ഒ.എൻ.വിപ്പാട്ടിലെ ഹൃദയഭാവങ്ങൾ, ഇനിയൊന്നു പാടൂ ഹൃദയമേ...

മലയാളിയുടെ കാൽപനികതകളെ അവയുടെ സാകല്യത്തിൽ സാക്ഷാത്കരിക്കുന്ന സരളമാധുര്യമുണ്ടായിരുന്നു ഒ.എൻ.വിയുടെ ഗാനങ്ങളിൽ. എത്രയോ ഗാനങ്ങൾ അതിന്റെ മികച്ച സാഫല്യങ്ങൾ. സൗന്ദര്യഭദ്രമായ ആ ശിൽപവിദ്യയിലെ ഗീതമാന്ത്രികത്വം ഒന്നു വേറെത്തന്നെയാണ്. അത്രമേൽ സുഭഗവും സുതാര്യവുമായിരുന്നു ആ പാട്ടിനകങ്ങൾ. ഒ.എൻ.വിയുടെ ഭാവഗീതപ്രതിഭ അതിന്റെ ശൃംഗകാന്തികൾ പ്രദർശിപ്പിക്കുന്നത് പ്രകൃതിയും പ്രണയവും ജീവിതവും ഒന്നിച്ചുചേരുമ്പോഴാണ്. അനുരാഗകൽപനയുടെ അനുഭവസ്ഥാനങ്ങളെ പാട്ടിൽ അടയാളപ്പെടുത്തുകയായിരുന്നു ഒ.എൻ.വി. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ഒരാകാശം ഈ ഗാനങ്ങളിൽ കാണാനാവും. ഒരാൾ തനിക്കേറ്റമിഷ്ടമുള്ള പ്രിയഭാജനത്തിനർപ്പിക്കുന്ന ഹൃദയനൈവേദ്യം എന്ന നില ഒ.എൻ.വിയുടെ പാട്ടുകൾ കാത്തുസൂക്ഷിച്ചു. ഹൃദയത്തിൽ തേൻമഴ പെയ്യുന്ന പാട്ടായിരുന്നു അത്. അത് നമ്മുടെ ഹൃദയനാദംപോലെയായിരുന്നു. ഹൃദയത്തിൻ തന്തിയിൽ ആരോ വിരൽ തൊടും മൃദുലമാന നിസ്വനം തന്നെയാണത്.
മനുഷ്യഹൃദയം പ്രണയജീവിതത്തിന്റെ മഹത്തായ ഇടമാണെന്ന സന്ദേശം നിശ്ശബ്ദമായി അറിയുകയാണ് ഒ.എൻ.വി ഗാനങ്ങളിൽ. ആ ഗാനങ്ങളോട് നാം അത്രമാത്രം ഹൃദയബന്ധം സ്ഥാപിച്ചിരിക്കുന്നു. ഒരാളുടെ ഹൃദയം മറ്റൊരാളുടെ ഹൃദയത്തിൽ പാടുന്നതാണ് പ്രണയമെന്ന് ഒ.എൻ.വി ഒരു പാട്ടിലെഴുതി (വിട തരൂ ഇനി സായംസന്ധ്യയിൽ). ഹൃദയത്തിന്നാഴത്തിൽനിന്നുമെടുക്കുന്ന പവിഴപ്പൂമുത്താണ് പ്രണയമെന്ന് ഒ.എൻ.വിയുടെ മറ്റൊരു പാട്ട് പാടുന്നു. (ഒരു വാക്കിലെല്ലാം പറഞ്ഞു). ഒരു പുഞ്ചിരിയിൽ ഹൃദയത്തിന്നാഴത്തിലുണരുന്ന ആഹ്ലാദത്തിന്റെ ജലതരംഗമാണ് ഒ.എൻ.വിപ്പാട്ടിലെ ശ്രുതിയടയാളം. സ്വർണവർണപ്പക്ഷിയെപ്പോലെ നിത്യപ്രണയിയുടെ ഹൃദയം ‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്ന് നിരന്തരം പാടിക്കൊണ്ടിരിക്കുന്നു. (അന്നുനിന്നെ കണ്ടു ഞാൻ). പ്രണയിനിയുടെ ഹൃദയതന്ത്രികളിൽ സ്പന്ദിതമായ മന്ത്രം പ്രണയിയുടെ ഹൃദയതന്ത്രികളിൽ പകർന്നുകൊടുക്കുന്ന അനുരാഗബദ്ധമായ രാഗവായ്പുകൾ ഒ.എൻ.വിപ്പാട്ടുകളിലുണ്ടായിരുന്നു. ഭാവബന്ധുരമായ പാട്ടിൽ ഗീതാത്മകതയുടേതായ ഒരു ലാവണ്യലോകം ചമക്കുവാൻ കവിക്കാകുന്നു.
പ്രണയത്തിന്റെ പല വിതാനങ്ങൾ വഹിക്കുന്ന ഒരു ഭാഷാസ്ഥലമെന്ന രീതിയിൽ ഒ.എൻ.വിപ്പാട്ടിൽ ഹൃദയസൗന്ദര്യത്തിന് വിസ്തൃതി കൂടുകയാണ്. അതിലോലവും ആേലാചനാമൃതവുമായ നിനവുകളുടെ ഭൂമികയായി ഹൃദയം സ്ഥാനപ്പെടുന്നു. നാമോരോരുത്തരും അനുഭവിച്ചറിയാനാഗ്രഹിക്കുന്ന അനുഭൂതിയും സ്വപ്നവും പാട്ടിൽ കൊണ്ടുവരുന്നത് ഈ ഹൃദയസംഗീത ധന്യതകളാണ്. ഒരു ഗാനത്തിൽ സ്വപ്നസ്മൃതികളെ ഒന്നിപ്പിച്ച് പാട്ടിൽ എണ്ണപ്പെട്ട സൗന്ദര്യനിമിഷങ്ങളെ പകർത്താൻ കവിയെ സഹായിക്കുന്നത് ഈ ഹൃദയഭംഗികളാണ്. സാമൂഹികമായി വിചാരലോകത്തിൽനിന്ന് ഏകാകിയായ പ്രണയിയുടെ നിനവിന്റെ വിജനതയിലേക്ക് അനുഭൂതികളെ മാറ്റിസ്ഥാപിക്കുന്നത് ഹൃദയവിചാരങ്ങളുടെ സഹായത്തോടെയാണ്. എത്രയെത്ര ഹൃദയഭാവങ്ങളാണ് ഒ.എൻ.വിയുടെ പാട്ടുകളിലുള്ളത്. പാട്ടിൽ ഹൃദയമൊരുക്കുന്ന ഭാവമണ്ഡലങ്ങൾ അത്രക്കുണ്ടായിരുന്നു. ഹൃദയതാലം നീട്ടിനിൽക്കുന്ന സ്നേഹദേവതയെ ഒ.എൻ.വിയുടെ പാട്ടിൽ കാണാനാവും. പ്രണയത്തുടു മുന്തിരിനീരിൽ ഹൃദയമൊരു നിറകുടമാവുകയാണ്. ഹൃദയം കൊതിച്ചുകൊതിച്ചിരുന്ന പ്രണയസന്ദേശങ്ങളാണ് ഒ.എൻ.വിയുടെ ഗാനങ്ങളായിത്തീരുന്നത്. ഇരുഹൃദയചഷകങ്ങൾ നിറയുമ്പോഴും ഇരുഹൃദയശലഭങ്ങൾ ചിറക് വിടർത്തുമ്പോഴും പ്രണയമാഘോഷിക്കുകയാണ് ഒ.എൻ.വി ഗാനങ്ങൾ. പ്രണയം എന്നും ഹൃദയത്തിന്റെ ഗാനോത്സവമായിത്തീരുന്നു. ഹൃദയത്തിന്റെ മധുശാലയും മധുപാത്രവുമൊക്കെ ഒ.എൻ.വി ഗാനങ്ങളിലെ പ്രധാന ദൃശ്യസ്മൃതികളാകുന്നു. ഹൃദയ സിന്ദൂരവും ഹൃദന്ത സുഗന്ധവുമൊക്കെ ആ ഗാനങ്ങളിൽ പ്രണയത്തിന്റെ നിറയും പരിമളം പകർന്നു. ഹൃദയവിപഞ്ചിക നീട്ടിനിൽക്കയാണ് ഒ.എൻ.വിപ്പാട്ടിലെ നിതാന്ത പ്രണയി. ഹൃത്തടം നർത്തനമാടാനുള്ള വേദിയായിത്തീരുന്നു. ഋതുഗായകൻ പാടുമ്പോൾ പൂവണിയുകയാണ് ഹൃദയനികുഞ്ജങ്ങൾ. ഹൃദയാനുരാഗത്തിന്റെ കഥകൾ പേർത്തും പേർത്തും പാടുകയായിരുന്നു കവി.
ഹൃദയത്തിൽ പൂവിട്ട രാഗം നിതാന്ത പ്രണയത്തിന്റെ മായാത്ത പഞ്ചരാഗമാണെന്ന് ഒ.എൻ.വി പല ഗാനങ്ങളിലും പറഞ്ഞുവെച്ചു. ‘ഹൃദയമേ നീ ഉണരൂ’ എന്നത് അദ്ദേഹത്തിന്റെ പാട്ടിലെ പ്രാർഥനയായിരുന്നു. ‘ഇനിയൊന്നു പാടൂ ഹൃദയമേ’ എന്നത് ഒ.എൻ.വി പാട്ടിലെ പ്രതീക്ഷയും പ്രഹർഷവുമായിരുന്നു. ‘പറയൂ നീ ഹൃദയമേ പ്രണയാർദ്രമായിടും ഒരു പാട്ടിൽ മധുരമാമീരടിയിൽ’ (ഭൂമിഗീതം) എന്ന വരിയും കവിയുടെ ‘ഹൃദയഗീതമായി ഇനിയുമൊരീരടി പാടാൻ തുടിപ്പൂ ഹൃദയദലങ്ങൾ’ എന്ന വരിയും പാടുന്നത് മറ്റൊന്നല്ലല്ലോ. ഹൃദയസൗന്ദര്യത്തെ സംഗീതമെന്ന് വിളിച്ചു. ഹൃദയസാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതത്തെ കവി വാനോളം വാഴ്ത്തി. മനുഷ്യഹൃദയം സംഗീതസാന്ദ്രമാണെന്ന ബോധം ഒ.എൻ.വി തന്റെ ഗാനങ്ങളിൽ വികസിപ്പിച്ചെടുത്തു. ഹൃദയമാകാശമുണരുന്ന നേരത്തെ സംഗീതമെന്ന് അഭിസംബോധന ചെയ്തു. ആ സംഗീതംതന്നെയാണ് പ്രണയമെന്നത് പാട്ടിലെഴുതി. ‘അറിയാത്തതെന്തേ എൻ ഹൃദയത്തുടിപ്പുകൾ’ എന്നാണ് ഒ.എൻ.വിയുടെ പാട്ടിലെ മുഖ്യമായ ആത്മഗതം. ‘മൃദുലമാം നിൻ കാലൊച്ചയെന്നുമെന്റെ ഹൃദയം കൊതിക്കും സംഗീതമല്ലേ’ എന്നു കൂടി കവി ഒരു പാട്ടിൽപാടുമ്പോൾ പ്രണയനിർവൃതികൾ പൂർത്തിയാവുകയാണ്. പ്രണയത്തെ ഒ.എൻ.വി ഹൃദയോത്സവമെന്ന് പേരിട്ടു. ഹൃദയത്തിൽ വിരിയുന്ന പൂവുകൾ കോർത്ത പ്രണയത്തിന്റെ നിറമാല ചാർത്തുകയാണ് ഒ.എൻ.വിപ്പാട്ടിലെ പ്രണയികൾ. ഹൃദയത്തിൻ പരിമളമോടെ വെറുതെയൊരു സ്വപ്നംപോലെ പ്രണയത്തിന്റെ ഒരു പൂവ് വിരിയുകയാണ്. ഹൃദയവിരുന്നാണ് കവിയെ സംബന്ധിച്ച് സംഗീതം. ‘തുടുതുടെ വിരിയുമീ ചെമ്പനിർപുഷ്പങ്ങൾ ഹൃദയമാണത് നീയെടുത്തുകൊൾക’ എന്ന വരിയിൽ ഒരു ബഷീറിയൻ പ്രണയത്തിന്റെ ഏകാന്ത ഭാഷണമുണ്ട്. ‘ഏറെത്തുടുത്തൊരീ ചെമ്പനീർപ്പൂവെന്റെ സ്നേേഹാപഹാരം, ഇതെൻ ഹൃദയം’ എന്ന മറ്റൊരു പാട്ടുവരിയിലും ഇതേ പ്രണയധാരയാണുള്ളത്.
‘പ്രിയമുള്ളൊരാളിന്റെ അരികിൽ നിൽക്കെ, പുഴക്കരയിൽ നീ മറ്റൊരു പൂമരമായി, അതിലൊരു കിളിപാടി- എൻഹൃദയം’ എന്നും കുളിരലകൾ തഴുകിനിൽക്കെ, നമ്രമുഖിയായ് നീ തുരുമലരായ്, അതിലൊരു ശലഭമായ്- എൻ. ഹൃദയം’ എന്നുമൊക്കെയുള്ള വരികളിൽ ഹൃദയാഭിമുഖ്യം ഏറെ കൂടുതലാണ്. പ്രണയിനിക്കായി ഹൃദയവാതിൽ തുറന്നുവെച്ചിരിക്കുന്ന ഒരു ഗായകനുണ്ടായിരുന്നു ഒ.എൻ.വിയുടെ പാട്ടിൽ. ആ കാമുകഹൃദയത്തിലാണ് മോഹമെന്ന പക്ഷി പാടുന്നത്. ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന മധുമത്ത കോകിലപ്രിയായിരുന്നു അത്. ‘ഹൃദയത്തിലേതോ കുയിലിന്റെ ഗാനം ശ്രുതിയായി തുടിക്കാൻ സിരകൾക്ക് മോഹ’മെന്ന വരിയിൽ ഇതേ വിചാരങ്ങൾതന്നെയാണുള്ളത്. ഒ.എൻ.വി പാട്ടുകൾ ആർദ്രമായ ഹൃദയഭാഷങ്ങളിൽ ലയിച്ചുചേരുകയാണ്. സംഗീതത്തിന്റെ സൗന്ദര്യബോധത്തെ പാട്ടിൽ അലങ്കരിച്ചുവെക്കുന്ന ഒരു രീതിയാണിത്. പാട്ടുകേൾക്കുന്നയാളെ കാമുകനും കാമുകിയും സ്വന്തമാക്കിയിരുന്നു. സ്ഥായി സഹജമായ ഈ ഹൃദയൈക്യമാണ് ഒ.എൻ.വി ഗാനങ്ങളിലെ ആധാരശ്രുതികളിലൊന്ന്. ഏറ്റവും സ്വകാര്യമായ അനുഭവങ്ങളുടെ സൂക്ഷ്മമുദ്രകളാണ് ഹൃദയസ്വരങ്ങളായി ഒ.എൻ.വിയുടെ ഗാനങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻതുടിയായുണരുന്നു’ എന്ന പാട്ടിൽ മാനവരാശിയെ ഇരുളിൽനിന്ന് മോചിപ്പിക്കാനായി ഭൂമിയിൽ അവതരിച്ച യേശുദേവനെ വരവേൽക്കുകയാണ്. ദൈവപുത്രന്റെ വരവിൽ ഭൂമി ഉണർന്നുപാടുകയാണ്. ഒ.എൻ.വിയുടെ പാട്ടിൽ ഹൃദയം, സംഗീതത്തിന്റെ ആധാരശ്രുതിയിൽ പാടിത്തെളിയുന്നു. ഹൃദയമെന്നത് ഒ.എൻ.വിപ്പാട്ടിന്റെ കേന്ദ്രഭാവവും അതിനോട് ശ്രുതിപ്പൊരുത്തമുള്ള ഭാവാന്തരവുമാകുന്നു. ഹൃദയവശ്യതകൾ നിറഞ്ഞുകിടക്കുന്ന പാട്ടിൽ രാഗഭാവത്തിനും ഭാവരാഗത്തിനും തുല്യപ്രാധാന്യം നൽകുന്നുണ്ട് കവി. ‘സർവോന്നതമായ വേദി മനുഷ്യരുടെ ഹൃദയമാണ്. ഒരു പാട്ട് അവിടെ എത്തിച്ചേരുമ്പോൾ ലോകം കുറച്ചുകൂടി കരുണാമയമാകുന്നു’ എന്ന ഗുലാം അലിയുടെ വാക്കുകൾ ഓർത്തുപോകുന്നു, ഒ.എൻ.വിയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ. മലയാളിയുടെ ഏകാന്തഹൃദയം ഒ.എൻ.വിയുടെ ഗാനങ്ങളിൽ തീർത്തും സുരക്ഷിതമായിരുന്നു.
.
