Begin typing your search above and press return to search.
proflie-avatar
Login

ആ ഉണ്മയുടെ കാതൽ

ആ ഉണ്മയുടെ കാതൽ
cancel

ഇ. സന്തോഷ്​ കുമാറി​ന്റെ കഥകളെയും എഴുത്തിനെയും പഠനവിധേയമാക്കുന്ന ലേഖനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ചയാണിത്​. ‘‘സത്യത്തിന്റെ ഉറവിടം അന്വേഷിച്ചുള്ള യാത്രയാണ് ഓരോ കഥയും. ഇ. സന്തോഷ്‌ കുമാർ എന്ന കഥാകൃത്ത് അന്വേഷിക്കുന്നത് ആ ഉണ്മയുടെ കാതലാണ്’’ എന്ന്​ നിരൂപകനായ ലേഖകൻ എഴുതുന്നു. മനുഷ്യമണ്ഡലം എന്നത് ഇ. സന്തോഷ്‌ കുമാറിനെ സംബന്ധിച്ചിടത്തോളം പിടച്ചിലുകളുടെ അധ്യായമാണ്. മനുഷ്യരും പക്ഷിമൃഗാദികളും സസ്യജാലങ്ങളും ഇടചേർന്ന ലോകമെന്ന സമസ്തഗണത്തെ സമഗ്രതയോടെയും അതീവശ്രദ്ധയോടെയും നോക്കിക്കാണുന്ന ആ കഥായിടത്ത് കുട്ടികളുടെ ലോകം എത്ര വിശാലവും അർഥവത്തും ആണെന്ന് ബോധ്യപ്പെടുത്തുന്ന എത്രയോ കഥകളുണ്ട്....

Your Subscription Supports Independent Journalism

View Plans

ഇ. സന്തോഷ്​ കുമാറി​ന്റെ കഥകളെയും എഴുത്തിനെയും പഠനവിധേയമാക്കുന്ന ലേഖനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ചയാണിത്​. ‘‘സത്യത്തിന്റെ ഉറവിടം അന്വേഷിച്ചുള്ള യാത്രയാണ് ഓരോ കഥയും. ഇ. സന്തോഷ്‌ കുമാർ എന്ന കഥാകൃത്ത് അന്വേഷിക്കുന്നത് ആ ഉണ്മയുടെ കാതലാണ്’’ എന്ന്​ നിരൂപകനായ ലേഖകൻ എഴുതുന്നു. 

മനുഷ്യമണ്ഡലം എന്നത് ഇ. സന്തോഷ്‌ കുമാറിനെ സംബന്ധിച്ചിടത്തോളം പിടച്ചിലുകളുടെ അധ്യായമാണ്. മനുഷ്യരും പക്ഷിമൃഗാദികളും സസ്യജാലങ്ങളും ഇടചേർന്ന ലോകമെന്ന സമസ്തഗണത്തെ സമഗ്രതയോടെയും അതീവശ്രദ്ധയോടെയും നോക്കിക്കാണുന്ന ആ കഥായിടത്ത് കുട്ടികളുടെ ലോകം എത്ര വിശാലവും അർഥവത്തും ആണെന്ന് ബോധ്യപ്പെടുത്തുന്ന എത്രയോ കഥകളുണ്ട്. സംഘർഷഭരിതവും നിറംകെട്ടതുമായ സാഹചര്യങ്ങളിൽ കുട്ടിത്തം നഷ്ടപ്പെടാതെ ജീവിക്കുന്ന കുഞ്ഞുങ്ങളുണ്ട്. ‘പട്ടങ്ങൾ’, ‘മീനുകൾ’, ‘ചേക്ക’, ‘നദിക്കരയിലേക്ക്’, ‘കുന്നുകൾ നക്ഷത്രങ്ങൾ’, ‘മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ’ എന്നീ കഥകളിലൊക്കെ കുട്ടികളുടെ ഉള്‍ക്കാഴ്‌ച ആഖ്യാനത്തിന്റെ അടിപ്പടവാകുന്നു.

അപരത്വത്തിന്റെ രാഷ്ട്രീയമാണ് കഥയുടെ കാമ്പെങ്കിലും ‘മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ’ മുന്നോട്ടുവെക്കുന്നത് ഒരു കുട്ടിക്ക് നിഷേധിക്കപ്പെട്ട ബാല്യാനന്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾകൂടിയാണ്. നിഷ്കളങ്കമായ സന്തോഷത്തോടെ കളിച്ചുനടക്കേണ്ട അവനെ ബാധിക്കുന്ന വിശപ്പിന്റെ പ്രശ്നമാണ് കഥാകൃത്തിന്റെ മുന്നിലെ ഒരു സമസ്യ. തീവണ്ടിയിൽ ബോംബ് പൊട്ടിയതിന്റെ പേരിൽ സംശയാസ്പദമായി പൊലീസിന്റെ പിടിയിലായ ബീരാവുനെ പ്രതി എന്നാരോപിച്ചു പൊലീസ് തല്ലിച്ചതക്കുകയാണ്. മൃതപ്രായനായ അയാളെയും മോനെയും ചെല്ലുംചെലവും കൊടുത്തു സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വൃദ്ധയായ ഉമ്മക്കായി.

മുൻധാരണ നീതിയുടെ കാഴ്ച മറയ്ക്കുകയും മതം, പരിസരം, വേഷം തുടങ്ങിയ ഘടകങ്ങൾ വഴി കുറ്റമൊന്നും ചെയ്തിട്ടില്ലാത്ത ഒരു ‘അപരാധി’യെ നിയമത്തിനു മുന്നിലെത്തിക്കുകയുമാണ്. തീവണ്ടിപ്പാതയുടെ സമീപത്തുള്ള ഒരു കോളനിയിൽ ജീവിക്കുന്ന ആ കുടുംബം വളരെ പരിമിതമായ ചുറ്റുപാടിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. വെള്ളത്തിനും മറ്റും മണിക്കൂറുകളോളം പൊതുപൈപ്പിനു മുന്നിൽ കാത്തുകെട്ടി നിൽക്കേണ്ട അവസ്ഥ അവരുടെ ജീവിതത്തിലെ നിത്യക്കാഴ്ചയാണ്. അങ്ങനെയൊരു ദിവസം സ്ത്രീകൾ പൈപ്പിൻചുവട്ടിൽ വെള്ളം കാത്തുനിൽക്കുന്ന ഒരു നട്ടുച്ചക്ക്, കളിച്ചുകൊണ്ടിരുന്ന കുട്ടികൾ മൂന്നു മുട്ടകളുമായി ഓടിയെത്തുകയാണ്. അവ എന്തിന്റെ മുട്ടകളാണെന്ന ചർച്ചയും വിശദീകരണവും തികച്ചും സ്വാഭാവികമായി കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെ സാധാരണക്കാരുടെ ലോകത്തിന്റെ പ്രയാസവും മോഹവും കാമവും നർമവും ഒക്കെ സ്വതഃസിദ്ധമായ രീതിയിൽ പുറത്തുവരുന്നു. പ്രാദേശിക ഭാഷ, പെരുമാറ്റരീതികൾ, വികാരവിചാരങ്ങൾ എന്നിവയൊക്കെ താദാത്മ്യത്തോടെ വിളക്കിച്ചേർക്കുന്നതിനുള്ള കഥാകൃത്തിന്റെ പാടവത്തിന്റെ മികച്ച ദൃഷ്ടാന്തമാണ് ഈ കഥ. വിശപ്പിന്റെ പരവശതയാവണം ബീരാവുന്റെ കുട്ടിയെ കൊണ്ട് ആ മുട്ട കടിച്ചുനോക്കാൻ പ്രേരിപ്പിച്ചത്. മുട്ടയെന്നു കരുതി കുട്ടി കടിച്ചത് ബോംബായിരുന്നു. തൽക്ഷണം ഒരു സ്ഫോടനം നടക്കുകയാണ്. കുട്ടിയുടെ അരക്ഷിതാവസ്ഥയും പട്ടിണിയും സൂചിപ്പിച്ചുകൊണ്ട് അധികാര-നിയമ സംവിധാനത്തിന്റെ ഉരകല്ലിൽ ഉറച്ചുനോക്കാൻ വിധിക്കപ്പെട്ട നിരപരാധികളുടെ പരിതഃസ്ഥിതിയെയാണ് കഥയിൽ സംബോധന ചെയ്യുന്നത്.

അപരത്വം ഉരുവപ്പെടുത്തുന്ന ‘അവബോധം’ കുറ്റമൊന്നും ചെയ്യാത്തവരെ മതവും ജാതിയും വേഷവും രൂപവും ആസ്പദമാക്കി അപരാധികളാക്കുകയാണ്. ‘ഫോബിയ’കളാൽ നിർമിതമായ സമൂഹത്തിന്റെ മാനസികഘടനയെ അടയാളപ്പെടുത്തുന്ന ഈ കഥ ‘Kafkaesque’ ആയ അന്തരീക്ഷത്തെ കൊണ്ടുവരുന്നു.

അപരത്വത്തിന്റെ ഇഴകൾതന്നെയാണ് ‘പാശുപതം’ എന്ന കഥയുടെ പ്രമേയത്തെ നെയ്യുന്നതും. പൊലീസുകാരുടെ സഹായിയായിത്തീർന്ന നത്തൻ എന്ന ആദിവാസി യുവാവ് കുറച്ചുകാലം പാതിരിമാരുടെ കൂടെയായിരുന്നു. അവർ അയാളുടെ കഴുത്തിൽ കൊന്തയിട്ടു കൊടുത്തു. യേശുനാഥൻ എന്ന യഥാർഥ പേര് അയാളുടെ വായിൽ നത്തൻ എന്നേ വരൂ. കാട്ടിൽ ചാരായവാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ പൊലീസുകാർക്ക് ലഭിച്ച കൊത്തുപണികളുള്ള ഒരൂന്നുവടി തിരഞ്ഞുകൊണ്ട് ഒരു ആദിവാസി വൃദ്ധൻ പൊലീസ് സ്റ്റേഷനിൽ എത്തുകയും അയാൾ അവിടെ വെച്ച് മരണപ്പെടുകയും ചെയ്യുന്നു.

ഈ സംഭവത്തിനുശേഷം നത്തന് പൊലീസുകാരോടുള്ള പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാവുന്നു. അയാൾ കൊന്ത ഉപേക്ഷിച്ചു. പല ദുരൂഹസംഭവങ്ങളും ദുരന്തങ്ങളും പൊലീസുകാരെ തേടിയെത്തി അപരവത്കരണത്തിന്റെ കെടുതികൾ ബാധിക്കുന്ന സാധാരണക്കാരുടെ അസ്ഥിരതയും ഉത്കണ്ഠയും ഭീതിയുടെ അപരിചിതലോകങ്ങൾ തുറക്കുകയാണ്. അപരിചിതരെയും പരിചിതരായ അരികുകളിലും തെരുവുകളിലും ജീവിക്കുന്നവരെയും എണ്ണമറ്റ അടിസ്ഥാനങ്ങളുടെ കണക്കിൽ അധികൃതരും ഒരുപരിധിവരെ പൊതുസമൂഹവും വേലി കെട്ടി മാറ്റിനിർത്തുന്ന പ്രവണത നിലവിലുണ്ട്.

അതിരുകളും തടങ്കൽപാളയങ്ങളും സൃഷ്ടിച്ചു ‘അപര’രെ മുഖ്യധാരയിൽനിന്ന് അകറ്റാനായി നിയമങ്ങളും ഭേദഗതികളും ഉരുവംകൊള്ളുന്ന കാലത്തെ മതബോധവും നിക്ഷിപ്ത താൽപര്യങ്ങളും അതിനുള്ള ഒത്താശചെയ്യുന്നു. പൗരവർഗത്തിന്റെ ‘പരിശുദ്ധി’ ഉറപ്പിക്കാനായി മതാധിഷ്ഠിതമായ ശുദ്ധികലശം നടത്താനായി ഭരണകൂടംതന്നെ കച്ച കെട്ടിയിറങ്ങുന്ന പ്രത്യേക കാലാവസ്ഥയെ ഇ. സന്തോഷ്‌ കുമാർ കൃത്യതയോടെയും സർഗപരമായും അവതരിപ്പിക്കുകയാണ് ‘പാവകളുടെ വീട്’ എന്ന കഥയിൽ.

രാഷ്ട്രത്തെ കുറിച്ചുള്ള ഏതൊരു വ്യാഖ്യാനവും രാഷ്ട്രത്തിന്റെ അതിർത്തികളെ കുറിച്ചുമുള്ളതാകുമെന്നത് ഉറപ്പിക്കുകയാണ് സമകാലം. അതിരുകൾ ഭേദിച്ച് കടക്കുന്ന മനുഷ്യരുടെ കാഴ്ച ഇന്ന് സാധാരണമാണ്. അതിർത്തികളിൽനിന്ന് അവരെ ആട്ടിപ്പായിക്കുന്നതും അഭയാർഥികളായി അവർ അലയേണ്ടിവരുന്നതും ഇക്കാലത്ത് സാധാരണമായിക്കഴിഞ്ഞു. ഈ പരിതഃസ്ഥിതിയിൽ ‘അലയുന്ന മനുഷ്യർ’ എന്നത് കാലികമായ രാഷ്ട്രീയബിംബമായി രൂപപ്പെട്ടു.

അമ്പത്തഞ്ചു രാജ്യങ്ങൾ സന്ദർശിച്ച കാളിചരൺ മുഖർജിയെ കുറിച്ചു കൂടുതലറിയാനായി ജീവചരിത്രവും മറ്റും തയാറാക്കിക്കൊടുക്കുന്ന ആഖ്യാതാവ് എത്തുകയാണ്. അദ്ദേഹത്തിന്റെ സ്വീകരണമുറിയിലെ അമ്പത്തഞ്ചു ജോടി പാവകൾ അദ്ദേഹം സന്ദർശിച്ച രാജ്യങ്ങളിൽനിന്ന് വാങ്ങിച്ചവയാണ്. ഓരോ ദേശത്തെയും തനതുവേഷങ്ങളിലാണ് ഈ പാവകൾ. വിദേശത്തുനിന്നെത്തിയ പേരക്കുട്ടിയുടെ മക്കൾ ഈ പാവകളുടെ ജോടികളെ മാറ്റിമറിച്ചുവെക്കുകയും പാവകളുടെയൊപ്പം വെച്ച രാജ്യങ്ങളുടെ പേരുകളെല്ലാം പരസ്പരം മാറ്റുകയുംചെയ്തു.

അതുകൂടാതെ ചില രാജ്യങ്ങളുടെ പേരുകൾതന്നെ മായ്ച്ചുകളഞ്ഞു. ആൺപാവകൾക്കൊപ്പമുള്ള പെൺപാവകളുടെ സ്ഥാനവും അവർ തെറ്റിച്ചുവെച്ചു. ജർമനിക്കാരിയായ പെൺപാവയുടെ കൂട്ടിന് ഒരു ശ്രീലങ്കക്കാരൻ, നൈജീരിയക്കാരൻ നർത്തകനൊപ്പം ഭൂട്ടാനിലെ പെൺപാവ എന്നിങ്ങനെയായി കാര്യങ്ങൾ. കാനഡയിൽ വളർന്ന പേരക്കുട്ടി അവിടത്തുകാരിയെയാണ് പങ്കാളിയാക്കിയത്. അവരുടെ മക്കളിൽ സങ്കുചിതമായ ദേശീയത വളരാൻ സാധ്യത കുറവാണ്. ദേശീയത എന്ന വാദത്തെ തകിടംമറിച്ചുകൊണ്ട് സാർവദേശീയമായ കാഴ്ചപ്പാടിന് പ്രാമുഖ്യം നൽകുന്ന നിലപാടാണ് ഇവിടെ ആഖ്യാനം സ്വീകരിക്കുന്നത് എന്ന് വ്യക്തമാണ്.

ശരിയായ സ്ഥാനത്തേക്ക് ചേർത്തുവെച്ച പാവകൾ ‘സ്വയം’ സ്ഥാനം തെറ്റിയിരിക്കാൻ തുടങ്ങിയെന്നത് അവിശ്വസനീയമായി തോന്നാം. ‘‘ഒന്ന് കണ്ണുതെറ്റിയാൽ ഒരു ഭൂഖണ്ഡത്തിലെ പാവ മറ്റൊരു ഭൂഖണ്ഡത്തിൽനിന്ന് വന്നതിനടുത്തേക്കു നീങ്ങും. അതിനെ മാറ്റിവെച്ചാൽ വേറെയൊരെണ്ണം സ്ഥലം മാറും.’’ ‘വിലപിക്കുന്ന ബുദ്ധനി’ലെ ബുദ്ധന്റെ ദുരൂഹമായ കരച്ചിൽപോലെ ഇവിടെ പാവകൾ സ്വയം ചലിക്കുന്നതായി കാണാം.

ഒരിക്കൽ ജന്മദേശമായ ലാഹോർ സന്ദർശിച്ചതിന്റെ അനുഭവം മുഖർജി വിവരിക്കുന്നുണ്ട്. ‘‘സ്വന്തം വീട്ടിൽ ഒരു കടന്നുകയറ്റുകാരനെപ്പോലെ നിൽക്കേണ്ടി വരുന്നതിന്റെ വേദന അനുഭവിച്ചറിയണം’’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പൗരത്വനിയമത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കുകയാണ് കഥാകൃത്ത്. ‘ഭരിക്കപ്പെടുന്ന’ രാജ്യത്തിന്റെ ഭരണഘടനയിൽ കക്ഷിരാഷ്ട്രീയത്തിന്റെ ഉദ്ദേശ്യങ്ങൾ ഒളിച്ചും തെളിച്ചും കടത്തേണ്ടിവരുമ്പോൾ സങ്കുചിതമായ സമ്പ്രദായങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്നു. മതവും ജാതിയും വോട്ടുകൾ കരസ്ഥമാക്കാനുള്ള ഉപാധിയായി മാത്രം കണ്ടുകൊണ്ട് ദേശീയത, ദേശ-രാഷ്ടം എന്നീ സംവർഗങ്ങളുടെ നിർവചനം പുനർവ്യാഖ്യാനിക്കപ്പെടുകയാണ്. ‘രാഷ്ട്രം’ എന്ന വാക്കിനെ രേഖപ്പെടുത്താൻ ഭരണകൂടം എന്ന പദം കൂടെ പ്രാബല്യത്തിലെത്തുന്നു.

അതിർത്തികളും നിയമങ്ങളും രാജ്യങ്ങളുടെ അധികാരപരിധിയും മറ്റും അനുശാസിക്കുന്ന നിയന്ത്രണങ്ങളും വിലക്കുകളും മതിയായ രേഖകളില്ലാതെ മനുഷ്യരെ/ അഭയാർഥികളെ സുരക്ഷിതസ്ഥാനത്തേക്കെത്താൻ അനുവദിക്കുന്നില്ല. പുറത്താക്കപ്പെടലിന്റെ രാഷ്ട്രീയത്തെ ചെറുക്കാനെന്നോണം വ്യത്യസ്ത രാജ്യങ്ങളിലെ ഭിന്നമായ മതവും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന പാവകൾ കൂടിച്ചേരുന്നത് സാർവദേശീയമായ ഉദ്‌ഗ്രഥനത്തെ പ്രഖ്യാപിക്കുന്നു.

ദേശരാഷ്ട്രങ്ങളുടെ സമകാല നിലപാടുകളെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഗൂഢവിചാരണ ചെയ്യുന്നതിന്റെ പരിണിതഫലമാണ് ‘പാവകളുടെ വീട്’. അതിർത്തികളിലെ മുള്ളുവേലികളെയും കെട്ടുപാടുകളെയും ഇല്ലാതാക്കി ഒരുമിക്കാൻ ത്വരിതപ്പെടുന്ന മനുഷ്യർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബോധത്തിന്റെ വിജ്ഞാപനമായി ഈ കഥ രൂപപ്പെടുന്നു. ദേശ-രാഷ്ട്രങ്ങളുടെ ഭാവുകത്വവും സാങ്കൽപിക സമൂഹങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള ബെനഡിക്ട് ആൻഡേഴ്‌സന്റെ ഓർമക്കുറിപ്പിന്റെ പേര് ‘A Life Beyond Boundaries’ എന്നാണ്.

 

കഥാകൃത്ത്​ സുഭാഷ്​ ചന്ദ്രനൊപ്പം 

കഥാകൃത്ത്​ സുഭാഷ്​ ചന്ദ്രനൊപ്പം 

രാജ്യഭ്രഷ്ടിന്റെ വേദന എന്താണെന്നനുഭവിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ ഇങ്ങനെയേ അടയാളപ്പെടുത്താനാവൂ. അതിർത്തികളില്ലാത്ത, അതിരുകൾക്കതീതമായ ജീവിതത്തെ തന്നെയാണ് ഈ കഥയിലും ആവിഷ്കരിക്കുന്നത്. സാർവദേശീയത എന്ന പ്രതീകത്തെ ആവിഷ്‌കരിക്കാനായി പാവകൾ സ്വയം ചലിക്കുന്ന പ്രക്രിയയെ അവതരിപ്പിച്ച ഇ. സന്തോഷ്‌ കുമാറിന്റെ കഥയുടെ പേരും കൃത്യമാണ്.

ആഗോളീകരണം വിപണിയെ കരുത്തോടെ പിടികൂടിയ കാലത്ത് സന്തോഷ്‌ കുമാർ എഴുതിയ പല കഥകളിലും വ്യാപാരത്തിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്നതായിരുന്നു. ആഗോളീകരണത്തെ സന്തോഷ്‌ കുമാർ അഭിമുഖീകരിക്കുന്നത് സർഗാത്മകതയുടെ പുതിയ ഭൂപടം നിർമിച്ചുകൊണ്ടാണ്. പട്ടണങ്ങളെയും ഗ്രാമങ്ങളെയും പുതിയ മേലാപ്പുകളും ഉടുത്തുകെട്ടുകളുംകൊണ്ട് ഭംഗിപ്പെടുത്തുന്നതിനെ പരമ്പരാഗത വിൽപനക്കാർ അതിജീവിക്കാൻ ശ്രമിക്കുന്നതിനെ ‘ആഗോളീകരണം’ എന്ന വാക്കുപോലും ഉപയോഗിക്കാതെ വ്യക്തമാക്കുന്ന കഥകളാണിവ.

പൊതുസമൂഹത്തിൽ അധികം ചർച്ചചെയ്യാത്ത, ആളുകൾക്ക് വലിയ ധാരണയില്ലാത്ത വിനിമയങ്ങളെ സംബന്ധിക്കുന്ന കഥകളാണ് ‘സർപ്പസത്രം’, ‘പണ്ടാലയുടെ പെട്ടകം’, ‘എണ്ണവിൽപനക്കാരൻ' തുടങ്ങിയവ. വിപണിയുടെ ബലതന്ത്രത്തിൽ ഭൂതകാലത്തെ വ്യവഹാരങ്ങളെന്നു തോന്നുന്ന വിധത്തിലുള്ള പരിസരമാണ് ‘എണ്ണവിൽപനക്കാര’ന്റേത്. ‘ആമ’ എന്ന കഥയിൽ ആഗോളീകരണ വ്യാപാരത്തിന്റെ ഉദാഹരണമായ ‘direct selling’ന്റെ സൂക്ഷ്‌മഭേദങ്ങൾ ‘ആമ’യിൽ ചിത്രീകരിക്കുന്നു.

നിഗൂഢമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, വിചിത്രമായ രീതികളിലൂടെ മനുഷ്യരും മൃഗങ്ങളുമായുള്ള ആവാസവ്യവസ്ഥ രൂപപ്പെടുന്ന മുഹൂർത്തങ്ങൾ ഈ കഥകളിൽ സ്പന്ദിക്കുന്നു. ഇതരജീവിവർഗവുമായുള്ള മനുഷ്യരുടെ വിനിമയമെന്ന അന്തർധാര ഇ. സന്തോഷ്‌ കുമാറിന്റെ കഥകളിൽ സജീവമാണ് എന്നത് നേരത്തേ സൂചിപ്പിച്ചിരുന്നു. ‘സർപ്പസത്ര’ത്തിൽ പാമ്പുകളെ കൈവശപ്പെടുത്തി സർപ്പയജ്ഞത്തിനൊരുങ്ങുന്ന മാത്തുവിനെയാണ് കഥാകൃത്ത് പരിചയപ്പെടുത്തുന്നത്. കുറവന്റെ കൈയിൽനിന്നാണ് അയാൾ സർപ്പങ്ങളെ സ്വന്തമാക്കുന്നത്. ഏഴു സർപ്പങ്ങളെവെച്ചാണ് അയാൾ സർപ്പയജ്‌ഞം നടത്തുന്നത്.

ആഗോളീകരണത്തിന്റെ ചുവടുപിടിച്ചുകൊണ്ടുതന്നെയാവണം മധ്യവർഗത്തിന്റെ പ്രസക്തി, അണുകുടുംബങ്ങളുടെ വർധന, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ പുതിയ സമവാക്യങ്ങൾ എന്നിവയും ചർച്ചചെയ്യേണ്ടത്. വിദ്യാഭ്യാസം, അന്യരാഷ്ട്രങ്ങളിലെ തൊഴിൽ, വൈറ്റ്കോളർ ജോലി തുടങ്ങിയ ഘടകങ്ങളിലൂടെ ആർജിച്ചെടുത്ത സാമ്പത്തിക-സാമൂഹിക മൂലധനം മധ്യവർഗത്തിന്റെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തി. സാമ്പത്തികമോ സാംസ്കാരികമോ ആയ മൂലധനം കൂടാതെ ഉപഭോക്തൃ ജീവിതശൈലി സ്വീകരിക്കാൻ പ്രയാസമാണ് എന്നത് വസ്തുതയാണ്.

കഥാകൃത്ത്​ എസ്​. ഹരീഷിനൊപ്പം 

കഥാകൃത്ത്​ എസ്​. ഹരീഷിനൊപ്പം 

കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള പറിച്ചുനടലും ഇതിനോടനുബന്ധിച്ച് വ്യാപകമായി. ചില്ലുചുമരുകൾക്കപ്പുറത്തെ ശൂന്യതയാണ് പ്രതിസന്ധികൾ നിറഞ്ഞ ജീവിതമെന്നു സൂചിപ്പിക്കുന്ന സന്തോഷ്‌ കുമാർ അണുകുടുംബങ്ങളിലെ പ്രശ്നങ്ങളിലേക്ക് അവരിലൊരാളായിത്തന്നെ കടന്നുചെല്ലുകയാണ്. ‘ചേക്ക’, ‘ചിദംബര രഹസ്യം’, ‘മറ്റൊരു വേനൽ’ എന്നീ കഥകളിലെല്ലാം സ്ത്രീയും പുരുഷനുമായുള്ള വ്യവഹാരങ്ങളിൽ കുഴമറിച്ചിൽ ഉണ്ടാവുന്നുണ്ട്. ഭാര്യ മരിച്ചതിനു രണ്ടു വർഷത്തിനുശേഷം ആഖ്യാതാവ് മറ്റൊരു വിവാഹം കഴിക്കുകയാണ്.

ആഖ്യാതാവിന്റെയും പത്മിനിയുടെയും വിവാഹത്തിന്റെ അപ്രഖ്യാപിത ഉടമ്പടിയായിരുന്നു ആഖ്യാതാവിന്റെ ഏഴു വയസ്സുകാരിയായ, സുഖമില്ലാത്ത മകൾ. ‘ചേക്ക’യുടെ പരിസരമാണിത്. മകളെ പരിചരിക്കുന്നതിലുള്ള ഉത്തരവാദിത്തത്തിൽ അധിഷ്ഠിതമായ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ വീഴുന്നതാണ് കഥാസന്ദർഭം.

വഴുക്കലുകളുള്ള ഉപരിതലത്തിലൂടെയുള്ള യാത്രയാണ് ജീവിതം എന്നാണ് ‘ചിദംബര രഹസ്യം’ നമ്മെ ഓർമിപ്പിക്കുന്നത്. അഭിഭാഷകനായ സജീവൻ ആരെയുമറിയിക്കാതെ നടത്തുന്ന മൂന്നാർ യാത്രയിൽ ഒരപകടമുണ്ടാവുന്നതും ആ അപകടത്തിൽ അയാളുടെ കൂടെ ജോലിചെയ്യുന്ന മായ കൂടെയുണ്ടാവുന്നതുമാണ് ‘ചിദംബര രഹസ്യ’ത്തിൽ സംഭവിക്കുന്നത്. ഇതേത്തുടർന്ന് സജീവന്റെ ഭാര്യയായ ലീനയുടെ വിചാരങ്ങളും തീരുമാനങ്ങളും കഥയെ മുന്നോട്ടുനയിക്കുന്നു. മധ്യവർഗ ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെയാകും സ്ത്രീയും പുരുഷനും അഭിസംബോധന ചെയ്യുന്നത് എന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ കഥകൾ.

കണ്ണു കാണാത്ത തന്നെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ജെയിംസിനെതിരെ ധീരമായി പ്രവർത്തിക്കുന്ന ‘പ്രകാശദൂരങ്ങളി’ലെ കമല മറ്റൊരു ഉദാഹരണമാണ്. ആഗോളീകരണാനന്തര ലോകത്തെ അധികാരം, ആധിപത്യം, ഉപഭോക്തൃ സംസ്കാരം മുതലായ അംശങ്ങളെ കുടുംബത്തിന്റെ അകത്തളത്തുനിന്നു നേരിടുന്ന കഥകൾ ശ്രദ്ധേയമാണ്.

കുടുംബപശ്ചാത്തലത്തിൽ എഴുതപ്പെട്ട, എന്നാൽ വിപണിയുമായി ബന്ധമില്ലാത്ത കഥയാണ് ‘മീനുകൾ’. ഓർമകളെ പകർത്തിയെഴുതുന്നതിൽ മാർകേസിനെ ഓർമിപ്പിക്കുന്ന വാക്യം ‘മീനുകളി’ലുണ്ട് – ‘‘ആയുസ്സിന്റെ ഏതറ്റംവരേക്കും തെല്ലും മായാതെ നിൽക്കുന്ന ഓർമകൾ’’ എന്നാണ് കഥയിൽ പറയുന്നത്. മീനുകൾ ചിന്തിക്കുന്നില്ല മനുഷ്യരെപ്പോലെ. ഉപയോഗശൂന്യമായ വാക്കുകളെ ചില്ലുകൂടുകളിലാക്കി സൂക്ഷിക്കണമെന്ന് പറയുന്ന ‘പണ്ടാലയുടെ പെട്ടക’ത്തിലെ പണ്ടാലയും മാർകേസിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നു.

കാർവറിന്റെ അന്ധകഥാപാത്രത്തെ ഓർമിപ്പിക്കുന്ന ‘മൂന്നു അന്ധന്മാർ ആനയെ വിവരിക്കുന്നു’ എന്ന കഥയിലെ കഥാപാത്രങ്ങളെയും എടുത്തുപറയണം. അന്ധതയുടെ വേറിട്ട കാഴ്ചകളാണ് ‘മൂന്നു അന്ധന്മാർ ആനയെ വിവരിക്കുന്നു’വും ‘പ്രകാശദൂരങ്ങളും’. കാഴ്ചയെന്നത് കേവലമായ പുറംലോക ദൃശ്യങ്ങളാണ് എന്ന ധാരണയെ തകിടംമറിക്കുന്ന കഥാപാത്രങ്ങളാണ് ഈ കഥകളിലുള്ളത്. കാഴ്ചയുള്ളവരിൽ പലരും ആന്തരികമായി അന്ധരാവുന്നതിന്റെ ചിത്രവും ഇവ വരച്ചിടുന്നു. ‘ആന’ എന്ന വാക്കിനു അനുരൂപമായ വസ്തുവിനെ അവതരിപ്പിക്കുന്ന വിധം ഓരോരുത്തരുടെ വീക്ഷണത്തിൽ മാറുന്നത് എങ്ങനെയെന്ന് ഈ കഥ സ്പഷ്ടമായി അവതരിപ്പിക്കുന്നു.

നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതും വധിക്കപ്പെടുന്നതും ഇ. സന്തോഷ്‌ കുമാറിന്റെ കഥകളിൽ പ്രകടമായി കണ്ടുവരാറുണ്ട്. കലുഷകാലത്തിന്റെ ഇരകളായി മാറുന്ന നിരപരാധികളുടെ ജീവിതം ഹോമിക്കപ്പെടുന്നത് ‘മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ’, ‘പിറ്റേന്ന്’, ‘നീചവേദം’ തുടങ്ങിയ കഥകളിൽ വിവരിക്കുന്നുണ്ട്. അന്യന്റെ പരാജയം ലക്ഷ്യംവെക്കുന്ന പുതിയ ലോകത്തെ സംബോധനചെയ്യാൻ ചതിയുടെ നിയമങ്ങൾ രൂപപ്പെടുത്തുന്ന ‘നീചവേദ’ത്തിലെ കഥാപാത്രം സത്യവും നീതിയും അനുശാസിക്കാതെയുള്ള ലോകഗതിയിൽ വ്യാകുലനാണ്. ഇതിൽ ‘നീചവേദ’ത്തിന്റെ രാഷ്ട്രീയസംഹിതയെ സത്യാനന്തര കാലത്തിന്റെ വേദപുസ്തകമായി കരുതണം. ഓക്സ്ഫഡ് നിഘണ്ടുവിൽ ‘Post Truth’ എന്ന വാക്ക് പ്രവേശിച്ചത് 2016ലാണ്‌.

2010ൽ പ്രസിദ്ധീകരിച്ച ‘നീചവേദം’ ഭാവി മുൻകൂട്ടിക്കണ്ട് എഴുതിയതുപോലെ തോന്നുന്നു. അപൂർണമായ ചോദ്യങ്ങൾ സങ്കീർണമല്ലാത്ത കഥാഗാത്രത്തിൽ ലോപിപ്പിച്ചുവെക്കുന്ന രീതിയിൽ എഴുത്തുകാരൻ അഭിരമിക്കുന്നുണ്ട്. ഒരു പദപ്രശ്നം നിർധാരണം ചെയ്യുന്നതുപോലെയോ സുഡോകു കളിച്ചു ജയിക്കുന്നതുപോലെയോ വായനയിൽ ഇത്തരം രംഗങ്ങളും വ്യതിയാനങ്ങളും ഒളിപ്പിച്ചുവെക്കുന്നതിലൂടെ വായനക്കാരുടെ മേൽ എഴുത്തിന്റെ കൂർമത സ്ഥാപിക്കാൻ ഇ. സന്തോഷ്‌ കുമാറിനാവുന്നുണ്ട്.

 

ഒരു നോട്ടത്തിലോ ഒരു ഭാവത്തിലോ സംഭാഷണത്തിന്റെ ഒരു സന്ദർഭത്തിലൂടെയോ ആഖ്യാനഗതി മാറ്റിമറിക്കപ്പെടുകയാണ്. ഇതിനുള്ള ഉദാഹരണങ്ങൾ ധാരാളമുണ്ട്. ‘ആദിമൂല’ത്തിലെ കഥാപാത്രത്തിന് ശബ്ദം തിരിച്ചുകിട്ടുന്നത്, ‘പണ്ടാലയുടെ പെട്ടക’ത്തിലെ കുരങ്ങന്റെ പ്രസവം, ‘നാരകങ്ങളുടെ ഉപമ’യിലെ ഭൂമിക്ക് വേദനയുണ്ടാവാതെ ഭൂതലം കുഴിക്കുന്ന ജോലിചെയ്യുന്ന കഥാപാത്രം, അങ്ങനെ ധാരാളം മാതൃകകളുണ്ട്.

ഭൂതകാലത്തെ വസ്തുക്കളെ ഓർമകളുമായും ചരിത്രവുമായും സന്നിവേശിപ്പിച്ചുകൊണ്ടുള്ള കഥപറച്ചിലിൽ പുതുമയില്ല. പക്ഷേ, അത്തരം സങ്കേതത്തിൽ മനുഷ്യവര്‍ഗത്തിന്റെ പരിണാമകലയെയും ക്രമേണ ഉരുവംകൊണ്ട പുരാവസ്തുക്കളെയും curate ചെയ്യുന്ന ഉത്തരവാദിത്തംകൂടി കഥാകൃത്ത് ഏറ്റെടുക്കുകയാണ്. ജീവിതത്തിന്റെ നൈരന്തര്യത്തെ ദാർശനികതലത്തിൽ കാണുന്ന തമാനെയുടെ നിഘണ്ടുവിലെ സമയത്തിന്റെയും വേഗത്തിന്റെയും നിർവചനം ശ്രദ്ധിക്കേണ്ടതാണ്. തമാനെ ചെയ്യുന്ന ഭൂഗർഭഖനനത്തിലൂടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പൊടിഞ്ഞുപോയ അവശിഷ്ടങ്ങളെ മനസ്സിലാക്കിക്കൊണ്ട് മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തെയാണ് വിശദീകരിക്കുന്നത്.

അവിടെ സമയത്തിന്റെയും വേഗത്തിന്റെയും കണക്കുകൾ തെറ്റുന്നുവെന്നു തോന്നാമെങ്കിലും തമാനെ അവയെ ഗണിക്കുന്നത് ഇന്നുവരെയുള്ള മാനവചരിത്രത്തിന്റെ ഏടുകളിലൂടെയാണ്. മുപ്പത്തൊമ്പത് വർഷം അയാൾ ഭൂഗർഭത്തിൽ ജോലിചെയ്യുകയായിരുന്നു. അങ്ങനെ അയാൾ ഭൂതകാലത്തെ കാമുകിയായി കണക്കാക്കുന്നു. നദികളെയും, മണ്ണിനടിയിൽനിന്ന് കുഴിച്ചെടുക്കുന്ന പ്രാചീനചരിത്രത്തിന്റെ ബിംബങ്ങളായ മൃഗങ്ങളുടെ അസ്ഥികൾ, നഗരവിതാനങ്ങൾ തുടങ്ങിയ വസ്തുവകകളെയും പഠിക്കുക വഴി ലോകത്തെ മുന്നോട്ടെത്തിക്കുന്ന ദീപയഷ്ടിവാഹകരിലൊരാളാണ് (Torch Bearer) അയാൾ.

കഥാകാരൻ അപഗ്രഥനപടുവായി തീർന്നുകൊണ്ട് കഥാപാത്രങ്ങളെ ഡിസൈൻ ചെയ്യുക എന്ന പ്രവൃത്തിയാണിവിടെ സംഭവിക്കുന്നത്. സമയത്തെ മാനവരാശിയുടെയും ലോകത്തിന്റെയും ആത്യന്തിക മാനദണ്ഡമാക്കുന്ന ആശയധാരക്കാണ് ഇവിടെ കഥാകൃത്ത് പ്രാമുഖ്യം കൊടുക്കുന്നത്. വിഖ്യാത ചരിത്രകാരനും ചിന്തകനുമായ മിർച്ച ഏലിയാദെയുടെ (Mircea Eliade) കാലസങ്കൽപത്തെ റോമില ഥാപ്പർ ‘Time As A Metaphor of History: Early India’ എന്ന പുസ്തകത്തിൽ എടുത്തുപറയുന്നത് ഈ ഘട്ടത്തിൽ പരാമർശിക്കുന്നത് ഉചിതമാണ്. കാലത്തിന് ഒരു ചാക്രിക ആവർത്തനമുണ്ട്.

ആശയപരമായി അത് വളരെ വലുതാണ്. മനുഷ്യപ്രവർത്തനങ്ങൾ അതുമായി താരതമ്യപ്പെടുത്തുമ്പോൾ സൂക്ഷ്മവും നിസ്സാരവുമാകുന്നു. ചാക്രികസമയം തുടക്കമോ അവസാനമോ ഇല്ലാതെ തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ കാലചക്രം മാറ്റമില്ലാത്ത ക്രമവും മാറ്റമില്ലാത്ത രൂപവുമായി ആവർത്തിക്കുകയാണ്. ഒരു സംഭവവും പ്രത്യേകമോ അതുല്യമോ ആകാൻ പാടില്ലാത്തതിനാൽ, എല്ലാ സംഭവങ്ങളും അടുത്തവട്ടം ആവർത്തിക്കാൻ ബാധ്യസ്ഥമാണ് താനും. എന്നതിനാൽ ഇത് ചരിത്രത്തെ നിരാകരിക്കുന്നതിന് തുല്യമാണ്. തമാനെ പരിചയപ്പെടുത്തുന്ന ആശയത്തിന്റെ രത്നച്ചുരുക്കം ഈ സങ്കൽപത്തെ ആസ്പദമാക്കിയാണ്. കഥാഗാത്രത്തിന്റെ അനുസ്യൂതിയും തമാനെ പറയുന്ന ആശയത്തിന്റെ നൈരന്തര്യഭാവവും ഈ ഒരു തലത്തിൽ ചേർന്നുനിൽക്കുന്നു.

‘നാരകങ്ങളുടെ ഉപമ’യുടെ ഒരു പ്രാഗ് രൂപം ‘തടാക’ത്തിലുണ്ടെന്നു പറയാം. 2005ൽ എഴുതിയ ‘തടാകം’ എന്ന കഥയിൽ ഓർമകളെ നാണയങ്ങളിലൂടെയാണ് വിനിമയംചെയ്യുന്നത്. ഭൂതകാലത്തെ ഇവിടെ നാണയങ്ങൾകൊണ്ട് തുറന്നെടുക്കുകയാണ്. ആത്മീയമായ താളലയങ്ങൾ സുന്ദരമായ അന്തർധാരയായി ഭാവിക്കുന്ന കഥയാണിത്. വാക്കും എഴുത്തിന്റെ വാസ്തുഘടനയും പൗരാണികമായ ഇലപ്പടർപ്പുകളിലൂടെ ആഖ്യാനത്തെ നീക്കുന്നു. ചരിത്രത്തെ പുരാവസ്തുവായി പുനർനിർമിക്കാൻ അശ്വമുദ്രയുള്ള നാണയങ്ങൾ കരുക്കളാക്കുകയാണ്.

ജീവിതവും മരണവുമായുള്ള ഹ്രസ്വദൂരത്തിലൂടെ കഥാഗതിയെ നയിച്ചുകൊണ്ട് ആത്മീയാന്വേഷണത്തിന്റെ ദിശാസൂചികളെ പ്രതിഷ്ഠിക്കുകയാണ് എഴുത്തുകാരൻ. മഞ്ഞു വീഴുന്നതിന്റെ ഒച്ചയും നിശ്ശബ്ദതയുടെ സംഗീതവും നാണയങ്ങൾക്കുമേൽ മഞ്ഞുപൊഴിയുന്ന കാഴ്ചയും അനുഭവവേദ്യമാക്കിക്കൊണ്ട് എഴുത്തിനെ മനോഹരമായ ഒരു ദൃശ്യമോ ഭാവഗീതമോ ആക്കിത്തീർക്കുന്ന സർഗാത്മകതയുടെ സൗന്ദര്യമാണ് ‘തടാകം’. അതിനെ ഇഴചേർക്കുന്ന ആത്മീയതലമാകട്ടെ ചരിത്രത്തിന്റെ നാണയത്തുട്ടുകളുമായി ചേർത്തുവെച്ചുകൊണ്ട് എഴുത്തിന്റെ ഉജ്ജ്വലതേജസ്സ്‌ ആണ് പ്രകാശിതമാവുന്നത്.

പാറപോലെയുള്ള തഴമ്പിന്റെ ഭാഷയിലൂടെയേ അക്കങ്ങളെയും അക്ഷരങ്ങളെയും വിവേചിച്ചറിയാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്ന കരാഞ്ചിറയിലെ വല്യച്ഛന്റെ അവസാനകാലത്തെയാണ് ‘ആദിമൂല’ത്തിൽ അവതരിപ്പിക്കുന്നത്. വല്യച്ഛൻ ജനിച്ചുവളർന്ന ഉള്ളാട്ടുകാലയിലേക്ക് അസ്ഥിയുമായി പോകുന്ന കുഞ്ഞൻ ആംഗ്യങ്ങളിലൂടെയാണ് ജീവിക്കുന്നത്. വല്യച്ഛൻ മരിക്കുമ്പോൾ കുഞ്ഞനോട് ഉള്ളാട്ടുകാലയിൽ പോകണം എന്ന് ചട്ടംകെട്ടിയിരുന്നു.

‘‘തലപ്പൊക്കമുള്ളവരിലെത്തുമ്പോൾ മാത്രമേ എല്ലാവരും ശരിയായ ഭാഷയും ശബ്ദവും കണ്ടെത്തുകയുള്ളൂ’’ എന്ന് പറഞ്ഞുകൊണ്ടാണ് ഉള്ളാട്ടുകാലയിലേക്കുള്ള ദൗത്യം വല്യച്ഛൻ കുഞ്ഞനെ ഏൽപിക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് അയാൾ കണ്ട കാടുകളും മരങ്ങളും നിറഞ്ഞ സ്ഥലമായിരുന്നില്ല എന്നാൽ, ഇന്ന് കുഞ്ഞൻ കാണുന്നത്. അങ്ങാടികളും കുടുസ്സുവഴികളുമായി അത് മാറിപ്പോയി. കാടുകൾ പിന്മാറുകയും നാട്ടുവഴികൾ രൂപപ്പെടുകയും ആൾക്കൂട്ടം ആധിപത്യം സ്ഥാപിക്കുകയും ചെയ്ത കാലം ഉരുത്തിരിഞ്ഞത് വല്യച്ഛൻ അറിഞ്ഞില്ലല്ലോ.

കുരുടനായ ദൈവവും ഭാവി പ്രവചിച്ചിരുന്ന തത്തയും അയാളോട് അക്കാര്യം പറഞ്ഞുകൊടുത്തിരുന്നില്ല. ‘‘അപ്പോൾ ദൂരെ ഒരു മലമുഴക്കിയുടെ ശബ്ദം കേട്ടു. അതുതന്നെ വീണ്ടും വനം കുഴൽ വിളിച്ചു ക്ഷണിക്കുന്നതുപോലെ. നേർത്ത ഇരുട്ടിലേക്ക് നോക്കി ഞാൻ ഉറക്കെ കൂവി. ഉറക്കെ. അത്ഭുതം. കൂവലിന്റെ മറുശബ്ദം കേട്ട’’, കുഞ്ഞൻ സ്വന്തം ശബ്ദം അങ്ങനെ കേൾക്കുകയായിരുന്നു. സ്നേഹം വഴിഞ്ഞൊഴുകുന്ന വല്യച്ഛന്റെ നോട്ടം അവനിൽ കിനിഞ്ഞിറങ്ങിയതാവണം. മനുഷ്യസ്‌നേഹത്തിന്റെ ആത്മീയമായ തലത്തിലേക്ക് കഥയെ മുന്നോട്ടുനയിക്കുന്ന കഥാകൃത്തിന്റെ പാടവം ഇവിടെ പ്രകടമാണ്.

ആത്മീയതലത്തിൽ വ്യാപരിക്കുന്ന സർഗാത്മകമനസ്സിനു പ്രകൃതിയുടെ താളബോധത്തെ സ്വാംശീകരിക്കാൻ സാധിക്കും എന്നതിന് രണ്ടുപക്ഷമില്ല. അങ്ങനെയുള്ള ദിശാബോധത്തിന്റെ മികച്ച ദൃഷ്ടാന്തമാണ് ‘പരുന്ത്’. ‘പരുന്ത്’ പ്രകൃതിയും മനുഷ്യരുമായുള്ള ഇക്കോ-സിസ്റ്റത്തിന്റെ കഥയാണ്. സിമന്റു തൊട്ടിയിലെ വെള്ളത്തിൽ പ്രതിബിംബത്തെ നിശ്ചലമായി കാണുന്ന പരുന്ത് ഒരു രാഷ്ട്രീയരൂപകമാണ്. പരുന്തിന്റെ നിശ്ചലത രാഷ്ട്രീയനിശ്ചലതയെയാണ് സൂചിപ്പിക്കുന്നത്. കുരിയാക്കുവിന്റെ കുടുംബവും അതുപോലൊരു നിശ്ചലാവസ്ഥയിലോ മരവിപ്പിലോ ആണുള്ളതെന്ന് വ്യക്തമാണ്. അവരുടെ സ്വാസ്ഥ്യം നഷ്ടപ്പെട്ടതിൽ ഭരണകൂടത്തിനും സമൂഹത്തിനും പങ്കുണ്ട്. അശാന്തമായ അന്തരീക്ഷത്തിലേക്ക് ഒറ്റപ്പെട്ട മനുഷ്യരെ കൊണ്ടെത്തിക്കുന്നത് പ്രതിലോമകരമായ പ്രവൃത്തിയാണെന്നതിൽ സംശയമില്ല.

എഴുപതു കഥകളിലൂടെ പ്രതിഫലിപ്പിക്കുന്നത് എണ്ണത്തിൽ എഴുപതിന്റെ പലമടങ്ങായ മനുഷ്യജീവിതത്തിന്റെ അവസ്ഥകളെയാണ്. നാം കണ്ട മനുഷ്യർതന്നെയാവാം അവർ. എങ്കിലും അവരുടെ വൈയക്തിക പ്രതിസന്ധികളുടെ മേൽ നമ്മുടെ നോട്ടം ഉറച്ചിരുന്നില്ല. അവയെ സൂക്ഷ്മദർശിനിയിലൂടെ വിവരിക്കുന്ന കർമമാണ് കഥാകൃത്ത് എന്ന നിലയിൽ ഇ. സന്തോഷ്‌ കുമാർ ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഒരു ദേശമോ പ്രദേശമോ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നില്ല. സാർവലൗകികമായ ഒരിടത്തെ പ്രാധാന്യത്തോടെ വിഷയമാക്കുന്ന കഥാതന്തുവിലാണ് ഈ എഴുത്തുകാരൻ അഭിരമിക്കുന്നത്. ആ കഥകളുടെ ദൃഷ്ടികേന്ദ്രവും സാർവലൗകികത തന്നെയാണ്.

പരിചരണരീതിയോ വിനിമയഭാഷയോ പ്രാദേശികമായേക്കാം എന്നേയുള്ളൂ. പ്രാദേശികമായ തലത്തിൽനിന്ന് സാർവജനീന ലോകത്തിന്റെ സർഗാത്മകവും രാഷ്ട്രീയവുമായ സാധ്യതകളെയാണ് ഈ എഴുത്തുകാരന്റെ നീക്കിയിരുപ്പായി പരിഗണിക്കാവുന്നത്. അത്തരമൊരു കഥാലോകത്ത് അചേതനമായ വസ്തുക്കളിലും ജൈവികമായ തുടിപ്പുകൾ മുളക്കുന്നു. കഥാഗതിയുടെ അടരുകളിൽ എഴുത്തുകാരന്റെ ചിന്തകളും നിലപാടുകളും ആശയങ്ങളും തുന്നിവെച്ചത് സൂക്ഷ്മമായി നോക്കിയാൽ അയാൾ കണ്ടുമുട്ടിയ മനുഷ്യരോ സാക്ഷിയായ സാഹചര്യങ്ങളോ കേട്ട അനുഭവസൂചനകളോ ഉണ്ടാകും. ജീവിതം അസ്ഥിരമാണെന്നും മരണത്തിലേക്കുള്ള വഴിയിലെ യാത്രികർ മാത്രമാണ് മനുഷ്യരെന്നുമുള്ള ആത്മീയബോധം നിഴലിക്കുന്ന കഥാപാത്രങ്ങളുടെ ഉൾത്തുടിപ്പ് ആവാഹിക്കുന്ന കഥാപാത്രങ്ങൾ ആ കഥാഭൂമികയിൽ സുലഭമാണ്.

മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സാർവലൗകികതലത്തിൽ കാണാനുള്ള നിഷ്ഠ ഈ എഴുത്തുകാരൻ സൂക്ഷിക്കുന്നു. രാഷ്ട്രീയസാഹചര്യത്തെ പരോക്ഷമായി കഥയിലേക്ക് വിളക്കിച്ചേർക്കാനുള്ള പാടവം ഇ. സന്തോഷ്‌ കുമാറിന്റെ ശീലമായിതന്നെ കാണാം. ‘ഗാലപ്പഗോസി’ൽ തുടങ്ങി പുതിയ കഥകളായ ‘വ്യാഘ്രവധു’, ‘ഊഴം’, ‘മരണക്കുറി’ വരെ ആ വീക്ഷണം അന്തർലീനമാണ്. മറ്റൊരുവശത്ത്, എഴുത്തുകാരൻ വ്യക്തികളുടെ ത്രാണിയും ബലഹീനതകളും വിവരിക്കുകയും ദുർബലതകളിൽ ഊന്നൽകൊടുത്തതുകൊണ്ട് അവയെ വിശദമായി പകർത്തുകയുംചെയ്യുന്നു. 2023ൽ എഴുതിയ കഥയായ ‘പച്ചകുത്തുന്നവളി’ലും ഇ. സന്തോഷ്‌ കുമാർ സ്വത്വ പ്രതിസന്ധിയുടെ മറ്റൊരു മുഖത്തെ അന്വേഷിക്കുന്നു.

സാറ, സമീറ എന്ന ഇരട്ട സഹോദരിമാരുടെ സ്വഭാവവൈജാത്യത്തിലൂടെ, മധ്യവയസ്സിലെത്തിയ ആഖ്യാതാവിന്റെ അസ്വസ്ഥജനകമായ ജീവിതത്തിലൂടെ, തങ്ങൾക്ക് താങ്ങാവുന്ന മനുഷ്യരെ അന്യോന്യം കാംക്ഷിക്കുന്ന ‘ഇ. സന്തോഷ്‌ കുമാർ സ്പർശ’മുള്ള കഥാപാത്രങ്ങളിലൂടെ ‘പച്ചകുത്തുന്നവൾ’ വേറിട്ട രീതിയിൽ ആവിഷ്കരിക്കപ്പെടുകയാണ്. ഇത്തരം വിലയിരുത്തലിന് എഴുത്തുകാരനെ പ്രാപ്തനാക്കുന്ന ഘടകങ്ങളേതൊക്കെയാണെന്നും കഥകളിലൂടെ കഥാകൃത്ത് പറഞ്ഞുവെക്കുന്നുണ്ട്. ‘ലോകം’ എന്ന സംവർഗത്തിന് പ്രാധാന്യം കൊടുക്കുമ്പോഴും മനുഷ്യരാണ് അവിടത്തെ ചാലകശക്തി. സകല ചരാചരങ്ങളുടെയും ലോകമാണത്. അതാണ് ഈ എഴുത്തുകാരൻ മുറുകെപ്പിടിക്കുന്ന ജൈവികമായ രാഷ്ട്രീയം.

‘‘തകിടംമറിക്കുക എന്നതു സാഹിത്യത്തിന്റെ ഒരു ലക്ഷ്യമല്ല; അപൂർവമായി അറിയാവുന്നതും അധികം അറിയപ്പെടാത്തതുമായ കാര്യങ്ങൾ കണ്ടെത്തുന്നതിലും വെളിപ്പെടുത്തുന്നതിലുമാണ് അതിന്റെ മൂല്യം. എന്നാൽ, വാസ്തവത്തിൽ മനുഷ്യലോകത്തിന്റെ സത്യത്തെക്കുറിച്ച് വളരെ നന്നായി അറിയാൻ സാധിക്കില്ല.

സാഹിത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരവും ചോദ്യംചെയ്യാനൊക്കാത്തതുമായ പ്രതീകമായി സത്യം നിലനിൽക്കുന്നു.’’ ചൈനീസ് എഴുത്തുകാരൻ ഗാവോ സിങ് ജിയാന്റെ നൊബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്രസംഗത്തിലെ ഒരു ഭാഗമാണിത്. ‘സത്യം’ എന്ന കാതലിനെ ഫിക്ഷനിലൂടെ തേടുകയാണ് സർഗാത്മക എഴുത്തുകാരുടെ കടമ എന്ന് അദ്ദേഹം വ്യക്തമാക്കുകയാണ്. സത്യത്തിന്റെ ഉറവിടം അന്വേഷിച്ചുള്ള യാത്രയാണ് ഓരോ കഥയും. ഇ. സന്തോഷ്‌ കുമാർ എന്ന കഥാകൃത്ത് അന്വേഷിക്കുന്നത് ആ ഉണ്മയുടെ കാതലാണ്.

(അവസാനിച്ചു)

News Summary - weekly literature book