Begin typing your search above and press return to search.
proflie-avatar
Login

മാടമ്പ്​ കുഞ്ഞുകുട്ടനെ ഓർമിക്കുന്നു, വിലയിരുത്തുന്നു, വിമർശിക്കുന്നു

മാടമ്പ്​ കുഞ്ഞുകുട്ടനെ ഓർമിക്കുന്നു, വിലയിരുത്തുന്നു, വിമർശിക്കുന്നു
cancel

അമ്മയുടെ അമ്മയുടെ വീടായിരുന്നു അത്, എന്റെ മുത്തശ്ശിയുടെ വീട്. അമ്മക്ക് തന്നെ അമ്മയുടെ അമ്മയെ നല്ല ഓർമയില്ല, മുത്തശ്ശി മരിക്കുമ്പോൾ അമ്മക്ക് ഏഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഏക്കറുകൾ പരന്നുകിടക്കുന്ന പറമ്പിൽ പാടത്തിന് സമീപത്തായി വലിയ ഒരു തറവാട് വീടും അതിനെ ബന്ധിപ്പിച്ചു ഒരു ഇരുനില പത്തായപ്പുരയും. അവിടം മുഴുവൻ നിറഞ്ഞു മനുഷ്യരും. മാടമ്പ് മനയെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ അങ്ങനെയാണ്. രണ്ടു മുറി, തളം, അടുക്കള, അച്ഛനും അമ്മയും ചേച്ചിമാരും കൂടി ജീവിച്ച വീട്ടിൽനിന്ന് വരുന്ന എനിക്ക് അത് ഒരു അത്ഭുതകാഴ്ചയായിരുന്നു. കുട്ടിയായ എനിക്ക് ഇഴുകിച്ചേരാൻ കഴിയാതെ ഭയപ്പെടുത്തുന്ന വലുപ്പം. പക്ഷേ എനിക്ക് അവിടെ...

Your Subscription Supports Independent Journalism

View Plans

മ്മയുടെ അമ്മയുടെ വീടായിരുന്നു അത്, എന്റെ മുത്തശ്ശിയുടെ വീട്. അമ്മക്ക് തന്നെ അമ്മയുടെ അമ്മയെ നല്ല ഓർമയില്ല, മുത്തശ്ശി മരിക്കുമ്പോൾ അമ്മക്ക് ഏഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഏക്കറുകൾ പരന്നുകിടക്കുന്ന പറമ്പിൽ പാടത്തിന് സമീപത്തായി വലിയ ഒരു തറവാട് വീടും അതിനെ ബന്ധിപ്പിച്ചു ഒരു ഇരുനില പത്തായപ്പുരയും. അവിടം മുഴുവൻ നിറഞ്ഞു മനുഷ്യരും. മാടമ്പ് മനയെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ അങ്ങനെയാണ്. രണ്ടു മുറി, തളം, അടുക്കള, അച്ഛനും അമ്മയും ചേച്ചിമാരും കൂടി ജീവിച്ച വീട്ടിൽനിന്ന് വരുന്ന എനിക്ക് അത് ഒരു അത്ഭുതകാഴ്ചയായിരുന്നു. കുട്ടിയായ എനിക്ക് ഇഴുകിച്ചേരാൻ കഴിയാതെ ഭയപ്പെടുത്തുന്ന വലുപ്പം. പക്ഷേ എനിക്ക് അവിടെ ഒളിക്കാൻ ഒരു സ്ഥലമുണ്ടായിരുന്നു. പത്തായപ്പുരയിൽ കുത്തനെയുള്ള കോണി കയറിയാൽ എത്തുന്ന മുകളിലെ വിശാലമായ രണ്ട് മുറി, അതിൽ നിറയെ പുസ്തകങ്ങളായിരുന്നു. അത്രയും പുസ്തകങ്ങളും ഞാൻ ആദ്യം കാണുകയായിരുന്നു. വളരെ ചെറുതിലെ എന്തെങ്കിലും വിശേഷങ്ങൾക്കാണ് അവിടെ പോവുക. അവിടത്തെ ആളും തിരക്കും ബഹളങ്ങളും എന്നെ ഭയപ്പെടുത്തി. അപ്പോഴെല്ലാം ഞാൻ പതുക്കെ മുകളിലെ പുസ്തകങ്ങൾക്കിടയിൽ അഭയം പ്രാപിച്ചു, ഭക്ഷണം കഴിക്കാനോ പോകാനോ ആയി ആരെങ്കിലും തിരഞ്ഞു എത്തുന്നതുവരെ.

താരങ്ങളെ പരാമർശിക്കുന്നപോലെ കേട്ട ആദ്യ പേരായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. ഇടക്കിടെ വീട്ടിൽ ആ പേര് കേൾക്കുമായിരുന്നു. വളരെ കുട്ടിയിലെ ഓർമ ആകാശവാണിയിൽ മാടമ്പ് കഥ വായിക്കുന്നത് കേൾക്കാൻ റേഡിയോക്ക് ചുറ്റും ഞങ്ങളെല്ലാവരും ഒത്തുകൂടിയതാണ്. ആ കഥയുടെ ഒരു വരിപോലും ഓർമയില്ല. പക്ഷേ, മുണ്ഡനം എന്ന കഥ വായിക്കാൻ മാടമ്പ് ആകാശവാണിയിൽ ചെന്നത് തല മുണ്ഡനം ചെയ്താണ് എന്ന് അച്ഛന്റെയും അമ്മയുടെയും സംഭാഷണത്തിൽ പറഞ്ഞത് ഇപ്പോഴും ഓർമയിലുണ്ട്.

കോവിലൻ, കാക്കനാടൻ, സി.വി. ശ്രീരാമൻ അങ്ങനെ എത്രയോ എഴുത്തുകാർ, പവിത്രൻ, കെ.ആർ. മോഹനൻ, വി.കെ. ശ്രീരാമൻ തുടങ്ങിയ സിനിമക്കാർ അവരൊക്കെ ചേർന്ന ഉത്സവമേളങ്ങൾ ആയിരുന്നു മാടമ്പിലെ ഓരോ ചെറുതും വലുതുമായ വിശേഷങ്ങൾ. ആ കാഴ്ചകളാണ് എന്നെയൊരു അക്ഷരപ്രണയിയാക്കിയത്. പുസ്തകങ്ങളെ ഇഷ്ടപ്പെടാനും വായിക്കാനുമുള്ള പ്രചോദനം എനിക്ക് ലഭിച്ചത് ആ എഴുത്തുകാരനിൽനിന്നും അദ്ദേഹത്തിന്റെ അതിവിപുലമായ സ്വകാര്യ പുസ്തകശേഖരത്തിൽനിന്നുമാണ്. നാട്ടിലെ യുവജന സമിതി പൊതുവായനശാലയിലെ നിത്യസന്ദർശകനായത് അതിന്റെ തുടർച്ച മാത്രമായിരുന്നു.

എന്റെ ഹൈസ്കൂൾ പ്രീഡിഗ്രിക്കാലം തൊണ്ണൂറുകളുടെ അവസാനമാണ്. വായനശാലയിൽ വന്നിരുന്ന എല്ലാ ആനുകാലികങ്ങളും ഞാൻ മുടങ്ങാതെ വായിച്ചിരുന്നു. മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി, ഭാഷാപോഷിണി ഇത്രയും ആണ് അന്നത്തെ പ്രധാന ആനുകാലികങ്ങൾ. എനിക്ക് പരിചയമുള്ള ഒരു എഴുത്തുകാരനെ ഞാൻ വായിക്കുന്ന ആനുകാലികങ്ങളിൽ തിരയലായിരുന്നു അന്ന് എന്റെ പ്രധാന വിനോദം. വലിയ എഴുത്തുകാരൻ എന്നറിയപ്പെടുന്ന മാടമ്പ് കുഞ്ഞുകുട്ടനെ ഈ കാലത്തൊന്നും ഞാൻ വായിക്കുന്ന ആനുകാലികങ്ങളിലൊന്നും കണ്ടിട്ടേയില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ചിലത് വായനശാലയിൽ ഉണ്ടായിരുന്നു; ബന്ധുക്കളുടെ സ്വകാര്യ ശേഖരങ്ങളിലും. അത്ഭുതം തോന്നാം, അദ്ദേഹത്തിന്റെ അശ്വത്ഥാമാവ്, ഭ്രഷ്ട് തുടങ്ങിയ പ്രശസ്ത കൃതികൾ ഏതാണ്ട് തൊണ്ണൂറ് മുതൽ തൊണ്ണൂറ് അവസാനം വരെ വിപണിയിൽ ഉണ്ടായിരുന്നേയില്ല. കറന്റ് ബുള്ളറ്റിനിൽ ഔട്ട് ഓഫ് പ്രിന്റ് എന്നടിച്ച് 'അശ്വത്ഥാമാവ്' കണ്ടിട്ടുണ്ട്! വാങ്ങിക്കാൻ ലഭ്യമല്ല! എനിക്ക് ഓർമയുണ്ട്, അക്കാലത്ത് മാടമ്പ് എന്ന പേര് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരിക്കൽ പ്രത്യക്ഷപ്പെട്ടത് ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു കവിതയിൽ കോവിലനോടൊപ്പം അടിക്കുറിപ്പായും കലാകൗമുദിയിൽ സാഹിത്യ വാരഫലത്തിൽ എം. കൃഷ്ണൻ നായർ മാടമ്പിനോടൊത്തു പ്രസംഗിക്കാൻ പോയതും മാടമ്പ് കൊടുങ്ങല്ലൂർ മുഴുവൻ കൃഷ്‌ണൻ നായർക്ക് പരിചയപ്പെടുത്തിക്കൊടുത്തതുമാണ്. ടി.ഡി. രാമകൃഷ്ണൻ തനിക്ക് വൈശാഖൻ തന്ന ഒരു ഉപദേശത്തെക്കുറിച്ചു ഒരു ലേഖനത്തിൽ പറയുന്നുണ്ട്, കഥകൾ എഴുതാത്ത സമയത്തും എന്തെങ്കിലും ചെറു ലേഖനങ്ങളോ മറ്റോ എഴുതി ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ നമ്മുടെ പേര് വിസ്മൃതമായിപ്പോകും എന്ന അർഥത്തിൽ. അപ്പോഴാണ് തൊണ്ണൂറുകൾ മുതൽ മരിക്കുന്ന രണ്ടായിരത്തി ഇരുപത്തി ഒന്ന് വരെ ഏതാണ്ട് പൂർണമായി തന്നെ ഒരു എഴുത്തുകാരൻ മലയാളത്തിലെ ആനുകാലികങ്ങളിൽനിന്ന് അപ്രത്യക്ഷനാകുന്നത്. ചെറിയ ചില ലേഖനങ്ങൾ, ഒരു ആത്മകഥാ ഭാഗം എന്നിവ ഭാഷാപോഷിണിയിൽ വന്നതും മാധ്യമം വാർഷികപ്പതിപ്പിൽ വിജയകൃഷ്ണൻ നടത്തിയ ഒരു ദീർഘ അഭിമുഖവും ഒഴിച്ച് നിർത്തിയാൽ മാടമ്പ് കുഞ്ഞുകുട്ടൻ എന്നൊരു എഴുത്തുകാരൻ മലയാള ആനുകാലികങ്ങളിൽനിന്നും മലയാള സാഹിത്യ ലോകത്തുനിന്നും തീർത്തും അകന്നുപോയിരുന്നു. ഓം ശാന്തി ശാന്തി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ വന്നതിന് ശേഷം ഈ എഴുത്തുകാരൻ എങ്ങോട്ടാണ് അപ്രത്യക്ഷനായത്?


അക്കാലങ്ങളിൽ മാടമ്പ് മനയിൽ ചെന്നാൽ അദ്ദേഹം മിക്കവാറും അവിടെ കാണുമായിരുന്നു, അപ്പോഴേക്കും തീരെ അവശയായ പത്നിയുടെ പരിചരണം ഏതാണ്ട് പൂർണമായും ഏറ്റെടുത്തുകൊണ്ട്. കുറെ വർഷങ്ങൾക്ക് ശേഷം മാതൃഭൂമി ആരോഗ്യമാസികയിൽ ബൈ സ്റ്റാൻഡർ എന്നൊരു കോളം ചെയ്തപ്പോൾ അതിൽ ഭാര്യയെ എടുത്തുനിൽക്കുന്ന മാടമ്പിനെക്കണ്ട നഴ്സ് നിങ്ങൾക്ക് പെൺകുട്ടികളൊന്നുമില്ലേ എന്ന് ചോദിച്ചതും ഞങ്ങൾക്ക് പെൺകുട്ടികളെയുള്ളൂ എന്ന് മറുപടി പറഞ്ഞതും മാടമ്പ് തന്നെ എഴുതിയിട്ടുണ്ട്. പിന്നെ മാടമ്പിനെ കാണുന്നത് ദേശാടനം എന്ന സിനിമയുടെ തിരക്കഥാകൃത്തായും ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാലിനെ പൂണൂൽ അണിയിക്കുന്ന നമ്പൂതിരിയായിട്ടുമാണ്. മലയാള സിനിമയിലെ ഹൈന്ദവ പുനരുത്ഥാന പ്രവണതകളെക്കുറിച്ചുള്ള ഒരു ചർച്ചയിൽ ഭാഷാപോഷിണിയിൽ മാടമ്പ് കുഞ്ഞുകുട്ടന്റെ ചെറു ലേഖനവും കണ്ടു, 'നിങ്ങൾ എന്നെ നമ്പൂരിയാക്കി' എന്ന പേരിൽ. ഏറെ ഇടവേളക്ക് ശേഷം രണ്ടായിരത്തിൽ മാടമ്പിന്റെ രണ്ട് നോവലുകൾ ഒരുമിച്ച് വന്നു, ശ്രീരാമകൃഷ്ണ ജീവിതം പ്രമേയമാകുന്ന അമൃതസ്യ പുത്രയും സ്വന്തം പത്നിയുടെ വിയോഗത്തിൽ എഴുതിയ സാവിത്രീ ദേ ഒരു വിലാപവും. പിന്നീട് സിനിമയിൽ ആയിരുന്നു കുറച്ചെങ്കിലും സജീവമായി മാടമ്പിനെ കണ്ടത്, തിരക്കഥക്ക് ദേശീയ പുരസ്കാരവും അന്തർദേശീയ പുരസ്കാരവും കിട്ടിയതുമാവും അദ്ദേഹത്തിന് ലഭിച്ച അപൂർവ പുരസ്കാരങ്ങളിൽ പ്രധാനപ്പെട്ടവ.

മാടമ്പ് കുഞ്ഞുകുട്ടന്റെ വേഷപ്പകർച്ച പിന്നീടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ര മാധ്യമങ്ങളിൽ ആ പേര് നിറഞ്ഞുനിന്നു, പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പം. രണ്ടുപേരും ബി.ജെ.പി സ്ഥാനാർഥികളായി. എറണാകുളം ലോ കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു ഈ വേഷപ്പകർച്ച. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ വീട്ടിലേക്ക് ഫോൺ വന്നപ്പോൾ ഞാനാണ് ഫോൺ എടുത്തത്. ''താൻ ഇവിടെയൊക്കെ വന്നു എനിക്ക് വോട്ട് ചോദിക്കണം'' എന്ന് പറഞ്ഞതിന് ഞാൻ ചിരിച്ച് ഒഴിഞ്ഞതേയുള്ളൂ. എന്തായിരുന്നു മാടമ്പിന്റെ രാഷ്ട്രീയം? അശോകൻ ചരുവിൽ എഴുതിയതുപോലെ മാടമ്പ് യുവ കലാസാഹിതീ വേഷമൊക്കെ അഴിച്ചുവെച്ച് തന്റെ യഥാർഥ കാവി കുപ്പായം ധരിക്കുകയായിരുന്നോ? അറിയില്ല. അറുപതുകളുടെ അവസാനം എടക്കളത്തൂർ, കിരാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ദേശാഭിമാനി സ്റ്റഡി സർക്കിൾ രൂപവത്കരിക്കുകയും മാർക്സിസ്റ്റ് ക്ലാസുകൾ സംഘടിപ്പിക്കുകയും അവർക്ക് വേണ്ടി നാടകങ്ങൾ എഴുതുകയും ചെയ്തുകൊണ്ടാണ് തുടക്കം. അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചു എഴുതി നോട്ടപ്പുള്ളിയായി ഒളിവിൽ പോയി തിരിച്ചു വന്ന മാടമ്പ് സി. അച്യുത മേനോന്റെ നിർബന്ധത്തിന് വഴങ്ങി യുവകലാസാഹിതി ഉപാധ്യക്ഷനും അധ്യക്ഷനുമൊക്കെയായി. തെക്കുനിന്ന് വടക്കോട്ട് യാത്രയും നടത്തി. അവിടെനിന്ന് എങ്ങനെയാണ് ''മഹാത്മാ ഗാന്ധിയെ നീചനായ രാജ്യദ്രോഹിയെന്ന് വിളിക്കുന്നവരോട് ഇഹത്തിലും പരത്തിലും രാജിയാവാൻ വയ്യ'' എന്ന് എഴുതിയ മാടമ്പ് ഗാന്ധി ഘാതകരുടെ സഹയാത്രികനായത്? മാടമ്പ് തന്നെ ഒരിക്കൽ എഴുതിയത് പോലെ ആദി ശങ്കരനും അഭിനവ ശങ്കരനുമിടയിൽപ്പെട്ടുള്ള നട്ടംതിരിച്ചിലിന്റെ തുടർച്ച തന്നെയായിരുന്നോ ഇതും? ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം എങ്ങനെയാണ് മനസ്സുകളിൽ വേര് പിടിക്കുന്നത് എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഫാഷിസ്റ്റ് പ്രതിരോധവും എത്ര എളുപ്പമായേനെ. സങ്കീർണമായ സാമൂഹിക പ്രശ്നങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനുള്ള സൈദ്ധാന്തിക ശേഷിയൊന്നും മാടമ്പിന് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. കേരളത്തിലെ സവിശേഷ സാഹചര്യങ്ങളെ വെച്ച് ഇന്ത്യൻ സാഹചര്യങ്ങളെയും ലോക ക്രമത്തെതന്നെയും കാണുന്ന കാഴ്ചകളെ ഉണ്ടായിരുന്നുള്ളൂ. മുസ്‍ലിം ലീഗ് രാഷ്ട്രീയത്തോടുള്ള വിപ്രതിപത്തിയും സെപ്റ്റംബർ പതിനൊന്നിന് ശേഷം ലോകം മുഴുവൻ രൂപപ്പെട്ട ഇസ്‍ലാമോഫോബിയയും മാടമ്പിനെയും പിടികൂടിയിരുന്നതായി തോന്നിയിട്ടുണ്ട്. മാടമ്പിനെ സ്വാധീനിച്ച കൃതികളിൽ ഒന്ന് ആനന്ദിന്റെ വേട്ടക്കാരനും വിരുന്നുകാരനുമായിരുന്നു. ഇസ്‍ലാമിന് സഹിഷ്ണുത കുറവാണ്, ഇസ്‍ലാമിക തീവ്രവാദം ലോകത്തിൽ വേര് പിടിക്കുന്നു, അത് ആപത്താണ് തുടങ്ങിയ ശരാശരി പൊതുബോധത്തിന്റെ പങ്ക് പറ്റുന്ന വ്യക്തി തന്നെയായിരുന്നു മാടമ്പ് കുഞ്ഞുകുട്ടനും.

എന്താണ് മാടമ്പ് കുഞ്ഞുകുട്ടന്റെ സാഹിത്യ സംഭാവന? എന്റെ ഒരു കർമ മണ്ഡലമല്ല അത്. അത് വിലയിരുത്താനുള്ള ശേഷിയും എനിക്കില്ല. വളരെ വൈയക്തികമായ അഭിരുചികളുടെ അടിസ്ഥാനത്തിലുള്ള സാഹിത്യ വായനയേ എനിക്കുള്ളൂ. ആ പരിമിതികൾക്ക് അകത്തുനിന്ന് ഞാൻ മനസ്സിലാക്കിയത് മാടമ്പിന്റെ ജ്ഞാനമാർഗം ഇന്ത്യൻ ജ്ഞാന ശാസ്ത്രങ്ങളായിരുന്നു. മാടമ്പിന് പത്താം ക്ലാസ് വരെയേ ഔപചാരിക വിദ്യാഭ്യാസമുള്ളൂ. മാടമ്പിന്റെ വായനയും പഠനവും എല്ലാം ഇന്ത്യൻ, അതിൽതന്നെ വിശേഷിച്ച് വൈദിക സാഹിത്യമായിരുന്നു. ഒരുതരം ഓറിയന്റലിസ്റ്റ് വ്യവഹാരത്തിനകത്താണ് മാടമ്പും അദ്ദേഹത്തിന്റെ കൃതികളും പ്രവർത്തിക്കുന്നത്. വൈദേശികമായതിനെയെല്ലാം എതിർത്ത് ഇവിടത്തെ സംസ്കാരത്തിലും പാരമ്പര്യത്തിലും ആണ്ടുമുങ്ങി അതിൽ അഭിരമിച്ചുകൊണ്ടുള്ള ഒന്ന്. 'അശ്വത്ഥാമാവ്' തുടങ്ങുന്നത് തന്നെ ''പറങ്കികളും തോമാശ്ലീഹായും വന്ന കടൽ. ഉഷ്ണപ്പുണ്ണും കുരിശും കടൽ കടന്നുവന്നത് ഈ വഴിക്കാണ്. പകരം കുരുമുളകും മാറ് മറയ്ക്കാത്ത മലനാട് പെൺകൊടികളും പുറംകടലിലൂടെ ഒഴുകി...''എന്നിങ്ങനെയാണ്. ആധുനികതയുടെ ഉച്ചയിൽ മാടമ്പ് തികച്ചും ഇന്ത്യനായ കേരളീയമായ അവസ്ഥകളെ പകരം വെക്കാൻ ശ്രമിച്ചു. ഭാഷ, പ്രമേയം രൂപകങ്ങൾപോലും തദ്ദേശീയ വേരുകൾ ഉള്ളതായിരുന്നു. ''ഭസ്മമിട്ടു വിളക്കിയ ഓട്ടുവിളക്ക് പോലെ ഉണ്യേമ'' എന്നതുപോലെ അല്ലെങ്കിൽ ''അഗ്നിമീളേ പുരോഹിതം അടുപ്പിന് മേലെ പുളിങ്കറി...'' പോലെ.

ഇന്ത്യൻ, കേരളീയ വൈദിക സാഹിത്യവും ചരിത്രവും സംസ്കാരവും പരിചിതമല്ലാത്തവർക്ക് ആ സാഹിത്യത്തിലേക്ക് ഉള്ള പ്രവേശനം ദുർഗമമായിരിക്കും. സാമാന്യ ആഴത്തിൽ വായനയും ചരിത്രപരിചയവുമുള്ള എന്റെ ഒരു സുഹൃത്തിന് ഭ്രഷ്ട് ആദ്യ വായനയിൽ ഒന്നും തിരിഞ്ഞില്ല. പിന്നീട് 1905 വർഷത്തിൽ കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരത്തിന്റെ ചരിത്രവും താത്രിയെ ആദ്യമായി സാമൂഹിക നവോത്ഥാനത്തിന്റെ പ്രാരംഭമായും പ്രതികാര ദേവതയായും അവതരിപ്പിക്കുന്ന കൃതിയാണ് എന്ന് വിശദീകരിച്ചുകൊടുത്ത ശേഷമാണ് അദ്ദേഹത്തിന് രണ്ടാമത്തെ വായനയിൽ എന്തെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത്. അപ്പോഴും ''മലത്തിയാൽ ഓത്തൂട്ട്, കമിഴ്ത്തിയാൽ പൂരം'', ''വരാഹമിഹിരൻ സശരീരനായി'' തുടങ്ങി നിരവധി പ്രയോഗങ്ങൾ പിടികിട്ടാതെ തന്നെ വഴുതി മാറി. കേരളീയ സംസ്കാരത്തിന്റെ അടിസ്ഥാന ജ്ഞാനമെങ്കിലും ഇല്ലാത്തവർക്ക് അപ്രാപ്യമാണ് ആ രചന. നോവൽ എന്ന രൂപം പാശ്ചാത്യമാണെങ്കിൽ അതിനെ തന്നെ അഴിച്ചു പണിയാൻ ശ്രമിക്കുന്നതായി തോന്നും മാടമ്പിന്റെ കൃതികൾ. മന്ത്രത്തിന്റെയോ ഛന്ദസ്സ് ഉരുക്കഴിക്കുന്നതിന്റെയോ ഒക്കെ മാതൃകയിലാണ് വാക്യ ഘടനകൾ.

''അറുപത്തിനാല് കലകൾ

കലകൾക്ക് ഋഷിമാർ

അറുപത്തിയഞ്ചാമത് കലാധരൻ

ഒടുവിൽ മായ...'' ഈയൊരു ഘടന മിക്കവാറും നോവലുകളിൽ കാണാം. നോവൽ എന്ന രൂപം സ്വീകരിക്കുമ്പോഴും കഥപറച്ചിലിന് കഥാസരിത്സാഗരത്തിന്റെയോ പഞ്ചതന്ത്രത്തിന്റെയോ ഒക്കെ മാതൃകയാവും മാടമ്പ് കുഞ്ഞുകുട്ടൻ ഉപയോഗിച്ചിട്ടുണ്ടാവുക. എന്തായാലും വലിയ പഠനങ്ങളോ നിരൂപണങ്ങളോ ഒന്നും മാടമ്പിന്റെ കൃതികൾക്ക് ഉണ്ടായിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണവും വ്യവസ്ഥാപിത രീതികളിൽനിന്ന് എല്ലാ നിലക്കും മാറിനിൽക്കുന്നതാണ് ആ രചനകൾ തന്നെ എന്നതുമാവാം. മാടമ്പിന്റെ എഴുത്തുകളിൽ പതിരുകളുണ്ട്. പക്ഷേ, അത്തരം പതിരുകളൊക്കെ ചേറ്റി കിഴിച്ചാലും കുറെ കൃതികളെങ്കിലും കാലത്തെ അതിജീവിക്കും എന്ന് തന്നെയാണ് എന്റെ വളരെ വ്യക്തിപരമായ വായനാനുഭവം.


തെളിച്ച വഴിയേ നടക്കാതെ ആരും നടക്കാത്ത വഴികളിൽകൂടി നടക്കുക എന്നൊരു താൻപ്രമാണിത്ത സ്വഭാവത്തിന്റെ (റിബൽ എന്ന് വിശേഷിപ്പിക്കാൻ വയ്യ അതിനെ) മറ്റൊരു പ്രതിഫലനമായിരുന്നു രണ്ടായിരത്തിനു ശേഷമുള്ള മാടമ്പിന്റെ ബി.ജെ.പി സ്ഥാനാർഥിത്വവും ജീവിതാന്ത്യകാലത്തിന് തൊട്ടു മുൻപ് വളരെ ചുരുങ്ങിയ കാലം സ്വീകരിച്ച തപസ്യ ഭാരവാഹിത്വവും എന്നാണ് എന്റെ വിലയിരുത്തൽ. ഒരുപാട് യാത്രകൾ ചെയ്ത മാടമ്പ് ഒരു യാത്രാനുഭവംപോലും എഴുതിയില്ല. സിനിമാ അനുഭവങ്ങൾ എഴുതിയില്ല. വലിയ സൗഹൃദങ്ങളും അനുഭവങ്ങളുമൊക്കെ ഉണ്ടായിട്ടും ആത്മകഥയും എഴുതിയില്ല. എഴുതാൻ പിന്നെയും കുറെ ബാക്കി നിർത്തിയിട്ടുതന്നെയാണ് മാടമ്പ് യാത്രയായത്. ഇത് വളരെ വ്യക്തിപരമായ ഒരു ഓർമക്കുറിപ്പാണ്. മാടമ്പ് എന്ന എഴുത്തുകാരനെയോ വ്യക്തിയെയോക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലേയല്ല. മേയ് പതിനൊന്നിന് മാടമ്പിന്റെ ഒന്നാം ചരമവാർഷിക ദിനമായിരുന്നു. ജൂൺ 21 മാടമ്പിന്റെ 82ാമത് ജന്മദിനമാണ്. അക്ഷരങ്ങളോടും പുസ്തകങ്ങളോടും ഇഷ്ടവും അടുപ്പവും ഉണ്ടാവാൻ കാരണക്കാരനായ ഒരാൾക്ക് അർപ്പിക്കുന്ന അക്ഷരംകൊണ്ടുള്ള ഒരു തിലോദകം, അത്രമാത്രം.