കളിപ്പാവകളുടെ ലോകം

കൊളംബിയൻ എഴുത്തുകാരനായ ഫെർണാണ്ടോ വലെജോയുടെ (Fernando Vallejo) ‘The Abyss’ വായിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. ലാറ്റിൻ അമേരിക്കയുടെ ഭൂപടത്തിലെ ഒരു രാജ്യമെന്ന നിലയിൽ മാത്രമല്ല കൊളംബിയയുടെ സ്ഥാനം. അവിടത്തെ സാഹിത്യാന്തരീക്ഷവും കൊളംബിയക്കാരനായ ഗബ്രിയേൽ ഗാർസ്യ മാർകേസെന്ന വാക്കുകളുടെ വാസ്തുശിൽപി ലോകത്തിനൊന്നാകെ പകർന്നുകൊടുക്കുന്ന പ്രചോദനവും വിവരിക്കേണ്ടതില്ല. മാർകേസിന്റെ എഴുത്തിന്റെ മായാജാലം പിന്നാലെ വന്ന എഴുത്താളർക്ക് കൊടുക്കുന്ന ഊർജത്തിന്റെ തോത് അളക്കാൻ കഴിയുന്നതിനുമപ്പുറമാണ്. പ്രാദേശിക കഥകളെ ആഗോളതലത്തിൽ പ്രതിഷ്ഠിക്കാൻ സാധിക്കുമെന്ന് മാർകേസ് തെളിയിച്ചു. ഇതിന്റെ ചുവടുപിടിച്ചുള്ള...
Your Subscription Supports Independent Journalism
View Plansകൊളംബിയൻ എഴുത്തുകാരനായ ഫെർണാണ്ടോ വലെജോയുടെ (Fernando Vallejo) ‘The Abyss’ വായിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
ലാറ്റിൻ അമേരിക്കയുടെ ഭൂപടത്തിലെ ഒരു രാജ്യമെന്ന നിലയിൽ മാത്രമല്ല കൊളംബിയയുടെ സ്ഥാനം. അവിടത്തെ സാഹിത്യാന്തരീക്ഷവും കൊളംബിയക്കാരനായ ഗബ്രിയേൽ ഗാർസ്യ മാർകേസെന്ന വാക്കുകളുടെ വാസ്തുശിൽപി ലോകത്തിനൊന്നാകെ പകർന്നുകൊടുക്കുന്ന പ്രചോദനവും വിവരിക്കേണ്ടതില്ല. മാർകേസിന്റെ എഴുത്തിന്റെ മായാജാലം പിന്നാലെ വന്ന എഴുത്താളർക്ക് കൊടുക്കുന്ന ഊർജത്തിന്റെ തോത് അളക്കാൻ കഴിയുന്നതിനുമപ്പുറമാണ്. പ്രാദേശിക കഥകളെ ആഗോളതലത്തിൽ പ്രതിഷ്ഠിക്കാൻ സാധിക്കുമെന്ന് മാർകേസ് തെളിയിച്ചു. ഇതിന്റെ ചുവടുപിടിച്ചുള്ള എഴുത്തുകൾക്കും പ്രചാരമുണ്ടായി. കൊളംബിയയിൽനിന്നുള്ള എഴുത്തുകാരനായ ഫെർണാണ്ടോ വലെജോ (Fernando Vallejo) നോവലിസ്റ്റ് എന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും ശ്രദ്ധ നേടി. 2007ൽ അദ്ദേഹം മെക്സിക്കൻ പൗരത്വം സ്വീകരിച്ചു. ‘Our Lady of the Assassins’ എന്ന നോവലിലൂടെ പ്രസിദ്ധനായ വലെജോയുടെ ആഖ്യാനമായ ‘The Abyss’ 2024ൽ യവറ്റ് സീഗെർട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
ചിതറിയ ഓർമകൾ നിറഞ്ഞ ഭൂതകാലവും വലെജോയുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും കൊളംബിയയിലെ പൊതു രാഷ്ട്രീയ സാഹചര്യവും ജീവിതരീതികളും നോവലിൽ പ്രതിഫലിക്കുന്നു. ഭാവനയിലോ അയഥാർഥ പരിസരങ്ങളിലോ അധികരിച്ച ആഖ്യാനം രചിക്കുകയല്ല വലെജോ ചെയ്യുന്നത്. മറിച്ച് താൻ അഭിമുഖീകരിച്ച അനുഭവങ്ങളുടെ നേർക്കാഴ്ചയെ പുനരവതരിപ്പിക്കുക എന്ന ദൗത്യമാണ് നോവലിലൂടെ അദ്ദേഹം ഏറ്റെടുക്കുന്നത്. പുരുഷ ലൈംഗികതയുടെ പരമ്പരാഗത ‘വിലക്കുകളെ’ മറികടന്നുകൊണ്ട് സമകാലിക ലാറ്റിൻ അമേരിക്കൻ സാഹിത്യരംഗത്ത് വേറിട്ടുനിൽക്കുന്ന ആഖ്യാനങ്ങൾ ഒരുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്വവർഗാനുരാഗ മോഹങ്ങളെയും ബന്ധങ്ങളെയും കുറിച്ച് എഴുതുന്ന വലെജോ സാഹിത്യത്തിലും ഗൗരവപൂർവമായ വിഷയംതന്നെയാണിതെന്നു സ്ഥാപിച്ചു. കൊളംബിയയിലെ സാഹചര്യങ്ങളിൽ മനം മടുത്ത അദ്ദേഹം മെക്സികോയിലാണ് ജീവിക്കുന്നത്.
സ്വരാജ്യത്തെ രാഷ്ട്രീയ അരാജകത്വവും മയക്കുമരുന്നു വ്യാപാരവും മറ്റും തീർക്കുന്ന പ്രതിസന്ധികളും വലെജോയുടെ നാടിനെക്കുറിച്ചുള്ള സങ്കൽപനങ്ങളെ തകർക്കുകയായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ എഴുത്തുലോകത്തും ഇതിന്റെ അനുരണനങ്ങൾ പ്രകടമായി. ഓട്ടോഫിക്ഷന്റെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഈ നോവലിൽ ഫെർണാണ്ടോ എന്ന സ്വവർഗാനുരാഗിയായ ആഖ്യാതാവ് നോവലിസ്റ്റായ വലെജോ തന്നെയാണ് എന്ന് കരുതുന്നതിൽ തെറ്റില്ല.
ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട സഹോദരനെ ശുശ്രൂഷിക്കാൻ എത്തിച്ചേരുന്ന ആഖ്യാതാവിന്റെ ഓർമകളിലൂടെയും ജീവിതത്തെയും മരണത്തെയും ഉറ്റവരെയും കുറിച്ചുള്ള സങ്കൽപങ്ങളിലൂടെയുമാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. ഡാരിയോ എന്ന വലെജോയുടെ സഹോദരനും സ്വവർഗാനുരാഗിയാണ്. അമ്മയുമായി ഒട്ടും നല്ല ബന്ധത്തിലല്ലാത്ത ആഖ്യാതാവിനു അവരുമായി സംസാരിക്കാൻപോലും താൽപര്യമില്ല. അച്ഛനെ അടിമയെന്ന വിധം കരുതിയ അവരുടെ ചെയ്തികളെയും സ്വഭാവത്തെയും അവജ്ഞയോട് കൂടിയാണ് അയാൾ ഓർക്കുന്നത്. അച്ഛന്റെ മരണത്തിനുശേഷം വീടുമായി ഏറെ അകന്ന അയാൾ സഹോദരനെ സഹായിക്കാനായി കൊളംബിയയിലെ മെഡെല്ലിനിൽ മടങ്ങിയെത്തിയിരിക്കുന്ന പശ്ചാത്തലത്തെ വികസിപ്പിച്ചുകൊണ്ടാണ് നോവൽ എഴുതിയിരിക്കുന്നത്.
‘Crazybitch’ എന്ന പേരിൽ വിളിക്കപ്പെട്ട അമ്മയോട് അങ്ങേയറ്റം വെറുപ്പുള്ള ആഖ്യാതാവ് അതിനുള്ള കാരണങ്ങളും നിരത്തുന്നുണ്ട്. അച്ഛന്റെ മരണം കാൻസർ മൂലമായിരുന്നില്ല, മറിച്ച് അമ്മയുടെ മാനസിക പീഡനം കൊണ്ടായിരുന്നുവെന്നു വിശ്വസിക്കാൻ തയാറാകുന്ന ആഖ്യാതാവ് അധികാരവും പണവും ഉണ്ടായിട്ടും വേണ്ടവിധം വീട് പുലർത്താൻ ശ്രമിക്കാത്ത, മക്കളെ പ്രസവിക്കാൻ മാത്രം ശ്രദ്ധ കാണിച്ച അമ്മയെ കണക്കിന് കുറ്റപ്പെടുത്തുന്നുണ്ട്. പണം ചെലവാക്കുന്നതിൽ അതീവ സൂക്ഷ്മതയുണ്ടായിരുന്ന ഒരു അച്ഛന്റെ മകളായിരുന്നു ആഖ്യാതാവിന്റെ അമ്മ. കൊളംബിയയിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരെപോലെ ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒട്ടും പിശുക്ക് കാണിക്കേണ്ടി വരില്ലായിരുന്നുവെന്നും അവർ പറയുന്നുണ്ട്. ആരോടും ആഭിമുഖ്യവും വിശ്വാസവും പുലർത്താതിരുന്ന അവർ ഭർത്താവ് മരണാസന്നനായി കിടന്ന പതിനഞ്ച് ദിവസം ടെലിവിഷൻ നിർത്താതെ, തുടർച്ചയായി പ്രവർത്തിപ്പിച്ചിരുന്നു.

‘മനുഷ്യത്വം തിന്മയാണ്’ എന്ന തത്ത്വത്തിൽ അടിയുറച്ച് അഭിരമിച്ച അമ്മയുടെ വാദമുഖങ്ങൾ എന്നും ആഖ്യാതാവിനെ ചൊടിപ്പിക്കുന്നതും കുപിതനാക്കുന്നതുമായിരുന്നുവെന്നതിൽ തർക്കമില്ല. ആഖ്യാനത്തിന്റെ അടരുകളിൽ ‘മരണ’ത്തെ അദൃശ്യമായി നോവലിസ്റ്റ് സന്നിവേശിപ്പിക്കുന്നത് പ്രകടമാണ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സങ്കീർണതയും ജീവിതം ദുസ്സഹമാക്കുന്ന മനുഷ്യരും സന്ദർഭങ്ങളും നോവലിനെ തീക്ഷ്ണമാക്കുന്നു. സ്വന്തം അനുഭവങ്ങളെ ഓർത്തെടുത്തുകൊണ്ട് എഴുതുമ്പോൾ അവയുടെ വിശകലനംകൂടി സാധ്യമാവുന്ന തരത്തിലാണ് വലെജോ ‘The Abyss’ മുന്നോട്ടു നീക്കുന്നത്. ജീവിതത്തിലെ നീക്കിയിരിപ്പുകളാവുമെന്നു വിശ്വസിച്ച ഉറ്റവരെ അവരുടേതായ സ്വഭാവവൈചിത്ര്യംമൂലം അകറ്റിനിർത്തേണ്ടിവരുകയെന്നത് സന്തോഷകരമല്ലാത്ത സംഗതിയാണ്.
പ്രതീക്ഷയുടെ അധ്യായങ്ങൾ അശുഭവും അശാന്തവുമായിത്തീരുമ്പോൾ പ്രത്യാശയുടെ മറ്റൊരു ലോകം കാംക്ഷിക്കുന്ന മനുഷ്യരെ സംബന്ധിച്ചാണ് ഈ നോവൽ എന്ന് പറയാം. ഉന്മേഷം കെടുത്തുന്ന നിറങ്ങൾ ജീവിതത്തിലേക്ക് നിഴൽ വീശുന്ന അവസ്ഥ പ്രയാസകരമായി അനുഭവപ്പെടും. ജനിക്കുമ്പോൾതന്നെ മരണത്തിലേക്കുള്ള സഞ്ചാരം ആരംഭിക്കുകയാണ് എന്ന് നികോസ് കസാൻദ്സാകിസ് നിരീക്ഷിച്ചിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടതാണ്. സാകിസ് സങ്കൽപിച്ചത് പ്രകാരം മനുഷ്യരെ മൂന്നു വിഭാഗമായി വേർതിരിക്കാം. സുഖഭോഗമോഹങ്ങളിൽ അതിരു കടന്ന ആസക്തിയോടെയുള്ള ജീവിതരീതിയാണ് ഒരു കൂട്ടർക്കുള്ളത്. നിസ്വാർഥതയോടുകൂടി ചുറ്റുപാടുമുള്ളവർക്കായി ജീവിക്കുന്നവരാണ് വേറൊരു വിഭാഗം. മറ്റൊരു സംഘമാകട്ടെ സർവ ചരാചരങ്ങളെയും പ്രപഞ്ചത്തെയാകമാനവും ഏകഭാവത്തോടെ കാണാനാണ് ശ്രമിക്കുന്നത്. ഇതിൽ അവസാനം പറഞ്ഞ വിഭാഗങ്ങളിൽ ആഖ്യാതാവിനെയും ഒന്നാമത്തെ ഗണത്തിൽ അമ്മയെയും അണിചേർക്കാം.
നാടും വീടുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിക്കേണ്ടിവരുന്ന ആഖ്യാതാവിന്റെ മനോവിചാരം പ്രശ്നഭരിതമാണ്. അയാളെ സംബന്ധിച്ചിടത്തോളം മാനുഷിക ഗുണങ്ങളില്ലാത്ത അമ്മയെ കാണാനായി നാട്ടിലേക്ക് തിരികെ എത്തേണ്ടതില്ല. രാഷ്ട്രത്തിന്റെ സ്ഥിതിഗതികളും ആശാവഹമായ തരത്തിലാണ് പോകുന്നത് എന്ന അഭിപ്രായവും അയാൾക്കില്ല. തുടർന്ന് സ്വരാജ്യത്തെ ഓർമകളിലൂടെ മാത്രം സന്ദർശിക്കേണ്ടി വരുന്ന ആഖ്യാതാവിന്റെ സമ്മർദം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അച്ഛൻ മരിക്കുന്നതിനുമുമ്പ് ആഖ്യാതാവുമായി സംസാരിച്ച കാര്യങ്ങൾ അയാൾ ഓർത്തെടുക്കുന്നു.
‘‘നമ്മളെല്ലാം മരിച്ചതിനുശേഷം എന്ത് സംഭവിക്കും മോനെ?’’
‘‘ഒന്നുമില്ല അച്ഛാ. പുഴുക്കളരിക്കുന്ന ഓർമകൾ മാത്രമായി നാം അവശേഷിക്കും. അച്ഛൻ മരിച്ചു കഴിഞ്ഞാൽ എന്നിലൂടെ ജീവിക്കും, എന്റെ ദുഃഖകരമായ ഓർമകളിലൂടെ. കാരണം, ഞാൻ അച്ഛനെ സ്നേഹിക്കുന്നു. പക്ഷേ, ഞാൻ മരിക്കുമ്പോൾ അച്ഛൻ എന്നെന്നേക്കുമായി അപ്രത്യക്ഷമാകും.’’
‘‘ദൈവത്തിന്റെ കാര്യമോ?’’
‘‘അങ്ങനെ ഒരാൾ നിലവിലില്ല. ഇപ്പറഞ്ഞത് വിശ്വസിക്കുന്നില്ലെങ്കിൽ, മനുഷ്യരും മൃഗങ്ങളും പരസ്പരം കൊല്ലുന്നതിന്റെ ഈ വേദനയും ഭീകരതയും അച്ഛന്റെ ചുറ്റും നോക്കൂ. ദൈവം ഉണ്ടായിരുന്നെങ്കിൽ ഇത്രയും വെറുപ്പുളവാക്കുന്ന എന്തെങ്കിലും എങ്ങനെ നിലനിൽക്കും?’’
രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയിൽ ഏറെ ആകുലനായ അച്ഛന്റെ മുഖവും ചിന്തകളും മകന്റെ സ്മരണയിലുണ്ട്. ഇരുപതിൽപരം സന്തതികളെ ജനിപ്പിച്ച, സത്യസന്ധത കൈമുതലായ അച്ഛൻ ഒരു വീടും അൽപം സ്ഥലവും മൂന്നു പശുക്കളെയും ബാക്കിവെച്ചുകൊണ്ടാണ് യാത്രയായത്. ഓർമ സൂക്ഷിച്ചുവെക്കാനുള്ള ഉപാധിയോ ഉപകരണമോ സൃഷ്ടിക്കുന്നതിനെ കുറിച്ച് ഫെർണാണ്ടോ ആലോചിക്കുന്നുണ്ട്. ജീവിതമെന്ന സഞ്ചാരത്തിന്റെ സന്ദിഗ്ധതകളെയും സന്ദേഹങ്ങളെയും ആവാഹിക്കുന്ന ഓർമകൾ ഭാണ്ഡങ്ങൾക്ക് സമാനമാണെന്ന വിചാരവും ആഖ്യാതാവിൽ ഉരുത്തിരിയുന്നു. ചുരുക്കത്തിൽ അച്ഛന്റെ മരണം അത്രമേൽ ബാധിച്ച മകനെയാണ് ഫെർണാണ്ടോയിൽ നാം കാണുന്നത്. മക്കൾക്ക് മുന്നേ കാലയവനികക്കുള്ളിൽ മറഞ്ഞ അച്ഛന് ശിക്ഷയൊന്നും ലഭിക്കാത്ത മരണാനന്തര ജീവിതമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആഖ്യാതാവ് വിശ്വസിക്കുന്നു. ജീവിതവും മരണവുമായ ബന്ധം പല വാദങ്ങളിലും അധിഷ്ഠിതമാണ്.
മക്കളുടെ മരണം അഭിമുഖീകരിക്കുന്ന അച്ഛൻ അനുഭവിക്കുന്ന വിഷമം അദ്ദേഹത്തെ ശിക്ഷിക്കുന്നതിന് തുല്യമാണ്. മനുഷ്യർ മരിച്ചാൽ അവരുടെ പിൻഗാമികളിലൂടെ ജീവിക്കുമെന്ന വാദത്തിൽ യുക്തിയില്ല. അതിനാൽ, ജീവിച്ചിരിക്കുമ്പോൾ ആഗ്രഹങ്ങൾ പൂർത്തീകരിക്കുക എന്ന ആശയമാണ് ആഖ്യാതാവ് കൈക്കൊള്ളുന്നത്. ശവകുടീരത്തിൽ സ്നേഹാദരങ്ങളായി സമർപ്പിച്ച പൂക്കൾ പിന്നെ മറവിയുടെ പൊടിപടലമായി മാറുന്നു. പിന്തുടർച്ചാവകാശം ഒന്നും പ്രതീക്ഷിക്കരുത് എന്ന് ആഖ്യാതാവ് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ശവകുടീരത്തിൽ അലിഞ്ഞില്ലാതാവുന്ന ഓർമകളുടെ അവശിഷ്ടങ്ങളെ തിരികെ പിടിക്കാനാവില്ല.

ആയുസ്സിന്റെ പുസ്തകത്തിൽ സ്ഥിതിവിവരങ്ങളും എത്രകാലം ഭൂമിയിൽ കഴിയേണ്ടി വരുമെന്നതിന്റെ കണക്കും ‘രേഖപ്പെടുത്തിയിട്ടുണ്ടെന്ന’ ഭാവനാത്മകമായ സങ്കൽപം ഇവിടെ ആഖ്യാതാവിന്റെ സഹായത്തിനെത്തുന്നില്ല. ആയുസ്സിന്റെ കാലദൈർഘ്യം അടയാളപ്പെടുത്താൻ ശാസ്ത്രീയമായ സംവിധാനം ഉണ്ടാകണം. അത്തരം ഉപാധികളുടെ അഭാവത്തിൽ ആന്തരികലോകത്തെ പറ്റിയുള്ള മനുഷ്യരുടെ സന്ദേഹങ്ങൾ ആഖ്യാനത്തിൽ പരോക്ഷമായ ചർച്ചയാവുന്നു. മരണത്തിന്റെ വഴിയിൽ കാലിടറി നടക്കുന്ന അച്ഛനെ താൻ ആഴത്തിൽ സ്നേഹിച്ചിരുന്നുവെന്ന സത്യം എങ്ങനെ അദ്ദേഹത്തെ ഇനി മനസ്സിലാക്കി കൊടുക്കുമെന്ന വ്യഥ തളർത്തുന്ന ഫെർണാണ്ടോയുടെ ചിത്രം മായാതെ നിൽക്കുന്നുണ്ട്. ഒരു നിമിഷംകൊണ്ട് പറയാമായിരുന്ന സ്നേഹം അയാൾ ഇക്കാലമത്രയും ഉള്ളിലൊതുക്കി.
മനുഷ്യജീവിതം എത്രമാത്രം നിസ്സഹായമെന്നത് വ്യക്തമാക്കുന്ന മുഹൂർത്തമാണിത്. വേർപാടിന്റെ തണുപ്പ് അകറ്റാൻ പുതപ്പുകളില്ലാതെ വ്യസനപ്പെടുന്ന ഫെർണാണ്ടോയുടെ കണ്ണുകൾ സജലമാവുന്നത് അലിവോടുകൂടിയേ നോക്കിക്കാണാനാവൂ. ഉറ്റ ബന്ധുവിന്റെ വിയോഗം നെരിപ്പോടിൽ കത്തിയെരിയാത്ത ദുഃഖക്കനലായിത്തീരുകയാണ്. അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹവുമായി അടുത്തിടപഴകിയതിന്റെ ഓർമകൾ അയവിറക്കുന്നത് ഒട്ടും സന്തോഷപ്രദമല്ല. എങ്കിലും, ചില ഘട്ടങ്ങളിൽ അവ നമ്മെ തേടിയെത്താറുണ്ട്. ആഖ്യാതാവിന്റെ ജീവിതത്തിലും ഇതാണ് സംഭവിക്കുന്നത്. ‘‘ഇപ്പോൾ അച്ഛൻ ഈ ജീവിതത്തിലെ ഭീകരതകൾ ഉപേക്ഷിച്ച് മരണത്തിന്റെ ഭീകരതയിലേക്ക് പ്രവേശിച്ചു. ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത ശൂന്യതയിലേക്ക് അദ്ദേഹം തിരിച്ചെത്തി.
ആ നിമിഷം, അച്ഛൻ അറിയാതെ എന്റെ മേൽ ജീവിതം അടിച്ചേൽപിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി, ഞാൻ എന്തിനാണ് ജനിച്ചതെന്നും എന്തിനാണ് ജീവിച്ചതെന്നും എനിക്ക് മനസ്സിലായി. അച്ഛനെ മരിക്കാൻ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്റെ മുഴുവൻ ജീവിതവും അതിലേക്ക് ചുരുക്കാൻ അങ്ങനെ കഴിഞ്ഞു” എന്ന ആഖ്യാതാവിന്റെ വാക്കുകൾ മേൽപറഞ്ഞത് ശരിവെക്കുന്നു. സന്ദർഭവശാൽ മറ്റൊരു നോവൽ ഈ സാഹചര്യത്തിൽ പരാമർശിക്കുന്നത് അഭികാമ്യമെന്നു കരുതുന്നു. അച്ഛന്റെ മരണം കുടുംബത്തെ ഏതെല്ലാം തരത്തിൽ ബാധിച്ചു എന്ന് വിശദമാക്കുന്നതാണ്, പ്രശസ്ത നോവലിസ്റ്റായ കാൾ ഓവ് നൊസ്ഗാർഡിന്റെ (Karl Ove Knausgard) പ്രശസ്തമായ ‘മൈ സ്ട്രഗിൾസ്’ പരമ്പരയിലെ ആദ്യ നോവലായ ‘എ ഡെത്ത് ഇൻ ദി ഫാമിലി’.

ഫെർണാണ്ടോ വലെജോ
അച്ഛന്റെ മരണം സംഭവിച്ചതിനു ശേഷം സഹോദരനും അതേവഴിക്ക് നീങ്ങുകയാണെന്ന ബോധ്യം അംഗീകരിക്കാൻ ആഖ്യാതാവ് ബദ്ധപ്പെടുന്നു. അടുപ്പമുള്ളവർ അകാലത്തിൽ ഇല്ലാതായാൽ സംജാതമാവുന്ന ഏകാന്തനൊമ്പരം അനിവാര്യമായ വിഷാദതീരത്തെയാണ് തുറന്നിടുന്നത്. മരണശേഷം ഒരാളുടെ ജീവിതത്തിന്റെ പ്രതിബിംബം മറ്റുള്ളവരിലൂടെ കാണാമെന്ന ചിന്ത ബാലിശമാണെന്ന നിലപാട് നോവലിസ്റ്റ് ഉയർത്തിപ്പിടിക്കുന്നു. തെരുവുനായ് ക്കളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. യജമാനരില്ലാതെ നായ്ക്കളുടെ ജീവിതം അസ്ഥിരമാണെന്ന വാദത്തിന്റെ ചുവടുപിടിച്ചു മനുഷ്യരുടെ അസ്തിത്വത്തെ കുറിച്ചുള്ള സംവാദം ചൂടുപിടിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതി നടപ്പാക്കുന്നതോ അല്ലെങ്കിൽ അതിൽ പരാജയപ്പെട്ടാൽ, കുറഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതോ ആണ് മനുഷ്യരുടെ ദൗത്യം എന്ന ‘നിഗമനം’ അങ്ങനെ സജീവമാകുകയുമാണ്.
ജീവിച്ചിരിക്കുന്നവരേക്കാളധികം മരിച്ചവരുടെ സാന്നിധ്യം നിലനിൽക്കുകയും ജീവിച്ചിരിക്കുന്നവരിൽ പ്രായേണ ഒരു വിഭാഗം നിസ്സംഗരും നിസ്സഹായരുമാവുന്നതിന്റെയും ആഖ്യാനംകൂടിയാണ് The Abyss. സാമൂഹിക/രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇത്തരമൊരു അവസ്ഥ രൂപപ്പെടുന്നതിനു നിദാനമാവുന്നുണ്ട്. കൊളംബിയയിലെ രാഷ്ട്രീയ സാഹചര്യത്തെയാണ് നോവലിസ്റ്റ് അപലപിക്കുന്നതെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പരിസരങ്ങൾ നോവലിൽ പ്രത്യക്ഷപ്പെടുന്നു. പൗരോഹിത്യത്തിനെയും സഭയുടെ സ്വാധീനശക്തിയെയും അദ്ദേഹം വിമർശിക്കുകയും ദേശീയൈക്യത്തെ ഊട്ടിയുറപ്പിക്കുന്ന ഫുട്ബാളിലെ പ്രകടനത്തെ പറ്റി വാചാലനാവുകയും ചെയ്യുന്നു. ഏണസ്റ്റോ പിസാനോ, സീസർ ഗാവിരിയോ എന്നിങ്ങനെയുള്ള രാഷ്ട്രപതിമാരുടെ ഭരണത്തെ കുറ്റപ്പെടുത്തുന്ന ആഖ്യാനത്തിൽ സ്വാഭാവികമായും 1990കളിലെ സാമ്പത്തിക അരാജകത്വവും സാമൂഹിക അശാന്തിയും മറ്റും പരോക്ഷമായി പറഞ്ഞുപോകുന്നുണ്ട്. ക്യൂബയിലെയും മെക്സികോയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും വലെജോ സംസാരിക്കുന്നുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും കരിനിഴൽ വീശുന്ന ഭരണസമ്പ്രദായങ്ങളിൽ നോവലിസ്റ്റിനു കടുത്ത നിരാശ അനുഭവപ്പെട്ടു.

കാൾ ഓവ് നൊസ്ഗാർഡ്
നോവലിൽ സൂചിപ്പിക്കുന്നത് പോലെ വളരെക്കാലം ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാവരും മരിച്ചവരെ തങ്ങളുടെ ഉള്ളിൽ കൊണ്ടുനടക്കും. അത് സ്വാഭാവികം മാത്രമാണ്. ആഖ്യാതാവ് ഇതുമായി ബന്ധപ്പെട്ട ഒരു നിയമം രൂപവത്കരിക്കുന്നു. മരിച്ചവരെ പറ്റിയുള്ള അനുപാത നിയമമെന്നും അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ച ഒന്നാമത്തെ നിയമമെന്നും പേരുള്ള ഇതിൽ, ഒരു ക്രിസ്ത്യാനി ജീവിച്ച വർഷങ്ങളും അയാൾ/അവൾ ആവാഹിച്ചിരിക്കുന്ന മരിച്ചവരുടെ എണ്ണവും തമ്മിൽ നേരിട്ട് അടുപ്പമുണ്ടെന്ന് വ്യവസ്ഥചെയ്യുന്നു. അമൂർത്തമായ ആശയമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ആഖ്യാതാവ് അതിന്റെ കാര്യക്ഷമതയിൽ വിശ്വാസം രേഖപ്പെടുത്തി.
മരണത്തെക്കുറിച്ചുള്ള ഏലിയാസ് കാനെറ്റിയുടെ ചിന്തകൾ ഇവിടെ ഓർക്കുന്നത് ഉചിതമാവും. മരണത്തിലൂടെ ഓരോരുത്തരും ദൈവത്തെപ്പോലെ ഒരൊറ്റ അസ്തിത്വമായി മാറണമെന്നാണ് സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ച കാനെറ്റി ‘The Book Against Death’ എന്ന പുസ്തകത്തിൽ പറയുന്നത്. ഒരവസരത്തിൽ, ഡാരിയോയുടെ ആത്മാംശവുമായി ആഖ്യാതാവ് വളരെയധികം അടുക്കുന്നു. അവർ കാണുന്ന സ്വപ്നങ്ങൾ വരെ ഒന്നായി. ഇരുവരുടെയും സ്വപ്നങ്ങളും ഓർമകളും സമന്വയിപ്പിക്കപ്പെട്ടു. എന്നാൽ, അതിരു കടന്ന ആശ്ചര്യം ഇതിനാവശ്യമില്ല എന്നും ആഖ്യാതാവ് ചൂണ്ടിക്കാണിക്കുന്നു. യാഥാർഥ്യത്തെക്കുറിച്ച് ചിന്തിക്കാൻ, ഡാരിയോയും താനും ശരിക്കും ജീവിച്ചിരിപ്പുണ്ടോ അതോ കേവലമൊരു മരീചിക മാത്രമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ആഖ്യാതാവ് നോവലിലെ സന്ദർഭത്തെ സർഗാത്മകമാക്കുന്നു.
‘‘എന്റെ സഹോദരൻ ഡാരിയോ മരിക്കുകയാണെന്ന് അവർ എന്നോട് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചെത്തിയത്. പക്ഷേ, അത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. അവനും മറ്റെല്ലാ സ്വവർഗാനുരാഗികളെപ്പോലെ, ഒരു ശലഭത്തിന്റെ ചിറകുകളെപ്പോലും ഉലക്കാവുന്ന വെളിച്ചത്തിൽ ചലിക്കുന്ന ഒരു പ്രേതത്തെപ്പോലെ അവരുടെ അതേ രോഗത്താൽ അലയുകയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു. ആ രോഗത്തെപ്പറ്റി എനിക്ക് ഒന്നും അറിയില്ല’’ എന്ന ആഖ്യാതാവിന്റെ വാക്കുകൾ സഹോദരന് സംഭവിച്ച അത്യാഹിതത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നുണ്ട്. മനുഷ്യസ്വത്വത്തെ ആവിഷ്കരിക്കുന്ന അഗാധഖനിയായ അനുഭവജ്ഞാനത്തെ ജീവിതവും മരണവുമായി താരതമ്യപ്പെടുത്തി അവതരിപ്പിക്കുന്ന ആഖ്യാനം രാഷ്ട്രത്തിന്റെ വ്യവഹാരങ്ങളെയും സ്പർശിക്കുന്നു.
മരണത്തിന്റെ താളത്തെ പിന്തുടർന്നുകൊണ്ട് അച്ഛന്റെയും സഹോദരന്റെയും അന്തിമയാത്രക്ക് സമാധാനപരമായ അന്തരീക്ഷം തീർക്കാൻ പ്രയത്നിക്കുന്ന ഫെർണാണ്ടോ എന്ന ആഖ്യാതാവ് മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ്. നേരത്തേ സൂചിപ്പിച്ചതിൽനിന്ന് വിഭിന്നമായി ജീവിച്ചിരിക്കുന്നവരുമായുള്ള ബന്ധങ്ങൾ എല്ലാം അറ്റുപോകുന്നതോടെ ഭൂതകാലം മറവിയുടെ കയത്തിലേക്ക് പതിക്കുന്നു എന്ന തിരിച്ചറിവിൽ ആഖ്യാതാവ് എത്തിച്ചേരുന്നുണ്ട്. അതിരുകളും മൂലകളുമായി വിഭജിച്ച രാജ്യവും മനസ്സിൽനിന്ന് നിറം മങ്ങിക്കൊണ്ടിരിക്കുകയാണ്. മറന്നുപോയ ഒരു ഭൂതകാലം, പാഴായ ജീവിതം, കഷ്ണങ്ങളായി മുറിഞ്ഞ ഒരു രാജ്യം, ഭ്രാന്തമായ ഒരു ലോകം, എല്ലാം പിന്നിലാക്കി മുന്നോട്ടു കുതിക്കുന്ന ജീവിതമെന്ന നിരർഥകതയെ ഉറപ്പിക്കുന്ന ആഖ്യാനമാണ് ‘The Abyss’.
