Begin typing your search above and press return to search.
proflie-avatar
Login

മറ്റൊരു നാഗരികതയുടെ ഓർമപ്പെടുത്തൽ

മറ്റൊരു നാഗരികതയുടെ ഓർമപ്പെടുത്തൽ
cancel

നൈജീരിയൻ എഴുത്തുകാരനായ ചിനുവ അ​െച്ചബെയുടെ ‘എല്ലാം തകർന്നു വീഴുന്നു’ (Things Fall Apart) എന്ന നോവലിന്​ 65 വയസ്സാകുന്നു. ആ നോവലിന്​ ലോക സാഹിത്യത്തിലെ പ്രസക്തി എന്താണ്​? ചരിത്രത്തിൽനിന്നും തുടച്ചുനീക്കേണ്ട ഇരുട്ടോ ‘കാടത്ത’മോ അല്ല മറിച്ച്,മറ്റൊരു നാഗരികതതന്നെയാണ് ആഫ്രിക്കയിലെ ജനജീവിതമെന്നു ഓർമപ്പെടുത്തുകയാ​േണാ ഇൗ നോവൽ?ആ ഗ്രാമം അവിടെ സ്​ഥാപിച്ച കാലത്ത് അതി​ന്റെ സ്​ഥാപകന് കാട്ടിൽനിന്നും ഇറങ്ങിവന്ന ഒരു പിശാചിനോട് എതിരിടേണ്ടി വന്നു. അന്നു നടന്ന മല്ലയുദ്ധം ഏഴു പകലുകളും രാത്രികളും നീണ്ടുനിന്നു. അവസാനം പിശാച് പിൻവാങ്ങുകയാണുണ്ടായത്. അതിനുശേഷം നാട്ടിലുണ്ടായ ഏറ്റവും വലിയ മല്ലയുദ്ധം യൂനേക്കയുടെ...

Your Subscription Supports Independent Journalism

View Plans
നൈജീരിയൻ എഴുത്തുകാരനായ ചിനുവ അ​െച്ചബെയുടെ ‘എല്ലാം തകർന്നു വീഴുന്നു’ (Things Fall Apart) എന്ന നോവലിന്​ 65 വയസ്സാകുന്നു. ആ നോവലിന്​ ലോക സാഹിത്യത്തിലെ പ്രസക്തി എന്താണ്​? ചരിത്രത്തിൽനിന്നും തുടച്ചുനീക്കേണ്ട ഇരുട്ടോ ‘കാടത്ത’മോ അല്ല മറിച്ച്,മറ്റൊരു നാഗരികതതന്നെയാണ് ആഫ്രിക്കയിലെ ജനജീവിതമെന്നു ഓർമപ്പെടുത്തുകയാ​േണാ ഇൗ നോവൽ?

ആ ഗ്രാമം അവിടെ സ്​ഥാപിച്ച കാലത്ത് അതി​ന്റെ സ്​ഥാപകന് കാട്ടിൽനിന്നും ഇറങ്ങിവന്ന ഒരു പിശാചിനോട് എതിരിടേണ്ടി വന്നു. അന്നു നടന്ന മല്ലയുദ്ധം ഏഴു പകലുകളും രാത്രികളും നീണ്ടുനിന്നു. അവസാനം പിശാച് പിൻവാങ്ങുകയാണുണ്ടായത്. അതിനുശേഷം നാട്ടിലുണ്ടായ ഏറ്റവും വലിയ മല്ലയുദ്ധം യൂനേക്കയുടെ മകനായ ഒക്കെൻക്വോയും പുലിയെന്ന് പേരെടുത്ത അമാലിൻസെയുമായി നടന്നതാണെന്ന് പഴമക്കാർപോലും സമ്മതിക്കും.

ഒക്കെൻക്വോക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് അത് നടന്നത്. നാട്ടിലും അയൽനാട്ടിലും മല്ലയുദ്ധത്തിനു പേരുകേട്ട അമാലിൻസെ എതിരാളിയുടെ നീക്കങ്ങളെ മുൻകൂട്ടി കാണുന്നവനും ഒരിക്കൽപോലും തോൽവി പറ്റാത്തയാളുമാണ്. പുലിയെ പോലെ ചീറിക്കൊണ്ട് എതിരാളിയുടെ മേൽ നിർദയം അതിക്രമിച്ചു കയറാൻ അയാൾ വിരുതനാണ്. എന്നാൽ, വെള്ളത്തിൽ മീനെന്നപോലെ ഒക്കെൻക്വോ അയാളുടെ തന്ത്രങ്ങളിൽനിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറി. ആ മൽപിടിത്തം അനേക മണിക്കൂറുകൾ നീണ്ടുനിന്നു. ഒടുവിൽ അമാലിൻസെ പരാജയപ്പെട്ടു. ഇതോടെ ഒക്കെൻക്വോയുടെ കീർത്തി ആ ഒമ്പത് ഗ്രാമങ്ങളിൽ മാത്രമല്ല അയൽനാടുകളിലും പടർന്നു.

പഴയ നൈജീരിയയിലെ വടക്ക് കിഴക്കൻ പ്രദേശത്തെ ഇബോ സമുദായത്തിലെ അംഗമാണ് ഒക്കെൻക്വോ. ഉമോഫിയ എന്നറിയപ്പെടുന്ന സ്​ഥലം അവർ താമസിക്കുന്ന ഒമ്പത് ഗ്രാമങ്ങളുടെ കേന്ദ്രമാണ്. ഇവിടെയാണ് നാട്ടിലെ ആഴ്ച ചന്തയും പൊതുകാര്യങ്ങൾക്കായുള്ള കൂടിച്ചേരലുകളും പ്രധാനപ്പെട്ട ആഘോഷപരിപാടികളും നടക്കുന്നത്.

ഇബോ സമുദായം ഇതര ഗ്രാമങ്ങളിലെ ജനങ്ങളുടെപോലും മതിപ്പ് പിടിച്ചുപറ്റിയിട്ടുള്ളവരാണ്. പരമ്പരാഗതമായ യുദ്ധവീര്യത്തിനൊപ്പം അവരുടെ ഇടയിലെ മന്ത്രവാദികളുടെ അത്ഭുതസിദ്ധികളിലുള്ള ഭയപ്പാടുമാണ് ഈ മതിപ്പിനു കാരണം.

ചിനുവ അ​െച്ചബെ

ചിനുവ അ​െച്ചബെ

ഈ സമുദായത്തിൽ നാട്ടുമുഖ്യന്മാരും ഗ്രാമത്തിലെ ഭരണസമിതി അംഗങ്ങളും ഉണ്ടാവുന്നത് പിന്തുടർച്ചാക്രമത്തിന്റെ അടിസ്​ഥാനത്തിലല്ല. സ്വയം അധ്വാനിച്ച് ഉയർന്നുവരുന്നവരാണ് പദവികൾക്ക് അർഹതയുള്ളവരാകുക. അതിനാൽതന്നെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക​ുപോലും സ്വയം തീരുമാനിച്ചാൽ ഗ്രാമമുഖ്യൻ പോലുള്ള സ്​ഥാനത്തേക്ക് ഉയരാം.

ഒക്കെൻക്വോയുടെ ചെറുപ്പകാലം അതീവ ദുരിതം നിറഞ്ഞതായിരുന്നു. അയാളുടെ അച്ഛൻ സ്വതവേ മടിയനും കൃഷിക്കാരൻ എന്നനിലയിൽ പരാജിതനും കിട്ടാവുന്നിടത്തെല്ലാം കടം മേടിച്ച് മുഴുവൻ ആൾക്കാരെയും വെറുപ്പിച്ച ആളുമാണ്. അയാളുടെ കരുതലില്ലായ്മമൂലം കുടുംബഭാരം മുഴുവൻ ഒക്കെൻക്വോയുടെ തലയിൽ വീണു. എങ്കിലും നന്നേ ചെറുപ്പത്തിൽതന്നെ പങ്കുകൃഷി ചെയ്തും രാപ്പകൽ അധ്വാനിച്ചും അയാൾ നല്ലൊരു കൃഷിക്കാരനെന്ന പേരെടുത്തു.

അച്ഛ​ന്റെ കാര്യപ്രാപ്തിയില്ലായ്മയോടുള്ള കലഹം ഒക്കെൻക്വോയെ കഠിനാധ്വാനിയും സമ്പന്നനുമാക്കിയെങ്കിലും അയാൾ സ്വഭാവത്തിൽ പരുക്കനായി മാറി. ഭാര്യമാരോടും കുട്ടികളോടും കൂടുതൽ സ്​നേഹം കാണിച്ചാൽ അവർ വഷളാകുമെന്നതിനാൽ അയാൾ അവരിൽ കഠിനമായ നിയന്ത്രണം ചെലുത്തുകയും നിസ്സാര കുറ്റങ്ങൾക്കുപോലും ഭാര്യമാരെ മർദിക്കുന്നതും പതിവായിരുന്നു.

ക്രമേണ ഉമോഫിയിലെ ഒമ്പത് ഗ്രാമങ്ങളുടെ നാട്ടുകാര്യാലോചന സമിതിയിലെ അംഗമായി ഒക്കെൻക്വോ മാറി. ഇതിനോടകം അയാൾ രണ്ട് സ്​ഥാനങ്ങൾ എടുക്കുകയും ഏറ്റവും മുന്തിയ മൂന്നാമത്തെ സ്​ഥാനം നേടാനുള്ള ശ്രമവും ആരംഭിച്ചു. ഇപ്പോൾ അയാൾക്ക് മൂന്ന് ഭാര്യമാരും എട്ടു മക്കളുമുണ്ട്. അയാൾ മറ്റിതര വിഭാഗങ്ങളുമായുള്ള യുദ്ധത്തിൽ അതുല്യമായ വീര്യം കാണിക്കുകയും അഞ്ചുപേരുടെ തലയറുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി കൊന്ന ശത്രുവി​ന്റെ തലയോട്ടിയിലാണ് വിശേഷാവസരങ്ങളിൽ അയാൾ മദ്യം പകർന്ന് കുടിക്കാറുള്ളത്.

ഒക്കെൻക്വോയുടെ ജീവിതം അഭിവൃദ്ധിപ്പെടുകയും മറ്റുള്ളവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്ത അവസരത്തിൽ അയാൾക്ക് വലിയൊരു അത്യാഹിതം സംഭവിച്ചു. നാട്ടിലെ ഒരു വിശിഷ്​ട വ്യക്തിയുടെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടയിൽ ഒക്കെൻക്വോയുടെ കൈയിലിരുന്ന തോക്ക് അറിയാതെ പൊട്ടുകയും തൽഫലമായി ഒരു ചെറുപ്പക്കാരൻ മരണപ്പെടുകയുമുണ്ടായി. ഇബോ സമുദായത്തിൽ ഒരാൾ സ്വന്തം ജനതയിലെ ആരെയെങ്കിലും കൊന്നാൽ അയാൾ സമുദായത്തിൽനിന്നു മാത്രമല്ല ഗ്രാമത്തിൽനിന്നുതന്നെ പുറന്തള്ളപ്പെടും.

ഒക്കെൻക്വോ നടത്തിയ കൊലപാതകം മനഃപൂർവമല്ലാത്തതിനാൽ ഏഴുവർഷം നാട്ടിൽനിന്നും മാറിനിൽക്കേണ്ടതുണ്ട്. എങ്കിലും അയാളുടെ മുഴുവൻ സ്വത്തും വളർത്തുമൃഗങ്ങളുമെല്ലാം ആചാരപ്രകാരം ഗ്രാമവാസികളാൽ നശിപ്പിക്കപ്പെട്ടു. ഇങ്ങനെ സർവവും നഷ്​ടപ്പെട്ട് കുടുംബസമേതം നാട്ടിൽനിന്നും ഒളിച്ചോടാൻ നിർബന്ധിതനായ ഒക്കെൻക്വോ അയാളുടെ അമ്മയുടെ ഗ്രാമത്തിൽ ചെന്നു. അവിടെ അമ്മാവ​ന്റെയും ബന്ധുക്കളുടെയും സഹായത്തോടെ താമസിച്ചുകൊണ്ട് വീണ്ടും കഠിനാധ്വാനംചെയ്തു ജീവിതം മെച്ചപ്പെടുത്തി. ഏഴുവർഷം പൂർത്തിയായപ്പോൾ അവർ സ്വദേശത്തേക്കുതന്നെ മടങ്ങിവന്നു.

ഒക്കെൻക്വോയുടെ ഒളിച്ചോട്ട കാലത്തുതന്നെ നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കാരുടെ അധിനിവേശം തുടങ്ങിയിരുന്നു. ആദ്യം കേട്ടറിവുകൾ മാത്രമായിരുന്നെങ്കിലും പിന്നീട് എല്ലാവർക്കുമത് അനുഭവവേദ്യമായി. മിഷനറി പ്രവർത്തനത്തിൽനിന്നും ആരംഭിച്ച് പതുക്കെ ബ്രിട്ടീഷ് രാജ്ഞിയുടെ പരമാധികാരത്തിലുള്ള നിയമവാഴ്ചയുടെ സ്​ഥാപനവും ഭൂമിയുടെ മേലുള്ള ഉടമസ്​ഥാവകാശവുമായി അത് മാറി. ഇതിനിടയിൽ ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനിൽപുകൾക്ക് മുതിരുന്നവരുടെ ഗ്രാമത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള പട്ടാളനടപടികളും ആരംഭിച്ചു.

ഒക്കെൻക്വോയും കുടുംബവും നാട്ടിൽ തിരിച്ചെത്തിയപ്പോൾ കാര്യങ്ങൾ പഴയതുപോലെയായിരുന്നില്ല. സമുദായത്തെ പിളർത്തിക്കൊണ്ട് മതംമാറ്റം സാർവത്രികമായി മാറി. സ്വന്തം വിശ്വാസധാരകളെയും ജീവിതസാഹചര്യങ്ങളെയും വിസ്​മരിച്ചുകൊണ്ട് പുതിയൊരു മതത്തിലേക്ക് ചേരുന്നതിലൂടെ സർവവും തകരുകയാണെന്ന് കരുതിയ ഒക്കെൻക്വോ കഠിനമായ അമർഷം ഉള്ളിൽ സൂക്ഷിച്ചിരുന്നു. എങ്കിലും അയാളുടെ മൂത്തമകനായ സ്വൊയതന്നെ അന്യമതത്തിലേക്ക് ചേർന്നു. അവ​ന്റെ മതംമാറ്റത്തിനു പിന്നിൽ പിതാവി​ന്റെ പരുക്കൻ സ്വഭാവത്തോടും സാമുദായികാചാരങ്ങളോടുള്ള പ്രതിഷേധവും ഉള്ളടങ്ങിയിരുന്നു.

ഒക്കെൻക്വോ പ്രതീക്ഷിച്ചതുപോലുള്ള സ്വീകരണമല്ല നാട്ടിൽനിന്നും കിട്ടിയത്. മൂത്തമകളായ എസിൽമയെ നല്ല നിലയിൽ കല്യാണം കഴിപ്പിക്കണമെന്ന ആഗ്രഹവും നടന്നില്ല. ഗ്രാമത്തിൽ മതം മാറിയവരും അല്ലാത്തവരും തമ്മിലുള്ള സംഘർഷം ഇടക്കിടക്ക് പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരുന്നു. മിഷനറിമാരും ഗ്രാമമുഖ്യന്മാരും ഇടപെട്ട് കാര്യങ്ങൾ പരമാവധി സമാധാനപരമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒരിക്കൽ, പരേതാത്മാക്കളെ പ്രതിനിധാനം ചെയ്യാൻ സമുദായം നിയോഗിച്ചിട്ടുള്ള ഒരു പ്രധാനപ്പെട്ട വ്യക്തിയെ മതംമാറിയ ഒരാൾ കൊലപ്പെടുത്തി. ഇതോടനുബന്ധിച്ചുള്ള വലിയ സംഘർഷത്തിൽ ഗ്രാമവാസികൾ പള്ളി തീവെച്ച് നശിപ്പിച്ചു. പള്ളി കത്തിച്ചതി​ന്റെ പേരിൽ വെള്ളക്കാരുടെ നിയമപരിപാലന സംഘത്തിലെ ഉദ്യോഗസ്​ഥർ ഒക്കെൻക്വോ അടക്കമുള്ള സമുദായ നേതാക്കളെ അറസ്റ്റ് ചെയ്തു. അവരെ വിട്ടുകിട്ടുന്നതിനായി ഗ്രാമത്തിലുള്ള മുഴുവൻ പേർക്കും ഭീമമായ പിഴ ചുമത്തി. ജനങ്ങൾ പിഴയടച്ചെങ്കിലും ഉദ്യോഗസ്​ഥർ സമുദായ നേതാക്കളെ കഠിനമായി മർദിക്കുകയും അവരുടെ പദവികളെയും ചിഹ്നങ്ങളെയും അവഹേളിക്കുകയും ചെയ്തു.


ഇതിനെത്തുടർന്ന് വെള്ളക്കാരും അവരുടെ ഉദ്യോഗസ്​ഥരും നടത്തുന്ന അനീതികളോട് അമർഷമുണ്ടായിരുന്ന ജനങ്ങൾ സംഘടിച്ചു. എന്തുചെയ്യണമെന്നു തീരുമാനിക്കാൻ അവർ ഉമോഫിയയിലെ ചന്തസ്​ഥലത്ത് ഒത്തുചേർന്നു. എന്നാൽ, വെള്ളക്കാരുടെ കോടതി ഈ സമ്മേളനത്തിന് നിരോധനം ഏർപ്പെടുത്തി. കോടതി ഉത്തരവുമായി എത്തിയ ശിപായിമാർ സമ്മേളനസ്​ഥലത്തു വെച്ച് നാട്ടുകൂട്ടത്തെ അധിക്ഷേപിക്കുകയും അവരുടെ നേതാക്കളെപ്പറ്റി അപമാനിച്ചു സംസാരിക്കുകയും ചെയ്തു. ഇതുകേട്ട് രോഷം പിടിച്ചുനിർത്താൻ കഴിയാതെ വന്ന ഒക്കെൻക്വോ അവരിൽ ഒരാളുടെ തലയറുത്തു വീഴ്ത്തി.

ഈ സംഭവത്തോടെ മറ്റുള്ള ഉദ്യോഗസ്​ഥരെ ജനങ്ങൾ വകവരുത്തുമെന്നും അതിനുശേഷം വെള്ളക്കാരെ മുഴുവൻ തുരത്തുന്ന ഒരേറ്റുമുട്ടൽ നടക്കുമെന്നും ഒക്കെൻക്വോ കരുതിയിരുന്നു. അദ്ദേഹത്തി​ന്റെ പ്രതീക്ഷക്ക് വിപരീതമായി ജനക്കൂട്ടം അവർക്ക് രക്ഷപ്പെടുവാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണുണ്ടായത്.

ജനങ്ങൾ വിഭജിതരും ചെറുത്തുനിൽപിന് വിസമ്മതിക്കുന്നവരുകയുമാണെന്ന് തിരിച്ചറിഞ്ഞ ഒക്കെൻക്വോ അവിടെനിന്നും വിട്ടുപോയി. പിറ്റേദിവസം പ്രതിയെ തേടിയെത്തിയ ഡിസ്​ട്രിക്ട് കമീഷണർക്കും പൊലീസ്​ മേധാവികൾക്കും ഒക്കെൻക്വോയുടെ ഉറ്റസുഹൃത്തായ ഒബിയെറുക്കയും ബന്ധുക്കളും അയാൾ തൂങ്ങിമരിച്ച സ്​ഥലം കാണിച്ചുകൊടുത്തു.

ഇബോ സമുദായത്തിൽ ആത്മഹത്യ നിഷിദ്ധമാണ്. ജീവിതാവസാനം വരെ സമുദായത്തി​ന്റെ ഉയർച്ചക്കുവേണ്ടി പൊരുതുകയും അതി​ന്റെ മേലുള്ള കടന്നാക്രമണങ്ങളെ തടയണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒക്കെൻക്വോ സമുദായത്തി​ന്റെ ഏറ്റവും വലിയ വിലക്കിനെ ലംഘിച്ചുകൊണ്ടാണ് ആത്മാഹുതി ചെയ്തത്. എങ്കിലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ അയാൾക്ക് ഒരു മഹദ് വ്യക്തിത്വം എന്ന സ്​ഥാനം ലഭിച്ചു.

ഒക്കെൻക്വോയുടെ മൃതശരീരം മരത്തിൽനിന്നും ഇറക്കിയതിനുശേഷം അതും അയാളുടെ ബന്ധുക്കളെയും പിറ്റേന്ന് ത​ന്റെ ഓഫിസിൽ ഹാജരാക്കണമെന്ന് ആജ്ഞാപിച്ചിട്ട് കമീഷണർ പോയി. അയാൾ യാത്ര ചെയ്യുന്നതിനിടയിൽ ഇങ്ങനെ ആത്മഗതം നടത്തി: ‘‘ആഫ്രിക്കയിലെ നാനാഭാഗത്തും നിരവധി വർഷങ്ങളായി പരിഷ്‍കാരം കൊണ്ടുവരുന്നതിനിടയിൽ പലതും പഠിച്ചു. അതിലൊന്ന് ഒരു ഡിസ്​ട്രിക്ട് കലക്ടർ ഒരിക്കലും തൂങ്ങിമരിച്ച ഒരാളുടെ ശവശരീരം മരത്തിൽനിന്നും ഇറക്കുന്നതു പോലുള്ള അന്തസ്സിനു നിരക്കാത്ത കാര്യങ്ങളിൽ ഇടപെട്ടുകൂടാ. അത് നാട്ടുകാർക്കിടയിൽ മോശപ്പെട്ട അഭിപ്രായമുണ്ടാക്കും. താൻ എഴുതാൻ പോകുന്ന പുസ്​തകത്തിലും ഈ കാര്യം പ്രത്യേകം എടുത്തുപറയും.’’

കമീഷണർ ഓഫിസിൽ ചെന്നപ്പോഴും ആ പുസ്​തകത്തെ പറ്റി തന്നെ ചിന്തിച്ചുകൊണ്ടിരുന്നു. ദിവസംതോറും അയാൾക്ക് പുതിയ വസ്​തുതകൾ കിട്ടുന്നുണ്ട്. ഒരു ശിപായിയെ കൊല്ലുകയും പിന്നീട് തൂങ്ങിമരിക്കുകയും ചെയ്ത നാട്ടുകാരനായ ഒരാളുടെ കഥ വായിക്കാൻ നല്ല രസമുള്ളതാവും. അയാളെപ്പറ്റി ഒരു അധ്യായം തന്നെ എഴുതാൻ സാധിച്ചേക്കും. ഒരുപക്ഷേ ഒരധ്യായം മുഴുവൻ വേണ്ട, എന്തായാലും ഒരു ഖണ്ഡികക്ക് വകുപ്പുണ്ട്. പുസ്​തകത്തിൽ ഉൾക്കൊള്ളിക്കാൻ മറ്റനേകം കാര്യങ്ങൾ ഉള്ളതിനാൽ ചെറിയ വിശദാംശങ്ങൾ വെട്ടിക്കുറക്കുന്നതിൽ തെറ്റില്ല.

പുസ്​തകത്തി​ന്റെ പേര് വളരെയധികം ആലോചിച്ചതിനുശേഷം അയാൾ തീരുമാനിച്ചു. ‘‘നൈജീരിയൻ താഴ്വരയിലെ പ്രാകൃത വർഗക്കാരുടെ ഇടയിലെ സമാധാനപാലനം.’’

നോവലിൽ സംസ്​കാരത്തി​ന്റെ പുനരെഴുത്ത്

1958ലാണ് നൈജീരിയൻ എഴുത്തുകാരനായ ചിനുവ അ​െച്ചബെയുടെ ‘എല്ലാം തകർന്ന് വീഴുന്നു’ (Things Fall Apart) എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ആഫ്രിക്കൻ നാഷനൽ മെറിറ്റ് അവാർഡും മാൻ ബുക്കർ ​ൈപ്രസും ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്​കാരങ്ങൾ ഇതിന് ലഭിക്കുകയുണ്ടായി. ബി.ബി.സി നടത്തിയ ഒരു സർവേയിൽ ലോകത്തെ സ്വാധീനിച്ച നൂറ് പുസ്​തകങ്ങളിൽ ഒന്നാണിത്. 2012ലെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അഭിപ്രായ രൂപവത്കരണത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഇരുപത് പ്രമുഖ കൃതികളിൽ ഒന്നായി ഇത് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നോവൽ അക്കാദമിക് മേഖലയിലും വലിയ ചർച്ചകൾക്ക് വിഷയമായിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട് അറുപത്തിയഞ്ച് വർഷത്തിനു ശേഷവും പുതുവായനകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് മറ്റനേകം നോവലുകളിൽനിന്നും ഇതിനെ വേറിട്ടതാക്കുന്നത്.

ഡബ്ല്യൂ.ബി. യേറ്റ്സി​ന്റെ ‘രണ്ടാം വരവ്’ എന്ന കവിതയിലെ ഒരു വരിയാണ് നോവലി​ന്റെ പേരിന് ആധാരം. യേറ്റ്സി​ന്റെ കവിതയിലെ എല്ലാം തകർന്നു വീഴുന്നു എന്ന സങ്കൽപം ആധുനികതയിലെ സംത്രാസം എന്ന പ്രമേയവുമായി കണ്ണിചേരുന്നതാണ്. ഇതേസമയം, അ​െച്ചബെയുടെ പുസ്​തകത്തിൽ എല്ലാം തകർന്നുവീഴുന്നു എന്നതുകൊണ്ട് സൂചിതമാവുന്നത് ആഫ്രിക്കപോലുള്ള നാഗരികതകൾക്കു മേലുള്ള വെളുത്ത വംശീയ അധിനിവേശത്തി​ന്റെ ഫലമായുള്ള അന്യവത്കരണമാണ്.

ചിനുവ അ​െച്ചബെ

ചിനുവ അ​െച്ചബെ

ഈ വശത്തിലൂടെ നോക്കുമ്പോൾ അധിനിവേശ വിരുദ്ധ ഉള്ളടക്കമുള്ള ഒരു പോസ്റ്റ് കൊളോണിയൽ കൃതി മാത്രമല്ല, അധിനിവേശിത ജനതയെപ്പറ്റിയുള്ള വെളുത്ത വംശീയ കാഴ്ചകൾക്കുമേലുള്ള തിരുത്തും ആഫ്രിക്കൻ നാഗരികതയെക്കുറിച്ചുള്ള ശക്തവും വേറിട്ടതും സമകാലികവുമായ ഓർമപ്പെടുത്തലും കൂടിയാണ് ‘എല്ലാം തകർന്നു വീഴുന്നു’ എന്ന നോവൽ. ഇതിനുമപ്പുറം, ആഖ്യാനത്തി​ന്റെ വിസ്​മയകരമായ സൗന്ദര്യവും ഒഴുക്കുമാണ് ലോകത്തിലെ കിടയറ്റ നോവലുകളിൽ ഒന്നായി ഇതിനെ സ്​ഥാനപ്പെടുത്തുന്നതെന്നും പറയാം.

ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങളിൽ കോളനിവാഴ്ച സംസ്​ഥാപിക്കപ്പട്ടതോടെ സാമ്രാജ്യത്വത്തെ പ്രതിനിധാനം ചെയ്തവരോ ബ്രിട്ടീഷ് രാജ് നിയമിച്ചവരോ ആയ വെള്ളക്കാരായ ഉദ്യോഗസ്​ഥരുടെ അനുഭവക്കുറിപ്പുകൾക്കും സ്​ഥിതിവിവരണങ്ങൾക്കും അതീവ വിപണിമൂല്യം കിട്ടുകയുണ്ടായി. ഇതി​ന്റെ ഫലമായി ആഫ്രിക്കയെ പശ്ചാത്തലമാക്കി മായികവർണനകൾ നിറഞ്ഞ യാത്രാവിവരണങ്ങളും റൊമാൻസുകളും ഇംഗ്ലീഷിലും മറ്റിതര യൂറോപ്യൻ ഭാഷകളിലും ചൂടപ്പംപോലെ വിറ്റഴിച്ചു.

ഇത്തരം രചനകളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പോളിഷ്-ഇംഗ്ലീഷ് എഴുത്തുകാരനായ വില്യം കോൺറാഡ് എഴുതിയ ‘ഇൻ ദ ഹാർട്ട് ഓഫ് ഡാർക്ക്നെസ്’ എന്ന നോവൽ. 1899ൽ പുറത്തിറങ്ങിയ ഈ പുസ്​തകം ആഫ്രിക്കയിൽ വെള്ളക്കാർ നടത്തുന്ന ചൂഷണത്തെയും അവിടത്തെ മനുഷ്യരെ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്നതിനെയും സംബന്ധിച്ച പുരോഗമന കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ്. യൂറോപ്യൻ പുസ്​തക വിപണിയെ കീഴടക്കിയ ഈ നോവൽ വെള്ളക്കാരുടെ ഉദാരമാനവികതയുടെ പേരിലും ഏറെ പ്രകീർത്തിക്കപ്പെടുകയുണ്ടായി.

എന്നാൽ, കോൺറാഡി​ന്റെ നോവലും ആഫ്രിക്കയെ പറ്റിയുള്ള മറ്റിതര ആഖ്യാനങ്ങൾപോലെതന്നെ അവിടത്തെ ജനതയെ വിദൂരതയിലും വിസ്​മൃതിയിലും നിർത്തുന്നതാണെന്നും, വെളുത്ത വംശീയ അധികാരത്തെ അത് അഭിസംബോധന ചെയ്യുന്നില്ലെന്നും ചിനുവ അ​െച്ചബെ വിമർശിക്കുകയുണ്ടായി. 1975ൽ മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ഉന്നയിച്ച ഈ വിമർശനം അച്ചടിച്ച് പ്രസിദ്ധീകരിച്ചത് 1988ലാണ്. അ​െച്ചബെയുടെ കോൺറാഡ് വിമർശനം പിൽക്കാല കോളനിയനന്തര പഠനങ്ങളെ വിപുലമായി സ്വാധീനിക്കുകയുണ്ടായി.

ഈ കാര്യങ്ങൾ ഇവിടെ വിശദമായി പറയാൻ കാരണം, പുരാതനകാലം മുതൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനതയെപ്പറ്റി പാശ്ചാത്യർ ഉണ്ടാക്കിയിട്ടുള്ള കൽപനകൾക്കും അതി​ന്റെ തുടർച്ചയായ അപമാനവീകരണത്തോടുള്ള ആത്മീയ കലാപവും കൂടിയാണ് ചിനുവ അ​െച്ചബെയുടെ നോവലെഴുത്തിന് േപ്രരണയായത് എന്ന് സൂചിപ്പിക്കാനാണ്. ഇതേസമയം, ആഫ്രിക്കൻ ജനതയെ മിത്തോളജിക്കൽ മായികതയിൽ നിർത്തുന്ന വെളുത്ത ജനപ്രിയ വ്യവഹാരങ്ങൾക്ക് കേവലമായ ഒരു മറുവായന രൂപപ്പെടുത്തുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. മറിച്ച്, അവിടത്തെ സാമുദായിക ജീവിതത്തെ പുനർ കാൽപനികവത്കരിക്കാതെ ചരിത്രത്തിൽ ഉറഞ്ഞുപോയ വെളുത്തവരുടെ ആഖ്യാനപാടവത്തിൽനിന്നുള്ള ഒരു വിമോചന പ്രവൃത്തിയായിട്ടാണ് ചിനുവ അ​െച്ചബെ ത​ന്റെ നോവൽ രചന നിർവഹിച്ചതെന്ന് പറയാം.

മിത്തോളജിക്കൽ മായികതയും ആഫ്രിക്കയിലെ ഇരുട്ടും

ആഫ്രിക്ക എന്ന ഭൂപ്രദേശം പഴയ ക്രിസ്​ത്യൻ മിത്തോളജിയിലും ‘ഒഡീസി’പോലുള്ള ഗ്രീക് ഇതിഹാസ കൃതികളിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് മിക്കവാറും നരകവുമായി സാദൃശ്യപ്പെടുത്തിക്കൊണ്ടാണ്. വായിൽനിന്ന് തീ തുപ്പുന്ന സർപ്പങ്ങളും ഇരുതലയുള്ള മൃഗങ്ങളും അധിവസിക്കുന്ന വനാന്തരങ്ങൾ, പരസ്​പരം കൊള്ളയടിച്ചും നരമാംസം കഴിച്ചും ഉപജീവിക്കുന്ന മനുഷ്യർ പോലുള്ള വിവരണങ്ങൾ ആഫ്രിക്കയെപ്പറ്റി പഴയ യൂറോപ്യൻ ക്ലാസിക്കുകളിൽ എമ്പാടുമുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മുൻകാലത്ത്, പായ്ക്കപ്പലുകളിൽ സമുദ്രസഞ്ചാരം നടത്തിയവർ ഉപയോഗിച്ചിരുന്ന നാവിക കലണ്ടറുകളിൽ ആഫ്രിക്കയും അതിനോട് ചേർന്നുള്ള ദ്വീപസമൂഹങ്ങളും നരകദേശങ്ങൾ എന്ന നിലയിൽതന്നെയാണ് അടയാളപ്പെട്ടിരുന്നത്.

ഇത്തരത്തിലുള്ള പശ്ചാത്തല ചിത്രീകരണങ്ങളിലൂടെ ആഫ്രിക്കയെപ്പറ്റിയുള്ള പൊതുചിത്രം ‘വന്യത’ അല്ലെങ്കിൽ ഹിംസ്രമൃഗങ്ങളുടെ സ്വഭാവ സവിശേഷതകളോടു കൂടിയ മനുഷ്യർ അധിവസിക്കുന്ന സ്​ഥലം എന്നമട്ടിലാണ് സ്​ഥിരീകരിക്കപ്പെട്ടത്.

‘വന്യത’ എന്നത് പച്ചമാംസത്തോടുള്ള ആർത്തി എന്നതിനൊപ്പം മെരുക്കപ്പെടാത്തത് എന്ന അർഥവുംകൂടെ ഉൾക്കൊള്ളുന്ന ഒരു വാക്കാണ്. മെരുക്കപ്പെടാൻ വിഷമമുള്ളതും അത്യന്തം വിനാശകരവുമായ മഹാവ്യാധികൾ, ഭീകരമായ ഭക്ഷ്യക്ഷാമങ്ങൾ, കടുത്ത ജലക്ഷാമം, ആധുനിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത അടിസ്​ഥാനവിഭവങ്ങളുടെ ഇല്ലായ്മ എന്നിവയെല്ലാം ആഫ്രിക്ക എന്ന സ്​ഥലനാമത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. മാത്രമല്ല, ഇത്തരം ദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ഉദ്ഭവകേന്ദ്രവും ആഫ്രിക്കതന്നെയാണെന്ന വിധത്തിലുള്ള ‘ശാസ്​ത്രീയ വീക്ഷണങ്ങൾ’ യൂറോപ്യൻ പുരോഗമന ചിന്തയിൽ അടിയുറപ്പിക്കപ്പെടുകയും ചെയ്തു.

അച്ചാബെ -1959ലെ ചിത്രം
അച്ചാബെ -1959ലെ ചിത്രം

ഹെഗലിനെ പോലുള്ള തത്ത്വചിന്തകർ ആഫ്രിക്കയിലെ ആൾക്കാർക്ക് സാർവലൗകിക സത്തയുടെ ഭാഗമാകാൻ പ്രയാസമാണെന്നും അവരിലുള്ള മൃഗപരത വിവേകത്തെ തടഞ്ഞുനിർത്തുന്നതാണെന്നുമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. പരിണാമ സിദ്ധാന്തത്തി​ന്റെ ഉപജ്ഞാതാവായ ചാൾസ്​ ഡാർവി​ന്റെ നിർവചനപ്രകാരം ആഫ്രിക്കയിലെ ജനങ്ങൾ മൃഗശാലകളിലെ ജന്തുക്കളോട് അടുത്തുനിൽക്കുന്നവരാണ്. േഫ്രായിഡി​ന്റെ സ്​ത്രീലൈംഗികതയെ പറ്റിയുള്ള പ്രശസ്​തമായ മെറ്റഫറും ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിൽ ഉണ്ടെന്നു പറയുന്ന ഇരുട്ടിനോട് സാദൃശ്യപ്പെടുത്തിക്കൊണ്ടുള്ളതാണ്.

ചുരുക്കിപ്പറഞ്ഞാൽ, പുരോഗമനത്തി​ന്റെ നിർവചനപ്രകാരം ആഫ്രിക്ക വെളിച്ചം കടന്നുവരാത്ത ഭൂഖണ്ഡവും അവിടത്തെ ആൾക്കാർ സ്വയം പരിഷ്‍കരിക്കപ്പെടാനാവാത്ത വിധം കാടത്തത്തിൽ നിലനിൽക്കുന്നവരുമാണ്. അതിനാൽതന്നെ അവരെ ആധുനിക പടക്കോപ്പുകൾ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുന്നതും അടിമകളാക്കി പിടിച്ച് യൂറോപ്പിലെ വ്യവസായശാലകളിലും വൻകിട തോട്ടങ്ങളിലും ഖനികളിലും വിൽക്കുന്നതും പുരോഗതിയുടെ സ്വാഭാവിക ഗതിമാത്രമായി ചിത്രീകരിക്കപ്പെട്ടു.

ഹാർമറ്റൻ കാറ്റും പരേതാത്മാക്കളും

ആ​ധു​നി​ക മ​തേ​ത​ര​ത്വം മ​ത​പ​ര​ത​യെ യു​ക്തി​യു​ടെ അ​പ​ര​മാ​യി കാ​ണു​ന്നു. പൊ​തു​മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ആ ​അ​പ​ര​ത്വ​ത്തി​​ന്റെ നു​ഴ​ഞ്ഞു​ക​യ​റ്റം ​യുക്തി​യു​ടെ അന്ത്യം കുറിക്കുമെന്നും വിഭാവന ചെയ്തിട്ടുണ്ട്. സമാനമായ വിധത്തിൽ പരിഷ്കൃതി എന്ന സങ്കൽപനം ‘ഗോത്രീയത’യെ അപരമായി ഉൾക്കൊള്ളുന്നതാണ്. തൽഫലമായി ആഫ്രിക്കൻ-അറബ്-ഏഷ്യൻ ഭൂപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിൽ പുരാതനകാലം മുതൽ തുടർന്നു വരുന്നതും അവിടത്തെ ദൈനംദിന ജീവിതത്തെ അനക്കമില്ലാത്തതും ചരിത്രബാഹ്യമാക്കി മാറ്റുന്നതും ഗോത്രീയതയാണെന്ന് നവലോകക്രമത്തി​ന്റെ ചിന്തകരും ഭരണാധികാരികളും വർണിച്ചുകൊണ്ടിരുന്നു.

ഇതേസമയം ‘ഗോത്രീയത’, ‘കാടത്തം’ മുതലായ വാക്കുകൾതന്നെ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. യഥാർഥത്തിൽ ഇത്തരം വാക്കുകൾ ആധുനിക യൂറോപ്യൻ നരവംശ ശാസ്​ത്ര പഠനങ്ങളിൽനിന്നും ഉണ്ടായതാണ്. കാടത്തത്തിൽ നിലനിൽക്കുന്നു അല്ലെങ്കിൽ ഗോത്രീയ ജീവിതം നയിക്കുന്നു എന്ന് യൂ

റോപ്യന്മാർ ആരോപിക്കുന്ന ജനവിഭാഗങ്ങൾ അവരെ തന്നെ നിർവചിച്ചതി​ന്റെ ഫലമായുള്ള വാക്കുകളല്ല ഇവ.

വെളുത്ത വംശീയാധികാരത്തി​ന്റെയും മേന്മാവാദത്തിന്റെയും വലിയതോതിലുള്ള അത്യാരോപമാണ് ഇത്തരം വാക്കുകളുടെ പ്രചാരണത്തിലൂടെ അധിനിവേശകർക്ക് കൈവന്നത്. സൂക്ഷ്മമായി നോക്കിയാൽ, യൂറോപ്യൻ ഇതരമായ ജീവിതാവസ്​ഥകളെ ഇകഴ്ത്തുന്നവയാണ് ഇത്തരം വ്യവഹാരങ്ങളെന്നു കാണാം.

ചിനുവ അ​െച്ചബെയുടെ നോവൽ പ്രശ്നവത്കരിക്കുന്നത് ആഫ്രിക്കൻ ജനതയുടെ ചരിത്രാനുഭവങ്ങളും അവിടത്തെ ദൈനംദിന ജീവിതവും പുരോഗമനത്തി​ന്റെ അപരമാണെന്നും അതി​ന്റെ മേലുള്ള അധിനിവേശം ചരിത്രവിധിയുമാണെന്ന പാശ്ചാത്യ കേന്ദ്രീകൃത വിഭാവനകളെ തന്നെയാണ്.

ഡിസ്​ട്രിക്ട് കമീഷണറെ സംബന്ധിച്ചിടത്തോളം ഒക്കെൻക്വോയുടെ സംഭവബഹുലമായ ജീവിതം ആ ജനതയിൽനിന്നും മുറിച്ചുമാറ്റപ്പെട്ട, ഒരു ഖണ്ഡികയിൽ ഒതുക്കാവുന്ന വസ്​തുതാവിവരണം മാത്രമാണ്. ഈ വിവരണത്തെ രസകരമായി മാറ്റുക എന്നത് അദ്ദേഹത്തി​ന്റെ ആഖ്യാനപാടവത്തി​ന്റെ പ്രശ്നവുമാണ്. ഇപ്രകാരം കൊളോണിയലിസ്റ്റുകളുടെ വസ്​തുതാവിവരണത്തി​ന്റെയോ വർണനാവൈഭവത്തി​ന്റെയോ കള്ളികളിൽ കേവലം ‘ഡേറ്റകളായി’ മാറുന്ന തദ്ദേശീയ ജനതയുടെ വിവിധങ്ങളായ അനുഭവമേഖലകളെയാണ് നോവൽ അടയാളപ്പെടുത്തുന്നത്.

അദ്ദേഹം എഴുതാൻ പോകുന്ന പുസ്​തകത്തി​ന്റെ പേര് ‘നൈജീരിയയിലെ പ്രാകൃതവർഗക്കാർക്കിടയിലെ സമാധാനപാലനം’ എന്നാണ്. ഈ പേര് കേൾക്കുമ്പോൾ ഓർമ വരുക, ആഫ്രിക്കയിലെ വിവിധ വിഭാഗം ജനങ്ങൾ പരസ്​പരം തമ്മിൽ തല്ലി കഴിയുകയാണെന്നും അവർക്കിടയിൽ സമാധാനം വരുത്തുക എന്ന രക്ഷകദൗത്യമാണ് താൻ ഏറ്റെടുത്തത് എന്നുമാണ്. സത്യത്തിൽ വെള്ളക്കാരുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നതും അവരെ ഉന്മൂലനം ചെയ്യുന്നതിനെയുമാണ് സമാധാന പരിപാലനമായും രക്ഷകദൗത്യമായും ഉദ്ഘോഷിക്കുന്നത്.

നോവലി​ന്റെ ഉള്ളിലൂടെ സഞ്ചരിച്ചാൽ ആഫ്രിക്കയിൽ നിലനിൽക്കുന്ന ദൈനംദിന ജീവിതക്രമം കാടത്തമോ ഗോത്രീയതയോ അല്ലെന്ന് വ്യക്തമാകും.

മിക്കവാറും ‘പുരോഗമനം’ ഉന്നയിച്ചിട്ടുള്ള ആരോപണം ഈ പ്രദേശങ്ങളിൽ വികസിതമായ കൃഷിസമ്പ്രദായമോ കച്ചവടമോ പണമിപാടുകളോ ഭരണവ്യവസ്​ഥകളോ ഇല്ലെന്നതാണല്ലോ. ഇവയെല്ലാം യൂറോപ്പി​ന്റെ നവീകരണ പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുകയായിരുന്നു എന്നതാണ് അവകാശവാദം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നാഗരികത എന്നത് സംശുദ്ധമായൊരു യൂറോപ്യൻ ഗണവും ഗുണവുമാണെന്ന് വരുത്തുന്നതി​ന്റെ ഭാഗമായിട്ടാണ് ആഫ്രിക്കപോലുള്ള പ്രദേശങ്ങളിലെ ‘ഇല്ലായ്മകളെ’ പറ്റിയുള്ള അതീവ കൗതുകം നിറഞ്ഞ ആഖ്യാനങ്ങൾക്ക് പ്രാമാണികതയുണ്ടായത്.

യൂറോപ്യൻമാർ വരുന്നതിനു മുമ്പേതന്നെ വൈവിധ്യമേറിയ കൃഷികളും പണമിടപാടുകളും ഭരണസംവിധാനവും അവിടെ നിലനിന്നിരുന്നതായി നോവൽ രേഖപ്പെടുത്തുന്നു. തോക്ക്, പീരങ്കി മുതലായ പടക്കോപ്പുകൾ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് തെളിയിക്കുന്നത് വികസിതമായ കാർഷിക വ്യവസ്​ഥക്കൊപ്പം കൈത്തൊഴിലുകൾ അടിസ്​ഥാനമാക്കിയ സാങ്കേതികവിദ്യയും ചികിത്സാ സമ്പ്രദായവും ഈ സമുദായത്തിന് അന്യമായിരുന്നില്ലെന്നതാണ്. എന്നാൽ, പടക്കോപ്പുകൾ വന്യമൃഗങ്ങളെ തുരത്താനും ആഘോഷാവസരങ്ങളിൽ മേളക്കൊഴുപ്പ് കൂട്ടാനും മാത്രമാണ് ഉപയോഗിച്ചിരുന്നത്. സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ തീവ്രനശീകരണ ശക്തിയുള്ള ഇത്തരത്തിലുള്ള ആയുധങ്ങൾ പ്രയോഗിച്ചിരുന്നില്ല.

ശ്രദ്ധിക്കപ്പെടേണ്ടതായ കാര്യം വിവിധ സമുദായങ്ങൾ തമ്മിൽ ലക്കുകെട്ട തരത്തിലുള്ള ഏറ്റുമുട്ടലുകൾ നടന്നിരുന്നില്ലെന്നതാണ്. ആഫ്രിക്കയിലെ ജനത പരസ്​പരം കൊന്നും കൊള്ളയടിച്ചും കഴിയുകയായിരുന്നു എന്നത് ഒരു കൊളോണിയൽ ആരോപണം മാത്രമാണെന്നതാണ് വസ്​തുത. സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാവുന്നതിന് മുന്നോടിയായി നിരവധിയായ അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. നിബന്ധനകൾ കർശനമായി പാലിക്കപ്പെടുന്ന സ്​ഥിതിയുമുണ്ടായിരുന്നു. ഒക്കെൻക്വോ തന്നെ ബഹുമാനിതനാവുന്നത്, മറ്റുള്ള സമുദായങ്ങളുമായി സംഘർഷം രൂപപ്പെടുമ്പോൾ അനുരഞ്ജന ചർച്ചകൾക്ക് നിയോഗിക്കപ്പെടുന്ന ഒരാൾ എന്ന നിലയിലുംകൂടിയാണ്. എന്തായാലും ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ കൂട്ടക്കുരുതി നടത്തുക, ഉന്മൂലനത്തിന് വിധേയമാകുക മുതലായ വലിയതോതിലുള്ള ഹിംസകൾ ആരംഭിച്ചത് അധിനിവേശ ശക്തികളാണ്.

കാർഷിക വ്യവസ്​ഥ പ്രധാനമായും മാറ്റകൃഷിയെ അടിസ്​ഥാനമാക്കിയാണ് നിലനിന്നിരുന്നത്. ഇതാവട്ടെ ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ ചാക്രികമായി അലയടിക്കുന്ന ഹാർമിറ്റൻ കാറ്റിനെയും അതനുസരിച്ചുള്ള കാലാവസ്​ഥാ വ്യതിയാനങ്ങളെയും ഉൾക്കൊണ്ടാണ് നടത്തിയിരുന്നത്. 

(തുടരും)

സൂചനകൾ

1. Things Fall Apart (Novel) –Chinua Achebe (Penguin - 2001)

2. Writing and Race: Edited by Tim Youngs (Longman -1997)

3. Joseph Conrad’s Heart of Darkness: Edited and with an Introduction by Harold Bloom. (Via Books Private Limited -2007)

News Summary - Things Fall Apart -Novel by Chinua Achebe