Begin typing your search above and press return to search.
proflie-avatar
Login

യസീദി സമൂഹത്തിനൊരു സ്നേഹഗീതം

യസീദി സമൂഹത്തിനൊരു സ്നേഹഗീതം
cancel

വിമത ഇറാഖി കവിയും ആക്ടിവിസ്റ്റുമായ ദുനിയാ മിഖായിലിന്‍റെ ആദ്യ നോവല്‍ The Bird Tattoo, അറബ് ഫിക്ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തി​ന്റെ ചുരുക്കപ്പട്ടികയിൽ വന്ന കൃതിയാണ്. യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമെന്നു നിരീക്ഷിക്കപ്പെടുന്ന നോവല്‍ ഒരു പ്രണയകഥ പശ്ചാത്തലമാക്കി ആ സമൂഹം നേരിടുന്ന വംശീയദുരന്തം ആവിഷ്കരിക്കുന്നു.നാദിയ മുറാദ്, ഫരീദ ഖല്ലാഫ് തുടങ്ങിയവരുടെ ആത്മകഥാ ആഖ്യാനങ്ങളിലൂടെ ലോക വായന സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ് യസീദി സമൂഹത്തിന്‍റെ ദുർവിധിയുടെ സമകാലിക പാഠങ്ങള്‍. ആ ദുരന്തത്തിന്‍റെ വേരുകള്‍ തേടിയുള്ള അന്വേഷണം, ഇസ്‍ലാമിക സമൂഹത്തിന്‍റെ വികാസ...

Your Subscription Supports Independent Journalism

View Plans
വിമത ഇറാഖി കവിയും ആക്ടിവിസ്റ്റുമായ ദുനിയാ മിഖായിലിന്‍റെ ആദ്യ നോവല്‍ The Bird Tattoo, അറബ് ഫിക്ഷനുള്ള അന്താരാഷ്‌ട്ര പുരസ്കാരത്തി​ന്റെ ചുരുക്കപ്പട്ടികയിൽ വന്ന കൃതിയാണ്. യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമെന്നു നിരീക്ഷിക്കപ്പെടുന്ന നോവല്‍ ഒരു പ്രണയകഥ പശ്ചാത്തലമാക്കി ആ സമൂഹം നേരിടുന്ന വംശീയദുരന്തം ആവിഷ്കരിക്കുന്നു.

നാദിയ മുറാദ്, ഫരീദ ഖല്ലാഫ് തുടങ്ങിയവരുടെ ആത്മകഥാ ആഖ്യാനങ്ങളിലൂടെ ലോക വായന സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ് യസീദി സമൂഹത്തിന്‍റെ ദുർവിധിയുടെ സമകാലിക പാഠങ്ങള്‍. ആ ദുരന്തത്തിന്‍റെ വേരുകള്‍ തേടിയുള്ള അന്വേഷണം, ഇസ്‍ലാമിക സമൂഹത്തിന്‍റെ വികാസ കാലത്തില്‍തന്നെ ചെന്ന് മുട്ടുന്നുവെന്നു പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കുര്‍ദിസ്താന്‍ മേഖലയില്‍ അധിവസിച്ചുവന്ന, മുഖ്യമായും കുര്‍മാന്‍ജി ഭാഷ സംസാരിക്കുന്ന ഈ പുരാതന സമൂഹം, അവരുടെ വിശ്വാസാചാര, ആരാധനാ രീതികളില്‍ വിഗ്രഹാരാധനയെ വർജിച്ചവർക്ക്​ മുന്നില്‍ വെറുക്കപ്പെട്ടവര്‍ ആയിത്തീര്‍ന്നതിനു കാരണമുണ്ട്: സ്വയം ഏകദൈവാരാധനയില്‍ വിശ്വസിക്കുമ്പോഴും, ‘താവൂസി മലക്’ എന്ന് വിളിക്കപ്പെട്ട മയില്‍രൂപി ഉൾപ്പെടെ ഏഴു ദൈവിക സങ്കൽപങ്ങളെ ചുറ്റിപ്പറ്റിയാണ് യസീദി വിശ്വാസക്രമങ്ങള്‍ വികസിച്ചത്.

സഫാവീ, ഓട്ടോമന്‍ കാലഘട്ടങ്ങളില്‍, ‘ഗ്രന്ഥം നല്‍കപ്പെട്ടവര്‍’ (അഹ് ലു കിതാബ്) എന്ന പേരില്‍ ക്രിസ്തീയ, ജൂത സമൂഹത്തിനു നല്‍കപ്പെട്ട പരിഗണനകള്‍ക്കും വെളിയില്‍ യസീദി സമൂഹം വേട്ടയാടപ്പെടാന്‍ ഇത് നിമിത്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ‘സോഫ്റ്റ്‌ ടാര്‍ഗറ്റ്’ ആയി അവര്‍ കണക്കാക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ‘അബ്രഹാമിക്’ മതങ്ങളുടെയും (ജൂത, ക്രിസ്തീയ, ഇസ്‍ലാമിക മതങ്ങള്‍), സൊരാഷ്ട്രിയന്‍ മതം പോലുള്ള പേര്‍ഷ്യന്‍ ദര്‍ശനങ്ങളുടെയും എന്നപോലെ സൂഫി പാരമ്പര്യങ്ങളുടെപോലും സങ്കരമാണ് യസീദി ക്രമങ്ങള്‍.


2014 ആഗസ്റ്റില്‍ വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ അരങ്ങേറിയ യസീദി വംശഹത്യ, ആയിരക്കണക്കിന് യസീദി സ്ത്രീകളുടെ നിര്‍ബന്ധിത ലൈംഗിക അടിമത്തം, യസീദി ആണുങ്ങളുടെ കൂട്ടക്കുരുതി, ബന്ദികളാക്കപ്പെട്ട ആയിരങ്ങളുടെ വിശേഷിച്ചും കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം, ലേബര്‍ ക്യാമ്പുകളിലെ കൊടിയ മനുഷ്യാധ്വാനചൂഷണം തുടങ്ങിയ യുദ്ധക്കുറ്റങ്ങളിലേക്കു നയിച്ചു. ഇറാഖി സൈന്യവും കുര്‍ദ് പെഷ്മെര്‍ഗാ വിഭാഗങ്ങളും പിന്‍വാങ്ങിയ സാഹചര്യത്തില്‍ തീര്‍ത്തും നിരായുധരായിത്തീര്‍ന്ന യസീദികള്‍ സിന്‍ജാര്‍ ഗിരിമേഖലകളിലേക്കു പലായനം ചെയ്​തു. എങ്കിലും അടിച്ചേല്‍പ്പിക്കപ്പെട്ട ഉപരോധത്തെ തുടര്‍ന്ന് ഭക്ഷണവും അവശ്യസേവനങ്ങളും പാടെ നിഷേധിക്കപ്പെട്ടതോടെ അനിവാര്യമായ ദുരന്തത്തിലേക്കു നീങ്ങി.

2015 ആകുമ്പോഴേക്കും അഞ്ചുലക്ഷത്തോളം വരുന്ന യസീദി സമൂഹം തീര്‍ത്തും അഭയാര്‍ഥികളായിത്തീര്‍ന്നിരുന്നു. വിമത ഇറാഖി കവിയും ജേണലിസ്റ്റും വിവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദുനിയാ മിഖായില്‍, ‘The Beekeeper of Sinjar’ എന്ന കൃതിയില്‍ യസീദി സമൂഹത്തിന്‍റെ ദുരന്തവും തന്‍റെ അന്വേഷണങ്ങള്‍ക്കു വിഷയമാക്കിയിട്ടുണ്ട്‌. എന്നാല്‍, വംശഹത്യയുടെ നേര്‍ക്കാഴ്ചകള്‍ ഉള്ളില്‍ നിറച്ച രോഷമാണ് നോണ്‍ ഫിക്​ഷന്‍ കൃതിയില്‍ നിറഞ്ഞുനിന്നത്. അതിനുമപ്പുറം, അവര്‍ക്ക് പൊരുതിനേടാനായ അതിജീവനത്തിന്‍റെ വിജയം കൂടി അടയാളപ്പെടുത്താന്‍ മറ്റൊരു ആവിഷ്കാരം ആവശ്യമാണ് എന്ന ചിന്തയാണ്, സ്വയം പ്രഥമമായും കവിയെന്നു വിലയിരുത്തുന്ന (‘ഫിക്ഷനും നോണ്‍ ഫിക്ഷനും എഴുതുന്ന കവി’) തന്നെ സംബന്ധിച്ച് ‘The Bird Tattoo’ എഴുതുന്നതില്‍ കലാശിച്ചത് എന്ന് ഒരഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

പ്രണയകഥ, അതിനപ്പുറം

ഒരു പ്രണയകഥയുടെ ചട്ടക്കൂടുപയോഗിച്ചു യസീദി സമൂഹത്തെ അതിന്‍റെ പ്രകൃത്യായുള്ള സൗമ്യഭാവങ്ങളിലും ദുരന്തം കീഴടക്കുമ്പോള്‍ സംഭവിക്കുന്ന ദൈന്യത്തിലും ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്. സമാധാനപ്രിയരും പ്രകൃതിയോട് ഇണങ്ങിക്കഴിയുന്നവരും ആ സൗമ്യഭാവങ്ങളെല്ലാം സ്വതഃസിദ്ധമായ ഒരു ചൂളംകുത്തല്‍ ഭാഷയുടെ ഉപയോഗത്തില്‍പോലും നിലനിര്‍ത്തുകയും വിദൂരസ്ഥമായ, കാലത്തോട് പുറംതിരിഞ്ഞിരിക്കുന്ന സിന്‍ജാര്‍ മലനിരകളില്‍ പാരസ്പര്യ ജീവിതം നയിക്കുകയും, സമുദായത്തിനകത്തുമാത്രം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സാത്വിക സമൂഹത്തെ നോവലിസ്റ്റ് സൂക്ഷ്മമായി വരച്ചിടുന്നുണ്ട്. ഒറ്റപ്പെട്ട ഗിരിപ്രദേശം ആരുടേയും രാഷ്ട്രീയനോട്ടം ആകര്‍ഷിക്കാന്‍ പോന്നതൊന്നും വിശേഷാല്‍ കരുതിവെച്ചിരുന്നതും ഇല്ല. എന്നാല്‍, നോവല്‍ ആരംഭം വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത് ഗൃഹാതുരത ഉണര്‍ത്താവുന്ന ഈ ജീവിതക്രമത്തിലേക്കല്ല, പകരം ‘The Beekeeper’ പ്രകടിപ്പിക്കുന്ന രോഷം വായനക്കാരിലും ഉണര്‍ത്തുന്ന വംശഹത്യാ ഘട്ടത്തിലെ യസീദി പെണ്ണനുഭവത്തിന്‍റെ ആവിഷ്കാരത്തിലേക്കാണ് എന്നത് ശ്രദ്ധേയമാണ്.


മാര്‍ഗരറ്റ് അറ്റ്‌വുഡിന്‍റെ ‘The Handmaid’s Tale’നെ അനുസ്മരിപ്പിക്കുംവിധം ഞെട്ടലുണ്ടാക്കുന്ന രംഗത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത് എന്നും, എന്നാലിവിടെ ‘ഡിസ്റ്റോപ്പിയന്‍’ സങ്കൽപനമായല്ല, ചരിത്രപരമായ യാഥാതഥത്വമാണ് (historical realism) കാണാവുന്നത്‌ എന്നുമുള്ള നിരീക്ഷണം കൃത്യമാണ് (Ron Charles, Washington Post). വിവാഹിതയും അമ്മയുമായ ഹെലന്‍ എന്ന മുഖ്യകഥാപാത്രം സാക്ഷ്യംവഹിക്കുന്ന, തന്നെപ്പോലെ ഐ.എസിന്‍റെ തടവിലാക്കപ്പെട്ട നൂറ്റിയിരുപതോളം സ്ത്രീകള്‍ നേരിടുന്ന അനുഭവങ്ങള്‍ നദിയ മുറാദിനെയും മറ്റും വായിച്ചിട്ടുള്ളവര്‍ക്ക് ഒട്ടും പുതിയതല്ല. ഒമ്പത് വയസ്സു മാത്രമുള്ള പെണ്‍കുട്ടികള്‍ മുതല്‍ നാൽപതുകളില്‍ എത്തിയ അമ്മമാര്‍ വരെ യഥേഷ്ടം വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന മാര്‍ക്കറ്റ് അവിടെയുണ്ട്. “സ്വന്തം കണ്ണുകൊണ്ട് കണ്ടില്ലായിരുന്നെങ്കില്‍ സ്ത്രീകളെ വില്‍ക്കുന്ന ചന്ത നിലവിലുണ്ട് എന്നത് ഹെലന്‍ വിശ്വസിക്കുമായിരുന്നില്ല” എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. അവിടെ ഹെലന്‍ ഉൾപ്പെടെയുള്ളവര്‍ നിര്‍ബാധം ക്രയവിക്രയം ചെയ്യപ്പെടുന്നു, അവരുടെ ഫോട്ടോകള്‍ ഐ.എസ് അനുകൂല വെബ് സൈറ്റുകളില്‍ പരസ്യമായ ലേലത്തിനുവേണ്ടി പ്രസിദ്ധീകരിക്കപ്പെടുന്നു. അവര്‍ അപ്രകാരം വാങ്ങുന്നവരുടെയും സൈനികരുടെയും ആവര്‍ത്തിച്ചുള്ള ബലാല്‍ക്കാരങ്ങള്‍ക്കു വിധേയരാകുന്നു,ചെറിയ പ്രതിഷേധങ്ങളുടെ പേരിലോ, ഒരു കാരണവും ഇല്ലാതെയോ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരാകുന്നു, കൊല്ലപ്പെടുകയും രോഗബാധിതരായോ ആരോഗ്യം തകര്‍ന്നോ മരിക്കുകയും ചെയ്യുന്നു, ആരുടേതെന്നു പറയാനാകാതെ ഗര്‍ഭിണികളാകുന്നു.

രക്ഷപ്പെടാനുള്ള അപൂർവ ശ്രമങ്ങള്‍ മജ്ജ മരവിപ്പിക്കുന്ന ക്രൂരതകളിലോ മരണത്തിലോ ഒടുങ്ങുന്നു. അതിനിടയിലും അപൂർവമായ മാനുഷികതയുടെ സ്ഫുരണങ്ങള്‍ ദുർലഭം സന്ദര്‍ഭങ്ങളില്‍ വെളിപ്പെടുന്നു. ആദ്യത്തെ മൂന്നു അധ്യായങ്ങള്‍ അവതരിപ്പിക്കുന്ന കൊടുംക്രൂരതകളുടെ ചിത്രങ്ങളില്‍ മരവിച്ചുപോകുന്ന അവസ്ഥയില്‍നിന്നു വല്ലാത്തൊരു മോചനംപോലെ തുടര്‍ന്നുവരുന്ന ഫ്ലാഷ് ബാക്ക് യസീദി ഗ്രാമജീവിത ചിത്രങ്ങള്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ‘ദാഇശ്’ (Daesh) എന്നുകൂടി പേരുള്ള ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രവര്‍ത്തനത്തിന്‍റെ സങ്കീർണ രീതികള്‍ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.

ഹെലന്‍റെ ഒരു രക്ഷപ്പെടല്‍ ശ്രമത്തിനിടയിലാണ് നോവലിസ്റ്റ് പതിനഞ്ചു വര്‍ഷം പിറകിലോട്ട്, പോയ നൂറ്റാണ്ടിന്റെ ഒടുവിലേക്ക് അവളുടെയും ജേണലിസ്റ്റായ ഏലിയാസിന്‍റെയും പ്രണയകാലത്തിലേക്കും ഹലിഖി താഴ്വരയിലെ ജീവിതത്തിന്‍റെ കാവ്യാത്മകതയിലേക്കും കടക്കുന്നത്‌. ഈ രചനാതന്ത്രം അവള്‍ക്ക്/ യസീദി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ത് എന്ന് വൈകാരികമായും വ്യക്തമാക്കുന്നുണ്ട്. ഒരു നിയോഗംപോലെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം അങ്കുരിക്കുന്നത്. ഗ്രാമത്തിലെത്തുമ്പോള്‍ താനേതോ മനോഹര സ്വപ്നത്തിന്‍റെ പിടിയില്‍പെട്ടിരിക്കുന്നു എന്ന് ഏലിയാസിനു തോന്നുന്നു. ‘‘കിളികളെല്ലാം ഹെലന്‍റെ പേരു വിളിക്കുന്നതായി തോന്നി” എന്ന് കാൽപനികപൂർണ വർണന നടത്തുന്നത് ഹെലന്‍റെ ഹൃദയത്തില്‍ അയാളുടെ രൂപം ഊഷ്മളത പകരുന്നതിന്‍റെ വിവരണത്തിലേക്ക് സംക്രമിക്കുന്നു.

ഇരുവരും വേര്‍പിരിക്കപ്പെടുന്നതും ഹെലന്‍ ലൈംഗിക അടിമകളുടെ ചന്തയില്‍ എത്തിപ്പെടുന്നതുംപോലുള്ള വരാനിരിക്കുന്ന ഭീകരാനുഭവങ്ങളെ വിപരീതത്തില്‍ പൊലിപ്പിക്കാന്‍ കഴിയുന്നതാണ് ഇത്തരം കാൽപനിക ചിത്രങ്ങള്‍ എന്നതാണ് അതിന്‍റെ പ്രസക്തി. വൈദ്യുതിയോ സെല്‍ ഫോണോ ഇല്ലാതെ നൂറ്റാണ്ടുകളായി തങ്ങളുടെ സൗമ്യജീവിതം നയിച്ചുവന്ന മനുഷ്യര്‍ക്ക് ആ കുറവുകളെയെല്ലാം നിസ്സാരമാക്കുന്ന തരത്തിലുണ്ടായിരുന്ന നേട്ടങ്ങളെ കുറിച്ചുള്ള നോവലിസ്റ്റിന്‍റെ വിവരണം രണ്ടു ലോകക്രമങ്ങളെ തുലനംചെയ്യുന്നു: ‘‘പൊലീസില്ല, സൈറനുകള്‍ മുഴങ്ങുന്നില്ല, തടവറകളില്ല, വാഹനപ്പുകയില്ല. തങ്ങളുടെ നാട്ടില്‍ ഒന്നിന് പിറകെ ഒന്നായി വന്ന യുദ്ധങ്ങൾപോലും ഹലിഖി താഴ്വരയെ സ്പര്‍ശിച്ചില്ല.’’

ഏലിയാസ്‌ കെണിയില്‍ കുരുക്കിയ കിളിയെ ഹെലന്‍ മോചിപ്പിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. കിളിയെന്ന പ്രതീകം സ്വാതന്ത്ര്യം/ പാരതന്ത്ര്യം തുടങ്ങിയ യസീദി അവസ്ഥാന്തരങ്ങളുമായി കെട്ടുപിണയുന്നത് നോവലില്‍ സുപ്രധാനമാണ്‌. പ്രണയചിഹ്നമായി മാഞ്ഞുപോകാനിടയില്ലാത്ത അടയാളം എന്നനിലയില്‍ കൈവിരലുകളില്‍ പക്ഷിരൂപം പച്ചകുത്തുന്നതില്‍നിന്നാണ് നോവലിന്‍റെ തലക്കെട്ടിന്‍റെ ഉദ്ഭവവും. കിളിയെ മോചിപ്പിക്കുന്നതിനു ഹെലന്‍ നല്‍കുന്ന വിശദീകരണം അത് അതിന്‍റെ കുഞ്ഞുങ്ങളുടെ അരികിലെത്തുന്നത് തടയുന്നത് ക്രൂരതയാണ് എന്നതാണ്. ഇതൊരുവേള ഹെലനെത്തന്നെ കാത്തിരിക്കുന്ന വിധിയുടെ, കുഞ്ഞില്‍നിന്നു വേർപെടുത്തപ്പെടുന്നതിന്റെ, ഒരു മുന്‍കൂട്ടി സൂചിപ്പിക്കല്‍ (foreshadowing) ആണെന്നും പറയാം.

ഭാര്യ മരിച്ച ഏലിയാസ് വീണ്ടുമൊരിക്കല്‍കൂടി പ്രണയത്തില്‍ അകപ്പെടുന്നത് ആ മറുപടിയോടെയാണ്. തുടര്‍ന്നുള്ള വിവാഹവും കുടുംബജീവിതവുമെല്ലാം ഇതേ സൗമ്യസൗന്ദര്യത്തോടെയാണ് ഇരുവരും തുടങ്ങുന്നതും. ഹെലന്‍റെ രണ്ടാം പ്രസവം അടുത്ത ഘട്ടത്തില്‍ ജോലി ആവശ്യാർഥം മൂസിലിലേക്ക് പോകുന്ന ഏലിയാസ് അപ്രത്യക്ഷനാകുന്നതാണ് അവരുടെ സ്വൈരജീവിതം അട്ടിമറിക്കുന്നത്. ദീര്‍ഘനാളായി അപ്രത്യക്ഷനായ ഏലിയാസിനെ തേടി മൂസിലില്‍ എത്തുന്ന ഹെലന്‍ ദാഇശിന്‍റെ പിടിയിലമരുന്നതും തുടര്‍ന്നുണ്ടാവുന്ന അനുഭവങ്ങളുമാണ് നോവലിന്‍റെ തുടക്കത്തില്‍ വിവരിക്കപ്പെടുന്നത്. ഏലിയാസില്‍ അവള്‍ക്കു പിറന്ന ആദ്യത്തെ മകന്‍, ദാഇശിന്‍റെ പിടിയിലമര്‍ന്നു മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയനാവുകയും ബാലസൈനികന്‍ ആവുകയും ചെയ്യുന്നത് മറ്റൊരു യസീദി യാഥാർഥ്യത്തിന്‍റെ ആവിഷ്കാരമാണ്.

ഭീകരരുടെ ചെയ്തിയെ ഒരു ഘട്ടത്തിലും ഇസ്‍ലാമികമായ ന്യായീകരണങ്ങളിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഇരകളെ വിശ്വാസത്തിന്‍റെ പേരില്‍ വേട്ടയാടുന്നുണ്ടെങ്കിലും വേട്ടക്കാരെ ഒരിക്കലും മുസ്‍ലിംകളായി നോവലിസ്റ്റ് അംഗീകരിക്കുന്നില്ല. തട്ടിയെടുക്കപ്പെടുന്ന നിസ്സഹായരോട് ഓര്‍വെലിന്‍റെ മാസ്റ്റര്‍പീസില്‍ (1984) എന്നപോലെ, ‘‘ഞങ്ങള്‍ നിങ്ങളെ മോചിപ്പിക്കാന്‍ വന്നവരാണ്’’ എന്നൊക്കെ കാപട്യം വിതറുന്ന ഭീകരരെ എല്ലായ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്നവരായും അർഥശൂന്യമായ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുമ്പോഴും പോണ്‍ ക്ലിപ്പുകള്‍ കാണുന്നവരായും തടവിലാക്കപ്പെട്ടവരെ തോന്നുമ്പോഴെല്ലാം ബലാല്‍ക്കാരം ചെയ്യുന്നവരായും നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

ദുനിയാ മിഖായിൽ

ദുനിയാ മിഖായിൽ

കഥാപാത്ര ബാഹുല്യമാണ് വായനയെ ക്ലിഷ്ടമാക്കുന്ന ഒരു ഘടകം. തട്ടിക്കൊണ്ടു പോകപ്പെടുന്നവരുടെ മോചനത്തിന് കൈകോര്‍ക്കുന്ന മുസ്‍ലിം ആക്ടിവിസ്റ്റുകള്‍, കുര്‍ദ് പോരാളികള്‍, ‘ഗൂഫ്ബോള്‍’ എന്ന വിചിത്ര നാമധാരിയായ കള്ളക്കടത്തുകാരന്‍ തുടങ്ങിയവര്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ഏജന്‍സികളുടെ ഇടപെടലുകള്‍കൂടി ലഭ്യമാകുന്നമുറക്ക് പാശ്ചാത്യ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്ന ഹെലനെ പോലുള്ള യസീദി അഭയാര്‍ഥികള്‍ ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങുന്നതിന്‍റെ പ്രതീക്ഷാനിര്‍ഭരമായ സൂചനകളിലേക്ക് നോവലിനെ സംക്രമിപ്പിക്കുക എന്നത്, നോവലിസ്റ്റിന്‍റെ നിലപാട് തന്നെയാണ്. തികച്ചും പരിചിതവും പലവുരു വിവരിക്കപ്പെട്ടതുമായ യഥാർഥ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും ഏതാണ്ടൊരു ഡോക്യുമെന്ററി ശൈലിയിലുള്ള നേര്‍ക്കുനേര്‍ ആവിഷ്കാരം ആയിരിക്കുമ്പോഴും വായിച്ചുകഴിഞ്ഞാലും കൂടെപ്പോരുന്ന അടിയന്തര പ്രാധാന്യമുള്ള ഒരു ചരിത്രസന്ദര്‍ഭത്തെതന്നെയാണ് നോവല്‍ വരച്ചുവെക്കുന്നത്. തന്‍റെ പേരിന്‍റെ പാശ്ചാത്യ ചുവക്കപ്പുറം അതിന്‍റെ ഇറാഖി, കുര്‍ദ് അർഥതലങ്ങളെ കുറിച്ച് കാനഡയിലെ ടീച്ചര്‍ക്ക് ഹെലന്‍ നല്‍കുന്ന വിശദീകരണം വലിയൊരു സമന്വയത്തെ കുറിച്ചാണ് ശുഭാപ്തി പകരുന്നത്:

‘‘ഞാന്‍ ഇറാഖില്‍നിന്നാണ്. രണ്ടാമത്തെ E നീട്ടി ഉച്ചരിക്കണം, കുര്‍ദ് ഭാഷയില്‍ എന്‍റെ പേരിന്‍റെ അര്‍ഥം പക്ഷിയുടെ കൂട് എന്നാണ്.’’

‘‘അപ്പോള്‍ നിങ്ങള്‍ക്ക് കുര്‍ദ് ഭാഷ സംസാരിക്കാനാകുമോ?’’...

‘‘ഒപ്പം അറബിയും.’’...

“വിസ്മയകരം.”...

താന്‍ ചൂളമടി ഭാഷയിലും സംസാരിക്കുമെന്ന് ഹെലന്‍ കൂട്ടിച്ചേര്‍ത്തില്ല.

അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലിലൂടെ, ഭൗമരാഷ്ട്രീയ ഭൂകമ്പങ്ങളുടെ ഫലമായി ശിഥിലമാക്കപ്പെടുന്ന ജീവിതാവസ്ഥകള്‍ ചിത്രീകരിക്കുന്ന എലിഫ് ഷഫാഖ്, സമര്‍ യാസ്ബെക്, അഹ്മദ് സആദാവി തുടങ്ങിയ നോവലിസ്റ്റുകളുടെ ഗണത്തിലേക്ക് ദുനിയാ മിഖായില്‍ കൂടി സ്ഥാനമുറപ്പിക്കുന്നു. അനുതാപപൂർണവും ചടുലവുമായ രീതിയില്‍ നോവലിസ്റ്റ് ആവിഷ്കരിക്കുന്ന ദൈനംദിനജീവിതത്തിന്‍റെ ആക്രാമക ശിഥിലീകരണത്തിന്‍റെ കഥ, യസീദി സമൂഹത്തിനായി രചിക്കപ്പെട്ട ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു സ്നേഹഗീതമായി മാറുന്നു എന്ന നിരീക്ഷണം (publishers weekly) നോവലിനെ കുറിച്ചുള്ള കൃത്യതയാര്‍ന്ന ഒരു ചുരുക്കെഴുത്താണ്.

News Summary - The Bird Tattoo Book by Dunya Mikhail review