സ്വപ്നത്തിന്റെ അതിരുകൾ തേടുന്ന കവിതകൾ

സ്പാനിഷ് മഹാകവി അന്റോണിയോ മാഷാഡോവിന്റെ തിരഞ്ഞെടുത്ത കവിതകൾ ‘Border of a Dream’ വായിക്കുന്നു.
‘‘ഇല്ല, എന്റെ ഹൃദയം നിദ്രയിലായിരുന്നില്ല, അതുണർന്നിരിക്കുകയാണ്, ഉണർന്നിരിക്കുന്നു. നിദ്രയിലോ സ്വപ്നം കാണുകയോ ആയിരുന്നില്ല, അത് തുറന്ന തിളക്കമാർന്ന കണ്ണുകളോടെ എല്ലാം കാണുകയാണ്. വിദൂരങ്ങളിലെ അടയാളങ്ങളെ നിരീക്ഷിച്ചുകൊണ്ട് മഹത്തായ നിശ്ശബ്ദതയെ അത് അടുത്തറിയുന്നു...’’
തൊണ്ണൂറ്റെട്ടിന്റെ തലമുറയിലെ പ്രധാനകണ്ണിയായിരുന്ന സ്പാനിഷ് മഹാകവി അന്റോണിയോ മാഷാഡോവിന്റെ വരികളിൽ ഇരുപതാം നൂറ്റാണ്ടിന്റെ നിഗൂഢ സ്പന്ദനങ്ങൾപോലും നമുക്ക് തിരിച്ചറിയാൻ കഴിയും. സ്പാനിഷ് ഭൂദൃശ്യങ്ങളിലും യൗവനകാലത്തുതന്നെ മരിച്ചുപോയ പ്രിയതമയുടെ വൈകാരികമായ ഓർമകളുടെ പ്രവാഹത്തിലും സ്വന്തം പറിച്ചെറിയലിന്റെ വേദനകൾക്കുള്ളിലും സ്പാനിഷ് ആഭ്യന്തരയുദ്ധം വരുത്തിവെച്ച പട്ടിണിയുടെ ഓർമകളിലും സ്വാധീനത്തിലും കവിതയുടെ വേരുകൾ കണ്ടെത്താൻ മാഷാഡോവിന് കഴിഞ്ഞു.
അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞ മാഷാഡോവിന്റെ ‘ഒരു സ്വപ്നത്തിന്റെ അതിർവരമ്പിൽ: തിരഞ്ഞെടുത്ത കവിതകൾ’ (Border of a Dream: Selected Poems) സമീപകാല വായനയുടെ ഏറ്റവും ദീപ്തമായ അനുഭവങ്ങളാണ് പങ്കുവെച്ചുതന്നത്. 1956ൽ സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം നേടിയ ഹുവാൻ റാമോൺ ജിമിനെസിന്റെ (Juan Ramon Jimenez) ആമുഖവുമായി പുറത്തുവന്ന ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് വാഷിങ്ടണിലെ കോപ്പർ കാന്യായോൺ പ്രസാധകരാണ് (Copper Canyon Press). ഈ കവിതകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് (അതോടൊപ്പം വിശദമായ പഠനവും നടത്തിയിരിക്കുന്നു) വിഖ്യാതനായ വില്ലീസ് ബാൺസ്റ്റോണാണ് (Willis Barnstone).
കുട്ടിയായിരിക്കുമ്പോൾതന്നെ അന്റോണിയോ മാഷാഡോ മരണത്തെ ആഗ്രഹിച്ചിരുന്നു. സ്വന്തം ആത്മാവിലും ശരീരത്തിലും ഇതിന്റെ സാന്നിധ്യം അദ്ദേഹം സ്വയം ഉള്ളിലൊതുക്കി അടക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഹുവാൻ റാജാൺ ജിമിനെസ് ആദ്യമായി അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹം സമാധിയിൽനിന്നുമുണർന്നുവരുന്നതുപോലെയുണ്ടായിരുന്നു. വിദൂരതയിലുള്ള ഒരു രൂപപരിണാമത്തിന്റെ ഗന്ധം അപ്പോഴും അദ്ദേഹത്തെ ചൂഴ്ന്നുനിന്നിരുന്നു. കീടങ്ങളുടേതായ ഒരു ഗർത്തം അദ്ദേഹത്തെ ഒരുതരത്തിലും അസ്വസ്ഥനാക്കിയിരുന്നില്ല. അതുമായി നല്ല ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ചിറകിട്ടടിച്ച് പറന്നിരുന്ന ചിത്രശലഭങ്ങൾ അദ്ദേഹത്തെ വൈകാരികമായ ഒരു പുതുമയുടെ പ്രതീകമായ ലോകത്ത് എത്തിച്ചിരുന്നു.
മരണത്തിന്റെ ഗന്ധം ഊറിവരുന്ന പാതകൾ അദ്ദേഹത്തിനു മാത്രമായി ഒരു സ്വകാര്യതയുടെ ശേഷിപ്പുകളായി അനുഭവപ്പെട്ടു. അവസാനം മരണം ശാരീരികമായ ഒരു യാഥാർഥ്യമായി വന്നുചേർന്നപ്പോൾ ശരിക്കും വിനീതനായിട്ടാണദ്ദേഹം അതിനെ സ്വീകരിച്ചത്. സ്പെയിനിന്റെ നിഗൂഢതലങ്ങളിൽ സ്വന്തം കവിതകളുടെ ദർശനവുമായി അദ്ദേഹം മടങ്ങുകയായിരുന്നു: കവിതകളുടെ വിഷാദാത്മകമായ തലങ്ങളിൽ സ്പെയിനിന്റെ ദുരിതപൂർണമായ കാലത്തെ ഉൾക്കൊള്ളിക്കാൻ അദ്ദേഹം തയാറായത് ചരിത്രത്തിന്റെ ഭാഗമായി രൂപാന്തരപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കവിതകളിലൊന്നായ ‘രാത്രിയിലെ മഴവില്ല്’ (Night Rainbow) വായനക്കാരുടെ ഏറ്റവും ശക്തമായ ആസ്വാദനത്തിന്റെ തലങ്ങൾ അനാവരണംചെയ്തുകൊടുത്തു. സ്പെയിനിലെത്തന്നെ മറ്റു മഹാപ്രതിഭകളായ മിഗ്വൽ ഡി ഉനമുനൊയും (ദി ട്രാജിക് സെൻസ് ഓഫ് ലൈഫിന്റെ രചയിതാവ്) കവി ഫ്രെഡറികോ ഗാർസിയ ലോർകയും ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകമായി മാഷാഡോവും ലോകസാഹിത്യത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. ദൈവത്തിന്റെ മുഖം പ്രകാശമാനമാക്കിയ ഇവരുടെ ഓർമകൾ മായാതെ നിൽക്കുന്നു.
രാത്രിയിലാകെ അങ്ങനെ ആകാശത്തിൽ പ്രഭ ചൊരിയുന്ന പൂർണ ചന്ദ്രൻ അത് സ്പെയിനിൽനിന്ന് വരുകയും അവിടേക്കു തിരിച്ചുപോവുകയുംചെയ്യുന്നു. മാഷാഡോ തന്റെ സർഗാത്മകമായ കണ്ണാടിയിൽ (അതിനൊരു വിഷാദ ഭാവമുണ്ട്) നമുക്ക് കാട്ടിത്തരുകയാണ്. ‘രാത്രിയിലെ മഴവില്ല്’ എന്ന കവിതയിൽ ഏറ്റവും ഹൃദയഹാരിയായി നമുക്ക് കാട്ടിത്തരുന്ന വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കവിതയാണിത്.
കവിയായ മാഷാഡോ എന്നും തത്ത്വചിന്ത ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, പലപ്പോഴും അലോസരപ്പെട്ട ഒരു രീതിയിൽ യുക്തിക്ക് ഗാനമാലപിക്കാനാവിെല്ലന്നുള്ള ഒരു തിരിച്ചറിവിലാണിത് സംഭവിക്കുന്നത്. മാഷാഡോ ഇവിടെ തന്റെ എല്ലാ കവിതകളിലും ഒരു ഗാനാലാപനത്തിന്റെ സാന്ദ്രഭാവങ്ങൾക്കുള്ളിലാണ്. തത്ത്വചിന്തയുടെ സ്പർശമുള്ള വരികളിൽപോലും അദ്ദേഹം സ്വയം വേട്ടയാടുന്ന രീതിയിൽ തത്ത്വമീമാംസയുമായി കേളികളിൽ ആചരിക്കുന്നുണ്ട്. ‘‘നിങ്ങൾ കാണുന്ന ഒന്ന് (കണ്ണ്) അത് ഒരു കണ്ണായിരുന്നില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾക്കതിനെ ദർശിക്കാൻ കഴിയും. അത് കണ്ണാകുന്നത് അതിന് നിങ്ങളെ കാണാൻ കഴിയുന്നതുകൊണ്ടാണ്.’’
തത്ത്വ, മീമാംസയുടെ സ്പർശം ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഈ ലോകത്തിലെന്നതുപോലെ കണ്ണിന് അതിന്റേതായ സ്പന്ദനങ്ങൾക്കുള്ളിലാണ്. അതോടെ ലോകവും കണ്ണും നിങ്ങൾ ഇരുട്ടിനുള്ളിൽ നിൽക്കുന്നതുപോലെ സ്വയം നിലനിൽപിന്റേതായ ഒരു അവസ്ഥയിലായിരിക്കും. സ്വന്തം ഭൂദൃശ്യങ്ങൾക്കുള്ളിൽ ആവേശത്താൽ കഴിയുന്ന കവിക്ക് അതിനുള്ളിലേക്ക് സ്വയം അപ്രത്യക്ഷമാകാനും കഴിയും. ദൃശ്യങ്ങൾക്കുള്ളിൽ കഴിയുന്ന കവിക്ക് നിങ്ങളെ അവിടേക്കു നയിച്ചുകൊണ്ടുപോകാനും കഴിയും. അവിടെ നദീതീരത്തെ ചോല്ലാർ മരങ്ങളുടെ ഓർമകൾ കരുതിയത് കവി കാത്തിരിക്കുന്നുണ്ടാകും. ചെറുപ്പത്തിലെ മരണം കാണുമ്പോൾ പ്രിയ പത്നിയുടെ ഓർമകളും അതോടൊപ്പമുണ്ടാകും.
ടൗൺഹാളിനു മുകളിലെ തിളക്കമാർന്ന ക്ലോക്കിന്റെ ദൃശ്യത്തിനു മീതെ ചന്ദ്രനെ ഏറ്റവും ഉന്നത തലങ്ങളിൽ കാണുമ്പോൾ കവിക്ക് തീവ്രമായ ഏകാന്തത അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ വഴികളിലൂടെ നിങ്ങൾ അന്ധമായ തുറന്ന മിഴികളുമായി സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് കവിയോടൊപ്പം അപ്രത്യക്ഷമാകാനും കഴിയും. ഇവിടെ പ്രതിഭാശാലിയായ ഒരു കവിയോടൊപ്പമാണ് നമുക്ക് യാത്രയാകേണ്ടതായി വരുന്നത്.
മാഷാഡോവിന്റെ ജീവിതകാലത്തെ സ്പെയിൻ സംഗീതജ്ഞരെ ക്കൊണ്ടും ചിത്രകാരന്മാരെക്കൊണ്ടും നാല് നൊേബൽ സമ്മാനിതരെക്കൊണ്ടും നിറഞ്ഞുനിന്നിരുന്ന ഒരു കാലമായിരുന്നു. സാൽവദോർ ദാലിയും പിക്കാസോയും സ്പെയിനുമായി വല്ലാത്ത ആത്മബന്ധം പുലർത്തിയിരുന്നവരാണ്. ലോർകയും റാഫേൽ ആൽബർക്രിയും തത്ത്വചിന്തകനായ ഹോസെ ഒർട്ടേഗ വൈ ഗാസയും ഒത്തുചേരുന്ന കാലത്തിന്റെ അനുസ്യൂത പ്രവാഹം കവിയായ മാഷാഡോവിനെയും സർഗാത്മകമായി വല്ലാതെ മാറ്റിമറിച്ചിരുന്നു. ഈ സമാഹാരത്തിലെ കവിതകൾ അതിനു സാക്ഷ്യം വഹിക്കുന്നവയുമാണ്.
‘A young spam’ എന്ന കവിതയിൽ തൊണ്ണൂറു കാലത്തെ ആത്മചേതനയുടെ തിളക്കം നമുക്കു തിരിച്ചറിയാൻ കഴിയും. കവിയുടെ ഓർമകൾക്കുള്ളിൽ പ്രത്യാശയുടേതായ ഒരു സ്പെയിനിന്റെ ദൃശ്യമാണ് നിറഞ്ഞുനിൽക്കുന്നത്. ആ കാലത്തിന്റെ ഒരു പ്രത്യേക ദർശനമായിതിനെ വിശകലനംചെയ്യുന്ന നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. ഇത് മാഷാഡോവിന്റെ ഗാനം മാത്രമായിരുന്നില്ല. അത് അന്നത്തെ സ്പെയിനിന്റെ അന്തരീക്ഷത്തിൽ സൃഷ്ടിച്ച മുഴക്കം ഇന്നും അവിടെ അലയടിക്കുന്നുണ്ട്.
തൊണ്ണൂറ്റെട്ട് കാലത്തിന്റെ മുഴക്കങ്ങൾ ഏറ്റുവാങ്ങി പുതിയ ഒരു സ്പെയിനിലേക്കുള്ള ഭാവനാസഞ്ചാരങ്ങൾ മാഷാഡോ വളരെ മികച്ചരീതിയിൽ തന്റെ രചനകളിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ തിളങ്ങിനിൽക്കുന്ന കാവ്യരചനയാണ് അൽവാർ ഗൊൺസാലസിന്റെ ഭൂമിക (The Land of Alvargonzalez) എന്ന ശീർഷകത്തിൽ വന്ന അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് കവിത. വേർഡ്സ്‍വർത്തിന്റെയും കോൾറിഡ്ജിന്റെയും കവിതകളുടെ സ്വാധീനം ഇതിൽ ശരിക്കും തിരിച്ചറിയാൻ കഴിയും. പരമ്പരാഗതമായുള്ള സാധാരണ മനുഷ്യന്റെ ശബ്ദമായിതിനെ അടുത്തറിയുകയും ചെയ്യാം.
1912ൽ ബായിസയിലേക്കു ജോലിസംബന്ധമായി പോകേണ്ടിവന്നപ്പോൾ അവിടത്തെ സായാഹ്നകാല യാത്രകൾ കവിയെ മാറ്റിമറിച്ചു. തന്റെ കാവ്യഭാവനകളുടെ ചിറകുകൾക്കുള്ളിൽ കവി പുതിയ അനുഭവങ്ങളിലൂടെ തിരിച്ചുവരാനും കഴിഞ്ഞത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ചെറുപ്പക്കാരനായ കവി ലോർക്കയുടെ അവിടത്തെ സാന്നിധ്യവും അദ്ദേഹത്തെ കവിതകളുടെ വിചിത്രമായ പശ്ചാത്തലത്തിലേക്കടുപ്പിച്ചു. ശരിക്കുമൊരു തീർഥാടനക്കാലത്തിന്റെ വന്യമായ ഓർമ ഇവിടെ അദ്ദേഹത്തെ കൂടുതൽ സജീവമാക്കി നിർത്തി. സ്വപ്നങ്ങളുടെ ഒരു തത്ത്വജ്ഞാനപരമായ അന്വേഷകനായിട്ടദ്ദേഹം സ്വയം മാറുകയായിരുന്നു.
മഡ്രിഡിലും പാരിസിലുമായി ജീവിതം പിന്നിട്ട ഒരു കാലം ശരിക്കുമൊരു ബൊഹീമിയൻ സർഗാത്മക ജീവിതത്തിന്റെ സമ്പന്നമായ അവസ്ഥതന്നെയായിരുന്നു. അവിടെ കവിതകളും ലേഖനങ്ങളും നിരൂപണങ്ങളും എഴുതിക്കൊണ്ട് കവി തന്റേതായ ഒരു പുതിയ സാന്നിധ്യം കുറിക്കുകയായിരുന്നു. ലാറ്റിനമേരിക്കക്കാരനായ റൂബൽ ദാരിയോയും ഒാസ്കാർവെൽഡും അവിടെവെച്ച് അടുത്തിടപഴകാൻ കഴിഞ്ഞ പ്രതിഭാശാലികളായിരുന്നു. പാരിസിലേക്കുള്ള അവസാന യാത്രകളിൽ വിഖ്യാതനായ ഹെന്റിബെർഗ്സണിനെയും അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞു. ഫ്രഞ്ച് തത്ത്വചിന്തയുടെ ദീപ്തമായ സാന്നിധ്യം ബെർഗ്സണിലൂടെ അടുത്തറിയുവാനും കഴിഞ്ഞു.
പ്രിയതമയായ ലിയോനോറിന്റെ മരണം മാഷാഡോവിനെ വിഷാദത്തിന്റെ യാതനകൾ നിറഞ്ഞ ഓർമകൾക്കുള്ളിലാക്കി. എഴുത്തിന്റെ തീവ്രമായ ഒരു സാന്നിധ്യം അപ്പോഴും കവിയെ വിട്ടുപോയിരുന്നുമില്ല. സുഹൃത്തായ ലോർകയെ പോലെ കവിതയെ മാത്രം നെഞ്ചിലേറ്റി സങ്കീർണമായ അനുഭവങ്ങളെ നേരിടാനും അദ്ദേഹം തയാറായി. തത്ത്വചിന്തയുടെ സ്പർശമുള്ള കവിതകൾ രചിക്കാനുള്ള ആവേശവും അന്ന് നിലവിലുണ്ടായിരുന്നു. ഗീതകങ്ങളും ഒന്നൊന്നായി രചിക്കാൻ കവിയുടെ മനസ്സ് തയാറായിത്തന്നെ ഒപ്പമുണ്ടായിരുന്നു. ആക്ഷേപഹാസ്യത്തിന്റെ സ്പർശം തുടിക്കുന്ന രചനകളും പുറത്തുവന്നുകൊണ്ടിരുന്നു.
‘‘എന്റെ ഏകാന്തതയിൽ ഞാൻ ശരിക്കും വ്യക്തമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത്. പക്ഷേ, ഇത് സത്യത്തിൽ ഉണ്ടായിരുന്ന ഒന്നായിരുന്നില്ല എന്ന ബോധം എനിക്കുണ്ടായിരുന്നു. യഥാർഥമായ ഒന്നായിരുന്നില്ലെങ്കിലും എനിക്കത് വ്യക്തമായിത്തന്നെ തോന്നിയിരുന്നു.’’
മാഷാഡോവിന്റെ തൊട്ടുമുന്നിലെ ദൃശ്യങ്ങൾക്ക് അവയുടേതായ ഒരു മൗലികതയുടെ സ്പർശം ഉണ്ടായിരുന്നു. ഓർമകൾക്കുള്ളിലെ സ്വപ്നംപോലെയത് ഒപ്പംതന്നെ നിലനിന്നിരുന്നു. കാവ്യാത്മകതയുടെ സംവിധാനങ്ങൾക്കു വ്യത്യസ്തമായ പടവുകൾ കണ്ണികൾപോലെ ചേർന്നുനിന്നിരുന്നു.
അനാഥമാക്കപ്പെട്ട കുട്ടികളുടേതായ ഒരു തെരുവ് സെഗൊവിയയിലുണ്ടായിരുന്നു: അവിടെ അധ്യാപകന്റേതായ ഒരു ജോലി സ്വീകരിച്ചപ്പോഴാണ് കവിക്കിത് യാദൃച്ഛികമായി കണ്ടെത്താൻ കഴിഞ്ഞത്. പഴയകാല സുഹൃത്തായ ഹുവാൻ റാമോൺ ജിമിനെസിനോട് ഇതിനെക്കുറിച്ചദ്ദേഹം സംവദിക്കുന്നുമുണ്ട്. മരണം കാത്തുകിടന്നിരുന്ന ജിമെനെസിന്റെ ഓർമകളിൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ അനുഭവങ്ങളാണ് അപ്പോഴും ബാക്കിയുണ്ടായിരുന്നത്.
ആത്മകഥാംശപരമായ നിരവധി കാവ്യഭാഗങ്ങൾ ഈ സമാഹാരത്തിലുണ്ട്. അദ്ദേഹത്തിന്റെ ശരിക്കുമുള്ള ആത്മകഥ അദ്ദേഹത്തിന്റെ കവിതകളിൽതന്നെയാണുണ്ടായിരുന്നത്. 1939ൽ മരിക്കുന്നതിനു മുമ്പ് 1937 മുതൽ അദ്ദേഹം രചിച്ച കവിതകളെക്കുറിച്ചൊന്നുംതന്നെ ആർക്കുമറിഞ്ഞുകൂടായിരുന്നു. അവയെല്ലാംതന്നെ മഴയിൽ അപ്രത്യക്ഷമായി എന്ന് പറഞ്ഞുകേട്ടിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് അതിരുകൾ ഉണ്ടായിരുന്നോ എന്ന യാഥാർഥ്യവും നിലനിൽക്കുന്നു. നിശ്ശബ്ദതക്കുള്ളിലും സംഗീതം കണ്ടെത്തിയിരുന്ന കവിയായിരുന്നു മാഷാഡോ.
