Begin typing your search above and press return to search.
proflie-avatar
Login

ജാതിവിരുദ്ധ പോരാട്ടങ്ങളും ദലിതരുടെ പ്രയാണങ്ങളും

ജാതിവിരുദ്ധ പോരാട്ടങ്ങളും   ദലിതരുടെ പ്രയാണങ്ങളും
cancel

ചരിത്രകാരനായ ഡോ. സനൽ മോഹനും പീറ്റർ മാത്യുവും ചേർന്നെഴുതിയ ‘കരിക്കോട്ടക്കരി’ എന്ന കൃതി കേരളത്തിലെ കുടിയേറ്റ പഠനത്തിനും ചരിത്രവിജ്ഞാനീയത്തിനും രീതിശാസ്ത്രപരമായും സങ്കൽപനപരമായും പുതിയ ദിശയാണ് നൽകുന്നതെന്ന് വാദിക്കുകയാണ് ലേഖകർ. കൂടാതെ, ദലിതരുടെ ജാതിവിരുദ്ധ പ്രയാണങ്ങളെക്കുറിച്ചും എഴുതുന്നു. ആധുനിക കേരളത്തിന്റെ ചരിത്രകാരന്മാരിൽ അനന്യമായ സ്ഥാനമാണ് പ്രഫ. പി. സനൽ മോഹനുള്ളത്. ഗവേഷണ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, പുതിയ ഉപാദാനങ്ങളുടെ ഭാവനാപരമായ വീണ്ടെടുക്കലും വിമർശനാത്മക വായനയും അക്കാദമിക് പാണ്ഡിത്യത്തിന്റെ ജ്ഞാനാധികാരത്തെ വെല്ലുവിളിക്കുകയും അതേസമയം ഗവേഷണത്തിലെ ഉന്നതമാനദണ്ഡങ്ങളിൽ...

Your Subscription Supports Independent Journalism

View Plans
ചരിത്രകാരനായ ഡോ. സനൽ മോഹനും പീറ്റർ മാത്യുവും ചേർന്നെഴുതിയ ‘കരിക്കോട്ടക്കരി’ എന്ന കൃതി കേരളത്തിലെ കുടിയേറ്റ പഠനത്തിനും ചരിത്രവിജ്ഞാനീയത്തിനും രീതിശാസ്ത്രപരമായും സങ്കൽപനപരമായും പുതിയ ദിശയാണ് നൽകുന്നതെന്ന് വാദിക്കുകയാണ് ലേഖകർ. കൂടാതെ, ദലിതരുടെ ജാതിവിരുദ്ധ പ്രയാണങ്ങളെക്കുറിച്ചും എഴുതുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രകാരന്മാരിൽ അനന്യമായ സ്ഥാനമാണ് പ്രഫ. പി. സനൽ മോഹനുള്ളത്. ഗവേഷണ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, പുതിയ ഉപാദാനങ്ങളുടെ ഭാവനാപരമായ വീണ്ടെടുക്കലും വിമർശനാത്മക വായനയും അക്കാദമിക് പാണ്ഡിത്യത്തിന്റെ ജ്ഞാനാധികാരത്തെ വെല്ലുവിളിക്കുകയും അതേസമയം ഗവേഷണത്തിലെ ഉന്നതമാനദണ്ഡങ്ങളിൽ നിഷ്കർഷ പുലർത്തുകയും ചെയ്യുന്ന ഭാവനാപൂർണമായ രീതിശാസ്ത്രം (Methodology) എന്നിവയാണ് ഈ സവിശേഷതയുടെ ചില കാരണങ്ങൾ.

കൊളോണിയൽ ആധുനികത, നവോത്ഥാനം, പൗരസമൂഹ രൂപവത്കരണം, മലബാർ കുടിയേറ്റം മുതലായ കേരളത്തിലെ ചരിത്രമുഹൂർത്തങ്ങളെ ദലിത് സാമൂഹിക അനുഭവങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തി ആഴത്തിൽ പുനർവിചിന്തനം ചെയ്യുന്നതിലാണ് അദ്ദേഹം ശ്രദ്ധചെലുത്തുന്നത്. സാമൂഹിക അനുഭവങ്ങളിൽ അന്തർലീനമായ ജാതി അടിമത്തത്തിന്റെയും അതിനെതിരെയുള്ള പോരാട്ടങ്ങളുടെയും എഴുതപ്പെടാത്ത വൈകാരിക ചരിത്രം വാമൊഴിയിലൂടെയും ഓർമകളിലൂടെയും പുനരാവിഷ്കരിക്കപ്പെടുന്നു.

സനൽ മോഹൻ സഹോദരനായ പീറ്റർ മാത്യുവുമായി ചേർന്നെഴുതിയ, വടക്കേ മലബാറിലെ കരിക്കോട്ടക്കരി എന്ന കുടിയേറ്റ ഗ്രാമത്തിലെ മുതിർന്ന ദലിത് ക്രൈസ്തവ മാതാപിതാക്കളുടെ ജീവിതാഖ്യാനങ്ങളുടെ സമാഹാരമായ ‘കരിക്കോട്ടക്കരി: പുതിയ ആകാശവും പുതിയഭൂമിയും തേടി, ദലിത് ക്രൈസ്തവരുടെ മലബാർകുടിയേറ്റം’, കെ. സത്യനാരായണക്കും റാം നാരായൺ റാവത്തിനുമൊപ്പം ദലിത് പഠനകൂട്ടായ്മയുടെ (Dalit Studies Collective) ഭാഗമായി എഡിറ്റ് ചെയ്ത ‘ദലിതരുടെ അന്തസ്സിനുവേണ്ടിയുള്ള പ്രയാണങ്ങൾ: മതവും സ്വാതന്ത്ര്യവും ജാതിയും’ (Dalit Journeys for Dignity: Religion, Freedom and Caste), ‘കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും’ എന്ന ലേഖന സമാഹാരം എന്നീ കൃതികളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഗവേഷണത്തിലെ ചില കേന്ദ്രപ്രമേയങ്ങളെ പരിശോധിക്കുകയാണിവിടെ.

വ്യവസ്ഥാപിത സെക്കുലർ രാഷ്ട്രീയ ഘടനക്ക് പുറത്ത് മതപരിവർത്തനത്തിലൂടെയും ദൈനംദിന ജോലിയുടെ ചാക്രികതയിലൂടെയും ഭക്ഷണശീലങ്ങളിലും വസ്ത്രധാരണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെയും ആവിഷ്കരിക്കപ്പെടുന്ന ദലിതരുടെ മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രയാണങ്ങളുടെ വിമോചന രാഷ്ട്രീയത്തെ സൂക്ഷ്മതയോടെ കണ്ടെത്തുന്നത്, ജാതിവിരുദ്ധ സമരങ്ങളിലൂടെ രൂപപ്പെടുന്ന ദലിത് ബൗദ്ധികതയുടെ വംശാവലി വീണ്ടെടുത്ത് കേരളത്തിലെ അധീശ രാഷ്ട്രീയ-സാംസ്കാരിക വ്യവഹാരങ്ങളെയും സ്വത്വബോധത്തെയും വിമർശനവിധേയമാക്കുന്നത് എന്നീ കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിശദമായി വിശകലനം ചെയ്യുന്നത്. സനൽ മോഹന്റെ ചരിത്രരചനയുടെ സവിശേഷമാനങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായ ചില നിരീക്ഷണങ്ങളാണ് അവസാനഭാഗത്ത്.

മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനുമായുള്ള ദലിതരുടെ പ്രയാണങ്ങൾ

ജാതി അടിച്ചമർത്തലിന്റെയും അതിനെതിരെയുള്ള പോരാട്ടത്തിന്റെയും സാമൂഹിക അനുഭവങ്ങൾ വീണ്ടെടുത്ത് അവക്ക് കനമുള്ള വിവരണം (thick description) നൽകി ദലിത് കേന്ദ്രീകൃത ചരിത്രമെഴുതുന്ന രീതിയാണ് ‘കരിക്കോട്ടക്കരി’ എന്ന പുസ്തകത്തിൽ സനൽ മോഹനും പീറ്റർ മാത്യുവും പിന്തുടരുന്നത്. 1940-1950കളിലെ കേരളത്തിലെ സവിശേഷമായ ചരിത്രസന്ദർഭത്തിൽ വടക്കൻ കേരളത്തിലെ കരിക്കോട്ടക്കരിയെന്ന കുടിയേറ്റ ഗ്രാമത്തിൽ ജാതി വരേണ്യതകൊണ്ട് ദലിതർക്കുമേൽ ഹിംസയും അപമാനവും ചൊരിഞ്ഞ പ്രബലസമുദായങ്ങളിലെ ഒരുവിഭാഗം മർദകരായ മനുഷ്യരെ കുറ്റവിചാരണ ചെയ്യുകയല്ല ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

മറിച്ച്, സാമൂഹിക ശരീരത്തിനുമേൽ ജാതിമർദനത്തിന്റെ അനുഭവങ്ങൾ അവശേഷിപ്പിച്ച വ്രണങ്ങളെ മർദകരുടെ തുറന്നുപറച്ചിലും അനുതാപവുംകൊണ്ട് സുഖപ്പെടുത്തി കൂടുതൽ ജനാധിപത്യവും സാഹോദര്യവും ക്രൈസ്തവ മാനവികതയും പുലരുന്ന കാലത്തിന്റെ വളർച്ചക്കും അങ്ങനെ ഏറ്റവും എളിയവരായ മനുഷ്യരുടെ അന്തസ്സ് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ കൃതി വിഭാവനചെയ്തിരിക്കുന്നത്.

‘കരിക്കോട്ടക്കരി’ എന്ന കൃതി കേരളത്തിലെ കുടിയേറ്റ പഠനത്തിനും ചരിത്രവിജ്ഞാനീയത്തിനും രീതിശാസ്ത്രപരമായും സങ്കൽപനപരമായും പുതിയ ദിശയാണ് നൽകുന്നത്. അധീശവ്യവഹാരങ്ങൾ അദൃശ്യമാക്കുന്ന ജാതി അടിമത്തത്തിന്റെയും അടിമവ്യാപാരത്തിന്റെയും നീണ്ട നിഴലുകൾ ‘കരിക്കോട്ടക്കരി’യിലെ പുലയർ അവരുടെ മാതാപിതാക്കളെക്കുറിച്ചും പൂർവികരെക്കുറിച്ചും പറയുന്ന ജീവിതാനുഭവങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഞാറു നടാൻ വരാത്തതിന്റെ പേരിൽ നഗ്നമാറിടത്തിന് കുറുകെ ജന്മിയുടെ അടിയേറ്റ് ആ മുറിവ് പഴുത്ത് മരിക്കുന്ന അമ്മായിമ്മയെക്കുറിച്ച് മറിയം വർക്കിയും കാളപൂട്ടാൻ ചെല്ലാതിരുന്നതിന് തന്റെ പിതാവിന്റെ അമ്മയുടെ അമ്മാവനെ വെട്ടിക്കൊന്ന സംഭവം ദേവസ്യാ തുരുത്തിക്കരയുടെ ആഖ്യാനത്തിലും കാണാം.

നവോത്ഥാന കാലഘട്ടമെന്നറിയപ്പെടുന്ന 19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമാണ് ഇതൊക്കെ കേരളത്തിൽ നടക്കുന്നത്. തിരുവിതാംകൂറിൽ അടിമപ്പണിയുടെയും നിർബന്ധിത ജോലിയുടെയും തടങ്കലിലായിരുന്ന ഭൂരഹിതരായ ദലിത് ക്രൈസ്തവർ ജീവിതസ്വാതന്ത്ര്യത്തെ പുൽകാനുള്ള വഴിയായാണ് മലബാർ കുടിയേറ്റത്തെ കണ്ടത്. സ്വന്തം അധ്വാനത്തിനുമേൽ നിയന്ത്രണം നേടി വരുംതലമുറക്കായി അതിനെ വിനിയോഗിക്കാൻ നാമമാത്ര കർഷകരും കർഷകത്തൊഴിലാളികളുമായ ദലിത് ക്രൈസ്തവർക്ക് സാധ്യത തെളിയുന്ന ഘട്ടമാണിത്. ഭൂമിക്കും നല്ല ജീവിതത്തിനും വേണ്ടിയുള്ള അദമ്യമായ ആഗ്രഹം ഇവിടെ വിപ്ലവകരമായ സാമൂഹികമാറ്റത്തിന് പ്രചോദനമാകുന്നു. ‘കരിക്കോട്ടക്കരി’യിലെ ദലിത് ക്രൈസ്തവർ സ്വന്തമായി ഭൂമി വാങ്ങി നാണ്യവിളകളുൾപ്പെടെ കൃഷിചെയ്ത് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന സാഹചര്യം ഉരുത്തിരിയുന്നതായി കാണാം.

മലബാറിലേക്ക് കുടിയേറുന്നതിനുമുമ്പ് അന്തസ്സോടെ വഴിനടക്കാനായി സുറിയാനി പള്ളിയിൽ ചേർന്ന അങ്ങേയറ്റം ദരിദ്രരായ പുതുക്രിസ്ത്യാനികളായ ഇടവക അംഗങ്ങളുടെ ആചാര അധ്വാനത്തെയും വിശ്വാസദൃഢതയെയും വരെ കവരുന്ന ദയാരഹിതമായ ചൂഷണഘടന മധ്യതിരുവിതാംകൂറിലെ പള്ളികളിൽ നിലനിന്നിരുന്നുവെന്ന അനുഭവസാക്ഷ്യങ്ങളേറെയുണ്ട് പുസ്തകത്തിൽ. സ്വന്തം സമുദായത്തിന്റെ ആചാരപരമായ കടങ്ങൾ വീട്ടാൻ കിടപ്പാടം വിൽക്കേണ്ടി വരുന്ന മരുത്തോൻ ഔസേഫ് മൂപ്പന്റെ അനുഭവം ഇതിന് ഉദാഹരണമാണ്.

1954ൽ ‘കരിക്കോട്ടക്കരി’യിൽ സ്ഥാപിച്ച പള്ളിയുടെ നിർമാണത്തിന് നെഗളിച്ച് പണിചെയ്ത പുലയരെ പിന്നീട് പൂച്ചകളെന്ന് വിളിച്ച് അവഹേളിക്കാനും അവരുടെമേൽ കൊടിയ മർദനം അഴിച്ചുവിടാനും സുറിയാനി ക്രിസ്ത്യാനികളായ ഒരുവിഭാഗം ഇടവകാംഗങ്ങൾക്ക് ഒരു മടിയും തോന്നാത്തത് ജാതിവരേണ്യതയുടെ ഈ ഘടന കുടിയേറ്റ പ്രദേശങ്ങളിലും പുനരുൽപാദിപ്പിക്കപ്പെട്ടതുകൊണ്ടാണ്. പള്ളിയിലെ കൈക്കാരിൽ ഒരാളായി പഴയകാലായിൽ മത്തായി എന്ന ദലിത് ക്രൈസ്തവനെ നിയമിച്ചതും പുതുക്രിസ്ത്യാനിയായ കച്ചാലിമലയിൽ വർക്കി ഗീവർഗീസ് പുണ്യാളച്ചന്റെ പെരുന്നാൾ ഏറ്റെടുത്ത് വിപുലമായി നടത്തിയതും, പുലയർക്കിടയിൽനിന്ന് സമുദായബോധമുള്ള സംഘടിത നേതൃത്വം ഉയർന്നുവന്നതും സ്വന്തമായി സ്ഥലം വാങ്ങി ഓഫിസ് സ്ഥാപിച്ചതും സുറിയാനി ക്രിസ്ത്യാനികളിലെ ഒരുവിഭാഗത്തിന് കടുത്ത അമർഷമുണ്ടാക്കി.

1959ൽ ഇ.എം.എസ് മന്ത്രിസഭക്ക് എതിരെയുള്ള വിമോചനസമരത്തിൽ ദലിത് ക്രൈസ്തവർ പങ്കെടുക്കാതെ മാറിനിന്നതോടെ സംഘർഷം അതിന്റെ പാരമ്യത്തിലെത്തി. ചിന്നമ്മ ദേവസ്യയുടെ അനുഭവക്കുറിപ്പിൽ ഈ കാലഘട്ടത്തിൽ കരിക്കോട്ടക്കരി പള്ളിയിൽ കുമ്പസാരക്കൂട്ടിനടുത്ത് വെച്ച് തന്റെ അമ്മയായ മറിയം വാവാട്ടുതടത്തിനെ ഒരു സുറിയാനി ക്രിസ്ത്യാനിയായ സ്ത്രീ ഇടത്തെ നെഞ്ചിന് കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയത് പറയുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ ഇടങ്ങളിൽനിന്ന് ദലിതരെ അപമാനിച്ച് പുറംതള്ളാനുള്ള നീചമായ ശ്രമങ്ങളാണ് പിന്നെ അരങ്ങേറുന്നത്.

 

പീറ്റർ മാത്യു

ദലിതനായ കൈക്കാരനെക്കൊണ്ട് തുടർച്ചയായ ഞായറാഴ്ചകളിൽ പൂച്ചയെ ലേലം വിളിപ്പിച്ച് പുതുക്രിസ്ത്യാനികളെ പരസ്യമായി അവഹേളിക്കുന്നത് സഹിക്കാനാകാതെ 32 ദലിത് കുടുംബങ്ങൾ കരിക്കോട്ടക്കരി പള്ളി വിട്ടു. കരിക്കോട്ടക്കരിയിലെ പുതുക്രിസ്ത്യാനികൾ അടിച്ചമർത്തലിൽനിന്നുള്ള വിമോചന മാർഗങ്ങളിൽ കമ്യൂണിസംപോലുള്ള വിപ്ലവകരമായ മാറ്റത്തിന്റെ പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരാകാതെ തീവ്രമായ മതവിശ്വാസത്തിന്റെയും സ്നേഹക്കൂട്ടായ്മയുടെയും (beloved Community) പാതയാണ് തിരഞ്ഞെടുക്കുന്നത്.

ഫാ. ടഫറേൽ എന്ന ഇറ്റാലിയൻ മിഷനറി കൊട്ടുകപ്പാറ-പാറയ്ക്കപ്പാറ പ്രദേശങ്ങളിലെ ദലിത് ക്രൈസ്തവരുടെ ഭൗതികവും ആത്മീയവുമായ ഉയിർപ്പിന് ചാലകശക്തിയാകുന്നു. കൊട്ടുകപ്പാറയിൽ സ്ഥലം വാങ്ങി പുതിയ പള്ളി പണിതതിനുശേഷം ദലിത് ക്രൈസ്തവർക്ക് ഭൂമി വാങ്ങിക്കൊടുത്തും നാണ്യവിള കൃഷിക്കുള്ള സൗകര്യമൊരുക്കിയും കലാപ്രവർത്തനങ്ങളെ സാംസ്കാരിക പ്രതിരോധത്തിന്റെ മാർഗമാക്കിയും ഫാ. ടഫറേൽ കരിക്കോട്ടക്കരിയിലെ പുലയ ക്രിസ്ത്യാനികൾക്കിടയിൽ ദൈവതുല്യമായ പദവി നേടി.

ഗോപാൽ ഗുരുവും സുന്ദർ സരുക്കായിയും ചേർന്നെഴുതിയ വിഖ്യാതമായ Cracked Mirror: An Indian Debate on Experience and Theory (പൊട്ടിയ കണ്ണാടി: അനുഭവത്തെയും സിദ്ധാന്തത്തെയും കുറിച്ച് ഒരു ഇന്ത്യൻ ചർച്ച) എന്ന പുസ്തകത്തിലെ ‘ഇടം അനുഭവം നീതി’ എന്ന പ്രബന്ധത്തിൽ സാമൂഹികനീതിക്കായി ദലിതർ അടഞ്ഞതും അസമത്വം നിറഞ്ഞതും പുറന്തള്ളുന്നതുമായ ഇടങ്ങളിലേക്ക് ഇരച്ചുകയറുകയും അവയെ കൈയടക്കുകയും ചിലപ്പോഴൊക്കെ അവിടംവിട്ട് പോരുകയും ചെയ്യുന്ന കാര്യം ഗോപാൽ ഗുരു പറയുന്നുണ്ട്. ഇതിനായി പ്രതിരോധത്തിന്റെ ഭാഷ ആർജിക്കാൻ ദലിത് സമൂഹത്തെ രാഷ്ട്രീയമായും ധാർമികമായും പ്രചോദിപ്പിക്കുന്ന സംവർഗങ്ങളും പരികൽപനകളും വികസിപ്പിക്കേണ്ടിവരുമെന്ന് ഗുരു പറയുന്നു.

മനുഷ്യാന്തസ്സ് (dignity) എന്ന പരികൽപന ജാതിവിരുദ്ധ പോരാട്ടങ്ങളുടെ നാൾവഴികളിൽ നിർണായകമാവുന്നത് ഇത്തരുണത്തിലാണ്. മനുഷ്യാന്തസ്സിനെ യുക്തിയും ആഭിജാത്യവുമായി ബന്ധപ്പെടുത്തുന്ന പാശ്ചാത്യ തത്ത്വചിന്തയിലെ മുഖ്യധാരാ പാരമ്പര്യത്തിനും അന്തസ്സിനെ പദവിയും ജാതിശ്രേണിയിലെ സ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബ്രാഹ്മണിക ജ്ഞാനപാരമ്പര്യത്തിനും ബദലായി, എല്ലാ മനുഷ്യരിലും സഹജമായ, അന്തർലീനമായ ഒന്നായി മനുഷ്യാന്തസ്സിനെ കാണുന്ന ഒരു പരികൽപനാ ചരിത്രം വീണ്ടെടുക്കാനുള്ള ശ്രമമാണ് ദലിത് പഠനങ്ങളുടെ രണ്ടാം വാള്യമായ ‘ദലിതരുടെ അന്തസ്സിനുവേണ്ടിയുള്ള പ്രയാണങ്ങൾ: മതവും സ്വാതന്ത്ര്യവും ജാതിയും’ എന്ന പുസ്തകത്തിലുള്ളത്.

ഗാന്ധിയൻ കാഴ്ചപ്പാടിൽ പരസ്പരസഹകരണം സമാധാനവും അന്തസ്സുമുള്ള സാമൂഹികജീവിതത്തിന് മുന്നുപാധിയാകുന്നു. എന്നാൽ, ദലിത്ചിന്തയിൽ പ്രതിരോധവും എതിർപ്പും കലഹവും പൊട്ടിമാറലും ആണ് പ്രധാനം. അതാണ് ജനാധിപത്യവും തുല്യതയും നീതിയും പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മനുഷ്യാന്തസ്സ് എന്ന പദം ഉൾപ്പെടുത്താൻ അംബേദ്കർ പ്രത്യേക ശ്രദ്ധചെലുത്തിയതിനെ മനസ്സിലാക്കാൻ.

സനൽ മോഹന്റെ ഗവേഷണ ദിശ പിന്തുടർന്ന് ദലിതരുടെ മതാരോഹണം മനുഷ്യാന്തസ്സിനുള്ള പ്രയാണമായി കണ്ട് അവയുടെ വിമോചനാത്മകവും വൈരുധ്യം നിറഞ്ഞതുമായ സാധ്യതകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഗവേഷണങ്ങൾ ദലിത് പഠനങ്ങളിൽ ഇന്ന് പ്രധാനമാണ്. ജാതിയുടെ അധീശഘടനയെ ചെറുക്കുന്ന വിവിധരൂപത്തിലുള്ള ദലിത് പരിശ്രമങ്ങളെ ദലിത് സാമൂഹികത (Dalit Social) എന്ന സങ്കൽപനംകൊണ്ടാണ് ഇവയിൽ സൂചിപ്പിക്കുന്നത്.

കൊളോണിയൽ ആന്ധ്രപ്രദേശത്തെ രുദ്രവാരത്ത് ഹിന്ദുമതത്തിന്റെ ജാതിവിലക്കുകളെ ലംഘിച്ച് ജയിലിലായി അവിടെവെച്ച് മിഷനറിമാരുമായുള്ള ബന്ധം വഴി മതപരിവർത്തനം ചെയ്ത് തന്റെ പ്രദേശത്തെ മറ്റനേകം ആളുകൾക്ക് മതാരോഹണത്തിന് പ്രചോദനമായ നാംചാരി എന്ന വ്യക്തിയുടെ ജീവചരിത്രം ചന്ദ്രശേഖർ വീണ്ടെടുക്കുന്നത് ഈ അർഥത്തിലാണ്. ബുദ്ധമതത്തിലേക്ക് മാറിയിട്ടും തുടർന്നും കർണാടകത്തിലെ ദലിത് സ്ത്രീകൾ തങ്ങളുടെ പൂജാമുറികളിൽ ഹിന്ദു ദൈവങ്ങളുടെ ആരാധന തുടരുകയും അതേസമയം വീടിന്റെ മുൻ വശത്ത് ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെ അപൂർണമായ മതപരിവർത്തനമായി കാണാതെ വരുംതലമുറകളുടെ നല്ലജീവിതത്തിനായുള്ള തന്ത്രപരമായ ആചാര അധ്വാനം (ritual labour) ചെയ്യാനുള്ള ദലിത് സ്ത്രീകളുടെ ധാർമിക ദൃഢതയായാണ് (moral stamina) രാംബേർഗ് വിവക്ഷിക്കുന്നത്. അനിതരസാധാരണമായ ഉൾക്കാഴ്ച നിറഞ്ഞ രാംബേർഗിന്റെ പഠനവും ഈ രീതിയിലുള്ളതാണ്. കരിക്കോട്ടക്കരിയിലെ ദലിത് ക്രൈസ്തവർ സഭക്കുള്ളിലെ ജാതി മർദനത്തെ ചെറുത്ത് ക്രിസ്ത്യൻ മാനവികത ഉയർത്തിപ്പിടിച്ച് ഭൗതിക-ആത്മീയ പുരോഗതിയിലേക്ക് ചുവടുവെക്കുന്നതിന്റെ നാൾവഴികൾ ജസ്റ്റിൻ ടി. വർഗീസിന്റെ പഠനത്തിൽ ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്.

കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ബദൽ വിഭാവനകൾ

കീഴാളപക്ഷ ചരിത്രബോധം വിമർശനാത്മക ചിന്ത എന്ന നിലയിൽ സമകാലിക കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതിന്റെ അനിവാര്യത എന്താണ്? ദലിത് ഇതര സാമൂഹിക വിഭാഗങ്ങൾക്ക് ഈ ചരിത്രവീക്ഷണം രൂപപ്പെടുത്തുന്ന ജനകീയമുന്നേറ്റങ്ങളോട് കണ്ണിചേരാൻ കഴിയുന്നതെങ്ങനെ? എന്നീ ചോദ്യങ്ങളെ പി. സനൽ മോഹന്റെ ഗവേഷണ കൃതികൾ മുന്നോട്ടുവെക്കുന്നു.

ദലിത് സാമൂഹിക പ്രസ്ഥാനങ്ങളുടെ ആശയലോകത്തെയും അവ രൂപപ്പെടുത്തിയ വൈകാരികഘടനകളെയും അന്വേഷിക്കുന്ന അ​േദ്ദഹത്തിന്റെ ലേഖനങ്ങളിൽ ഈ പ്രസ്ഥാനങ്ങളുടെ സവിശേഷതയായി നിരീക്ഷിക്കപ്പെടുന്ന വീണ്ടെടുപ്പിന്റെ വിവിധ അർഥതലങ്ങളും രംഗഭൂമികകളുമാണ് പ്രധാന പ്രതിപാദ്യ വിഷയം. വീണ്ടെടുപ്പ്, പുനർവായന, മാറ്റിത്തീർക്കൽ എന്നിവയെ സനൽ മോഹന്റെ കൃതികളിലേക്കുള്ള താക്കോൽവാക്കുകളായി തന്നെ പരിഗണിക്കാം. കൊളോണിയൽ ആധുനികതയുമായുള്ള ഇടപെടലിലൂടെയാണ് ദലിത് കീഴാള പ്രസ്ഥാനങ്ങൾ വീ​െണ്ടടുപ്പിന്റെ ചരിത്രപ്രയോഗം ആവിഷ്കരിക്കുന്നത്. ഇക്കാലത്തെ ചില സാഹിത്യസൃഷ്ടികൾ സാംസ്കാരിക പ്രവൃത്തികളുടെ തലത്തിൽ വീണ്ടെടുപ്പിന്റെ വിഭാവനകളുടെ രംഗഭൂമിയായി മാറുന്നത് അദ്ദേഹം വിശകലനം ചെയ്യുന്നു. ആധുനികത സംജാതമാക്കിയ സാമൂഹികമാറ്റങ്ങൾ കീഴാളരുടെ ദൈനംദിന ജീവിതത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോൾ കേരള നവോത്ഥാനമെന്ന പരികൽപന ആഴത്തിൽ ചോദ്യംചെയ്യപ്പെടുന്നതായി നമുക്ക് കാണാം.

ദലിത് ബൗദ്ധികതയുടെ വികാസ പരിണാമം പരിശോധിക്കുന്ന ‘ദലിത് ചരിത്രവും കീഴാള പഠനങ്ങളും’ എന്ന ലേഖനത്തിൽ മാർക്സിസ്റ്റ് ചരിത്രവിശകലന സംവർഗങ്ങളുടെ പരിധികൾ പണ്ഡിതോചിതമായി ചൂണ്ടിക്കാട്ടുന്ന സന്ദർഭങ്ങളുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തിന്റെ അവസ്ഥാരേഖ എഴുതുന്ന കേശവൻ വെളുത്താട്ടിന് രാഷ്ട്രീയപരം എന്ന പ്രശ്നവുമായി “ശ്രേണീബന്ധമായ സമൂഹത്തിൽ അധികാരം, പദവി, വിഭവങ്ങൾ എന്നിവ വ്യത്യസ്തമായ അളവിലും നിലയിലും വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് ലഭ്യമാവുന്ന മൂർത്ത സാഹചര്യത്തെ ബന്ധപ്പെടുത്താനാവാത്തതുവഴി രാഷ്ട്രീയ ചരിത്രരചന പിന്തുടരേണ്ട സമൂലമാറ്റത്തിന്റെ ഗതി തിരിച്ചറിയാൻ കഴിയുന്നില്ലെന്ന മോഹന്റെ വിമർശനം ഇതിനുദാഹരണമാണ്. ഇവിടെ മോഹന്റെ എഴുത്തുകളെ പിന്തുടർന്ന് കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡല ചരിത്രത്തിന്റെ ബദൽ രൂപരേഖ വിഭാവനചെയ്യാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്.

കേരളത്തിലെ സ്വയംസജ്ജമായ ദലിത് സാമൂഹിക-മത പ്രസ്ഥാനങ്ങൾ ആധുനികതയുടെ സങ്കൽപനങ്ങളോട് ഇടപെടുകയും ജാതി സമൂഹത്തിൽ അവയുടെ സാർവ ലൗകികതക്കുള്ള പരിമിതികളെ വിമർശന വിധേയമാക്കുകയും ചെയ്തു. ദൈനംദിന ജീവിതത്തിൽ സ്വാതന്ത്ര്യം, തുല്യത, നീതി മുതലായ മനുഷ്യാവകാശങ്ങളുടെ ഇല്ലായ്മ മൂർത്തമായി അനുഭവിക്കുന്ന സമുദായങ്ങളുടെ പൊതുബോധത്താൽ പ്രചോദിതമായ ഇത്തരം പ്രസ്ഥാനങ്ങൾ ആധുനികതയുടെ പാരമ്പര്യത്തെ വിമോചനാത്മകമായി പുനർനിർമിക്കാനും അവയുടെ വ്യാവഹാരിക ദ്വന്ദ്വങ്ങളുടെ അതിരുകളെ അസ്ഥിരമാക്കാനും ഇന്നും നിരന്തരം ശ്രമിക്കുന്നു എന്ന് പറയാം.

ഉദാഹരണത്തിന് പൊതു (public) എന്ന ആധുനിക സങ്കൽപനത്തിന്റെ കേരളത്തിലെ വംശാവലി പരിഗണിച്ചാൽ ഇത് മനസ്സിലാവും. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാർവ ലൗകികതയുടെ പ്രതീതിക്ക് വിരുദ്ധമായി ഈ പദം വിവക്ഷിച്ചിരുന്നത് മേൽജാതി വരേണ്യ ഇടങ്ങളെയായിരുന്നു. ഇത്തരം അഭിജാത ഇടങ്ങളിലും സ്ഥാപനങ്ങളിലും ഇടംപിടിക്കാനും അവയുടെ ചിഹ്നഘടനയെ കീഴ്മേൽ മറിക്കാനും സാധുജന പരിപാലന സംഘം അയ്യൻകാളിയുടെ നേതൃത്വത്തിൽ ശ്രമിച്ചു. ഒരു സുപ്രധാന ആധുനിക സങ്കൽപത്തെ മൂർത്തമായ അനുഭവമാക്കി അതിനെ സാമൂഹികതയിൽ അർഥപൂർണവും അഗാധവുമാക്കാനുള്ള പോരാട്ടമായിരുന്നു ഇതെന്നാണ് സനൽ മോഹന്റെ വീക്ഷണം. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ അനുഭവത്തിൽ ആധുനികതയുടെ പ്രബലമായ ചരിത്രവീക്ഷണത്തെ പ്രശ്നവത്കരിക്കുന്നതായും മതപരം-മതേതരം ഭൗതികം-ആധ്യാത്മികം മുതലായ വേർതിരിവുകളെ സംഘർഷത്തിലാക്കുന്നതായും മനസ്സിലാക്കാം.

തിരുവിതാംകൂറിൽ പൊതുമണ്ഡലത്തിന്റെ ആവിർഭാവ ഘട്ടത്തിൽ ദലിത് സാമൂഹിക വിഭാഗങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നതിന്റെ യുക്തി പരിഷ്കരണവാദംകൊണ്ട് മറയ്ക്കപ്പെടുന്ന ആധിപത്യ ഭാഷയാണെന്ന് സനൽ മോഹൻ അ​േദ്ദഹത്തിന്റെ ‘അടിമത്തത്തിന്റെ ആധുനികത അധിനിവേശ കേരളത്തിലെ ജാതിഅസമത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ’ എന്ന വിഖ്യാത കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്.

ആധിപത്യഭാഷയുടെ ‘പൊതു’ സ്വീകാര്യതയുടെ ഒരു പ്രധാനകാരണം അതിന്റെ ആന്തരികമായ വൈരുധ്യങ്ങളാണെന്ന് കാണാം. ദലിത് കീഴാളരുടെ സ്വയംസജ്ജമായ രാഷ്ട്രീയ ഭാവനകളെ പുറന്തള്ളുകയോ, കീഴ്പ്പെടുത്തി ഉൾപ്പെടുത്തുകയോ ചെയ്യുന്ന ഈ അധീശ ആഖ്യാനങ്ങൾ സാർവ ലൗകികത ദ്യോതിപ്പിക്കുന്ന ഭാഷയിലാണ് പൊതുഇടത്തിൽ ആവിഷ്കരിക്കപ്പെട്ടത്. തുടർന്ന് ദേശരാഷ്ട്രത്തിന്റെ അധീശ വ്യവഹാരങ്ങൾക്കുള്ളിൽ പ്രബലജാതികൾ സ്വന്തം സമുദായത്തിനുള്ളിലെ പരിഷ്കരണത്തിലൂടെ ദേശീയതയുമായി കണ്ണിചേർന്നതായി അദ്ദേഹത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

1970കളോടെ പ്രധാനമായും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക പ്രയോഗങ്ങളിലൂടെ സമഗ്രാധിപത്യം നേടിയ അപൂർണമായ ദേശീയ-ജനകീയം (incomplete national-popular) ജാതിവരേണ്യതയെ നവീകരിച്ചുവെന്ന് (refurbished caste) ജെ. ദേവിക, നിസ്സിം മന്നത്ത്കാരൻ എന്നിവരുടെ വിമർശനാത്മക സാമൂഹികശാസ്ത്രപഠനങ്ങൾ വാദിക്കുന്നു. ഈ അപൂർണമായ ദേശീയ-ജനകീയത്തിന്റെ സാമൂഹിക-സാംസ്കാരിക യുക്തിയാണ് ഇന്നും അധികാരം-പദവി-വിഭവങ്ങൾ എന്നിവ വ്യത്യസ്തമായ അളവിലും നിലയിലും വിവിധ സമുദായങ്ങൾക്കു ലഭ്യമാവുന്നതിന്റെ പ്രധാന കാരണം.

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലും തെര​െഞ്ഞടുപ്പ് രാഷ്ട്രീയത്തിലും (electoral politics) ദലിത് സമുദായങ്ങൾ സ്ഥിര ന്യൂനപക്ഷമായി (permanent minority) തുടരുന്ന സാഹചര്യവുമായി ഇതിന് ആഴത്തിൽ ബന്ധമുണ്ട്. സൗത്ത്ബറോ കമീഷന് മുമ്പാകെയുള്ള തെളിവു കൊടുക്കലുകളിൽ യഥാർഥമായ താൽപര്യങ്ങളും, രാഷ്ട്രീയ നിർവാഹകത്വവും തെരഞ്ഞെടുപ്പ്/പ്രാതിനിത്യ രാഷ്ട്രീയത്തിൽ ഒരിക്കലും നിയമ നിർമാണത്തിലൂടെ (legislation) അംഗീകരിക്കപ്പെടാത്ത സാമൂഹിക വിഭാഗങ്ങളെ സ്ഥിര ന്യൂനപക്ഷങ്ങളായി അംബേദ്കർ അടയാളപ്പെടുത്തുന്നത് കേരളത്തിലെ സവിശേഷമായ സാഹചര്യത്തിലും പ്രസക്തമാണ്.

 

അംബേദ്കർ

പൊതു ഇടങ്ങളെ സൃഷ്ടിക്കാനും പുനർനിർവചിക്കാനും ദലിത് സാമൂഹികപ്രസ്ഥാനങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ സനൽ മോഹന്റെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു. എങ്കിലും സമകാലിക സാഹചര്യത്തിൽ പൊതുഇടങ്ങൾ അസമത്വം പുനരുൽപാദിപ്പിക്കപ്പെടുന്ന അഭിജാത ഇടങ്ങളായിതന്നെ മിക്കവാറും നിലനിൽക്കുന്നതിന്റെ ചരിത്ര സാഹചര്യം വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതാണ്.

1960കളോടെ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയരൂപവത്കരണം (political formation) ഘടനാപരമായ മാറ്റത്തിനായി പോരാടിയ കീഴാള സാമൂഹികഭാവനയെ കൈവശപ്പെടുത്തുകയും അതിൽനിന്ന് ആർജിച്ച പുരോഗമന പരിവേഷം മൂലധനമായി സമാഹരിക്കുകയും ചെയ്തു. മുഖ്യധാരാ രാഷ്ടീയ പ്രയോഗങ്ങളും സാമുദായിക സ്വത്ത് സമാഹരണത്തിന്‍റെ ഘടനകളുമായുള്ള (social structures of accumulation) പരസ്പരം ശക്തിപകരുന്ന ബന്ധത്തെക്കുറിച്ച് കെ. രവിരാമൻ അ​ദ്ദേഹത്തിന്റെ പഠനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇതൊരു ഉദാഹരണംകൊണ്ട് വിശദമാക്കാം. സമകാലിക കേരളത്തിലെ ജനകീയധാരണയിൽ പൊതുവിദ്യാഭ്യാസമെന്ന സംവർഗത്തിൽ സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങളും വരും.

വിദ്യാഭ്യാസമെന്ന സാംസ്കാരിക വിഭവത്തിന്റെ സാർവലൗകികമായ പ്രാപ്തിക്ക് അവ പങ്ക് വഹിക്കുന്നുവെന്നത് ഒരുപരിധി വരെ വാസ്തവമാണ്. പക്ഷേ, നിയമനങ്ങളിലൂടെ വിനിയോഗിക്കപ്പെടുന്ന പൊതുവിഭവങ്ങളുടെയും വിതരണം ചെയ്യപ്പെടുന്ന പദവികളുടെയും ഗുണഭോക്താക്കൾ സംസ്ഥാനത്തെ പ്രബല മത-ജാതി സമുദായങ്ങൾ മാത്രമാകുന്നതിന്റെ പൊള്ളുന്ന അനീതിയെയാണ് ഒ.പി. രവീന്ദ്രൻ ‘പൊതുവിദ്യാഭ്യാസരംഗത്തെ ജാതി കോളനികൾ’ എന്ന തന്റെ അന്വേഷണത്തിലൂടെ തുറന്നു കാട്ടിയത്. മൂലധന സമാഹരണവും ജാതിയുമായുള്ള ബന്ധത്തെ രാഷ്ട്രീയസമ്പദ്ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളുടെ അടിസ്ഥാനത്തിൽ സൈദ്ധാന്തിക സൂക്ഷ്മതയോടെ വിലയിരുത്തുന്ന ‘ജാതിയും മൂലധനരൂപവത്കരണവും’ എന്ന സനൽ മോഹന്റെ ലേഖനം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

ദലിത് ബൗദ്ധികത:  സാംസ്കാരിക മുൻവിധികളുടെ വിമർശനം

19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ അടിമജാതികളായ കീഴാളരുടെ തീവ്രമായ സാമൂഹിക അനുഭവങ്ങൾ കൊളോണിയൽ ആധുനികതയുടെ ആശയലോകവുമായുള്ള സംവാദത്തിലൂടെ സംജാതമാക്കിയ ദലിത് ബൗദ്ധികതയുടെ (Dalit intellectualism) വികാസപരിണാമത്തെ പ്രധാനപ്രമേയമാക്കുന്നു എന്നതാണ് സനൽ മോഹന്റെ സവിശേഷതകളിലൊന്ന്. കുറഞ്ഞത് 20ാം നൂറ്റാണ്ടിന്റെ തുടക്കം മുതലെങ്കിലും ദലിത് ബൗദ്ധികത പിൻബലമേകിയ വിവിധ സാമൂഹിക-മത പ്രസ്ഥാനങ്ങൾ കേരളത്തിൽ സജീവമായിരുന്നു. അവയുടെ സാംസ്കാരിക-സാമൂഹിക പ്രയോഗങ്ങളിൽ ഉൾച്ചേർന്ന വീണ്ടെടുപ്പിന്റെ രാഷ്ട്രീയം സമകാലിക കേരളീയ പൊതുജീവിതം അടിയന്തരമായി ആവശ്യപ്പെടുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്.

ദലിത് ബൗദ്ധികത എന്ന സങ്കൽപനംതന്നെ കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിന്റെ അധീശ ബലതന്ത്രം കീഴ്മേൽ മറിക്കാൻ പര്യാപ്തമാണ്. സംസ്കാരം എന്ന ആശയം മനുഷ്യന്റെ സൃഷ്ടിപരമായ പ്രവൃത്തികളിലെ ലോലതലങ്ങളായ സാഹിത്യം, കലാപ്രവർത്തനം എന്നിവയുമായി ഉൾച്ചേർന്നാണ് പൊതുബോധത്തിൽ ഉറച്ചിരിക്കുന്നത്. മനുഷ്യന്റെ ഭൗതിക-സാമൂഹിക അസ്തിത്വത്തിൽനിന്ന് വേറിട്ട ഒന്നായി അത് സംസ്കാരത്തെ കാണുന്നു. സംസ്കാരത്തെ കുറിച്ചുള്ള ഈ അധീശപരമായ വിഭാവന മനുഷ്യ ജീവിതരൂപങ്ങളെയും പ്രവൃത്തികളെയും ശ്രേഷ്ഠമായും-നീചമായും മുൻധാരണ ചെയ്യുന്നുണ്ട്. ജാതിസമൂഹത്തിൽ കീഴാള സമൂഹങ്ങൾക്ക് പ്രാവീണ്യമുള്ള കായികാധ്വാനം ആവശ്യമുള്ള പ്രവൃത്തികൾ നീചമായും ജാതിഅധികാരം വഴി ഉപരിജാതികളുടെ കുത്തകയായിരുന്ന ബൗദ്ധിക-കല മേഖലകൾ ശ്രേഷ്ഠമായും വ്യവഹരിക്കപ്പെട്ടു.

ദലിത് ബൗദ്ധികതക്ക് കേന്ദ്രപരിഗണന നൽകി മോഹൻ വികസിപ്പിക്കുന്ന മേൽപറഞ്ഞ സാംസ്കാരിക മുൻവിധികളുടെ വിമർശനം കേരളീയ സിവിൽസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന് അനിവാര്യമാണ്. ഈ വിമർശാവബോധത്തോടാണ് ദലിത് ഇതര സാമൂഹിക വിഭാഗങ്ങൾക്ക് കണ്ണിചേരാനുള്ള സാധ്യതയുള്ളത്. ദലിത് ബൗദ്ധികതയുടെ ദിശാമാറ്റത്തിന്റെ സൂചകമായി ചെങ്ങറ, അരിപ്പ ഭൂസമരങ്ങളെ സനൽ മോഹൻ പരിഗണിക്കുന്നു. കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തെ വിഭാവന ചെയ്യുന്ന മുന്നേറ്റങ്ങളാണിവ.

ഇവ പൊതുയുക്തിയുടെയും ഭാവശക്തിയുടെയും സ്വരങ്ങളിൽ പൊതുസമൂഹവുമായി സംവദിക്കുന്നു. ഉദാഹരണത്തിന് തങ്ങൾക്ക് കൃഷിഭൂമി ലഭിക്കേണ്ടതിന്റെ ആവശ്യകത, തങ്ങൾ ഈ മണ്ണിന്റെ അവകാശികളായതിനാലും നിലനിൽക്കുന്ന സമൂഹത്തിൽ ഏറ്റവും ആവശ്യമായ കാർഷികോൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവരായതിനാലും അനിവാര്യമാ​െണന്ന് അവർ യുക്തിഭദ്രമായി ആവശ്യപ്പെടുന്നു. അതേസമയം, മാധ്യമീകൃതമായ പൊതുമണ്ഡലത്തിൽ ദലിത് ശരീരങ്ങളുടെയും അനുഭവങ്ങളുടെയും വർധിച്ച ദൃശ്യത ഭാവശക്തിയുടെയും ധാർമികതയുടെയും തലത്തിൽ സ്വാധീനം ചെലുത്തുന്നതായി ചില സമകാലിക മാധ്യമപഠനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

‘കരിക്കോട്ടക്കരി’യിലെ ദലിത്-ക്രൈസ്തവ സാമൂഹിക ജീവിതത്തിൽ നിന്ന് ജൈവികമായ ഒരു നേതൃത്വനിര ഉയർന്നുവരുന്നതും സാമൂഹിക നിർവാഹകത്വം നേടുന്നതും ദലിത് ബൗദ്ധികതയുടെ വികാസത്തിന്റെ ഭാഗമായി നമുക്ക് കാണാം. ആയോധനകലകളിലും കലാപ്രവർത്തനങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന ഈ നേതാക്കൾക്ക് സമുദായത്തിലെ മറ്റംഗങ്ങളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഇടവകയിലെ സുറിയാനികളുമായുള്ള സംഘർഷം രൂക്ഷമായപ്പോൾ ഇരിട്ടി കമ്യൂണിസ്റ്റ് പാർട്ടി ഓഫിസിൽ അഭയം തേടിയ ഈ നേതാക്കളെ സംരക്ഷിക്കാൻ കരിക്കോട്ടക്കരിയിലെ ദലിത് സ്ത്രീകൾ അരിവാളും കൈയിലേന്തി നടത്തുന്ന പ്രകടനത്തിന്റെ വിവരണം പുസ്തകത്തിലെ ഒരു മുന്തിയ സന്ദർഭമാണ്. ഗ്രന്ഥത്തിന് സൂക്ഷ്മവും പണ്ഡിതോചിതവുമായ അവതാരിക എഴുതിയ ചരിത്രകാരനായ മൈക്കിൾ തരകൻ അധികാരമോ ആജ്ഞാശക്തിയോ അതിന് അടിസ്ഥാനമാകേണ്ട ആസ്തികളോ ഇല്ലാത്ത സാഹചര്യത്തിലും കരിക്കാട്ടക്കരിയിലെ ദലിത് ക്രൈസ്തവർക്കിടയിൽ ഉയർന്നുവന്ന നേതൃത്വത്തെക്കുറിച്ച് പുസ്തകം ഉയർത്തുന്ന ചോദ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ സാഹചര്യത്തിൽ ദലിതർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന ബൗദ്ധിക-സാമൂഹിക നേതൃപാരമ്പര്യങ്ങളെ വീണ്ടെടുക്കുക എന്നത് ദലിത് പഠന കൂട്ടായ്മയുടെ ഒരു പ്രധാന സംരംഭമാണ്. 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സ്വാമി ആച്യുതാനന്ദിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ സ്ഥാപിതമായ ദലിത് പ്രസ്ഥാനമായ ആദിഹിന്ദു മഹാസഭയുടെ തത്ത്വചിന്ത-ബൗദ്ധിക പാരമ്പര്യത്തിന്റെയും ജാതിവിരുദ്ധ ആശയസംഹിതയുടെയും വംശാവലി മധ്യകാലഘട്ടത്തിലെ കവി-സന്യാസിമാരിലേക്ക് നീളുന്നതായി റാം നാരായൺ റാവത്ത് തന്റെ കൃതികളിൽ കണ്ടെത്തുന്നത് ഇതിന്റെ ഭാഗമാണ്. ആത്മം അനുഭവജ്ഞാൻ അഥവാ സ്വന്തം അനുഭവത്തിലൂടെ വെളിപ്പെടുന്ന അറിവ് എന്ന ആശയം ദലിത് സാമൂഹികചിന്തയിൽ പ്രധാനമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

സനൽ മോഹന്റെ ചരിത്രരചനാരീതി

സനൽ മോഹൻ എന്ന ചരിത്രകാരന്റെ ബൗദ്ധികപ്രയോഗങ്ങളും സവിശേഷമായ ഗവേഷണ രീതിശാസ്ത്രവും ഭൂതകാലത്തിന്റെ വീണ്ടെടുപ്പും ഇന്നിന്റെ മാറ്റിത്തീർക്കലും കേന്ദ്രസ്ഥാനത്ത് നിർത്തുന്നു. സാമൂഹികഘടനയുടെ ഭാരം പേറേണ്ടിവന്ന ദലിത് കീഴാളരുടെ ശാരീരിക-വൈകാരിക യാതനകളുടെ അനുഭവങ്ങളെ വീണ്ടെടുക്കുന്നത് തലമുറകളിലേക്ക് കൈമാറാനുള്ള കഥയായല്ല മറിച്ച് വർത്തമാനകാലത്തിലെ ജീവിക്കുന്ന ഓർമയായാണ്.

ഈ രാഷ്ട്രീയസ്ഥാനപ്പെടലിൽനിന്ന് ഉരുവംകൊള്ളുന്നതാണ് അദ്ദേഹത്തിന്റെ തെളിവുസാമഗ്രികളുടെയും (source material) പാഠങ്ങളുടെയും (texts) തിരഞ്ഞെടുപ്പും ഗവേഷണരീതി ശാസ്ത്രവും. ‘അടിമത്തത്തിന്റെ ആധുനികത’ (Modernity of Slavery) എന്ന തന്റെ ഗ്രന്ഥത്തിൽ മോഹൻ പറയുന്നത് കേൾക്കുക: “ചരിത്രപരമായ ചോദ്യത്തിന്റെ അന്വേഷണത്തിന് എത്തനോഗ്രഫിയുടെ സങ്കേതങ്ങൾ ഉപയോഗിക്കുക വഴി സംഭവങ്ങളുടെ വിവിധങ്ങളായ അർഥങ്ങളെ ഇഴപിരിച്ചെടുക്കാനുള്ള സാധ്യത തുറക്കുന്നു. പുരാശേഖര വിശകലനത്തോടൊപ്പം വിഷയികളെ തീക്ഷ്ണമായി നിരീക്ഷിക്കുകയും അവരുടെ ആഖ്യാനങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ചിന്തകനായ ഉദയകുമാർ നിരീക്ഷിക്കുന്നതുപോലെ ഭൂതകാലത്തിന്റെ വീണ്ടെടുക്കലും വർത്തമാനകാലത്തിന്റെ മാറ്റിത്തീർക്കലും സനൽ മോഹന്റെ ചരിത്രപ്രയോഗത്തിൽ ഒരുമിക്കുന്നത് ഇങ്ങനെയാണ്.’’

തന്റെ കൃതികളിലൂടെ തെളിയുന്ന, നിലനിൽക്കുന്ന സാമൂഹികശാസ്ത്ര വിജ്ഞാനത്തോടുള്ള സനൽ മോഹന്റെ സംവാദങ്ങളിലും, ഇടപെടലുകളിലും ദലിത് കീഴാള സമൂഹത്തിന്റെ ശാരീരിക-വൈകാരിക അനുഭവങ്ങളുടെ വീണ്ടെടുക്കലാണ് വിജ്ഞാനപരമായി നിർണായകമാവുന്നത്. ‘ദലിത് വിരുദ്ധമായിരുന്ന വിമോചനസമരം’ എന്ന അദ്ദേഹത്തിന്റെ ലേഖനം ഇടതുപക്ഷ ആഖ്യാനങ്ങളിൽപോലും കടന്നുവരാത്ത വിമോചനസമരകാലത്തെ ദലിത് വേട്ടയെയാണ് വീണ്ടെടുക്കുന്നത്.

വിമോചനസമരം ജനാധിപത്യപുനഃസ്ഥാപനമായിരുന്നുവെന്ന പ്രബല സാമൂഹിക വിഭാഗങ്ങളുടെ വാദത്തെ ദലിത് ക്രൈസ്തവരായ കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെയും വെള്ളിക്കരയിലെ ഹരിജൻ സംഘടന നേതാക്കളുടെയും സവിശേഷമായ ആഖ്യാനങ്ങളിലൂടെയാണ് മോഹൻ ഖണ്ഡിക്കുന്നത്. മലബാറിലേക്ക് കുടിയേറിയ ദലിത് ക്രൈസ്തവർ വിമോചനസമരകാലത്ത് അനുഭവിക്കേണ്ടിവന്ന കൊടിയ ജാതിമർദനത്തിന്റെ അനുഭവങ്ങളിലൂടെ കേരളത്തിലെ അധീശവത്കരണം ആഴത്തിൽ ജാതിവേരുകളുള്ളതാണ് എന്ന വാദം അദ്ദേഹം മുന്നോട്ടുവെക്കുന്നു.

ക്രൈസ്തവർ ഭൂരിപക്ഷമുള്ള കടുത്തുരുത്തിയിലും മുട്ടുചിറയിലും വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ് അനുഭാവികളും അല്ലാത്തവരുമായ പുലയർക്കെതിരെ “പെലേനെ തല്ലാൻ ഞാനുമുണ്ട്” എന്നു പറഞ്ഞുകൊണ്ട് സവർണക്രിസ്ത്യാനികൾ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന്റെ വിവരണം കെ.കെ. കൊച്ചിന്റെ ആത്മകഥയായ ‘ദലിതനി’ലുമുണ്ട്. വിമോചന സമരത്തോടെ സാമൂഹികമായി പ്രബലരായ വിഭാഗങ്ങളുടെ പ്രത്യേകാവകാശങ്ങളുടെ പുനഃസ്ഥാപനത്തിന് സിനിമയും സാഹിത്യവുംപോലുള്ള സാംസ്കാരിക പ്രവൃത്തികളുടെ ഭൂമികയിലൂടെ എങ്ങനെയാണ് പൊതുഅവബോധത്തിൽ സമ്മതി ലഭിക്കുന്നത് എന്ന പഠനം ചരിത്രകാരനായ ദിലീപ് എം. മേനോന്‍റേതായുണ്ട്. ഇത്തരം പഠനങ്ങളിലേക്ക് പുതിയ തെളിവ് സാമഗ്രികളും സാമൂഹിക സംവാഹകത്വമുള്ള വിഷയികളുടെ അനുഭവാഖ്യാനങ്ങളും കൂട്ടിച്ചേർക്കുക വഴി അവയുടെ ചരിത്രപരത ഉറപ്പിക്കുകയാണ് സനൽ മോഹൻ ചെയ്യുന്നത്.

ജാതി അടിച്ചമർത്തലിന്റെ സാമൂഹിക അനുഭവങ്ങളെയും അത് ശരീരത്തിൽ മുദ്രിതമാകുന്ന ‘കരിക്കോട്ടക്കരിയിലെ ദലിത് ക്രിസ്ത്യാനികളുടെ സാമൂഹിക ജീവിത’ത്തെയും രചയിതാക്കളായ സനൽ മോഹനും പീറ്റർ മാത്യുവും വീണ്ടെടുക്കുന്നത് അടിച്ചമർത്താനാവാത്ത ദൃശ്യങ്ങളുപയോഗിച്ചുള്ള (irrepressible images) കനമുള്ള വിവരണത്തിലൂടെയാണ്. സമാനമായ രചനാരീതി സനൽ മോഹന്റെ ‘അടിമത്തത്തിന്റെ ആധുനികത’ എന്ന കൃതിയിൽ പി.ആർ.ഡി.എസിന്റെ രക്ഷാനിർണയത്തിന്റെ വിവരണത്തിൽ കാണാം.

അടിമ അനുഭവത്തിന്റെ സാമൂഹികമായ ഓർമ വീണ്ടെടുത്ത് തീവ്രമാക്കുന്ന ആചാര സന്ദർഭമായാണ് പൊയ്കയിൽ യോഹന്നാൻ രക്ഷാനിർണയത്തെ വിഭാവന ചെയ്തത്. പുതിയ ചരിത്രരേഖകളെ കണ്ടെത്തുകയും, എഴുതപ്പെട്ട രേഖകളെ വിമർശനാത്മകമായി വായിക്കുകയും ചെയ്യുന്നതിനോടൊപ്പം എത്തനോഗ്രഫിയിലൂടെ മജ്ജയും മാംസവുമുള്ള ചരിത്രവ്യക്തികളെ അവരുടെ സാധാരണ ദൈനംദിന ഭൗതികജീവിതത്തിൽ പ്രതിഷ്ഠിക്കുകയാണ് ‘കരിക്കോട്ടക്കരി’യുടെ രചയിതാക്കളും ചെയ്യുന്നത്.

News Summary - Dalit Dignity Through Migration And Faith