ഹാബർമാസിന്റെ ധാർമികലോകം

മാർച്ച് 14ന് വിടപറഞ്ഞ, വിഖ്യാത ജർമൻ ചിന്തകൻ യൂഗെൻ ഹാബർമാസിെന അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകളെയും നിലപാടുകളെയും കുറിച്ച് എഴുതുന്നു. ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥിച്ച വലിയ ധിഷണാശാലിയും രണ്ടാം ലോകയുദ്ധാനന്തര കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജർമൻ ചിന്തകരിൽ ഒരാളുമായിരുന്നു യൂഗെൻ ഹാബർമാസ് (Jurgen Habermas). മാർക്സിന്റെ 143ാമത് ചരമവാർഷികദിനത്തിലാണ് (മാർച്ച് 14) ഒരു പരിധി വരെ മാർക്സിയൻ ദർശനത്തിൽ വേരൂന്നിയ ഹാബർമാസ് വിടചൊല്ലുന്നത്. മാക്സ് ഹോർകെയ്‌മർ, തിയോഡോർ അഡോർണോ, ഹെർബെർട് മാർക്യൂസ്, വാൾട്ടർ ബെഞ്ചമിൻ, എറിക് ഫ്രോം എന്നിവരോടൊപ്പം അറിയപ്പെടുന്ന ഒരു ചിന്തകനാണ് ഹാബർമാസ്...
Your Subscription Supports Independent Journalism
View Plansമാർച്ച് 14ന് വിടപറഞ്ഞ, വിഖ്യാത ജർമൻ ചിന്തകൻ യൂഗെൻ ഹാബർമാസിെന അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകളെയും നിലപാടുകളെയും കുറിച്ച് എഴുതുന്നു.
ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥിച്ച വലിയ ധിഷണാശാലിയും രണ്ടാം ലോകയുദ്ധാനന്തര കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജർമൻ ചിന്തകരിൽ ഒരാളുമായിരുന്നു യൂഗെൻ ഹാബർമാസ് (Jurgen Habermas). മാർക്സിന്റെ 143ാമത് ചരമവാർഷികദിനത്തിലാണ് (മാർച്ച് 14) ഒരു പരിധി വരെ മാർക്സിയൻ ദർശനത്തിൽ വേരൂന്നിയ ഹാബർമാസ് വിടചൊല്ലുന്നത്. മാക്സ് ഹോർകെയ്‌മർ, തിയോഡോർ അഡോർണോ, ഹെർബെർട് മാർക്യൂസ്, വാൾട്ടർ ബെഞ്ചമിൻ, എറിക് ഫ്രോം എന്നിവരോടൊപ്പം അറിയപ്പെടുന്ന ഒരു ചിന്തകനാണ് ഹാബർമാസ് (ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തകർ). ‘‘ജനാധിപത്യത്തിന്റെ ഏറ്റവും മഹാനായ ചിന്തകൻ’’ എന്ന് ഹാബർമാസിനെ ജോൺ റോൾസ് വിശേഷിപ്പിച്ചിട്ടുണ്ട്.
യൂറോപ്പിലുണ്ടായ സാമ്പത്തിക മാന്ദ്യവും നാസിസത്തിന്റെ നൃശംസതയും രണ്ടാം ലോകയുദ്ധവും ഹാബർമാസിന്റെ ആലോചനകളെ രൂപപ്പെടുത്തി. ഫിലോസഫിയെയും സോഷ്യോളജിയെയും ഇക്കണോമിക്‌സിനെയും സമന്വയിപ്പിച്ച് അധികാരത്തെയും സാമൂഹിക അനീതികളെയും തുറന്നുകാണിക്കുകയും വിമർശാത്മകമായി വിശകലനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന മേഖലയാണ് ക്രിട്ടിക്കൽ തിയറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠനായ ഒരു ക്രിട്ടിക്കൽ തിയറിസ്റ്റായിരുന്നു ഹാബർമാസ്. പഴയ ലോകക്രമത്തിനും ഇതുവരെ വന്നണഞ്ഞിട്ടില്ലാത്ത പുതുലോകക്രമത്തിനും ഇടയിലുള്ള കാലയളവിലാണ് ഹാബർമാസ് ജീവിച്ചതും ചിന്തിച്ചതും. അതുകൊണ്ടുതന്നെ ലോകവിഷയങ്ങളെ എല്ലാ വശങ്ങളിൽനിന്നും നോക്കിക്കണ്ടുള്ള നിരന്തരമായ പഠനവും അർഥവത്തായ ആശയവിനിമയവും കാലത്തിന്റെ ആവശ്യങ്ങളായി ഹാബർമാസ് കണ്ടു. ജർമൻ ഐഡിയലിസത്തിനോടുള്ള (ആദർശവാദം) പ്രതികരണമായാണ് ഹാബർമാസിന്റെ വീക്ഷണം വികസിച്ചുവന്നിട്ടുള്ളത്.
പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള കാലത്തെ ‘പ്രീ മോഡേൺ’ ആയും അതിനുശേഷമുള്ള കാലത്തെ ‘മോഡേൺ’ ആയും മാക്സ് വെബർ വേർതിരിക്കുന്നുണ്ട്. ശാസ്ത്രചിന്തയും യുക്തിവിചാരവും വികസിക്കുന്നതിനുമുമ്പ് മനുഷ്യർ ലോകവുമായി/പ്രപഞ്ചവുമായി ബന്ധപ്പെട്ടിരുന്നത് മിത്തിലൂടെയും മാജിക്കിലൂടെയുമാണ്. ആന്തരമായ ചില മൂല്യങ്ങൾ വെച്ചുകൊണ്ടാണ് പൂർവാധുനിക മനുഷ്യൻ തന്റെ ലോക/പ്രപഞ്ച വീക്ഷണം കെട്ടിപ്പടുത്തത്. വ്യക്തിയുടെ ആന്തരലോകത്തിന് അർഥം നൽകിയ ഈ കാഴ്ചപ്പാടിൽനിന്നും ശാസ്ത്രചിന്തയും യുക്തിവിചാരവും മനുഷ്യനെ അകറ്റി. വെബർ ഇതിനെ ‘disenchantment of the world’ (ലോകത്തെക്കുറിച്ചുള്ള നൈരാശ്യം) എന്ന് വിളിക്കുന്നു. ശാസ്ത്രവും സാഹിത്യവും കലയും മതവും വഴി പിരിഞ്ഞുപോകുകയും പരസ്‌പര വിരുദ്ധ അന്വേഷണങ്ങളായി നിലകൊള്ളുകയും ചെയ്ത ഈ ഘട്ടത്തെ ഹാബർമാസ് വിലയിരുത്തുന്നുണ്ട്.
പ്രധാനപ്പെട്ട ഈ മൂല്യമേഖലകളുടെ (value spheres) ഇടയിൽ അർഥവത്തായ സംവേദനം നടക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥിതിയും അധികാരവും മാസ് മീഡിയയും കൺസ്യൂമർ സമൂഹവും സാരമായതിനെയെല്ലാം കച്ചവടവത്കരിക്കുന്നു. ആധുനിക സമൂഹത്തിൽ സാംസ്കാരികവും സാമൂഹികവുമായതെല്ലാം ചരക്കുവത്കരിക്കപ്പെടുന്നു (commodification) എന്ന് ലൂക്കാച് ദർശിക്കുന്നുണ്ട്. മുതലാളിത്ത-കമ്പോള വ്യവസ്ഥിതിയിൽ അറിവുപോലും എങ്ങനെ കച്ചവടഭാഷയിലേക്ക് ചുരുക്കപ്പെടുന്നു എന്ന് എറിക് ഫ്രോം ‘The Sane Society’ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട് (‘‘this idea will not sell’’/ ‘‘I can’t buy this idea’’). ആശയങ്ങളെക്കുറിച്ചു പറയുമ്പോഴും വാങ്ങലിന്റെയും വിറ്റുപോകലിന്റെയും ഭാഷയാണിവിടെ.
ഇതിനെയാണ് വ്യക്തിയുടെ ജീവലോകത്തിന്റെ മേലുള്ള വ്യവസ്ഥയുടെ അധിനിവേശമായി (colonization of the lifeworld) ഹാബർമാസ് കാണുന്നത്. നിയോലിബറലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ഈ അധിനിവേശമുണ്ട്. രാഷ്ട്രീയ/ സാമ്പത്തിക/സാമൂഹിക-സാംസ്‌കാരിക മേഖലകൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ട് ഒരു മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധിയുടെയോ അപചയത്തിന്റെയോ വേര് മറ്റൊരു മേഖലയിലായിരിക്കാം കണ്ടെത്താനാവുക. അതുകൊണ്ടുതന്നെ രാഷ്ട്രീയ/സാമൂഹിക-സാംസ്കാരിക തലങ്ങൾക്കിടയിൽ സമന്വയം ആവശ്യമാണ്. മനുഷ്യരുടെ അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള (unfreedom) ആശങ്കയാണ് ഹാബർമാസിന്റെ ദർശനത്തിലുള്ളത്. ‘വൺ ഡൈമെൻഷനൽ മാൻ’ എന്ന പുസ്തകത്തിൽ ഹെർബെർട് മാർക്യൂസ്, കാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ യാഥാർഥ്യത്തിൽനിന്നും അവനവനിൽനിന്നു തന്നെയുമുള്ള ആധുനിക മനുഷ്യന്റെ അന്യവത്കരണത്തെ വിശദീകരിക്കുന്നുണ്ട്.

ഡിസ്‌കോഴ്സ്: രണ്ടു യുക്തിബോധങ്ങൾ
ഏതാണ്ട് അമ്പതു വർഷത്തോളം ഹാബർമാസിന്റെ ആലോചന പൊതുമണ്ഡലത്തെക്കുറിച്ചും (public sphere) ധാർമിക യുക്തിയെക്കുറിച്ചുമായിരുന്നു. ഹാബർമാസിന്റെ കാഴ്ചപ്പാടിൽ ശരിയെക്കുറിച്ചുള്ള (rightness) ആലോചനകളാണ് മൊറാലിറ്റി, നല്ലതിനെക്കുറിച്ചുള്ള (the good) മനനമാണ് എത്തിക്സ്. ഒരേ വിഷയത്തെക്കുറിച്ച് പലവ്യക്തികൾക്ക് പലധാരണകളുണ്ടാകും. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ മറ്റൊരാളിൽ അടിച്ചേൽപിക്കാതെ, അപരനിലേക്കു തുറന്നുവരുന്ന മനസ്സുമായി, നല്ലതിലേക്കു എത്തിച്ചേരാൻ സഹായിക്കുന്ന ആശയവിനിമയമാണ് ‘ഡിസ്കോഴ്സ് എത്തിക്സ്’. മൂല്യങ്ങളെല്ലാം ആപേക്ഷികമാണെന്ന് കരുതുന്ന ഉത്തരാധുനിക ദർശനത്തിനോട് ഹാബർമാസ് യോജിക്കുന്നില്ല.
സത്യം (truth), ശരി (rightness), ആർജവം (sincerity) എന്നീ വാക്കുകളുടെ പൊരുൾ തേടിപ്പോകുന്ന ഹാബർമാസ് തന്റേതായ തരത്തിൽ അവയെ നോക്കിക്കാണുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ അറിവ് വർത്തിക്കുന്നത്. അത്തരത്തിൽ ശാസ്ത്രം ‘കണ്ടീഷണലാ’ണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നം എടുക്കുക. അത് അടിസ്ഥാനപരമായി ഒരു ശാസ്ത്രവിഷയമാണ്. പക്ഷേ, ശാസ്ത്രം നൽകുന്ന അറിവിനുമേൽ സമ്പദ് വ്യവസ്ഥിതിയും അധികാര രാഷ്ട്രീയ ശക്തികളും മേൽക്കോയ്മ നേടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചർച്ചകൾ ജനാധിപത്യപരമാകുന്നില്ല. പൊതു ഇടത്തിലേക്ക് (public sphere) കടക്കുന്നില്ല. ഹാബർമാസ് ഇത്തരം വിഷയങ്ങൾ പൊതുചർച്ചയുടെ (public discourse) ഭാഗമാകണമെന്ന് കരുതുന്നു. സ്റ്റേറ്റിനും സമ്പദ് വ്യവസ്ഥിതിക്കും കുടുംബത്തിനും ഇടയിലുള്ള തുറസ്സായ സാമൂഹിക ഇടത്തെയാണ് ഹാബർമാസ് ‘പബ്ലിക് സ്ഫിയർ’ എന്നുവിളിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ രാഷ്ട്രീയ പ്രശ്നങ്ങൾ കൂടിയാണ്.
വിയോജിപ്പുകൾക്കിടയിൽ യോജിപ്പിലെത്തിച്ചേരാനുള്ള ഒരു വഴിയായാണ് ഹാബർമാസ് ‘ഡിസ്‌കോഴ്സി’നെ കാണുന്നത്. ഡിസ്‌കോഴ്സ് എന്നത് വെറും ‘സ്പീച്ച്’ അല്ല. ഹാബർമാസ് ഡിസ്‌കോഴ്സ് എന്ന പദം ഉപയോഗിക്കുന്നത് ആശയവിനിമയത്തിന്റെ ഉയർന്ന തലങ്ങളെ സൂചിപ്പിക്കാനാണ്. ആശയവിനിമയം എന്ന പ്രക്രിയയിൽ അന്തർലീനമായി അപരനെ അറിയാനും പൊതുധാരണക്കുവേണ്ടിയുള്ള ആഗ്രഹവുമുണ്ട്. ഡിസ്‌കോഴ്സ് ഒരേസമയം പൊളിറ്റിക്കലും ജനാധിപത്യപരവുമായ ഒരു പ്രക്രിയയാണ്. ലക്ഷ്യസാക്ഷാത്കാരത്തിനുള്ള യുക്തിയെ ‘ഉപകരണാത്മകയുക്തി’ (instrumental rationality) എന്നും മനുഷ്യർക്കിടയിൽ സംവേദനം സാധ്യമാക്കുന്ന യുക്തിയെ ‘ആശയവിനിമയയുക്തി’ (communicative rationality) എന്നും ഹാബർമാസ് വിളിച്ചു. ആരോഗ്യകരവും അർഥവത്തുമായ ജനാധിപത്യത്തിന് ആവശ്യം ആശയവിനിമയ യുക്തിയാണ് എന്നും ഹാബർമാസ് കണ്ടു.
യുക്തി ഭാഷയിൽ അന്തർലീനമാണെന്നും അത് മനുഷ്യബന്ധങ്ങളിലൂടെ ഉണ്ടായി വരുന്നതാണെന്നും ഇന്ന് നമ്മെ നിയന്ത്രിക്കുന്നത് വിജയംവരിക്കാനുള്ള യുക്തിയാണെങ്കിലും മനുഷ്യനിൽ പ്രാഥമികമായിട്ടുള്ളത് ആശയവിനിമയത്തിലേക്കു നയിക്കുന്ന യുക്തിയായിരിക്കണം എന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. ‘പബ്ലിക് ഇന്റലക്ച്വൽ’ എന്നനിലയിൽ ഹാബർമാസ് സമകാലിക സാമൂഹിക/രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം ദിനപത്രങ്ങളിലും വാരികകളിലും എഴുതി. പൊതുപ്രശ്നങ്ങളെല്ലാം സാധാരണ മനുഷ്യർ അർഥവത്തായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടത് രാഷ്ട്രീയവും ധാർമികവുമായ പ്രവൃത്തിയാണെന്ന് ഹാബർമാസ് കരുതി. യുക്തിയിലധിഷ്ഠിതമായ ആധുനികതയുടെ (modernity) അർഥവത്തായ പ്രയോഗപൂർത്തീകരണത്തെ അധികാരവ്യവസ്ഥിതി തടഞ്ഞുനിർത്തുന്നു. പൊതുസമൂഹത്തിനു മുകളിലുള്ള വ്യവസ്ഥിതിയുടെ ഈ അടിച്ചേൽപിക്കലിനെ പരാജയപ്പെടുത്തുന്നതാകണം ഡിസ്‌കോഴ്സ്.

മൂന്നു മൂല്യമേഖലകൾ
ശാസ്ത്രത്തിന്റെ ലോകം വസ്തുക്കളുടെ ലോകമെങ്കിൽ (objective world/ world of ‘its’) ‘സാമൂഹികലോകം’ (inter subjective world) എന്നത് ‘നമ്മുടെ’ ലോകമാണ് (the world of ‘we’). മനുഷ്യർ തമ്മിൽ ഇടപെടുമ്പോൾ ഉണ്ടായിവരുന്ന ലോകമാണത്. ഇതുകൂടാതെ, വൈയക്തികമായ ഒരു ലോകവുമുണ്ട് (subjective world/ the world of ‘I’). സാഹിത്യവും കലയും മതവും മനുഷ്യവ്യക്തിയുടെ ആന്തരികതയിലേക്കു കടന്നുചെല്ലുന്നു. ശാസ്ത്രം, ധാർമികത, കല -ഈ മൂന്നു മേഖലകളിലൂടെയും കിട്ടുന്ന അറിവിനെ സമന്വയിപ്പിക്കാൻ കഴിയുന്നില്ല. വെബറിന്റെ കാഴ്ചപ്പാടിൽ പരസ്പരം വിഘടിച്ചുനിൽക്കുന്ന മേഖലകളാണവ. മതങ്ങൾ അർഥങ്ങളുടെ സവിശേഷമായ മേഖലയാണെന്നും അതിനാൽ അവിശ്വാസി മതങ്ങളെ നിരാകരിക്കുന്നത് ആശാസ്യമല്ലെന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു.
അതേസമയം വിശ്വാസികൾ പൊതുസമൂഹത്തിൽ അവരുടെ മതാധിഷ്ഠിതമായ കാഴ്ചപ്പാടുകളെ യുക്തിസഹമായി അവതരിപ്പിക്കണമെന്നും ഹാബർമാസ് ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രത്തിന്റെയും മതത്തിന്റെയും പ്രമാണങ്ങൾ വ്യത്യസ്തമായതിനാൽ പരസ്പര ചർച്ചയിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ അവയെ സമന്വയിപ്പിക്കാൻ കഴിയുകയുള്ളൂ. ഇവയുടെ സമന്വയം സാധ്യമാണെന്നും ആശയവിനിമയ യുക്തിയിലൂടെ പൊതുസമ്മതമായ ധാരണയിൽ എത്തിച്ചേരാൻ കഴിയുമെന്നും ഹാബർമാസ് കരുതുന്നു. ശാസ്ത്രമാത്രവാദത്തിന് (സയന്റിസം) എതിരായുള്ള കാഴ്ചപ്പാടാണ് ഹാബർമാസ് വികസിപ്പിച്ചെടുത്തത്.
മുതലാളിത്ത സമൂഹത്തിൽ ശാസ്ത്രമാത്രവാദം ശാസ്ത്രത്തെ പ്രശ്നപരിഹാര മാർഗമായും പൊളിറ്റിക്സിനെ കേവലം ഭരണനിർവഹണമായും സാമൂഹിക മാറ്റത്തെ വെറും കാര്യക്ഷമതയായും ചുരുക്കുന്നു. ശാസ്ത്രാധിപത്യമുള്ള ലോകത്തിലും ഫിലോസഫിക്ക് അതിനു മാത്രം സാധിക്കുന്ന ഒരു ദൗത്യം നിർവഹിക്കാനുണ്ട്. വിറ്റ്ഗെൻസ്റ്റൈനെ ഓർമിപ്പിച്ചുകൊണ്ട് അമൂർത്തമായ ആശയങ്ങളിൽ അഭിരമിക്കുന്നതല്ല ഫിലോസഫിയെന്നും അത് കേവലം ഒരു അക്കാദമിക പഠനമല്ലെന്നും നിത്യജീവിതത്തിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ട അർഥവത്തായ ഒരു പ്രവൃത്തിയാണെന്നും ഹാബർമാസ് നിരീക്ഷിക്കുന്നുണ്ട്.
സിസ്റ്റം, ലൈഫ് വേൾഡ്
ഓരോ വ്യക്തിയിലും ആർജിതമായിരിക്കുന്ന, സ്വയം പരിശോധിക്കാത്ത അറിവിനെയാണ് ഹാബർമാസ് ‘ലൈഫ് വേൾഡ്’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹികവും സാംസ്കാരികവും വൈയക്തികവുമായ അറിവിന്റെ ആകെയുള്ള പശ്ചാത്തലമാണ് ലൈഫ് വേൾഡ്. അധികാരവും സമ്പത്തും ചാലകശക്തികളാകുന്ന ബ്യൂറോക്രസിയും മാർക്കറ്റും ഇക്കണോമിക് വ്യവസ്ഥിതിയുമാണ് ‘സിസ്റ്റം’. സിസ്റ്റം വ്യക്തിയുടെ ജീവലോകത്തെ, എല്ലാരുമായും പങ്കിടുന്ന അർഥലോകത്തെ, കീഴ്‌പ്പെടുത്തുന്നു. ലൈഫ് വേൾഡിനാണ് ഹാബർമാസ് പ്രാധാന്യം കൊടുക്കുന്നത്. ഏതാണ്ട് ഇതേ ആശയം എറിക് ഫ്രോം മുന്നോട്ടു വെക്കുന്നുണ്ട്. സിസ്റ്റം എന്നതിന് പകരം ‘സോഷ്യൽ കാരക്ടർ’ എന്ന പ്രയോഗം ഫ്രോം ഉപയോഗിക്കുന്നു. ലൈഫ് വേൾഡിന് ബദലായി ‘കാരക്ടർ സ്ട്രക്ച്ചർ’ എന്നും എഴുതുന്നു.
ജ്ഞാനോദയ പൈതൃകത്തിന്റെയും ആധുനികതാ പ്രസ്ഥാനത്തിന്റെയും വിമർശാത്മക വിലയിരുത്തലുകളാണ് (critique) ഹാബർമാസിന്റെ ദർശനത്തിന്റെ അടിത്തറയെന്ന് പൊതുവെ പറയാം. ജ്ഞാനോദയ പദ്ധതിയുടെ ഭാഗമായി ആവിർഭവിച്ചതാണ് യുക്തിയും യാഥാർഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചനകൾ. ‘‘ദ റിയൽ ഈസ് റാഷനൽ ആൻഡ് ദ റാഷനൽ ഈസ് റിയൽ’’ എന്ന ഹെഗലിന്റെ ഏറ്റവും അറിയപ്പെടുന്ന പ്രസ്താവം ഓർക്കുക. കാന്റിന്റെയും ഹെഗലിന്റെയും മാർക്സിന്റെയും ഹൊർകൈമറുടെയും അഡോർണോയുടെയും ദർശനങ്ങളുടെ വിമർശനാത്മക അപഗ്രഥനം ഹാബർമാസിന്റെ ചിന്താപദ്ധതിയിലുണ്ട്.
* * *
ഏഴു വർഷം മുമ്പ്, മൂന്നു ഭാഗങ്ങളിലായി, ഏതാണ്ട് 1700 പേജുകളിൽ, ഹാബർമാസ് പാശ്ചാത്യ ദർശനത്തിന്റെ ഒരു ചരിത്രമെഴുതുകയുണ്ടായി (Also A History of Philosophy). പ്രാചീന കാലത്തിൽ തുടങ്ങി മധ്യയുഗത്തിലൂടെ ആധുനിക കാലത്തിലേക്കെത്തുന്ന ആ ചരിത്രത്തിൽ വിശ്വാസവും അറിവും തമ്മിലുള്ള ബന്ധം ഹാബർമാസ് പരിശോധിക്കുന്നുണ്ട്. ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന ലോകവീക്ഷണത്തെ നിരാകരിക്കുന്നില്ലെങ്കിലും അത്തരം ഒരു വീക്ഷണം ഭാഗികമാണെന്നും അർഥത്തിനും നീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ ആവശ്യത്തെ ശാസ്ത്രവീക്ഷണം തൃപ്തിപ്പെടുത്തുന്നില്ലെന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. 2025ൽ ‘ദ നേഷൻ’ എന്ന പ്രസിദ്ധീകരണത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ഹാബർമാസ് ചില പ്രധാന നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കാൾ യാസ്‌പെർസ് പ്രസിദ്ധമാക്കിയ ഒരു പ്രയോഗമാണ് ‘ആക്സിയൽ ഏജ്’ (axial age). രണ്ടായിരത്തിയഞ്ഞൂറ്/മൂവായിരം വർഷങ്ങൾക്കുമുമ്പ്, ഏതാണ്ട് ഒരേ സമയം, ഭാരതത്തിലും ചൈനയിലും പ്രാചീന ഗ്രീസിലും നിലനിന്നിരുന്ന സമ്പന്നമായ ദർശനങ്ങളുടെ കാലത്തെയാണ് ‘ആക്സിയൽ ഏജ്’ എന്ന് യാസ്‌പെർസ് വിളിച്ചത്.

ഇതിനെയെല്ലാം ഉൾക്കൊണ്ടുവേണം ദാർശനിക ചരിത്രം പഠിക്കേണ്ടത് എന്ന് ഹാബർമാസ് പറയുന്നു. ആധുനിക ശാസ്ത്രത്തിന്റെ അറിവിനെ എങ്ങനെ ഫലപ്രദമായും വിവേകപൂർണമായും സാമൂഹിക/രാഷ്ട്രീയ ലോകത്ത് ഉപയോഗിക്കാം എന്ന അന്വേഷണമാണ് ഫിലോസഫിക്ക് വേണ്ടത്. ലോകത്തെയും നമ്മളെയും അറിയുന്നതിൽ വ്യക്തത കൊണ്ടുവരുക എന്നതാണ് ഫിലോസഫിയുടെ ഇന്നത്തെ ദൗത്യം. ജ്ഞാനോദയകാലത്തിൽ ആവിർഭവിച്ച മൂല്യങ്ങളെ പിന്തുടരുന്ന ചിന്തകനാണ് ഹാബർമാസ്. ജ്ഞാനോദയ പദ്ധതിക്കും (Enlightenment Project) ആധുനികതാ പ്രസ്ഥാനത്തിനും (Modernity), സമകാലിക ലോകത്ത്, വലതു രാഷ്ട്രീയ ശക്തികളിൽനിന്നും തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും ‘പ്രീ മോഡേണിറ്റി’യിലേക്ക് ഒരു തിരിച്ചുപോക്ക് അപകടകരമാണെന്നും ആ പ്രവണതയെ ചെറുക്കണമെന്നും ഹാബർമാസ് അഭിപ്രായപ്പെടുന്നു. താൻ ഒരു മോഡേണിസ്റ്റാണെന്നും ജ്ഞാനോദയ പദ്ധതി ഇന്നും പ്രസക്തമാണെന്നും ഹാബർമാസ് അഭിമുഖത്തിൽ പറയുന്നു.*
കാപിറ്റലിസത്തെയും ജനാധിപത്യത്തെയും വിമോചനരാഷ്ട്രീയത്തെയും കുറിച്ച് ഏഴു പതിറ്റാണ്ടോളം ആലോചിച്ച ഹാബർമാസ് മനുഷ്യനിലെ അയുക്തികതയെ (irrationality) അപലപിക്കുന്നുണ്ട്. നാസിസ്റ്റ് ഭീകരത കണ്ടുവളർന്ന അദ്ദേഹം ജീവിതാന്ത്യം വരെ അടിച്ചമർത്തലിനെയും അധീശത്വത്തെയും അധികാരദുഷ്ടതയെയും ഫാഷിസത്തെയും എതിർത്തു. തന്റെ ജീവിതത്തെ അർഥവത്താക്കിയതെല്ലാം പടിപടിയായി തിരോഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് രണ്ടുവർഷം മുമ്പ് ഹാബർമാസ് പറയുകയുണ്ടായി. ജനാധിപത്യ വ്യവസ്ഥിതിയുടെ തിരോധാനവും ഫാഷിസത്തിന്റെ വളർച്ചയും കണ്ട് ‘ബീഭത്സതയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്’ എന്ന് ഹാബർമാസ് വ്യസനപ്പെടുന്നുണ്ട്.
അഡോർണോയും ലിയോതാറും ഹാബർമാസിന്റെ വീക്ഷണത്തെ ഭാഗികമായി വിമർശിച്ചിട്ടുണ്ട്. ലിയോതാർ ബൃഹദ് ആഖ്യാനങ്ങളെ (grand narratives) തള്ളിപ്പറയുന്ന ചിന്തകനാണ്. ഹാബർമാസിന്റെ ദർശനം ആദർശതലത്തിൽ ഒതുങ്ങുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആധുനികതയെക്കുറിച്ചുള്ള മാക്സ് വെബറിന്റെ നൈരാശ്യം പങ്കിടുന്ന ചിന്തകനല്ല ഹാബർമാസ്. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, ധാർമികം, ഭാഷാശാസ്ത്രം അങ്ങനെ പല മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ചിന്താപ്രപഞ്ചമാണ് ഹാബർമാസിന്റേത്. ജ്ഞാനോദയ പൈതൃകത്തിന്റെ തുടർച്ച ഹാബർമാസിന്റെ ആലോചനകളിൽ കണ്ടെത്താം. കാന്റിന്റെയും ഹെഗലിന്റെയും മാർക്സിന്റെയും ദർശനങ്ങളാൽ സ്വാധീനിക്കപ്പെട്ട ഹാബർമാസ് താൻ ജീവിച്ച കാലയളവിന്റെ സംഘർഷങ്ങളിൽ ആർജവത്തോടെ ഇടപെട്ട, നീതിക്കും സത്യത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനും വേണ്ടി പതിറ്റാണ്ടുകളായി തൂലിക ചലിപ്പിച്ച അസാധാരണ ചിന്തകനായിരുന്നു.
=====================
* From the interview by Daniel Steinmetz-Jenkins in The Nation, 27th July 2025.
