Begin typing your search above and press return to search.
proflie-avatar
Login

ഇടം തേടുന്നവരുടെ നിഷ്ഫല നൃത്തം

ഇടം തേടുന്നവരുടെ  നിഷ്ഫല നൃത്തം
cancel

ഫലസ്തീന്‍ നോവലിസ്റ്റ് അക്റം മുസല്ലം രചിച്ച ‘The Dance of the Deep-Blue Scorpion’, ഫാന്റസിയും അസംബന്ധ ബോധവും മേളിക്കുന്ന ആഖ്യാനത്തിന്‍റെ വിചിത്രസങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓർമകളുടെയും ഫലസ്തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നുവെന്ന്​ ലേഖകൻ.കൊളോണിയല്‍നുകം അഴിച്ചുവെക്കുകയും ദേശനിർമിതിയുടെ ഘട്ടവും കടന്നു ദേശീയതാനന്തര കാലത്തിലേക്ക് പ്രവേശിക്കുകയുംചെയ്ത ഇടങ്ങളില്‍നിന്നുള്ള സമകാലിക സാഹിത്യം (post-postmodern or contemporary literature) സാമാന്യാനുഭവങ്ങളുടെ ഘട്ടവും കടന്നു അനന്യാനുഭവങ്ങളുടെ ആഖ്യാനങ്ങളിലേക്ക് വലിയതോതില്‍ ശ്രദ്ധയൂന്നുന്നുണ്ട്. എന്നാല്‍, ഭൗമാർഥത്തില്‍ ഉണ്മപോലുമല്ലാത്ത, ദേശീയതയുടെ തലത്തില്‍ മാത്രം...

Your Subscription Supports Independent Journalism

View Plans

ഫലസ്തീന്‍ നോവലിസ്റ്റ് അക്റം മുസല്ലം രചിച്ച ‘The Dance of the Deep-Blue Scorpion’, ഫാന്റസിയും അസംബന്ധ ബോധവും മേളിക്കുന്ന ആഖ്യാനത്തിന്‍റെ വിചിത്രസങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓർമകളുടെയും ഫലസ്തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നുവെന്ന്​ ലേഖകൻ.

കൊളോണിയല്‍നുകം അഴിച്ചുവെക്കുകയും ദേശനിർമിതിയുടെ ഘട്ടവും കടന്നു ദേശീയതാനന്തര കാലത്തിലേക്ക് പ്രവേശിക്കുകയുംചെയ്ത ഇടങ്ങളില്‍നിന്നുള്ള സമകാലിക സാഹിത്യം (post-postmodern or contemporary literature) സാമാന്യാനുഭവങ്ങളുടെ ഘട്ടവും കടന്നു അനന്യാനുഭവങ്ങളുടെ ആഖ്യാനങ്ങളിലേക്ക് വലിയതോതില്‍ ശ്രദ്ധയൂന്നുന്നുണ്ട്. എന്നാല്‍, ഭൗമാർഥത്തില്‍ ഉണ്മപോലുമല്ലാത്ത, ദേശീയതയുടെ തലത്തില്‍ മാത്രം നിലനില്‍ക്കുന്ന ഫലസ്​തീന്‍, ഇസ്രായേലിന്‍റെ അപ്പാർതൈറ്റ്, കൊളോണിയല്‍ അധിനിവേശത്തിനു മുന്നില്‍ അസ്തിത്വ സ്ഥാപനത്തിന്‍റെയും പ്രതിരോധത്തിന്‍റെയും വെല്ലുവിളികളാണ് ഇപ്പോഴും നേരിടുന്നത്. അതുകൊണ്ടുതന്നെ, ഫലസ്​തീനിയന്‍ സാഹിത്യം ഭവനനഷ്ടത്തിന്‍റെയും എല്ലാം തുടങ്ങിവെച്ച 1948ലെ നക്ബയുടെയും സഞ്ചിത അനുഭവങ്ങളില്‍തന്നെയാണ് ഇപ്പോഴും നങ്കൂരമിടുന്നതും.

പുതിയ സാഹിത്യത്തിന്‍റെ ബൃഹദാഖ്യാന വിമുഖതയുടെ പ്രവണതകള്‍ സ്വാംശീകരിക്കുന്ന പുതുതലമുറ എഴുത്തുകാരില്‍ ചിലരെങ്കിലും ഇതൊരു സർഗാത്മക പ്രതിസന്ധിയായി മനസ്സിലാക്കുന്നുണ്ട് എന്ന് ന്യായമായും കരുതാന്‍ ഇടനല്‍കുന്ന ഒരു നോവലാണ്‌ ഹ്രസ്വമെങ്കിലും അനേകം തലങ്ങളില്‍ വായിക്കാനാകുന്ന ‘കരിന്തേളിന്‍റെ നൃത്തം’ (The Dance of the Deep-Blue Scorpion) എന്ന അക്റം മുസല്ലമിന്‍റെ നോവല്‍. വിഖ്യാത വിവര്‍ത്തക സവാദ് ഹുസൈനിന്‍റെ മനോഹരമായ വിവര്‍ത്തനത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമായ പ്രസ്തുത കൃതി, ഫാന്റസിയും അസംബന്ധബോധവും മേളിക്കുന്ന ആഖ്യാനത്തിന്‍റെ വിചിത്ര സങ്കേതത്തിലൂടെ നഷ്ടങ്ങളുടെയും ഓർമകളുടെയും ഫലസ്​തീനിയന്‍ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നു.

സ്വപ്നം/ നോവല്‍

1988ലെ ഒരു ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലുള്ള ഒരു ഹോട്ടലിലെ ടീനേജറായ ഫലസ്തീനി ആഖ്യാതാവിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന സ്വപ്നസദൃശമായ ഒരോർമയോടെയാണ് നോവല്‍ ആരംഭിക്കുന്നത്: ആഖ്യാതാവും, പിറകില്‍ നട്ടെല്ലിനു തൊട്ടുചുവടെ ഇളംനീല നിറത്തില്‍ തേളിന്‍റെ രൂപം പച്ചകുത്തിയ ഫ്രഞ്ചുകാരിയായ ഒരു ടീനേജ് പെണ്‍കുട്ടിയും ആഖ്യാതാവ് ജോലിനോക്കുന്ന ഡാന്‍സ് ഹാളില്‍വെച്ചു കണ്ടുമുട്ടുന്നു. കടല്‍തീരത്തിന്‍റെ നിറമുള്ള, ശബളമായ ഉടലില്‍ അവളയാളെ ആ ടാറ്റൂ കാണിച്ചുകൊടുക്കും.

ഒരു രാവിന്‍റെ ബാന്ധവത്തിനു ശേഷം, രാവൊടുവില്‍, അവളുടെ നഗ്നമായ ഉടല്‍ കണ്ണാടിയില്‍ ചേര്‍ത്തുനിര്‍ത്തി നിതംബത്തിന്‍റെ ആകൃതി ലിപ്സ്റ്റിക് ഉപയോഗിച്ച് അതില്‍ വരച്ചുവെക്കും അയാള്‍. മുത്തംകൊണ്ടൊരു ശുഭരാത്രി നേര്‍ന്നു പിറ്റേന്ന് പുലര്‍ച്ചെ പെണ്‍കുട്ടി വന്നപോലെ അപ്രത്യക്ഷയാകും, അവള്‍ പറഞ്ഞപോലെ പാരിസിലേക്ക്. പിന്നീടൊരിക്കലും ഇരുവരും കണ്ടുമുട്ടുന്നേയില്ല. എന്നാല്‍, സംഭവം അയാളുടെ ജീവിതത്തിലെ ഒരു വൈകാരിക നങ്കൂരമായിത്തീരും.

ഡിസൈനില്‍ സ്പര്‍ശിക്കുമ്പോഴൊക്കെ തേളിനു ജീവന്‍ വെക്കുന്നതായും അത് കണ്ണാടിയില്‍ വരച്ചുചേര്‍ത്ത ഉടലിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുന്നതായും എല്ലായ്പോഴും തിരികെ വീഴുന്നതായും അയാള്‍ സ്വപ്നം കാണും. തുടക്കത്തിലേ വ്യക്തമാകുന്നപോലെ നമ്പാന്‍ കൊള്ളാത്ത ആഖ്യാതാവിനെ (unreliable narrator) സംബന്ധിച്ച് ആ വേഴ്ച ശരിക്കും സംഭവിച്ചതുതന്നെയോ അതോ തന്‍റെ സ്വപ്നം മാത്രമായിരുന്നോ എന്നു തീര്‍ച്ചയില്ല.

നിലവില്‍ ഇല്ലാതായിപ്പോയ ഒരിടത്തേക്ക് കേറിപ്പറ്റാനും അങ്ങനെ ഒരിടം സ്ഥാപിക്കാനും ശ്രമിക്കുന്ന തേളിനെ, തന്‍റെ കഥയിലെ നായകന്‍റെ അസ്തിത്വമായി മനസ്സിലാക്കാന്‍ തുടങ്ങുന്നതോടെ, ആദ്യ അധ്യായം അവസാനിക്കുമ്പോൾതന്നെ നോവലിസ്റ്റ് ചോദിക്കുന്നു: ‘‘ഇത് ഒരു നോവല്‍ സദൃശമായ സ്വപ്നമല്ലേ, അല്ലെങ്കില്‍ ഒരു സ്വപ്നമായ നോവല്‍?” (a novelesque dream or a dream of a novel). നോവലിന്‍റെ മെറ്റഫിക്ഷന്‍ തലം അപ്രകാരം ഉറപ്പിച്ചെടുക്കുന്നതിലൂടെ അത് ‘നഷ്ടത്തെ കുറിച്ചുള്ള ഒരു നോവലിനെ കുറിച്ചുള്ള നോവല്‍’ ആയിമാറുകയും ഒരേസമയം വിഷാദാത്മകവും ഒപ്പം അസംബന്ധപൂർണവും ആവുകയും ചെയ്യുന്നു.

2006 മധ്യത്തോടെയാണ് തന്‍റെ ‘നോവല്‍പോലുള്ള സ്വപ്ന’ത്തെ എഴുത്തില്‍ സാക്ഷാത്കരിക്കാന്‍ ആഖ്യാതാവ് തയാറാകുന്നതും അതിനായി റാമല്ലയിലെ ഒരു പാര്‍ക്കിങ് ലോട്ട് കണ്ടെത്തുന്നതും. പിന്നീടുള്ള പല ഭാഗങ്ങളിലും ആഖ്യാതാവ്, സ്വപ്നാടക ഭാവനകളെ വ്യാഖ്യാനിക്കുന്ന ‘സ്വപ്ന സ്ത്രീ’യായ അമ്മായി എന്ന കഥാപാത്രത്തിലൂടെ സ്വപ്നമെന്ന പ്രമേയത്തിലേക്കു തിരികെ പോകുന്നുമുണ്ട്. മറ്റേതു സംസ്കാരങ്ങളിലുമെന്നപോലെ ഫലസ്​തീനിയന്‍ സംസ്കാരത്തിലും കഥകള്‍ക്കുള്ള പ്രാധാന്യത്തെ ദ്യോതിപ്പിക്കുന്ന ഒരു പാത്രസൃഷ്ടിയായ, ‘പർവതങ്ങളില്‍നിന്നുള്ള സ്ത്രീ’യായ അമ്മായി സ്വപ്നവ്യാഖ്യാതാവും കഥകളുടെ സൂക്ഷിപ്പുകാരിയുമാണ്. ഒപ്പം, ഐക്യനാടുകളിലേക്ക് കടന്ന ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിന്‍റെ ദുഃഖം പേറുന്നവളും.

രേഖീയമല്ലാത്ത ആഖ്യാനത്തില്‍, എഴുത്തുകാരനാകാന്‍ മോഹിക്കുന്ന ജേണലിസ്റ്റായ ആഖ്യാതാവിന് താന്‍ ആദ്യമായി പെണ്‍കുട്ടിയെ കണ്ടുമുട്ടിയ ഡാന്‍സ് ഹാളിനടുത്തുവെച്ചു അത് എഴുതണം എന്നുണ്ടായിരുന്നു. അത് സാധ്യമാകാതെ വരുന്നതാണ് അയാളെ പാര്‍ക്കിങ് ലോട്ടില്‍ എത്തിക്കുന്നത്. അവിടെ ഏകാന്തനായിരുന്ന്‍ അയാള്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കുന്നു, ഒന്നില്‍നിന്നു മറ്റൊന്നിലേക്കു അനായാസമായി നീങ്ങുന്നു, അയാളുടെ മാനസിക പ്രക്ഷേപങ്ങള്‍ (projections) ആയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പാര്‍ക്കിങ് ലോട്ടിലെ അറ്റൻഡര്‍ ആദ്യമൊക്കെ അവിടെയിരുന്നുള്ള നോവലെഴുത്തു പദ്ധതിയെ എതിര്‍ക്കുന്നുവെങ്കിലും പിന്നീട് സമ്മതിക്കുന്നത്, സൂപ്പര്‍വൈസര്‍ അത് സ്വാഗതംചെയ്യുന്നതുകൊണ്ടാണ്. ഇസ്രായേല്‍ ജയിലില്‍ പതിനെട്ടു വര്‍ഷം തടവിലായിരുന്ന, തടവുപുള്ളി എന്നുതന്നെ നോവലില്‍ വിളിക്കുന്ന സൂപ്പര്‍വൈസര്‍ക്ക് ഒരു നോവല്‍ സൃഷ്ടിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കണം. അയാള്‍ ക്ലാസിക്കല്‍ നാടകങ്ങളിലെ കോറസ് പോലെ, നോവലിനെ കുറിച്ചും, നോവലിസ്റ്റിനെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുകയും, ഒപ്പം ജയിലനുഭവ കഥകള്‍ പറയുകയും ചെയ്യും. യഥാർഥ ജീവിതമാണ്‌ ആഖ്യാതാവിന്‍റെ കഥക്ക് ഉറവിടമാകുന്നത്. അത് രേഖപ്പെടുത്തുന്നതില്‍ അയാള്‍ എടുക്കുന്ന സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ വിധിയും ചരിത്രവും അയാളുടെ വഴിയില്‍ സൃഷ്ടിക്കുന്ന വിടവുകളെ നേരിടാനുള്ള അയാളുടെ ഉപാധിയുമാണ്‌:

‘‘എന്നെ വിശ്വസിക്കൂ, പേരുകള്‍ പ്രധാനമല്ല. സാധാരണ എന്‍റെ നോവലില്‍ പേരുകള്‍ ഉണ്ടാവില്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് പരിമിതിയാണ്, എനിക്കവ ഇഷ്ടമേയല്ല. എന്‍റെ കഥാപാത്രങ്ങളെ വ്യതിരിക്തരാക്കുന്നതെന്തോ അതുവെച്ച് അവരെ വിവരിക്കാനാണ്‌ എനിക്കിഷ്ടം. അപ്പോള്‍, എന്‍റെ സുഹൃത്തെ, നിങ്ങള്‍ക്ക് ഒരു നോവലിസ്റ്റ് ‘യഥാർഥ ജീവിത കാര്യങ്ങള്‍’ എഴുതണം. നോക്കൂ: സത്യത്തെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഒരുപാടാളുകള്‍ മരിക്കാന്‍ കാത്തിരിക്കേണ്ടതുണ്ട്, സത്യം പറയുകയെന്നത് ഒരുപാട് പേരുടെ മരണത്തിലേക്ക് നയിച്ചേക്കാം.’’

നിതാന്തനഷ്ടങ്ങളുടെ രൂപകങ്ങള്‍

നോവലിന്‍റെ ഇടവും മൃഗ/കീട രൂപകങ്ങളും തന്നെയും ഫലസ്​തീനിന്‍റെ നിത്യവിധിയുടെ ദര്‍പ്പണങ്ങള്‍തന്നെയാണ്: പാര്‍ക്കിങ് ലോട്ട് സ്ഥലം മുമ്പൊരു കെട്ടിടമായിരുന്നെന്നും അതില്‍ വാടകയൊഴിയാന്‍ കൂട്ടാക്കാത്ത ഒരു വടക്കേ ആഫ്രിക്കക്കാരന്‍ കൈവശപ്പെടുത്തിയിരുന്ന രണ്ട് അപ്പാർട്മെന്റുകളില്‍ അയാള്‍ മറിച്ചു വാടകക്ക് കൊടുത്ത ഒന്നിലാണ് ഫലസ്​തീനിയന്‍ കവി ഹുസൈന്‍ ബര്‍ഗൂതി താമസിച്ചിരുന്നതെന്നും ആഖ്യാതാവിനറിയാം. കവി താമസിച്ച ഇടംതന്നെയും സർഗാത്മകമായി പ്രചോദിപ്പിക്കും എന്നയാള്‍ ആശിക്കുന്നു. തേളുകളെ ക്കുറിച്ചുള്ള നോവലിലെ വിവരണങ്ങളും ശ്രദ്ധേയമാണ്. നൂറുകണക്കിന് ഇനങ്ങളുള്ള അവയില്‍ പലതും വിഷമില്ലാത്തവയാണ്.

വേഴ്ചയില്‍ ആണിന്‍റെ മരണമാണ് അവസാനം സംഭവിക്കുന്നത്‌ എന്നത് അതിനെ മൃത്യുനൃത്തം കൂടിയാക്കുന്നു. ഒരേസമയം രാഷ്ട്രീയവും വ്യക്തിപരവുമായ ഫലസ്​തീനിയുടെ, ആഖ്യാതാവിന്‍റെയും, പോരാട്ടത്തിന്‍റെ പ്രതീകമായി അത് മാറുന്നു. അയാള്‍ ചോദിക്കുന്നു: ‘‘ഞാന്‍ ത​െന്നയോ തേള്‍? അതോ തേള്‍ ഞാനായതാണോ?” നോവലിലെ മറ്റൊരു മൃഗചിഹ്നമായ അല്‍മനാസ ചത്വരത്തിലെ സിംഹപ്രതിമ, ഫലസ്​തീനിയുടെ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെ പ്രതിനിധാനം ചെയ്യുന്നു എന്നുപറയാം.

കണ്ണാടി എന്ന രൂപകം നോവലില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത് ഇതോടു ചേര്‍ത്തുപറയാം. ഇവിടെയുള്ള ഓരോ കഥാപാത്രങ്ങളിലും അടിസ്ഥാനപരമായ എന്തോ ഒന്നിന്‍റെ നഷ്ടമുണ്ട്, ആ നഷ്ടം വിട്ടുവെക്കുന്ന ശൂന്യതയുടെ പ്രഭാവം ശക്തവുമാണ്. അയാളുടെ കഥകളില്‍ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ പ്രധാനികളെല്ലാം ഒരിക്കലും ലഭിക്കാത്ത എന്തൊക്കെയോ നേടിയെടുക്കാന്‍ വേണ്ടിയുള്ള നിരന്തര ശ്രമത്തിലാണ്:

“അയാള്‍ ഒരു പ്രത്യേകതരം വാശിയോടെ ശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവില്‍ തീര്‍ത്തും ക്ഷീണിതനായി, വിയര്‍പ്പില്‍ കുളിച്ചു വീഴുംവരെ. അയാള്‍ മലര്‍ന്നടിച്ചു വീണു, തലയും കൈകാലുകളും ഗതികെട്ട അവധാനതയോടെ ചലിപ്പിച്ചുകൊണ്ടിരുന്നു. ആ ചലനങ്ങള്‍ അതയാളുടെ അവസാനമാണ് എന്നമട്ടില്‍, ഏതാണ്ട് യാന്ത്രികമായിരുന്നു.’’

ഈ വാക്യങ്ങള്‍ കണ്ണാടിയില്‍ വരച്ചിട്ടുള്ള ഉടല്‍രൂപത്തിലേക്ക് കടന്നിരിക്കാന്‍ ശ്രമിക്കുന്ന തേളിനെ കുറിച്ചാണ്; അതുപോലെ മുറിച്ചുമാറ്റിയ കാല് സൃഷ്ടിക്കുന്ന ശൂന്യതയെ ചെറുക്കാന്‍ ശ്രമിക്കുന്ന ആഖ്യാതാവിന്‍റെ പിതാവിനെ കുറിച്ചാണ്. ഒപ്പം അത്, പണ്ടെന്നോ ഉണ്ടായിരുന്ന കോണിപ്പടിയിലൂടെ കെട്ടിടത്തിന്‍റെ മുകളിലേക്ക് കേറിപ്പോകാന്‍ ശ്രമിക്കുന്ന വാടകക്കാരനെക്കുറിച്ചും, തന്നെയും ഫലസ്​തീനിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഖ്യാതാവിനോട് അപേക്ഷിക്കുന്ന, ഇറാഖിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഫലസ്​തീനിയെ കുറിച്ചുമാണ്.

ഇവരെല്ലാം തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ചിലത് തേടിക്കൊണ്ടേയിരിക്കുന്നു. ആ നഷ്ടത്തെ കുറിച്ച് എന്നും ഓർമിപ്പിക്കുക മാത്രം ചെയ്യുന്ന വേദനിപ്പിക്കുന്ന ശൂന്യത മാത്രമാണ് അവരുടെ കൈമുതല്‍. ആഖ്യാതാവു തന്നെയും സമാനമായ ഒരു നഷ്ടം സൃഷ്ടിച്ച വേദനിപ്പിക്കുന്ന ശൂന്യത അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തേളിനെ പച്ചകുത്തിയ പെണ്‍കുട്ടിയുമായുണ്ടായ സമാഗമം നടന്ന ഹോട്ടല്‍ ഇപ്പോഴില്ല. മുപ്പതു ജീവനുകളോടൊപ്പം അത് ബോംബിട്ടു തകര്‍ക്കപ്പെട്ടിരുന്നു. എഴുതാനുള്ള നോവലിന്‍റെ പശ്ചാത്തലം ഡാന്‍സ് ഹാളിലേക്ക് മാറ്റിയതും ആ സമാഗമ സ്ഥലിയെ കേടുപാടുകൂടാതെ ഓർമയില്‍ നിലനിര്‍ത്തുകയെന്ന പാഴ്ശ്രമത്തിലാണെന്ന്‍ അബോധത്തില്‍ അയാള്‍ക്കറിയാം.

അനേകം വികാരവിക്ഷോഭങ്ങളുള്ള നോവലില്‍ പക്ഷേ ശൂന്യതയെന്ന പദം ഒട്ടേറെ തവണ ആവര്‍ത്തിക്കുന്നു. എന്നാല്‍, എല്ലാറ്റിനുമുപരി, അത് നഷ്ടത്തെ കുറിച്ചാണ്. ഡാന്‍സ് ഹാളില്‍നിന്നുള്ള ഫ്രഞ്ച് പെണ്‍കുട്ടി, കാര്‍പാര്‍ക്കിലെ എഴുത്തിടം, സുഹൃത്തായ തടവുപുള്ളി. ഒപ്പമത് ഹുസൈന്‍ ബർഗൂതി മുതല്‍ ഇപ്പോഴാരും വായിക്കുന്നില്ലാത്ത റെബാബ് വരെയുള്ള ഫലസ്​തീനിയന്‍ സംസ്കാരത്തിന്‍റെ നഷ്ടത്തെ കുറിച്ചാണെന്നും ഒട്ടേറെ സൂചകങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്‌.

രചനാപ്രക്രിയയെ കുറിച്ചു തന്നെയുള്ള ഒരു നിരീക്ഷണമായി നോവലിനെ സമീപിക്കാം. രചനയുടെ ക്രാഫ്റ്റ്, ഇതിവൃത്തസൃഷ്ടി, ആഖ്യാനമാറ്റങ്ങള്‍, പ്രമേയസാധ്യതകളുടെ അന്വേഷണം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള നിരീക്ഷണങ്ങള്‍ നോവലിലെങ്ങും കാണാനാകും. ഇതും പല കഥാപാത്രങ്ങളും അനുഭവിക്കുന്ന ശൂന്യതയുമായി ബന്ധിതമാണ്. എഴുത്തുതന്നെയും അത്തരം ശൂന്യസ്ഥലികള്‍ തൊട്ടുനോക്കാനുള്ള ശ്രമമല്ലേ എന്ന് ആഖ്യാതാവ് അത്ഭുതപ്പെടുന്നുണ്ട്:

“എഴുത്തും, ഒരർഥത്തില്‍, ഒരേസമയം നിലനില്‍ക്കുകയും നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന എന്തിനെയോ ചെറുക്കുന്ന പ്രക്രിയയല്ലേ? നമുക്കറിയാവുന്ന, നാം അനുഭവിക്കുന്ന, തൊടാന്‍, പിടിക്കാന്‍, നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒന്ന്? എഴുത്ത് ഒരുതരത്തില്‍ ഒരു കണ്ണാടിയിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു തേളല്ലേ? എന്നിട്ട് ഒരു ഘട്ടത്തില്‍ അത് ഏതോ മനസ്സിലെ ഒരു ചിത്രത്തില്‍ തങ്ങിനില്‍ക്കും. അതല്ലേ എഴുത്ത്?”

ഒട്ടും സന്തോഷകരമല്ലാത്ത കുട്ടിക്കാലമാണ്‌ അയാളുടെ ഓർമകളിലുള്ളത്. അസാന്നിധ്യങ്ങളാണ് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തിയത്. കെട്ടിടനിർമാണത്തിനിടെ ആണി കയറി ശരിയായ ചികിത്സക്ക് വിധേയനാകാതെ പഴുപ്പുകയറി ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു പിതാവിന്. കുടുംബത്തെ മുഴുവന്‍ ഈ ദുരന്തം ബാധിച്ചു. ഉമ്മ പിന്നീട് പ്രസവിക്കാതിരുന്നതിനു കാരണം അവരുടെ ഗര്‍ഭപാത്രത്തിന്‍റെ ദുഃഖമാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉപ്പയാകട്ടെ, നഷ്ടപ്പെട്ട കാലിന്‍റെ ചൊറിച്ചില്‍ ഇപ്പോഴും അനുഭവിച്ചു. ആഖ്യാതാവിന് ആ ശൂന്യത നികത്തി കൊടുക്കേണ്ടിവന്നു.

ഇതായിരുന്നു ഒരുവേള അയാളെ അധിനിവിഷ്ട ഭൂമിയിലെ സംഘര്‍ഷകാലങ്ങളിലേക്ക് പരുവപ്പെടുത്തിയ ആദ്യ അനുഭവം: ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളും ഓർമകളും ഇല്ലാതാവുകയോ തിരിച്ചുപിടിക്കാനാവാത്തവിധം പരിവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതിന്‍റെയും, തങ്ങളുടെ ചരിത്രംതന്നെ മായ്ക്കപ്പെടുന്നതിന്‍റെയും അനുഭവങ്ങളെ നേരിടാന്‍ പ്രാപ്തനാക്കിയത്. യുദ്ധം തന്‍റെ ജീവിതത്തെ ബാധിക്കാതിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് എല്ലാത്തിലും എല്ലായിടത്തും കടന്നുകയറുകതന്നെ ചെയ്യും. എന്തായാലും പിതാവ് ഉള്ളതെല്ലാം സ്വരുക്കൂട്ടി മലമുകളില്‍ ഒരു പുരയിടവും വീടും സ്വന്തമാക്കും. ശാസ്ത്ര അധ്യാപികയായ ഉമ്മയുടെ കൂടി സഹായത്തോടെ കുടുംബം അതിജീവിക്കുകയും ചെയ്യും.

ഉപ്പയുടെ പാദനഷ്ടം, ഫലസ്തീന്‍ ഭൗമനഷ്ടത്തിന്‍റെ പ്രതീകമായി താന്‍ കരുതുന്നില്ല എന്ന ആഖ്യാതാവിന്‍റെ നിരാസനാട്യം വിപരീതാർഥത്തില്‍ ആ സാധ്യതതന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, തുടക്കത്തില്‍ സൂചിപ്പിച്ച ഫലസ്​തീന്‍ സാഹിത്യം നേരിടുന്ന ഒരു പ്രതിസന്ധിയും ഇവിടെ സൂചിതമാണ്‌. 1972ല്‍ ജനിച്ച, അറബിക് സാഹിത്യത്തില്‍ ബിരുദം നേടി ജേണലിസ്റ്റ് ആയി റാമല്ലയില്‍ പ്രവര്‍ത്തിക്കുന്ന നോവലിസ്റ്റ്, സാമാന്യാനുഭവത്തിന്‍റെ പ്രതീകാത്മകത എന്ന പരിമിതി തിരിച്ചറിയുന്നു. എന്നാല്‍, ഫലസ്​തീനിയന്‍ എഴുത്തുകാരനെ സംബന്ധിച്ച് അതൊരു വൈരുധ്യപൂർണമായ നിലപാട് (ironical position) ആവാതെ തരമില്ല.

ആഖ്യാതാവ് ഒരു സ്വാഭാവിക പ്രക്രിയയെന്നോണം ഇന്‍തിഫാദ ആക്ടിവിസ്റ്റ് ആവുന്നുണ്ടെങ്കിലും, അക്കാര്യത്തില്‍ നോവലിസ്റ്റ് ഊന്നുന്നില്ലാത്തതും അതുകൊണ്ടുതന്നെ. വാസ്തവത്തില്‍, നോവലിനെ സംബന്ധിച്ച വ്യത്യസ്തമായ ഒരു കാര്യവും ഇതാണ്: ഫലസ്​തീന്‍ നോവലുകളിലെ പതിവുകാഴ്ചയായ ഇസ്രായേലി അക്രമങ്ങളുടെ ചിത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കിലും അത് ന്യൂനോക്തിയിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്. നേരിട്ട് കാണുന്നതിലേറെ സൂചനകളായാണ് അവ കടന്നുവരുന്നത്‌. അതിനോടുള്ള ഫലസ്​തീനി പ്രതികരണങ്ങളും മിക്കപ്പോഴും പതിഞ്ഞ രീതിയിലാണ്.

ഭീകരപ്രവര്‍ത്തനത്തെ നോവലെഴുത്തുമായി ആഖ്യാതാവ് താരതമ്യം ചെയ്യുന്നത് നോവലിന്‍റെ മെറ്റഫിക്ഷന്‍ തലത്തെ ബലപ്പെടുത്തുന്നതോടൊപ്പം സ്വതന്ത്ര സാംസ്കാരികപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യങ്ങളുടെ ആവിഷ്കാരവുമാണ്: കൃത്യമായ ക​േമാഫ്ലാഷും സൂക്ഷ്മമായ സമയനിഷ്ഠയുമില്ലെങ്കില്‍ നോവലില്‍ വിജയകരമായ ഇതിവൃത്തമില്ല. എന്നാല്‍, എല്ലാ തകിടം മറിയുന്നു എന്നതാണ് സംഭവിക്കുന്നത്‌: കാര്‍ പാര്‍ക്ക് അവര്‍ കിളച്ചുമറിക്കും. തടവുപുള്ളി വീണ്ടും അറസ്റ്റിലാകും. ഡാന്‍സ് ഹാള്‍ ഒരു ടെററിസ്റ്റ് ടാര്‍ഗറ്റ് ആയിത്തീരുകയുംചെയ്യും.

നോവലിലെ ‘കഥകളുടെ വൈവിധ്യം’ എഴുത്തുകാരന് ഫലസ്​തീനിലെ രാഷ്ട്രീയവും ചരിത്രപരവുമായ ചില സംഭവങ്ങളെ കുറിച്ചും അധിനിവേശത്തിനു കീഴില്‍ രചനാപ്രക്രിയയുടെ സ്ഥാനത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനുമുള്ള അടിത്തറ നല്‍കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. “കിറുക്കന്‍ കഥാപാത്രങ്ങളും കുടുംബ പുരാണങ്ങളും ബാഹ്യതലത്തില്‍ നിറഞ്ഞിരിക്കുന്ന അതിലളിതമെന്നു തോന്നിക്കുന്ന കഥ, യഥാര്‍ഥത്തില്‍ തീക്ഷ്ണമായ ചരിത്രസംഭവങ്ങളുടെ ഭാരം ഉള്ളിലൊതുക്കുന്നുണ്ട്: രണ്ടാം ഇന്‍തിഫാദ, 2002ലെ നെതാന്യ കൂട്ടക്കൊലയും (Passover Massacre in Netanya) അധിനിവേശവും തുടങ്ങിയ സംഭവങ്ങളാണ് നോവലിന് പശ്ചാത്തലമാകുന്നത്. സ്വപ്നസദൃശമായ ഒരാഖ്യാന സങ്കേതത്തിലൂടെ ആ ചരിത്രപരതയുടെയും എങ്ങും നിഴലിടുന്ന ഫലസ്​തീന്‍ സാമൂഹിക യാഥാർഥ്യങ്ങളുടെയും സാമാന്യഭാവമുള്ള കാലികതയെ (topicality) ഒന്നു പ്രച്ഛന്നപ്പെടുത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നേയുള്ളൂ.

News Summary - weekly literature book