Begin typing your search above and press return to search.
proflie-avatar
Login

തിരോധാനങ്ങളുടെ ശേഷിപ്പുകള്‍

ഫലസ്​തീനിയന്‍ നോവലിസ്റ്റ് ഇബ്തിസാം അസം രചിച്ച The Book of Disappearance എന്ന കൃതിയുടെ വായന. ഇൗ കൃതി ഫലസ്​തീനികള്‍ ദുരൂഹമായ രീതിയില്‍ ഒറ്റയടിക്ക് അപ്രത്യക്ഷരാകുക എന്ന സയണിസ്റ്റ് സ്വപ്നം യാഥാർഥ്യമാവുന്ന ഒരു ഡിസ്റ്റോപ്പിയന്‍ അവസ്ഥയുടെ പരിണതികള്‍ പരിശോധിക്കുന്നുവെന്ന്​ ലേഖകൻ.

തിരോധാനങ്ങളുടെ ശേഷിപ്പുകള്‍
cancel

ലസ്​തീനില്‍ കഴിയുന്ന മുഴുവന്‍ ഫലസ്​തീനികളും ഒരു തെളിവും ബാക്കിവെക്കാതെ ''അന്യഗ്രഹജീവികള്‍മൂലമോ, സിണ്ടറെല്ലയുടെ യക്ഷിയായ ഗോഡ് മദറി​ന്‍റെ രൂപം മാറ്റല്‍ മൂലമോ എന്ന മട്ടില്‍'' (M. Lynx Qualey, 'We woke to find them gone', Qantara.de 2019) പൊടുന്നനെ അപ്രത്യക്ഷരാകുക എന്ന വിചിത്രമായ ഒരു സാഹചര്യമാണ് ഫലസ്​തീനിയന്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായ ഇബ്തിസാം അസത്തിന്‍റെ The Book of Disappearance ​തൊടുത്തുവിടല്‍ ആകുന്നത്. പറയുന്നത്​. ഇബ്തിസാം അസം ജർമന്‍, ഇംഗ്ലീഷ് സാഹിത്യങ്ങളില്‍ ബിരുദം നേടിയ ശേഷം ഇസ്​ലാമിക് ചരിത്രത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും സോഷ്യല്‍ വര്‍ക്കില്‍ മറ്റൊരു മാസ്റ്റേഴ്സ് ഡിഗ്രിയും നേടി, ഇപ്പോള്‍ 'അല്‍ അറബ് ജദീദ്' പത്രത്തി​െൻറ സീനിയര്‍ കറസ്പോണ്ടന്റ് ആയി ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്നു. അറബി ഭാഷയില്‍ രണ്ടു നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഖ്യാത ഇറാഖി കവിയും നോവലിസ്റ്റുമായ സിനാന്‍ അന്തൂന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു സിറാക്യൂസ് യൂനിവേഴ്സിറ്റി പ്രസ്​ പ്രസിദ്ധീകരിച്ച അവരുടെ രണ്ടാമത് നോവല്‍ The Book of Disappearance, 2020ലെ ഇന്റര്‍നാഷനല്‍ ഫലസ്​തീനിയന്‍ റീഡിങ്​ കാംപെയ്നിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ്.

കൂട്ടത്തിരോധാനം എന്ന ഫലസ്​തീനിയന്‍ പ്രതിഭാസത്തിന്​ ഇസ്രായേലി ദേശത്തി​ന്‍റെ ഹിംസാത്മക പിറവിയെ അടയാളപ്പെടുത്തിയ 1948ലെ നക്ബയോളം പഴക്കമുണ്ട്: ജനസംഖ്യയുടെ എൺപത്‌ ശതമാനവും ജന്മഗ്രാമങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തതി​ന്‍റെ ശാപഭൂമിയിലാണ് സയണിസ്റ്റ് ദേശം സ്ഥാപിതമായത്. എന്നാല്‍ ഇബ്തിസാം അസം ഈ പ്രമേയത്തിന് ഒരു വ്യത്യസ്തവും ദുരൂഹവുമായ പരിണാമഗുപ്തി നല്‍കുന്നു: അതെങ്ങനെ സംഭവിച്ചു എന്നോ, എന്തുകൊണ്ട് സംഭവിച്ചു എന്നോ അപ്രത്യക്ഷരായവരില്‍പോലും ആര്‍ക്കെങ്കിലും അറിയാവുന്നതായി ഒരു സൂചനയുമില്ല. ഇത് നക്ബാനന്തര തിരോധാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്: അന്ന് ''എല്ലായിടത്തും വെടിയുണ്ടകളായിരുന്നു. ഞങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങിയപ്പോഴൊക്കെ അവര്‍ വെടിവെച്ചു വീഴ്ത്തി.'' ഇസ്രായേലികള്‍ ദേശീയ പ്രതിസന്ധി എന്നുവിളിക്കുന്ന പുതിയ സാഹചര്യം, ദേശത്തി​ന്‍റെ ജീവിതത്തെ മൊത്തം ബാധിക്കുന്നു. വെസ്റ്റ് ബാങ്കിലെ ഫലസ്​തീനികള്‍ ജോലിക്ക് ഹാജരാകുന്നില്ല, ആശുപത്രികള്‍, റസ്റ്റാറന്റുകള്‍ എന്നിവിടങ്ങളില്‍നിന്ന് മാത്രമല്ല, തങ്ങളുടെ വീടുകളില്‍നിന്നും, തടവറകളില്‍നിന്നുപോലും, അവര്‍ അപ്രത്യക്ഷരാകുന്നു. അടിസ്ഥാന സാമൂഹിക ജീവിതത്തില്‍ അവര്‍ എത്രമാത്രം ആവശ്യമായിരുന്നു എന്ന് ഇതോടെ വ്യക്തമാകുന്നു.

സിനാന്‍ അന്തൂന്‍

നോവലി​ന്‍റെ സിംഹഭാഗവും യാഫയെ കേന്ദ്രീകരിക്കുന്നു. ഫ്രീലാന്‍സ് കാമറാമാന്‍ ആയ അലാ ത​ന്‍റെ മരിച്ചുപോയ മുത്തശ്ശിക്ക് എഴുതിയ കത്തുകളുടെ രൂപത്തിലുള്ള ആഖ്യാനം യാഫയുടെയും ഫലസ്​തീനി സ്വത്വത്തകര്‍ച്ചയുടെയും കഥ പറയുന്നു. ഈ ജേണല്‍ തന്നെയാണ് തലക്കെട്ടിലെ 'തിരോധാനങ്ങളുടെ പുസ്തകം'. ഇസ്രായേലി കുടിയേറ്റ പദ്ധതിയുടെ ഭാഗമായ പേരുമാറ്റങ്ങള്‍ അംഗീകരിക്കാത്ത അലാ നക്ബ പൂർവ പേരുകള്‍ തന്നെയാണ് തെരുവുകള്‍ക്കും മറ്റും ഉടനീളം ഉപയോഗിക്കുന്നത്. ആഭ്യന്തരമായി ഭ്രഷ്ടരാക്കപ്പെട്ട (internally displaced) ഫലസ്​തീനികളിലെ രണ്ടാം തലമുറ അംഗമായ അലാക്ക് 'റ്റാറ്റ'യുമായുള്ള ഊഷ്മളബന്ധത്തി​ന്‍റെ ഓർമകളും യാഫയെ കുറിച്ചും നക്ബ തൊട്ടുള്ള ഫലസ്​തീനി ജീവിതത്തെ കുറിച്ചുമുള്ള അവര്‍ക്കിടയിലെ സംവാദങ്ങളും അയാളെ കൃത്യമായും ഫലസ്​തീന്‍ ചിഹ്നമാക്കി അടയാളപ്പെടുത്തുമ്പോള്‍, ഇസ്രായേലി സുഹൃത്ത് ഏരിയലും മറ്റു ഇടതു ലിബറല്‍ സൗഹൃദങ്ങളും അയാളെ സഹജീവന മുദ്രാവാക്യത്തി​ന്‍റെ പ്രതീകവും ആക്കുന്നുണ്ട്‌. അത്തരം കാഴ്ചപ്പാടുകളുടെ ആഴവും ആത്മാർഥതയും അളക്കുന്ന പുസ്തകം എന്ന നിലയില്‍ പുതിയ നൂറ്റാണ്ടി​ന്‍റെ സ്വരം കൂടി നോവല്‍ അടയാളപ്പെടുത്തുന്നു. എന്നാല്‍, ത​ന്‍റെ അവസ്ഥയിലെ ഐറണിയെ കുറിച്ചും അയാള്‍ ബോധവാനാണ്: താന്‍ അറബ്-ഇസ്രായേലി ബാന്ധവത്തി​ന്‍റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ഒരു 'ടോകന്‍ അറബി' ആകുന്നതിനെ കുറിച്ച് അയാള്‍ പരിഹാസപൂർവം സംസാരിക്കുന്നുണ്ട്.

കുടുംബം, സുഹൃത്ത്, വൈരുധ്യങ്ങള്‍

തികച്ചും കുടുംബപരമായ ഒരു തിരോധാനത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. പ്രായമായ മുത്തശ്ശിയുടെ ദുരൂഹമായ തിരോധാനത്തെ അന്വേഷിച്ചിറങ്ങുന്ന അമ്മയും നാൽപതുകാരനായ അലായും ചുറ്റുവട്ടങ്ങളിലെല്ലാം പരിഭ്രാന്തരായി അലയുന്നു. കടല്‍ക്കരയില്‍ യാഫാ തീരത്തെ നോക്കിയിരിക്കുന്ന രീതിയില്‍ മുത്തശ്ശിയെ കണ്ടെത്തുമ്പോള്‍ ആഗ്രഹിച്ച അന്ത്യമാണ് അവര്‍ക്കു ലഭിച്ചത് എന്ന് സ്വയം ആശ്വസിപ്പിക്കാന്‍ അലാ ശ്രമിക്കുന്നു. ഓർമകളില്‍ തെളിയുന്ന മുത്തശ്ശി, 1948ലെ നക്ബയുടെ ഘട്ടത്തില്‍ ഫലസ്​തീന്‍ വിട്ടുപോകാന്‍ വിസമ്മതിച്ചവളാണ്. മുത്തശ്ശിയെ കൂടാതെ വിട്ടുപോകുമ്പോള്‍, കാര്യങ്ങള്‍ കലങ്ങിത്തെളിയുമ്പോള്‍ തിരികെയെത്താമെന്ന മോഹമുണ്ടായിരുന്നു മുത്തച്ഛന്. എന്നാല്‍ ഫലസ്​തീനിന്‍റെ വിധി അത്തരമൊരു പുനഃസമാഗമം അസാധ്യമാക്കി. പിറന്ന മണ്ണു വിട്ടുപോകുന്നതിലേറെ മരണമാണ് അഭികാമ്യം എന്ന നിലപാടില്‍ അവര്‍ സ്റ്റെയ്ന്‍ബെക്കി​ന്‍റെ 'ഗ്രാന്‍ഡ്‌മാ ജോഡ്' (The Grapes of Wrath- John Steinbeck), ചിമമാന്‍ഡാ അദിചിയുടെ മമ ഒടെനിബോ (Half of a Yellow Sun - Chimamanda Adichie) തുടങ്ങിയ കഥാപാത്രങ്ങളെയും The Gate of the Sun (Elias Khoury), Mornings in Jenin (Susan Abulhawa) തുടങ്ങിയ ഫലസ്​തീനി ആഖ്യാനങ്ങളില്‍ കാണുന്ന, സ്മൃതിയുടെയും മൃതിയുടെയും സൂക്ഷിപ്പുകാരും കാവല്‍ക്കാരുമായ ചങ്കുറപ്പുള്ള മുത്തശ്ശി/അമ്മമാരെയും ഓർമിപ്പിക്കുന്നു. ''ഏറ്റവും പ്രയാസകരമായ കാര്യം സ്വന്തം വീട്ടില്‍ അനാഥരാകുക എന്നതാണ്, എന്നിട്ട് വിദേശികള്‍ വന്നു വീട്ടുടമകള്‍ ആകുന്നതും'' എന്ന് നിരീക്ഷിക്കുന്ന അലാ, നക്ബയുടെ ഘട്ടത്തില്‍ അറബികള്‍ പെട്ടുപോയ അവസ്ഥ വിവരിക്കുന്നു: ''...സ്വദേശം... വിട്ടുപോകുക എന്നാല്‍ ആത്മഹത്യപോലെയായിരുന്നു; പോകാതിരിക്കുന്നതും ആത്മഹത്യയായിരുന്നു.'' മുത്തശ്ശിയുടെ മരണത്തില്‍ ''എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെടുന്നു, നീയില്ലാതെ ഞാന്‍ അനാഥനാണ്'' എന്ന് വിലപിക്കുമ്പോഴും ഒരു ഫലസ്​തീനി എന്ന നിലയില്‍ ത​ന്‍റെ മാത്രം അനുഭവമാണതെന്നു അയാള്‍ കരുതുന്നില്ല: ''അവര്‍ മരിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശവശരീരങ്ങളാണ് ഞങ്ങളുടെ ജീവിച്ചിരിക്കുന്ന ഉടലുകള്‍. പക്ഷേ അവര്‍ നക്ബ തലമുറയാണ്. നക്ബ പിറന്നപ്പോള്‍ പിറന്നവര്‍.'' എന്തിനെഴുതുന്നു എന്ന ചോദ്യത്തിനും അയാള്‍ക്കു വിശദീകരണമുണ്ട്: ''ഒരുപക്ഷേ ഭയംകൊണ്ടാവാം ഞാന്‍ എഴുതുന്നത്‌, മറവിക്ക് എതിരെയും. ഓർമിക്കാന്‍ വേണ്ടിയാണ്​ ഞാന്‍ എഴുതുന്നത്‌, ഓർമിപ്പിക്കാനും, അപ്പോള്‍ ഓർമകള്‍ മായ്ക്കപ്പെടില്ല. ഓർമയാണ് എ​ന്‍റെ അവസാന പിടിവള്ളി.''

ഇബ്തിസാം അസം

ഏരിയലിനും അലാക്കും ഇടയില്‍ പൊതുവായി പലതുമുണ്ട്: രണ്ടുപേരും സുമുഖരും സംസ്കാരസമ്പന്നരുമാണ്, രണ്ടു ഭാഷകള്‍ അറിയാവുന്ന അവിവാഹിതരാണ്. ടെല്‍ അവീവി​ന്‍റെ സുഖലോലുപത ആസ്വദിക്കുന്നവരാണ്. ''ടെല്‍ അവീവ് ആസക്തികൊണ്ടു മുങ്ങിപ്പോയതാണ്, ജറൂസലം എല്ലായിടത്തും മതക്കാരെകൊണ്ടും സൈനികരെകൊണ്ടും മുങ്ങിപ്പോയപോലെ. ടെല്‍ അവീവ് പാപത്തി​ന്‍റെ നഗരമാണ്.'' ആദ്യഘട്ടത്തില്‍ സുഹൃത്തി​ന്‍റെ തിരോധാനത്തെ വിശദീകരിക്കാനാവാത്ത ഏരിയല്‍, ഫലസ്​തീനികളുടെ തിരോധാനത്തിനു പിന്നില്‍ ഇസ്രായേലി സൈന്യത്തി​ന്‍റെ ഇടപെടല്‍ സന്ദേഹിക്കുന്നു. എന്നാല്‍ പിന്നീട് അയാള്‍ അതിവേഗം ഫലസ്​തീനികള്‍ക്ക് ഇടമില്ലാത്ത ഇസ്രായേലി സമൂഹം എന്ന ആശയത്തി​ന്‍റെ വക്താവായിത്തുടങ്ങുന്നു. ലിബറല്‍ മിതവാദി എന്നും ഫലസ്​തീനികളുമായി സഹജീവനം ആഗ്രഹിക്കുന്നവന്‍ എന്നുമുള്ള ബുദ്ധിജീവി നിലപാട്, വ്യക്തിപരമായി ത്യാഗങ്ങളൊന്നും ആവശ്യപ്പെടുന്നില്ലാത്ത ഘട്ടം വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണ് നോവലിസ്റ്റ് നടത്തുന്ന നിശിത നിരീക്ഷണം. സുഹൃത്തിനെ അന്വേഷിച്ചു ത​ന്‍റെ കൈയിലുള്ള മറ്റൊരു താക്കോലുമായി അപ്പാര്‍ട്ട്മെന്റില്‍ എത്തുന്ന ഏരിയല്‍ അന്വേഷണകുതുകിയായി അയാളുടെ ജേണല്‍ വായിച്ചുതുടങ്ങുന്നതാണ് നോവലില്‍ അലായുടെ ആഖ്യാനധാര ആയിത്തീരുന്നത്. ആ അർഥത്തില്‍ ഘടനാപരമായി അത് നിർണായകമാണെങ്കിലും, അയാളില്‍ സംഭവിക്കുന്ന പരിണാമം അയാൾതന്നെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ഫലസ്​തീന്‍ ബന്ധുത്വത്തി​​ന്‍റേതല്ല. തലേന്ന് രാത്രി പോലും ഒരുമിച്ചു മദ്യപിച്ച കൂട്ടുകാര​ന്‍റെ തിരോധാനം സൃഷ്ടിക്കുന്ന അങ്കലാപ്പ്, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നാൽപത്തിയെട്ടു മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കുന്നതുപോലും കാത്തുനില്‍ക്കാതെ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കുന്നതിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നു. ഈ ധാർമിക പാപ്പരത്തമാണ് ഇസ്രായേല്‍ - ഫലസ്​തീന്‍ ബന്ധങ്ങളെ നിർണയിക്കുന്നത് എന്നതും അത് പ്രദര്‍ശിപ്പിക്കുന്നത് തീവ്ര വലതുപക്ഷം മാത്രമല്ല എന്നതും നോവലില്‍ നിർണായകമാണ്. റമോന വാദി നിരീക്ഷിക്കുന്നതുപോലെ അധിനിവേശം സംബന്ധിച്ച ഇസ്രായേലി ആഖ്യാനങ്ങള്‍ 'സ്വാഭാവികമായി' ആന്തരവത്​കരിക്കുകയും ഫലസ്​തീനി സ്മൃതികളെ പോലും അതിനായി ഉപയോഗിക്കുകയും (appropriate) ചെയ്യുന്നതി​ന്‍റെ പ്രത്യക്ഷമാണ് ഏരിയല്‍. അലായുടെ ജേണലില്‍നിന്ന്​ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ 'തിരോധാനപൂർവ കാലത്തി​ന്‍റെ പുരാവൃത്തം' എന്ന പേരില്‍ ഹീബ്രുവിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിലൂടെ ''ഏരിയല്‍ ത​ന്‍റെ മുന്‍കാല സുഹൃത്തിനെതിരെ പ്രാവര്‍ത്തികമാക്കുന്നത് ഇസ്രായേലി നരേറ്റിവി​ന്‍റെ ആകത്തുകയുടെ നടത്തിപ്പു സാധ്യമാക്കുന്ന അന്തിമ ഒറ്റിക്കൊടുക്കല്‍ പ്രക്രിയയാണ്: ആഖ്യാതാവില്ലാത്ത ഉപേക്ഷിക്കപ്പെട്ട ഒരു ഫലസ്​തീനിയന്‍ ആഖ്യാനംകൊണ്ട് നാമെന്താണ് ചെയ്യുക?'' (Ramona Wadi, MEMO, June 2019). ഫലസ്​തീനിയന്‍ ഓർമകളെ മായ്ച്ചുകളയുകയും തല്‍സ്ഥാനത്ത് അധിനിവേശത്തിനു പുരാണപ്രോക്തമായ സയണിസ്റ്റ് ആഖ്യാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുക എന്നത് കൊളോണിയല്‍ പ്രോജക്ടിന്‍റെ ഭാഗമാണ്. എങ്ങനെയാണ് മാന്യനായ ഒരാള്‍ക്ക് ത​ന്‍റെ അയല്‍ക്കാര​ന്‍റെ വീട് കൈയേറാനാകുക എന്ന സാമാന്യ യുക്തിക്ക് അങ്കലാപ്പുണ്ടാക്കുന്ന ചോദ്യത്തിന് ഫലസ്​തീന്‍ യാഥാർഥ്യങ്ങളിലൂടെ, പടിപടിയായി, അത് സാധ്യമാകും എന്നു കാണിക്കുന്നതിലാണ് നോവലി​ന്‍റെ പരിണാമഗുപ്തി. ഏരിയലിന്‍റെ പാത്രസൃഷ്ടി അടയാളപ്പെടുത്തുന്ന പരിണാമങ്ങളിലൂടെ നോവല്‍, മറ്റെന്തിലുമേറെ, 'ലിബറല്‍ സയണിസം' എന്ന മിത്തിനെ പൊളിച്ചടുക്കുന്നു എന്ന നിരീക്ഷണവും (SUMMER FARAH, STRANGE HORIZONS, MARCH 2021) ഇതോടു ചേര്‍ത്തു കാണാം.

ഇതര പ്രതികരണങ്ങള്‍

തിരോധാനത്തെ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ അന്ധാളിച്ചു പോകുന്ന ഇസ്രായേലി ഭരണകൂടം ഫലസ്​തീനികളെയും അവരെ പിന്തുണക്കുന്ന ലിബറല്‍ ഇടതുപക്ഷത്തെയും ഫലസ്​തീനികളുടെ അറബ് സഖ്യകക്ഷികളെയും മാറിമാറി കുറ്റപ്പെടുത്തുന്നു, ''അറബ് നേതൃത്വമോ, ഫലസ്​തീനിയന്‍ അതോറിറ്റിയോ അറിയാതെ'' പണിമുടക്കു പ്രഖ്യാപിച്ച അറബികള്‍ എന്നാണ് ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ''നാം ഇരകളാണ്, നൂറുകണക്കിന്, ആയിരക്കണക്കിന് കൊല്ലങ്ങളായി വേട്ടയാടപ്പെടുന്നവര്‍'' എന്ന ഇരവാദ കോംപ്ലക്സ് നിരന്തരം പൊലിപ്പിച്ചെടുക്കുന്ന തീവ്ര വലതുപക്ഷം ''അഞ്ചാംപത്തികളായ ഭീകര''രെ ഉന്മൂലനം ചെയ്ത ''നമ്മുടെ സൈനികര്‍ നടത്തിയ വെടിപ്പായ ദൗത്യ''ത്തെ 1948ലെ നക്ബക്കും 1967ലെ ആറുദിന യുദ്ധത്തിനും ശേഷമുള്ള ഏറ്റവും വലിയ വിജയവും ''ഏറ്റവും വെടിപ്പാര്‍ന്ന വംശീയ ശുദ്ധീകരണ പ്രക്രിയയും'' ആയി പ്രകീര്‍ത്തിക്കുന്നു. ഇസ്രായേലി ഡിഫെന്‍സ് ഫോഴ്സിനെ കുറ്റപ്പെടുത്തുന്ന ഓണ്‍ എയര്‍ ചര്‍ച്ചാ വിദഗ്ധരും ഈ സാധ്യതയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍, ഇസ്രായേലികള്‍ക്കു മാത്രമായുള്ള ദേശമെന്ന തങ്ങളുടെ സ്ഥാപക പിതാക്കളുടെ സ്വപ്നം പൂവണിയുന്നതില്‍ ഗൂഢമായി ആഹ്ലാദിക്കുന്നു. തിരികെ വരാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഞൊടിയിടയില്‍ അപ്രത്യക്ഷരാകുന്നവരെ കുറിച്ച്​ ഫലസ്​തീന്‍ തന്നെ അതി​ന്‍റെ മക്കളെ വിഴുങ്ങുന്നതുപോലെയായിരുന്നു അത് എന്നു നോവലിസ്റ്റ് എഴുതുന്നു. ഇസ്രായേലി​ന്‍റെ സഹജമായ സുരക്ഷാ വിഭ്രാന്തി (paranoia) ഈ ഘട്ടത്തിലും പലരെയും അലട്ടുന്നുണ്ട്: ''അറബികള്‍ സോമ്പികളെപോലെ എല്ലാ മൂലകളില്‍നിന്നും ഇഴഞ്ഞിറങ്ങി പുറത്തുചാടിയേക്കാം, എന്നിട്ട് പ്രതികാരം ചെയ്യാനായി മടങ്ങിയെത്തിയേക്കാം.'' മറുവശത്ത്‌, സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സയണിസ്റ്റ് മിത്തുകളുടെ പൂരണം സംഭവിച്ചതാണ് എന്ന് ആശ്വസിക്കാന്‍ ശ്രമിക്കുന്ന ലിബറല്‍ വിടുവായത്തങ്ങളുടെ കാപട്യവും ഏരിയലിനെ പോലുള്ളവരെ മഥിക്കുന്നുണ്ട്: ''നമ്മള്‍ സയണിസ്റ്റ് യുക്തിവാദികള്‍ വല്ലാത്തൊരു കൂട്ടരാണ്. ദൈവമുണ്ട് എന്നു നാം വിശ്വസിക്കുന്നില്ല, എന്നാല്‍ അവന്‍ നമുക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് നാം വിശ്വസിക്കുന്നു. അവന്‍ ഇല്ല, എങ്കിലും അവന്‍ നമുക്ക് ഈ ദേശം വാഗ്ദാനം ചെയ്തു എന്നു നാം അപ്പോഴും വിശ്വസിക്കുന്നു, ഇപ്പോള്‍ നമുക്കു വേണ്ടി ഫലസ്​തീനികളെ തുരത്തിയിരിക്കുന്നു എന്നും!''


'ഡിസ്റ്റോപ്പിയന്‍ സയണിസ്റ്റ് ഫാന്റസി'

തിരോധാന പ്രതിഭാസം ''ആള്‍പ്പാര്‍പ്പില്ലാത്ത ദേശം, ദേശമില്ലാത്ത ജനതക്ക്​'' എന്ന പൊളിറ്റിക്കല്‍ സയണിസത്തിന്‍റെ ന്യായീകരണ ക്ലീഷേയെ സാക്ഷാത്കരിക്കുന്നതിലൂടെ നോവലിനെ ഒരു ''ഡിസ്റ്റോപ്പിയന്‍ സയണിസ്റ്റ് ഫാന്റസി'' ആക്കുന്നുവെന്നു സ്റ്റീവ് ഫ്രാന്‍സ് നിരീക്ഷിക്കുന്നു. ''വിട്ടുപോകാതെ താമസം തുടര്‍ന്ന യാഫക്കാര്‍ തങ്ങള്‍ പഴയ നഗരത്തിലൂടെ നടക്കുമ്പോള്‍ ഒരു നിഴലും കൂടെ നടക്കുന്നതായി കാണുന്നു'' എന്ന്‍ അലാ കുറിക്കുന്നു. ''ജനങ്ങള്‍ വിട്ടുപോയി, ദേശം നിലനിന്നു, ഞങ്ങളുടെ ആത്മാവുകള്‍ കയറൂരിവിട്ടപോലെയായി.'' കുടിയേറി തങ്ങളെ പുറത്താക്കിയവര്‍ക്കാകട്ടെ 'ഗുരുത്വാകര്‍ഷണം' (gravitas) ഉണ്ടായിരുന്നില്ലെന്നു മുത്തശ്ശി കരുതുന്നു. അത് ജന്മദേശമില്ലാതാകുമ്പോള്‍ നഷ്ടമാകുന്ന ആത്മാവുതന്നെയാണ് (STEVE FRANCE, 'Ibtisam Azem's dystopian Zionist fantasy', Mondoweiss , JULY 15, 2020). ''മിഡില്‍ ഈസ്റ്റിലെ ഏക ഡെമോക്രസി'' എന്ന് പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കുന്ന ഇസ്രായേലി​ന്‍റെ വല്യേട്ടന്‍ (Big Brother) വേഷപ്പകര്‍ച്ച ഇതേ ഡിസ്റ്റോപ്പിയന്‍ പ്രമേയത്തി​ന്‍റെ തുടര്‍ച്ചയാണെന്നു നിരീക്ഷിക്കാം. ഫലസ്​തീനിയുടെ രോഷവും കുടിയേറ്റക്കാര​ന്‍റെ പറഞ്ഞുപഴകിയ മറുവാദവും നോവലില്‍ ഇടംപിടിക്കുന്നത്‌ ഒന്നിലേറെ തവണയാണ്:

''ഇവിടം വെറുമൊരു മരുഭൂമി ആയിരുന്നാലും, നിങ്ങളെല്ലാം വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നുണ ഞങ്ങളെ കൊല്ലാനും നാടുകടത്താനും നിങ്ങള്‍ക്ക് അവകാശം നല്‍കുന്നില്ല. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും പിന്നാക്ക ജനതയായിരുന്നെങ്കില്‍പോലും... ഞങ്ങള്‍ പറയുന്നതെല്ലാം വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നു. നമ്മള്‍ ഒരേ ഭാഷ സംസാരിച്ചാലും... ഫലസ്​തീനികള്‍ എല്ലാ മൂലകളില്‍നിന്നും തിരികെയെത്തും. നിങ്ങളുടെ പേടിസ്വപ്നം യാഥാർഥ്യമാകും, നിങ്ങള്‍ വേഗം കൂട്ടുകയും ഞങ്ങളെ ചുട്ടുകൊല്ലുകയും എല്ലാം തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍...''

''വിഡ്ഢീ, നീയെന്താണ് പറയുന്നത്? ഞങ്ങള്‍ ഞങ്ങളുടെ ദേശത്തേക്ക് തിരകെ വന്നു. നിങ്ങളാണ് അധിനിവേശക്കാര്‍. നിങ്ങളുടെ അറബ് രാജ്യങ്ങളിലേക്ക് പോകുക.'' ഫലസ്​തീന്‍ പ്രശ്നം എന്നതിനെ ഭ്രമാത്മകമായ തിരോധാന പ്രതിഭാസത്തില്‍ ഒരു പ്രഹേളികയുടെ അന്തരീക്ഷത്തിലാണ് നോവല്‍ അവസാനിക്കുന്നതും. പുസ്തകത്തില്‍ പിന്‍കുറിപ്പായി ചേര്‍ത്തിട്ടുള്ള വിവര്‍ത്തകന്‍ സിനാന്‍ അന്തൂനി​ന്‍റെ ലേഖനം നോവലില്‍നിന്നുള്ള ശ്രദ്ധേയമായ ഈ വാക്യങ്ങള്‍ എടുത്തുപറയുന്നു: ''നി​ന്‍റെ യാഫ എന്റേത് പോലെയാണ്, എന്നാല്‍ രണ്ടും ഒന്നല്ല. പരസ്പരം ആള്‍മാറാട്ടം നടത്തുന്ന രണ്ടു നഗരങ്ങള്‍. നീ നി​ന്‍റെ പേര് എ​ന്‍റെ നഗരത്തില്‍ കൊത്തിവെച്ചു, അതുകൊണ്ട് എനിക്ക് ഞാന്‍ ചരിത്രത്തില്‍നിന്നു തിരികെ വരുന്ന ഒരാളാണ് എന്ന തോന്നലുണ്ട്‌. എപ്പോഴും ക്ഷീണിതന്‍, എ​ന്‍റെ സ്വന്തം ജീവിതത്തില്‍ ഒരു പ്രേതത്തെപോലെ അലയുന്നവന്‍. അതെ, ഞാന്‍ നി​ന്‍റെ നഗരത്തില്‍ കഴിയുന്ന ഒരു പ്രേതമാണ്‌. നീയുമതേ, ഒരു പ്രേതമാണ്‌, എന്നിട്ടെ​ന്‍റെ നഗരത്തില്‍ കഴിയുന്നു. നമ്മള്‍ ഈ രണ്ടു നഗരങ്ങളെയും യാഫ എന്ന് വിളിക്കുന്നു.'' ഇസ്രായേല്‍ ദേശത്തോടുള്ള ഫലസ്​തീനിയന്‍ പ്രതികരണത്തെ കുറിച്ച് ബെന്‍ ഗൂറിയ​​േൻറതായി പറയപ്പെടുന്ന വാക്യം അന്തൂന്‍ ഓർമിപ്പിക്കുന്നു: ''പ്രായമായവര്‍ മരിക്കും, ചെറുപ്പക്കാര്‍ മറക്കും.'' എന്നാല്‍ അതത്ര എളുപ്പമാകില്ല എന്ന് തന്നെയാണ്, നോവലന്ത്യത്തില്‍, തുറന്നുവെച്ചിരിക്കുന്ന അലായുടെ ചുവന്ന നോട്ടുപുസ്തകം/ ഓർമപ്പുസ്തകം സമര്‍ഥിക്കുന്നത്. ''മരിച്ചവരുടെ ആത്മാവുകള്‍ നീതിയും അംഗീകാരവും തേടിക്കൊണ്ടു പിന്തുടരുന്നതു തുടരും, ജീവിച്ചിരിക്കുന്നവര്‍ എഴുതുകയും ഓർമിക്കുകയും ചെയ്യും... നോവല്‍ സ്വയം ആ ചുവന്ന നോട്ട്ബുക്ക് ആണ്, എന്നാല്‍ അത് (തീര്‍ത്തും) ഏരിയലി​ന്‍റെ കൈയില്‍ വീണുപോയിരിക്കുന്നു. അത് എല്ലാവര്‍ക്കും വായിക്കാന്‍ പാകത്തില്‍ തുറന്നു കിടക്കും, കല ഇവിടെ അതി​ന്‍റെ ഏറ്റവും ശക്തമായ ഒരു ഫലം നേടിയെടുക്കുന്നു: ഓർമകളെ നിലനിര്‍ത്തുകയും ജീവിതത്തെ സൗന്ദര്യപൂർവം പ്രതിരോധിക്കുകയും ചെയ്യുക എന്നത്.'' (Sinan Antoon, 'Afterword -The Book of Disappearance').

Show More expand_more
News Summary - the book of disappearance review