Begin typing your search above and press return to search.
proflie-avatar
Login

മുറിവേറ്റ ശലഭത്തിന്റെ പിടച്ചിൽപോലെ

മുറിവേറ്റ ശലഭത്തിന്റെ   പിടച്ചിൽപോലെ
cancel

തമാര നമ്പ്യാർ രചിച്ച ‘Bruises And Butterflies’ എന്ന കവിതാസമാഹാരം വായിക്കുകയാണ് എഴുത്തുകാരി കൂടിയായ ലേഖിക. ഒരു ചിത്രശലഭച്ചിറകിന്റെ ചെറു ചലനത്തിൽപോലും വൻസൂനാമിക്ക് കാരണമാവുന്ന സമുദ്രാന്തര മാറ്റങ്ങൾ സംഭവിക്കാം എന്ന്... butterfly effect... പറഞ്ഞു കേൾക്കാറുണ്ട്. ഒരു പതിനാലുകാരി പെൺകുട്ടി ചിത്രശലഭ താരള്യത്തിനൊപ്പം ചേർക്കുന്നത് മുറിവുകളുടെ നോവുകളാവുമ്പോൾ കവിതകൾക്ക് കൗമാരകാലവിസ്മയഭംഗി മാത്രമല്ല കരുതലിന്റെയും കരുത്തിന്റെയും കനംകൂടി ചേരുന്നു എന്നു നാം മനസ്സിലാക്കുന്നു. കേവലമായ ചിന്തകളുടെയും പേലവമായ വികാരങ്ങളുടെയും സുരക്ഷിത വലയത്തിനുള്ളിൽനിന്നും പുറത്തുകടന്ന് ജീവിതമേൽപിക്കുന്ന ആഘാതങ്ങളുടെ,...

Your Subscription Supports Independent Journalism

View Plans
തമാര നമ്പ്യാർ രചിച്ച ‘Bruises And Butterflies’ എന്ന കവിതാസമാഹാരം വായിക്കുകയാണ് എഴുത്തുകാരി കൂടിയായ ലേഖിക.

ഒരു ചിത്രശലഭച്ചിറകിന്റെ ചെറു ചലനത്തിൽപോലും വൻസൂനാമിക്ക് കാരണമാവുന്ന സമുദ്രാന്തര മാറ്റങ്ങൾ സംഭവിക്കാം എന്ന്... butterfly effect... പറഞ്ഞു കേൾക്കാറുണ്ട്. ഒരു പതിനാലുകാരി പെൺകുട്ടി ചിത്രശലഭ താരള്യത്തിനൊപ്പം ചേർക്കുന്നത് മുറിവുകളുടെ നോവുകളാവുമ്പോൾ കവിതകൾക്ക് കൗമാരകാലവിസ്മയഭംഗി മാത്രമല്ല കരുതലിന്റെയും കരുത്തിന്റെയും കനംകൂടി ചേരുന്നു എന്നു നാം മനസ്സിലാക്കുന്നു. കേവലമായ ചിന്തകളുടെയും പേലവമായ വികാരങ്ങളുടെയും സുരക്ഷിത വലയത്തിനുള്ളിൽനിന്നും പുറത്തുകടന്ന് ജീവിതമേൽപിക്കുന്ന ആഘാതങ്ങളുടെ, അനീതികളുടെ, സംസാരദുഃഖങ്ങളുടെ, കറുത്ത മുഖങ്ങൾ കണ്ടു തുടങ്ങുകയാണവൾ. അവയോടു പൊരുതുവാൻ അവളുടെ കൈയിൽ ആയുധങ്ങളുണ്ടാവില്ല. മൃദുവായ കരങ്ങൾക്കുതകുന്ന ഒരു പേനയും പ്രതികരണ സജ്ജമായ ഒരു മനസ്സും ലോകത്തോട് മുഖാമുഖം നോക്കിനിൽക്കാനുള്ള ആർജവവും... കൈയിലുള്ളതെല്ലാം മൂർച്ച കൂട്ടിയെടുത്ത് അവൾ എഴുതാൻ തുടങ്ങുന്നു... നമുക്കു കിട്ടുന്നു ഒരു കവിതാ സമാഹാരം... Bruises And Butterflies... കേൾക്കുന്ന മാത്രയിൽതന്നെ നേർത്ത നൊമ്പരമായി മനസ്സിൽ ഇടംപിടിക്കുന്ന ഒരു ശീർഷകം. തമാര നമ്പ്യാർ എന്ന പതിപ്രായ കവിയുടെ രണ്ടാമത്തെ പുസ്തകമാണ് ഫോളിയോ പബ്ലിഷേഴ്സിലൂടെ ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്നത്.

ആമുഖത്തിൽ തമാര തന്നെ ചോദിക്കുന്നുണ്ട്, ‘‘Why Bruises and Butterflies?’’... ഈ പേര് തിരഞ്ഞെടുത്തതിന്റെ കാരണം കവിതപോലെ മനോഹരമായി എഴുതിവെക്കുന്നു കവി. ബാല്യം കൈവിട്ടു പോകുന്നതിന്റെ ഗൃഹാതുരഭാവങ്ങളാണ് മുറിവുകളായി പരിണമിക്കുന്നതെങ്കിൽ അതിനുശേഷം വരുന്നവയാണ് പൂമ്പാറ്റകൾ എന്നത്രേ തമാരയുടെ ചിന്ത. വേദനയുടെയും ആകുലതകളുടെയും കൊക്കൂൺ ഭേദിച്ച് പുറത്തുവരുന്ന പൂമ്പാറ്റകൾക്ക് പറന്നേ മതിയാവൂ. നനുത്ത ചിറകുകൾക്ക് ശക്തി കുറവാണെങ്കിലും പറക്കുക അതിജീവനത്തിന് അനിവാര്യമെന്ന പ്രകൃതിനിയമം പരിപാലിക്കപ്പെടണം. പറക്കുംതോറും ചിറകുകൾക്ക് ശക്തിയേറുന്നു, തന്റെ മനസ്സാകുന്ന പുറന്തോടു ഭേദിച്ച് കവിതകൾ പൂമ്പാറ്റകളായി പുതു തുറസ്സുകൾ തേടുന്നു, തേൻനുകർന്ന് ഉന്മത്തരാകുന്നു... പ്രതീക്ഷയുടെയും പരിണാമത്തിന്റെയും സൂചകങ്ങളാണവയെന്ന് ഈ യുവകവി അറിയുന്നു. ഏറ്റവും സുന്ദരമായ ഒരു വരിയിൽ ഈ വിസ്മയത്തെ ഒതുക്കുകയാണ് തമാര... Something beautiful can still come from something broken... ഭഗ്നമായ ഒന്നിൽനിന്നും ചേതോഹരമായ മറ്റൊന്ന് പിറക്കുന്ന ഇന്ദ്രജാലം!

പ്രായം പ്രതിഭക്ക് കൂച്ചുവിലങ്ങിടുന്നില്ല എന്നതിനു തെളിവാണ് തമാരയുടെ കവിതകൾ എന്നു സമർഥിക്കുന്നു പ്രവേശികയിൽ ഹിന്ദു പത്രത്തിന്റെ മേധാവി ഡോ. നിർമല ലക്ഷ്മൺ.അസാധാരണമായ ആഴവും പ്രായത്തിൽ കവിഞ്ഞ പക്വതയും അപൂർവമായ വൈവിധ്യവും ഉള്ള ഈ കവിതകൾ സൂചിപ്പിക്കുന്നത് ജീവിതാനുഭവങ്ങൾ സ്വന്തമല്ല എന്നാലും ധിഷണയും ധാരണയും സംഗമിക്കുകയാണെങ്കിൽ വിശകലനങ്ങളിലൂടെ അവയെ തന്റേതാക്കാൻ കഴിയും എന്നത്രേ. ഈ കണ്ടെത്തലിന് കവിതകളിൽനിന്നും വരികൾ കണ്ടെത്തി പിന്തുണ നൽകുന്നു അവതാരികയിൽ കെ. ജയകുമാർ. ഓരോ കവിക്കും തന്റേതായ സംവേദനക്ഷമതയും അവബോധവുമുണ്ട്, അതൊക്കെ പ്രവർത്തനക്ഷമമാക്കുന്ന ജീവിതപ്രതിസന്ധികളോ ബുദ്ധിപരമോ വൈകാരികമോ ആയ വ്യാപാരങ്ങളോ ഉണ്ടാവുമ്പോൾ സർഗാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഈ കൗമാരക്കാരിയെ പ്രകോപിപ്പിക്കുന്നത് അല്ലെങ്കിൽ പ്രചോദിപ്പിക്കുന്നത് ദ്വന്ദ്വഭാവങ്ങളത്രേ.

സത്യം/മിഥ്യ, യാഥാർഥ്യം/ഭാവന, സ്നേഹം/വെറുപ്പ്, ജീവിതം/മരണം എന്നിങ്ങനെയുള്ളവയുടെ സങ്കലനവും വേറിടലും പലേ കവിതകൾക്കും ദാർശനികമായ മാനം നൽകുന്നു. ജയകുമാർ ഇതു കാണുന്നത് കൗമാരത്തിന്റെ ഏറക്കുറെ സുരക്ഷിതമായ ചിന്താപരിസരത്തുനിന്നും കലാപഭരിതമായ യൗവനത്തിലേക്കുള്ള വേദനാജനകമായ സംക്രമണത്തിന്റെ പരിണിതഫലമായിട്ടത്രെ. ‘‘Wasn't it beautiful when we believed in everything?’’ എന്നാരംഭിക്കുന്ന ‘Until I Had Grown Up’ എന്ന കവിതയിൽ സ്വപ്നങ്ങൾ സത്യമായി മാറുന്ന രാജകുമാരികളുടെ കഥകളിലും കൈയെത്തും ദൂരത്ത് വജ്രങ്ങളായി തിളങ്ങിനിന്നിരുന്ന നക്ഷത്രങ്ങളിലും സ്വർണകുംഭങ്ങൾ മറച്ചുവെച്ചു വിടരുന്ന മഴവില്ലുകളിലും കണ്ണടച്ചു വിശ്വസിച്ചിരുന്ന പെൺകുട്ടിക്ക് എത്ര പെട്ടെന്നാണ് അവയെല്ലാം തന്നെ തൊട്ടാൽ പൊട്ടുന്ന സങ്കൽപ സൗന്ദര്യങ്ങൾ മാത്രമെന്നു ബോധ്യമാവുന്നതെന്നു വായിക്കുമ്പോൾ വായനക്കാരനുമുണ്ടാവുന്നു പേരറിയാത്തൊരു നൊമ്പരം.

അന്തർ നേത്രങ്ങളാൽ കാണുന്ന ചിത്രങ്ങളും പുറം കാഴ്ചകളിലെ വൈവിധ്യങ്ങളും ഒരുപോലെ കവിതകളിലേക്ക് പകർത്താൻ കഴിവുള്ള ഒരു കവിയെ നാം കണ്ടെത്തുകയാണ് ഈ സമാഹാരത്തിലെ 68 കവിതകളിലൂടെ കടന്നുപോവുമ്പോൾ. Abstract മാത്രമല്ല Concrete ആയതും കവിയെ സ്വാധീനിക്കുന്നു. പ്രണയം, സ്നേഹം, ഏകാന്തത, നിരാശ, നഷ്ടം, വിരഹം എന്നിങ്ങനെ മുതിർന്നവരുടെ ലോകത്തെ വൈകാരിക വ്യഥകളെ സ്വാംശീകരിക്കുന്ന കവിതകളാണ് ‘The Night’, ‘Enigma’, ‘Unheard’, ‘I Remain’, ‘Hope’, ‘Unspoken Words’, ‘Alone’, ‘Moving on’, ‘The Colour of Sound’, ‘In Darkness‘, ‘Pain’, ‘Time’, ‘The Battles That Never Ended’, ‘Life’, ‘The Sun’, ‘Just Keep Living’, ‘Contemplating Life Again’, ‘Into Darkness’, ‘Looming Death’ എന്നിങ്ങനെയുള്ളവ. ജീവിതത്തിന്റെ അർഥശൂന്യതയെയും മരണത്തിന്റെ അനിവാര്യതയെയും രണ്ടിനുമിടയിലായുള്ള പ്രതീക്ഷകളെയും ഒരേപോലെ അംഗീകരിക്കുന്ന നിർമമതയാണ് കവി കാംക്ഷിക്കുന്നതെന്നു വ്യക്തം. എങ്കിലും വരികൾക്കിടയിലൂടെ വായിച്ചാൽ സദാ പ്രക്ഷുബ്ധമായ അലയാഴിപോലെയാണ് കവിമനസ്സെന്നും കാണാനാവുന്നു. ചെറിയ പ്രായത്തിന്റേതായ ചാഞ്ചാട്ടവും ലോകത്തെ സ്നേഹിക്കാനും മാറ്റിമറിക്കാനും ഒക്കെയുള്ള വെമ്പലും കവിതകൾക്ക് മിതവും മൃദുലവുമായ തൊങ്ങലുകൾ ചാർത്തുന്നുണ്ട്.

‘‘Sometimes the answer is right in front of you,

Keep looking, Let the simplicity consume you.’’ (The Fire).

‘‘When age creeps in like dusk,

do you whisper farewell to who you were

or does time steal your farewell before you can speak?’’ (Time)

‘‘Life is like a flower

Fought for, or never looked at again.’’ (Life).

‘‘Almost

The word that is close, but not close enough,

Almost,

The word that made everyone die a little.’’ (Almost).

ആശയങ്ങൾക്ക് വാക്കുകളാൽ അലകുകൾ തുന്നിപ്പിടിപ്പിക്കുന്നതിലെ ശ്രദ്ധ ഇവയിൽ കാണാം.

അസ്തിത്വ ദുഃഖത്തിന്റെ നിഴൽപ്പാടുകൾ വീണുകിടക്കുന്ന ഇരുണ്ട കവിതകളോടൊപ്പംതന്നെ ഒരു കുട്ടിയുടെ കാഴ്ചപ്പാടിന്റെ വർണശബളിമയുള്ള കവിതകളുമുണ്ട് ഈ സമാഹാരത്തിൽ. ‘The Butterfly In the Forest’ അത്തരമൊരു കവിതയത്രേ. പൂക്കൾ വിരിഞ്ഞു വിലസുന്ന ഒരു കാട്ടിൻ നടുവിൽ ഒഴിഞ്ഞുകിടക്കുന്ന ഇത്തിരി സ്ഥലത്തൊരു ചെടിയിൽ ഒരൊറ്റ പനിനീർപ്പൂവ്, അതിൻമേലൊരു ചിത്രശലഭം. ഒരു വാങ്മയചിത്രം. അതുമായി കൺകോർക്കുന്ന പെൺകുട്ടിക്കുണ്ടാവുന്ന ഒരു ബന്ധം ... a spark, a connection, a longing to find a partner in crime... കുട്ടിത്തം തുളുമ്പുന്ന വാക്കുകൾ. കുട്ടിയുടെ ഏകാന്തത അറിഞ്ഞ് അവളുടെ മൂക്കിൻതുമ്പിൽ വന്നിരിക്കുന്ന ശലഭം. ആ ഒരു നിമിഷം മാത്രമാണ് ആ ബന്ധം ഉള്ളത്. ശലഭം പറന്നു പോവുകയും പൂവ് വാടിവീഴുകയും ചെയ്യുന്നതിനു മുമ്പുള്ള ആ ഒരു നിമിഷം ആസ്വദിക്കാൻ കുട്ടിക്ക് കഴിയുന്നു. Eventually the rose will rot and the butterfly will leave, But for now it hasn’t. So stay. അവസാന വരിയിലെ ആ ആജ്ഞ. വെറും രണ്ടു വാക്കുകളിലൊതുക്കുന്ന ഒരു ആവശ്യം. അതാണ് കവിതയുടെ മർമം. ഇത്തരം blunt endings... ഒരു തീർപ്പു കൽപിക്കലിന്റെ ധാർഷ്ട്യം... തമാരയുടെ കൈയൊപ്പാണ്.

‘Lonely Girl on the Moor’ എന്ന കവിതക്ക് ഒരു കഥ പറയൽ ശൈലിയുണ്ട്... narrative poem എന്നു പറയാം. ഒറ്റക്കാവുന്ന പെൺകുട്ടിക്കു മാത്രമല്ല അപകടസാധ്യത, വീട്ടിനുള്ളിലുമുണ്ടാവാം എന്ന അവബോധം പങ്കുവെക്കുന്നു ഈ കവിത. ‘The Dancing Box’ എന്ന കവിതക്കും കഥ പറയാൻ ഔത്സുക്യമുണ്ട്. ‘The Girl in the Rain’ ആവട്ടെ സ്ത്രീയുടെ അപകടകരമായ മറ്റൊരു മുഖം വരച്ചിടുന്നു.

ശലഭം, തുമ്പി, പുള്ളിപ്പുലി, ഉറുമ്പ്, ഒരു ജീവി, മാൻ, പല്ലി, തേവാങ്ക്, നായ്ക്കുട്ടി എന്നിവയെ പറ്റിയുള്ള കവിതകളിൽ പ്രകൃതിയെ സദാ നിരീക്ഷിക്കുന്ന കവിയെ കാണാം. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റു കുറ്റിയിൽനിന്നും തീയാളിക്കത്തി ഒരു ഹരിതഭൂമിക ചാരമായി മാറുന്നതും കവിയിലെ പ്രകൃതിസ്നേഹിക്ക് ആഘാതമാവുന്നു (That Last Cigar). സൂര്യനും ചന്ദ്രനുമായുള്ള പ്രണയവും നിലാവിൽ കുളിച്ച രാത്രിയും സമുദ്രവും ഇലപൊഴിയും കാലവും കൊടുങ്കാറ്റും ഇടിവെട്ടും എല്ലാം കവിതകളിൽ ശബ്ദമായും ചിത്രമായും നിറയുന്നു.

വാക്കുകളുടെ ശബ്ദഭംഗിയും അർഥസാന്ദ്രതയും തൂക്കിനോക്കി സസൂക്ഷമം വ്യയം ചെയ്യുകയാണ് തമാര എന്നു തോന്നും കവിതകളുടെ ശിൽപഭദ്രത നിരീക്ഷിക്കുമ്പോൾ. അതിവാചാലതയില്ല, അലങ്കാരങ്ങളുടെ അതിപ്രസരമില്ല, എന്നാൽ വായനക്കാരനെ ആകർഷിക്കുന്ന പദപ്രയോഗങ്ങളും പുതിയ ഉപമകളും ഏറെയുണ്ടു താനും. ‘‘In the hush between apology and answer/ There was complete silence’’ (Peace). ‘‘The moment pauses, so you can remember it forever’’ (The Joke That Stayed Funny). ‘‘Just like an onion/ You have to go on peeling off its layers/ until you reach the core’’ (The Moonlight Night). ‘‘so quiet it feels like memory’’ (The Night). ഇങ്ങനെ ഉദാഹരണങ്ങൾ ഏറെ.

ജീവിതത്തെയും മരണത്തെയും പ്രകൃതിയെയും പ്രണയത്തെയും മനസ്സിലാക്കിത്തുടങ്ങുന്ന ബിന്ദുവിൽനിന്നാരംഭിക്കുന്ന ഈ പ്രയാണം കാലത്തിലൂടെ, കനവുകളിലൂടെ, കലാപങ്ങളിലൂടെ, കടന്നുപോകെ, കവിയുടെ കാഴ്ചയും ചിന്തയും പരിപക്വമാവുകയും എഴുത്തിന് മാനങ്ങളേറെ തെളിയുകയുംചെയ്യും എന്ന വാഗ്ദാനമാണ് തമാരയുടെ ഈ കവിതാസമാഹാരം നമുക്കു നൽകുന്നത് എന്നു നിസ്സംശയം പറയാം.


News Summary - Tamara Nambiar Bruises And Butterflies poetry collection