Begin typing your search above and press return to search.
proflie-avatar
Login

ഒരു ജീവിതം, ഒരു പുസ്തകം

ഒരു ജീവിതം,   ഒരു പുസ്തകം
cancel

സെപ്റ്റംബർ 9ന് വിടപറഞ്ഞ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനനെ ഓർക്കുകയാണ് ചിത്രകാരനും കവിയുമായ ലേഖകൻ. സ്‌കോട്ടിഷ് കവി ഹ്യൂ മക്ഡിയർമിഡ് മരിച്ചപ്പോൾ കൂട്ടുകാരനായ മറ്റൊരു കവി എഴുതി: ‘‘അദ്ദേഹത്തിന്റെ മരണം കാരണം, ഈ രാജ്യം രണ്ട് മിനിറ്റു നേരം ക്രമരാഹിത്യം ആചരിക്കണം.’’ ക്രമരാഹിത്യങ്ങളുടെ ആഘോഷമായിരുന്നു ഒരുകാലത്ത് ആർ. മോഹനന്റെ ജീവിതം. വളരെ വളരെ മുന്നേ, സുനില്‍ അശോകപുരം ഉണ്ട്, പിന്നെ ആരൊക്കെയോ ഉണ്ട്. വഴിയുടെ ഓരത്തുനിന്ന് മോഹനന്‍ മാഷ് പാടുന്നത് ആദ്യമായി കേള്‍ക്കുകയാണ്: ‘‘പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞു വീണു സ്വർണ പീതാംബരമുലഞ്ഞു വീണു കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ സുന്ദരി വനറാണി...

Your Subscription Supports Independent Journalism

View Plans
സെപ്റ്റംബർ 9ന് വിടപറഞ്ഞ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനനെ ഓർക്കുകയാണ് ചിത്രകാരനും കവിയുമായ ലേഖകൻ.

സ്‌കോട്ടിഷ് കവി ഹ്യൂ മക്ഡിയർമിഡ് മരിച്ചപ്പോൾ കൂട്ടുകാരനായ മറ്റൊരു കവി എഴുതി: ‘‘അദ്ദേഹത്തിന്റെ മരണം കാരണം, ഈ രാജ്യം രണ്ട് മിനിറ്റു നേരം ക്രമരാഹിത്യം ആചരിക്കണം.’’ ക്രമരാഹിത്യങ്ങളുടെ ആഘോഷമായിരുന്നു ഒരുകാലത്ത് ആർ. മോഹനന്റെ ജീവിതം. വളരെ വളരെ മുന്നേ, സുനില്‍ അശോകപുരം ഉണ്ട്, പിന്നെ ആരൊക്കെയോ ഉണ്ട്. വഴിയുടെ ഓരത്തുനിന്ന് മോഹനന്‍ മാഷ് പാടുന്നത് ആദ്യമായി കേള്‍ക്കുകയാണ്:

‘‘പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞു വീണു

സ്വർണ പീതാംബരമുലഞ്ഞു വീണു

കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ

സുന്ദരി വനറാണി അനുകരിച്ചു...’’

ഞാന്‍ അമ്പരന്നുപോയി. എന്തൊരു അനുഭൂതി! ഈ പാട്ടു പാടുന്നത്രയും നേരം അദ്ദേഹം കരയുകയും മൂക്ക് തുടക്കുകയുമായിരുന്നു.

“നീ കത്തിക്കാളുന്നത് ആരും കണ്ടില്ല,” പിന്നീട് മാഷ് ഒരു കവിതയിൽ കുറിച്ചിട്ടത് ഓർക്കുന്നു.

വേറെയും ഒരുപാട് പാട്ടു കേട്ടു:

‘‘കേട്ടിട്ടില്ലേ കേട്ടിട്ടില്ലേ

തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ

കലമ്പലുകൾ അയ്യയ്യാ അയ്യയ്യാ...’’

മാഷുടെ മരണം ഔപചാരികമായി സ്ഥിരീകരിച്ചു.

“പിറ്റേന്നും പതിവ് സൂര്യന്‍

പകല്‍ പച്ചയുടെ പ്രളയഭൂമി.”

ഒരു പ്രഭാതം മാഷ് കണ്ണുതുറന്നപ്പോള്‍ രണ്ടു മക്കളും മാഷെ നോക്കി വാതില്‍ക്കല്‍ നില്‍ക്കുന്നു. അന്നേരത്തെ കുട്ടികളുടെ മുഖംകണ്ട് സഹിക്കാന്‍ വയ്യാതെ തീരുമാനിച്ചു: ഇനി മദ്യപിക്കില്ല. ഒരു ഭയങ്കര തീരുമാനം. ആ തീര്‍ച്ചപ്പെടുത്തലിന് ഇരുപത് വര്‍ഷത്തിലും കൂടുതല്‍.

ഞാനാണെങ്കില്‍ പിന്നെയും കുടിച്ചു. ആ സമയങ്ങളിലൊക്കെ മോഹനന്‍ മാഷ് എന്നെ തേടിവരും. സിഞ്ചുവിനെ വിളിച്ച് ആശ്വസിപ്പിക്കും. മാഷിന് എന്നെ നോക്കിനിൽക്കാനേ പറ്റുകയുള്ളൂ. ഒന്നും ഉപദേശിക്കുകയില്ല. എന്നാല്‍ മറ്റു കാര്യങ്ങള്‍ വിശദീകരിച്ചു പറയും. അതിലെത്രയെത്ര ഉപദേശങ്ങളായിരിക്കും.

മാഷുതന്നെ പറഞ്ഞതാണ്. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകനായ ജയചന്ദ്രനും മോഹനന്‍ മാഷും നല്ല ലഹരിയില്‍ തിരുവനന്തപുരത്തേക്ക് ബസ് കയറി. മോഹനന്‍ മാഷ് തിരുവനന്തപുരത്തെത്തി. ജയചന്ദ്രന്‍ കൽപറ്റയിലും. അതെങ്ങനെ, ലോക മഹാനുഭവങ്ങളിലൊന്ന്.

“മദ്യത്തില്‍ തുടങ്ങി

മധ്യത്തില്‍ അവസാനിക്കുന്നു.”

ഞാന്‍ ഒരു പ്രൈവറ്റ് കോളജില്‍ പഠിക്കുന്ന കാലം. മലയാളം അധ്യാപകന്‍ മോഹനന്‍ മാഷ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ക്ലാസും ഞാന്‍ ഓർമിക്കുന്നില്ല. കാരണം ഞാന്‍ ക്ലാസില്‍ കയറാതെ കറങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. കാലം കുറെ കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും പറയുന്നു മാഷുടെ ക്ലാസ് ഗംഭീരമാണെന്ന്. ഒരു വിഷമം ഇപ്പോള്‍ തോന്നുന്നുണ്ട്. ഞാന്‍ കോളജ് പഠനം നിര്‍ത്തി ചിത്രകല പഠിക്കാന്‍ തുടങ്ങി. ആ സമയങ്ങളിലാണ് ഞാന്‍ ഒഡേസയില്‍ ചെന്നുപെടുന്നത്. 1989 കാലഘട്ടം. അവിടെവെച്ച് മോഹനന്‍ മാഷെ വീണ്ടും കാണുന്നു. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. കുറെ വര്‍ഷം മാഷു പറയുന്നതും കേട്ട്, അങ്ങോട്ടു തിരിച്ചും പറഞ്ഞ്, തല്ലുകൂടി പിരിയും. അതൊരു ശീലമായി. കൽപറ്റ നാരായണന്‍, കെ. ജയചന്ദ്രന്‍, ഒ.കെ ജോണി, ടി. ഗുഹന്‍, ശ്രീകുമാര്‍ നിയതി ഇവരോടൊത്തുള്ള ജീവിതവും ആര്‍ട്‌സ് കോളജിലെ പഠനകാലവും. എത്രയെത്ര അനുഭവങ്ങളാണ് മാഷ് പറയുന്നത്.

“ആര്‍ക്കറിയാം

അടുത്ത വരവും പോക്കും

വേവലാതിയും

കുത്തിക്കെടുത്തലും

അമര്‍ത്തി ചവിട്ടലും.”

മാഷുടെ വികൃതി കുറച്ചുകൂടി പറയണമെന്ന് തോന്നുന്നു. പറമ്പില്‍ ബസാറില്‍ ഒരു കലാസാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മാഷ്. മാഷ് നല്ല പ്രസംഗകനായിരുന്നുവല്ലോ. പ്രഭാഷണം നന്നായി. പിന്നീട് ആ വേദിയില്‍ നാടകവും മറ്റു കലാപരിപാടികളുമുണ്ടായിരുന്നു. നേരം ഇരുട്ടിയിരുന്നു. പരിപാടി കഴിഞ്ഞു പോകുന്ന സ്ത്രീകളാണ് കണ്ടത്. ഇത് നമ്മുടെ ഉദ്ഘാടകനല്ലേ? ലഹരിയുടെ ഉച്ഛസ്ഥായിയില്‍ റോഡിന്റെ സൈഡില്‍.

“അതെ

തലക്കു സുഖമില്ലാത്തവന്റെ ജല്‍പനംപോലെ

മദ്യപന്റെ വായ്ത്താരിയും

നാം വിട്ടുകളയുന്നു.

രാത്രിയുടെ കീറിപ്പറിഞ്ഞ ഓരങ്ങളില്‍നിന്ന്

അയാള്‍ക്ക് വേണമെങ്കില്‍

പിറ്റേന്ന് പുലര്‍ച്ചക്ക് ഹാജരാവാം

കുളിച്ച്

കളി പറഞ്ഞ്

കാര്യം പറയാം.”

(‘‘കുഴയുന്ന നാവുകൊണ്ട് നുണപറയാന്‍ ആവില്ല’’)

ഞാന്‍ വിമുക്തി കേന്ദ്രത്തില്‍ ചികിത്സയില്‍ ഇരിക്കുന്ന കാലത്ത് മാഷുടെ കവിതയുടെ പ്രകാശനം. ടൗണ്‍ ഹാളില്‍ നിറയെ ആളുകളുണ്ടായിരുന്നുവെന്ന് ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞു; പുസ്തക പ്രകാശനത്തിന് ഇത്രയധികം ആളുകള്‍ കൂടുന്നത് ആദ്യമെന്നും. ഞാന്‍ തിരിച്ചെത്തിയപ്പോൾ മാഷുടെ പുസ്തകം സിഞ്ചുവിനും മഹേഷിനും മക്കള്‍ക്കും എന്നെഴുതി തന്നു. മാഷുടെ ആദ്യ പുസ്തകം. ഒരു ജീവിതം, ഒരു പുസ്തകം.

ഇതും പണ്ടൊരു കാലം. ഞാനും മോഹനന്‍ മാഷും കൂടി ഒരു സിനിമ നിർമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇക്കാര്യത്തില്‍ കുറച്ചൂടെ വ്യക്തത വരുത്താനായി എറണാകുളത്തേക്കൊരു യാത്ര. ഒരു സാഹിത്യ സുഹൃത്തിനെ കാണുകയാണ് ഉദ്ദേശ്യം. അന്ന് അദ്ദേഹം സിനിമയില്‍ കാര്യമായി എത്തിയിട്ടില്ല. ആവേശം കൂടിയപ്പോള്‍ ലഹരിയായി. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽനിന്ന് എറണാകുളത്തേക്ക് ബസ്സു കയറുന്നു. രാവിലെ ആയപ്പോള്‍ ഞാന്‍ കോഴിക്കോട് സ്റ്റാൻഡിൽതന്നെ കിടക്കുന്നു, മോഹനന്‍ മാഷെ കാണാനുമില്ല. പിന്നീട് അറിഞ്ഞ കഥ ഇങ്ങനെയാണ്. ഞാനും മാഷും സ്റ്റാൻഡിൽവെച്ച് ഭീകരവഴക്ക്. ഞാന്‍ മാഷെ കയ്യേറ്റം ചെയ്തുവെന്നു അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ മൊഴി. പിന്നീട് ബസിലും വഴക്ക് കത്തിക്കയറി. യാത്രക്കാരും കണ്ടക്ടറും കൂടി രാമനാട്ടുകരയില്‍ വെച്ച് ഞങ്ങളെ ഉന്തിത്തള്ളി പുറത്താക്കിവിട്ടു. ഒരു പൊലീസ് ജിപ്പു വന്നപ്പോള്‍ മാഷു മുങ്ങി. ഇത്രയും മാഷ് പറഞ്ഞതുതന്നെ.

രാവിലെ മാഷെ അന്വേഷിച്ച് ഓട്ടോയില്‍ അദ്ദേഹത്തിന്റെ വീടിനുചുറ്റും കറങ്ങി. മാഷു മുറ്റത്തുനിന്ന് പല്ല് നന്നാക്കുന്നു. എന്നെ കണ്ടതും ഒച്ചയുണ്ടാക്കാതെ ഷര്‍ട്ടെടുത്ത് ഓട്ടോയില്‍ കയറി.

ഞാൻ വല്ലാതെ ഭയന്ന് നടന്ന ഒരു സമയം. മാഷോട് ഞാനിതേപ്പറ്റി സംസാരിച്ചു. കഠോപനിഷത്ത് വായിച്ചുനോക്കാൻ മാഷ് പറഞ്ഞു. ആ ഉപനിഷത്ത് എന്റെ പേടി വർധിപ്പിച്ചു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

നേരിട്ട വിഷമതകൾ ആഘോഷമാക്കിയ ആളാണ് മോഹനൻ മാഷ്. ഒരടി മുകളിലേക്ക് വെച്ചാൽ രണ്ടടി താഴേക്ക്. പിന്നെ ഒരടി കയറാൻ ശ്രമിച്ചാൽ വീഴും, വീണുകൊണ്ടേയിരുന്നു. ഞങ്ങൾ രണ്ടു പേരും സമ്പൂർണ ദരിദ്രരായി നടന്ന സമയങ്ങളുണ്ട്. സാമ്പത്തികമായി ഞങ്ങളെ ചേർത്തുപിടിച്ച സുഹൃത്തക്കളെ ഞാനോർക്കുന്നു. അതൊരു കാലം. പിന്നീട് ഞാൻ സ്വൽപം രക്ഷപ്പെട്ടപ്പോഴും മാഷ് അങ്ങനെതന്നെ തുടർന്നു. സ്വയം രക്ഷപ്പെടാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഒരിക്കലും പുറത്തുപറയാത്ത ഒരാൾ. മറ്റൊരാളുടെ സങ്കടം കേൾക്കാനും പരിഹരിക്കാനുമായിരുന്നു കൂടുതൽ സന്തോഷം. മാഷ് ദാരിദ്ര്യം ആസ്വദിച്ചിരുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

അസുഖമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന്റെ തലേന്ന്. ഷിബു പാലാഴി മരിച്ചതിന്റെ അനുസ്മരണം. മാഷ് സംസാരിക്കുന്നു. അവസാനം പറയുന്നു, ‘‘ഇനി അടുത്തതാരെന്ന് ആർക്കറിയാം.’’ അതൊരു സാധാരണ സംസാരമായി കാണാനാവുന്നില്ല. ആഴത്തിൽ കിടക്കുന്ന ഭയമായിട്ടാണ് ഞാനതെടുത്തത്.

മാഷ് ഇപ്പോള്‍ ആത്യന്തികമായി ഇല്ലാതിരിക്കുന്നു.

“ചരമക്കോളത്തില്‍

പരിചയക്കാരുമില്ല

പതിവു വാർധക്യം

മരിച്ചവരും നിര്യാതയായവരും.’’

ആരോ പറഞ്ഞതോർക്കുന്നു: ‘‘നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രശസ്തി മൂന്ന് തവണയെങ്കിലും ഇല്ലാതാകുന്നത് നിങ്ങൾക്ക് കാണേണ്ടിവരും, കൂടാതെ മൂന്ന് സംസ്കാരങ്ങളുടെ തകർച്ചക്കും നിങ്ങൾ സാക്ഷിയാകും.’’ മോഹനൻ മാഷിന് ഒരു തവണപോലും സ്വന്തം പേര് ഇല്ലാതാകുന്നത് കാണേണ്ടിവന്നില്ല. എന്നാൽ, നമ്മുടെ സംസ്കാരത്തകർച്ച കാണേണ്ടിയും വന്നു, അതിൽ മാഷ് വല്ലാതെ വേദനിച്ചിരുന്നു. ആർ. മോഹനന്റെ മരണത്തോടെ കോഴിക്കോട്, ഞങ്ങളുടെ നഗരം, ചുരുങ്ങിപ്പോകും.

News Summary - In Memory of Poet R Mohanan