ആത്മാവിലെ അഗ്നിപർവതങ്ങൾ
camera_altചൊറമഞ്ചയിലെ സഞ്ചാരങ്ങൾ
നോവൽ
വി.കെ. സുരേഷ്
മാത്യഭൂമി ബുക്സ്
സമൂഹ മാധ്യമങ്ങൾ നിത്യജീവിതത്തിന്‍റെ ഭാഗമായതോടെ ഓരോ ദേശത്തെയും സാധാരണ മനുഷ്യർ സാഹിത്യഭാഷക്ക് പുറമെ നാട്ടുഭാഷയെയും തങ്ങളുടെ ആശയാവിഷ്കാരത്തിനുവേണ്ടി യഥേഷ്ടം ഉപയോഗിക്കുന്നു. ഇത് ഇക്കാലംവരെയും ഒരു ചെറിയ ദേശത്തിന്‍റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്ന തനിമയുള്ള ചില വാക്കുകളെ, പ്രയോഗങ്ങളെ ദേശത്തിന്‍റെ അതിരുകൾക്കപ്പുറം കടത്തി അതിനെ പൊതുവിടങ്ങളിലെ വാക്കുകളും പ്രയോഗങ്ങളുമാക്കി പരിവർത്തിപ്പിക്കുന്നു. മുൻകാല സാഹിത്യകൃതികളിലും ഇത്തരം നാട്ടുഭാഷകളും പ്രയോഗങ്ങളും ധാരാളമായി കടന്നുവന്നിട്ടുണ്ടെങ്കിലും അവ അതതു ദേശത്തെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്ന നിലയിൽകൂടി അടയാളപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തോടെ ഇത്തരം വാക്കുകളും പ്രയോഗങ്ങളും അതിരുകൾ ഭേദിച്ച് മുഴുവൻ ജനതയുടെയും നിത്യജീവിതത്തിലെ ഭാഷയായി വ്യാപിക്കപ്പെടുന്നത് കാണാം. നാട്ടുഭാഷയുടെ സാധ്യത തിരിച്ചറിഞ്ഞ എഴുത്തുകാർ സർഗാത്മകകൃതികളുടെ ആവിഷ്കാരത്തിനായി അവയെ കൂട്ടുപിടിക്കുന്നു. അത്തരം പരീക്ഷണങ്ങളിൽ ഏറ്റവും പുതിയതാണ് വി.കെ. സുരേഷിന്‍റെ ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ’ എന്ന നോവൽ.
ഉത്തര കേരളത്തിലെ വിശേഷിച്ചും പഴയ കുറുമ്പ്രനാടൻ പ്രദേശങ്ങളുടെ നാട്ടുഭാഷയേയും നന്നായി സ്ഫുടംചെയ്ത കാവ്യഭാഷയേയും നേരാംവണ്ണം സമന്വയിപ്പിച്ച് കഴിഞ്ഞ 75 വർഷത്തെ ചില ദേശങ്ങളുടെയും വൻനഗരങ്ങളുടെയും അവിടങ്ങളിലെ മനുഷ്യരുടെയും സുപ്രധാനമായ ചില സംഭവങ്ങളുടെയും കഥ പറയുകയാണ് സുരേഷ് തന്‍റെ നോവലിലൂടെ. ചൊറമഞ്ചയെന്നത് കുറുമ്പ്രനാട്ടിലെ ഒരു പ്രയോഗമാണ്. പല ശാഖകളായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന മാളങ്ങളെയാണ് അത് അർഥമാക്കുന്നത്. ഓരോ മനുഷ്യജീവിതവും ചൊറമഞ്ചയിലൂടെയുള്ള സഞ്ചാരമാണ് എന്നാണ് നോവലിസ്റ്റിന്‍റെ കാഴ്ചപ്പാട്
നഗരങ്ങളിൽനിന്നും നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഒരു സഞ്ചാരി (ഒരുവേള നോവലിസ്റ്റ് തന്നെയാവാം ഇത്) താൻ കണ്ടുമുട്ടുന്ന വ്യക്തികളുടെ ജീവിതങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ആഖ്യാനം. സ്വന്തം നാട്ടിൽനിന്നും തിരസ്കൃതരായി, അതിജീവനത്തിനായി ബോംബെ എന്ന മഹാനഗരത്തിൽ അടിഞ്ഞുകൂടുന്ന വിവിധ ദേശക്കാരുടെ ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നത്. മഹാനഗരത്തിന്‍റെ അഗാധ ഗഹ്വരങ്ങളിൽ ഒരേസമയം നന്മയുടെയും തിന്മയുടെയും ശക്തികൾ അടയിരിക്കുന്നു. സ്വാർഥലാഭങ്ങളെ മുന്നിൽ കണ്ട് ദുഷ്ടശക്തികൾ കലാപങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുമ്പോൾ അവയിലെ ദുരിതബാധിതർക്ക് സാന്ത്വനമേകാനും അതിജീവിക്കാനുമായി നന്മയുടെ ശക്തികൾ കരങ്ങൾ നീട്ടിയെത്തുന്നു.
നാട്ടുഭാഷയുടെ സൗരഭ്യത്തിനപ്പുറം അതിമനോഹരമായ കാവ്യഭാഷയുടെ സൗന്ദര്യവും നോവൽ മുന്നോട്ടുവെക്കുകയാണ്. ഈ നോവലിലെ ഒരു പ്രധാന വിഷയം പാരിസ്ഥിതിക ധ്വംസനം തന്നെയാണ്.
നോവലിലെ ജസ്റ്റിന്‍റെയും കാമുകിയുടെയും പ്രണയം വയലിൻ സംഗീതംപോലെ ഹൃദ്യമാക്കാൻ സുരേഷിന്‍റെ കാവ്യഭാഷക്ക് കഴിയുന്നു. സംഗീതം ഒരു കഥാപാത്രത്തിന്‍റെ പ്രാധാന്യത്തോടെ നോവലിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. അഹച്ചദ്രത്തിലെ തന്‍റെ ബംഗ്ലാവിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ഒരിക്കൽ തനിക്ക് അഭയം നൽകിയ മുംബൈ തെരുവുകളിലേക്ക് തിരിച്ച് പോകുമ്പോൾ എവിടെയോ ഒരു സിദ്ധാർഥ ഹൃദയം നാം കണ്ടെത്തുന്നു. നോവലിൽ എല്ലാ കഥാപാത്രങ്ങൾക്കും ഉപരിയായി നിറഞ്ഞുനിൽക്കുന്നത് തന്നിലേക്കെത്തുന്ന നിസ്വരെ വാരിപ്പിടിച്ച് മാറോടുചേർക്കുന്ന മുംബൈ എന്ന മഹാനഗരം തന്നെയാണ്.
.
