Begin typing your search above and press return to search.
proflie-avatar
Login

ശുഭചിന്തകളെ ഉണർത്തുമ്പോൾ

ശുഭചിന്തകളെ ഉണർത്തുമ്പോൾ
cancel

ജീവികളിൽ ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമാണ്. നല്ല ചിന്തകളിൽനിന്ന് നല്ല കർമങ്ങളുണ്ടാകും. ദുഷ് ചിന്തകളിൽനിന്ന് ദുഷ് ഫലങ്ങളും. വാഗ്ഭടാനന്ദനും അഴീക്കോട് മാഷും ചിന്തയുടെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് അവരുടെ പ്രസംഗങ്ങളിൽ എടുത്തു പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ മനുഷ്യൻ അവന്റെ ചിന്താശക്തി നല്ല രീതിയിൽ ഇനിയും വിനിയോഗിക്കുന്നില്ല. വായനക്കാരന്റെ ചിന്തയെ ഉയർത്താനും അവനെ നേർവഴിക്ക് നടത്താനും ഉതകുന്ന ഗ്രന്ഥമാണ് ഡോ. കായംകുളം യൂനുസ്​ രചിച്ച് മെലിൻഡ ബുക്സ്​ പ്രസിദ്ധീകരിച്ച ‘സുഭാഷിതങ്ങൾ’.

ആകാശവാണിയിൽ പ്രഭാതവേളയിൽ അവതരിപ്പിച്ച സുഭാഷിത പ്രഭാഷണങ്ങളുടെ സമാഹാരമാണിത്. സ്​നേഹം, സഹവർത്തിത്വം, സാഹോദര്യം, സന്തോഷം, സമാധാനം എന്നിവയെ പ്രതിപാദിച്ചുകൊണ്ട് ഒന്നാം അധ്യായത്തിൽ തുടങ്ങുന്ന ഈ കൃതി ‘ഓർമകൾ ഉണ്ടാകണം, നന്ദിയും’ എന്ന മുപ്പതാം അധ്യായത്തിലെ ലേഖനത്തിൽ അവസാനിക്കുന്നു. എല്ലാ ലേഖനങ്ങളും പ്രസാദാത്മകവും ചിന്തോദ്ദീപകവും ജീവിതയാത്ര സഫലമാക്കാൻ ഉപകരിക്കുന്നതുമാണ്. ചിന്തകൾ രണ്ട് രീതിയിലുണ്ട്. പോസിറ്റീവും നെഗറ്റീവും; ഹിതവും അഹിതവും. അഹിത ചിന്തകളാണ് എല്ലാ ദുരന്തങ്ങൾക്കും കാരണം.

എന്നാൽ, അതിനെ പൂർണമായും ഒഴിവാക്കാൻ സാധ്യമല്ല. അതിനാൽ ഹിതചിന്തകൾക്ക് ആധിക്യമുള്ള മനോഭാവം സൃഷ്​ടിക്കുക എന്നതാണ് പ്രായോഗികമാർഗം. ചിന്തയിൽനിന്നാണ് വാക്കുകളും കർമങ്ങളും ഉണ്ടാവുന്നത്. നല്ല കർമങ്ങൾ നല്ല ഫലവും ദുഷ്‍കർമങ്ങൾ ദുഷ് ഫലവും നൽകും. ഇതിനെയാണ് പഴമക്കാർ കർമവിധി എന്നു പറഞ്ഞിരുന്നത്.

സ്വാർഥതയുടെയും ഉപയോഗമില്ലാത്തതെന്തും ഉപേക്ഷിക്കുന്ന ‘േത്രാ എവേ’ സംസ്​കാരത്തിന്റെയും വർത്തമാനകാലത്ത് മനുഷ്യനെ നിസ്വാർഥതയുടെയും ത്യാഗത്തിന്റെയും സ്​നേഹത്തിന്റെയും പാതയിലേക്ക് നയിക്കുന്ന ലേഖനങ്ങളാണ് ഈ കൃതിയിലേറെയും. സ്​നേഹമാണഖിലസാരമൂഴിയിൽ, സ്​നേഹിക്കുകയുണ്ണി നീ നിന്നെ േദ്രാഹിക്കും ജനത്തെയും എന്നീ സൂക്തങ്ങൾ ഉദ്ഘോഷിച്ചത് മഹാകവി കുമാരനാശാനാണ്.

‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം

േപ്രമമതൊന്നല്ലോ.

പരക്കെ നമ്മെ പാലമൃതൂട്ടും

പാർവണ ശശിബിംബം’

എന്ന് മഹാകവി ഉള്ളൂരും സ്​നേഹത്തിന്റെ മഹത്വത്തെയാണ് പാടിപ്പുകഴ്ത്തിയത്. ‘സ്​നേഹിക്കയില്ല ഞാൻ നോ വുമാത്മാവിനെ സ്​നേഹിച്ചിടത്തൊരു തത്ത്വശാസ്​ത്രത്തെയും’ എന്നാണ് വയലാർ രാമവർമ പാടിയത്. മഹാകവികളും മഹാന്മാരുമൊക്കെ സ്​നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രസക്തിയെക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും സമൂഹം ഇന്ന് സ്വാർഥതയുടെയും ക്രൂരതയുടെയും തമോഗർത്തത്തിലേക്ക് ആണ്ടിറങ്ങുകയാണ്. ഇതിൽനിന്ന് സമൂഹത്തെ ഉയിർത്തെഴുന്നേൽപിക്കാൻ ഡോ. കായംകുളം യൂനുസിന്റെ ലേഖനങ്ങൾ സഹായകമാകും.

‘കുട്ടികളെ കണ്ടുപഠിക്കണം’ എന്ന ലേഖനം ശ്രദ്ധേയമാണ്. കുട്ടികൾ നിഷ്കളങ്കരാണ്. അവരുടെ പിണക്കങ്ങൾ ക്ഷണികമാണ്. അവരുടെ സ്​നേഹം സ്ഥായിയാണ്. അവർക്ക് വിഭാഗീയതയും ജാതീയവുമായ വിവേചനവുമില്ല. അവർ ദൈവതുല്യരാണ്. എന്നാൽ, ഇന്നത്തെ കുട്ടികളിൽ ഒരു വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുകയാണ്. നവോത്ഥാനത്തിലൂടെ അന്ധവിശ്വാസങ്ങളും അനാചരങ്ങളും ഉന്മൂലനം ചെയ്യാൻ കഴിഞ്ഞെങ്കിലും അവയിൽ ചിലതെങ്കിലും തിരികെ വരുന്നത് ആശങ്കാജനകമാണ്. മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ കൃതി സൂചിപ്പിക്കുന്നു.

ഗാന്ധിജിയെയും നെഹ്റുവിനെയും കുറിച്ചും ഈ കൃതിയിൽ ലേഖനങ്ങളുണ്ട്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നാഹ്വാനം ചെയ്ത് ഇന്ത്യൻ ജനതയെ ഉണർത്തിയ ഗാന്ധിജിയുടെ തത്ത്വങ്ങൾ എക്കാലവും പ്രസക്തമാണെന്ന് ഈ കൃതിയിൽ സ്ഥാപിക്കുന്നു. ഇന്ത്യ മരിച്ചാൽ ആരു ജീവിക്കും, ഇന്ത്യ ജീവിച്ചാൽ ആര് ജീവിക്കും എന്ന് ഇന്ത്യൻ യുവത്വത്തെ ആവേശം കൊള്ളിച്ച പണ്ഡിറ്റ്ജിയുടെ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ വിഷയങ്ങളുടെ കാലിക പ്രസക്തിയും ഇതിൽ ചർച്ച ചെയ്യുന്നു.

വാക്കും പ്രവൃത്തിയും എന്ന ലേഖനവും ഏറെ പ്രസക്തവും പ്രയോജനകരവുമാണ്. വാക്കിന്റെ പരിണാമം, വാക്കു തെറ്റിച്ചാലുള്ള തിക്തഫലം എന്നിങ്ങനെ വാക്ക് സംബന്ധിച്ച് നിരവധി കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു. ജീവിതം സുഖദുഃഖസമ്മിശ്രമാണ്. ഉറ്റവരുടെ മരണം, രോഗങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവ വരുമ്പോൾ ഈ പ്രപഞ്ചത്തിന് നിദാനമായ ശക്തിയിൽ വിശ്വസിച്ച് ജീവിതം ഒരു നാടകമാണെന്നുള്ള യാഥാർഥ്യം ഈ കൃതി പഠിപ്പിക്കുന്നു.

ഇച്ഛാശക്തി, സ്വപ്നം കാണാനുള്ള ശേഷി, കഠിനാധ്വാനം, വായന എന്നീ ശീലങ്ങളിലൂടെ ഇന്നത്തെ കുട്ടികളെ നാളത്തെ നല്ല പൗരന്മാരാക്കാനും ജീവിതയാത്ര സഫലമാക്കാനും കഴിയുമെന്നാണ് ഈ കൃതി നൽകുന്ന സന്ദേശം. അശാന്തിയിൽനിന്ന് ശാന്തിയിലേക്കും കാലുഷ്യത്തിൽനിന്ന് കരുണയിലേക്കും അസ്വസ്ഥതകളിൽനിന്ന് സ്വസ്ഥതയിലേക്കും വായനക്കാരനെ നയിക്കുന്ന കൃതിയാണ് ഡോ. കായംകുളം യൂനുസ്​ രചിച്ച ‘സുഭാഷിതങ്ങൾ’.

Show More expand_more
News Summary - Subhashithagal' is written by Kayamkulam Yunus and published by Melinda Books.