Begin typing your search above and press return to search.

രാജാവിന്റെ മകൻ

രാജാവിന്റെ മകൻ
cancel

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. എന്റെ അച്ഛനാരാന്ന്? ഞാന്‍ പറഞ്ഞു. നിന്റെ തന്തയാണെന്ന്. എന്റെ ഭാഷ തീരെ മോശമായിരുന്നു. സമ്മതിക്കുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് നേരായിരുന്നു. നോവുള്ള നേരിനെ പൊതിയാന്‍ വർണക്കടലാസുകള്‍ക്കാകുമോ? പക്ഷേ... ആര് കേള്‍ക്കാന്‍? ആരോട് പറയാന്‍? രാജുമോന്‍...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

രിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.

എന്റെ അച്ഛനാരാന്ന്?

ഞാന്‍ പറഞ്ഞു.

നിന്റെ തന്തയാണെന്ന്.

എന്റെ ഭാഷ തീരെ മോശമായിരുന്നു. സമ്മതിക്കുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് നേരായിരുന്നു. നോവുള്ള നേരിനെ പൊതിയാന്‍ വർണക്കടലാസുകള്‍ക്കാകുമോ?

പക്ഷേ... ആര് കേള്‍ക്കാന്‍? ആരോട് പറയാന്‍?

രാജുമോന്‍ മുടങ്ങാതെ ഹെല്‍ത്ത് ഡ്രിങ്ക് കുടിക്കുകയും ഫാനിന്റെ ചോട്ടില്‍ കിടന്ന് ഉറങ്ങുകയും ചെയ്യുന്ന മനക്കട്ടിയില്ലാത്ത ഒരു ദുര്‍ബലനായിരുന്നു. അവന്‍ മോങ്ങിക്കൊണ്ട് ഹെഡ്മാസ്റ്ററിന്റെ മുറിയിേലക്കോടി. താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു സിംഹമാണ് അവിടെ പാര്‍ക്കുന്നത്. രാജുമോന്‍ എത്തി തൊട്ടടുത്ത നിമിഷം മടയില്‍നിന്നും ഒരു ഗർജനം ഉയര്‍ന്നു പൊന്തി. പള്ളിക്കൂടത്തിലെ കലപിലകള്‍ പൊടുന്നനെ അമര്‍ന്നൊടുങ്ങി. പേടിപ്പെടുത്തുന്ന ഒരു മൂകതയില്‍ പള്ളിക്കൂടം മുങ്ങി.

എന്റെ നിക്കര്‍ ഞാനറിയാതെ നനഞ്ഞു.

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നാല് കിങ്കരന്മാര്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഏഴാം ക്ലാസിലെ പിന്‍ബെഞ്ചുകാരാണവര്‍. അനുസരിക്കാത്ത കോലന്‍മുടിയും തുറന്നിട്ട ഉടുപ്പും അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നു. എന്നിട്ടും അവരെന്തോ എല്ലാ പിന്‍ബെഞ്ചുകാരെപ്പോലെയും പഠിത്തമൊഴികെ എല്ലാ കാര്യങ്ങളിലും ഹെഡ്മാസ്റ്ററെ അനുസരിച്ചു. അടിമകളായി. തൊമ്മികളായി അധഃപതിച്ചു. അഞ്ചാം ക്ലാസിലെ പിന്‍ബെഞ്ചനെ അവര്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പൊക്കിയെടുത്ത് സിംഹത്തിന്റെ മുന്നിലേക്കെറിഞ്ഞു. പിന്‍ബെഞ്ചുകാരനൊരിക്കലും ഒരുമയില്ല. കിങ്കരനാവാനാണ് വിധി!

ഹെഡ്മാസ്റ്റര്‍ ഇട്ടിക്കോര പൂച്ചക്കണ്ണുകള്‍ തുറിച്ചെന്നെ നോക്കി. കേള്‍ക്കാന്‍ അറയ്ക്കുന്ന അനേകം തെറികളാണ് ആ കണ്ണുകളില്‍ പെറ്റുകിടക്കുന്നത്. എപ്പോള്‍ വേണേലും വായിലൂടെ അവറ്റകള്‍ എന്റെ നേര്‍ക്ക് ചാടിവീഴാം.

മുത്താരമ്മേ... തെറിവിളിച്ചാലും വേണ്ടീല. കശ്മലന്‍ ആ വെള്ളിച്ചൂരല്‍ എടുത്ത് പയറ്റാതിരുന്നാ മതിയാരുന്നു!

കോവിലിലെ മുത്താരമ്മക്ക് എന്നോട് ഇത്തിരി കലിപ്പുണ്ടായിരുന്നു. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയില്‍ കണക്കിന് ജയിപ്പിക്കാമെങ്കില്‍ മുറുക്കാന്‍ പകുേത്താളാമെന്ന് വാക്കു പറഞ്ഞിരുന്നു. പക്ഷേ മാസം രണ്ട് കഴിഞ്ഞിട്ടും എനിക്ക് മുത്താരമ്മയുടെ ചുണ്ട് ചുമപ്പിക്കാനായില്ല. രണ്ട് രൂപയ്ക്ക് രണ്ടു രൂപ വേണ്ടേ?

''എന്തര് ഫാഷയാടാ, നീ ചെറുക്കനോട് പറഞ്ഞത്...''

എന്റെ ആത്മീയ-സാമ്പത്തിക ആലോചനകളെ തകിടംമറിച്ചുകൊണ്ട് ഇട്ടിക്കോര വെള്ളിച്ചൂരല്‍ കൈയിലേക്ക് ആവാഹിച്ചു. നീലനിക്കറിനുമീതെ വെള്ളിപ്രഹരങ്ങള്‍ മിന്നലുകളായി. കണ്ണില്‍ വെള്ളക്കുടങ്ങള്‍ പൊട്ടിച്ചിതറി. മൂട്ടിലെ നീലവാനം കീറി ശോണരേഖകള്‍ തെളിഞ്ഞു. ചുവന്നമഴ ചാറാന്‍ തുടങ്ങിയപ്പോള്‍ മലയാളം പഠിപ്പിക്കുന്ന റഹ്‌മാന്‍സാറ് എന്നെ തള്ളക്കോഴി ചിറകിനുള്ളില്‍ ഒളിപ്പിക്കുന്നപോലെ പൂണ്ടടക്കം കേറിപ്പിടിച്ചു. അലങ്കാരത്തിന്റെ ആടയില്ലാതെ സാറ് പൊട്ടിത്തെറിച്ചു.

''ഇനി തല്ലിയാ ഇവന്‍ ചത്തുപോകും സാറേ...''

അരിശം തോരാത്ത സിംഹം എന്നെ വരാന്തയിലെ തൂണില്‍ തളച്ചു. കയറോ വിലങ്ങോ ഇല്ല. എങ്കിലും അതൊരു പാശമാണ്. ജന്മപാശംപോലൊന്ന്. അനുവാദമില്ലാതെ അനങ്ങാന്‍ കഴിയില്ല. കുറച്ചകലെ, മാമ്പഴം കവിത ഇറുന്ന് വീഴുന്നു. എന്റെ ക്ലാസായ അഞ്ച് ബിയില്‍നിന്നാണത്. അനുപമയാണ് ചൊല്ലുന്നത്. വേദനകള്‍ക്കിടയിലും ജീവിതത്തെ മൊത്തി കൊതിപ്പിക്കുന്ന മാധുര്യം. ആ സ്വരമാധുരി എത്ര അകലെനിന്നാണെങ്കിലും എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഞങ്ങള്‍ തമ്മില്‍ പ്രേമത്തിലാണ്. ഞാന്‍ എന്റെ ഹൃദയം അവളുടെ മുമ്പില്‍ പൂർണമായും പൊളിച്ചുകാട്ടിയിട്ടുണ്ട്. അവളതില്ല. നാണമാണ്. പെണ്‍കുട്ടിയല്ലേ! എങ്കിലും ആ കരിപൂശിയ കണ്ണുകളില്‍ വിരിയുന്ന കൗതുകത്തിന്റെ ഉണ്ണിമാങ്ങകള്‍, മുഖകാന്തിയില്‍ ചുനയ്ക്കുന്ന മഴവില്ലുകള്‍... അതെല്ലാം എന്നോടുള്ള അനുരാഗം മാത്രമാകുന്നു. അതെനിക്കറിയാം. ഗന്ധർവന്‍പാറയിലെ പാലപ്പൂവുകള്‍, കൈതോലപ്പുഴയിലെ വെള്ളാരങ്കല്ലുകള്‍, മുത്താരന്‍ കോവിലിലെ കുപ്പിവളകള്‍... പിന്നെ പലയിടങ്ങളിലെ പല മരങ്ങളില്‍ കായ്ക്കുന്ന പുളിഞ്ചിക്ക, സബര്‍ജല്ലി, സപ്പോട്ട, ചെമ്പഴുക്കകള്‍... എന്നുവേണ്ട കൈയില്‍ കിട്ടുന്ന വിശേഷപ്പെട്ടതെല്ലാംകൊണ്ട് ഞാന്‍ അവളെ വീര്‍പ്പുമുട്ടിക്കും.

അനുവിന്റെ കവിതചൊല്ലല്‍ കേട്ടിട്ടെന്നപോലെ മുറ്റത്തെ നാട്ടുമാവില്‍നിന്നും ഒരു പഴുത്ത മാമ്പഴം അടര്‍ന്നുവീണു. പഞ്ചാരമണലില്‍ അവളുടെ മനംപോലെ പാതി കാട്ടിയും പാതി കാട്ടാതെയും പുതഞ്ഞുകിടന്ന് എന്നെ കൊതിപ്പിച്ചു. ഓടിച്ചെന്നാ മാമ്പഴം കീശയില്‍ തിരുകാന്‍ മനസ്സ് വെമ്പി. കവിത ചൊല്ലിക്കഴിയുമ്പോള്‍ അനുവിന്റെ കൈകളില്‍ മാമ്പഴം സമ്മാനിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. മുട്ടുകാലില്‍നിന്ന് ഒരു കൈ പിന്നില്‍ െവച്ച് മറ്റേ കൈകൊണ്ട് അവള്‍ക്ക് ഞാന്‍ ആ ഫലം..! ആഹാ... എത്ര മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്! പ്രണയമുള്ളിടത്തോളം കാലം കാമുകഹൃദയങ്ങളില്‍ ആ കാഴ്ച മൂത്തുപഴുത്ത് പാകമായി കുലച്ചുകിടക്കും.

എന്റെ സ്വപ്നത്തിന് മീതെ ഒരു മാരുതി കാര്‍ ചൂളംവിളിച്ച് കയറിവന്നു. ഒരു സില്‍ക്ക് ജൂബാക്കാരന്‍ പുറത്തേക്കിറങ്ങി. തൊടിയില്‍ ഭാർഗവന്‍ മുതലാളി! നാട്ടിലെ കിരീടം വെക്കാത്ത രാജാവ്. രാജുമോന്റെ അച്ഛന്‍. എന്റെ തന്ത! ഞാനെന്റെ അച്ഛനെ ആദ്യമായി കാണുന്നത് മഹാദേവര്‍നടയിലെ കഴിഞ്ഞ ഉത്സവത്തിനായിരുന്നു. തിടമ്പേറ്റിയ കൊമ്പനൊപ്പം ഉത്സവത്തിന്റെ മുഴുവന്‍ ലഹരിയും ആറാടിക്കളിക്കുന്ന മറ്റൊരു കൊമ്പനായി ആ മഹാനുഭാവന്‍ നടന്നുപോകുന്നു. ''ദോ പോന്ന് നിന്റെ തന്ത..!'' ദേഷ്യവും സങ്കടവും കലര്‍ന്ന ചവര്‍പ്പില്‍ അമ്മ പറഞ്ഞു. ''മുറിച്ച മുറി തന്നെ'' -കേട്ടുനിന്ന പാച്ചിയമ്മൂമ്മ അമ്മയുടെ വിഷമത്തിന് പീപ്പിയൂതി. ഭാർഗവന്‍ മുതലാളിക്ക് അങ്ങനെ പലേടത്തും മക്കളുണ്ട്. ജാരസന്തതികള്‍ അവരുടെ അപ്പന്മാരെപ്പോലിരിക്കും! കണിയാരം തോട്ടത്തിലെ തുളസിക്കുട്ടനാണ് ആ അറിവ് പകര്‍ന്നുതന്നത്. അവന് ലോകകാര്യങ്ങളെക്കുറിച്ച് നല്ല പാണ്ഡിത്യമുണ്ട്്. തുളസിക്കുട്ടന്‍ ഭാർഗവന്‍ മുതലാളിയുടെ ലോറിയിലെ കിളിയാണ്. അതുകൊണ്ട് തന്നെ അവന് എല്ലായിടത്തും പറന്നുപോകാം. വിതയ്ക്കാതെ, കൊയ്യാതെ ജ്ഞാനസ്വരൂപനാകാം!

ഞാനെന്നൊരു വസ്തു തൂണില്‍ ചാരിനിൽപുണ്ടെന്നുപോലും ഒന്നു വകവെക്കാതെ എന്റെ തന്ത എന്നെ കടന്നുപോയി. ഞാന്‍ ഒരിറ്റ് പിതൃത്വത്തിനായി അവിടെനിന്ന് ദാഹിച്ചു. തൊണ്ടയില്‍ ''അച്ഛാ'' എന്ന വിളി പേടിച്ചരണ്ട ആട്ടിന്‍കുട്ടിയെപ്പോലെ കുരുങ്ങിക്കിടന്നു. ഭാർഗവന്‍ മുതലാളിയുടെ ഉച്ചത്തിലുള്ള ശകാരം ഓഫീസ് മുറിയെ മുഖരിതമാക്കി. സിംഹം പൂച്ചയെപ്പോലെ പരുങ്ങുന്നതും പതുങ്ങുന്നതും ഇടക്കിടെ കേള്‍ക്കാം. എല്ലാം ഞാന്‍ കാരണം... ഛെ വേണ്ടായിരുന്നു. എന്റെ കരള്‍ കഴച്ചു. ചോരപ്പാടുകള്‍ നൊന്തുനീറി. കണ്ണുകള്‍ പിന്നെയും കലങ്ങി. കുറച്ചുകഴിഞ്ഞ് ഭാർഗവന്‍ മുതലാളി പുറത്തേക്കിറങ്ങി. പ്യൂണ്‍ പീതാംബരന്‍ കൊച്ചാട്ടന്‍ രാജുമോനെ ക്ലാസില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. അവന്റെ അലൂമിനിയം പെട്ടി കിലുകിലാ ഒച്ചയുണ്ടാക്കി. ഒരു കൊളുത്ത് അടയാനുണ്ട്. നാട്ടുമാവിന്‍ ചോട്ടിലെത്തിയപ്പോള്‍ അവനൊന്ന് കുനിഞ്ഞു. ഞാന്‍ ആറ്റുനോറ്റുവെച്ച മാമ്പഴം അവന്‍ കൊത്തിയെടുത്തു. പൂതം പൊന്നു കാക്കുന്നതു പോലെ അവന്‍ അത് പെട്ടിക്കുള്ളില്‍ വെച്ച് കൊളുത്തുകളിട്ട് ഭദ്രമാക്കി. കാറില്‍ കയറി. എന്റെ മാമ്പഴവുമായി കാര്‍ പറന്നുപോയി.

പിറ്റേന്ന് മുതല്‍ രാജുമോന്‍ പള്ളിക്കൂടത്തില്‍ വന്നില്ല. അവന്‍ വിടുതല്‍ നേടി മറ്റേതോ പള്ളിക്കൂടത്തില്‍ ചേര്‍ന്നെന്ന് കുട്ടികള്‍ കുശുകുശുത്തു. വല്യ അപരാധിയെപ്പോലെ അവര്‍ എന്നെ ഒറ്റപ്പെടുത്തി. പാപഭാരം നെഞ്ചിന്‍കൂട്ടിലിരുന്ന് നീറിപ്പുകഞ്ഞു. അനു മാത്രം എന്നെ ആശ്വസിപ്പിച്ചു.

''സന്തോഷേ, വിഷമിക്കാതെ. രാജുമോന്‍ വരും. അവനെക്കുറിച്ച് ഓര്‍ത്തിരിക്കാതെ നീ പടിക്കാന്‍ നോക്ക്. അടുത്താഴ്ചമൊതല് കൊല്ലപ്പരീക്ഷ തൊടങ്ങുവാ.''

അനുപമ പറഞ്ഞത് ശരിയായിരുന്നു. ആണ്ടുപരീക്ഷക്ക് രാജുമോന്‍ വന്നു. പരീക്ഷയെഴുതി. ഞാനൊഴിച്ച് എല്ലാവരോടും മിണ്ടി. സമ്മാനങ്ങള്‍ കൈമാറി. ആണ്ടുപരീക്ഷക്ക് ഒന്നാം സ്ഥാനം പതിവുപോലെ രാജുമോനായിരുന്നു. രണ്ടാം സ്ഥാനം അനുപമക്കും. ചുമരില്‍ പതിച്ച ഫലപ്പട്ടികയില്‍ എന്റെ പേര് മാത്രമില്ലായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായ കദ്രുവും വിനിതയുമാണ് ആ വിവരം എന്നെ വ്യസനസമേതം അറിയിച്ചത്. അവരുടെ പഴയ പുസ്തകമാണ് എനിക്ക് പഠിക്കാന്‍ കിട്ടുക. ഇനി അതിന്റെ ആവശ്യമില്ല. ഞാനപ്പോള്‍ പട്ടാളം കുഞ്ഞമ്മച്ചേച്ചിയുടെ വീട്ടിലിരുന്നു വീഡിയോ കാസറ്റില്‍ സ്ഫടികം സിനിമ കാണുകയായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല. വിവരം കേട്ടയുടനെ ഞാന്‍ പള്ളിക്കൂടത്തിലേക്കോടി. സത്യമാണ്. കദ്രുവും വിനിതയും ഒരിക്കലും കള്ളം പറയില്ല. ചുമർപത്രികയില്‍ എന്റെ പേരില്ല. അഞ്ചാം ക്ലാസില്‍നിന്നും ഒരേ ഒരാള്‍ തോറ്റിരിക്കുന്നു. റ്റി. സന്തോഷ് എന്ന ഞാന്‍!

''ഇത് നിന്നെ മനപ്പൂർവം പണിതതാ സന്തോഷേ...''

ആറാം ക്ലാസീന്ന് തോറ്റ ഫിലിപ്പ് എന്നെ എരി കൂട്ടി.

സ്ഫടികത്തിലെ തോമാച്ചനെപ്പോലെ പ്രതികാരത്തിന്റെ പന്തവും പേറി സാറുമ്മാരോട് പോയി ചോദിച്ചാലോ!

വേണ്ട. ജീവിതം സിനിമയല്ല! ഞാന്‍ തോമയുമല്ല. രാജാവിന്റെ മകനുമല്ല. മോഹന്‍ലാലുമല്ല!

വെറും ഒരു സന്തോഷ്...

തോല്‍വി സന്തോഷ്!

പുതുവര്‍ഷത്തില്‍ പള്ളിക്കൂടത്തില്‍ ചെന്നപ്പോള്‍ പേരിനൊപ്പം ഒരു വിശേഷണംകൂടി ചാര്‍ത്തിക്കിട്ടി. വിജയികളെല്ലാം ഒത്തുചേര്‍ന്ന് പരാജിതനെ കൂക്കുവിളിയാല്‍ ആഘോഷിച്ചു. തോല്‍വി സന്തോഷ് അഞ്ചാം ക്ലാസില്‍ നീണാള്‍ വാഴട്ടെ! ഓരോ ക്ലാസിലും കാണും പേരിനൊപ്പം തോല്‍വി വിളക്കിച്ചേര്‍ത്തവര്‍. പരാജയത്തിന്റെ കയ്പുരസം കുടിച്ച് ഒരു മൂലയില്‍ ഒതുങ്ങിക്കൂടി എന്നെപ്പോലെ ഇരിക്കുന്നുണ്ടാകാം. ക്ലാസ് വേര്‍പിരിയുന്നതിനു മുമ്പ് അനുപമ അരികില്‍ വന്ന് കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു. അവളുടെ മുഖത്ത് സന്തോഷം ചത്തുകിടന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ട് കൂട് തുറന്ന് ഒരു പേന പുറത്തെടുത്തു. റോട്ടമാക്കിന്റെ പേന! ഓർമയില്‍ സിനിമാനടി ''ലിഖ്‌തേ...ലിഖ്‌തേ'' പാട്ടുപാടി. അനുപമ പേന എന്റെ കൈയില്‍ വെച്ചുതന്നു. അവളുടെ ചുണ്ടുകള്‍ പിടച്ചു.

''ഇനിമുതല്‍ പേനവെച്ചെഴുതണം. ആരു വിചാരിച്ചാലും മായിക്കാന്‍ പറ്റത്തില്ല. റീഫില്ലറ് തീരുമ്പം പറയണം. ഞാന്‍ കൊണ്ടത്തരാം.''

എഴുത്തും വരയും തെളിയാന്‍ പ്രണയത്തേക്കാള്‍ നിറവുള്ള ഏത് മഷിപ്പാത്രമുണ്ട്!

മണി മുഴങ്ങി. രാജുമോന്‍ മുന്നില്‍. വിജയപ്പട അവന്റെ പിന്നില്‍ അണിനിരന്ന് ആറാം ക്ലാസിന്റെ വിജയസോപാനത്തിലേക്ക് മാര്‍ച്ചു ചെയ്തുപോയി. പിഞ്ചിപ്പോയ പുസ്തകത്താളുകളില്‍ പരാജിതന്റെ കണ്ണുനീര്‍ പടര്‍ന്നു.0 2

ഗന്ധർവന്‍പാറയുടെ മുകളിലേക്ക് ജീപ്പ് ഞരങ്ങിനീങ്ങുമ്പോള്‍ ഓർമകള്‍ അനവധി വളവുതിരിവുകള്‍ പിന്നിട്ടിരുന്നു. ജീവിതവും! കൈതോലപ്പുഴയുടെ കുളിര് ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചിറങ്ങുന്നു. ഉച്ചകഴിഞ്ഞാല്‍ മതി ഗന്ധർവന്‍പാറ തണുക്കാന്‍ തുടങ്ങും. കാറ്റു കൂട്ടമായി ചിറകടിച്ചെത്തും. അനുപമ ടവ്വല്‍കൊണ്ട് തലമൂടി. തണുപ്പടിച്ചാല്‍ മതി, പിറ്റേന്ന് തന്നെ പനി ഉറപ്പാ. വിശ്വാസത്തിെന്റയും അവിശ്വാസത്തിന്റെയും ഇടയിലുള്ള ഒരു മുനമ്പില്‍ ഞാനിരുന്നു വിറച്ചു. ജീവിതം എത്രയെത്ര ആകസ്മികതകളെയാണ് പൊട്ടിമുളയ്ക്കാന്‍ പാകത്തില്‍ തന്റെ മണ്ണടരുകളില്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ളത്. ആഴമുള്ള ഒരു തുള്ളി വെളിച്ചത്തിനായുള്ള ധ്യാനനിര്‍ഭരമായ കാത്തിരിപ്പാണ് ജീവിതം. അനുവിന്റെ കൈകളില്‍ പിടിച്ച് ഗന്ധർവന്‍പാറ കയറുന്നത് കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഫാക്ടറിയില്‍നിന്നിറങ്ങി, രാമണ്ണയുടെ പെട്ടിക്കടയിലിരുന്ന് ഒരു കട്ടന്‍ചായ കുടിക്കുമ്പോഴായിരുന്നു മൊബൈലില്‍ ആ വിളി ചില്ലകളാട്ടിയത്. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറത്തുനിന്നും ഇറുന്നിറുന്ന് വീഴുന്ന ആ സ്വരത്തെ ഞാന്‍ നൊട്ടിനുണഞ്ഞു. അനുപമ!

''സന്തോഷേ, എനിക്ക് നിന്നെ കാണണം... സ്ഥലവും സമയവും ഞാന്‍ വാട്‌സപ്പ് ചെയ്യാം.''

അങ്ങനെയാണ് അഞ്ചു മിനിട്ടോളം നീണ്ടു നിന്ന ആ സംഭാഷണം അവസാനിച്ചത്.

അനുപമയുടെ വിവാഹത്തലേന്നായിരുന്നു ഞാന്‍ അവളെയും എന്റെ നാടിനെയും അവസാനമായി കണ്ടത്. ഉണ്ണാനും ഉടുക്കാനുമുള്ള വല്ല്യവീട്ടിലെ പെണ്‍കുട്ടിക്ക് തോന്നിയ സഹതാപം പുരട്ടിയ ഇഷ്ടത്തെ ഒരു ബാല്യകാല കൗതുകമായി ഉണക്കി, ചുരുക്കിയെടുത്ത് ഒരു ഡപ്പയിലിട്ടു വെക്കാന്‍ അപ്പോഴേക്കും മനസ്സ് പരുവപ്പെട്ടിരുന്നു. എങ്കിലും നിര്‍വചനങ്ങള്‍ കൊണ്ട് അടിവരയിട്ട് ചുമപ്പിച്ചെടുക്കാന്‍ കഴിയാത്ത ഒരു വിലാപം അനാഥശിശുവിനെപ്പോലെ ഉള്ളിന്നുള്ളില്‍ കൈകാലിട്ടടിക്കുന്നു. ഭൂലോകത്ത് ആകെയുണ്ടായിരുന്ന ജൈവബന്ധം പണ്ടേ പൊലിഞ്ഞിരുന്നു. അമ്മ! സേവ്യേഴ്‌സ് ബാറിലെ മുളങ്കൂട്ടിലിരുന്നു ഞാന്‍ സീസറിന് ഓര്‍ഡര്‍ നൽകി. തോല്‍വി സന്തോഷ് ഒരിക്കല്‍കൂടി തോറ്റിരിക്കുന്നു. പാവം കാമുകഹൃദയം വിങ്ങി. ഇവിടെയും രാജുമോന്‍ തന്നെ വിജയി! വെറും പടയാളിയായ ഫിലിപ്പല്ല എരി പിടിപ്പിക്കുന്നത്. സാക്ഷാല്‍ സീസറാകുന്നു! ചക്രവര്‍ത്തി സർവവിചാരങ്ങളെയും മുറിവേല്‍പ്പിച്ച് മുന്നോട്ട് യാഗാശ്വത്തെ പായിച്ചു. മറ്റേതോ മുളങ്കൂട്ടില്‍നിന്നും ഏതോ ബാവുല്‍ഗായകന്‍ പാടുന്നു. ചുള്ളിക്കാടിന്റെ കവിത! സർവരാജ്യ കാമുകന്മാരെ സംഘടിക്കുവിന്‍. ജീവിതത്തിന്റെ കയ്പ്പും ചവര്‍പ്പും കക്കിവെച്ച് നീളമുള്ള സമാന്തരപാതയുടെ ചൂളംവിളിയിലേക്ക് ഇറങ്ങിനടന്നു.

ഗന്ധർവന്‍പാറയുടെ ഏറ്റവും മുകളിലായിരുന്നു റിസോര്‍ട്ട്. 'ഗന്ധർവലോകം'. റിസോര്‍ട്ടിനായി ധാരാളം മരങ്ങള്‍ വെട്ടിക്കളഞ്ഞിരിക്കണം. വലിയ മൂന്നാല് പാലമരങ്ങളും ഇലഞ്ഞിമരങ്ങളും ചുറ്റുതറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഒരു ആംപിയന്‍സ് നല്‍കാനുള്ള എൻജിനീയറിങ് വൈദഗ്ധ്യമാകാം! ഇനിയും അനേകം നിർമാണപ്രവര്‍ത്തനങ്ങള്‍ നടക്കുവാനുണ്ട്. അനിശ്ചിതകാലത്തേക്ക് നിര്‍ത്തിെവച്ചിരിക്കുകയാണ്. ഗന്ധർവന്‍പാറയുടെ താഴ്‌വരയില്‍ പൗരസമിതിയുടെ സമരപ്പന്തല്‍ നാട്ടിയിട്ടുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഡ്രീം പ്രോജക്റ്റ് കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ക്കുമത്രേ! ആറാം ക്ലാസില്‍ തോറ്റ പഴയ ഫിലിപ്പാണ് സമരനായകന്‍! അടിവാരത്തുവെച്ച് കണ്ടിരുന്നു. എന്തൊരു ഊർജമാണ് ആ ഉടലാകെ ജ്വലിച്ചുനില്‍ക്കുന്നത്!

ചുറ്റുതറക്കു മീതെ വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ എന്റെ കൈക്കുമ്പിളിലേക്ക് അനുപമ പൊഴിച്ചിട്ടു. എന്താ മണം! മരങ്കൂട്ടത്തിനിടയില്‍ ഒരു കുതറക്കം! ഏതോ കാട്ടുജീവിയാണ്.

''അല്ല, പണ്ടത്തെ രണ്ട് അഞ്ചാം ക്ലാസുകാര്‍ പൂക്കള്‍ക്കായി ആവേശത്തോടെ ഓടിവരികയാണ്.''

അവള്‍ പൊട്ടിച്ചിരിച്ചു.

ചെമ്പഴുക്കച്ചാറ് പൊട്ടിയൊലിച്ചതുപോലെ ആകാശത്ത് സന്ധ്യ പടര്‍ന്നു. കോടമഞ്ഞു പുതച്ചുനില്‍ക്കുന്ന മുത്തശ്ശിക്കുന്നുകള്‍. ഈറന്‍കുതിര്‍ന്ന കാറ്റ് കാതു തുരക്കുന്നു. അനുപമ എന്നെ റിസോര്‍ട്ടിനുള്ളിലേക്ക് കൊണ്ടുപോയി. തീരെ തിരക്കില്ല. രണ്ടോ മൂന്നോ പേര്‍ ഇടനാഴിയില്‍ നിൽപുണ്ട്. ഒരു നരച്ച മനുഷ്യന്‍ കോഫിഷോപ്പിലിരുന്ന് ചൂട് സൂപ്പ് ഊതിക്കുടിക്കുന്നു. അവള്‍ ഒരു മുറി തുറന്നു. അതൊരു സ്യൂട്ട് റൂമായിരുന്നു. ചിത്രപ്പണികള്‍കൊണ്ട് അലങ്കരിച്ച ഡബിള്‍ കോട്ടിനു മീതെ പട്ടില്‍ പൊതിഞ്ഞ ഒരു ബ്രീഫ് കെയ്‌സ്! ഞാന്‍ സോഫയിലിരുന്നു. നേരത്തേ ഓര്‍ഡര്‍ ചെയ്ത പ്രകാരം ബ്രൂകോഫി വന്നു. കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അനു അരികില്‍ വന്നിരുന്നു. അപ്പോഴാണ് ആ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചത്. വ്യസനത്തിന്റെ കരിങ്കടല്‍! ഉറപ്പിക്കാനാവില്ല. ചിലപ്പോള്‍ യാത്രാക്ഷീണത്തിന്റെയാകാം!

നിനക്ക് സുഖമാണോ -എന്ന് ഞാനിതുവരെയും അന്വേഷിച്ചിരുന്നില്ല. അവളും. ഇപ്പോഴും അങ്ങനെ ചോദിക്കുവാന്‍ തോന്നിയില്ല!

''സമയം വല്ലാതെ വൈകുന്നു. ഞാനിറങ്ങട്ടെ...''

അനുപമ എന്റെ കൈകളില്‍ അധികാരത്തോടെ കയറിപ്പിടിച്ചു.

''ആഹാ! ഇതെന്ത് പോക്കാ?''

അനുപമ അലമാരയില്‍നിന്നും സ്‌കോച്ചെടുത്ത് രണ്ട് ഗ്ലാസുകളിലേക്കായി പകര്‍ന്നു. ചീയേഴ്‌സ് ആശംസിച്ചുകൊണ്ട് അവള്‍ എന്നെ ചേര്‍ത്തുപിടിച്ചു.

''സന്തോഷേ... എടാ തോല്‍വി സന്തോഷേ... നീ ഈ രാത്രിയില്‍ ജയിക്കുവാന്‍ പോകുവാടാ. രാജുമോനെ മലര്‍ത്തിയടിക്കുവാന്‍ പോകുവാടാ.''

''അതെങ്ങനെ?''

ഒരു പെഗ്ഗിന്റെ ഉണര്‍ച്ചയില്‍ ഞാനൊരു പ്രൈമറിക്ലാസിലെ കുട്ടിയായി.

കഥക്കു ശീലു പകരാനെന്ന മാതിരി ഗ്ലാസ് പിന്നെയും നിറഞ്ഞു.

അനുപമ കഥയുടെ കെട്ടഴിച്ചു. പാച്ചിയമ്മൂമ്മ പറഞ്ഞുതന്നിട്ടുള്ള യക്ഷിക്കഥകള്‍പോലെ നടുക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു അത്.

'ഗന്ധർവലോകം' എന്ന ഡ്രീം പ്രോജക്റ്റിന്റെ സി.ഇ.ഒ രാജുമോനാണ്. വന്‍പദ്ധതികളാണ് അവന്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അസംഖ്യം പക്ഷികളെ ഒറ്റ വലിപ്പില്‍ കോരിയെടുക്കാന്‍ കെൽപുള്ള വലപോലെയൊന്ന്. അതിന്റെ രൂപരേഖകളാണ് പട്ടില്‍ പൊതിഞ്ഞ ബ്രീഫ്‌കെയ്‌സിലുള്ളത്. ആ ദ്രവ്യത്തെ സാക്ഷ്യപ്പെടുത്തി കമ്പനി മേലധികാരിയുടെ ഭാര്യ പൂർവകാമുകനുമായി ബന്ധപ്പെട്ടാൽ ഗന്ധർവലോകത്തിലേക്കുള്ള വിഘ്‌നങ്ങള്‍ മുഴുവനും നീങ്ങിക്കിട്ടും. ഹൈടെക്ക് ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ ഒന്നും ഫലിക്കാതിരുന്നിട്ടില്ല. എല്ലാം അച്ചട്ടായിരുന്നത്രേ!

വിജയത്തിലേക്കുള്ള ആഭിചാരവഴികളില്‍ തോല്‍വി സന്തോഷ് പകച്ചുനിന്നു.

അനുപമ ഒരു ജനൽപാളി വിടര്‍ത്തി. അകത്തെ വെളിച്ചം അണഞ്ഞു. പൗർണമിത്തുടിപ്പില്‍ ഗന്ധർവന്‍പാറ. വൃക്ഷശിഖരങ്ങളില്‍ കാറ്റിന്റെ ചടുലനൃത്തം. കൈതോലപ്പുഴയുടെ അസ്സല്‍ കുളിര്. പാലപ്പൂക്കളുടെ വശ്യഗന്ധം. ഇരുട്ടിനു മീതെ മിന്നാമിനുങ്ങുകളുടെ സാന്ദ്രവെളിച്ചം. ശരിക്കും ഒരു ഗന്ധർവരാവ് തന്നെ!

പൊടുന്നനെ ഞാന്‍ ഗന്ധർവന്‍പാറയെ ഓര്‍ത്തു. പിന്നെ ആയിരത്തൊന്ന് രാവുകളിലെ ഷെഹറാസാദിനെയും.

ഞാന്‍ കഥ പറയുവാന്‍ തുടങ്ങി:

''ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പൗർണമിരാവില്‍ ഒരു ഗന്ധർവകുമാരന്‍ കൈതോലപ്പുഴയുടെ തീരത്ത് നടക്കാനിറങ്ങി. തീരത്ത് മണ്‍ചെരാതിന്റെ വെളിച്ചത്തില്‍ ഒറ്റക്കിരിക്കുന്ന യുവതിയെ കണ്ടു കുമാരന്‍ ഭ്രമിച്ചു. അനുവാദമില്ലാതെ അവളെ പ്രാപിക്കാന്‍ ശ്രമിച്ച ഗന്ധർവനെ അവള്‍ ശപിച്ചു. നീ ഒരു പാറയായിത്തീരട്ടെ!''

''ശാപമോക്ഷം വേണ്ടേ?''

''വേണ്ട. എന്നും ഗന്ധർവന്‍പാറ പാറയായിത്തന്നെ ഇരുന്നാല്‍ മതി.''

ഞാന്‍ കിടക്കയില്‍നിന്നും എഴുന്നേറ്റു.

''രാജുമോനോട് പറയൂ, ആ തോല്‍വി സന്തോഷ് പടിക്കല്‍ കലമുടച്ചെന്ന്.''

ഞാന്‍ ജീപ്പ് സ്റ്റാര്‍ട്ടു ചെയ്തു.

അടിവാരത്തെത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. സമരപ്പന്തലില്‍ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. അത് കെട്ടുപോയിരുന്നില്ല.

News Summary - madhyamam weekly malayalam story