Begin typing your search above and press return to search.
proflie-avatar
Login

ലീലാവതി ടീച്ചറുടെ ജീവചരിത്ര രചനകൾ

ലീലാവതി ടീച്ചറുടെ   ജീവചരിത്ര രചനകൾ
cancel
ഡോ. എം. ലീലാവതിയുടെ സർഗജീവിതത്തിൽ ചില അപൂർവ ജീവചരിത്ര കൃതികൾകൂടിയുണ്ട്. ആ രചനകളിലൂടെ സഞ്ചരിക്കുകയാണ് എഴുത്തുകാരിയും നിരൂപകയുമായ ലേഖിക.

ജീവിതാഖ്യാനങ്ങൾ, അത് ജീവചരിത്രമാകട്ടെ ആത്മകഥയാകട്ടെ, എന്നും വായനക്കാരെ ആകർഷിക്കുന്ന സാഹിത്യ ശാഖകളാണ്. മറ്റുള്ളവരുടെ ജീവിത പരിസരങ്ങളെ സംബന്ധിച്ച അപ്രതിരോധ്യമായ താൽപര്യംകൊണ്ട് അവരുടെ ചില പ്രത്യേക ജീവിത മുഹൂർത്തങ്ങളെ പ്രതിയുള്ള വിസ്മയംകൊണ്ടും പതിനെട്ടാം നൂറ്റാണ്ടിൽതന്നെ ഉദയംകൊണ്ട ജീവിതാഖ്യാന മേഖല ഇന്നും സമ്പുഷ്ടമാണ്. സമൂഹത്തിന്റെ യന്ത്രത്തെ പഠിച്ചെടുക്കാൻ ഉപയുക്തമായിട്ടുള്ളത് വ്യക്തികളെ പഠിക്കുന്നതാണെന്ന് 18ാം നൂറ്റാണ്ടിൽ ഗോഡ്‍വിൻ പ്രസ്താവിച്ചത് ഇന്നും പ്രസക്തംതന്നെ. ‘‘Biography is the art of bringing people to the life in all their idiosyncrasy and depth’’ എന്ന് Leo Damrosch പറഞ്ഞതും സ്മരണീയം.

ആരെക്കുറിച്ചാണോ രേഖപ്പെടുത്തുന്നത്, ആ വ്യക്തിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ വിവരങ്ങൾ, സ്വഭാവ സവിശേഷതകൾ എന്നിവയെ തന്റെ ധാർമിക ബോധത്തിലൂന്നി അവതരിപ്പിക്കുമ്പോഴാണ് കൃതി അനുഭവവേദ്യമാകുന്നത്. വസ്തുതകൾ നിരത്തുക എന്നതിനപ്പുറം വായനക്കാരെ അടുപ്പിക്കുന്ന ആഖ്യാന ഘടനയാണ് ജീവചരിത്രത്തിന്റെ ആകർഷണീയത. ജീവചരിത്രം കേവലം praise and teach morality എന്ന പ്ലൂട്ടാർക്കിന്റെ സമീപനത്തിൽനിന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ അവതരിപ്പിക്കുമ്പോൾ അതിലെ ​ഋണാത്മകമായ വസ്തുതകളെക്കൂടി ഉൾപ്പെടുത്തുമ്പോഴാണ് കൃതിക്ക് ബലംകിട്ടുക എന്ന സാമുവൽ ജോൺസന്റെ അഭിപ്രായം ഏറെ പ്രസക്തമാണ്.

സാഹിത്യത്തിന്റെ വിവിധ ശാഖകളെ സംബന്ധിച്ച ഉൾക്കാഴ്ചയുള്ള നിരവധി നിരൂപണങ്ങൾ, കവി സ്വത്വ പഠനങ്ങൾ, ഭാഷാ പഠനങ്ങൾ, സാഹിത്യ ചരിത്രങ്ങൾ, സാഹിത്യ പ്രസ്ഥാനങ്ങൾ, ദേശീയ അന്തർദേശീയ സാഹിത്യങ്ങൾ, വിവർത്തനങ്ങൾ എന്നിങ്ങനെ സാഹിത്യത്തിലെ ഒരുവിധം എല്ലാ മേഖലകളിലും തന്റെ ധിഷണ പതിപ്പിച്ച വ്യക്തിയാണ് ഡോ. എം. ലീലാവതി എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, എണ്ണംകൊണ്ട് കനത്തത് എന്ന് പറയാൻ കഴിയില്ലെങ്കിലും ഉൾക്കരുത്തുകൊണ്ട് ഒട്ടും മോശമല്ലാത്ത സംഭാവന ടീച്ചർ നൽകിയിട്ടുള്ള ജീവചരിത്രാഖ്യാനങ്ങൾ പ്രായേണ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് പതിവ്.

തന്റെ സാഹിത്യരചനാ സന്ദർഭങ്ങൾ വിശദമാക്കുന്ന അവസരത്തിൽ താൻ രചിച്ച ജീവചരിത്ര ഗ്രന്ഥങ്ങളെക്കുറിച്ച് ടീച്ചർ വലുതായി പരാമർശിക്കുന്നുമില്ല. ജീവിതപങ്കാളികളിലൂന്നി മലയാളത്തിലുണ്ടായ ജീവചരിത്രമെന്നോ സ്മരണകൾ എന്നോ വിളിക്കാവുന്ന പുസ്തകങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന അവസരത്തിലും (സ്ത്രീസ്വതാവിഷ്കാരം ആധുനിക മലയാള സാഹിത്യത്തിൽ) ലീലാവതി ടീച്ചർ തന്റെ ജീവചരിത്ര ഉദ്യമങ്ങളെ സൂചിപ്പിക്കുന്നില്ല. എന്നാൽ, ജീവിതത്തിൽ താൻ വെച്ചുപുലർത്തുന്ന ബോധ്യങ്ങൾ പൊതുമണ്ഡലത്തിൽ ചിലരിൽ കാണുമ്പോഴുള്ള ഒരു ഐക്യപ്പെടലിൽനിന്നുള്ള ഊർജത്തിൽനിന്ന് ടീച്ചർ എഴുതിയിട്ടുള്ള ജീവചരിത്രങ്ങൾ ശ്രദ്ധേയമാണ്.

1953ൽ രചിച്ച ‘ഫ്ലോറൻസ് നൈറ്റിംഗേൽ –അണയാത്ത ദീപം’ എന്ന ജീവചരിത്രമാണ് ടീച്ചറുടെ പ്രസിദ്ധീകൃതമായ ആദ്യ കൃതി എന്നത് പ്രധാനമാണ്. ‘വിളക്കേന്തുന്ന വനിത’ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജീവിതം ഒമ്പത് അധ്യായങ്ങളിലായി ടീച്ചർ വിവരിക്കുന്നു. ഇന്റർമീഡിയറ്റിന് കൊച്ചി പ്രവിശ്യയിൽനിന്ന് ശാസ്ത്രത്തിൽ ഏറ്റവുമധികം മാർക്ക് ലഭിച്ചിട്ടും തന്റെ ചിരകാലാഭിലാഷമായ ഡോക്ടർ പഠനം സാമ്പത്തിക ഭദ്രത ഇല്ലാത്തകാരണം സാധിക്കാതെ വന്നത് ടീച്ച​െറ വല്ലാതെ വിഷമിപ്പിച്ചു. ഡോക്ടർ ആയില്ലെങ്കിൽ ഒരു നഴ്സെങ്കിലും ആകണം എന്നതായിരുന്നു അക്കാലത്തെ പിന്നത്തെ ഇച്ഛ. അശരണരെയും രോഗികളെയും സ്നേഹവും സാന്ത്വനവും നൽകി പരിചരിക്കുക എന്നതായിരുന്നു ആ ​കൗമാരക്കാരിയുടെ താൽപര്യം.

കരുണയും അനുതാപവും രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ടീച്ചറിന്റെ ജീവിതഗതി വേറൊരു വഴിക്ക് തിരിഞ്ഞെങ്കിലും ഇച്ഛ പൂർണമായി മാഞ്ഞുപോയിരുന്നില്ല എന്നതിന്റെ നിദർശനമായി ഈ ഗ്രന്ഥത്തെ കാണാം. സമ്പന്നവും സമൂഹത്തിൽ സ്വാധീനവുമുള്ള ഒരു കുടുംബത്തിൽ ജനിച്ച ഫ്ലോറൻസ് നൈറ്റിംഗേൽ സ്ത്രീകളുടെ തുല്യ പദവിയിൽ വിശ്വസിച്ച വ്യക്തിയായിരുന്നു. തന്റെ ജീവിതം അന്യർക്കുതകുന്നതാകണം എന്ന നിശ്ചയദാർഢ്യത്തോടെ അവർ നഴ്സിങ് രംഗത്തേക്ക് കടന്നുവരികയായിരുന്നു. ക്രീമിയൻ യുദ്ധകാലത്ത് (1853-56) യുദ്ധത്തിൽ പരിക്കേറ്റ് ശരീരത്തിലും മനസ്സിലും ഉണങ്ങാത്ത മുറിവുകളുമായി ഉഴറിയ സൈനികർക്ക് സ്നേഹവും സാന്ത്വനവും പരിചരണവും നൽകി സേവനരംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിച്ച ആ മഹദ് വ്യക്തി ടീച്ചറെ ആകർഷിച്ചതിൽ തെല്ലും അത്ഭുതമില്ല.

സ്ത്രീകൾ കടന്നുവരാത്ത സൈനിക ആരോഗ്യ പരിപാലന രംഗത്ത് കടന്നുവന്ന് മുദ്രപതിപ്പിച്ച ഫ്ലോറൻസ് നൈറ്റിംഗേൽ പ്രദർശിപ്പിച്ച ധീരത സ്ത്രീകൾ കടന്നുവന്നിട്ടില്ലാത്ത നിരൂപണ രംഗത്ത് എത്താൻ ടീച്ചർക്ക് പ്രചോദനം ആയിട്ടു​ണ്ടാകും. ‘സഞ്ചാരിണീ ദീപശിഖേവ’, ‘ഭുവന സംഗമിങ്ങതിൽ, സ്നേഹ മൂലമമലേ! വെടിഞ്ഞു’ എന്നിങ്ങനെ കാളിദാസനെയും ആശാനെയും ചേർത്തുപിടിച്ചുകൊണ്ട് സാഹിതീയമായ ശൈലിയിലൂടെ ഫ്ലോറൻസ് നൈറ്റിംഗേലിനെ അവതരിപ്പിക്കുന്ന രീതി പുതിയൊരനുഭവമായിരുന്നു.

വേറെയും ചില ചെറിയ ജീവിതാഖ്യാനങ്ങൾ ടീച്ചർ നിർവഹിച്ചിട്ടുണ്ട്. ഗാന്ധിജി (അണയാത്ത ദീപം), മൗലാനാ അബുൽ കലാം ആസാദ്, എബ്രഹാം ലിങ്കൺ എന്നിവരുടെ ജീവചരിത്രങ്ങൾ ബൃഹത്തല്ലെങ്കിലും ചിന്തോദ്ദീപകം തന്നെയാണ്. വള്ളത്തോളിന്റെ ‘ജാതകം തിരുത്തി’ എന്ന കവിതയിലെ വരികൾ ഉദ്ധരിച്ച് തുടങ്ങുന്ന ഒന്നാം അധ്യായം തൊട്ട് ഒരു മഹാ ജനതതിയുടെ വിധി തിരുത്തിക്കുറിച്ച ഗാന്ധിജി ഏകതാബോധം നഷ്ടപ്പെട്ട് ചിതറിക്കിടന്നിരുന്ന ഭാരത ജനകോടികളെ കൂട്ടിയിണക്കി ഒരൊറ്റ ജനതയാക്കി വാർത്തെടുക്കുന്നതിനുവേണ്ടി തന്റെ ചോരയും വിയർപ്പും കണ്ണീരും ഒഴുക്കിയതെങ്ങനെ എന്നതിന്റെ ഏകദേശ ചിത്രം കൃത്യമായി നൽകുന്നു.

‘അണയാത്ത ദീപം’ എന്ന ശീർഷകം അദ്ദേഹത്തിനു ഗ്രന്ഥകാരി ചാർത്തിക്കൊടുക്കുന്നതെങ്ങനെ എന്ന് കൃത്യമായ വിവരണത്തിലൂടെ വിശദമാക്കിത്തരുന്നുണ്ട്. മൂന്ന് ഭാഗങ്ങളിലായി വിഭജിച്ച പുസ്തകത്തിൽ ഏഴ്, പതിനാല്, ഒമ്പത് അധ്യായങ്ങളാണുള്ളത്. പുതുയുഗത്തിന്റെ ഇടയൻ എന്ന് ടീച്ചർ വിശേഷിപ്പിക്കുന്ന ഗാന്ധിജിയുടെ ബാല്യം, പഠനം, രാഷ്ട്രീയ പ്രവേശം, മനുഷ്യസേവനം സമരത്തിലൂടെ എന്ന സമീപനത്തിന്റെ ആരംഭം, സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം, വിഭജനകാലത്ത് പഞ്ചാഗ്നിമധ്യത്തിലെന്നോണമുള്ള നിലയുറപ്പിക്കൽ, അന്തിമ ബലിദാനം എന്നിവയെല്ലാം വായനക്കാരന്റെ മനസ്സിൽ പതിയുംവണ്ണം ടീച്ചർ അവതരിപ്പിച്ചിരിക്കുന്നു.

ഒരു മികച്ച അധ്യാപികയായ ലീലാവതി ടീച്ചർക്ക് വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളോട് ആദരവ് തോന്നുക സ്വാഭാവികം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സജീവ സേനാനിയെന്ന നിലയിൽ പ്രഖ്യാതനാണെങ്കിലും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലാണ് മൗലാനാ അബുൽ കലാം ആസാദിനെ ചരിത്രം ആദരിക്കുന്നത്. ദേശീയ സമരം, ദേശീയ വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറപാകൽ എന്നിവക്കെല്ലാം ആസാദ് നൽകിയ സംഭാവനകളുടെ രൂപരേഖ ടീച്ചർ അവതരിപ്പിക്കുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തനത്തിനപ്പുറം നല്ലൊരു എഴുത്തുകാരനും ആയിരുന്നു ആസാദ് എന്നത് അദ്ദേഹത്തോടുള്ള ടീച്ചറിന്റെ ആദരവ് വർധിപ്പിച്ചിരിക്കാം.

ടീച്ചർ എഴുതിയിട്ടുള്ള മറ്റൊരു ജീവചരിത്രം എബ്രഹാം ലിങ്കണെപ്പറ്റിയാണ്. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ മാത്രമല്ല അടിമത്തം അവസാനിപ്പിക്കുന്നതിനുവേണ്ടി കൊണ്ടുവന്ന വിമോചന വിളംബരത്തിന്റെ പേരിലാണ് ലിങ്കൺ ആരാധ്യനായിത്തീരുന്നത്. പ്രാന്തവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിനുവേണ്ടി ഏറ്റവും അനുതാപത്തോടുകൂടി നിലകൊള്ളുകയും തന്റെ ബോധ്യങ്ങളിൽനിന്ന് വ്യതിചലിക്കാത്തതിന്റെ പേരിൽ വധിക്കപ്പെടുകയുംചെയ്ത എബ്രഹാം ലിങ്കൺ നിലപാടുകളിലും ബോധ്യങ്ങളിലും ചാഞ്ചാട്ടമില്ലാത്ത ടീച്ചറെ ആകർഷിച്ചതും ആ ജീവിതം രേഖപ്പെടുത്തിയതും സ്വാഭാവികം മാത്രം.

ഡോ. എം. ലീലാവതി

ക​വി​താ സാ​ഹി​ത്യ​ച​രി​ത്ര​വും നാ​ലു പ്ര​സി​ദ്ധ ക​വി​ക​ളു​ടെ കാ​വ്യ​ലോ​ക പ​ഠ​ന​വും ര​ചി​ച്ച ലീ​ലാ​വ​തി ടീ​ച്ച​ർ ക​വി​ക​ളു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ൾ ര​ചി​ച്ചി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യുടെ Making of Indian Literature പ​ര​മ്പ​ര​യ്ക്കു​വേ​ണ്ടി​യാ​ണ് മ​ഹാ​ക​വി ജി. ​​ശ​ങ്ക​ര​കു​റു​പ്പി​ന്റേ​യും ഇ​ട​ശ്ശേ​രി ഗോ​വി​ന്ദ​ൻ​നാ​യ​രു​ടേ​യും ജീ​വ​ച​രി​ത്ര​ങ്ങ​ൾ ടീ​ച്ച​ർ എ​ഴു​തു​ന്ന​ത്. എ​ട്ട് അ​ധ്യാ​യ​ങ്ങ​ളു​ള്ള ഗ്ര​ന്ഥ​ത്തി​ൽ ജീ​വ​ച​രി​ത്രാം​ശ​ങ്ങ​ൾ​ക്ക​ല്ല ക​വി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​യ്ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​താ ച​ക്ര​വാ​ളം എ​ങ്ങനെ വി​ക​സ്വ​ര​മാ​യെ​ന്നും അ​തി​ൽ എ​ന്തെ​ല്ലാം നി​റ​ഭേ​ദ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്നും ടീ​ച്ച​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ഒ​രു ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന് തു​ല്യ​മാ​യ രീ​തി​യി​ൽ ‘മ​ഹാ​ക​വി ജി​യു​ടെ കാ​വ്യ​ജീ​വി​തം’ ഇ​തി​നു പ​ത്തു കൊ​ല്ലം മു​മ്പ് ടീ​ച്ച​ർ ര​ചി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ഒ​ട്ടും വൈ​കാ​തെ ത​ന്നെ കേ​ന്ദ്ര​ സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്കു വേ​ണ്ടി ടീ​ച്ച​ർ ഇ​ട​ശ്ശേ​രി ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ ജീ​വ​ച​രി​ത്ര​വും ര​ചി​ച്ചു. നി​യോ​ഗി​ച്ച പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം മാ​നി​ച്ച് ഇ​തി​ലും കാ​വ്യ​ജീ​വി​ത​വൃത്തിക്കാണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഭൂ​ത​ വ​ർ​ത്ത​മാ​ന ഭവി​ഷ്യ​ൽ കാ​ല​ങ്ങ​ളെ ഹ്രസ്വ​മാ​യ ഒ​രാ​യു​സ്സി​ൽ സ​മ​ന്വ​യി​പ്പി​ച്ച ക​വി എ​ന്ന് ടീ​ച്ച​ർ വി​ശ്വ​സി​ക്കു​ന്ന (വ​ർ​ണ​രാ​ജി​ക​ൾ 1978) ഇ​ട​ശ്ശേ​രി​യു​ടെ കാ​വ്യ ജീ​വി​ത​ത്തി​ലൂ​ന്നി അ​ദ്ദേ​ഹ​ത്തെ പ്രൗ​ഢ​മാ​യി​ത്ത​ന്നെ ടീ​ച്ച​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

കേ​ര​ള ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ന് വേ​ണ്ടി​യാ​ണ് വ​ള്ള​ത്തോ​ളി​ന്റെ ജീ​വ​ച​രി​ത്രം ടീ​ച്ച​ർ ത​യാ​റാ​ക്കു​ന്ന​ത്. ഈ ​കൃ​തി​യി​ൽ വ​ള്ള​ത്തോ​ളി​ന്റെ കാ​വ്യ​ജീ​വി​ത​ത്തെ പു​തി​യൊ​രു വെ​ളി​ച്ച​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. വ​ള്ള​ത്തോ​ളി​ന്റെ കാ​വ്യ​ വ്യക്തിത്വത്തി​ലേ​ക്ക് വെ​ളി​ച്ചം വീശു​ന്ന ദീ​പ​ശി​ഖ​ക​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പു​രാ​ണ ഉ​പാ​ഖ്യാ​ന​ങ്ങ​ളി​ൽപോ​ലും അ​ധീ​ശധി​ക്കാ​രം എ​ന്ന വ​സ്തു​ത ക​ട​ന്നു​വ​രു​ന്ന​തെ​ങ്ങനെ​യെ​ന്ന് ലേ​ഖി​ക കാ​ണി​ച്ചു ത​രു​ന്നു. ഇ​തേ സ്വ​ഭാ​വ​വി​ശേ​ഷം ത​ന്നെ​യാ​ണ് ഒ​രു ദേ​ശീ​യ സ്വത്വ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് വ​ള്ള​ത്തോ​ളി​നെ സ​ഹാ​യി​ച്ചത്. വ​ള്ള​ത്തോ​ളി​നെ അദ്ദേഹം ജീ​വി​ച്ച കാ​ല​ത്തോ​ടും സ്ഥ​ല​ത്തോ​ടും ബ​ന്ധി​പ്പി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​ത എ​ങ്ങ​നെ ക​ാലാ​തിവ​ർ​ത്തിയാകു​ന്നു​വെ​ന്ന് ടീ​ച്ച​ർ യു​ക്തി​പൂ​ർ​വം അ​വ​ത​രി​പ്പി​ക്കു​ന്നു. 12 അ​ധ്യാ​യ​ങ്ങ​ളു​ള്ള ഈ ​കൃ​തി​യി​ൽ മു​ഖ്യ കൃ​തി​ക​ളെ പ​രാ​മ​ർ​ശി​ക്കു​ന്ന​തോ​ടൊ​പ്പം ക​വി​യു​ടെ ഭാ​വ​ന സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ​യും അ​തീന്ദ്രമായ ക​ർ​മ​നി​ര​ത​ത്വത്തി​ന്റെ​യും അ​ത്യസാ​ധാ​ര​ണ​മാ​യ വൈ​പു​ല്യം വ്യ​ക്ത​മാ​ക്കാ​ൻ താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട് എ​ന്ന് ടീ​ച്ച​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട് (ധ്വ​നിപ്ര​യാ​ണം, 2024, P. 138).

ഒ​രു ജീ​വ​ച​രി​ത്രം മ​ഹ​ത്ത​രം ആ​കു​ന്ന​ത് വ​സ്തു​താ​പ​ര​മാ​യ ശ​രി​ക​ൾ ക്ര​മാ​നു​ഗ​ത​മാ​യി വാ​യ​ന​ക്ഷമ​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മ​ല്ല ആ​രെ​ക്കു​റി​ച്ചാ​ണോ പ​റ​യു​ന്ന​ത് ആ ​വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ ക​രുപ്പി​ടി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ, ജീ​വി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് ശ​രി തെ​റ്റു​ക​ൾ മ​ന​സ്സി​ലാ​ക്കി സ്വ​ഭാ​വ​ത്തി​ലെ സ​ങ്കീ​ർ​ണ​ത​ക​ളെ വി​ല​യി​രു​ത്തു​മ്പോ​ഴാ​ണ്. അ​ല്ലെ​ങ്കി​ൽ കേ​വ​ല വിവരണവും ജീ​വ​ച​രി​ത്ര​വും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ല​ല്ലോ. ഇ​തി​ന് പ്ര​തി​ബദ്ധ​ത​യോ​ടു​കൂ​ടി​യ ഗ​വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ മ​ല​യാ​ള ജീ​വ​ച​രി​ത്ര ശാ​ഖ​യെ വി​സ്മ​യി​പ്പി​ക്കു​ന്ന കൃ​തി​യാ​ണ് ടീ​ച്ച​റു​ടെ (2010ൽ ​പു​റ​ത്തി​റ​ങ്ങി​യ) ഇ​ന്ദി​രാ​ഗാ​ന്ധി എ​ന്ന ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം.

ഗാ​ന്ധി​ജി​യോ​ട് ഒ​രു ഋ​ഷി​യോ​ടു​ള്ള ആ​ദ​ര​വും നെ​ഹ്‌​റു​വി​നോ​ട് ഒ​രു വീ​ര​നാ​യ​ക​നോ​ടു​ള്ള ആ​രാ​ധ​നാ ഭാ​വ​വും വെ​ച്ചു പു​ല​ർ​ത്തി​യി​രു​ന്ന ലീ​ലാ​വ​തി ടീ​ച്ച​ർ മനംനിറഞ്ഞ് സ്നേഹിച്ച രാഷ്ട്രീയ വ്യക്തിത്വമാണ് ഇന്ദിര ഗാന്ധി. അവരുടെ മരണ ശേഷം ആ തീവ്രദുഃഖം ഒഴുകാതെ നിന്നപ്പോൾ വഴിതുറന്നു കിട്ടാൻ വേണ്ടിയാണ് ‘രക്തബിന്ദു’ എന്ന കവിത രചിക്കുന്നത്. ആ വികാരാവേശത്തിൽ ജീവചരിത്രമെഴുതിയാൽ അതിനാവശ്യമായ വസ്‍തുനിഷ്ഠതയുടെയും നിർവികാരതയുടെയും അകലം പാലിക്കാൻ കഴിയ​ുമോ എന്ന സന്ദേഹംകൊണ്ടാണ് മരണത്തിനു ശേഷം രണ്ടു വ്യാഴവട്ടക്കാലം കഴിഞ്ഞ് ഈ രചന നിർവഹിച്ചത്.

അതിനു നടത്തിയ സജ്ജീകരണങ്ങൾ അത്ഭുതാവഹമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനം ഇന്ധിര ഗാന്ധിക്കു പറ്റിയ പിഴവാണെന്ന് ടീച്ചർ സമ്മതിക്കുന്നുണ്ട്. പക്ഷേ ആ പിഴവിലേക്ക് അവരെ ഒരു വേട്ടമൃഗത്തെപ്പോലെ എത്തിച്ച സാഹചര്യത്തിൽ അധികാരം കൈയാളുന്നത് ഒരു സ്ത്രീയാണെന്നതിൽ വളർന്നുവന്ന പുരുഷസഹജമായ അസഹിഷ്ണുതകൂടി ഉൾപ്പെടുന്നു എന്ന് ടീച്ചർ സൂചിപ്പിക്കുന്നു. അവരുടെ ദൗർബല്യങ്ങളെ ധീരേന്ദ്ര ബ്രഹ്മചാരി, സഞ്ജയ് ഗാന്ധി തുടങ്ങിയ നിരവധിപേർ ചൂഷണംചെയ്ത് സ്ഥിതി വഷളാക്കിയതെങ്ങനെയെന്നും ടീച്ചർ വിശദീകരിക്കുന്നു.

ഇന്ദിരാഗാന്ധിയുമായി അടുത്ത അടുപ്പമുണ്ടായിരുന്ന ഇവർക്കയച്ച കത്തുകൾ, സാഹിത്യ രചനക എന്നിങ്ങനെ പല ഉപാധികൾ പഠന വിധേയമാക്കിയാണ് ടീച്ചർ വസ്തുതകൾ നിരത്തുന്നത്. ശൈല ശിഖിരത്തിൽനിന്ന് കോൾകൊണ്ട കടലിലേക്ക്, കൊടുങ്കാറ്റിലുലയുന്ന കപ്പൽ, വിഷാദയോഗവും ഉയിർത്തെഴുന്നേൽപ്പും എന്നീ അധ്യായങ്ങളിലൂടെ ഇന്ദിരാ ഗാന്ധിയെ പുതിയൊരു വെളിച്ചത്തിൽ കാണാൻ ടീച്ചർ പ്രേരിപ്പിക്കുന്നു. ആ വ്യക്തിത്വം രൂപപ്പെടുത്തിയ ബാല്യകാലാനുഭവങ്ങൾ മുതൽ ഒരു ഭരണാധികാരി എന്ന നിലയിൽ അവർ നേരിട്ട വെല്ലുവിളികളും അവയെ ഇന്ദിരാഗാന്ധി നേരിട്ട രീതികളും അവതരിപ്പിക്കുമ്പോൾ ആ വസ്തുതകൾ ശേഖരിക്കാൻ ടീച്ചർ പ്രദർശിപ്പിക്കുന്ന ശുഷ്കാന്തിയെ നമസ്കരിക്കാതെ വയ്യ.

ഏതാണ്ട് ഇതേ രീതിയിൽ തന്നെയാണ് കമല ഹാരിസി​ന്റെ ജീവിതയാത്ര എന്ന ഗ്രന്ഥം ടീച്ചർ രചിക്കുന്നത്. മിണ്ടിത്തുടങ്ങാൻ ശ്രമിക്കുമ്പോൾതന്നെ സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കാൻ താൽപര്യം കാണിച്ച ഒരു പെൺകുട്ടി അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ വഴികൾ അത്ഭുതാദരങ്ങളോടെ മാത്രമേ ടീച്ചർക്ക് കാണാൻ കഴിയൂ. ചുരുക്കം ചില ജീവചരിത്രങ്ങളേ ടീച്ചർ രചിച്ചിട്ടുള്ളൂ. എങ്കിലും അവ യെല്ലാംതന്നെ സാഹിത്യത്തിൽ ടീച്ചർ പ്രദർശിപ്പിക്കുന്ന പ്രതിബദ്ധതയുടെയും ആർജവത്തിന്റെയും മുദ്ര വഹിക്കുന്നവയാണ്. തന്റെ വിശ്വാസപ്രമാണങ്ങളോട് ചേർന്നുനിൽക്കുന്നവരെ മാത്രമേ ടീച്ചർ പഠനവിഷയമാക്കുന്നുള്ളൂ. പക്ഷേ, പഠനവിധേയമാക്കുമ്പോൾ അതിൽ മുഴുവനായും ഉൾച്ചേർന്നുകൊണ്ടാണ് എന്നതാണ് ഈ കൃതികളെ അനന്യമാക്കുന്നത്.

Show More expand_more
News Summary - Dr. M. Leelavathi's creative career