മാംസനിബദ്ധമീ ആൺജീവിതം

2025ലെ ബുക്കർ പുരസ്കാരം കിട്ടിയ ‘ഫ്ലെഷ്’ (Flesh) എന്ന നോവലിനെയും എഴുത്തുകാരൻ ഡേവിഡ് സൊലോയെയും കുറിച്ച് എഴുതുന്നു. എന്താണ് ‘ഫ്ലെഷ്’ വായനക്കാർക്ക് നൽകുന്നത്? ആണ് ആണിനെപ്പറ്റി എഴുതുന്നതിനെ സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കാമെന്നുണ്ടെങ്കിൽ അത്തരമൊരു വർഗീകരണത്തിൽ ഉൾപ്പെടുത്താൻ എന്തുകൊണ്ടും അനുയോജ്യമാണ് 2025ലെ ബുക്കർ പുരസ്കാരം കിട്ടിയ ‘ഫ്ലെഷ്’ (Flesh) എന്ന നോവൽ. ജീവിതത്തെ ഒരു ശാരീരികാനുഭവമായി എഴുതാനുള്ള ശ്രമത്തിൽനിന്നാണ് ഈ...
Your Subscription Supports Independent Journalism
View Plans2025ലെ ബുക്കർ പുരസ്കാരം കിട്ടിയ ‘ഫ്ലെഷ്’ (Flesh) എന്ന നോവലിനെയും എഴുത്തുകാരൻ ഡേവിഡ് സൊലോയെയും കുറിച്ച് എഴുതുന്നു. എന്താണ് ‘ഫ്ലെഷ്’ വായനക്കാർക്ക് നൽകുന്നത്?
ആണ് ആണിനെപ്പറ്റി എഴുതുന്നതിനെ സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കാമെന്നുണ്ടെങ്കിൽ അത്തരമൊരു വർഗീകരണത്തിൽ ഉൾപ്പെടുത്താൻ എന്തുകൊണ്ടും അനുയോജ്യമാണ് 2025ലെ ബുക്കർ പുരസ്കാരം കിട്ടിയ ‘ഫ്ലെഷ്’ (Flesh) എന്ന നോവൽ. ജീവിതത്തെ ഒരു ശാരീരികാനുഭവമായി എഴുതാനുള്ള ശ്രമത്തിൽനിന്നാണ് ഈ നോവൽ ഉടലെടുത്തതെന്ന് നോവലിസ്റ്റായ ഡേവിഡ് സൊലോയ് (David Szalay) പറയുന്നു. ശരീരത്തിലേക്ക് ചുരുങ്ങുന്നു എന്നതുതന്നെയാണ് ‘ഫ്ലെഷ്’ എന്ന നോവലിന്റെ പോരായ്മയും അതേസമയം അതിന്റെ യു.എസ്.പി (Unique Selling Point) എന്നു കരുതാവുന്ന സവിശേഷതയും.
അമ്മയോടൊത്ത് ഒരു പുതിയ പട്ടണത്തിലേക്കു താമസം മാറുന്ന പതിനഞ്ചു വയസ്സുള്ള ആൺകുട്ടിയെപ്പറ്റി പറഞ്ഞുകൊണ്ടാണ് ‘ഫ്ലെഷ്’ ആരംഭിക്കുന്നത്. അയാൾ പുതിയ സ്കൂളിൽ ചേരുന്നു. ആ പ്രായത്തിൽ അത് അത്ര എളുപ്പമല്ല. കാരണം സ്കൂളിലെ സാമൂഹികക്രമം അതിനകംതന്നെ സ്ഥാപിതമായിക്കഴിഞ്ഞതാണ്. അതിനാൽ, സുഹൃത്തുക്കളെ സമ്പാദിക്കാൻ അയാൾക്കു ബുദ്ധിമുട്ടുണ്ടാകുന്നു. ഇവിടെ, വ്യവസ്ഥാപിതമായ സാമൂഹിക ക്രമത്തിൽനിന്നു പിന്തള്ളപ്പെട്ടവനായാണ് സൊലോയ് തന്റെ നായകനായ ഇഷ്ട്വാനെ (Istvan) അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണാം. ഇരുണ്ട സാഹിത്യമെന്നു വിവക്ഷിക്കാവുന്ന ആഖ്യാനം, ദിശാബോധമോ നിയതമായ ലക്ഷ്യങ്ങളോ ഇല്ലാത്ത, സമൂഹം കൽപിച്ചുനൽകാറുള്ള സവിശേഷാനുകൂല്യങ്ങളുടെ പരിധിക്കു വെളിയിലുള്ള ആൺജീവിതത്തെയാണ് വരച്ചിടുന്നത്.
ദാരിദ്ര്യത്തിൽനിന്നും നിയമവിരുദ്ധമായ പശ്ചാത്തലത്തിൽനിന്നുമാണ് ഇഷ്ട്വാൻ അതിസമ്പന്നതയിലേക്കു ചുവടുവെക്കുന്നത്. അത് മനഃപൂർവമായ ഒരു തിരഞ്ഞെടുപ്പായിരുന്നുവോ എന്നത് ചിന്തനീയമാണ്. മാനസിക വ്യാപാരങ്ങളിൽനിന്നു വിച്ഛേദിതമായ, പലപ്പോഴും ശരീരത്തിലേക്കു ചുരുങ്ങുന്ന ജീവിതത്തെ ഉദാഹരിക്കാൻ പാർശ്വവത്കരിക്കപ്പെട്ടവനെ തിരഞ്ഞെടുത്തതിലൂടെ താൻ പറയുന്ന ആൺജീവിതത്തെ സാമാന്യവത്കരിക്കാൻ നോവലിസ്റ്റ് താൽപര്യപ്പെടുന്നില്ല എന്നും കരുതാവുന്നതാണ്.
ബുക്കർ പുരസ്കാര വിധികർത്താക്കളുടെ അഭിപ്രായത്തിൽ, ‘‘ആവശ്യമുള്ളതു മാത്രം പറയാനുള്ള കഴിവ് സൊലോയിക്കുണ്ട്. ഇത് ഒരു ആണിന്റെ കഥയാണ്, അയാളുടെ ചെറുപ്പം മുതൽ അയാൾ മുതിർന്ന ഒരുവനാകുന്നതുവരെയുള്ള കഥ. ആ കഥയിൽ വിടവുകൾ കാണാം, അവ വെളിപ്പെടുത്താൻ സൊലോയ് ശ്രമിക്കുന്നില്ല. നായകന്റെ ജീവിതകഥയിലെ വിടവുകൾ പൂരിപ്പിക്കാനായി വായനക്കാർക്കു വിട്ടുനൽകുമ്പോഴും ആഖ്യാനത്തിൽ അപ്രതീക്ഷിത പരിവർത്തനങ്ങളുണ്ടാകുന്നില്ല.’’
ഒരുപക്ഷേ, ഇവിടെ സൂചിപ്പിക്കപ്പെട്ട ഈ വിടവുകളാണ്, മറ്റൊരു തലത്തിലേക്കു കടക്കാതെ, ശരീരത്തിൽ മാത്രം കേന്ദ്രീകരിച്ചു മുന്നേറാൻ ആഖ്യാനത്തെ സഹായിക്കുന്നത്. വിചിത്രമെന്നു തോന്നാവുന്ന ഈ ശൈലിയിൽ ശരീരത്തിൽ ഊന്നിയുള്ള സംഭവങ്ങളുടെ വിവരണങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഉദാഹരണത്തിന് കഥാനായകനായ ഇഷ്ട്വാന്റെ ഭാര്യ ഹെലനും മകൻ ജേക്കബും അപകടത്തിൽപ്പെടുന്നു എന്നു വായിച്ചതിനുശേഷം പിന്നീടൊരിടത്ത് വെന്റിലേറ്ററിൽ കഴിയുന്ന ഹെലനെ നമ്മൾ കാണുന്നു. അത്തരമൊരു അപകടസമയത്ത് സംഭവിച്ചേക്കാമായിരുന്ന വൈകാരികമായ പ്രകടനങ്ങളോ സ്ഥലകാല വിവരണങ്ങളോ ആഖ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അപ്രകാരംതന്നെ ജുവൈനൽ ഹോമിലെ ഇഷ്ട്വാന്റെ ജീവിതത്തെപ്പറ്റിയോ ഇറാഖിലെ അയാളുടെ സൈനികജീവിതത്തെപ്പറ്റിയോ ആഖ്യാനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ മനുഷ്യർക്കുണ്ടായേക്കാവുന്ന മാനസിക സംഘർഷങ്ങളെ പൂർണമായി ഒഴിവാക്കിയാണ് ശരീരം എന്ന നിലയിലേക്ക് കേന്ദ്ര കഥാപാത്രമായ ഇഷ്ട്വാന്റെ ജീവിതത്തെ ചുരുക്കിയിരിക്കുന്നത്.
പതിനഞ്ചു വയസ്സു മുതൽ മധ്യവയസ്സോ അതിനുമപ്പുറമോ വരെ എത്തിനിൽക്കുന്ന ഇഷ്ട്വാന്റെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തമെങ്കിലും തുടർച്ചയായി കഥപറഞ്ഞുപോകുന്ന രീതിയല്ല സൊലോയ് സ്വീകരിച്ചിരിക്കുന്നത്. ഓരോ അധ്യായത്തിലും അയാളുടെ ജീവിതത്തിലെ ചെറിയൊരു കാലഘട്ടമോ ഏതാനും ചില സംഭവങ്ങളോ മാത്രമാണ് വിവരിച്ചിരിക്കുന്നത്. ഒരു സംഭവത്തിൽനിന്നു മറ്റൊന്നിലേക്ക് സ്വാഭാവികമായ തുടർച്ച കാണണമെന്നില്ല. സംഭവങ്ങൾ പരസ്പരബന്ധിതമായിരിക്കണമെന്നു നിർബന്ധമില്ലാത്ത ആഖ്യാനത്തിൽ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് മുഖവുരയില്ലാതെ എത്തിപ്പെടുമ്പോഴും അതു വായനയുടെ ഒഴുക്കിനെ ബാധിക്കുന്നിെല്ലന്ന സവിശേഷതയുമുണ്ട്.
കഥപറയാൻ അത്യാവശ്യം വേണ്ട ഭാഷ മാത്രം ഉപയോഗിച്ചാണ് ഒരു ആൺജീവിതത്തെ സൊലോയ് അവതരിപ്പിക്കുന്നത്. ജീവിതത്തിൽ നേരിടുന്ന മിക്ക ചോദ്യങ്ങൾക്കും എനിക്കറിയില്ല (I don’t know) അഥവാ എനിക്കു കുഴപ്പമില്ല (I am Okay) എന്നാണ് ഇഷ്ട്വാന്റെ മറുപടി. ഈ മറുപടികൾ ശരീരത്തിനപ്പുറത്തേക്കു കടന്ന് അയാളുടെ മാനസികവ്യാപാരങ്ങളിൽ പങ്കാളികളാകുന്നതിൽനിന്നു വായനക്കാരെ വിലക്കുന്നുണ്ട്.
പട്ടാളസേവനം കഴിഞ്ഞുവരുന്ന ഇഷ്ട്വാനെ അയാളുടെ അമ്മ ഒരു വീഞ്ഞുശാലയിലേക്കു തൊഴിൽതേടി അയക്കുന്നു. താൻ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയിക്കുമ്പോൾ അമ്മ മകനോട് അവർ എത്രയാണ് ശമ്പളം വാഗ്ദാനം ചെയ്തതെന്നു ചോദിക്കുന്നു. അപ്പോഴും ‘എനിക്കറിയില്ല’ എന്നായിരുന്നു അയാളുടെ ഉത്തരം. വർഷങ്ങൾക്കുശേഷം, ഭാര്യയായ ഹെലന്റെ മുൻബന്ധത്തിലെ മകൻ തോമസിന് ഇരുപത്തിയഞ്ചു വയസ്സു തികയുമ്പോൾ സ്വത്തുക്കളെല്ലാം അയാളുടേതാകുമെന്നതിനാൽ അതിനുശേഷം ഇഷ്ട്വാൻ എങ്ങനെ ജീവിക്കുമെന്ന് അയാളുടെ അമ്മ അന്വേഷിക്കുന്നുണ്ട്. എന്നാൽ, ഇഷ്ട്വാൻ അതേപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. ശാരീരികസുഖങ്ങൾക്കപ്പുറമുള്ള ഭൗതികസുഖങ്ങൾ അയാളെ അത്രകണ്ട് ഭ്രമിപ്പിച്ചിരുന്നില്ലെന്നു വേണം കരുതാൻ.
മറ്റെന്തെങ്കിലും കണ്ടുപിടിക്കുന്നതുവരെ മാത്രമുള്ള ഒരു താൽക്കാലിക ഇടപാടായാണ് ഇഷ്ട്വാൻ വീഞ്ഞുശാലയിലെ ജോലിയെ കാണുന്നത്. എന്നാൽ, പുതുതായെന്തെങ്കിലും കണ്ടെത്താൻ അയാൾ ശ്രമിക്കുന്നുമില്ല. മറ്റെന്തെങ്കിലും വന്നു തന്നെ കണ്ടെത്താൻ കാത്തിരിക്കുന്നതുപോലെയായിരുന്നു അയാളുടെ നില. അതുമല്ലെങ്കിൽ അയാൾ ഭാവിയെപ്പറ്റി ചിന്തിക്കുന്നതുതന്നെ ഉണ്ടായിരുന്നില്ലെന്നു പറയാം. ഇതേ നിസ്സംഗമായ നിലപാടു തന്നെയായിരുന്നു സ്ത്രീകളുടെ കാര്യത്തിലും അയാൾക്കുണ്ടായിരുന്നത്.

സ്ത്രീകളിൽനിന്നും തികച്ചും പുതുമയുള്ള ഒരു അനുഭവമുണ്ടാകുകയെന്നത് സാധ്യതയില്ലാത്ത കാര്യമാണെന്ന് അയാൾ വിശ്വസിച്ചു. മുമ്പുണ്ടായിട്ടില്ലാത്ത ഒരു അനുഭവമുണ്ടാകാൻ സാധ്യതയില്ലാത്തതുപോലെ തികച്ചും സദൃശമായ രീതിയിൽത്തന്നെ പിന്നീട് സംഭവിക്കുകയും ചെയ്യാം എന്നും അയാൾ കരുതുന്നു. ഓരോ സ്ത്രീയെപ്പറ്റിയുമുള്ള അയാളുടെ ചിന്ത, ‘എനിക്കു നിങ്ങളെ ഇഷ്ടമാണ്, പക്ഷേ എനിക്കു മറ്റുള്ളവരെയും ഇഷ്ടമാണ്. എനിക്ക് അവരെ കൂടുതൽ ഇഷ്ടമാണ് എന്നല്ല. എനിക്ക് അവരെ കുറച്ച് ഇഷ്ടമല്ല എന്നതു മാത്രമാണത്’ എന്നായിരുന്നു. ഈ ചിന്താഗതി കാരണം ഒരു വ്യക്തിയോടൊപ്പം മാത്രമായിരിക്കുക എന്നത് യുക്തിരഹിതമായ കാര്യമായി അയാൾ കരുതി.
സ്വന്തമായി നിലപാടുകളോ ഉൾക്കാഴ്ചകളോ ഇല്ലാത്ത ഇഷ്ട്വാന്റെ ജീവിതത്തിൽ അയാൾ ഇടപെടുന്ന മുതിർന്ന സ്ത്രീകളാണ് അധികാരകേന്ദ്രങ്ങളാകുന്നത്. അയാളുടെ ജീവിതത്തിൽ കടന്നുവന്നവരും നിലനിന്നവരുമായ മിക്ക സ്ത്രീകളും അവരുടെ ആവശ്യങ്ങൾക്കായി അയാളെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലാതെ അയാൾ അവരുമായി ബന്ധം െവച്ചുപുലർത്തുകയുംചെയ്തു.
സൈനികനായിരിക്കുമ്പോൾ ഒരു സുഹൃത്തിന്റെ മരണം നേരിൽ കാണാനിടയായതിന്റെ പേരിൽ വിഷാദത്തിലകപ്പെടുന്ന ഇഷ്ട്വാൻ അമ്മയുടെ നിർദേശപ്രകാരം മനോരോഗ ചികിത്സകയെ (Therapist) കാണുന്നുണ്ട്. അവർ അയാൾക്കു ചില മരുന്നുകൾ കുറിച്ചുനൽകുന്നു. തലച്ചോറിനുള്ളിലെ സെറോടോണിന്റെ അളവു കൂട്ടാനാണിതെന്ന് അവർ പറയുന്നു. തന്റെ ചിന്തകൾ നിയന്ത്രിക്കുന്നത് തലച്ചോറിനുള്ളിലെ ചില രാസവസ്തുക്കളാണെന്നത് ഇഷ്ട്വാനെ അത്ഭുതപ്പെടുത്തുന്നു. അമൂർത്തമെന്നു പൊതുവെ കരുതപ്പെടുന്ന ചിന്തകൾക്കും മാനസികാവസ്ഥക്കും ഇവിടെ ഒരു ഭൗതികമാനം നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്.
ഇഷ്ട്വാന്റെ പ്രായമേറുന്നതിനനുസരിച്ച് പൂർണമായും ശാരീരികം എന്നുള്ളതിൽനിന്ന് ആഖ്യാനം ജീവിതത്തിന്റെ മറ്റു തലങ്ങളെ സ്പർശിക്കുന്നുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം അത്തരം വ്യാപനങ്ങളുണ്ടാകുന്നില്ല. നോവലിന്റെ അവസാനഭാഗത്തു മാത്രമാണ് ശരീരത്തിനപ്പുറത്തേക്കു ഹെലൻ തനിക്ക് ആരോ ആയിരുന്നുവെന്ന് അൽപനേരത്തേക്കെങ്കിലും ഇഷ്ട്വാൻ ചിന്തിക്കുന്നത്. അതും അവരുടെ കാലശേഷം മാത്രം. കൗമാരത്തിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനാവാതെ മറ്റേതോ ഇടത്ത് എത്തിപ്പെട്ടതുപോലെ സ്വന്തം ശരീരത്തെ നോക്കിക്കണ്ടത് ഇഷ്ട്വാൻ ഓർക്കുന്നുണ്ട്. ഒരുപക്ഷേ ആ പ്രായത്തിലായിരിക്കാം, നിങ്ങളും നിങ്ങളുടെ ശരീരവും പൂർണമായും ഒരുപോലെയല്ലെന്നും, ഒരേപോലെയായിരിക്കാതെ അവ ഒരേ ഇടം കൈവശപ്പെടുത്തുന്നുവെന്നും ആദ്യമായി തോന്നുന്നതെന്ന് അയാൾ ചിന്തിക്കുന്നു. സ്വന്തം മകന്റെ വളർച്ചയാണ് അയാളുടെ ഇത്തരം ആലോചനകൾക്കു പ്രേരകമാകുന്നത്.
വിവാഹിതനായ ഇഷ്ട്വാൻ വായിക്കുന്ന പുസ്തകം ജയിക്കാൻവേണ്ടി കളിക്കുന്നതിനെക്കുറിച്ചും തന്ത്രം (Strategy) എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചുമാണ്. മുമ്പൊരിക്കലും അയാൾ അത്തരത്തിൽ ചിന്തിച്ചതോ അങ്ങനെയെന്തെങ്കിലും അറിയാൻ ആഗ്രഹിച്ചതോ ആയി ആഖ്യാനത്തിൽ പരാമർശമില്ല. എന്നാൽ ഇഷ്ട്വാനുമൊത്ത് ടെന്നിസ് കളിക്കുന്ന തോമസ് ജയിക്കാനായല്ല കളിക്കുന്നത്. യഥാർഥത്തിൽ അവരുടെയിടയിൽ രണ്ടു കളികളാണ് നടക്കുന്നത്. ഒന്ന് ഇഷ്ട്വാൻ ജയിക്കാനായി കളിക്കുന്നത്. രണ്ടാമത്, തോമസ് തോറ്റുകൊടുത്തുകൊണ്ട് ഇഷ്ട്വാന്റെ ജയത്തിന് വിലയില്ലാതെയാകുന്നതിനായി കളിക്കുന്നത്.
പരമ്പരാഗത പുരുഷ നായകസങ്കൽപങ്ങൾക്കു പുറത്താണ് ‘ഫ്ലെഷി’ലെ ഇഷ്ട്വാൻ ഇടം കണ്ടെത്തിയിരിക്കുന്നത്. ആൺസാഹിത്യത്തിൽ പൊതുവേ കണ്ടുവരുന്ന ശക്തരും ധീരരും ഉറച്ച നിലപാടുകളുള്ളവരുമായ നായകരുടെ ഗണത്തിൽ ഇഷ്ട്വാൻ ഉൾപ്പെടുന്നില്ല. ശക്തിയും സാഹസികതയും സ്ഥിരോത്സാഹവും മറ്റും പ്രമേയങ്ങളാകുന്ന അത്തരം എഴുത്തുകളിൽനിന്നു വിഭിന്നമാണ് ‘ഫ്ലെഷി’ന്റെ ആഖ്യാനവും.
***
തന്റെ നോവലിനെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ഡേവിഡ് സൊലോയ് പല അഭിമുഖങ്ങളിലായി അഭിപ്രായങ്ങൾ പങ്കുെവച്ചിട്ടുണ്ട്. ‘ഫ്ലെഷ്’ വളരെ അപകട സാധ്യതയുള്ള ഒരു നോവലാണ്. ആ സാധ്യത ഏറ്റെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നി, കാരണം ഫിക്ഷന് സൗന്ദര്യാത്മകവും ഔപചാരികവും ഒരുപക്ഷേ ധാർമികവുമായ അപകടസാധ്യതകൾപോലും ഏറ്റെടുക്കാൻ കഴിയും, നോവലെഴുത്തുകാർ അത് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്’’, അദ്ദേഹം പറയുന്നു.
പുരുഷ എഴുത്ത് വായന, പരുവപ്പെടുത്തൽ (conditioning), പ്രതിസന്ധി എന്നിവയെ കേന്ദ്രീകരിച്ചുള്ള സംവാദപരമ്പരകളിൽ ‘ഫ്ലെഷ്’ തുടർച്ചയായി ഉൾപ്പെടുന്നു എന്നതിൽ സൊലോയ് അസ്വസ്ഥനാണ്. പ്രാഥമികമായി പുരുഷത്വത്തെക്കുറിച്ചുള്ള ഒരു പുസ്തകമായി താൻ ‘ഫ്ലെഷി’നെ കാണുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആൺരീതികളെ കഴിയുന്നത്ര യാഥാർഥ്യബോധത്തോടെ വിവരിക്കാൻ താൻ ശ്രമിക്കുകയാണെന്നും എന്നാൽ പ്രധാന സംഗതി അതല്ലെന്നുമാണ് സൊലോയ് കരുതുന്നത്. യൂറോപ്യൻ കുടിയേറ്റവും ഉപരിവർഗ പ്രലോഭനങ്ങളുമാണ് ഇഷ്ട്വാനെ മുന്നോട്ടുനയിക്കുന്നത്. അതും ചിത്രത്തിന്റെ ഭാഗമാണെന്നു സൊലോയ് പറയുന്നു. ദാരിദ്ര്യത്തിൽനിന്ന് അതിസമ്പന്നതയിലേക്ക് എത്തിച്ചേരുന്ന കഥകൂടി ആഖ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഫ്ലെഷ്’ പുസ്തകവുമായി ഡേവിഡ് സൊലോയ്
കാനഡയിൽ ജനിച്ച്, ലണ്ടനിൽ വളർന്ന ഡേവിഡ് സൊലോയ് ഇപ്പോൾ വിയനയിലാണ് താമസിക്കുന്നത്. ആറു നോവലുകളുടെയും നിരവധി ബി.ബി.സി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. സൊലോയിയുടെ രചനകൾ ഇരുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ലണ്ടൻ ആൻഡ് ദി സൗത്ത്-ഈസ്റ്റി’ന് ബെറ്റി ട്രാസ്ക് പുരസ്കാരവും ജെഫ്രി ഫേബർ മെമ്മോറിയൽ പുരസ്കാരവും ലഭിച്ചു. ‘ഓൾ ദാറ്റ് മാൻ ഈസ്’ എന്ന നോവലിന് ഗോർഡൻ ബേൺ പുരസ്കാരവും പ്ലിംപ്ടൺ പുരസ്കാരവും ലഭിച്ചു, ഇതേ നോവൽ 2016ൽ ബുക്കർ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടു. 2013ൽ ഗ്രാന്റായുടെ ബെസ്റ്റ് ഓഫ് യങ് ബ്രിട്ടീഷ് നോവലിസ്റ്റുകളിലേക്ക് അദ്ദേഹത്തിന്റെ പേര് തിരഞ്ഞെടുക്കപ്പെട്ടു, 2010ൽ ‘ടെലിഗ്രാഫി’ന്റെ 40 വയസ്സിന് താഴെയുള്ള മികച്ച 20 ബ്രിട്ടീഷ് എഴുത്തുകാരുടെ പട്ടികയിലും സൊലോയ് ഇടം നേടി.
***
2003ൽ ഹംഗറി ഇറാഖിലേക്ക് സൈനികരെ അയച്ചതും 2004നു ശേഷം യൂറോപ്പിൽനിന്നു വലിയതോതിൽ ഇംഗ്ലണ്ടിലേക്കു കുടിയേറ്റമുണ്ടായതും ചരിത്ര സംഭവങ്ങളാണ്. വർഷങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്ത ആഖ്യാനത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങളുടെ സൂചനയാണ് ഇഷ്ട്വാൻ ജീവിക്കുന്ന കാലഘട്ടം തിട്ടപ്പെടുത്താൻ സഹായകമാകുന്നത്. എന്നാൽ അതിലുപരി സാങ്കേതികവിദ്യയുടെ ഉപയോഗത്തെപ്പറ്റിയുള്ള പരാമർശങ്ങൾ നോവലിൽ പറയുന്ന സംഭവങ്ങൾ ഏതു കാലത്താണ് നടന്നിട്ടുണ്ടാകുക എന്ന് ഊഹിക്കാൻ സഹായകമാകുന്നുണ്ട്. ഇറാഖിൽനിന്നു സൈനികസേവനം കഴിഞ്ഞു മടങ്ങിയെത്തുന്ന ഇഷ്ട്വാൻ അക്കാലത്ത് പരിചയപ്പെടുന്ന ഒരു പെൺകുട്ടിയുടെ കൈയിലെ ഐപോഡ് (ipod) കണ്ട് അത് എന്താണെന്ന് അന്വേഷിക്കുന്നുണ്ട്. 21ാം നൂറ്റാണ്ടിന്റെ തുടക്കകാലമാണ് അതെന്ന് ഈ സംഭവം വായനക്കാരെ ഓർമപ്പെടുത്തുന്നു. പിന്നീട് പലപ്പോഴായി ഫേസ്ബുക്ക് മെസഞ്ചറും ഐപാഡും സൂം മീറ്റിങ്ങും ഇലക്ട്രോണിക് സിഗരറ്റും (Vape) ഓരോ കാലഘട്ടത്തിന്റെ അടയാളമുദ്രകളായി ആഖ്യാനത്തിൽ പ്രത്യക്ഷപ്പെടുന്നു.

ഇംഗ്ലണ്ടിലെ ആഡംബര ജീവിതത്തിനുശേഷം ഹംഗറിയിലെ കൊച്ചുപട്ടണത്തിലേക്കു തിരിച്ചെത്തുന്ന ഇഷ്ട്വാൻ ഒരു ചെറിയ സംരംഭത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായാണ് ജോലിചെയ്യുന്നത്. ഹെലൻ ഇരുപതു വർഷം മുമ്പ് ഫേസ്ബുക്ക് മെസഞ്ചറിൽ അയച്ച ചിത്രങ്ങൾ അയാൾ ആ കാലത്തു കാണുന്നതായി പറയുന്നു. ഫേസ്ബുക്ക് മെസഞ്ചർ പൊതുജനത്തിന് പ്രാപ്യമായിട്ട് 20 വർഷമായിട്ടില്ലെന്നിരിക്കെ ഭാവിയിൽ നടക്കാനിരിക്കുന്നവയാണോ ഈ സംഭവങ്ങൾ എന്ന സംശയമുണ്ടാകുന്നുണ്ട്. പിന്നീട്, വർത്തമാനകാലാഖ്യാനത്തിൽ തന്നെ അയാൾ അതേ ജോലിയിൽ വർഷങ്ങളോളം തുടർന്നുവെന്നും അനേക വർഷങ്ങൾക്കുശേഷം തനിക്കു ലഭിച്ച ഉദ്യോഗക്കയറ്റം നിരസിച്ചുവെന്നും നോവലിൽ പറയുന്നു. പത്തു വർഷത്തിനുശേഷം അയാളുടെ അമ്മ മരിക്കുന്നു. ഇനിയും അനേകവർഷങ്ങൾ കഴിഞ്ഞു നടക്കേണ്ട സംഭവങ്ങളാണോ ഇവയൊക്കെയുമെന്ന സന്ദേഹം ഇവിടെയും നിലനിൽക്കുന്നു.
ലോക്ഡൗൺ കാലത്ത് അയാൾ ഇംഗ്ലണ്ടിലായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. ലോകം ലോക്ഡൗൺ അഭിമുഖീകരിച്ചിട്ട് അഞ്ചു വർഷങ്ങൾപോലും ആയിട്ടില്ലെന്നിരിക്കെ, ലോക്ഡൗണിനുശേഷം അനേക വർഷങ്ങൾ കഴിഞ്ഞു നടക്കുന്നതായി പറയുന്ന ഈ സംഭവങ്ങൾ വർത്തമാനകാലത്തിൽ (present tense) രേഖപ്പെടുത്തിയിരിക്കുന്നത് യഥാതഥമായ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്ന കൃതിയിലെ അത്രനേരം തുടർന്നുവന്ന കാലഗണനാരീതിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. കൃതിയുടെ വായനയെയോ ആസ്വാദനത്തെയോ ഇത് ബാധിക്കുകയില്ലെങ്കിൽപ്പോലും ആധുനിക മനുഷ്യന്റെ ജീവിതം യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിൽ അവതരിപ്പിക്കുകയും സാങ്കേതികവിദ്യയുടെ വളർച്ച പല ഘട്ടങ്ങളിലും പരാമർശിച്ചുകൊണ്ട് കാലഘട്ടത്തെക്കുറിച്ചുള്ള സൂചന നൽകുകയും ചെയ്യുന്ന ആഖ്യാനത്തിന്റെ അവസാന ഭാഗത്ത് ഇത്തരം ചിന്താകുഴപ്പങ്ങൾ ഒഴിവാക്കാമായിരുന്നു.
മനുഷ്യൻ ശരീരമായി ചുരുങ്ങുന്നതിന്റെ ഇരുണ്ടവശം ആടയാഭരണങ്ങളില്ലാതെ അനാവൃതമാകുന്ന ആഖ്യാനത്തിൽ, ധാർമിക വിപത്തിനെപ്പറ്റി (Moral Risk) നോവലിസ്റ്റ് മുൻകൂർ ജാമ്യമെടുക്കുമ്പോഴും, പുരുഷ കേന്ദ്രീകൃത നോട്ടങ്ങളുടെയും ശരീരവർണനകളുടെയും അതിപ്രസരം അനുഭവപ്പെടുന്നുണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ (Physical, Mental and Spiritual) ലയനമായി മനുഷ്യജീവിതത്തെ ദർശിക്കുന്ന കലയുടെയോ സാഹിത്യത്തിന്റെയോ പ്രതിനിധാനമല്ല ‘ഫ്ലെഷ്’. അതിൽ ഒരു ഭാഗത്തിനു മാത്രം, മനുഷ്യർക്ക് തൊട്ടറിയാൻ കഴിയുന്ന ശരീരത്തിനു മാത്രമാണ് ഇഷ്ട്വാന്റെ ജീവിതത്തിലും അതുവഴി നോവലിലും പ്രാധാന്യം കൈവരുന്നത്. ആണ്മ തിരിച്ചറിഞ്ഞകാലം മുതൽ ഇഷ്ട്വാൻ ശരീരത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നത്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ സാഹിത്യമൂല്യം അടയാളപ്പെടുത്തുന്ന തോതുകളായി പലപ്പോഴും വിലയിരുത്തപ്പെടുന്ന ചിന്തകളുടെയോ ആദർശങ്ങളുടെയോ തത്ത്വചിന്തകളുടെയോ മറകളില്ലാതെ, നഗ്നമായി, സ്വയം വെളിപ്പെടുത്തിനിൽക്കുന്ന കൃതിയാണ് ‘ഫ്ലെഷ്’. ചിലപ്പോഴെങ്കിലും വായനയെ അലോസരപ്പെടുത്താനും ഇത്തരമൊരു തുറന്നെഴുത്തിനു കഴിഞ്ഞേക്കുമെന്നും സൂചിപ്പിക്കേണ്ടതുണ്ട്. ആഖ്യാനത്തിലൊരിടത്ത്, തോമസ് ഇഷ്ട്വാനെപ്പറ്റി, അയാൾ ‘പുരുഷത്വത്തിന്റെ ഒരു പ്രാകൃതരൂപത്തെ ഉദാഹരിക്കുന്നു’ എന്നു പറഞ്ഞതായി ഹെലൻ പറയുന്നു. യഥാർഥത്തിൽ ഇഷ്ട്വാന്റെ ജീവിതമെന്ന വലിയ കാൻവാസിൽ അത്തരമൊരു പ്രാകൃത ആൺരൂപത്തിന്റെ (ഭാവത്തിന്റെ) വിപുലീകരണം (Extension) മാത്രമാണ് ‘ഫ്ലെഷ്’ എന്ന കൃതിയും. അത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് നോവലിന്റെ പേരുതന്നെ സൂചിപ്പിക്കുന്നുമുണ്ട്.
