ചിന്തകരിലൂടെ ഒരു യാത്ര

ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മാരിയോ വർഗാസ് യോസയുടെ ‘The call of the Tribe -Essays’ എന്ന അസാധാരണ പുസ്തകം വായിക്കുന്നു. 2010ലെ സാഹിത്യത്തിനുള്ള നൊേബൽ പുരസ്കാരം നേടിയ ലാറ്റിനമേരിക്കൻ (പെറു) എഴുത്തുകാരൻ മാരിയോ വർഗാസ് യോസ (Mario Vargas Llosa) ആധുനിക കാലത്ത് ഏറ്റവും അറിയപ്പെടുന്ന നോവലിസ്റ്റുകളിൽ ഒരാളാണ്. സമ്പന്നമായ വായനയും വിശാലമായ സഞ്ചാരപഥങ്ങളും സർഗാത്മകമായ സാഹിത്യരചനയുടെ വൈവിധ്യമാർന്ന തലങ്ങളും ഒന്നിച്ചുചേർന്നപ്പോൾ അദ്ദേഹം സാർവലൗകിക മഹാപ്രതിഭയായി മാറി. ‘നായകന്റെ കാലം’ (The Time of the Hero), ‘ഹരിതഭവനം’ (The Green House), ‘ക്യാപ്റ്റൻ പാന്റോയും പ്രത്യേക സേവനവും’ (Captain Pantago and Special Service), ‘കത്തീഡ്രലിനുള്ളിലെ സംവാദങ്ങൾ’ (Conversation in the Cathedral), ‘ജൂലിയ...
Your Subscription Supports Independent Journalism
View Plansലാറ്റിനമേരിക്കൻ എഴുത്തുകാരൻ മാരിയോ വർഗാസ് യോസയുടെ ‘The call of the Tribe -Essays’ എന്ന അസാധാരണ പുസ്തകം വായിക്കുന്നു.
2010ലെ സാഹിത്യത്തിനുള്ള നൊേബൽ പുരസ്കാരം നേടിയ ലാറ്റിനമേരിക്കൻ (പെറു) എഴുത്തുകാരൻ മാരിയോ വർഗാസ് യോസ (Mario Vargas Llosa) ആധുനിക കാലത്ത് ഏറ്റവും അറിയപ്പെടുന്ന നോവലിസ്റ്റുകളിൽ ഒരാളാണ്. സമ്പന്നമായ വായനയും വിശാലമായ സഞ്ചാരപഥങ്ങളും സർഗാത്മകമായ സാഹിത്യരചനയുടെ വൈവിധ്യമാർന്ന തലങ്ങളും ഒന്നിച്ചുചേർന്നപ്പോൾ അദ്ദേഹം സാർവലൗകിക മഹാപ്രതിഭയായി മാറി.
‘നായകന്റെ കാലം’ (The Time of the Hero), ‘ഹരിതഭവനം’ (The Green House), ‘ക്യാപ്റ്റൻ പാന്റോയും പ്രത്യേക സേവനവും’ (Captain Pantago and Special Service), ‘കത്തീഡ്രലിനുള്ളിലെ സംവാദങ്ങൾ’ (Conversation in the Cathedral), ‘ജൂലിയ അമ്മായിയും സ്ക്രിപ്റ്റ് എഴുത്തുകാരനും’ (Aunt Juila and the Scriptwriter), മാസ്റ്റർപീസായി കരുതപ്പെടുന്ന ‘ലോകാവസാന കാലത്തെ യുദ്ധം’ (The War of the End of the World), ‘രണ്ടാനമ്മക്കുവേണ്ടി സ്തുതി’ (In Praise of Stepmother), ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ (The Feast of the Goat), ‘അലജാൻട്ര മായ്റ്റയുടെ യഥാർഥ ജീവിതം’ (The Real Life of Alejandro Mayta) തുടങ്ങിയ നോവലുകളിലൂടെ ലോകസാഹിത്യത്തിൽ നിറഞ്ഞുനിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു നോവലിസ്റ്റ് എന്നതിനപ്പുറം നോൺ ഫിക്ഷൻ രചനാരംഗത്തും അദ്ദേഹം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായി ഇത്തരം രചനകളിലൂടെ കടന്നുപോകുമ്പോൾ തിരിച്ചറിയാം. ‘ജലത്തിനുള്ളിലെ ഒരു മത്സ്യം’ (A Fish in the Water) ഇവയിൽ ഏറ്റവും മികച്ച സംഭാവനയാണ്.
ഈ വിഭാഗത്തിൽ വായിച്ചിട്ടുള്ള പുസ്തകങ്ങളുടെ പട്ടിക തന്നെ വളരെ വിശാലവും ശ്രദ്ധേയവുമാണ്. ‘ചെറുപ്പക്കാരനായ നോവലിസ്റ്റിനുള്ള കത്തുകൾ’ (Letters to a Yong novelist), ‘വൈകാരികതയുടെ ഭാഷ’ (The Language of Passion), ‘ഉരകല്ലുകൾ’ (Touch stones), ‘അസാധ്യമായതിന്റെ പ്രലോഭനങ്ങൾ’ (The Temptation of the Impossible), ‘സെയ്േബഴ്സ് ആൻഡ് ഉട്ടോപ്യൻസ്’ (Sabers and Utopias), ‘പ്രിൻസ്ടണിലെ സംവാദം’ (Conversation at Princeton) തുടങ്ങിയ മഹാരചനകൾ അദ്ദേഹത്തിന്റെ പാണ്ഡിത്യതലങ്ങൾ എടുത്തുകാണിക്കുന്നവയാണ്. ഒരുപക്ഷേ സമകാലികനും ഒരേ ഭൂമികയിൽനിന്നുമുള്ള കാർലോസ് ഫുയെൻതെസിനെ മാത്രമേ ഈ ദിശയിൽ വേറിട്ടുനിൽക്കുന്നതായി കാണാനാകൂ.
ഈ വിഭാഗത്തിൽ ഏറ്റവും അവസാനമായി വായിക്കാൻ കഴിഞ്ഞ പുസ്തകമാണ് ‘ഗോത്രത്തിന്റെ വിളി -ലേഖനങ്ങൾ’ (The Call of the Tribe -Essays). ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ Faber & Faber UK 2024) പ്രസിദ്ധീകരിച്ച ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത് ലാറ്റിനമേരിക്കൻ ഫിക്ഷന്റെ നിരീക്ഷണങ്ങൾ (The Survey of Latin American fiction) എന്ന മികച്ച പഠനഗ്രന്ഥം രചിച്ച ജോൺ കിങ്ങാണ് (John King).
1990ൽ പെറുവിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജപ്പാൻ വംശജനായ ഫുജിമുറിയോടേറ്റ പരാജയം ഒരു പരിധിവരെ അദ്ദേഹത്തിന്റെ രാഷ്ട്രീയാവേശങ്ങളെ തകർത്തുകളഞ്ഞിരുന്നു. പിൽക്കാലത്ത് ഈ മനുഷ്യനു നേരിടേണ്ടിവന്ന പരാജയം പെറുവിലെ ജനതക്കൊരു പാഠമായതിന് ചരിത്രവും നാം തിരിച്ചറിഞ്ഞതാണ്.
സോഷ്യലിസ്റ്റ് ദർശനങ്ങളിൽനിന്നും ലിബറലിസത്തിലേക്കുള്ള മാരിയോയുടെ ചുവടുമാറ്റവും സംഭവിച്ച ഒന്നാണ്. ചെറുപ്പക്കാരനായ മാരിയോ വർഗാസ് യോസക്കു ശരിക്കുമൊരു ഇടതുപക്ഷ ചിന്താഗതിയാണുണ്ടായിരുന്നത്. അന്ന് ക്യൂബൻ വിപ്ലവത്തോട് ആവേശത്തോടെയാണദ്ദേഹം പ്രതികരിച്ചിരുന്നത്. ലാറ്റിനമേരിക്കയിൽ ജനാധിപത്യം എന്ന സ്വപ്നം ലാറ്റിനമേരിക്കയിൽ കാസ്ട്രോയിലൂടെ സാധ്യമാകും എന്ന പ്രത്യാശയാണിതിന്റെ പിന്നിൽ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത്.
അത് ശരിക്കും ആശയസമ്പന്നമായ പ്രതീകാത്മക രൂപമായിരുന്നു. സോഷ്യലിസം കാസ്ട്രോയിലൂടെ സ്വപ്നംതന്നെയായിരുന്നു. പക്ഷേ, ഇത്തരം വാഗ്ദാനങ്ങളൊന്നും വിപ്ലവാനന്തരം അവിടെ നിറവേറ്റപ്പെട്ടില്ല. ഈ അനുഭവങ്ങളിൽനിന്നുൾക്കൊണ്ട പാഠങ്ങളിൽനിന്ന് തന്റെ നിരീക്ഷണങ്ങളിലൂടെ ഒരു മാറ്റം ആവശ്യമാണെന്ന് യോസക്ക് തോന്നി. അതോടെ, വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം സ്വന്തം സർക്കാറിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന തോന്നൽ ശക്തമായി. അതെ, ഒരു ലിബറൽ ഡമോക്രാറ്റായി േയാസ മാറുകയായിരുന്നു. അതിന്റെ വക്താവായിട്ടാണദ്ദേഹം പിന്നീട് അറിയപ്പെട്ടത്.
നിയമവാഴ്ചയുടെ വെളിച്ചവും സ്വതന്ത്രമായ മീഡിയയുടെ സാന്നിധ്യവും വരുമെന്ന പ്രതീക്ഷയും ഇതോടൊപ്പമുണ്ടായി. പക്ഷേ, സോഷ്യലിസം വാഗ്ദാനംചെയ്ത് നടപ്പാകാൻ പരാജയപ്പെട്ടതിനെ മുതലാളിത്തത്തിന് നടത്താനാകുമെന്ന തോന്നലും സംഭവിച്ചിരുന്നു. ഒരു വലിയ സ്റ്റേറ്റിനേക്കാൾ ഒരു ചെറിയ സ്റ്റേറ്റിന് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു.
ഈ പുതിയ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ലേഖനങ്ങൾ അദ്ദേഹത്തിന്റെ ചിന്താഗതികളെ രൂപപ്പെടുത്താൻ സഹായിച്ച ഒമ്പത് പ്രമുഖ ചിന്തകരായ എഴുത്തുകാരുടെ ദർശനങ്ങളെയും രചനകളെയും കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങളാണ്. തന്റെ ദർശനങ്ങൾക്ക് രൂപവും വീണ്ടും പുനർരൂപവും സൃഷ്ടിക്കാനുള്ള സാഹചര്യങ്ങളും ഇവ പങ്കുവെച്ചുകൊടുത്തിരുന്നു. യോസയുടെ പണ്ഡിതോന്മുഖമായ ചിന്തകളുടെ സാന്നിധ്യവും മികച്ച വായനയും ഇതിന് ഏറെ സഹായകരമായിത്തീരുകയുംചെയ്തു. അദ്ദേഹത്തിന്റെ ചിന്തകളുടെ ബൗദ്ധികമായ തലങ്ങളെയാണ് ഈ ലേഖനങ്ങളിലൂടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നത്.
മാരിയോക്ക് 12 വയസ്സുള്ളപ്പോഴാണ് 1948ൽ സ്വന്തം ഭൂമികയായ പെറുവിലെ ജനാധിപത്യ ഗവൺമെന്റിനെ ജനറൽ മാനുവൽ അപ്പോളിനാരിയോ എന്ന സൈനികമേധാവി അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തത്. അതോടെ, ഏതു രീതിയിലുള്ള ഏകാധിപത്യ പ്രവണതയിലും നിഷേധാത്മകമായ ഒരു സമീപനമാണദ്ദേഹം സ്വീകരിച്ചത്.
‘ഗോത്രത്തിന്റെ വിളി’ എന്ന ഈ സമാഹാരത്തിലൂടെ തന്റെ രാഷ്ട്രീയപരവും ദാർശനികവുമായ ചിന്തകളുടെ രൂപവത്കരണത്തിന് സഹായിച്ച ഏഴ് പ്രധാന ചിന്തകർക്കുവേണ്ടിയുള്ള സമർപ്പണത്തിന് അദ്ദേഹം തയാറാവുകയായിരുന്നു. ലിബറലിസം എന്ന പ്രത്യയശാസ്ത്രത്തിനാണദ്ദേഹം ഇതിൽ കൂടുതൽ പ്രാധാന്യം കൊടുത്തത്. ജീവിതത്തോടും സമൂഹത്തോടുമുള്ള ഇതിനോട് ചേർന്ന ഒരുകാഴ്ചപ്പാടാണ് ക്ഷമയോടെയും ബഹുമാനത്തോടെയുമുള്ള ഒരു ദർശനത്തിലൂടെ അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിന് ഏറ്റവും പ്രമുഖമായ ഒരു ദർശനവും ഇതുവഴി അദ്ദേഹം നേടിയെടുക്കാൻ ശ്രമിച്ചു. ആദ്യത്തെ ലേഖനമായ ‘ഗോത്രത്തിന്റെ വിളി’യിൽ മാരിയോ യഥാർഥത്തിലുള്ള സ്വതന്ത്രനായ പൗരനും വ്യക്തിമാഹാത്മ്യവാദത്തിനനുസൃതമാവാത്തതുമായ കൂട്ടത്തിന്റെയോ ഗോത്രത്തിന്റെയോ അംശത്തിന്റെ ഇടയിലേക്ക് നമ്മെ നയിച്ചുകൊണ്ടുപോവുകയാണ്.
ഇവിടെ വ്യക്തികൾ സ്വയം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ ഒരു സിദ്ധാന്തത്തിന്റെയോ അല്ലെങ്കിൽ ഒരു നേതാവിന്റെയോ സ്വാധീനത്തിനുള്ളിലേക്ക് സ്വയം കടന്നുചെന്നുകൊണ്ട് അസ്തിത്വം നേടാൻ ശ്രമിക്കുകയാണ്. ഇതോടെ അവർ സ്വാതന്ത്ര്യത്തിനോടുള്ള സമർപ്പണത്തിൽനിന്ന് അകന്നുപോകുന്ന ഒരു സാഹചര്യവുമുണ്ടാകുന്നു.
തങ്ങളുടെ ന്യായയുക്തമായ ജീവിതസാഹചര്യങ്ങളിൽനിന്നു അകന്നുപോകുന്ന ഒരു സ്ഥിതിയും ഉണ്ടാകുന്ന മനുഷ്യഹൃദയത്തിനുള്ളിലെ താളവ്യവസ്ഥകൾക്കാണിവിടെ ചലനങ്ങൾ സംഭവിക്കുന്നത്. ഇങ്ങനെയുള്ള ഒരു പ്രചോദനം ഫാഷിസത്തിന്റെയും കമ്യൂണിസത്തിന്റെയും മതപരമായ ജനാധിപത്യത്തിന്റെയും തിന്മകളെ ഉൾക്കൊള്ളാനാണ് സ്വാഭാവികമായും ശ്രമിക്കുന്നത്. ഇതിനെ ശരിക്കും പ്രതിരോധിക്കേണ്ടതായിട്ടുണ്ടെന്ന് ഈ ലേഖനത്തിലൂടെ മാരിയോ നമ്മെ ഓർമപ്പെടുത്തുന്നു.
ഇവിടെ അദ്ദേഹം എഡ്മണ്ട് വിൽസന്റെ ‘ഫിൻലൻഡ് സ്റ്റേഷനി’ലേക്ക് (To the Finland Station) എന്ന ഗ്രന്ഥത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഈയൊരു ലേഖനം എഴുതാനുള്ള പ്രചോദനവും അതിൽനിന്നുണ്ടായതാണ്. സ്വന്തം രാഷ്ട്രീയ ദർശനങ്ങളുടെയും മാർക്സിയൻ ചിന്തകളുടെയും രൂപവത്കരണത്തിൽ ഇത് ഏറെ സഹായകരമാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് സാർത്രിയൻ അസ്തിത്വവാദത്തിലേക്കും ലിബറലിസത്തിലേക്കുള്ള വഴികളും തുറന്നുകൊടുത്തു.
1723ൽ സ്കോട്ടിഷ് വ്യവസായ പട്ടണമായ ക്രിക് കാർഡിയിൽ ജനിച്ച സാമ്പത്തിക വിദഗ്ധനും ചിന്തകനുമായ ആഡം സ്മിത്തിനെ നാം തിരിച്ചറിയുന്നത് ‘രാഷ്ട്രങ്ങളുടെ സമ്പത്ത്’ (Wealth of Nations) എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെയാണ്. ശരിക്കുമിത് രാഷ്ട്രസമ്പത്തിന്റെ സ്വഭാവത്തെയും കാരണങ്ങളെയും കുറിച്ചുള്ള അന്വേഷണമാണ്.
1776ലാണ് ഈ പ്രാമാണിക ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇന്നും ഇതിന്റെ മൂല്യങ്ങൾക്ക് ഒരുവിധ ഇടിവും സംഭവിച്ചിട്ടില്ല. മാരിയോ ആഡം സ്മിത്തിനെക്കുറിച്ച് വളരെ ആധികാരികമായ രീതിയിലാണ് പഠനം നടത്തിയിരിക്കുന്നത്. മൂന്നാമത്തെ വയസ്സിൽ ജിപ്സികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായി ഒരു കഥയുമുണ്ട്. ഫ്രഞ്ച് ഭാഷ സ്വയം അഭ്യസിച്ച അദ്ദേഹം അതിലെ സാഹിത്യത്തെ ആവേശേത്താടെയാണ് വായിച്ചറിഞ്ഞത്.
1739ൽ മാനുഷിക സ്വഭാവത്തെക്കുറിച്ചൊരു ചെറുപ്രബന്ധം (A Treatise on Human Natures) 1739ൽ വായിച്ചതിൽനിന്നാണ് പിന്നീട് ക്ലാസിക്കായ ‘ദി തിയറി ഓഫ് മോറൽ സെന്റിമെന്റ്സ്’ (The Theory of Moral Sentiments) എഴുതാൻ കഴിഞ്ഞത്. ‘ധാർമിക വൈകാരിക ഭാവങ്ങളുടെ സിദ്ധാന്തം’ തന്നെയാണ് നാമിതുവരെ തിരിച്ചറിയാത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകം.
അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകവുമാണിത് (1759). മനുഷ്യജീവികൾ തമ്മിലേറ്റവും അടുത്തറിയുന്നത് ഭാവനയിലൂടെയാണെന്നാണ് ഇതിലൂടെ അദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. അയൽക്കാരനോടുള്ള അവരുടെ അനുകമ്പയും അവർക്കിടയിലെ ബന്ധത്തിന്റെ പ്രധാന കണ്ണിയായി രൂപാന്തരപ്പെടുന്നു. വളരെ സൂക്ഷ്മതയോടും ഭംഗിയായിട്ടുമാണ് ആഡം സ്മിത്ത് തന്റെ അനുമാനങ്ങൾ സാഹിത്യമൂല്യത്തോടെ പങ്കുവെക്കുന്നത്.1 തിയറി ഓഫ് മോറൽ സെന്റിമെന്റ്സും വെൽത്ത് ഓഫ് നേഷനും മാനവരാശിക്കു സമ്മാനിച്ച ആഡം സ്മിത്തിനെ ഈ ലേഖനത്തിലൂടെ ശക്തമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫിക്ഷനൽ എഴുത്തുകാരനായ യോസയുടെ ജീവിതത്തിലെ മറ്റൊരു പ്രഭാപൂരിതമായ മുഖവും ദർശനവുമാണിത്.
ലോകം ദർശിച്ച ലിബറൽ ചിന്തകരിൽ ഒരാളായ സ്പെയിനിലെ ഹോസെ ഒർടെഗാ വെ ഗാസറ്റ് (Jose Ortega Y Gasset) (1883-1955) തന്റെ ഏറെ വിഖ്യാതമായ ഗ്രന്ഥങ്ങളിലൂടെ തന്റെ ദർശനങ്ങൾക്കും ചിന്തകൾക്കും ജാലകങ്ങൾ തുറന്നുകൊടുക്കുകയായിരുന്നു. സ്പാനിഷ് ആഭ്യന്തര യുദ്ധവും ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണവും അദ്ദേഹത്തിന് നേരിടേണ്ടതായി വന്ന മഹാദുരന്തങ്ങളാണ്.
തുറന്ന ലിബറൽ ചർച്ചകളിലൂടെയാണ് അദ്ദേഹം തന്റെ ആശയങ്ങൾ യൂറോപ്യൻ, ലാറ്റിനമേരിക്കൻ തലങ്ങളിൽ അവതരിപ്പിച്ചത്. ഉൽപതിഷ്ണുവായ (Radical) എന്ന വാക്ക് അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു. ഇന്നത്തെ മാർക്സിസ്റ്റ് ദർശനങ്ങളുടെ മൂല്യത്തകർച്ച അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. സാമാന്യ ജനതയുടെ പ്രക്ഷോഭം (The Revolt of the Masses) എന്ന തത്ത്വചിന്താ ഗ്രന്ഥം അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്. ഈ ലേഖകന് ഇത് വായിക്കാൻ കഴിഞ്ഞത് ഓർമകളിലെ വിലപ്പെട്ട നിമിഷങ്ങളാണ്.
സ്പെയിനിലും യൂറോപ്പിലും ഭാവിയിൽ ഏറെ പ്രാധാന്യമർഹിക്കാൻ പോകുന്ന വസ്തുതകളെക്കുറിച്ചാണ് ഒർടേഗ എഴുതിയത്. ദേശീയതയുടെ ഒരു പുനരാഗമനവും അദ്ദേഹം മുൻകൂട്ടി ദർശിച്ചിരുന്നു. കലയുടെയും സാഹിത്യത്തിന്റെയും തലങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നദ്ദേഹം വിലയിരുത്തി. കലയെ കൂടുതൽ മാനവികമായ ഒരു തലത്തിൽ ദർശിക്കാനാണദ്ദേഹം ആഗ്രഹിച്ചത്.
ജനസമൂഹത്തിന്റെ പ്രക്ഷോഭസാധ്യതകളിലേക്കും അദ്ദേഹം കടന്നുചെന്നിരുന്നു. സ്പെയിനിൽ അന്നത്തെ കറ്റാലനും ബാസ്ക് സമൂഹത്തിനുമിടയിലെ വിഘടനവാദത്തെ വലിയ ദുരന്തമായിത്തീരുമെന്നദ്ദേഹം പ്രവചിച്ചു. ദേശീയമായ അനുശാസനങ്ങളിലൊന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വെറുമൊരു കാപട്യമെന്ന രീതിയിൽ അതിനെ കാണാനും അദ്ദേഹം തയാറായി.
ഫ്രാങ്കോ ഏകാധിപതിയുടെ ഭരണകാലത്തെ സ്പെയിൻ നേരിട്ട ദുരന്തങ്ങൾ ഒർടേഗയുടെയും വേദനയായിരുന്നു. അന്നത്തെ യഥാർഥ കലാകാരന്മാർ യഥാർഥ ജീവിതത്തെ അതേപടി ചിത്രീകരിക്കുന്നതിനും തയാറായിരുന്നില്ല. അതിൽനിന്നും വേറിട്ട ഒരു തലത്തിലേക്ക് സ്വന്തം രചനകളെ വീണ്ടെടുക്കുകയായിരുന്നു.
ഫ്രെഡറിച്ച് ഓഗസ്ത് ഹായെകാണ് (1899-1992) യോസയുടെ പുസ്തകത്തിൽ കടന്നുവരുന്ന മറ്റൊരു ചിന്തകൻ. ലോകം കണ്ട ദാർശനികരിൽ പ്രധാനികളിലൊരാളാണ് അദ്ദേഹം. റഷ്യൻ പ്രവാസി എഴുത്തുകാരനായ ഇസായ് ബെർലിനാണ് (1909-1997) മറ്റൊരാൾ. 1945ൽ റഷ്യ സന്ദർശനവേളയിൽ റഷ്യയിലെ ഏറ്റവും പ്രിയകവി അന്ന അക്മത്തോവയുമായുള്ള കണ്ടുമുട്ടലിനെപ്പറ്റി യോസ ഇൗ ലേഖനത്തിൽ വിവരിക്കുന്നുണ്ട്.
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു രണ്ടു ലേഖനങ്ങൾ ഫ്രഞ്ച് ചിന്തകനായ റെയ്മണ്ട് ആരോണും (Raymond Aron 1905-1983) ഴാങ് ഫ്രാങ്സ്വാ റെവലുമാണ് (Jean Francois Revel 1924-2006). ദാർശനികരായ ഇവർ രണ്ടുപേരുടെയും രചനകളിലേക്കും ദർശനങ്ങളിലേക്കും വളരെ പ്രാധാന്യത്തോടെ യോസ ചർച്ചചെയ്യുന്നുണ്ട്. വായനക്കിടയിൽ വല്ലപ്പോഴുമൊരിക്കൽ ലഭിക്കുന്ന പുസ്തകമാണ് യോസയുടെ ‘ഗോത്രത്തിന്റെ വിളി’. ഫിക്ഷന്റെ ലോകത്ത് വിരാജിക്കുന്ന അതേ അവധാനതയോടെ അദ്ദേഹം നോൺ ഫിക്ഷനിലും നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.