Begin typing your search above and press return to search.
proflie-avatar
Login

അരശുപള്ളി -കഥ

അരശുപള്ളി -കഥ
cancel

ലി​െൻറ ചെട മൂടി നീണ്ടുകിടക്കുന്ന മുടി. ഭിത്തിയിൽ അവിടവിടെ പൊടിച്ചുവരുന്ന ചെറിയ ആലിൻതൈകൾ. വൈകു​േന്നരമാകുന്നു. ഇരട്ടമുത്തുവിെൻറ കടയ്ക്കുമുന്നിൽ നിരത്തിയിട്ടിരിക്കുന്ന നിറം മങ്ങിയ പ്ലാസ്​റ്റിക് കസേരകളിൽ അവരിരുന്നു. ശർമിള ടീച്ചറും കർപ്പകവും. ഒരിടവഴി കടന്നാൽ കാന്തള്ളൂരാണ്. നടന്നും വണ്ടികളിലുമായി ഒരുപാടുപേർ കാന്തള്ളൂരിലേക്കും ചാലയിലേക്കും ഒഴുകുന്നുണ്ട്. നഗരത്തി​െൻറ ഏറ്റവും തിരക്കുപിടിച്ച ഇടങ്ങളിലൊന്ന്. നഗരത്തി​െൻറ മിടിക്കുന്ന ഹൃദയം. സൂക്ഷിച്ചും കണ്ടും റോഡ് മുറിച്ചുകടന്നില്ലെങ്കിൽ ഏതെങ്കിലും ലോറിയിടിച്ച് മരിച്ചുപോയേക്കാം. അരശുപള്ളിയിൽ വന്ന ആദ്യ ദിവസംതന്നെ ശർമിള ടീച്ചർക്ക് കാന്തള്ളൂര് കാണണമെന്ന് തോന്നി. പതിനൊന്നാം ക്ലാസിലെ ലീഡർ മാണിക്യനാണ് വഴികാണിച്ച്​ കൂട്ടുവന്നത്. പണ്ടൊരുകാലത്തെ വിജ്ഞാനത്തി​െൻറ കിരീടം​െവച്ച കാന്തള്ളൂർശാല. ദക്ഷിണ നളന്ദ എന്ന വിളിപ്പേര്. വിദേശങ്ങളിൽനിന്നൊക്കെ ആളുകൾ വിദ്യ തേടി ഇങ്ങോ​േട്ടക്ക്​​ ഒഴുകിവന്നുകൊണ്ടിരുന്നു. നിരീശ്വരവാദമുൾപ്പെടെ അറുപതിലധികം വിഷയങ്ങൾ അന്നാക്കാലത്ത് കാന്തള്ളൂർ ശാലയിൽ പഠിപ്പിച്ചിരുന്നു.

ചരിത്രത്തി​െൻറ ഒരു കഷണം തൊട്ടുതൊട്ട് തീപ്പെട്ടി കൂടുകൾപോലെ വീടുകളിരിക്കുന്ന ആ തെരുവിൽ ഉറങ്ങിക്കിടക്കുന്നത് ശർമിള ടീച്ചർ രോമാഞ്ചത്തോടെ കണ്ടു. മാണിക്യന് കൈവെള്ളയിലെന്നപോലെ ആ സ്​ഥലമറിയാം. കഴിഞ്ഞമാസം വന്ന ഡോക്യുമെൻററി ടീമിന് ഇടവഴികളിലൂടെ നടന്ന് വഴി തെളിച്ചുകൊടുത്തത് അവനാണ്. തെരുവി​െൻറ ഓരത്തുനിന്ന് അവൻ അവ​െൻറ കൊച്ചുവീട് ചൂണ്ടിക്കാട്ടി. വീടിന് മുന്നിൽ തറയിൽ നെറ്റിച്ചുട്ടിപോലെ ഒരു അരിപ്പൊടിക്കോലം. വിടർന്ന പൂവി​െൻറ രൂപം വീടിനൊരു അലങ്കാരം. എറുമ്പിനും പൂച്ചിക്കും അന്നം. പുറത്തു കോലമുണ്ടെങ്കിൽ അകത്തൊരു സ്​ത്രീയുണ്ട് എന്നാണടയാളം. എന്നും രാവിലെ അവനും അമ്മയും കേസരി വിൽക്കാൻ അതുവഴിയാണ് നടന്നുപോകാറുള്ളത്. ഒരു വഴി കയറിയാൽ പല വഴികളായി തെറ്റും. കാന്തള്ളൂരി​െൻറ വഴി തെറ്റി ഓടിയ ഒരു വേര് പോലെ തോന്നും ഇപ്പോഴത്തെ അരശുപള്ളി കണ്ടാൽ. ഭാഷാ ന്യൂനപക്ഷ വിദ്യാലയമാണ് അരശുപള്ളി. തിരക്കുള്ള നഗരത്തിലെ ഒരു മറുമൊഴിത്തുരുത്ത്. മൂന്നു കൂട്ടം അയൽനാട്ടുകാരാണ് അരശുപള്ളിയിലേക്ക് വരിക. അതിർത്തി ഗ്രാമങ്ങളിൽനിന്നും വരുന്നവർ. ഇടുക്കി-മൂന്നാർ ലയങ്ങളിൽനിന്നും വരുന്നവർ. തലമുറകൾക്കുമുമ്പേ കച്ചവടം ചെയ്യാനായി ചാലക്കമ്പോളത്തിലെത്തി പകുതി മലയാളികളായവർ. തിരുവിതാംകൂറി​െൻറ ത്രസിപ്പിക്കുന്ന ചരിത്രമാണ് ഇവരുടെ മുൻതലമുറ.

കർപ്പകം ആരാണ്? എവിടെനിന്നും പറന്നു വന്ന കിളിയാണ് നീ? ശർമിള ടീച്ചർ അവളെ നോക്കി. രണ്ടു ഭാഷകളുടെ ഉൗറ്റത്തോടെ അവൾ ഞെളിഞ്ഞിരുന്നു. രണ്ടു മണ്ണി​െൻറ പുത്രി. രണ്ടിനം രുചികളുടെ രാസാത്തി. കന്യാകുമാരി തമിഴ്നാടിനോട് ചേർന്നതോടെ കരളുപറിച്ചുകൊണ്ട് അങ്ങോട്ടൊട്ടിച്ചേർന്ന ചില ബന്ധുക്കളെക്കുറിച്ച് വിശാൽ പറഞ്ഞത് ശർമിള ടീച്ചർ ഓർത്തു. ഇരട്ടമുത്തുവി​െൻറ കടയിൽ വൈകുന്നേരത്തെ ശാപ്പാടി​െൻറ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. തൊട്ടടുത്ത കടകളിലെല്ലാം പണിയെടുക്കുന്നത് ബംഗാളികളും ആസാമികളും. പിച്ചിപ്പൂ കെട്ടി വിൽപനക്ക്​ കൊണ്ടുപോകുന്ന പെണ്ണുങ്ങൾ മാരിയമ്മൻ കോവിൽ നടയിലേക്ക് നടന്നുപോകുന്നു. അരശുപള്ളിയിലെത്തിയിട്ട് ആറു മാസം കഴിഞ്ഞിരിക്കുന്നു. ഇവിടെ കണ്ടുമുട്ടിയ ജീവിതങ്ങളുടെ ചൂടേറ്റ് ശർമിള ടീച്ചർ വാടിക്കരിഞ്ഞുപോയി. വർഷങ്ങൾക്ക് മുൻപ് ബി.എഡ് െട്രയിനിങ്ങിനു പഠിച്ച കാര്യങ്ങളെല്ലാം തട്ടുമ്പുറത്ത് വാരിപ്പെറുക്കി​െവച്ചതോർത്ത് അവർ ഉള്ളാലെ ചിരിച്ചു. നാൽപത്തിയഞ്ച് മിനിറ്റ് ക്ലാസെടുക്കുമ്പോൾ എത്രയെത്ര കുഴിച്ചുപോയാലും വെള്ളം കാണാത്ത കിണറി​െൻറ അടിത്തട്ടുപോലെ യൂനിഫോമിൽ പതുങ്ങിയിരുന്ന് പിടിതരാത്ത ജീവിതങ്ങൾ. ചാലയിലെ വെള്ളക്കെട്ട് ഒരു ശാപമാണ് ഇവിടത്തെ മനുഷ്യർക്ക്. മഴയൊന്ന് ചാറിയാൽ ഇവിടമൊരു കടലായി മാറും. ചളിവെള്ളത്തിലൂടെ മനുഷ്യൻ ഒഴുകിയും നീന്തിയും തുഴഞ്ഞുപോകും. ശരീരമാകെ ചൊറിയും ചിരങ്ങും വരും. ഇസ്​തിരിയിടുന്ന ശരവണൻ ശർമിളടീച്ചറെ നോക്കി കൈകാണിച്ച് സൈക്കിളിൽ പാഞ്ഞുപോയി. ടീച്ചർ വാച്ചിൽ നോക്കി. പെട്ടെന്ന് ചായ കുടിച്ചിട്ട് വീട്ടിലെത്തണമെന്ന് മനസ്സിലോർത്തു. പോകുന്ന വഴിക്ക് നാളത്തേക്കുള്ള പച്ചക്കറിയും മീനും വാങ്ങണം. പിറ്റേന്നു നോക്കി കൊടുക്കാനുള്ള ഒരു കെട്ട് ഉത്തരക്കടലാസുകൾ അവർ ഒരു ഭാണ്ഡക്കെട്ടുപോലെ മടിയിൽ ചേർത്തുപിടിച്ചു.

പി.ടി.എ മീറ്റിങ്ങിന് രക്ഷാകർത്താക്കൾ പങ്കെടുക്കാത്ത കുട്ടികളെ രാവിലെ മാഞ്ചുവട്ടിൽ നിർത്തിയിട്ട് ക്ലാസിലേക്ക് നടക്കുമ്പോൾ ശർമിള ടീച്ചർ മനസ്സിലോർത്തു.

കർപ്പകമിത് രണ്ടാം തവണയാണല്ലോ? സ്​കൂളിൽ ചേർക്കാൻ വന്നതിൽപ്പിന്നെ അവളുടെ അച്ഛനോ അമ്മയോ ഒരിക്കൽപോലും തിരിഞ്ഞുനോക്കിയിട്ടില്ലല്ലോ. അമ്മമാരെ വിളിച്ചുകൂട്ടിയ മദേഴ്സ്​ പി.ടി.എക്കും അവളുടെ അമ്മയെ കണ്ടില്ലല്ലോ. ഒന്ന് കാര്യമായി തന്നെ അവളെ വിളിച്ച് സംസാരിക്കണം.

ക്ലാസിൽ ഒരു അടിക്കേസ്​ തീർപ്പാക്കാനുണ്ടായിരുന്നു. ഇൻറർവെല്ലിന് പ്ലാങ്കെടുത്ത് വീരനായി നിന്ന സ്വരാജി​െൻറ മുതുകിൽ ആരോ ഇന്ദുമതിയെ തള്ളിയിട്ടു. കരഞ്ഞു കൺമഷി മുഖം മുഴുവൻ പടർത്തിയ അവളെ ഒരുവിധം ആശ്വസിപ്പിച്ച് സ്​റ്റാഫ് റൂമിലേക്ക് കൊണ്ടുപോയപ്പോൾ അടുത്ത വെടി പൊട്ടി. ആൺകുട്ടികളുടെ ടോയ്​ലറ്റിൽ ഒരു സംഘം മറ്റൊരു സംഘത്തെ വെല്ലുവിളിച്ചുകൊണ്ട് എന്തോ സന്ദേശം എഴുതിയിട്ടിരിക്കുന്നു. പിന്നെ എടുത്തോളാമെന്നോ റോഡിൽ​െവച്ചു കാണാമെന്നോ മറ്റോ ആയിരിക്കുമത്. മുഴുവൻ കോഡിലാണ്. അത് വായിച്ചെടുക്കാനായി മുത്തുകുമാറിനേയുംകൂട്ടി മറ്റൊരു സംഘം പുറകുവശത്തേക്ക് പോയി.

സ്​റ്റാഫ് റൂമിൽനിന്നും പുറത്തിറങ്ങിയപ്പോൾ കർപ്പകം ശർമിള ടീച്ചറുടെ കുറുകെ കയറി നിന്നു. വഴി തടയുന്നതുപോലെ.

നിൻറച്ഛനുമമ്മയും എന്താ ഒരിക്കലും മീറ്റിങ്ങിന് വരാത്തത്?

േപ്രാഗ്രസ്​ കാർഡിൽ ആര് ഒപ്പിടും?

കൈയിലുണ്ടായിരുന്ന സിപ്പപ്പ് മാറ്റിപ്പിടിച്ചുകൊണ്ട് അവൾ കെഞ്ചി.

ഇരട്ടമുത്തുവി​െൻറ കടയിൽനിന്നും ചായയും കാരവടയും വാങ്ങിച്ച് തര്വോ ടീച്ചർ?

കർപ്പകം സ്​റ്റൂള് ടീച്ചറുടെ അടുത്തേക്ക് വലിച്ചിട്ടു. അവളുടെ മുഖത്തെ പൊട്ടാറായി തുടങ്ങിയ മുഖക്കുരു ശർമിള ടീച്ചർ കൗതുകത്തോടെ നോക്കി. വാടിയ മാന്തൈപോലെ ഒരു പൊടിമീശ. 2വായ്പ്പാട് പറയുമ്പോലത്തെ താളത്തിൽ അവൾ പറഞ്ഞുതുടങ്ങി. വായ്പ്പാട് പഠിക്കാൻ കർപ്പകം കൊച്ചിലേ ആഴ്ചകളെടുത്തു, മാസങ്ങളെടുത്തു, വർഷങ്ങളെടുത്തു. അമ്മ വേലക്കു പോകുന്ന വീട്ടിൽ ചാമ്പലിട്ടു ചീനച്ചട്ടി അമർത്തി തേക്കുമ്പോൾ, ചപ്പും ചവറും നിറഞ്ഞ മുറ്റമടിച്ചുപോകുമ്പോൾ, വെള്ളത്തിൽ കുതിർത്തുെവച്ച ഉടുപ്പ് അരകല്ലിലടിച്ച് നനക്കുമ്പോൾ അപ്പോഴെല്ലാം അവൾ താളത്തിൽ വായ്പ്പാട് ചൊല്ലിനടന്നു. വായ്പ്പാട് പഠിക്കാൻ വയ്യാതെ സ്​കൂളിലിനി പോകില്ലെന്ന് അവൾ അമ്മയുടെ കാലുപിടിച്ച് കരഞ്ഞു. ശ്വാസം വിടുന്ന താളത്തിൽ അന്ന് അതൊക്കെ കാണാപ്പാഠം പഠിച്ചതെല്ലാം എന്തിനായിരുന്നു ടീച്ചർ? അവൾ പറഞ്ഞുതുടങ്ങി.

കർപ്പകം നന്നായിട്ട് മലയാളം പറയുമെങ്കിലും വെള്ളത്തിലൊട്ടുന്ന എണ്ണപോലെ തമിഴ് കയറിവരും.

ചിത്തിയുടെ മോൾടെ കല്യാണം കൂടാനാണ് ആ ദിവസം അപ്പയും അമ്മയും അവളുടെ അക്കാ മുകിൽമതിയും തിരുനെൽവേലിക്ക് പോയത്. നാട്ടിലെ കല്യാണത്തിന് ചമയം കൂടുതലാണ്. കുളിച്ചാലും ഒരുങ്ങിയാലും മതിവരില്ല. െട്രയിനിലിരുന്നപ്പോൾ സീതാക്കയും കാവടിയും വേപ്പുമരങ്ങൾക്കിടയിലൂടെ ഓടിപ്പോയി. ഒരു കൂട നിറയെ കനകാംബരം പൂക്കൾ പറിച്ച് വരണ്ട മണ്ണിലൂടെ കാറ്റാടി പാടത്തേക്ക് കർപ്പകവുമിറങ്ങിയോടി. കാറ്റിനൊപ്പം അവളും സീതാക്കയും കൊന്നിതൊട്ട് കളിക്കുന്നു. ഓറഞ്ച് നിറമുള്ള പൂക്കൾ വാരിയെറിയുന്നു. സ്വപ്നം മുറിഞ്ഞുപോകുന്നു. െട്രയിനിലിരുന്നു തിന്ന മിക്സ്​ചറി​െൻറ എരിവ് നാവിൽ ഒട്ടിക്കിടക്കുന്നു.

പെരിയപ്പാ സ്​റ്റേഷനിൽ അവരെ കാത്തുനിന്നു.

- കണ്ണേ... ചെല്ലം...

കർപ്പകത്തെ അയാൾ എടുത്തുയർത്തി ആകാശത്തിൽ വട്ടം ചുറ്റുന്നു. പാവാട പൊങ്ങിപ്പോകുമോ എന്ന് പേടിച്ച് അവർ ഞൊറികളിൽ അമർത്തി പിടിക്കുന്നു. പെരിയപ്പാ കൂട്ടിവന്ന കാറിൽ അവൾ ചിത്തിയുടെ വീട്ടിലേക്ക് പോകുന്നു. കാറിൽ തൂങ്ങിക്കിടന്ന കറുത്ത പ്ലാസ്​റ്റിക് മുന്തിരിക്കുല അവൾ കൊതിയോടെ നോക്കുന്നു.

കർപ്പകത്തിന് പ്രായമായപ്പോഴാണ് കഴിഞ്ഞ തവണ അവർ നാട്ടിൽ വന്നത്. ആരതിയുഴിഞ്ഞും മധുരം പിച്ചി വായിൽ​െവച്ചും കവിളിൽ മഞ്ഞളു പുരട്ടിയും കുരവയിട്ടും ബന്ധുക്കൾ അവളെ സ്വീകരിച്ചു. ഒറ്റ ദിവസത്തെ തമ്പുരാട്ടിയായിരുന്നു അന്നവൾ. പുത്തനുടുപ്പും പലഹാരങ്ങളും കിട്ടിയപ്പോൾ അവൾ അടിവയറ്റിലെ വേദന മറന്നുപോയി. പുളിമരങ്ങൾക്കിടയിലൂടെ കാറ്റ് ഡാൻസ്​ കളിക്കുന്ന ആ വേനൽക്കാലംപോലെ തന്നെയാണിതും. തൊട്ടടുത്ത ദിവസം എല്ലാവരും പോത്തീസിൽ തുണിയെടുക്കാൻ പോയി


ചുവപ്പിൽ മഞ്ഞ തൊങ്ങലുകൾ പിടിപ്പിച്ച ചേലയാണ് സീതാക്കക്ക്​ പിടിച്ചത്. പച്ച മുത്തുകളും കല്ലുകളും ഒരുപാടൊട്ടിച്ചു ചേർത്തിട്ടുണ്ട്. കട്ടിലിൽ കിടക്കുമ്പോൾ ആ കല്ലുകൾകൊണ്ട് അക്കക്ക് മേലു നോവില്ലേ? നെറ്റിച്ചുട്ടി കറങ്ങി തലവേദന വരില്ലേ? ഹാരത്തി​െൻറ ഭാരംകൊണ്ട് അക്കാ കിറുങ്ങി വീഴുമോ? അല്ലെങ്കിൽത്തന്നെ എത്രയെത്ര കല്ലുകളും മുള്ളുകളുമുണ്ടാകും അക്കയുടെ മനസ്സിൽ? തിരികെ വീട്ടിലെത്തി തക്കാളി​േച്ചാറുണ്ടു. അതിരാവിലെ ഉണർന്ന് തൂക്കുപാത്രത്തിൽ ചോറുമെടുത്ത് തക്കാളിപ്പാടത്ത് പണിക്കുപോകുന്നവരെ കർപ്പകമോർത്തു. തക്കാളിക്ക് ഒരിക്കൽ വില തീരെ കുറഞ്ഞു. പറിക്കാനും കൂടകളിൽ​െവച്ച് ലോറിയിലെത്തിക്കാനുമുള്ള കൂലിയുടെ വിലയെക്കാളും തക്കാളിയുടെ വില കുറഞ്ഞു. അന്ന് കൂടകളിൽ പറിച്ചു​െവച്ച തക്കാളികളെല്ലാം അഴുകിത്തീർന്നു. തക്കാളിയുടെ പുളി കർപ്പകത്തി​െൻറ പ്രിയപ്പെട്ട രുചികളിലൊന്നാണ്. തൈപ്പൊങ്കലിന് അരിയും കരിമ്പും തേങ്ങയും സൂര്യനു​െവച്ചുകൊടുക്കും. അടുത്തകൊല്ലം പാടം നിറച്ചും ചുവന്ന് തുടുത്ത് തക്കാളികൾ വിളയാനാണത്. അന്നാണ് പക്കത്തുവീട്ടിലെ അർപ്പുത മുത്തു കർപ്പകത്തെ ദൂരെയുള്ള പാടം കാണാൻ കൂട്ടിക്കൊണ്ടുപോയത്. ഒരുപാട് ദൂരമുണ്ട് ഒരു വാക്ക് നടക്കാൻ. കത്തിരി വെയില് വാളുവീശുന്നു. അവിടെയിരുന്ന് അവ​െൻറ അമ്മ അർപ്പുത സുന്ദരി കൊടുത്തുവിട്ട 3ചുണ്ടൽ തിന്നു തീർത്തപ്പോൾ കർപ്പകം ഈ ലോകത്തെ ഏറ്റവും ഭാഗ്യവതിയായി തീർന്നു. ചുണ്ടലിലെ നല്ലവണ്ണം വെന്ത കടലയാണ് അവളെ സന്തോഷിപ്പിച്ചത്. കടലയിലൊട്ടിയ കടുകുമണികൾപോലുമവൾ പാഴാക്കാതെ എടുത്തുതിന്നു. എണ്ണപ്പലഹാരങ്ങളേക്കാൾ അവൾക്കിഷ്​ടം ആവിയിൽ വെന്ത കൊഴുക്കട്ടപോലുള്ള പലഹാരങ്ങളാണ്. ആവിയിൽ വെന്ത പലഹാരങ്ങൾ തിന്നുമ്പോൾ ഒരു പ്രത്യേക സന്തോഷം അവളെ വന്നുമൂടും. കർപ്പകം പതുക്കെ ചിരിച്ചു.

അവൻ 4പൈ തുറന്ന് അവൾക്ക് ഒരു കാഴ്ചകാട്ടിക്കൊടുത്തു. ഒരു ബൊമൈ സെറ്റ്. അവളത് കൗതുകത്തോടെ നോക്കി. തഞ്ചാവൂർ തലയാട്ടി ബൊമൈ. രാജാ റാണി കുതിരൈ സെറ്റ്. പാവകൾ നിർത്താതെ ആടും. ചെറിയ കാറ്റടിച്ചാൽ തലയാട്ടി ചിരിക്കും. രാജയും റാണിയും കുതിരയും എപ്പോഴും ഒരുമിച്ചുണ്ടാവണം. എന്നാലേ രാജ്യം മുന്നോട്ടു പോകൂ. റാണിയെ അവൻ കർപ്പകത്തി​െൻറ കൈയിൽ ​െവച്ചുകൊടുത്തു. അതിസുന്ദരിയാണ് റാണി. കർപ്പകം പാവാടയിൽ തുണി മടക്കുണ്ടാക്കി റാണിയെ അതിൽ കൊരുത്തിട്ടു. കൂട്ടത്തിൽ ഒരു പാവ കളഞ്ഞുപോയാൽ മറ്റ് രണ്ട് പാവകൾ ചേർന്ന് കളഞ്ഞുപോയതിനെ കണ്ടുപിടിക്കണം. അതാണ് പാവകളുടെ കളിയുടെ നിയമം. രാജാവിനെ കളഞ്ഞുപോയാൽ റാണിയും കുതിരയും രാജാവിനെ തേടി പോകണം. റാണി കുതിരസവാരി പഠിക്കണം. കുതിരയെ കളഞ്ഞുപോയാൽ രാജാവും റാണിയും കുതിരയുടെ പേരുവിളിച്ച് നാട്ടിലൂടെ അലയണം. രാജാവ് റാണിയെ തേടി കുതിരയിൽ കയറിവരുമെന്ന് അർപ്പുത മുത്തു പറഞ്ഞപ്പോൾ കർപ്പകത്തിന് നാണം വന്നു. കാറ്റ് വീശി. ബൊമൈകളെല്ലാം 5തൊപൈകുലുക്കി ആടാൻ തുടങ്ങി. കർപ്പകത്തി​െൻറ 6തോട് കാറ്റിലാടി. കല്യാണ തലേന്നായി. ആ രാത്രിയിൽ എല്ലാവരും മരത്തി​െൻറ മൂട്ടിലൊത്തുകൂടി. നാളെ നാളെ എന്നൊരു മന്ത്രം എല്ലാവരുടേയും മനസ്സിൽ തകിട കൊട്ടി. തോരണങ്ങൾ കാറ്റിലാടി. വേപ്പുമരങ്ങൾക്കിടയിൽ ഒറ്റക്കു നിൽക്കുന്ന ആ വീട്. പന്തലിൽ കുടമുല്ല പൂക്കൾ തൂങ്ങിക്കിടക്കുന്നു. പെൺകുട്ടികൾ ആട്ടമാടാൻ നിരന്നുനിന്നു. കാതടപ്പിക്കുന്ന സംഗീതത്തി​െൻറ കൂടെ ഡപ്പാംകൂത്ത് തുടങ്ങി. പാട്ടും കൂത്തും എല്ലാർക്കും തലക്ക്​ പിടിച്ചു. പാട്ടിയാണ് പറഞ്ഞത് വേഷം കെട്ടി നടിക്കാൻ. പാട്ടി ഉൗര് വിട്ട് ഒരു സിനിമക്ക് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണ് വീട്ടുമുറ്റത്ത് തന്നെ ഒരു പടം കാണാൻ അവർക്ക് കൊതിയായത്.

ദൈവങ്ങളുടെ ജാഥ വീടിനെ കടന്നുപോയി. ഫ്ലൂറസെൻറ് നിറത്തിലുള്ള കുടങ്ങൾ തലയിൽ​െവച്ച് ഹാഫ് സാരിയുടുത്ത പെണ്ണുങ്ങൾ ആട്ടമാടി പോയി. കൂളിങ്​ ഗ്ലാസ്​ വെച്ച ആണുങ്ങൾ കല്യാണ വീട്ടിലേക്ക് എത്തിനോക്കി. കല്യാണ പെണ്ണിനെ കാണണമെന്ന് അവർ വിളിച്ചുപറഞ്ഞു. സീതാക്ക ശരീരം മുഴുവനും മഞ്ഞളും നാണവുമായി മുറ്റത്തിറങ്ങിയിട്ട് തിരിച്ചോടിപോയി. സീതാക്കയുടെ പയ്യൻ വീഡിയോ കോളിൽ വന്നു. സീതാക്കയെ നാണംകൊണ്ട് ചുവപ്പിക്കാൻ വല്യ പെണ്ണുങ്ങളുടെ ഒരു സംഘം ഉടുത്തൊരുങ്ങിനിന്നു. അടുക്കളയിൽനിന്നും ബിരിയാണി മണം പടരാൻ തുടങ്ങി. അമ്മ പട്ടുചേല ചുറ്റി വാലിട്ട് കണ്ണെഴുതി ജയലളിതയെപോലെ ഉടുത്തൊരുങ്ങി. ഇടക്കിടെ കണ്ണുചിമ്മിയും മുടി ഒരു പർവതംപോലെ ഉയർത്തി​െവച്ചും അമ്മ നടിക്കാൻ തുടങ്ങി. എം.ജി.ആറും കമലഹാസനും ശിവാജിഗണേശനുമെല്ലാം വീട്ടുമുറ്റത്ത് വിളയാടാൻ തുടങ്ങി. സിനിമാപ്പാട്ടുകളും ഡയലോഗും ആ കൊച്ചുവീടി​െൻറ മുറ്റത്ത് അലയടിക്കാൻ തുടങ്ങി. ആയിരം തമിഴ് പടങ്ങൾ ഒന്നിച്ചു കാണുംപോലെ എല്ലാരും വിസിലൂതി കൈയടിച്ചു.

തണ്ണി ഈത്തിയിരിക്കുകയാണ് അപ്പയും പെരിയപ്പയും സംഘവും. തിരുനെൽവേലിയിലെത്തിയാൽ തിരുനെൽവേലി അലുവ തിന്നാതെ പോകാൻ പറ്റില്ല. ലോകത്തിലെ തന്നെ ഏറ്റവും ഇനുപ്പുള്ള പലഹാരം. വായിൽ കാട്ടിയാൽ അലിഞ്ഞുപോകും. ഉലകത്തെതന്നെ മറക്കും. പാട്ടി അലുവ കഷണം കർപ്പകത്തിന് വായിൽ ​െവച്ചുകൊടുത്തു. വായിൽ കടൽ വന്നു നിറഞ്ഞു. ഒരു കഷണംകൂടി കിട്ടിയാൽ കൊള്ളാമെന്ന് അവൾക്ക് തോന്നി. ആ രുചിയിൽ ഹാഫ് സാരിയുടെ പാവാടയും പൊക്കി പിടിച്ച് അവളാ തിരക്കിൽ ഓടി നടന്നു. ഹാഫ് സാരിയുടെ പാവാട അവളുടെ അമ്മ വീട്ടുവേലക്ക്​ പോകുന്ന വീട്ടിലെ കുട്ടിയുടേതാണ്. നീലയിൽ മെറൂൺ പൂക്കളുള്ള ആ പാവാടയിട്ടാൽ ആകാശത്തിലൂടെ പറന്നുപോകുന്നതുപോലെ തോന്നും.

പഴകിപ്പോയതും കേടുവന്നതും ബാക്കി വരുന്നതുമായ തീറ്റ സാധനങ്ങൾ അവർ കർപ്പകത്തി​െൻറ അമ്മക്ക്​ വീട്ടിലേക്ക് പൊതിഞ്ഞുകെട്ടി കൊടുത്തുവിടുമായിരുന്നു.

കുറച്ച് പിഞ്ഞിപ്പോയെങ്കിലും ഉടുപ്പി​െൻറ എടുപ്പൊട്ടും കുറഞ്ഞിട്ടില്ല. ആ പെൺകുട്ടി അവൾക്ക് മെൻസസാവുന്ന ദിവസങ്ങളീ പാവാട ഉടുത്തിട്ടുണ്ടാകുമോ എന്ന് ചിന്തിച്ചപ്പോൾ കർപ്പകത്തിന് അറപ്പു തോന്നിയെങ്കിലും വായിൽ ബാക്കിനിന്ന അലുവയുടെ മധുരത്തിലവളാ ദുഃഖം മറന്നു.

അവൾ ആദ്യമായി ഹാഫ് സാരിയുടുത്ത ദിവസമാണന്ന്. കർപ്പകത്തെ അർപ്പുതമുത്തു ദൂരെ മാറി ഒരുപാട് നേരം നോക്കി നിന്നു. രാജാ-റാണി-കുതിരൈ സെറ്റിലെ റാണിയുടെ മുഖം കർപ്പകത്തിനുണ്ടെന്ന് ആ രാത്രിയിലവന് തോന്നി. വിജയ് ആയി വേഷം കെട്ടി ഡാൻസ്​ ചെയ്തുകൊണ്ടിരുന്ന അവൻ അവളെ പതിയെ റാഞ്ചി വീടിന് പുറകുവശത്തേക്കു കൊണ്ടുപോയി. കർപ്പകത്തി​െൻറ ഹൃദയത്തിലൊരു 7മിന്നാറ്റൽ. കാതൽ സീതപ്പഴം പോലെ പഴുത്തു. ഇരുട്ടിൽ അവൻ കൊടുത്ത 8കൊഴുന്ത് നെഞ്ചിൽ ചേർത്തുപിടിച്ച് അവൾ തിരിച്ചോടി. ഇതിനിടയിൽ എം.ജി.ആർ ഉടുപ്പിട്ട മാമ അടുക്കളയിൽ കയറി ജയലളിതയായി നടിച്ചുകൊണ്ടിരിക്കുന്ന അമ്മയോട് ഒരു കപ്പു കാപ്പി ചോദിച്ചു. അമ്മയപ്പോൾ അടുക്കളയിൽ 9അതിരസം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അമ്മ മാമക്ക്​ കാപ്പി 10ഡവറയിൽ പകർന്നുകൊടുത്തു.


തണ്ണി കുടിച്ച് ലക്കുകെട്ടിരുന്ന അപ്പാ ഇതു കണ്ടു. അപ്പോൾ ഡവറ ഒരു പൂച്ചെണ്ടായോ ഹൃദയമായോ അപ്പാക്ക് തോന്നിക്കാണും, ആ ഒരു നിമിഷം. പിന്നെ എന്താണ് സംഭവിച്ചത്? എം.ജി.ആറിനൊപ്പം ജയലളിത നടിച്ച ആയിരമായിരം പ്രണയരംഗങ്ങൾ അപ്പാവുടെ മനസ്സിൽ തുള്ളിക്കളിച്ചുകാണണം.

നാഗേഷി​െൻറ വേഷമായിരുന്നു അപ്പ കെട്ടിയിരുന്നത്. കലിപിടിച്ച അപ്പ അമ്മൻകൊടപോലെ തുള്ളി. കാര്യം മനസ്സിലാവാതെ അമ്മ നിലവിളിച്ചുകൊണ്ട് വീടിനു ചുറ്റും കിടന്നോടി. അപ്പ പലഹാരപാത്രങ്ങൾ എടുത്തെറിഞ്ഞു. ഡപ്പാം കൂത്ത് നിന്നു. നാഗേഷി​െൻറ വില്ലനായുള്ള രൂപമാറ്റം ആദ്യമായി കാണുന്ന കാണികൾ അതിശയിച്ചിരുന്നു. അപ്പാ അമ്മയെ തെറിവിളിക്കാൻ തുടങ്ങി. അമ്മയുടെ അടിപ്പാവാടയുടെ നാട പൊട്ടിപ്പോയി. സാരിയും പാവാടയും ഒന്നായി ഉൗർന്ന് വീണുപോകാതിരിക്കാൻ എല്ലാംകൂടി കുത്തിപ്പിടിച്ച് അമ്മ ഓടാൻ തുടങ്ങി. നാഗേഷ് ഫാൻസ്​ ഒന്നുരണ്ടു പേർ അപ്പയുടെ പിന്നാലെ ഓടി. സ്​റ്റണ്ടു കണ്ട ആവേശത്തിൽ പാട്ടി കൈകൊട്ടി ചിരിക്കാൻ തുടങ്ങി. സിനിമ ഇത്രയും സൂപ്പർ ഹിറ്റാവുമെന്ന് പാട്ടി വിചാരിച്ചില്ല. ജയലളിതയുടെ ഫാൻസ്​ അവരൊരുപാടുണ്ടായിരുന്നു. അവർ അപ്പയെ തടഞ്ഞു നിർത്തി അടിക്കാൻ പോയി.

- ''നിർത്തെടീ പൂങ്കണ്ണീര്.'' അപ്പ വായിലെ വെള്ളം വറ്റുന്നതുവരെ തെറിവിളിച്ചു. അമ്മ മുടിയൂരിയിട്ട് നിലത്തിരുന്ന് തലക്കടിച്ച് കരയാൻ തുടങ്ങി. അഴാതെ അമ്മ - പെണ്ണുങ്ങൾ ചത്ത കാക്കക്ക്​ ചുറ്റും വന്നടിയുന്നതുപോലെ അമ്മക്കു ചുറ്റും കൂടി. കല്യാണവീട്ടിൽ നടിക്കാൻ പറഞ്ഞ പാട്ടിയെ അമ്മയുടെ 11നാത്തനാർ പ്രാകി. തൊന്തരവുണ്ടാക്കാതെ കല്യാണവീട് വിട്ടുപോയിതരാൻ ചിത്തി അമ്മയുടെ കാലുപിടിച്ചു കരഞ്ഞു. കല്യാണം മുടങ്ങിയാൽ െട്രയിനിനു തല​െവച്ചോ വെള്ളത്തിൽ ചാടിയോ ചാകുമെന്ന് ചിത്തി ഭീഷണിപ്പെടുത്തി. 12കൊഴുന്തനാർ അവരെ ആശ്വസിപ്പിച്ചു. എല്ലാം കണ്ട് അന്തംവിട്ട് നിന്നെങ്കിലും പാത്രത്തിൽ വെട്ടിെവച്ചിരുന്നതിൽ ബാക്കിയുണ്ടായിരുന്ന ഒരു തുണ്ട് അലുവ കർപ്പകം ആ ബഹളത്തിനിടയിലും തിന്നുതീർത്തു. വേഷമൊന്നും കെട്ടാതെ നിന്ന കുറെ ഫാൻസുകാരും കൂടെ മുൻകൈയെടുത്താണ് അമ്മയെ എം.ജി.ആറിനൊപ്പം പറഞ്ഞുവിട്ടത്. കാലങ്ങളായി മനസ്സിൽ കെട്ടിക്കിടന്ന ആഗ്രഹം നിർവഹിക്കുമ്പോലെയാണ് അതവർ ചെയ്തത്. എം.ജി.ആർ ആയി നടിച്ച മാമയുടെ ഭാര്യ നെഞ്ചത്തടിച്ച് കരഞ്ഞ് എല്ലാവരെയും തെറിവിളിച്ചു കാർക്കിച്ചു തുപ്പി. മനോരമയുടെ വേഷമായിരുന്നു അവരിട്ടിരുന്നത്. അപ്പാ കർപ്പകത്തി​െൻറയും മുകിലി​െൻറയും കൈ പിടിച്ച് വേഗത്തിലവിടന്നിറങ്ങി. ബാഗും തൂക്കി, കരഞ്ഞ് ഉടുപ്പി​െൻറ ഭാരവും വിശപ്പും കാരണം അവർക്ക് വേഗത്തിൽ നടക്കാൻ പറ്റിയില്ല. തിരിച്ചുചെന്ന് ബിരിയാണി തിന്നാൻ പറ്റിയിരുന്നെങ്കിലെന്ന് കർപ്പകം കൊതിച്ചു. ബിരിയാണിയുടെ രുചിയേക്കാൾ അവൾക്കിഷ്​ടം അതി​െൻറ മണവും നിറവുമാണ്. കല്യാണവീട്ടിലെ ബിരിയാണി ചോറി​െൻറ രുചി ഒന്നു വേറെതന്നെയാണ്. നിലവിളികൾക്കും കരച്ചിലിനുമിടയിലൂടെ അപ്പയും കർപ്പകവും മുകിൽമതിയും നിരത്തിലിറങ്ങി. ആരോ പറത്തിവിട്ട പട്ടങ്ങളെപ്പോലെ രാത്രിയിലൂടെ ഒരുപാട് ദൂരം അവരങ്ങനെ ലക്ഷ്യമില്ലാതെ നടന്നു. അപ്പയുടെ കെട്ടുവിടാൻ നാളെയാകും. അതുവരെ നിൽക്കാനൊരിടം വേണം. വഴിയിൽ ഒരു ലോഡ്ജ് കണ്ടപ്പോൾ ഇന്നിനിയിവിടെ നിൽക്കാമെന്ന് മുകിൽമതി പറഞ്ഞു. പഴകി നിറംകെട്ട് ഇരുട്ടു പിടിച്ച ആ വയസ്സൻ ലോഡ്ജിലേക്ക് നടക്കുമ്പോൾ കർപ്പകത്തി​െൻറ മൂക്കിൽ വെന്ത ബിരിയാണി ചോറി​െൻറ മണം നൃത്തംചെയ്യാൻ തുടങ്ങി.

ലോഡ്ജിലേക്ക് ഡാൻസ്​ കളിക്കുന്നതുപോലെ നടന്നുവരുന്ന അച്ഛനെയും ഒരുങ്ങി ചുവപ്പിച്ച ചുണ്ടും ഗ്ലിറ്ററുടുപ്പുമണിഞ്ഞ് നടന്നുപോകുന്ന പെൺമക്കളെയും കാണാൻ അവിടെയുണ്ടായിരുന്ന ആളുകൾ തടിച്ചുകൂടി. എന്തോ കൗതുക കാഴ്ച കാണുമ്പോലെ ആ രംഗം അവർ ശരിക്കും ആസ്വദിച്ചു. ചിരിച്ചും കൂകിയും പാട്ടുപാടിയും അവരവരെ സ്വീകരിച്ചു. ഈ ജീവിതരംഗത്തിന് എനിക്കെത്ര മാർക്കു തരും ടീച്ചർ? ജയിപ്പിക്കുമോ, ചുവന്ന വരയിട്ട് തോൽപ്പിക്കുമോ? കർപ്പകം തുടർന്നു. കായിക്കുടുക്ക പൊട്ടിച്ചുകിട്ടിയ നോട്ടുകളും ചില്ലറയും വാരി പെറുക്കി കൊടുത്തപ്പോൾ അനുവദിച്ചു കിട്ടിയ രണ്ടാം നിലയിലെ വൃത്തികുറഞ്ഞ മുറിയിലേക്ക് ഒരു വിധത്തിലവർ കയറിക്കൂടി. ഇല്ലാത്ത കാശ് പെറുക്കി കൂട്ടി വീർപ്പിച്ചു​െവച്ചിരുന്ന കുടുക്കയാണത്.

കതകടച്ചു കുറ്റിയിട്ടപ്പോൾ ആരൊക്കെയോ പുറത്തുവന്ന് മുട്ടാൻ തുടങ്ങി. കാക്ക കരച്ചിലും കോഴി കൂവലും നായ കൊരയും കതകിന് പുറത്ത് കൊഴുത്തു. അപ്പയെ താങ്ങി കട്ടിലിൽ കിടത്തിയിട്ട് വിശപ്പുകൊണ്ടും സങ്കടംകൊണ്ടും പകച്ചുപോയ അവർ ലോഡ്ജ് മുറിയുടെ ഒരു മൂലയിൽ പോയി കെട്ടിപ്പിടിച്ചിരുന്നു. അപ്പാ ഉറങ്ങുമ്പോഴും നാഗേഷ് തന്നെ. മുറിയിലെ പൊടിയിലും മുടിച്ചുരുളുകളിലും കണ്ണാടിയിലാരോ ഒട്ടിച്ചു​െവച്ച പൊട്ടിലും അഴുക്ക് പറ്റിപ്പിടിച്ച ഫാനിലും നോക്കിയിരുന്ന് അവർ പിന്നെയും കരഞ്ഞുകൊണ്ടിരുന്നു. ചിത്തിയുടെ വീട്ടിൽനിന്നാരെങ്കിലും വന്ന് വിളിക്കും. അമ്മ തേടിവന്ന് കർപ്പകം... മുകിൽ... ചെല്ലം... കണ്ണമ്മാ... വാടീന്ന് വിളിക്കും. ചൂടുചോറിൽ കുളമ്പൊഴിച്ച് അമ്മ വാരിത്തരുന്നത് കർപ്പകം മനസ്സിലോർത്തു. ഒന്നുറങ്ങാൻ പറ്റിയിരുന്നെങ്കിലെന്ന് അവൾ വിചാരിച്ചു. ഉറങ്ങാൻ തുടങ്ങിയപ്പോൾ അപ്പാവുടെ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി. ജ്ഞാനപ്പഴത്തെ പിഴുന്ത് മുറിയിൽ മുഴങ്ങി.


-മുകിൽ ഫോണെടുക്കെടീ.

അപ്പാ കിടന്ന കിടപ്പിൽ മുരണ്ടു. കർപ്പകം ഫോണെടുത്തു നോക്കി. ഉഷാക്ക. തിരുവനന്തപുരത്ത് അയൽവീട്ടിൽ താമസിക്കുന്ന ഉഷാക്ക എന്തിനീ രാത്രിയിൽ വിളിക്കുന്നു? കർപ്പകം ഫോണെടുത്തു ചെവിയിൽ ചേർത്തു.

-നിങ്ങളുടെ പശു പെറ്റു. പെട്ടെന്ന് വാ. ഈ രാത്രിയിൽ എന്നെക്കൊണ്ട് മഹാപാപമൊന്നും ചെയ്യിക്കരുത്. നാളെ കാലത്ത് ഇവിടെയെത്തിയില്ലെങ്കിൽ പശൂനേം കുഞ്ഞിനേം ഞാൻ റോഡിലിറക്കിവിടും.

ഉഷാക്ക ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഫോൺ കട്ടുചെയ്തു.

-അയ്യോ...

കർപ്പകം നീട്ടിവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.

-വാ അക്കാ പോവാം. ബസിലോ െട്രയിനിലോ നടന്നോ അങ്ങെത്തിയേ പറ്റൂ.

കർപ്പകം മുകിലിനെ കുലുക്കി വിളിച്ചു.

വീടി​െൻറ കൃഷ്ണമണിയാണ് പശു. അപ്പ കപ്പലണ്ടി കച്ചവടത്തിന് പോയാലും തേപ്പ് പണിക്ക് പോയാലും അമ്മ അയൽവീടുകളിൽ പോയി പാത്രം കഴുകിയാലും തുണി അലക്കിയാലും തേച്ചു തുടച്ചാലും കിട്ടാത്ത പൈസ തരുന്നത് ആ പശുവാണ്.

ഗർഭിണിയായ പശുവിനെ പൊന്നുപോലെ നോക്കണേ എന്നുപറഞ്ഞാണ് ഉഷാക്കയെ ഏൽപ്പിച്ചുപോന്നത്. അപ്പയെ വിളിച്ചുണർത്താൻ നോക്കിയെങ്കിലുമത് നടന്നില്ല. ഒടുവിൽ കുളിമുറിയിലെ ചെറിയ തൊട്ടിയിൽ വെള്ളമെടുത്ത് മുഖത്ത് കോരിയൊഴിച്ചു. കർപ്പകത്തിന് ചെകിടത്തൊരടിയും നല്ല പുളിച്ച തെറിയും കിട്ടി. ഒരുവിധം അപ്പയെ വലിച്ചിഴച്ച് പുറത്തിറങ്ങി. ഉടുപ്പ് നനച്ചതിന് വീണ്ടും കിട്ടി ചീത്ത. ലോഡ്ജി​െൻറ പുറകുവശത്ത് കുറച്ചുപേര് ചീട്ടുകളിച്ചുകൊണ്ടിരിപ്പുണ്ട്. അവരുടെ കണ്ണുവെട്ടിച്ച് ഒരുവിധം പുറത്തിറങ്ങി വീണ്ടും ഇരുട്ടിലൂടെ നടക്കാൻ തുടങ്ങി.

കുറ്റിക്കാട് കടന്ന് വിജനമായ റോഡിലൂടെ ഇരുട്ടത്ത് നടന്നപ്പോൾ കർപ്പകത്തിന് വിശപ്പും പേടിയും കൂടിക്കൂടി വന്നു. ദീപാവലി ദിവസം തറചക്രം കത്തിച്ച് കൈ പൊള്ളിച്ച് ഓടിയതുപോലെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവൾ വേഗത്തിൽ നടന്നു. കുറച്ചു ദൂരം നടന്നതേയുള്ളൂ. അതാ ഒരു 13പേരുന്ത് നിലയം. കടവൂൾക്ക് നന്ദിപറഞ്ഞ് അവൾ അപ്പയെ വലിച്ചിഴച്ച് അങ്ങോട്ട് നടന്നു. അപ്പയുടെ വായിൽനിന്നും മദ്യത്തി​െൻറ രൂക്ഷമായ നാറ്റം പടർന്നു.

കർപ്പകം അവിടെ കുത്തിയിരുന്ന് ഓക്കാനിക്കാൻ തുടങ്ങി. അവളുടെ കുറുക്ക് അക്ക തടവിക്കൊണ്ടിരുന്നു. മുറം പോലെയുള്ള കുറുക്ക് വളച്ച് അവൾ മണ്ണിൽ മുഖം ചേർത്തു. മുകിൽ അവളെ പിടിച്ചുയർത്തി മറ്റേ കൈയിൽ അപ്പയെ താങ്ങി തിരുവനന്തപുരത്തേക്കുള്ള അവസാന ബസിൽ കയറിയിരുന്നു. രാത്രി ഏറെ വൈകിയിരുന്നു. ഉഷാക്ക വീണ്ടും രണ്ടു തവണ വിളിച്ചു ശട്ടം കെട്ടി. ബസ്​ നീങ്ങിത്തുടങ്ങിയയുടനെ അപ്പ കൂർക്കംവലിച്ചുറങ്ങാൻ തുടങ്ങി. കർപ്പകവും അക്കയും ഷാള് വാരിപ്പുതച്ച് ചേർന്നിരുന്നു. ടിക്കറ്റിന് കായിക്കുടുക്കയിലെ മിച്ചം വന്ന പൈസയുമൊത്തു.

-അമ്മയ്ക്ക് നമ്മുടെ നമ്പറ് കാണാതെ അറിഞ്ഞൂടെടീ.

-നമ്പററിഞ്ഞാലും കുത്തിവിളിക്കാനറിഞ്ഞൂടക്കാ.

പെറ്റ പശൂ​െൻറ പാല് കുറച്ചുനാള് കുടിക്കാനെടുക്കല്ലെടീ... അത് പയ്യിനുള്ളതാ...

അപ്പൊ നമുക്കിനി പാലില്ലേ അക്കാ...

തിരുനെൽവേലിയിൽനിന്നും ആദ്യമായാണ് ബസിൽ യാത്ര ചെയ്യുന്നത്. കാറ്റ് വന്ന് മൂടിയപ്പോൾ മുകിൽമതി ഉറക്കംപിടിച്ചു. കല്യാണവീട്ടിലെ ബിരിയാണി ഇന്നാരെങ്കിലും തിന്നുകാണുമോ എന്നവൾ മനസ്സിലോർത്തു. കർപ്പകം ഓരോന്നാലോചിച്ച് 14കൈക്കൂടൈ വിടർത്തി. അതിനുള്ളിൽനിന്നും റാണിബൊമൈ പുറത്തെടുത്തു. കാറ്റിൽ തലയാട്ടുന്ന റാണി. ഉസലാംപെട്ടിയിലെ ഒത്തപ്പുറത്തുനിന്നും കുതിരപ്പുറത്ത് രാജാ വരും. അതാണ് കളീടെ നിയമം. എത്ര ദൂരെ പോയാലും തിരഞ്ഞു കണ്ടുപിടിക്കണം. കാറ്റിലാടി ബ​സൊരു കുതിരയെപ്പോലെ ഓടാൻ തുടങ്ങി. അവൾ ഉറങ്ങിപ്പോയി. കൊഴുന്ത് മണം കാറ്റിൽ പടർന്നു. 15തിരുവിഴാ പൂവാണ് കൊഴുന്ത്. ആട്ടവും പാട്ടും കഴിഞ്ഞ് ആൾക്കൂട്ടം പിരിയുമ്പോൾ കൊഴുന്ത് അലമാരയിലോ കട്ടിലിനടിയിലോ തിരുകി​​വെക്കും. അടുത്ത തിരുവിഴാ വരുന്നതുവരെ.

കാറ്റൊഴുകി. കർപ്പകം ഉറങ്ങി. ഉറക്കത്തിൽ അവളും അക്കയും അമ്മയെ 16നിനച്ച് കരഞ്ഞുകൊണ്ടിരുന്നു. അമ്മക്ക്​ ഇഷ്​ടപ്പെട്ട മഞ്ഞ ലഡ്ഡുവാണ് ഇന്ന് കാഴ്ച​െവച്ചിരിക്കുന്നത്. അതിൽ ഒരീച്ച പറ്റിപ്പിടിച്ചിരിക്കുന്നു. അക്കയെ കെട്ടിപ്പിടിച്ചു കരഞ്ഞശേഷം കർപ്പകം ആ ലഡ്ഡു അലിയിച്ചുതിന്നുന്നു. സ്വപ്നവും അലിഞ്ഞുതീരുന്നു.

പിറ്റേന്ന് കാലത്ത് തിരുവനന്തപുരത്തെത്തിയപ്പോൾ കെട്ടുവിട്ട് ഉണർന്ന അപ്പാ അമ്മയെ തിരക്കുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. ബസിറങ്ങി തമ്പാനൂര് കാല് തൊട്ടപ്പോൾ മുകിൽമതി അപ്പയുടെയും കർപ്പകത്തി​െൻറയും കൈ വലിച്ച് പശു പെറ്റേന്ന് നിലവിളിച്ച് ഓടാൻ തുടങ്ങി. ചാലയിലെത്തിയിട്ടേ ആ ഓട്ടം നിന്നുള്ളൂ. ഉഷാക്ക അവരെ കണ്ടതും നിർത്താതെ ചീത്തവിളിക്കാൻ തുടങ്ങി. പ്രസവമടുത്തുനിൽക്കുന്ന അവരുടെ മകൾ വലിയ വയറും താങ്ങി ഉറക്കപ്പിച്ച് പറയാൻ തുടങ്ങി. അവരുടെ ചെറിയ മകൻ കർപ്പകത്തെ കല്ലുവാരിയെറിഞ്ഞു.

-ഉഷാക്കാ

കർപ്പകവും മുകിൽമതിയും കൈകൂപ്പി നിന്നു.

-കൊണ്ടു പോ... തള്ളേം കുട്ടിയേം...

തലേന്ന് മുഴുവൻ ഉണർന്ന് പശുവി​െൻറ പ്രസവത്തിന് കൂട്ടിരുന്ന തളർച്ച അവരുടെ മുഖത്തുണ്ട്. ഹാഫ് സാരിയിലും ആയിരം പിന്നൽ മുടിക്കെട്ടിലും വിശന്നു തളർന്ന മുഖത്തും അവർ സഹതാപത്തോടെ നോക്കി.

-അമ്മയെവിടേടീ?

കർപ്പകവും മുകിൽമതിയും പരസ്​പരം നോക്കി.

-പെറ്റ പശു പെറ്റ പെണ്ണിനെപ്പോലെയാണ്. സൂക്ഷിച്ചു കൊണ്ടുപോയി ശുശ്രൂഷ ചെയ്യ്.

അവർ വാതില് വലിച്ചടച്ച് അകത്തുപോയി. വഴുവഴുപ്പ് മാറാത്ത കുഞ്ഞിനെ കൈയിലെടുത്തപ്പോൾ അത്​ ഉൗഴ്​ന്നിറങ്ങി.

ജീവ​െൻറ പത ഒലിച്ചിറങ്ങി, കർപ്പകം അതിനെ നെഞ്ചോട് ചേർത്ത് കൂട്ടിപ്പിടിച്ചു. വീടെത്തിയ ഉടനെ മുകിൽമതി വെള്ളമനത്താൻ ​െവച്ചു. തിളച്ച വെള്ളം കോരി പശുവിനൊഴിച്ചുകൊടുത്തു. പ്രപഞ്ചം ഉണ്ടാക്കിയ ക്ഷീണം കാണും. പെറ്റെണീക്കുന്നവർക്ക് ചൂടുവെള്ളം പേറ്റ് മരുന്ന്. മാട്ടുപൊങ്കലിന് എണ്ണയും മഞ്ഞളുമിട്ട് കുളിച്ച് നിറപ്പൊടി പൂശി നിൽക്കുന്ന കൺമണി. കർപ്പകത്തിന് കരച്ചിൽവന്നു. അവളത് ഉള്ളിലടക്കി. വായിച്ച ഏതോ നോവലിലെ കഥ പറയുമ്പോലെ കർപ്പകം സ്വന്തം കഥ പറഞ്ഞുനിർത്തി.

ശർമിള ടീച്ചർ അവളെ നോക്കി. ഹാജരുബുക്കിൽ പേരുകളായും ജനന തീയതിയായും ജാതിയായും വീട്ടുവിലാസമായും ഹാജരു നമ്പരായും ഒതുങ്ങി കിടക്കുന്ന ജീവിതങ്ങൾ. നമ്പർ ട്വൻറി സെവൻ കർപ്പകം ജെ.വി. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അവരുടെ ജീവിത കഥകൾ. ആക്രി പെറുക്കി തരംതിരിവു നടത്തുമ്പോൾ കഴിഞ്ഞ മാസം അപകടത്തിൽപ്പെട്ട അഥലീശ്വരിയുടെ അപ്പാ. ഭഗവതിപ്പാട്ട് പാടുന്നയാൾ കാറ്റുവേഗത്തിൽ സൈക്കിളിൽ ഒഴുകി. കർപ്പകം ഒരു കാരവട കൂടെ ചായയിൽ മുക്കി തിന്നു. അവൾ വീണ്ടും പറയാൻ തുടങ്ങി. ഓർമകളാണ്. അമ്മയുണ്ടായിരുന്നപ്പോൾ അവളും അവളുടെ അമ്മയും ടാർപ്പോളി​െൻറ കീഴിൽ നിലത്ത് കിടക്കും. അമ്മ മുടി കോതി പേൻ പെറുക്കും. ആയിരം പിന്നൽ കെട്ടി കൊടുക്കും. ഒരുദിവസമങ്ങനെ കിടന്നപ്പോൾ അമ്മ അവളുടെ കൈയെടുത്ത് കഴുത്തിൽ ചേർത്തു​െവച്ചു. ആഴമുള്ള ഒരു പാട്.

-തൊട്ട് നോക്ക് തങ്കം.

കർപ്പകം ചൂടുള്ള കൈ ചേർത്തു​െവച്ച് തടവി നോക്കി. അവൾക്ക് 17കായ്ച്ചൽ പടർന്നുവന്നു. അമ്മയൊരു ദിവസം ഫാനിനെ മാലയാക്കി ഉൗഞ്ഞാലാടി. അപ്പ വന്ന് അറുത്തിട്ടു.

-അയ്യോ...

കർപ്പകം ചാടിയെഴുന്നേറ്റ് ഫാനണച്ചു. അവളുടെ കാലിലെ വെള്ളി മിഞ്ചി ഉച്ചിയെ തൊട്ടു. അന്നവൾക്ക് സ്​കൂളിൽ അബ്്ദുൾ കലാമി​െൻറ ജീവചരിത്രം എന്നൊരു അസൈൻമെൻറ് വെക്കാനുണ്ടായിരുന്നു. ഒരുദിവസം അമ്മയും അവളും അക്കയും ചാലക്കമ്പോളത്തിലൂടെ നടന്നുപോവുകയായിരുന്നു. വെറ്റയും തോർത്തും വിൽപനക്കു​െവച്ച സ്​ഥലത്തെത്തിയതും ഒരാൾ അമ്മയുടെ താലിമാല പറിച്ചോടി. അവിടമാകെ മൺകുടങ്ങൾ വിൽപനക്കുവേണ്ടി നിരത്തി​െവച്ചിട്ടുണ്ടായിരുന്നു. ഇടിഞ്ഞിലുകൾ ചവിട്ടിപൊട്ടിക്കാതെ അമ്മ അയാളുടെ പിറകെ ഓടാൻ തുടങ്ങി. ശൂലംകുത്തി പാഞ്ഞു. ജീവിതത്തോടുള്ള മുഴുവൻ വാശിയും നെഞ്ചിലേറ്റിയായിരുന്നു ആ ഓട്ടം. കനലിൽ ചവിട്ടി ഓടുംപോലെ. ഒന്നും മനസ്സിലാകാതെ കർപ്പകവും മുകിൽമതിയും കൂടെ ഓടി. വഴികൾ കുഴഞ്ഞുമറിഞ്ഞു. ചെറിയ ക്ലാസിൽ കോപ്പിയെഴുതുമ്പോൾ വളഞ്ഞുപുളഞ്ഞ് പുറത്തേക്കൊഴുകുന്ന അക്ഷരങ്ങളെ പിടിച്ച് അകത്തേക്കിടാൻ പെട്ടപാട് അവളോർത്തു. 18കരപ്പാൻപൂച്ചി കരണ്ടതുപോലെ വൃത്തികുറഞ്ഞ് അടക്കമില്ലാതെ ഒഴുകുന്ന കൈയക്ഷരം സത്യത്തിൽ എത്ര മനോഹരമായിരുന്നുവെന്ന് ടീച്ചർക്കറിയാമോ?

നേർച്ച രൂപങ്ങളും സാമ്പ്രാണികളും വിൽക്കുന്ന ആളിനെ തട്ടിമാറ്റി, മൺപാത്രങ്ങൾ വിൽക്കുന്നവരെ കടന്ന് ഹാരങ്ങൾ വിൽക്കുന്ന കടയുടെ മുന്നിൽ​െവച്ച് അവനെ വലിച്ചുപിടിച്ച് ചെകിടത്തൊരടിയടിച്ചു. മുഷ്​ടി ചുരുട്ടിപ്പിടിച്ചിരുന്ന മാല അടർത്തിയെടുത്ത് കർപ്പകവും അമ്മയും മുകിൽമതിയും തട്ടാ​െൻറ അടുത്തുപോയി. വിട്ടുപോയ മാല ഉരുക്കി യോജിപ്പിച്ച് 19കൊയ്യാപ്പഴവും വാങ്ങി വീട്ടിലെത്തി. ആ വീട്ടിലെ ഏക തരിപൊന്ന് ഒരു പവനിൽ അമ്മയുടെ കഴുത്തിൽ മിന്നി. ആ മാലേടെ ഡിസൈനിൽ ഒന്നുകൂടി അടുക്കളയിലെ ഡപ്പയിൽ അമ്മ ഇട്ടു​െവച്ചിട്ടുണ്ട്. മുക്കുപണ്ടം. കടം കേറി മുടിയുമ്പോൾ പണയത്തിനു പോകാനൊരുങ്ങി നിൽക്കുന്ന അമ്മയുടെ ഒരു പവൻ പൊന്ന്. സ്​പൈഡർമാനെപ്പോലെ നിലംതൊടാതെ ഓടി അയാളെ ഇടിച്ചിട്ട അമ്മയെ കർപ്പകവും മുകിൽമതിയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.

ഒരു മഴദിവസമാണ് അവളും അമ്മയും കിഴക്കേകോട്ടയിലെ ക്ലിനിക്കിൽ അമ്മയുടെ മൂത്രം പരിശോധിക്കാൻ പോയത്. അമ്മക്കെന്താണ് രോഗം? പഞ്ചസാര കൂടിയതോ? മൂത്രത്തിൽ പഴുപ്പോ? അവളെ പുറത്തിരുത്തി അമ്മ അകത്തുപോയി മൂത്രമെടുത്ത് പരിശോധിക്കാൻ കൊടുത്തു.


-ഇത് ഒരു മിനിട്ടത്തെ കാര്യമല്ലേ ഉള്ളൂ ചേച്ചി. ഒരു കാർഡ് വാങ്ങിച്ച് വീട്ടിൽ​െവച്ച് നോക്കിയാൽ പോരേ. ഇതിന് ഈ വലിയ പെങ്കൊച്ചിനേം പിടിച്ച് ഇവിടെവരെ വരണോ. അമ്മ പെട്ടെന്ന് എഴുന്നേറ്റ് ശൂ ശൂ എന്ന് ഒച്ചയുണ്ടാക്കി; ആ പെണ്ണി​െൻറ വായ മൂടി. വേഗത്തിൽ അവിടെനിന്നിറങ്ങി. കർപ്പകത്തെ കൂട്ടി തിരിച്ചു നടന്നു. തോവാളയിൽനിന്നും പൂ കൊണ്ടുവന്ന നാഷണൽ പെർമിറ്റ് ലോറി അപ്പോൾ ചാല കമ്പോളത്തിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. അപ്പുറം കടക്കാനവർ കുറേ സമയമെടുത്തു. തോവാളപ്പൂക്കൾ വന്നില്ലെങ്കിൽ ചാലക്കമ്പോളം നിറംകെട്ടുകിടക്കും. നാട്ടിലെ കുടമുല്ലപ്പൂക്കൾ എത്തുന്നത് അതിരാവിലെയാണ്. പേൻ നോക്കാനിരിക്കുമ്പോഴാണ് അവളുമമ്മയും സിനിമാക്കഥകൾ പറയുന്നത്. ചില വൈകുന്നേരങ്ങളിലവർ പാണ്ടി കളിക്കും. കൊന്നി തൊടുമ്പോൾ അമ്മയുടെ കാലുകൾ കഴക്കും. മുകിൽമതി അവളുടെ കാമുക​െൻറ പടം ടെക്​സ്​റ്റ്​ ബുക്കിനുള്ളിൽ​െവച്ച് എന്തോ പഠിക്കാനുള്ളതു​േപാലെ അത് നോക്കിയിരിക്കും. അ​േപ്പാഴെല്ലാം കർപ്പകവും അമ്മയും ചാലയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കും. എത്ര രസമായിരുന്നു ആ വൈകുന്നേരങ്ങൾ. ലോകത്തെ മുഴുവൻ മറന്നുപോകുന്ന ഒരു മന്ത്രം ചാലക്കമ്പോളത്തിനുണ്ട്. മൊട്ടുസൂചി മുതൽ പൊന്നുവരെ വാങ്ങാൻ പറ്റും. വൃദ്ധരും കുട്ടികളും സ്​ത്രീകളും കച്ചവടക്കാരും അവിടമാകെ പരന്ന് കിടക്കും. കാൽനടതന്നെ നല്ലത്. നടന്ന് കണ്ടാൽ വലിയൊരു കൊട്ടാരത്തി​െൻറ എടുപ്പ്. നിരക്കിൽ കളഞ്ഞും പോകാം. ഇടുങ്ങിയ റോഡുകളിലൂടെ വാഹനങ്ങൾ ഒഴുകിക്കൊണ്ടിരിക്കും. പഴക്കൂടകളും പൂക്കൂടകളും ചുമന്ന് ആളുകൾ ഇതിനിടയിലൂടെ നടന്നുപോകും. പഴുത്ത മാമ്പഴത്തി​െൻറ മണം എല്ലായിടവും നിറയും. സോപ്പ് ചീപ്പ് കണ്ണാടികൾ വിൽക്കുന്നവരുടെ അടുത്ത് ചിലർ വിലപേശി നിൽക്കും. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം പറഞ്ഞ ഒരു കുട്ടിയെപ്പോലെ കർപ്പകം ശർമിള ടീച്ചറെ നോക്കി.

-20ആസിരിയരേ എന്നെ മനസ്സിലായോ?

ക്ലാസിലിരുന്ന് കടല തിന്നതിന് ടീച്ചറൊരു ദിവസം അവളെ എഴുന്നേൽപ്പിച്ച് നിർത്തി. അവിടെനിന്ന് ചിരിച്ചതിന് ക്ലാസിന് പുറത്താക്കി. അന്ന് ഞാനിറങ്ങിപ്പോയത് എത്ര വലിയ ക്ലാസ്​ മുറിയിലേക്കാണെന്നോ. സിലബസിന് പുറത്ത് അതാ വിളഞ്ഞുനിൽക്കുന്ന ഒരു വരിക്കച്ചക്ക.

ചരിത്രപുസ്​തകത്തിലെ നായകന്മാർക്ക് പൊട്ട് കുത്തിയും നായികമാർക്ക് മീശ വരച്ചും എത്രയെത്ര ചരിത്രങ്ങൾ ഞങ്ങൾ കുട്ടികൾ മാറ്റിയെഴുതിയിട്ടുണ്ടെന്നോ. കർപ്പകത്തിനും ശർമിളടീച്ചർക്കുമിടയിലൂടെ ഒരു 21പട്ടാമ്പൂച്ചി ഒഴുകിപ്പോയി.

-ടീച്ചറേ പാല് കറക്കാൻ സമയമായി.

അവൾ ചാടിയെഴുന്നേറ്റു. കാറ്റിലാടുന്ന ആലിലകളുടെ നൃത്തത്തിൽ കർപ്പകത്തി​െൻറ മുഖം കണ്ട ശർമിള ടീച്ചർക്ക് ബോധോദയമുണ്ടായി. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ''പൈയ്യി​െൻറ പേര് എന്താണെന്നോ?''

-വീരായി.

ശർമിള ടീച്ചർ ഹാജർ പുസ്​തകത്തിലെഴുതി ചേർത്ത അവളുടെ അമ്മയുടെ പേരോർമിച്ചു. നാഗരാജനാണ് ആ പേരി​െൻറ അർഥം പറഞ്ഞുകൊടുത്തത്. വീരായി- നമ്മ ഉൗര് തെയ്വം.

രാത്രിയായി തുടങ്ങിയിരുന്നു. കർപ്പകം കൈകാട്ടി വാഹനങ്ങളെ തടഞ്ഞ് വേഗത്തിൽ റോഡ് മുറിച്ചുകടന്ന് അപ്പുറത്തെ വശത്തേക്ക് നടന്നുപോയി. റോസാപ്പൂക്കൾ നിറച്ച റീത്തുമായി ഒരാൾ ചാലക്കമ്പോളത്തിലേക്കുപോയി. ശർമിള ടീച്ചർ അരശുപള്ളിയിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയിട്ട് ഓട്ടോ പിടിക്കാനായി വേഗത്തിലോടി.

1. അരശുപള്ളി - സർക്കാർ വിദ്യാലയം

2. എഞ്ചുവടി

3. കടല

4. സഞ്ചി

5. വയറ്

6. കമ്മൽ

7. വൈദ്യുതി

8. പച്ച നിറമുള്ള പൂവ്

9. പലഹാരം

10. കാപ്പിപാത്രം

11. നാത്തൂൻ

12. അനിയത്തിയുടെ ഭർത്താവ്

13. ബസ്​ സ്​റ്റാൻഡ്​

14. തൂവാല

15. ഉത്സവം

16. മരണാനന്തര ചടങ്ങ്. മരിച്ചുപോയ ആളിന് ഇഷ്​ടമുള്ള പലഹാരം കാഴ്ച​െവച്ച ശേഷം മരിച്ചുപോയ ആളിനെ ഓർത്ത് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിരുന്ന് കരയും

17. പനി

18. പാറ്റ

19. പേരയ്ക്ക

20. അധ്യാപകർ

21. പൂമ്പാറ്റ

Show More expand_more
News Summary - malayalam story -madhyamam weekly