അസമവാക്യങ്ങളുടെ നിർധാരണം

രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയും ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത, തായ്വാൻ എഴുത്തുകാരി യാങ് ഷ്വാങ് സി 2020ൽ മാൻഡറിൻ ഭാഷയിൽ എഴുതിയ ‘തായ് വാൻ ട്രാവലോഗ്’ എന്ന നോവൽ വായിക്കുന്നു. രണ്ടു പേർ തമ്മിലുള്ള ഇടപെടലുകളിൽ ഒരാൾ സംരക്ഷണം നൽകാൻ തയാറാകുകയും മറ്റെയാൾ അത് സ്വീകരിക്കാൻ നിർബന്ധിത/തൻ ആകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അവിടെ അസമത്വം ഉടലെടുക്കുകയായി. സ്വീകരിക്കേണ്ടിവരുന്നയാൾക്ക് ഒഴിവാക്കാൻ...
Your Subscription Supports Independent Journalism
View Plansരാജ്യാന്തര ശ്രദ്ധയാകർഷിക്കുകയും ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുകയും ചെയ്ത, തായ്വാൻ എഴുത്തുകാരി യാങ് ഷ്വാങ് സി 2020ൽ മാൻഡറിൻ ഭാഷയിൽ എഴുതിയ ‘തായ് വാൻ ട്രാവലോഗ്’ എന്ന നോവൽ വായിക്കുന്നു.
രണ്ടു പേർ തമ്മിലുള്ള ഇടപെടലുകളിൽ ഒരാൾ സംരക്ഷണം നൽകാൻ തയാറാകുകയും മറ്റെയാൾ അത് സ്വീകരിക്കാൻ നിർബന്ധിത/തൻ ആകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ അവിടെ അസമത്വം ഉടലെടുക്കുകയായി. സ്വീകരിക്കേണ്ടിവരുന്നയാൾക്ക് ഒഴിവാക്കാൻ കഴിയാത്തതും എന്നാൽ ആവശ്യമില്ലാത്തതുമായ, സ്നേഹമെന്നും കരുതലെന്നുമൊക്കെ തെറ്റിദ്ധരിക്കപ്പെടാവുന്ന, പരിഗണനകളിലൂടെ സംരക്ഷണം കൊടുക്കുന്നയാൾ തന്റെ പ്രമാണിത്തം ഉറപ്പാക്കുകയും മറുവശത്തുള്ളയാൾ തന്നെക്കാൾ താഴെയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഇടപെടലുകളിൽ, ഇത്തരത്തിലുള്ള, നിർദോഷമെന്നു തോന്നാവുന്നതും എന്നാൽ, സ്വീകർത്താവിന് അസഹ്യമാകുന്നതുമായ അസമത്വങ്ങൾ കാണാം. കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു നോവലിന്റെ പുനഃപ്രസിദ്ധീകരണ വിവർത്തനമെന്ന രീതിയിൽ 2020ൽ തായ്വാനിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘തായ്വാൻ ട്രാവലോഗ്’ എന്ന നോവലിൽ വ്യക്തികൾക്കിടയിലും സമൂഹത്തിലും രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപെടലുകളിലും നിലനിൽക്കുന്ന ഇത്തരം ദൃശ്യവും അദൃശ്യവുമായ അസന്തുലിതാവസ്ഥകൾ വിഷയമാകുന്നു.
യാങ് ഷ്വാങ് സി എന്ന തായ്വാൻ എഴുത്തുകാരി 2020ൽ മാൻഡറിൻ ഭാഷയിൽ എഴുതിയ ‘തായ്വാനീസ് ട്രാവലോഗ്’ ലിൻ കിങ്ങാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. സാങ്കൽപിക കഥാപാത്രമായ, ജപ്പാനിൽനിന്നുള്ള യുവ എഴുത്തുകാരി, അയോമ ചിസുക്കോ അധിനിവേശ കാലത്ത് തായ്വാൻ സന്ദർശിച്ചപ്പോൾ എഴുതിയതെന്ന രീതിയിലാണ് യാങ് ഷ്വാങ് സി തന്റെ നോവൽ അവതരിപ്പിച്ചിരിക്കുന്നത്.
നോവലിലെ ജപ്പാൻകാരിയായ കഥാകാരിയുടെ സമ്മാനങ്ങളായ വിലകൂടിയ കിമോണയും പാശ്ചാത്യവസ്ത്രങ്ങളും തായ്വാൻകാരിയായ ദ്വിഭാഷി നിരസിക്കുന്നില്ല. എന്നാൽ, താൻ പൂർണ ഇഷ്ടത്തോടെയല്ല അവ ധരിക്കുന്നതെന്ന് അവർ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രങ്ങൾക്കിടയിലുള്ള വിനിമയങ്ങളിലും ഇത്തരം സഹായങ്ങൾ സ്വീകരിക്കപ്പെടേണ്ടിവരുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്ന സൂചന അധിനിവേശകാലത്ത് ജപ്പാൻ തായ്വാനിൽ തങ്ങളുടെ ഇഷ്ടപ്രകാരം നടത്തുന്ന, തായ്വാൻ ജനത ആഗ്രഹിക്കാത്ത, വികസനപ്രവർത്തനങ്ങളെപ്പറ്റിയുള്ള പരാമർശങ്ങളിലൂടെ നോവലിസ്റ്റ് മുന്നോട്ടുവെക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കകാലമാണ് നോവലിന്റെ പ്രമേയപരിസരം.
അയോമ ചിസുക്കോയുടെ ആദ്യനോവൽ വിജയമാകുകയും ചലച്ചിത്രമാകുകയും ചെയ്തതോടെ തായ്വാനിലുടനീളമുള്ള സ്കൂളുകൾക്കും അസോസിയേഷനുകൾക്കുമായി ഈ ചലച്ചിത്രത്തെ പരിചയപ്പെടുത്തുന്ന ഒരു പ്രഭാഷണ പര്യടനം നടത്താൻ തായ്വാനിലെ കൊളോണിയൽ ഭരണകൂടം അവരെ ക്ഷണിച്ചു. പര്യടനത്തിന്റെ ഭാഗമായി നടത്തിയ യാത്രകളെക്കുറിച്ച് അവർ കുറിപ്പുകളെഴുതി. ഈ യാത്രാവിവരണക്കുറിപ്പുകൾ അവർ ‘തായ്വാൻ ട്രാവലോഗ്’ എന്നപേരിൽ ലേഖന പരമ്പരകളായി പ്രസിദ്ധീകരിച്ചു. പിന്നീട്, ജപ്പാനിലേക്ക് മടങ്ങിയശേഷം ഇതേ പേരിലുള്ള നോവൽ അവർ പ്രസിദ്ധീകരിക്കുകയായിരുന്നു.
തുടക്കത്തിൽ ഭക്ഷണപ്രിയയും യുവതിയുമായ ഒരു വിദേശ എഴുത്തുകാരിയുടെ കാഴ്ചകളും അനുഭവങ്ങളും അവർക്കു പ്രിയപ്പെട്ട രുചിക്കൂട്ടുകളുമടങ്ങിയ ഒരു യാത്രാവിവരണക്കുറിപ്പാണ് ‘തായ്വാൻ ട്രാവലോഗ്’ എന്നു തോന്നുമെങ്കിലും തുടർവായനയിൽ തായ്വാനിലെ ജപ്പാൻ അധിനിവേശം, രാഷ്ട്രീയ തലത്തിലും വ്യക്തിജീവിതത്തിലും അടിച്ചേൽപ്പിച്ച അധികാര അസന്തുലിതാവസ്ഥകളെക്കുറിച്ചുള്ള ചർച്ചകളിലേക്കൊരു പ്രവേശികയാണ് ഈ നോവലെന്നു കാണാം.
അയോമ ചിസുക്കോ തന്റെ തായ്വാൻ സന്ദർശനവേളയിൽ തായ്വാനിലെ കാഴ്ചകളും ഗന്ധങ്ങളും രുചികളും അടുത്തറിയണമെന്ന് ആഗ്രഹിക്കുന്നു. അവർ ദ്വീപിലെ തനതായ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കാൻ താൽപര്യപ്പെടുന്നു. നോവലിലുടനീളംതന്നെ വിവിധതരം വിഭവങ്ങളുടെ പ്രത്യേകതകളും അവ പാചകം ചെയ്യേണ്ട രീതികളും വിവരിച്ചിട്ടുണ്ട്. വിഭവങ്ങളുടെ പേരുകളാണ് അധ്യായങ്ങൾക്ക് നൽകിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
തുടക്കത്തിൽ വളരെ കർക്കശക്കാരനായ, സർക്കാർ ഉദ്യോഗസ്ഥനായ, മിഷിമയാണ് അയോമ ചിസുക്കോയുടെ ദ്വിഭാഷിയായി വരുന്നത്. തായ്വാനിലെ ഭക്ഷണങ്ങൾക്കായുള്ള അവരുടെ ആവശ്യങ്ങളൊന്നും അയാൾ നിറവേറ്റാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ അയാൾക്കുശേഷം വന്ന ഓങ് ഷിയാൻ-ഹോ എന്ന, മുൻ സ്കൂൾ അധ്യാപികയായ, ദ്വിഭാഷിയുമായി അവർ വേഗം സൗഹൃദത്തിലായി. ഓങ് ഷിയാൻ-ഹോ ജാപ്പനീസ് ഭാഷയിൽ ഓ ചിസുരു എന്നറിയപ്പെട്ടു. അയോമ ചിസുക്കോ അവരെ സ്നേഹത്തോടെ ചി-ചാൻ എന്ന് വിളിച്ചു. ദ്വീപിൽ ചുറ്റി സഞ്ചരിക്കാനും അയോമ ചിസുക്കോയെ പ്രാദേശിക ഭക്ഷണവിഭവങ്ങളുടെ പാചകരീതികളും തായ്വാനിലെ സംസ്കാരവും ചരിത്രവും പരിചയപ്പെടുത്താനും ചി-ചാൻ താൽപര്യം കാണിച്ചു. ഈ രണ്ടു സ്ത്രീകൾക്കിടയിലും പ്രണയം ഉടലെടുത്തുവെങ്കിലും പിന്നീട് ചി-ചാൻ കാരണം വ്യക്തമാക്കാതെ ആ ബന്ധത്തിൽനിന്നു പിന്മാറി.
അയോമ ചിസുക്കോയുടെ കഥ വിശ്വാസയോഗ്യമാക്കുന്നതിനായി ‘തായ്വാൻ ട്രാവലോഗി’ൽ സ്വീകരിച്ചിരിക്കുന്ന മാർഗങ്ങൾ പരീക്ഷണാത്മകവും കൗതുകകരവുമാണ്. ‘തായ്വാൻ ട്രാവലോഗ്’ അയോമ ചിസുക്കോ എഴുതിയതാണെന്നും യഥാർഥ എഴുത്തുകാരിയായ യാങ് ഷ്വാങ് സി 2020ൽ അത് മാൻഡറിനിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് ചെയ്തതെന്നുമുള്ള പ്രതീതി ഉളവാക്കുന്നവിധം യാങ്ങിന്റേതായി നോവലിൽ അടിക്കുറിപ്പുകളും പരിഭാഷകയുടെ കുറിപ്പും കൊടുത്തിട്ടുണ്ട്.
അയോമ ചിസുക്കോയുടെ ഓർമക്കുറിപ്പുകളെന്ന മട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയിൽ വിവർത്തകരായ യാങ് (സാങ്കൽപികം), കിങ് എന്നിവരുടെ അടിക്കുറിപ്പുകൾ (footnotes) വെവ്വേറെ കൊടുത്തിരിക്കുന്നു. അയോമ ചിസുക്കോയുടെ വളർത്തുമകൾ, അവരുടെ തായ്വാനിലെ ദ്വിഭാഷിയും പിന്നീട് ജാപ്പനീസിൽനിന്ന് മാൻഡറിനിലേക്കുള്ള നോവലിന്റെ പരിഭാഷകയുമായി മാറിയ ചി-ചാൻ, ചി-ചാന്റെ മകൾ, 2020ൽ നോവൽ വീണ്ടും മാൻഡറിനിലേക്കു മൊഴിമാറ്റം ചെയ്ത യാങ് (പരിഭാഷകയായി സ്വയം പരിചയപ്പെടുത്തുന്ന യാങ് ഷ്വാങ് സിയാണ് യഥാർഥത്തിൽ ‘തായ്വാൻ ട്രാവലോഗ്’ എഴുതിയിരിക്കുന്നത്), ‘തായ്വാൻ ട്രാവലോഗ്’ എന്ന, 2020ൽ മാൻഡറിനിൽ പ്രസിദ്ധീകൃതമായ യഥാർഥ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷക ലിൻ കിങ് എന്നിവരുടെ പിൻകുറിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ലിൻ കിങ് എഴുതിയതൊഴികെ മറ്റെല്ലാ കുറിപ്പുകളും സാങ്കൽപികമാണെന്നതിനാൽ അവ നോവലിന്റെ ഭാഗം മാത്രമാകുന്നു.
നോവലിന്റെ ആമുഖത്തിൽ (തായ്വാൻ ട്രാവലോഗിനല്ല, മറിച്ച് 2020ൽ യാങ് ഷ്വാങ് സി ജാപ്പനീസിൽനിന്നു മാൻഡറിനിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകത്തിനായെന്നപോലെയാണ് ഈ ആമുഖവും എഴുതിയിരിക്കുന്നത്) അയോമ ചിസുക്കോയുടെ ദ്വിഭാഷി യാഥാർഥത്തിലുണ്ടായിരുന്നുവോ അതോ തന്റെ ആശയങ്ങൾ അവതരിപ്പിക്കാനായി നോവലിസ്റ്റ് തിരഞ്ഞെടുത്ത ഒരു മാധ്യമം മാത്രമായിരുന്നുവോ എന്ന സന്ദേഹം പങ്കുവെക്കപ്പെടുന്നുണ്ട്. എന്നാൽ പിന്നീട്, ചി-ചാനെ പലപ്പോഴും അയോമ ചിസുക്കോക്കൊപ്പം കണ്ടതായി പലരും പറഞ്ഞുകേട്ടതിനാൽ അവർ സാങ്കൽപിക കഥാപാത്രമല്ലെന്ന് ആമുഖമെഴുതിയ ഹിയോഷി സഗാകോ ഉറപ്പിച്ചുപറയുന്നു. ഇത്തരത്തിൽ ചി-ചാന്റെ അസ്തിത്വത്തിൽ മാത്രം സംശയം പ്രകടിപ്പിക്കുന്നതിലൂടെ അയോമ ചിസുക്കോ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്ന് തുടക്കത്തിൽത്തന്നെ സ്ഥാപിക്കാൻ ആമുഖത്തിലെ പ്രസ്താവനകൾകൊണ്ട് കഴിയുന്നു.
യാങ് ഷ്വാങ് സി ആദ്യമായി തന്റെ നോവൽ പ്രസിദ്ധീകരിക്കുമ്പോൾ പുറംചട്ടയിൽ എഴുത്തുകാരിയുടെ പേര് അയോമ ചിസുക്കോ എന്നും വിവർത്തകയുടെ പേര് യാങ് ഷ്വാങ് സി എന്നുമാണ് കൊടുത്തിരുന്നത്. ഇത് സാഹിത്യലോകത്ത് വിവാദങ്ങൾക്ക് കാരണമായി. ജാപ്പനീസ് പുസ്തകത്തിന്റെ പരിഭാഷയെന്ന പേരിൽ നോവൽ വാങ്ങിയ ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് പിന്നീടുവന്ന പതിപ്പുകളിൽ യാങ് ഷ്വാങ് സിയുടെ പേരുതന്നെ എഴുത്തുകാരിയുടേതായി കൊടുത്തുതുടങ്ങി.
പ്രമേയത്തിലെ മെറ്റാ ഫിക്ഷനൽ ഘടകങ്ങളും സ്ഥലകാലങ്ങളുടെയും വസ്ത്രധാരണരീതികളുടെയും ഭക്ഷണക്രമങ്ങളുടെയും അതിസൂക്ഷ്മമായ രേഖപ്പെടുത്തലുകളും മാത്രമല്ല, കഥ പറയാനുപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രത്യേകതകളും നോവലിലെ സങ്കൽപവും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഭേദിക്കാൻ സഹായിക്കുന്നുണ്ട്. കാവ്യാത്മകമായ ഭാഷയുടെ ഉപയോഗത്തിലൂടെ വായനക്കാരുടെ ഭാവന ഉണർത്താനല്ല, മറിച്ച് സുഗ്രാഹ്യവും സുതാര്യവ്യമായ ഭാഷയിലൂടെ തങ്ങൾ വായിക്കുന്ന കഥ യാഥാർഥ്യമാണെന്ന ധാരണ വായനക്കാരിൽ ഉളവാക്കാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. ഈ രീതിയിൽ, തുടക്കത്തിൽ അൽപം വരണ്ടതെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ടെങ്കിലും തുടർവായനയിൽ ഭാഷ എന്ന ശക്തമായ മാധ്യമത്തെ നോവലിസ്റ്റ് സമർഥമായി ഉപയോഗിച്ചിരിക്കുന്നു എന്നുകാണാം.
നോവലിൽ ചൈനയെ കുറിക്കാൻ ഷീന (Shina) എന്ന പദം ഉപയോഗിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധം വരെ, ഇത് ചൈനയെ സൂചിപ്പിക്കുന്ന നിഷ്പക്ഷമായ ഒരു ജാപ്പനീസ് പദമായിരുന്നു. എന്നാൽ , ചൈന-ജപ്പാൻ യുദ്ധകാലത്ത് പല ചൈനക്കാരും ഈ വാക്കിനെ ഒരു നിന്ദയായി കണ്ടു. കാലവും സാഹചര്യങ്ങളും വാക്കുകളുടെ അർഥങ്ങളെയും ഭാഷയെയുംവരെ സ്വാധീനിക്കുന്നതിന് ഉദാഹരണമാണിത്. ‘തായ്വാൻ ട്രാവലോഗി’ൽ ഷീന എന്ന പദം ഉപയോഗിക്കുന്നതിലൂടെ നോവലിൽ പറയുന്ന കാര്യങ്ങൾ രണ്ടാം ലോകയുദ്ധത്തിനു മുമ്പ് സംഭവിച്ചതാണെന്ന ധാരണ അടിവരയിട്ടുറപ്പിക്കാൻ നോവലിസ്റ്റിനു കഴിയുന്നുണ്ട്.
നോവലിൽ അയോമ ചിസുക്കോ തായ്വാൻ സന്ദർശിക്കുന്നത് തായ്വാനിലെ ജപ്പാൻ അധിനിവേശക്കാലത്താണ്. ചരിത്രപരമായ ഈ പശ്ചാത്തലമുൾക്കൊണ്ടാവണം ‘തായ്വാൻ ട്രാവലോഗ്’ എന്ന നോവൽ വായിക്കേണ്ടത്. ജപ്പാൻ ഭരണകാലത്ത് തായ്വാനെ ദ്വീപ് (Island) എന്നും ജപ്പാനെ വൻകര (Mainland) എന്നുമാണ് വിളിച്ചിരുന്നത്. 1845ൽ ചൈനയും ജപ്പാനും തമ്മിലുണ്ടായ ഒന്നാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ചൈനക്ക് തായ്വാനെ ജപ്പാനു വിട്ടുകൊടുക്കേണ്ടിവന്നത്. 1895 മുതൽ 1945ൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം വരെ 50 വർഷക്കാലം തായ്വാൻ ജാപ്പനീസ് കോളനിയായിരുന്നു. ജപ്പാൻ ഭരണകൂടം തായ്വാനിലെ വിഭവങ്ങൾ ചൂഷണംചെയ്തു, വിയോജിപ്പുകൾ അടിച്ചമർത്തി, ജനങ്ങളെ ജാപ്പനീസ് ഭാഷ ഉപയോഗിക്കാൻ നിർബന്ധിച്ചു, ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേലും കടന്നുകയറ്റങ്ങളുണ്ടായി.
അധിനിവേശശക്തിയുടെ അധികാരപ്രയോഗങ്ങളും നയങ്ങളും നടപ്പാക്കുമ്പോഴും കൊറിയപോലെയുള്ള രാജ്യങ്ങളിൽ നടന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ജപ്പാൻ ഭരണകൂടത്തിന്റെ ക്രൂരതയും അടിച്ചമർത്തലുകളും തായ്വാനിൽ കുറവായിരുന്നു. മാത്രമല്ല തായ്വാന്റെ വികസനത്തിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തായ്വാനെ ആധുനീകരിക്കാനായി ജപ്പാൻ സൈന്യം അവിടെ ഹൈവേകളും റെയിൽവേകളും നിർമിച്ചു. ദ്വീപിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവർ ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയും നിർമിച്ചു. സൈനിക ഭരണാധികാരികൾ തായ്വാനിൽ ഭൂമി സർവേകൾ നടത്തി ഭൂവുടമസ്ഥ സമ്പ്രദായം നവീകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദ്വീപിന്റെ വടക്കൻ, തെക്കൻ ഭാഗങ്ങളെ റെയിൽപാതകൾ വഴി ബന്ധിപ്പിക്കുകയും തുറമുഖങ്ങൾ, വൈദ്യുതിനിലയങ്ങൾ എന്നിവ നിർമിച്ച് വികസിതമായ ഒരു വ്യവസായിക സാമ്പത്തിക വ്യവസ്ഥക്ക് അടിത്തറയിടുകയും ചെയ്തു. മാത്രമല്ല, ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അതേ നിലവാരത്തിൽ തായ്വാനിലെ വിദ്യാഭ്യാസരീതികൾ പരിഷ്കരിക്കുകയും ചെയ്തു.
ജപ്പാന്റെ ദക്ഷിണ വികസന നയത്തെയും (Southern Expansion Policy) യുദ്ധങ്ങളെയും അയോമ ചിസുക്കോ പിന്തുണക്കുന്നില്ല. എഴുത്തുകാർ തോക്കുകൾപോലെ പേനകൾ ഉപയോഗിക്കേണ്ട ഒരു ഘട്ടത്തിലേക്ക് യുദ്ധം എത്തിച്ചേർന്നാൽ താൻ തന്റെ പേന വലിച്ചെറിഞ്ഞ് ഓടിപ്പോകുമെന്ന് അവർ പറയുന്നുണ്ട്. പസഫിക് സമുദ്രത്തെയും തെക്കുകിഴക്കൻ ഏഷ്യയെയും ജപ്പാൻ സാമ്രാജ്യത്തിന്റെ സാമ്പത്തികശേഷിയായി വീക്ഷിച്ച ജപ്പാന്റെ നയമാണ് ദക്ഷിണ വികസന നയം. തങ്ങളുടെ വളർച്ചയും സമ്പദ്വ്യവസ്ഥയും നിലനിർത്താൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്ന പ്രദേശങ്ങൾ സ്വന്തമാക്കുക എന്നതായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടിരുന്നത്.
ദക്ഷിണ വികസന നയത്തെ പിന്തുണക്കുന്നില്ലെങ്കിൽപ്പോലും തായ്വാന്റെ ആധുനീകരണത്തിനായി ജപ്പാൻ നടത്തുന്ന ചില ഇടപെടലുകളോട് അയോമ ചിസുക്കോ മൃദുസമീപനം സ്വീകരിക്കുന്നുണ്ട്. തായ്വാന്റെ ആഗ്രഹപ്രകാരമല്ല, മറിച്ചു തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് മറ്റൊരു സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇത്തരം വികസനങ്ങളിലൂടെ ജപ്പാൻ ഭരണകൂടം ചെയ്യുന്നതെന്നും അതിൽ ചി-ചാൻ ഉൾപ്പെടെയുള്ള തായ്വാൻ ജനത സന്തുഷ്ടരായിരിക്കില്ലെന്നും തിരിച്ചറിയുന്നതിൽ ജപ്പാൻകാരിയായ അവർ പരാജയപ്പെടുന്നു. സമാനമായരീതിയിൽ ചി-ചാനു വേണ്ടി താൻ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന സംരക്ഷണം യഥാർഥത്തിൽ അവർ ആഗ്രഹിക്കുന്നുണ്ടോയെന്ന് പുനർവിചിന്തനം ചെയ്യുന്നതിനും അവർക്കു കഴിയുന്നില്ല.
സമൂഹത്തിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന വിവേചനങ്ങളെ അയോമ ചിസുക്കോ എതിർക്കുന്നു. ചി-ചാൻ അവരുടെ ചിന്തകളെ പിന്തുണക്കുന്നു. ഭക്ഷണത്തോടുള്ള താൽപര്യത്തിലുൾപ്പെടെ പലകാര്യങ്ങളിലും ഈ രണ്ടു സ്ത്രീകളിലും സാദൃശ്യങ്ങൾ കാണാം. എന്നിരുന്നാലും തന്റെ കുടുംബ പാരമ്പര്യത്തിൽ അഭിമാനം പ്രകടിപ്പിക്കുന്ന തരത്തിലുള്ള സംസാരം അയോമ ചിസുക്കോവിൽനിന്നുണ്ടാകുന്നുണ്ട്. തായ്വാനിൽ സമൂഹത്തിലെ ഉയർന്നതട്ടിലുള്ള ഒരാളുടെ ഉപഭാര്യമാരിൽ ഒരാൾക്ക് ഉണ്ടായ പെൺകുട്ടി എന്നനിലയിൽ അച്ഛൻ ധനികനായിട്ടും ദരിദ്രസമാനമായ സാഹചര്യത്തിൽ ബാല്യകാലം ചെലവഴിക്കേണ്ടിവന്നവളാണ് ചി-ചാൻ. അവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ആ വിവാഹം ഒഴിവാക്കി തന്റെയൊപ്പം ജപ്പാനിലേക്കു വരണമെന്ന് അയോമ ചിസുക്കോ അവരോട് ആവശ്യപ്പെടുന്നു. എഴുത്തിൽനിന്നുള്ള വരുമാനമില്ലെങ്കിൽപ്പോലും ധനികരായ അയോമ കുടുംബത്തിന്റെ ഒരു ശാഖയുടെ അവകാശിയായ തന്റെയൊപ്പം കഴിയാൻ ചി-ചാന് ബുദ്ധിമുട്ടുകളുണ്ടാവില്ലെന്ന് അവർ പറയുന്നു. ഇവിടെ തന്റെ രാജ്യം, സമൂഹം, കുടുംബം എന്നിവയെല്ലാം ഉയർന്നനിലവാരത്തിലുള്ളവയെന്ന് അയോമ ചിസുക്കോ കരുതുകയും സ്വയമറിയാതെതന്നെ അവരത് ചി-ചാനു മുന്നിൽ പ്രഖ്യാപിക്കുകയുമാണ്.
അധിനിവേശകാലത്ത് തായ്വാനിൽ കണ്ടുവന്ന മറ്റൊരുതരം സാമൂഹിക അസമത്വത്തെപ്പറ്റി നോവലിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. തായ്വാനിൽ ജനിച്ച ജപ്പാൻകാരുടെ തലമുറ നേരിടുന്ന സ്വത്വപ്രതിസന്ധിയാണിത്. വാൻ ഷെങ് എന്നറിയപ്പെട്ട ഇവർ ജപ്പാൻ വംശജരാണെങ്കിലും ജപ്പാനിൽ ജനിച്ചവർ അവരെ തങ്ങൾക്കൊപ്പം പരിഗണിച്ചില്ല. ജപ്പാൻ സാമ്രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരാണെന്ന പ്രസ്താവന ഭരണകൂടം ആവർത്തിച്ചുവെങ്കിലും തായ്വാൻകാരെ അക്കാലത്ത് രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ചെയ്തുപോന്നു. ഈ രണ്ടുതട്ടിനുമിടയിൽ, രണ്ടിടങ്ങളിലുമില്ലാതെ, ജപ്പാൻകാർക്കും തായ്വാൻകാർക്കും മധ്യത്തിലായായിരുന്നു തായ്വാനിൽ ജനിച്ച ജപ്പാൻ വംശജരുടെ സ്ഥാനം.

പരിഭാഷക ലിൻ കിങ്ങിനൊപ്പം യാങ് ഷ്വാങ് സി
ഗണിതശാസ്ത്രത്തിൽ അസമവാക്യങ്ങളുടെ (inequalities, ഉദാഹരണം: 3x = 24) നിർധാരണംകൊണ്ടുദ്ദേശിക്കുന്നത് അസമത്വത്തെ സമത്വത്തിലെത്തെത്തിക്കാനുള്ള വഴി കണ്ടെത്തുക എന്നതല്ല മറിച്ച്, അതിലെ അസ്ഥിര ഘടകത്തിന്റെ (variable) മൂല്യം നിർണയിക്കുക എന്നുള്ളതാണ്. ‘തായ്വാൻ ട്രാവലോഗി’ലും അയോമ ചിസുക്കോയുടെ മാനസികവ്യഥയുടെ കാരണം വ്യക്തിബന്ധങ്ങളിൽ അവർ അറിയാതെ പിന്തുടർന്ന അസമത്വങ്ങളാണെന്ന് കണ്ടെത്തുവാൻ മാത്രമേ അവർക്ക് ആകുന്നുള്ളൂ. അവ പരിഹരിച്ച് ബന്ധങ്ങളിൽ സമത്വം നിലനിർത്താൻ അവർക്കാകുന്നില്ല. എന്നിരുന്നാലും സമൂഹത്തിൽ നിലകൊള്ളുന്ന, നിരുപദ്രവമെന്നു തോന്നാവുന്ന അനേകം അസന്തുലിതാവസ്ഥകളിലേക്ക് വിരൽചൂണ്ടാൻ നോവലിനു കഴിയുന്നുണ്ട്.
ചൈനീസ് മാൻഡറിൻ ഭാഷയിൽ എഴുതിയ ‘തായ്വാൻ ട്രാവലോഗി’ന് 2021ൽ ഗോൾഡൻ ട്രൈപോഡ് അവാർഡ് ലഭിച്ചു. ലിൻ കിങ്ങിന്റെ ഇംഗ്ലീഷ് വിവർത്തനം 2024ൽ ഗ്രേവുൾഫ് പ്രസ് പ്രസിദ്ധീകരിച്ചു. 2024 ൽ ഇത് വിവർത്തന സാഹിത്യത്തിനുള്ള യു.എസ് നാഷനൽ ബുക്ക് അവാർഡ് നേടി. ‘രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ മധുരവും കയ്പും നിറഞ്ഞ കഥ പറയുന്ന ‘തായ്വാൻ ട്രാവലോഗ്’ ഭാഷ, ചരിത്രം, അധികാരം എന്നിവയുടെ കലാപരമായ അന്വേഷണംകൂടിയാണ്’ എന്ന വിശേഷണത്തോടുകൂടി ഈ നോവൽ ഇത്തവണത്തെ അന്തർദേശീയ ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
