കവിതയുടെ കഥാർസിസ്

മലയാള കാവ്യലോകത്ത് വേറിട്ടവഴികളിലൂടെ സഞ്ചരിക്കുന്ന കവിയാണ് പി.എ. നാസിമുദ്ദീൻ. അദ്ദേഹത്തിന്റെ കവിതകൾ വായിക്കുകയാണ് എഴുത്തുകാരനും നിരൂപകനുമായ ലേഖകൻ. നാസിമുദ്ദീന്റെ ഇഷ്ടകവി ജലാലുദ്ദീൻ റൂമി ആയിരിക്കണമെന്ന് ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ പലപ്പോഴും ഞാൻ ചിന്തിച്ചു. പ്രണയം, മരണം, ആത്മീയ നിർവൃതി, വിരഹം, ദുഃഖം എന്നിങ്ങനെ മാറിവരുന്ന മനസ്സിന്റെ ഋതുഭേദങ്ങൾക്കിടയിലൂടെ തന്നെ വിടാതെ പിന്തുടരുന്ന അശാന്തിയുമായി നിരന്തരം നടക്കുന്ന മൽപിടിത്തം ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. ‘പിമ്പും ജ്ഞാനിയും’ എന്ന കവിതയിലെ അവധൂതൻ സ്ത്രീ ശരീരങ്ങളെ വായിക്കുമ്പോൾ ‘നഗ്നമിനുസങ്ങളായ ത്വക്കുകളിൽ ദൈവത്തിന്റെ...
Your Subscription Supports Independent Journalism
View Plansമലയാള കാവ്യലോകത്ത് വേറിട്ടവഴികളിലൂടെ സഞ്ചരിക്കുന്ന കവിയാണ് പി.എ. നാസിമുദ്ദീൻ. അദ്ദേഹത്തിന്റെ കവിതകൾ വായിക്കുകയാണ് എഴുത്തുകാരനും നിരൂപകനുമായ ലേഖകൻ.
നാസിമുദ്ദീന്റെ ഇഷ്ടകവി ജലാലുദ്ദീൻ റൂമി ആയിരിക്കണമെന്ന് ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ പലപ്പോഴും ഞാൻ ചിന്തിച്ചു. പ്രണയം, മരണം, ആത്മീയ നിർവൃതി, വിരഹം, ദുഃഖം എന്നിങ്ങനെ മാറിവരുന്ന മനസ്സിന്റെ ഋതുഭേദങ്ങൾക്കിടയിലൂടെ തന്നെ വിടാതെ പിന്തുടരുന്ന അശാന്തിയുമായി നിരന്തരം നടക്കുന്ന മൽപിടിത്തം ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. ‘പിമ്പും ജ്ഞാനിയും’ എന്ന കവിതയിലെ അവധൂതൻ സ്ത്രീ ശരീരങ്ങളെ വായിക്കുമ്പോൾ ‘നഗ്നമിനുസങ്ങളായ ത്വക്കുകളിൽ ദൈവത്തിന്റെ ശിൽപവൈഭവം തഴുകിയറി’യുന്നു; പെൺവാണിഭക്കാരൻ അവധൂതന്റെ ഗ്രന്ഥങ്ങളുടെ വായനയിലൂടെ ജ്ഞാനാഗ്നിയിൽ എരിയുന്നു. അയാളുടെ ബോധം ചന്ദ്രനെ പോലെ ഉദിക്കുമ്പോൾ രതിസുഖത്തിലൂടെ ജ്ഞാനിയും പുതിയൊരു ബോധത്തിലേക്കുണരുന്നു. വിനോദസഞ്ചാര കേന്ദ്രമായിത്തീർന്ന പഴയ ആരാധനാലയത്തിന്റെ പശ്ചാത്തലത്തിലാണ് അവർ കണ്ടുമുട്ടുന്നതെന്നതിലുമുണ്ട് ഐറണി. തങ്ങളണിയുന്ന സ്വത്വങ്ങളുടെ പുറംചട്ടകളിൽനിന്ന് പുറത്തുകടക്കുമ്പോഴാണ് അവരുടെ ബോധങ്ങളിൽ നിലാവ് പരക്കുന്നത്. തന്റെ കവിതകളിലൂടെ നാസിമുദ്ദീൻ അന്വേഷിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ സാധ്യതകളാണ്. അതിലംഘനങ്ങളിലൂടെ താൻ സ്വയം മോചിപ്പിക്കേണ്ടിയിരിക്കുന്നു. അതിന് താൻ കൊടുക്കുന്ന വില വലുതാണ്.

കുഞ്ചൻ നമ്പ്യാർ, ആർ. രാമചന്ദ്രൻ
സമകാലിക സമൂഹത്തിൽ തെരഞ്ഞെടുപ്പുകൾ സങ്കീർണമാണ്. ‘പള്ളിക്കൽ ബസാർ’ എന്ന കവിതയിൽ ഒരുവശത്ത് ഗ്രാമീണ നന്മകളുടെ തുടർച്ചകളുള്ള ‘വാൽഡൻ’ ആണെങ്കിൽ മറുവശത്ത് ‘അശാന്തമായ ആത്മാക്കളുടെ അസ്ഥികളുടെ കിലുക്കം’ കേൾക്കുന്ന ഭൂതകാലമാണ്. നേരെ പോയാൽ ആഗോളവത്കരണത്തിന്റെ ആനന്ദനൃത്തമാടുന്ന പുതിയ തലമുറയുടെ മായാപ്രപഞ്ചം. കെണിയിലകപ്പെട്ട മൃഗത്തിന്റെ അലമുറയിൽ തന്റെ ശബ്ദവും കവി കേൾക്കുന്നു. വിമോചനത്തിന്റെ വാതിലുകൾ അടഞ്ഞപ്പോൾ ആത്മഹത്യ തിരഞ്ഞെടുത്ത സനൽ ദാസ് അവസാനം എഴുതിയ വാചകം: ‘‘ഞാനിന്നും പ്രതിക്കൂട്ടിലാണ്. എനിക്കെന്റെ വാക്കുകളും ചിറകുകളും നഷ്ടപ്പെട്ടിരിക്കുന്നു.’’ ഡൽഹിയിൽ എല്ലാവരാലും ത്യജിക്കപ്പെട്ടവനായി അലയുന്ന ഗാന്ധി, തനിക്ക് ചുറ്റും കാണുന്നത് വിദ്വേഷത്തിന്റെ വിഷസസ്യങ്ങൾ മാത്രമാണ്. നാരായണഗുരു വേറൊരു സന്ദർഭത്തിൽ ഗാന്ധിയോട് പറഞ്ഞപോലെ അദ്ദേഹം ഇനിയും വരേണ്ടിവരും, സ്വയം ബലികൊടുത്ത് താൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ ഒരിക്കൽക്കൂടി ജനങ്ങളിലെത്തിക്കാൻ.
ഗുരുവിനോ ജ്ഞാനിക്കോ വേണ്ടിയുള്ള അന്വേഷണം ഈ കവിതകളിൽ പലേടത്തുമുണ്ട്. ‘ഒരാൾ ഒരിടം രണ്ടു യാത്ര’ എന്ന കവിതയിൽ താനാദ്യം ഗുരുവിനെ തേടിവന്നപ്പോൾ പുഴയുടെ തീരത്ത് ഓളങ്ങളിൽ കണ്ണുനട്ട് ധ്യാനനിരതനായ ഗുരു ഇരിക്കുന്നുണ്ടായിരുന്നു. ‘ചിതറിപ്പോയ മനസ്സ്’ ഗുരുവിന്റെ വാക്കിലൂടെ, ‘വെളിച്ചത്തിലേക്ക് വീണ്ടെടുത്തു’. മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും വന്നപ്പോൾ ഗ്രാമം നഗരമായിരിക്കുന്നു. വാട്ടർപാർക്കും ആഡംബര നൗകകളും ബർമുഡയും തൊപ്പിയുംവെച്ച ടൂറിസ്റ്റുകളും നോക്കുന്നിടത്തൊക്കെ. പുതിയ ഉണർവിനുവേണ്ടി തായ് മസാജ് പരസ്യപ്പെടുത്തുന്ന ഏജന്റിനോടൊപ്പം താൻ പോകുന്നു. നാഗരികത കൈയേറിയ ഗ്രാമങ്ങളിൽ ഇല്ലാതാവുന്നത് പച്ചയും ജലവും മനുഷ്യബന്ധങ്ങളെ നിലനിർത്തിയ മൂല്യവ്യവസ്ഥയും മാത്രമല്ല, ഭാഷകളും ഓർമകളും നന്മതിന്മകൾ തിരിച്ചറിയാനുള്ള വിവേകവുമാണ്. തന്റെ തകർന്ന സ്വപ്നങ്ങളെ പറ്റി വിലപിക്കാതെ തനിക്കാവുന്ന രീതിയിൽ സമൂഹസേവ ചെയ്യുന്ന യോഗിനി മല്ലമ്മക്ക് പാടത്തെ കൊറ്റികൾക്കും മൈതാനത്തെ നായ്ക്കൾക്കും അന്നം വിതറുന്ന സൂഫി ഫരീദ്ബാബയെ മനസ്സിലാവും. അവർ കണ്ടുമുട്ടുമ്പോൾ ഫരീദ് ബാബ ഓർമപ്പെടുത്തുന്നത്, യുഗാബ്ദങ്ങളായി പ്രപഞ്ചത്തെ നിലനിർത്തുന്ന മനുഷ്യർ തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചാണ്. മനുഷ്യർ എന്നല്ല, ചരാചരങ്ങൾ എന്നാണ് പറയേണ്ടത്.
ജീവിതം വഴിമുട്ടിയപ്പോൾ അരി തേടി തെരുവുകളിലേക്കിറങ്ങിയ സുബൈദ തന്റെ വറുതികൾക്കിടയിലും ഇറയത്ത് ഓത്തുകിടാങ്ങൾക്കായി തൊട്ടിയിൽ വെള്ളം നിറച്ചുവെക്കാൻ മറന്നില്ല. ഇന്ന് കണ്ടാലറിയാത്തവിധം പട്ടണം മാറി മഹാനഗരമായിരിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി തന്നെ ഹോമിച്ച സുബൈദ വാഴ്ത്തപ്പെട്ടവളായി ദൈവത്തിന്റെ ഭവനത്തിൽ വാഴുന്നുണ്ടാവും എന്ന് കവി കരുതുന്നു. അവിടെനിന്നും അവർ വിളിച്ചു ചോദിക്കുന്നു; ‘‘ഓത്തുകിടാങ്ങൾക്ക് ഇപ്പോഴും തൊട്ടിയിൽ വെള്ളം വെക്കാറില്ലേ, മകനേ?’’ ഇത്തരം കരുതലുകളാണ് സമൂഹത്തിൽ അതിജീവനം സാധ്യമാക്കുന്നത്.

മാധ്യമം വാർഷികപ്പതിപ്പിലെ കവിത
വായനക്കാർക്ക് സമകാലിക സമൂഹത്തിന്റെ ധാർമികവും ആത്മീയവുമായ പ്രതിസന്ധികളുടെ ആഴം പകർന്നുകൊടുക്കുന്ന രചനകളോടൊപ്പം അപരിമേയമായ പ്രപഞ്ചത്തിന്റെ മാസ്മരികമായ അതീന്ദ്രിയാനുഭവങ്ങളെ സംബോധന ചെയ്യുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. ഈ ആമുഖക്കുറിപ്പിൽ അവയെല്ലാം വിസ്തരിക്കേണ്ട കാര്യമില്ല. യാഥാർഥ്യങ്ങളുടെ അതിരുകൾ സാൽവഡോർ ഡാലിയുടെ ഒരു പെയിന്റിങ്ങിലെന്നവണ്ണം അലിഞ്ഞില്ലാതായി സ്വപ്നദൃശ്യങ്ങളായി മാറുന്ന രൂപാന്തരം മിക്ക കവിതകളിലും സംഭവിക്കുന്നു.
ഉന്മാദാവസ്ഥയുടെ ഇരുണ്ട തുരങ്കത്തിലൂടെ വെളിച്ചത്തിലേക്ക് സഞ്ചരിച്ച കവിയാണ് നാസിമുദ്ദീൻ. ഭയത്തിന്റെ തിക്താലിംഗനത്തിൽനിന്ന് കുതറാനുള്ള ശ്രമങ്ങൾ ഈ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. തന്റെ മനസ്സിന്റെ ഒഴിയാബാധകളെ, കെട്ടുകളെ (obsessions) അഴിക്കാനുള്ള ശ്രമങ്ങളാണ് നാസിമുദ്ദീനെ സംബന്ധിച്ചിടത്തോളം കവിതയെഴുത്ത്. ‘ഒബ്സസിവ് ന്യൂറോസിസ്’ എന്ന പേരിൽ ഒരു കവിത ഇതിൽ വായിക്കാം.
അനുഭവത്തിന്റെ രോഗാതുര ഭാവങ്ങളെ വിമലീകരിക്കാനുള്ള യത്നങ്ങൾ വലിയ സാഹിത്യകൃതികളിലും (മഹത്തായ കവിതകളിൽ പ്രത്യേകിച്ചും) കാണാം. സിൽവിയ പ്ലാത്ത് എഴുതിയ ‘മുറിവ്’ (cut) എന്ന കവിത ഒരു നിസ്സാര സന്ദർഭത്തിൽ തുടങ്ങുന്നുവെങ്കിലും ഉത്കണ്ഠയും ഭയവും നിറഞ്ഞ ക്ഷോഭങ്ങളിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ രക്തപങ്കിലമായ അമേരിക്കൻ ചരിത്രം മുഴുവൻ സൂചനകളായി, ബിംബങ്ങളായി മുന്നിൽ കൊണ്ടുവരുന്നു. ഭാവനയുടെ വിഹ്വലത കണ്ടെടുക്കുന്ന അത്തരം ചരിത്രദൃശ്യങ്ങൾ, ആന്തരികമായ വിഘടനത്തെ ഒഴിപ്പിക്കാനുള്ള, ശമിപ്പിക്കാനുള്ള ഉച്ചാടന പ്രക്രിയയാണ്. കവിത കെട്ടഴിക്കലും ഉച്ചാടനവുമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് നാസിമുദ്ദീന്റെ കവിതകൾ ഓർമിപ്പിക്കുന്നു.

ജലാലുദ്ദീൻ റൂമി, എം.എഫ്. ഹുസൈൻ
പേപ്പട്ടിയെപ്പോലെ നാട്ടുകാർ ആട്ടിയോടിച്ച എം.എഫ്. ഹുസൈൻ, വൈവിധ്യമാർന്ന ജാതി മതക്കാർ പുലർന്ന കേരളം മതവിദ്വേഷത്തിലമർന്നതിൽ വിലപിക്കുന്ന കുഞ്ചൻ നമ്പ്യാർ, പാഠപുസ്തക കമ്മിറ്റിക്കാരും അക്കാദമിക്കാരും വിളിച്ചിട്ട് നിൽക്കാതെ കടപ്പുറത്ത് ചക്രവാളത്തിലെ ഒരു മേഘത്തെ കണ്ണിമവെട്ടാതെ നോക്കി ആനന്ദാധിക്യനാവുന്ന ആർ. രാമചന്ദ്രൻ –കലാകാരന്റെ വിമതസ്വരത്തിന് ഇക്കാലം വില കൽപിക്കുന്നില്ലെങ്കിലും അവരുടെ അഭാവത്തിൽ നമുക്ക് സ്വപ്നം കാണാനുള്ള, പ്രപഞ്ചമൗനത്തിന്റെ സംഗീതം കേൾക്കാനുള്ള കഴിവുകൾ നഷ്ടപ്പെടുമെന്ന് നാസിമുദ്ദീൻ തിരിച്ചറിയുന്നു. ഗൗരവപ്പെട്ട വായന ആവശ്യപ്പെടുന്ന നാസിമുദ്ദീന്റെ കവിതകൾ അതിന്റെ അനുവാചകരെ കണ്ടെത്തുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.
(പി.എ. നാസിമുദ്ദീന്റെ ‘ദൈവത്തിനൊപ്പം ഒരു പിക്നിക്’ എന്ന കവിതാസമാഹാരത്തിന് എഴുതിയ അവതാരികയാണിത്)
