മ​​ണി ക​​ഴി​​ഞ്ഞി​​രു​​ന്നു.

പി​​റ്റേ​​ന്ന് രാ​​വി​​ലെ അ​​ഞ്ചു​​ മ​​ണി​​ക്ക് അ​​ലാ​​റം മു​​ഴ​​ങ്ങി​​യി​​ട്ടും ഞാ​​ൻ എ​​ഴു​​ന്നേ​​ൽ​​ക്കാ​​തെ കി​​ട​​ക്ക​​യാ​​യി​​രു​​ന്നു. അ​​പ്പോ​​ഴാ​​ണ് വാ​​തി​​ൽ​​ മ​​ണി മു​​ഴ​​ങ്ങി​​യ​​ത്. തു​​റ​​ന്നു​​നോ​​ക്കി​​യ​​പ്പോ​​ൾ ഇ​​ഫ്തി​​ഖ​​ർ സാ​​ഹി​​ബ്. ‘‘എ​​ന്താ ഈ ​​നേ​​ര​​ത്ത്! ‘‘വ​​രൂ വ​​രൂ’’ ഇ​​രി​​ക്കാ​​ൻ നേ​​ര​​മി​​ല്ല ദാ​​ദി. ഇ​​വി​​ടെ​​നി​​ന്ന് പോ​​യ​​തി​​നു​​ശേ​​ഷം രാ​​ത്രി ഷെ​​യ്സ്ത​​ക്ക് വേ​​ദ​​ന തു​​ട​​ങ്ങി. രാ​​ത്രി ഒ​​രു​​ മ​​ണി​​ക്ക് മൈ​​സൂ​​രി​​ലെ ശി​​ൽ​​പ മെ​​റ്റേ​​ണി​​റ്റി ഹോ​​സ്പി​​​റ്റ​​ലി​​ലെ​​ത്തി​​ച്ചു. അ​​വ​​ൾ പ്ര​​സ​​വി​​ച്ചു; ആ​​ൺ​​കു​​ട്ടി.’’

ഒ​​രു ന​​വ​​ജാ​​ത ശി​​ശു​​വി​​നെ ക​​ണ്ടി​​ട്ടേ​​റെ കാ​​ല​​മാ​​യി. ഉ​​ട​​നെ പോ​​ക​​ണം. ഒ​​രു ചാ​​യ കു​​ടി​​ച്ച് ഇ​​ഫ്തി​​ഖർ സാ​​ഹി​​ബ് വേ​​ഗം പോ​​യി.

ഞ​​ങ്ങ​​ൾ മൈ​​സൂ​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി. അ​​വി​​ടെ എ​​ല്ലാ​​വരു​​മു​​ണ്ട്. അ​​സീ​​ഫ കു​​ട്ടി​​ക​​ളെ​​യും കൂ​​ട്ടി പു​​റ​​ത്തി​​രി​​ക്ക​​യാ​​ണ്, അ​​ക​​ത്ത് ബ​​ഹ​​ളംകൂ​​ട്ടാ​​തി​​രി​​ക്കാ​​ൻ. അ​​വ​​ളു​​ടെ മു​​ഖ​​ത്ത് തെ​​ളി​​ഞ്ഞ സ​​ന്തോ​​ഷം. അ​​വ​​ൾ പ​​റ​​ഞ്ഞു, ‘‘ആ​​ൺ​​കു​​ട്ടി​​യാ​​ണ്. ന​​ല്ല ഭം​​ഗി.’’ മു​​ജാ​​ഹി​​ദ് കു​​ട്ടി​​യെ ക​​ണ്ടു പ​​റ​​ഞ്ഞു, ‘‘ഭാ​​ഭി ഞാ​​ൻ ഇ​​വ​​നെ​​യുംകൊ​​ണ്ട് ക​​ട​​ന്നു​​ക​​ള​​യും.’’ ഭാ​​ഭി​​ക്ക് ആ​​ശ​​ങ്ക​​യൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല.

‘‘​​വ​​ല്ല​​വ​​രു​​ടെ​​യും മ​​ക്ക​​ളെ മോ​​ഷ്ടി​​ക്ക​​യോ സ്വ​​ന്തം സേ​​ന​​യെ ഒ​​രു​​ക്കാ​​ൻ നോ​​ക്ക്.’’

ഞാ​​ൻ ഷെ​​യ്സ്ത ഭാ​​ഭി​​യോ​​ട് ചോ​​ദി​​ച്ചു, ‘‘അ​​സീ​​ഫ​​ക്ക് എ​​ല്ലാ​​രെ​​യും നോ​​ക്കാ​​നും ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​ക്കാ​​നു​​മൊ​​ക്കെ ഒ​​റ്റ​​ക്കു ക​​ഴി​​യു​​മോ? സ​​ല്ലു​​വി​​നെ​​യും ഇ​​മ്മു​​വി​​നെ​​യും ന​​വീ​​നെ​​യും ക​​മ​​ലി​​നെ​​യും ഞാ​​ൻ വീ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യ്ക്കോ​​ട്ടോ.’’ ഭാ​​ഭി പ​​റ​​ഞ്ഞു. ‘‘കു​​ഴ​​പ്പ​​മി​​ല്ല സീ​​ന​​ത്ത്. അ​​സീ​​ഫ എ​​നി​​ക്കു മോ​​ള​​ല്ല; അ​​മ്മ​​യാ​​ണ്. അ​​വ​​ൾ എ​​ല്ലാം വേ​​ണ്ടും​​പോ​​ലെ ചെ​​യ്യും.​​ കു​​ട്ടി​​ക​​ളു​​ടെ കാ​​ര്യ​​ങ്ങ​​ളും വീ​​ട്ടു​​പ​​ണി​​ക​​ളു​​മെ​​ല്ലാം. പി​​ന്നെ ഞാ​​നി​​വി​​ടെ ഏ​​റെ​​നാ​​ൾ കി​​ട​​ക്കി​​ല്ല.’’ ‘‘അ​​പ്പോ​​ൾ ഓ​​പ​​റേ​​ഷ​​ൻ! ’’ ഇ​​പ്പോ​​ൾ ദേ​​ഹം ക്ഷീ​​ണി​​ച്ചി​​രി​​ക്ക​​യാ​​ണെ​​ന്നും ര​​ണ്ടാ​​ഴ്ച ക​​ഴി​​ഞ്ഞി​​ട്ടാ​​വാ​​മെ​​ന്നും ഡോ​​ക്ട​​ർ പ​​റ​​ഞ്ഞു.’’

ഷെ​​യ്സ്ത വീ​​ട്ടി​​ലെ​​ത്തി​​യ​​തി​​നു​​ശേ​​ഷം ഞ​​ങ്ങ​​ൾ ര​​ണ്ടു​​ത​​വ​​ണ അ​​വ​​രെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. പി​​​ന്നെ ഒ​​രു ഞാ​​യ​​റാ​​ഴ്ച മു​​ജാ​​ഹി​​ദും ഞാ​​നും ട്രെ​​യി​​നി​​ൽ മൈ​​സൂ​​ർ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്നു; അ​​ത്യാ​​വ​​ശ്യം ചി​​ല​​തു വാ​​ങ്ങാ​​ൻ. ബ​​ല​​ഗോ​​ള സ്റ്റേ​​ഷ​​നി​​ൽ വ​​ണ്ടി നി​​ന്ന​​പ്പോ​​ൾ ഷെ​​യ്സ്ത​​യും ഇ​​ഫ്തി​​ഖ​​റും അ​​വി​​ടെ നി​​ൽ​​ക്കു​​ന്നു -അ​​വ​​ൾ ഞ​​ങ്ങ​​ളു​​ടെ ബോ​​ഗി​​യി​​ൽ​​ത്ത​​ന്നെ കേ​​റി- പ്ര​​സ​​വം ക​​ഴി​​ഞ്ഞ് ര​​ണ്ടാ​​ഴ്ച​​യേ ആ​​യി​​ട്ടു​​ള്ളൂ. ഇ​​പ്പോ വ​​ണ്ടി​​യാ​​ത്ര​​യോ? എ​​ന്റെ ജ്യേ​​ഷ്ഠ​​ത്തി​​മാ​​രും നാ​​ത്തൂ​​ൻ​​മാ​​രു​​മൊ​​ക്കെ ര​​ണ്ടു​​മാ​​സ​​മെ​​ങ്കി​​ലും കി​​ട​​ക്ക​​യി​​ൽ​​നി​​ന്നി​​റ​​ങ്ങാ​​തി​​രി​​ക്കു​​ന്ന​​താ​​ണ് എ​​ന്റെ മ​​ന​​സ്സി​​ലു​​ള്ള ചി​​ത്രം. ഷെ​​യ്സ്ത പ​​റ​​ഞ്ഞു. ‘‘ഞാ​​ൻ ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ ഒ​​രു പ്ര​​സ​​വ​​ത്തി​​നു​​ശേ​​ഷ​​വും വി​​ശ്ര​​മി​​ച്ചി​​ട്ടി​​ല്ല.’’

കു​​ട്ടി പി​​റ​​ന്ന് നാ​​ൽ​​പ​​താം ദി​​വ​​സം ചി​​ല ച​​ട​​ങ്ങു​​ക​​ളു​​ണ്ട്. ഞ​​ങ്ങ​​ൾ ഷെ​​യ്സ്ത​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് പു​​റ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു, അ​​വ​​ന് സ​​മ്മാ​​ന​​മാ​​യി ആ​​ഭ​​ര​​ണ​​വും ഉ​​ടു​​പ്പും ക​​രു​​തി​​ക്കൊ​​ണ്ട്. അ​​പ്പോ​​ഴാ​​ണ് ഒ​​രു ടെ​​ല​​ിഗ്രാം എ​​ത്തു​​ന്ന​​ത്: ‘മ​​ദ​​ർ സീ​​രി​​യ​​സ്. ഉ​​ട​​നെ എ​​ത്തു​​ക’. ഞ​​ങ്ങ​​ൾ വേ​​ഗംത​​ന്നെ പാ​​ക്ക് ചെ​​യ്ത് പു​​റ​​പ്പെ​​ട്ടു -മൈ​​സൂ​​രി​​ൽ​​നി​​ന്ന് അ​​ക​​ലെ​​യു​​ള്ള ഗ്രാ​​മ​​ത്തി​​ലേ​​ക്ക്. അ​​മ്മ​​യു​​ടെ സ്ഥി​​തി തി​​ക​​ച്ചും ഗു​​രു​​ത​​രം. അ​​മ്മ​​യു​​ടെ ഇ​​ച്ഛ​​യ​​നു​​സ​​രി​​ച്ച് എ​​ല്ലാ മ​​ക്ക​​ളു​​മെ​​ത്തി. മു​​ജാ​​ഹി​​ദ് ഒ​​രു​​മാ​​സം ലീ​​വെ​​ടു​​ത്തു. അ​​മ്മ മ​​ക്ക​​ളു​​ടെ ന​​ടു​​വി​​ൽ കി​​ട​​ന്ന് ശാ​​ന്ത​​മാ​​യ മ​​ന​​സ്സോ​​ടെ പോ​​യി, ഉ​​റ​​ക്ക​​ത്തി​​ലെ​​ന്ന​​പോ​​ലെ. എ​​നി​​ക്ക് ഞാ​​ൻ അ​​നാ​​ഥ​​നാ​​യി​​പ്പോ​​യെ​​ന്നു തോ​​ന്നി. എ​​ന്നെ​​ പെ​​റ്റു​​പോ​​റ്റി​​യ അ​​മ്മ പോ​​യി. ഈ ​​വി​​ധി ആ​​ർ​​ക്കും ത​​ട​​യാ​​വ​​ത​​ല്ല​​ല്ലോ. അ​​മ്മ​​യു​​ടെ മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ളെ​​ല്ലാം ക​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം ഞ​​ങ്ങ​​ൾ കെ.​​ആ​​ർ.​​എ​​സി​​ൽ തി​​രി​​​​ച്ചെ​​ത്തി. ഞ​​ങ്ങ​​ൾ ഷെ​​യ്സ്ത​​യു​​ടെ വീ​​ട്ടി​​ൽ കു​​ട്ടി​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ളും എ​​ടു​​ത്ത്​ പോ​​യി. വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ​​ അ​​വി​​ടെ ആ​​ളു​​ക​​ളു​​ണ്ടെ​​ന്ന​​തി​​ന്റെ ല​​ക്ഷ​​ണ​​മി​​ല്ല. തോ​​ട്ട​​മൊ​​ക്കെ അ​​ല​​ങ്കോ​​ലം. ഹാ​​ളി​​ലെ ക​​സാ​​ല​​യി​​ൽ ഞാ​​നി​​രു​​ന്നു. ഷെ​​യ്സ്ത​​യു​​ടെ മു​​റി​​യു​​ടെ വാ​​തി​​ൽ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്നു. ഞാ​​ൻ ആ ​​വാ​​തി​​ലി​​ന്മേ​​ൽ ഇ​​ടി​​ച്ചു. ‘‘ഭാ​​ഭി ഷെ​​യ്സ്ത ഭാ​​ഭി വാ​​തി​​ൽ തു​​റ​​ക്കൂ. ഞാ​​നാ​​ണ് സീ​​ന​​ത്ത്.’’

ബോ​​ൾ​​ട്ട് നീ​​ക്കു​​ന്ന ശ​​ബ്ദം​​കേ​​ട്ടു. ഇ​​ഫ്തി​​ഖ​​ർ പു​​റ​​ത്തു​​വ​​ന്നു. മു​​ജാ​​ഹി​​ദി​​നു​​നേ​​രെ ന​​ട​​ന്നു. ഞാ​​ൻ മു​​റി​​ക്ക​​ക​​ത്ത് ക​​ട​​ന്നു -ജ​​ന​​ലു​​ക​​ൾ അ​​ട​​ഞ്ഞു​​കി​​ട​​ക്ക​​യാ​​ണ്. അ​​വി​​ടെ ക​​ണ്ട പെ​​ണ്ണി​​ന്റെ രൂ​​പം...​​ അ​​ല്ല അ​​ത് ഷെ​​യ്സ്ത​​യ​​ല്ല. ഞാ​​ൻ പു​​റ​​ത്തു​​ക​​ട​​ന്നു. എ​​വി​​ടെ​​യാ​​ണ് എ​​ന്റെ ഷെ​​യ്സ്ത ഭാ​​ഭി?

‘‘അ​​വ​​ൾ എ​​ല്ലാം വി​​ട്ടു​​പോ​​യി. എ​​ല്ലാം പെ​​ട്ടെ​​ന്നു ക​​ഴി​​ഞ്ഞു.’’ ‘‘അ​​വ​​ൾ ആ​​രാ​​ണ്?’’ ഞാ​​ൻ ആ​​ക്രോ​​ശി​​ച്ചു. ‘‘ഞാ​​ൻ നി​​ക്കാ​​ഹ് ക​​ഴി​​ച്ച​​വ​​ളാ​​ണ്. ഷെ​​യ്സ്ത​​യു​​ടെ ച​​ട​​ങ്ങു​​ക​​ളെ​​ല്ലാം ക​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം. ഒ​​രു പാ​​വ​​പ്പെ​​ട്ട കു​​ടും​​ബ​​ത്തി​​ലെ പെ​​ണ്ണാ​​ണ്. എ​​നി​​ക്ക് കു​​ട്ടി​​ക​​ളെ നോ​​ക്കാ​​ൻ ഒ​​രു​​വ​​ൾ വേ​​ണ്ടേ? അ​​തു​​കൊ​​ണ്ടാ​​ണ്.’’

എ​​നി​​ക്ക് എ​​ന്നെ നി​​യ​​ന്ത്രി​​ക്കാ​​നാ​​യി​​ല്ല.

‘‘വേ​​ണം. വേ​​ണം. കു​​ട്ടി​​ക​​ളെ നോ​​ക്കാ​​നൊ​​രു​​വ​​ൾ വേ​​ണം. പ​​ക്ഷേ, ഇ​​ഫ്തി​​ഖർ ഭാ​​യി, പ​​ഴ​​യ സ്നേ​​ഹപ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളൊ​​ന്നും ആ​​വ​​ർ​​ത്തി​​ക്ക​​രു​​ത്. ഷെ​​യ്സ്ത മ​​ഹ​​ൽ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ വേ​​ണ്ടി​​യു​​ള്ള മാ​​ർ​​ബി​​ൾ​​പ്പ​​ല​​ക​​ക​​ൾ നി​​ര​​ത്താ​​തി​​രു​​ന്നാ​​ൽ ന​​ല്ല​​ത്. താ​​ങ്ക​​ളു​​ടെ ‘അ​​ന​​ശ്വ​​ര പ്രേ​​മം’ അ​​റി​​ഞ്ഞ് അ​​വ​​ൾ എ​​ഴു​​ന്നേ​​റ്റ് വ​​ന്നാ​​ൽ താ​​ങ്ക​​ൾ​​ക്കാ​​പ​​ത്താ​​കും. ഞാ​​നെ​​​ന്തൊ​​ക്കെ​​യാ​​ണ് അ​​ല​​റു​​ക​​യെ​​ന്ന പേ​​ടി​​കൊ​​ണ്ട് പു​​റ​​ത്തേ​​ക്കോ​​ടി.

 

അ​​സീ​​ഫ അ​​വ​​ളു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ളെ സ്കൂ​​ളി​​ൽ​​നി​​ന്ന് കൊ​​ണ്ടു​​വ​​ന്ന് പു​​റ​​ത്തി​​രി​​പ്പു​​ണ്ടാ​​യി​​രു​​ന്നു. ‘‘സീ​​ന​​ത്ത് ഓ​​ൺ​​ടി!’’ കു​​ട്ടി​​ക​​ൾ എ​​ന്റെ ചു​​റ്റും ഓ​​ടി​​യെ​​ത്തി. അ​​സീ​​ഫ പ​​തു​​ക്കെ ന​​ട​​ന്നു​​വ​​ന്നു. കൈ​​ക്കു​​​ഞ്ഞോ​​ടു​​കൂ​​ടി. ക​​ണ്ണു​​ക​​ൾ നി​​റ​​ഞ്ഞൊ​​ഴു​​കി​​യി​​രു​​ന്നു. അ​​ക​​ലെ എ​​വി​​ടെ​​യോനി​​ന്ന്. ഷെ​​യ്സ്ത​​യു​​ടെ വാ​​ക്കു​​ക​​ൾ കാ​​തി​​ൽ മ​​ന്ത്രി​​ക്കു​​ന്നു. ‘‘അ​​വ​​ൾ എ​​​ന്റെ മ​​ക​​ള​​ല്ല; എ​​ന്റെ അ​​മ്മ​​യാ​​ണ്.’’

പ്ര​​സ​​വി​​ക്കാ​​തെ അ​​മ്മ​​മാ​​രാ​​വാ​​ൻ വി​​ധി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ് ‘‘ആ​​ദ്യ​​ത്തെ ക​​ൺ​​മ​​ണി പെ​​ണ്ണാ​​യി’’​​ത്തീ​​രു​​ന്ന​​വ​​രും തനി​​ക്കു​​താ​​ഴെ തു​​രു​​തു​​രെ ഉ​​ണ്ടാ​​വു​​ന്ന കൂ​​ട​​പ്പി​​റ​​പ്പു​​ക​​ളെ അ​​മ്മ​​യെ​​പ്പോ​​ലെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ന്ന​​വ​​രു​​മാ​​യ പെ​​ൺ​​കി​​ടാ​​ങ്ങ​​ൾ. ‘ഹൃ​​ദ​​യ​​ദീ​​പ’​​ത്തി​​ലെ സ​​ൽ​​മ​​യും ‘മാ​​ർബി​​ൾ പ​​ല​​ക’​​​​യി​​ലെ അ​​സീ​​ഫ​​യും ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്നു. ര​​ണ്ടു​​പേ​​രും അ​​മ്മ​​ക്കും താ​​ഴെ​​യു​​ള്ള കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കും താ​​ങ്ങും ത​​ണ​​ലു​​മാ​​ണ്. ഹൈ​​സ്കൂ​​ൾ പ​​ഠ​​നം ക​​ഴി​​യാ​​റാ​​യ ഘ​​ട്ട​​ത്തി​​ലു​​ള്ള​​വ​​ളാ​​ണ് സ​​ൽ​​മ. അ​​വ​​ൾ പ​​രീ​​ക്ഷ​​ക്ക് ഉ​​റ​​ക്ക​​മൊ​​ഴി​​ച്ചി​​രു​​ന്ന് പ​​ഠി​​ക്കു​​മ്പോ​​ൾ മ​​യ​​ങ്ങി​​പ്പോ​​വു​​ന്ന​​ത് കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ട പ​​രി​​ച​​ര​​ണ​​വും അ​​വ​​ർ​​ക്ക് ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​ക്കി​​ക്കൊ​​ടു​​ക്കു​​ന്ന ചു​​മ​​ത​​ല​​യും നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നു പു​​റ​​മെ പെ​​ട്ടെ​​ന്നെ​​ത്തി​​ച്ചേ​​ർ​​ന്ന മാ​​മ​​ന്മാ​​ർ​​ക്ക് ഭ​​ക്ഷ​​ണ​​ത്തി​​ന് ന​​ല്ല വി​​ഭ​​വ​​ങ്ങ​​ളൊ​​രു​​ക്കു​​ന്ന പ​​ണി​​കൂ​​ടി വേ​​ണ്ടി​​വ​​ന്ന​​തി​​ന്റെ ക്ഷീ​​ണം​​കൊ​​ണ്ടാ​​യി​​രു​​ന്നു.

‘മാ​​ൾബിൾ​​പല​​ക’ കഥ​​യി​​ലെ അ​​സീ​​ഫ​​ക്ക് ഹൈ​​സ്കൂ​​ൾ ക​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം പ​​ഠി​​പ്പുതു​​ട​​രാ​​ൻ ക​​ഴി​​യാ​​ത്ത​​ത് കു​​ട്ടി​​ക​​ളു​​ടെ പ​​രി​​ച​​ര​​ണം ഏ​​റ്റെ​​ടു​​​ക്കേ​​ണ്ടി​​വ​​ന്ന​​തു​​കൊ​​ണ്ടു മാ​​ത്ര​​മ​​ല്ല, അ​​വ​​ളു​​ടെ നി​​ക്കാ​​ഹ് ന​​ട​​ത്ത​​ണ​​മെ​​ന്നും ഉ​​യ​​ർ​​ന്ന പ​​ഠി​​പ്പ് അ​​തി​​നെ​​തി​​രാ​​വു​​മെ​​ന്നും ബാ​​പ്പ നി​​ശ്ച​​യി​​ക്കു​​ന്നു​​തു​​കൊ​​ണ്ടുകൂ​​ടി​​യാ​​ണ് -ര​​ണ്ടു​​പേ​​രും എ​​ല്ലാം സ​​ഹി​​ച്ച് മൗ​​നി​​ക​​ളാ​​യി​​ത്തീ​​രു​​ന്നു. ചെയ്യേ​​ണ്ടതെ​​ല്ലാം ത​​ക്ക​​സ​​മ​​യ​​ത്ത് ചെ​​യ്തു​​തീ​​ർ​​ത്ത് ത​​ങ്ങ​​ളു​​ടെ അ​​മ്മ​​മാ​​രെ തു​​ണ​​ക്കുന്നു. ഷെ​​യ്സ്ത മ​​ക​​ൾ​​ക്ക് ഉ​​പ​​രി​​വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ൽ ദുഃ​​ഖി​​ത​​യാ​​ണ്. പ​​ക്ഷേ, നി​​സ്സ​​ഹാ​​യ​​യാ​​ണ്. ര​​ണ്ട് സീ​​മ​​ന്ത​​പു​​ത്രി​​മാ​​രു​​ടെ സ​​ഹ​​ന​​ശ​​ക്തി​​യും സ്നേ​​ഹ​​വും, നി​​ശ്ശ​​ബ്ദ​​മാ​​യി ചു​​മ​​ത​​ല​​ക​​ൾ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ലു​​ള്ള സ​​ന്ന​​ദ്ധ​​ത​​യുമാ​​ണ് അ​​വ​​രു​​ൾ​​പ്പെ​​ട്ട ക​​ഥ​​ക​​ളെ ജ്വ​​ല​​ത്താ​​ക്കു​​ന്ന​​ത്.

അ​​സീ​​ഫ കൈ​​ക്കു​​ഞ്ഞു​​മാ​​യി സ്കൂ​​ളി​​ൽ​​പ്പോ​​യി കൂ​​ട​​പ്പി​​റ​​പ്പു​​ക​​ളെ കൂ​​ട്ടി​​ക്കൊ​​ണ്ടു​​വ​​ന്ന​​തി​​നു​​ശേ​​ഷം വീ​​ട്ടി​​നു​​ള്ളി​​ലേ​​ക്ക് കേ​​റാ​​തെ പു​​റ​​ത്ത് ഇ​​രി​​ക്കു​​ന്ന​​ത് ബാ​​പ്പ​​യു​​ടെ സ്വ​​ർ​​ഗ​​ത്തി​​ൽ ത​​ങ്ങ​​ൾ ക​​ട്ടു​​റു​​മ്പു​​ക​​ളാ​​കാതി​​രി​​ക്കാ​​നാ​​ണ്. അ​​ദ്ദേ​​ഹം വാ​​തി​​ൽ തു​​റ​​ന്ന് വ​​രും​​വ​​രെ പു​​റ​​ത്തി​​രി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തോ​​ടെ ഇ​​രി​​ക്കു​​ന്ന അ​​സീ​​ഫ​​യു​​ടെ ചി​​ത്രം വാ​​യ​​ന​​ക്കാ​​രു​​ടെ മ​​ന​​സ്സി​​ൽ​​നി​​ന്നു മാ​​യി​​ല്ല. ‘‘അ​​വ​​ൾ ത​​ന്റെ മ​​ക​​ള​​ല്ല അ​​മ്മ​​യാ​​ണ്’’ എ​​ന്ന് ഷെ​​യ്സ്ത മു​​മ്പു പ​​റ​​ഞ്ഞി​​രു​​ന്ന​​ത് സീ​​ന​​ത്തി​​ന്റെ കാ​​തി​​ൽ എ​​ങ്ങോ​​നി​​ന്ന് വ​​ന്ന മ​​ന്ത്ര​​മാ​​യി അ​​നു​​ര​​ണ​​നം​​ ചെ​​യ്യു​​ന്ന​​ത് കേ​​ൾ​​ക്കു​​ന്ന വാ​​യ​​ന​​ക്കാ​​രു​​ടെ ചെ​​വി​​ക​​ളി​​ലും ആ​​യു​​ഷ്കാ​​ലം മു​​ഴു​​വ​​ൻ അ​​ത് മു​​ഴ​​ങ്ങി​​ക്കൊ​​ണ്ടി​​രി​​ക്കും. ക​​ഥ​​യു​​ടെ ആ ​​സ​​മാ​​പ​​നം സ​​ർ​​ഗ​​ശ​​ക്തി​​യു​​ടെ മ​​ണി​​മു​​ഴ​​ക്കംത​​​ന്നെ.

(തുടരും)

News Summary - Read the stories of Banu Mushtaq