Begin typing your search above and press return to search.
proflie-avatar
Login

ബഷീർ കൃതികളിലെ നാനാർഥങ്ങൾ

ബഷീർ കൃതികളിലെ നാനാർഥങ്ങൾ
cancel

വ്യത്യസ്ത അർഥതലങ്ങളും വ്യാഖ്യാനസാധ്യതകളും ഒരു സാഹിത്യസൃഷ്ടിയുടെ മികവി​ന്റെ പല ചേരുവകളിലൊന്നാണെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണല്ലോ? വിവിധങ്ങളായ വ്യാഖ്യാനങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്നിടുന്ന ഒരു കൃതി വായനക്കാരന് ഏറെ ഹൃദ്യവും രസനീയവുമായിരിക്കുമെന്നതിൽ തർക്കമില്ല. ബഷീറി​ന്റെ മിക്ക കൃതികളിലും ഈയൊരു സവിശേഷത കണ്ടെത്താൻ കഴിയും. പ്രത്യക്ഷാർഥത്തിനപ്പുറം പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന സംഭവങ്ങളും കഥാപാത്രങ്ങളും പാത്രനാമങ്ങളുംകൊണ്ട് സമ്പന്നമാണ് അ​േദ്ദഹത്തി​ന്റെ പല രചനകളും. ‘പാത്തുമ്മയുടെ ആടി’ലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ ആട് പാത്തുമ്മയുടെതന്നെ പ്രതിനിധിയോ പ്രതിരൂപമോ ആണെന്നു...

Your Subscription Supports Independent Journalism

View Plans

വ്യത്യസ്ത അർഥതലങ്ങളും വ്യാഖ്യാനസാധ്യതകളും ഒരു സാഹിത്യസൃഷ്ടിയുടെ മികവി​ന്റെ പല ചേരുവകളിലൊന്നാണെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണല്ലോ? വിവിധങ്ങളായ വ്യാഖ്യാനങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്നിടുന്ന ഒരു കൃതി വായനക്കാരന് ഏറെ ഹൃദ്യവും രസനീയവുമായിരിക്കുമെന്നതിൽ തർക്കമില്ല. ബഷീറി​ന്റെ മിക്ക കൃതികളിലും ഈയൊരു സവിശേഷത കണ്ടെത്താൻ കഴിയും. പ്രത്യക്ഷാർഥത്തിനപ്പുറം പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന സംഭവങ്ങളും കഥാപാത്രങ്ങളും പാത്രനാമങ്ങളുംകൊണ്ട് സമ്പന്നമാണ് അ​േദ്ദഹത്തി​ന്റെ പല രചനകളും.

‘പാത്തുമ്മയുടെ ആടി’ലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ ആട് പാത്തുമ്മയുടെതന്നെ പ്രതിനിധിയോ പ്രതിരൂപമോ ആണെന്നു കാണാൻ പ്രയാസമില്ല. കുടുംബത്തിലെ മൂത്ത മകളെന്ന നിലക്ക്​ തനിക്ക്​ തറവാട്ടുവീട്ടിൽ പ്രത്യേകമായ അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ടെന്നു വിശ്വസിക്കുന്ന പാത്തുമ്മ അതൊക്കെയും സ്ഥാപിച്ചെടുക്കുന്നത് ആടിലൂടെയാണ്. വീട്ടിനുള്ളിൽ എവിടെയും കേറിനിരങ്ങാനും കണ്ണിൽക്കാണുന്നതെന്തും ശാപ്പിടാനും വല്ലാത്തൊരു വാശി കാണിക്കുന്ന ആട് പാത്തുമ്മയുടെ ഈ അവകാശബോധത്തി​ന്റെ തീവ്രതയാണ് വെളിപ്പെടുത്തുന്നത്.

കുടുംബാംഗങ്ങൾക്കിടയിൽ ഇടക്കിടെ ആവർത്തിക്കപ്പെടുന്ന കലഹങ്ങളുടെ ഒരു വലിയ കാരണക്കാരിയായ ആട് ഈ കലഹങ്ങളുടെയൊരു പ്രതീകംകൂടിയാണ്. വീട്ടി​ന്റെ ഏത് ഉള്ളറയിലേക്കും കടന്നുചെന്ന് കിട്ടുന്നതെന്തും കടിച്ചുപറിച്ച് ജഠരാഗ്നിയിൽ ദഹിപ്പിച്ച് അവിടം ‘വെടിപ്പാക്കുന്ന’ ആടിനെപ്പോലെ, കലഹങ്ങളും വാക്കേറ്റങ്ങളും ബഷീറി​ന്റെ കൂടപ്പിറപ്പുകളുടെയും, അവരുടെ കെട്ട്യോളുമാരുടെയും ഉള്ളിൽ കൂട്ടുപൊറുതിക്കിടയിൽ രൂപംകൊള്ളുന്ന മനുഷ്യസഹജമായ നീരസങ്ങളും പരിഭവങ്ങളും കൊച്ചുകൊച്ചു പിണക്കങ്ങളും പുറത്തേക്ക് തുറന്നുവിട്ട് മനസ്സ് ശുദ്ധവും സ്വച്ഛവുമാക്കാൻ സഹായിക്കുന്നു. ഇങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന മനസ്സുകളിൽ പരസ്പര സ്നേഹവും യോജിപ്പും കൂടുതൽ ഗാഢവും ദൃഢവുമായിത്തീരുന്നു. മറിച്ച്, നിസ്സാരങ്ങളായ അനിഷ്ടങ്ങളും പൊരുത്തക്കേടുകളും വിമ്മിട്ടങ്ങളും ഉള്ളിൽത്തന്നെ കെട്ടിപ്പൂട്ടി, കൃത്രിമസ്നേഹത്തി​ന്റെയും ചുണ്ടിലൊതുങ്ങുന്ന പുഞ്ചിരിയുടെയും പുതപ്പിട്ടു മൂടിവെച്ചിരുന്നെങ്കിൽ, അവയത്രയും പകയുടെയും ശത്രുതയുടെയും മുൾച്ചെടികളായി വളർന്ന്​ ബഷീറി​ന്റെ കുടുംബം പെട്ടെന്നുതന്നെ ചിതറിപ്പോയേനെ.

‘ബാല്യകാല സഖി’യുടെയും, ‘ശബ്ദങ്ങളു’ടെയും കോപ്പികൾ ‘സാപ്പിടുന്ന’, ഒടുങ്ങാത്ത പശിയുടെ മൂർത്തരൂപമായ ഈ ആട് ആർത്തിപൂണ്ട ഒരു വായനക്കാരനെക്കൂടി പ്രതിനിധാനം ചെയ്യുന്നു. ബഷീർതന്നെ അത് സൂചിപ്പിക്കുന്നുണ്ട്. നല്ല ‘വെടിപ്പും വൃത്തിയു’മുള്ളതും എന്നാൽ, ദുഃഖപര്യവസായിയുമായ ഒരു കുടുംബകഥ പറയുന്ന ‘ബാല്യകാല സഖി’യുടെ കോപ്പി ‘സ്റ്റൈലായി ചവച്ചുതിന്ന’ ശേഷം ഈ ആട് ‘ശബ്ദങ്ങളു’ടെ കോപ്പി തിന്നുമോയെന്ന്​ സന്ദേഹിക്കുന്നുണ്ട് ബഷീർ. തെരുവു വേശ്യകളുടെയും യാചകരുടെയും രാത്രിസങ്കേതത്തിൽ നടക്കുന്ന അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങൾ വരച്ചുകാട്ടിയതി​ന്റെ പേരിൽ ‘‘ഘോരഘോരമായ വിമർശനപീരങ്കികൾ ഏറ്റ ആ ചെറുപുസ്തകം തിന്നാൻ ഈ ആട് ധൈര്യപ്പെടുമോ’’ എന്ന് ചോദിക്കുമ്പോൾ, ‘ബാല്യകാല സഖി’യെ ആവേശപൂർവം നെഞ്ചേറ്റിയ വായനക്കാർക്ക് ‘ശബ്ദങ്ങൾ’ ചതുർഥിയാകുമോ എന്ന ആശങ്കതന്നെയാണ് ബഷീർ പ്രകടിപ്പിക്കുന്നത്.

എത്രതന്നെ ആർത്തിപൂണ്ട വായനക്കാരനായാലും പുസ്തകങ്ങൾ സൗജന്യമായി കിട്ടണമെന്ന മോഹത്തിന്, അഥവാ പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങേണ്ട ഒന്നല്ല എന്ന സാമാന്യ ചിന്തക്കെതിരെ ഒരു കൊട്ടു കൊടുക്കാനും ബഷീർ ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. പുസ്തകങ്ങൾ തിന്നശേഷം ത​ന്റെ പുതപ്പുകൂടി തിന്നാനൊരുമ്പെടുന്ന ആടിനെ തടഞ്ഞുകൊണ്ട് ബഷീർ പറയുന്നു:

‘‘ഹേ അജസുന്ദരീ! ഭവതി ആ പുതപ്പ് തിന്നരുത്. അതിന് നൂറു രൂപാ വിലയുണ്ട്. അതി​ന്റെ കോപ്പി എ​ന്റെ കയ്യിൽ വേറെ ഇല്ല. എ​ന്റെ പുസ്തകങ്ങൾ ഇനി വേറെയുമുണ്ട്. ഭവതിക്കതെല്ലാം വരുത്തി സൗജന്യമായി തരാം.’’ (സമ്പൂർണ കൃതികൾ 1: 936)

നൂറു രൂപ കൊടുത്ത് വാങ്ങിയ പുതപ്പ് ആട് തിന്നുന്നതിൽ വല്ലാതെ ദണ്ഡമനുഭവിക്കുന്ന നമ്മിൽ പലരും പുസ്തകങ്ങൾക്ക്​ കാൽക്കാശി​ന്റെ വിലപോലും കൽപിക്കാറില്ല എന്ന യാഥാർഥ്യത്തിലേക്കുകൂടി വിരൽചൂണ്ടുകയാണിവിടെ.


തുളഞ്ഞുകയറുന്ന തണുപ്പിൽനിന്ന് സംരക്ഷണം നൽകുന്നതോടൊപ്പം, നമ്മുടെ സ്വകാര്യതകളെ മറച്ചുവെക്കുന്ന ഒരാവരണംകൂടിയായി ഉപകരിക്കാറുണ്ടല്ലോ പുതപ്പ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പുതപ്പ് ഒരു മനുഷ്യ​ന്റെ സ്വകാര്യതകളുടെയും മാനാഭിമാനത്തി​ന്റെയും പുറംകവചമാണ്. ഈ പുതപ്പ് കടിച്ചുകീറാനൊരുമ്പെടുന്നിടത്തെത്തുമ്പോൾ ആട് വായനക്കാര​ന്റെ തലംവിട്ട് അതിനീചനായ ഒരു ‘പാപ്പരാസി’ നിരൂപക​ന്റെ കത്തിവേഷത്തിലേക്ക്​ കൂടുമാറുന്നു. കൃതികളെ വിമർശിച്ച് നശിപ്പിക്കാൻ പഴുതുകിട്ടാതെ വരുമ്പോൾ എഴുത്തുകാര​ന്റെ സ്വകാര്യതകളിലേക്ക്​ ഒളികാമറകൾ തുറന്നുവെച്ച് വ്യക്തിഹത്യക്കുള്ള വിഭവങ്ങൾ തേടുന്ന പല ‘നിരൂപകപ്പുലികളും’ നമുക്കിടയിൽ അവതരിച്ചിട്ടുണ്ടല്ലോ? അത്തരം നികൃഷ്ടജീവികളോടുള്ള നിസ്സഹായവും ദയനീയവുമായ ഒരപേക്ഷയായും ആടിനോടുള്ള ബഷീറി​ന്റെ വാക്കുകളെ വായിച്ചെടുക്കാം. പുസ്തകങ്ങളെ നിങ്ങൾ എങ്ങനെ വേണമെങ്കിലും കീറിമുറിച്ചോളൂ. പക്ഷേ, എഴുത്തുകാര​ന്റെ മാനത്തിന്മേൽ നിങ്ങൾ കൈവെക്കരുത്; അതിനു വേറെ കോപ്പികളില്ല. അതു നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ വലിയ ബുദ്ധിമുട്ടാണ് എന്നൊക്കെ ഓർമപ്പെടുത്തിക്കൊണ്ടുള്ള, ഇല്ലാക്കഥകളും അപഖ്യാതികളും പരത്തി എഴുത്തുകാരനെ നശിപ്പിക്കരുതേ എന്ന ബഷീറി​ന്റെ അപേക്ഷ പക്ഷേ, നമ്മുടെ ‘ഘടാഘടിയന്മാരായ’ ചില സർഗാത്മകരചയിതാക്കൾപോലും ചെവിക്കൊണ്ടില്ലെന്ന് അവർ തിരുവായ് തുറന്നപ്പോഴൊക്കെ നാം കേട്ടറിഞ്ഞു.

തൊഴിലി​ന്റെയോ, സ്വഭാവത്തി​ന്റെയോ, ശാരീരിക വൈകല്യത്തി​ന്റെയോ ഒക്കെപ്പേരിൽ പരസ്​പരം ഇരട്ടപ്പേരുകളിടുന്നത് നാട്ടുമ്പുറത്തുകാരുടെയൊരു നേരമ്പോക്കാണല്ലോ? അതിശയകരമായ ഭാവനാവിലാസം വിളിച്ചോതുന്ന ഇത്തരം പേരുകൾ, അവ നൽകപ്പെടുന്നവരുടെ സ്വത്വത്തി​ന്റെതന്നെ അവിഭാജ്യഘടകമായി മാറുന്നതും പലപ്പോഴും കാണാറുണ്ട്. ലോകത്തി​ന്റെ ‘നടുമധ്യ’ത്തിൽ താമസിക്കുന്നവരെന്നും, കഠാരി, കാളവണ്ടി എന്നിങ്ങനെ ഒട്ടേറെ വസ്തുക്കൾ ലോകത്തിലാദ്യമായി കണ്ടുപിടിച്ചവരെന്നും അഭിമാനം കൊള്ളുന്ന ‘സ്ഥലം’ എന്ന ഗ്രാമത്തിലെ ‘മഹാന്മാരിൽ’ പലർക്കുമുണ്ട്​ ഇരട്ടപ്പേരുകൾ. ആനവാരി, പൊൻകുരിശ്, ഒറ്റക്കണ്ണൻ, എട്ടുകാലി, മണ്ടൻ, തൊരപ്പൻ എന്നിങ്ങനെ സ്റ്റൈലൻ പേരുകളാണ് അവർക്ക്​ കിട്ടിയിരിക്കുന്നതും. ആ പേരുകൾക്കു പക്ഷേ, വേറെ ചില മാനങ്ങളുള്ളതായും കാണാം.

തനിക്കു പറ്റിപ്പോയ ഒരു ഹിമാലൻ മണ്ടത്തരമാണ് രാമൻ നായരെ ‘ആനവാരി’ രാമൻ നായരാക്കിയത്. മോഷണത്തൊഴിലാളികളായ രാമൻ നായരും തോമായും മുത്തപ്പയും മമ്മൂഞ്ഞുമൊക്കെ അവനവനു വേണ്ടതെന്തും കട്ടെടുക്കുന്നതിനു പുറമെ, വാടകക്കള്ളന്മാരായി സേവനമനുഷ്ഠിക്കുന്നവരുമാണ്. കുന്നേത്താഴത്ത്​ കുട്ട്യാലി മുതലാളി പുഴക്കരയിലിറക്കിയിട്ട ചാണകക്കൂമ്പാരം സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണനന്ത്രുവിനുവേണ്ടി കട്ടു കടത്താൻ പോയപ്പോഴാണ് രാമൻ നായർക്ക് ആ മഹാപറ്റു പറ്റിയത്.

കുറ്റാക്കുറ്റിരുട്ടുള്ള ഒരു രാത്രിയിലാണ് രാമൻ നായരും കൂട്ടരും ചാണകമോഷണത്തിനിറങ്ങിയത്. പുഴക്കരയിലൊരിടത്ത് ഇരുട്ടിനെക്കാൾ കട്ടിയിലൊരു കൂമ്പാരം കണ്ടപ്പോൾ അത് ചാണകംതന്നെയെന്നുറപ്പിച്ച്​ കൈയിലുണ്ടായിരുന്ന മൺവെട്ടികൊണ്ട് ആഞ്ഞൊന്നു വെട്ടി രാമൻ നായർ. ‘‘അപ്പോഴേക്കും ആകാശവും ഭൂമിയും നടുങ്ങത്തക്കവിധത്തിൽ ആ ചാണകക്കൂമ്പാരം ഒരാനയായി അമറാൻ തുടങ്ങി!’’ (1: 806). താൻ വെട്ടിയത് പാറുക്കുട്ടിയെന്ന ആനയെയാണെന്ന ഘോരസത്യം തലക്കുള്ളിലേക്കിരച്ചു കയറിയതും, പ്രാണനും കൈയിൽപ്പിടിച്ചുകൊണ്ടോടിയ രാമൻ നായർ മുന്നിൽ കണ്ട ഒരു മരത്തിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.

ഈയൊരു സംഭവത്തിൽനിന്ന്​ കിട്ടിയതെങ്കിലും, ‘ആനവാരി’ എന്ന പ്രയോഗത്തിന് രാമൻ നായരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രസക്തികൂടിയുണ്ട്. തോമായും രാമൻ നായരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കവെ, നല്ല തണ്ടും തടിയുമുള്ളവനാണ് രാമൻ നായരെന്ന് പറയുന്നുണ്ട് ബഷീർ. അങ്ങനെ നോക്കുമ്പോൾ, ഒരാനയെത്തന്നെ വാരിക്കെട്ടിയെടുക്കാൻ മാത്രം ശക്തനാണ് രാമൻ നായർ എന്ന ധ്വനികൂടിയുണ്ട് അയാൾക്കു നൽകിയിരിക്കുന്ന ഇരട്ടപ്പേരിൽ.

പൊൻകുരിശ്​ കട്ടെടുത്തതുവഴി തോമാക്കു കിട്ടിയ ഇരട്ടപ്പേരിനുമുണ്ട്​ ഇത്തരമൊരർഥതലം. ജീവിതപ്രാരബ്ധങ്ങളുടെ പര്യായമായി മാറിയ ഒരു പാവം പൊലീസുകാരനെ സഹായിക്കാൻ വേണ്ടിയാണ്​ തോമാ പള്ളിയിലെ പൊൻകുരിശ് മോഷ്ടിക്കുന്നത്. മോഷണം ജീവനോപാധിയാക്കിയവനാണെങ്കിലും, അയാളുടെ ഉള്ളു നിറയെ മനുഷ്യസ്നേഹം കുമിഞ്ഞുകിടക്കുകയാണെന്നപരമാർഥത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. അതുകൊണ്ടുതന്നെ ‘നല്ലവനായ കള്ളൻ’ എന്ന വിശേഷണം തീർച്ചയായുമയാൾക്ക് ചേരും.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കുരിശ് ദൈവികതയുടെയും പവിത്രതയുടെയും പ്രതീകമാണ്. എന്നാൽ, മനുഷ്യരെ തറച്ചുകൊല്ലാൻ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു പീഡനോപകരണം കൂടിയായിരുന്നു അത്. ഈ അർഥത്തിൽ മാത്രം കുരിശിനെ കാണുന്നതുകൊണ്ടാണ് കടുത്ത ക്ലേശവും ഉപദ്രവവും നേരിടേണ്ടിവരുമ്പോൾ ‘ഇതെന്തൊരുകുരിശാണപ്പാ!’ എന്നും മറ്റും മനുഷ്യർ വിലപിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ തോമാ എന്ന കള്ളൻ സമൂഹത്തെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു കുരിശാണ്. ഇതേ പ്രകാരംതന്നെ, ‘നിങ്ങളുടെ നാക്ക് പൊന്നാവട്ടെ!’, ‘എന്തൊരു തങ്കപ്പെട്ട മനുഷ്യൻ!’ എന്നൊക്കെ പറയുമ്പോൾ പൊന്നിനെ നന്മയുടെപ്രതീകമായിട്ടാണ് നാം കാണുന്നത്. അപ്പോൾ, തോമായെന്ന നല്ലവനായ കള്ളന്റെ സ്വഭാവവൈശിഷ്ട്യത്തിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്​ അയാൾക്കു നൽകപ്പെട്ടിട്ടുള്ള ‘പൊൻകുരിശെ’ന്ന ഇരട്ടപ്പേരെന്നും കാണാവുന്നതാണ്.

പോക്കർക്കു കിട്ടിയ ‘ഒറ്റക്കണ്ണൻ’ എന്ന ഇരട്ടപ്പേരും ഇപ്രകാരം രണ്ടർഥങ്ങളുള്ളതാണ്. അയാളുടെ ഒരു കണ്ണിനേ കാഴ്ചയുള്ളൂ എന്നതിനു പുറമെ, മുച്ചീട്ടുകളിക്കാരനെന്ന നിലക്കും അയാൾ ഒറ്റക്കണ്ണനാണ്. അയാൾ നിരത്തിവെക്കുന്ന ചീട്ടുകളിൽ ആര്​ എങ്ങനെയൊക്കെ പണംവെച്ചാലും അതൊക്കെയും അയാൾക്കുള്ളതാണ്. അതായത്, ലാഭക്കണ്ണു മാത്രമുള്ള അയാൾ സകലരെയും പറ്റിച്ച് പണം തട്ടിയെടുക്കുന്നു. ചെറുകിട വികസ്വര രാജ്യങ്ങളെ നിരന്തരം കബളിപ്പിച്ച് അമേരിക്ക തങ്ങളുടെ സ്വാർഥലക്ഷ്യങ്ങൾ നേടിയെടുക്കുന്നതുപോലെ.

തല വളരെ ചെറുതും പൊക്കം വളരെ കുറവുമായ മമ്മൂഞ്ഞിനെക്കണ്ടാൽ, കുറേക്കാലം മുമ്പ് സാമാന്യം ഭേദപ്പെട്ട ഒരെട്ടുകാലിയായിരുന്നുവെന്നേ തോന്നൂ എന്നാണ് ബഷീർ പറയുന്നത്. അതുകൊണ്ടുതന്നെ അയാൾ ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്നു വിളിക്കപ്പെടുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാൽ, എട്ടുകാലിയും മമ്മൂഞ്ഞും തമ്മിൽ വേറൊരു ‘ചാർച്ച’കൂടിയുണ്ട്. ശക്തിയായൊന്നൂതിയാൽ പാറിപ്പോകുന്നതാണ് ത​ന്റെ ദേഹമെന്ന തിരിച്ചറിവിൽനിന്നുണ്ടായ അപകർഷബോധംകൊണ്ടാകാം, എവിടെയൊരു പഴുത് കിട്ടിയാലും അവിടെയൊക്കെ വല കെട്ടി ത​ന്റെ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ വല്ലാത്തൊരു വാശിയാണല്ലോ എട്ടുകാലിക്ക്? ഇത്തിരി അതിശയോക്തി കലർത്തിപ്പറഞ്ഞാൽ, ഒരു പത്തു മിനിറ്റു നേരം ആരെങ്കിലും വായ തുറന്നുവെച്ചാൽ അവിടെയും വന്ന് വല കെട്ടിക്കളയും കക്ഷി. എട്ടുകാലിയുടെ ഈയൊരു സ്വഭാവവിശേഷത്തെ ഓർമിപ്പിച്ചുകൊണ്ട്, എവിടെയെങ്കിലും ഒരു സ്ത്രീക്ക്​ ഗർഭമുണ്ടെന്നു കേട്ടാൽ ‘അത് ഞമ്മളുടേതാണ്’ എന്നവകാശപ്പെടാൻ വല്ലാത്ത വെമ്പലാണ്​ മമ്മൂഞ്ഞിന്. ഷണ്ഡനായി പിറന്നുപോയതി​ന്റെ മാനക്കേടും അപകർഷബോധവും തീർക്കാൻ മൂപ്പർ കണ്ട വഴിയാണിത്.


അനാരോഗ്യകരവും അനഭിലഷണീയവും ചിലപ്പോഴെങ്കിലും വിനാശകരവുമായ ഒട്ടേറെ മാറ്റങ്ങളും പരിഷ്കരണങ്ങളും നമ്മുടെ നാട്ടുനടപ്പുകളിലും സമ്പ്രദായങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും മോഷ്ടാക്കളും പോക്കറ്റടിക്കാരും കവർച്ചക്കാരും പൗരപ്രമുഖരായി പരിഗണിക്കപ്പെടുകയും, നാട്ടുകാർക്കിടയിലുണ്ടാകുന്ന സകല പ്രശ്നങ്ങളിലും നാട്ടി​ന്റെ പൊതുവായ ആവശ്യങ്ങളിലും ഇടപെട്ട്​ അതിനൊക്കെ തീർപ്പുണ്ടാക്കാൻ അത്തരക്കാർക്ക്​ അധികാരം നൽകുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ലോകത്തെവിടെയുമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ, 1951-53 കാലഘട്ടത്തിൽ എഴുതപ്പെട്ട, ബഷീറി​ന്റെ സ്ഥലപുരാണ നോവലുകളിൽ (‘മുച്ചീട്ടുകളിക്കാര​ന്റെ മകൾ’, ‘ആനവാരിയും പൊൻകുരിശും’, ‘സ്ഥലത്തെ പ്രധാന ദിവ്യൻ’) അത്തരമൊരു വിചിത്രമായ രീതിയാണ് കാണാൻ കഴിയുന്നത്. ആനവാരി രാമൻനായർ, പൊൻകുരിശു തോമാ, പോക്കറ്റടിക്കാരൻ മണ്ടൻ മുത്തപ്പ, മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കർ, തൊരപ്പനവറാൻ തുടങ്ങിയ മോഷ്ടാക്കളും കവർച്ചക്കാരുമാണ്​ പ്രസ്​തുത നോവലുകളുടെ ഭൂമികയായ ‘സ്ഥലം’ എന്ന ഗ്രാമത്തിലെ നാട്ടു കാരണവന്മാർ. പ്രത്യക്ഷത്തിൽ അസംബന്ധ ഭാവനയെന്ന്​ തോന്നാവുന്ന ഈ ചിത്രീകരണം അന്നുമിന്നും നമ്മുടെ ഭരണാധികാരികളായി വന്ന പലരെയും കുറിച്ചുള്ളതാണെന്നു കണ്ടെത്താൻ പക്ഷേ, വലിയ ഗവേഷണത്തി​ന്റെയൊന്നുമാവശ്യമില്ല; മാറിമാറി വരുന്ന നമ്മുടെ ഭരണാധികാരികളുടെ ചെയ്തികളിലേക്ക്​ ഒന്ന്​ കണ്ണോടിക്കുകയേ വേണ്ടൂ. ഇന്നത്തെ ഭരണാധികാരികളിൽ പലർക്കുമാണിത്​ കൂടുതൽ ചേരുകയെന്നത്, എഴുത്തുകാർക്ക്​ അവരറിയാതെ കൈവരുന്ന പ്രവചനസിദ്ധി പ്രസ്തുത നോവലുകളെഴുതുമ്പോൾ ബഷീറിനുമുണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഏതു പാർട്ടിയായാലും മുന്നണിയായാലും അതിലൊക്കെയുള്ളതിൽ ഏറിയകൂറും ആനവാരിമാരും തൊരപ്പനവറാന്മാരും മുച്ചീട്ടുകളിക്കാരും എട്ടുകാലി മമ്മൂഞ്ഞുമാരുമാണെന്ന സത്യം കൂടുതൽ കൂടുതൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയല്ലേ? അധികാരത്തിലെത്തുന്നവരിൽ മുക്കാലേമുണ്ടാണിയും പൊതുമുതൽ നക്കി വെളുപ്പിക്കുന്നതിൽ മത്സരിച്ചുകൊണ്ടിരിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

അവനവനുവേണ്ടി മോഷ്ടിക്കുന്നതിനു പുറമെ, വാടകമോഷ്ടാക്കളായും പ്രവർത്തിക്കുന്നുണ്ട്​ മേൽപ്പറഞ്ഞ ബഷീറിയൻകഥാപാത്രങ്ങളെന്ന്​ മുകളിൽ പരാമർശിച്ചുവല്ലോ. അത്തരമൊരു മോഷണശ്രമത്തിനിടയിലാണ് രാമൻ നായർക്ക് ‘ആനവാരി’ എന്ന ഇരട്ടപ്പേര്​ കിട്ടാനിടയാക്കിയ സംഭവമുണ്ടായതെന്നും വിശദീകരിക്കുകയുണ്ടായി. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾപോലും കോർപറേറ്റ്​ ഭീമന്മാർക്ക്​ ചു​ളുവിലയ്ക്ക്​ പതിച്ചുനൽകി കമീഷനും ലാഭവിഹിതവും തട്ടിയെടുക്കുന്ന നമ്മുടെ ഭരണാധികാരികൾ ചെയ്യുന്നതും ഇതുതന്നെയല്ലേ? സർക്കാർ ഭൂമി കൈയടക്കിവെക്കാനും വനങ്ങൾ വെട്ടിവെളുപ്പിച്ച്​ മരങ്ങൾ കട്ടുകടത്താനും മാഫിയകൾക്ക്​ ഒത്താശചെയ്തുകൊടുക്കുന്നതും സ്വന്തക്കാരെയും ഇഷ്ടക്കാരെയും കുടിയിരുത്താനായി പൊതുമുതൽ ധൂർത്തടിക്കാനും കൊള്ളയടിക്കാനും മാത്രമുള്ള ലാവണങ്ങളൊരുക്കിക്കൊടുക്കുന്നതുമൊക്കെ കൂലിക്കുവേണ്ടിയുള്ള മോഷണംതന്നെ. രണ്ടു സ്വകാര്യ മെഡിക്കൽ കോളജ്​ മാനേജ്മെന്റുകൾ എല്ലാ അർഹതാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി അഡ്മിഷൻ നൽകിയ വിദ്യാർഥികളെ പുറത്താക്കാനുള്ള കോടതി ഉത്തരവിനെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്യമായി കൈകോർത്തതു നമ്മൾ കണ്ടതാണല്ലോ? അധികാരസ്ഥാനങ്ങളിൽ കൊല്ലങ്ങളോളം അള്ളിപ്പിടിച്ചിരുന്ന് അവിഹിതമായി വാരിക്കൂട്ടിയതൊക്കെ ‘വലതുപക്ഷ പിന്തിരിപ്പന്മാർക്കു’പോലും മറുപക്ഷത്തേക്ക് ചുവപ്പു പരവതാനിയിലൂടെ കടന്നുചെല്ലാം. അവരവിടെ വിശുദ്ധരായി സ്നാനം ചെയ്യപ്പെടുകയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുകയും ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന ബഷീർ കഥയിലെ മൂക്കനു നൽകപ്പെടുന്ന ‘നാസിക പ്രമുഖൻ’ എന്നതുപോലുള്ള ബഹുമതികളും ചാർത്തപ്പെട്ടേക്കാം.

ആനവാരിയെയും പൊൻകുരിശിനെയും തൊരപ്പനവറാനെയുമൊക്കെ മോഷ്ടാക്കളെന്നാണ്​ ബഷീർ പരിചയപ്പെടുത്തുന്നതെങ്കിലും അതവരുടെ തൊഴിലെന്താണെന്ന്​ വായനക്കാരെ അറിയിക്കാൻ വേണ്ടി മാത്രമാണ്. അതിൽ പക്ഷേ, കുറ്റപ്പെടുത്തലി​ന്റെയോ അവജ്ഞയുടെയോ ലാഞ്ഛനപോലുമില്ല. കാരണം, ‘മോഷണ കലാകാരന്മാർ’, ‘ദാർശനികന്മാർ’, ‘പ്രമാണിമാർ’ എന്നിത്യാദി വിശേഷണപദങ്ങൾ അവർക്ക്​ നിർലോഭംചാർത്തിക്കൊടുക്കുന്നുണ്ട് അദ്ദേഹം. സ്ഥലത്തെ മറ്റു ജനങ്ങളും മാന്യന്മാരായിത്തന്നെയാണ്​ അവരെ കാണുന്നത്. ചുരുക്കത്തിൽ, അതിസമർഥമായും കലാപരമായും ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണാധികാരികളെത്തന്നെയാണ്​ ആനവാരിയിലൂടെയും പൊൻകുരിശിലൂടെയും തൊരപ്പനവറാനിലൂടെയും ബഷീർ വരച്ചു കാണിച്ചിരിക്കുന്നത്.

പല മാനങ്ങളുള്ള കഥകളും കഥാപാത്രങ്ങളും ഇനിയുമേറെയുണ്ട്​ ബഷീറി​ന്റേതായിട്ട്. മാറിവരുന്ന കാലത്തി​ന്റെ പ്രത്യേകതകളും സമ്പ്രദായങ്ങളും കൃത്യമായി അടയാള​െപ്പടുത്തുന്ന വിധത്തിൽ വ്യാഖ്യാനിക്കാനാകുമെന്നതിനാൽ അവ എക്കാലത്തും പ്രസക്തവുമാണ്.

News Summary - Literature review Vaikom Muhammad Basheer