നിഗൂഢതകളുടെ ആത്മസൗന്ദര്യം

മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, വയലാർ അവാർഡ് ലഭിച്ച, ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിയെ സൂക്ഷ്മ വായനക്ക് വിധേയമാക്കുന്നു. നോവൽ പകരുന്ന നിഗൂഢതകളുടെ സൗന്ദര്യത്തിലൂടെ സഞ്ചരിക്കുന്നു. നിഗൂഢതയുടെ ആന്തരിക സൗന്ദര്യം ആനന്ദഹേതുവായിത്തീരുന്ന ധ്വനിസൗഭഗം മികച്ച കലാസൃഷ്ടികളിൽ കാണാൻ കഴിയും. കലയുടെ മാത്രമല്ല ജീവിതത്തിന്റെയും സൗന്ദര്യഹേതുവായി വർത്തിക്കുന്നത് നിഗൂഢമായ ഈ ആന്തരികതലമാണ്. മാനവികതയുടെ പുറംമോടികളിൽനിന്ന് ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ അപ്രിയ...
Your Subscription Supports Independent Journalism
View Plansമാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, വയലാർ അവാർഡ് ലഭിച്ച, ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിയെ സൂക്ഷ്മ വായനക്ക് വിധേയമാക്കുന്നു. നോവൽ പകരുന്ന നിഗൂഢതകളുടെ സൗന്ദര്യത്തിലൂടെ സഞ്ചരിക്കുന്നു.
നിഗൂഢതയുടെ ആന്തരിക സൗന്ദര്യം ആനന്ദഹേതുവായിത്തീരുന്ന ധ്വനിസൗഭഗം മികച്ച കലാസൃഷ്ടികളിൽ കാണാൻ കഴിയും. കലയുടെ മാത്രമല്ല ജീവിതത്തിന്റെയും സൗന്ദര്യഹേതുവായി വർത്തിക്കുന്നത് നിഗൂഢമായ ഈ ആന്തരികതലമാണ്. മാനവികതയുടെ പുറംമോടികളിൽനിന്ന് ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ അപ്രിയ സത്യങ്ങളുടെ അഴുകുന്ന ജഡങ്ങൾ കണ്ടെത്താൻ കഴിയും. ഒരു സൗന്ദര്യാന്വേഷകൻ എത്തിച്ചേരുന്നത് ജീവിതത്തിന്റെയും കലയുടെയും പ്രഭവബിന്ദുവായി നിലകൊള്ളുന്ന ദുഃഖസൂര്യന്റെ ആത്മശോഭയിലാണ്. ദുഃഖം ആനന്ദമായി മാറുന്ന മാന്ത്രികമായ സൗന്ദര്യപരിണാമം സാഹിത്യസൃഷ്ടികളിൽ മാത്രം സംഭവിക്കുന്ന അപൂർവതയാണ്. ആത്മാവിന്റെ വിഷാദമന്ത്രണങ്ങളെ മാനവികതയുടെ സംഗീതമാക്കി പരിവർത്തിപ്പിക്കാൻ സാഹിത്യത്തിനു മാത്രമേ കഴിയൂ. ജീവിതത്തിന്റെ നഷ്ടസാമ്രാജ്യങ്ങളെ വീണ്ടെടുക്കാനുള്ള ശുഭാപ്തി വിശ്വാസം നൽകാൻ വായനക്ക് കഴിയുന്നത് അതുകൊണ്ടാണ്.
ദുഃഖഹേതുവായ അപ്രിയ സത്യങ്ങളെ ജീവിതത്തിൽനിന്ന് മാറ്റി നിർത്താൻ നാം ശ്രമിക്കുമ്പോൾ ഒരെഴുത്തുകാരൻ അവയെ അഭിമുഖീകരിക്കാനാണ് പരിശീലിപ്പിക്കുന്നത്. നന്മതിന്മകളുടെ ബഹുമുഖ വൈരുധ്യങ്ങൾ ഏറ്റുമുട്ടുന്ന മൂല്യസംഘർഷങ്ങളിൽനിന്നാണ് ഒരു സാഹിത്യകൃതി ഊർജം സംഭരിക്കുന്നത്. തിന്മകളുടെ അഭാവത്തിലല്ല അവയുടെ സത്യസന്ധമായ ചിത്രീകരണത്തിലായിരിക്കും എഴുത്തുകാരന്റെ ശ്രദ്ധ. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ളത് ഒരുതരം കണ്ണുകെട്ടിക്കളിയാണ്. ജീവിതത്തിൽ നാം കാപട്യത്തോടെ ഒളിച്ചുവെക്കുന്നതിനെയെല്ലാം എഴുത്തുകാരൻ പുറത്തെടുക്കുമെങ്കിലും എല്ലാം നേർക്കുനേർ കാട്ടിത്തരാൻ അയാൾ ഉദ്ദേശിക്കുന്നില്ല. ചിലതെല്ലാം വായനക്കാരൻ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യമനസ്സിന്റെ മഹാമൗനങ്ങളിൽനിന്ന് അയാൾ കഥയുടെ ഗോപുരങ്ങൾ പണിതുയർത്തുന്നു. ഇത്തരത്തിൽ മനുഷ്യമനസ്സിന്റെ നിഗൂഢതകളെ കലാപരമായി ചിത്രീകരിക്കുന്നതിൽ വലിയ വിജയം കൈവരിച്ച മികച്ച രചനയാണ് ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ.
ശുഭകരമായ തുടക്കങ്ങളിൽ നിന്നാണ് ശുഭകരമായ പര്യവസാനങ്ങളുമുണ്ടാകുന്നതെന്ന് ഭാരതീയമായ ഗണപതി സങ്കൽപം നമ്മോട് പറയുന്നു. Happy New Year എന്ന പുതുവത്സര ആശംസകളോടെയാണ് സന്തോഷിന്റെ നോവൽ ആരംഭിക്കുന്നത്. സന്തോഷവും ആനന്ദവുമാണ് ഈ നോവൽ വായനക്കാരന് വാഗ്ദാനം ചെയ്യുന്നത് എന്ന് ഇതിൽനിന്ന് കരുതാം. എല്ലാ സാഹിത്യകൃതികളുടെയും പ്രാഥമിക ധർമം അതുതന്നെയാണ്. കുറ്റബോധത്തിൽനിന്നു ജനിക്കുന്ന വിഷാദമാണ് ഈ നോവലിന്റെ ആന്തരികമായ വൈകാരിക ധാരയെങ്കിലും മാനവികതയുടെ ശുഭപര്യവസായിയായ ലക്ഷ്യത്തിലേക്ക് ഈ നോവൽ വായനക്കാരനെ കൈപിടിച്ചുകയറ്റുന്നുണ്ട്.
‘‘മൂടുക ഹൃദന്തമേ മുഗ്ദഭാവന കൊണ്ടീ
മൂക വേദനകളെ മുഴുവൻ മുത്താകട്ടെ’’
എന്ന് കവി ആശംസിക്കുമ്പോൾ എഴുത്തിൽ ദുഃഖങ്ങൾക്ക് സംഭവിക്കുന്ന സുഖപരിണാമത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാ നല്ല സാഹിത്യകൃതികളെയുംപോലെ സന്തോഷിന്റെ നോവലും ചെന്നെത്തുന്നത് മാനവികതയിൽ ഊന്നിയ ഈ ആനന്ദലക്ഷ്യത്തിലേക്കാണ്.
ദേശനിഷ്കാസിതരാകുന്ന അഭയാർഥികളുടെ പലായനജീവിതം പശ്ചാത്തലമാക്കി സ്ത്രീ-പുരുഷ ബന്ധത്തിലെ ദുരൂഹസമസ്യകളെ വികാരനിർഭരമായി ചിത്രീകരിക്കാനാണ് സന്തോഷ് കുമാർ ഈ നോവലിൽ ശ്രമിച്ചിട്ടുള്ളത്. ഭേദിക്കാനാവാത്ത ലോഹലിപികളാൽ എഴുതപ്പെട്ട ഒരു രഹസ്യദ്വീപാണ് ഗോപാൽ ബറുവയുടെ ജീവിതം. ആർക്കും പ്രവേശനം അനുവദിക്കാതെ ചിഹ്നലിപികൾകൊണ്ട് കോട്ട തീർത്ത് അയാൾ തന്റെ രഹസ്യങ്ങളെ സംരക്ഷിച്ചുപോരുന്നു. ചിഹ്നഭാഷയുടെയും അഭയാർഥി ജീവിതത്തിന്റെയും രണ്ട് ആശയരൂപകങ്ങളെ പ്രധാന കഥാപാത്രമായ ഗോപാൽ ബറുവയുടെ കുറ്റബോധത്തിൽ സമന്വയിപ്പിക്കുന്ന ഒരു ത്രിമാനതലം ഈ നോവലിനുണ്ട്.
നോവലിന് ഇത്തരത്തിൽ മൂന്നു കേന്ദ്രഭാവങ്ങളുണ്ട്. ഗോപാൽ ബറുവയുടെ ഭിന്നവ്യക്തിത്വത്തിന്റെ വ്യത്യസ്തതലങ്ങളെ ധ്വനിപ്പിക്കാൻ ഈ നോവൽ ഘടനക്ക് സമർഥമായി കഴിയുന്നു എന്നതാണ് ഈ കൃതിയുടെ രചനാ വിജയം. അഭയാർഥി ജീവിതത്തിന്റെ സാമൂഹിക പശ്ചാത്തലം നോവലിന് ഒരു അന്താരാഷ്ട്ര മാനം നൽകാൻ സഹായിച്ചിട്ടുണ്ട്. പ്രാദേശീയതകളെയും ദേശീയതകളെയും ലംഘിച്ച് ഒരു വിശ്വമാനവനെ സൃഷ്ടിക്കാനുള്ള എഴുത്തുശ്രമം സന്തോഷിന്റെ കൃതികളിൽ പൊതുവായി കാണുന്ന ഒരു സവിശേഷതയാണ്. മനുഷ്യസമൂഹങ്ങളുടെ ബാഹ്യാഭ്യന്തര സംഘർഷങ്ങളാണ് അഭയാർഥികളെ സൃഷ്ടിക്കുന്നത്. വംശീയ ഭിന്നതകളും സങ്കുചിത ദേശീയ താൽപര്യങ്ങളും സൃഷ്ടിക്കുന്ന കലാപങ്ങളും യുദ്ധങ്ങളുമാണ് ഇതിനു കാരണമാകുന്നത്. ചകിതമായ ഈ യുദ്ധസാഹചര്യങ്ങളിൽ ജീവിതം അസാധ്യമാകുമ്പോൾ അഭയം തേടി പലായനം ചെയ്യാൻ മനുഷ്യർ നിർബന്ധിതരാകുന്നു. പ്രകൃതി ദുരന്തങ്ങളും ഇത്തരം ഭയസാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ ‘മാധ്യമം’ ആഴ്ചപ്പതിപ്പിന്റെ കവർ പേജ്
പരസ്പരം വേറിട്ടുനിൽക്കുന്ന നിരവധി ഘടകങ്ങൾ ഒരു നോവലിൽ ഉണ്ടാകും. ശബ്ദവൈവിധ്യങ്ങളെ ഒന്നിച്ചുചേർത്ത് സ്വരലയം സൃഷ്ടിക്കുന്ന സംഗീതജ്ഞനെപ്പോലെ നോവൽ ഘടകങ്ങളെ കൂട്ടിച്ചേർത്ത് നോവലിനെ ആദിമധ്യാന്തപ്പൊരുത്തമുള്ളതാക്കി തീർക്കുമ്പോൾ മാത്രമേ ഒരു നോവലിസ്റ്റ് വിജയിച്ചു എന്നുപറയാൻ കഴിയുകയുള്ളൂ. ചിഹ്നഭാഷയുടെ നിർധാരണവും അഭയാർഥി പ്രശ്നവും ഗോപാൽ ബറുവയുടെ കുറ്റബോധവും സന്തോഷിന്റെ നോവലിലെ വ്യത്യസ്തഘടകങ്ങളാണ്. ഈ ഘടകങ്ങളെ ഒട്ടും മുഴച്ചുനിൽക്കാതെ പരസ്പരം വിലയിപ്പിച്ച് നോവലിന് ഒരു ഏകശിലാസൗന്ദര്യം നൽകാൻ സന്തോഷ് കുമാറിന് കഴിഞ്ഞിട്ടുണ്ട്.
കഥാപാത്ര നിർമിതിയിലും ഒരു നോവലിസ്റ്റ് എന്ന നിലയിൽ സന്തോഷ് കുമാർ തന്റെ മികവ് പ്രകടിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങൾ അവരുടെ നിർജീവമായ കടലാസുജീവിതത്തിൽനിന്ന് പുറത്തുകടക്കുന്നത് വായനക്കാരുടെ മനസ്സിൽ വൈകാരിക ഇടം നേടിയെടുക്കുമ്പോഴാണ്. വായനക്കാരുടെ മനസ്സിന്റെ ദുഃഖവീണയിൽ നേർത്ത നൊമ്പര ശ്രുതികൾ മീട്ടിക്കൊണ്ട് സന്തോഷിന്റെ നോവലിലെ കഥാപാത്രങ്ങൾ മാഞ്ഞുപോകാത്തവണ്ണം അവരുടെ ഹൃദയത്തിൽ ഇടംനേടിയെടുക്കുന്നു. സവിശേഷമായ വിശകലനശ്രദ്ധ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളാണ് തപോമയിയും അയാളുടെ അച്ഛൻ ഗോപാൽ ബറുവയും. പരസ്പരം പ്രതിഫലിപ്പിക്കുന്ന ദർപ്പണ കഥാപാത്രങ്ങളായിട്ടാണ് നോവലിസ്റ്റ് അവരെ സൃഷ്ടിച്ചിട്ടുള്ളത്. ‘തപോമയിയുടെ അച്ഛൻ’ എന്നാണല്ലോ നോവൽ ശീർഷകം. തപോമയിക്കാണോ അച്ഛനാണോ നോവലിൽ കൂടുതൽ പ്രാധാന്യം എന്നൊരു ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ട്. ഗോപാൽ ബറുവയുടെ പേര് ശീർഷകത്തിൽ പ്രതിപാദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത്തരത്തിൽ നോക്കുമ്പോൾ പേര് സൂചിപ്പിച്ചിട്ടുള്ള തപോമയിക്കാണ് പ്രാധാന്യം. തപോമയിയുടെ അച്ഛൻ എന്ന നിലക്കാണ് ഗോപാൽ ബറുവക്ക് അസ്തിത്വമുള്ളത്. എന്നാൽ, മറ്റൊരു വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ തപോമയിയുടെ പുത്രപദവിക്കല്ല ഗോപാൽ ബറുവയുടെ പിതൃപദവിക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്.
പ്രശ്നവത്കരിക്കപ്പെടുന്ന പിതൃ-പുതൃ ബന്ധമാണ് നോവലിന്റെ കേന്ദ്രസ്ഥാനം. പിതാവിന്റെ ജീനുകളുടെ ജൈവികമായ കൈമാറ്റത്തിലൂടെ ഉടലെടുക്കുന്ന ഒന്നാണോ പിതൃ-പുതൃബന്ധം എന്ന നൈതികമായ ചോദ്യത്തിനുള്ള ഉത്തരം ആരാഞ്ഞുകൊണ്ടാണ് നോവലിസ്റ്റ് ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ളതെന്നു കാണാം. അടിസ്ഥാനപരമായി ഗോപാൽ ബറുവ ഒരു നല്ല മനുഷ്യനാണെങ്കിലും ഒരു നിർണായക ഘട്ടത്തിൽ അയാൾക്ക് ഒരു ധാർമികവീഴ്ച സംഭവിക്കുന്നുണ്ട്. ത്യാഗസന്നദ്ധമായ ഒരു കാരുണ്യജീവിതമാണ് തപോമയി തിരഞ്ഞെടുക്കുന്നത് എന്നത് അയാളെ കൂടുതൽ ഔന്നത്യമുള്ള ഒരു കഥാപാത്രമായി പരിവർത്തിപ്പിക്കുന്നുണ്ട്. നോവലിസ്റ്റിന്റെ ശാരീരിക വിവരണങ്ങളിൽ തപോമയിയുടെ ഉയരത്തിനു നൽകിയിട്ടുള്ള പ്രാധാന്യം പ്രതീകാത്മകമല്ലേ എന്ന് ന്യായമായും തോന്നാവുന്ന സന്ദർഭമാണിത്. ഗോപാൽ ബറുവയുടെ കുറവുകളെ പൂരിപ്പിക്കുകയാണ് തപോമയിയുടെ ജീവനദൗത്യം. കേവലമായ ഒരു പുത്രപദവിയിൽനിന്ന് മോചനം നേടി അഭയാർഥികൾക്കുവേണ്ടി തന്റെ ജീവിതം നീക്കിവെക്കുന്നതിലൂടെ കാരുണ്യപൂർണമായ ഒരു സാമൂഹിക പദവി അയാൾ നേടിയെടുക്കുന്നുണ്ട്.

‘‘ബന്ധുകളർത്ഥഗൃഹ പുത്രാദിജന്മമതിൽ
വർത്തിച്ചുനിന്നുലകിൽ നിൻ തത്വമോർക്കിലുമി-
തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ പുന-
രെന്നാക്കിടൊല്ല’’ എന്ന ഹരിനാമകീർത്തനത്തിലെ വരികൾ, എന്റേത് എന്ന സങ്കുചിതബോധം എങ്ങനെ ഈശ്വര സാക്ഷാത്കാരത്തിന് തടസ്സമായി നിൽക്കുന്നു എന്ന് വിവരിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. ഈശ്വര സാക്ഷാത്കാരം എന്നതുപോലും സങ്കുചിതമായ ഒരു സ്വാർഥബോധമാണ്. ഒരു നല്ല മനുഷ്യനായിത്തീരുക എന്നതാണ് പ്രധാനം. എന്റെ മക്കൾ എന്ന സ്വാർഥബോധമാണ് ധൃതരാഷ്ട്രരെ അന്ധനാക്കിത്തീർക്കുന്നത് എന്ന് മഹാഭാരത കഥ നമ്മോട് പറഞ്ഞിട്ടുള്ളതാണല്ലോ.
കുടുംബം, ജാതി, മതം, ദേശം, ഭാഷ, ലിംഗം തുടങ്ങിയ എല്ലാ സങ്കുചിതത്വങ്ങളും ഉപേക്ഷിക്കുമ്പോഴേ ഒരാൾ നല്ല മനുഷ്യനാകൂ. സ്നേഹം ഒരു വിമോചന പദവിയാണ് ഈ നോവലിൽ. രക്തബന്ധം സ്നേഹത്തിന്റെ സാക്ഷ്യപത്രമാകണമെന്നില്ല. അന്യരക്തത്തിൽ പിറന്ന തപോമയിയെ ഒരച്ഛന്റെ സ്നേഹപൂർണതയോടെ മകനായി സ്വീകരിക്കാൻ തയാറാകുന്ന ഗോപാൽ ബറുവ തന്റെ വീഴ്ചകളിൽനിന്ന് ഒരു സൂര്യനെപ്പോലെ ഉദിച്ചുയരുന്നുണ്ട് നോവലിൽ. രക്തബന്ധം എന്ന സ്വാർഥബോധം ഒരു അഴുക്കുചാലായി മാറുന്നത് വംശീയ കലാപങ്ങളിലും സംഘർഷങ്ങളിലും നാം കണ്ടുവരുന്ന അടിസ്ഥാന യാഥാർഥ്യമാണ്. ഈ വംശീയ ബോധങ്ങളിൽനിന്നാണ് അഭയാർഥികൾ സൃഷ്ടിക്കപ്പെടുന്നത്. അന്യരക്തത്തിൽ പിറന്ന അപരനെ സ്നേഹ ശുശ്രൂഷകളിലൂടെ ഹൃദയത്തിന്റെ അയൽവാസിയായി സ്വീകരിക്കാൻ കഴിയുമ്പോഴേ ഒരാൾക്ക് നല്ല സമരിയക്കാരനാകാൻ സാധിക്കൂ എന്ന ബൈബിൾ പാഠം ഇവിടെ സ്മരണീയമാണ്.
നോവൽ ശീർഷകത്തിൽ പുരുഷ കഥാപാത്രങ്ങളായ തപോമയിക്കും ഗോപാൽ ബറുവക്കും നൽകിയിരിക്കുന്ന പ്രാധാന്യത്തിലൂടെ പുരുഷന്റെ ലിംഗപദവിയെ ഉയർത്തി പ്രതിഷ്ഠിക്കാനാണോ നോവലിസ്റ്റ് ശ്രമിക്കുന്നതെന്നു സംശയം തോന്നാം. എന്നാൽ, നോവലിന്റെ അന്തർ മണ്ഡപത്തിൽ ഏറ്റവും മിഴിവാർന്ന കഥാപാത്രമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് സുമന എന്ന സ്ത്രീ കഥാപാത്രമാണ് എന്നത് ഇതൊരു പുരുഷ കേന്ദ്രീകൃത നോവലല്ല എന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്. സ്ത്രീ മനസ്സിന്റെ ആഴനദിയിലേക്ക് ഒരു മനോവിശകലന വിശാരദനെപ്പോലെ ഊളിയിട്ടിറങ്ങുന്ന നോവലിസ്റ്റ് കാലം മിനുക്കിയെടുത്ത പെൺമനസ്സിന്റെ നന്മകളുടെ സാളഗ്രാമങ്ങളെ പുറത്തെടുത്ത് പ്രദർശിപ്പിക്കുന്നു. പ്രണയത്തിന്റെ പൂർവാശ്രമത്തിൽനിന്ന് ഗാർഹസ്ഥ്യത്തിന്റെ ഭാര്യാപദവിയിലേക്ക് വന്നെത്തുമ്പോൾ സുമനയിലും വലിയൊരു സ്നേഹപരിവർത്തനം സംഭവിക്കുന്നുണ്ട്. സുമനക്ക് ഗോപാലിനെയായിരുന്നു ഇഷ്ടം.
എന്നാൽ, ശ്യാമൾ ദായെ ഭർത്താവായി സ്വീകരിക്കാൻ അവൾ നിർബന്ധിതയായിത്തീരുന്നു. തുടക്കത്തിൽ അവൾക്ക് അയാളോട് വെറുപ്പായിരുന്നു. അയാളുടെ മുഷിഞ്ഞ വിയർപ്പു മണക്കുന്ന ഉടുപ്പുകൾ, ഏന്തിവലിഞ്ഞ് ഒപ്പമെത്താനുള്ള നടപ്പ്, മുടന്തുന്ന വാക്കുകൾ, ഒരു കിഴവന്റെ ഛായ ഇവയൊന്നും അവൾക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ, പിന്നീട് എപ്പോഴൊക്കെയോ അയാളുടെ മനസ്സിന്റെ പരിമളം ഒരു ഭാര്യ എന്ന നിലയിൽ അവളെ അയാളുമായി ദൃഢമായി ബന്ധിപ്പിക്കുന്നതാണ് നാം കാണുന്നത്. പാതിവ്രത്യം എന്ന പുരുഷസങ്കൽപത്തെ ഉയർത്തിക്കാട്ടാനല്ല സുമന എന്ന കഥാപാത്രസൃഷ്ടിയിലൂടെ നോവലിസ്റ്റ് ശ്രമിക്കുന്നതെന്ന് എടുത്തുപറയേണ്ടതുണ്ട്. സ്ത്രീ മനസ്സിന്റെ നന്മയുടെ പ്രതിഫലനം എന്ന നിലയിലാണ് സുമനയുടെ മനസ്സിന്റെ പരിവർത്തനത്തെ കാണേണ്ടത്. അങ്ങനെ സുമന നോവലിലെ കേന്ദ്ര കഥാപാത്രങ്ങളായ തപോമയിയെയും ഗോപാൽ ബറുവയെയും മറികടന്ന് നോവലിലെ പ്രകാശസ്ഥാനമായി മാറുന്നു.

ഈ നോവലിലെ മറ്റൊരു നക്ഷത്രത്തിളക്കം ഡോ. തപസ്സ് സർക്കാർ എന്ന കഥാപാത്രമാണ്. ഡോക്ടറും ഗോപാൽ ബറുവയുമായുള്ള ആത്മബന്ധം എത്രമാത്രം ചാരുതയോടെയാണ് നോവലിസ്റ്റ് ആവിഷ്കരിച്ചിരിക്കുന്നത്! പരസ്പരം തർക്കിച്ചും പിണങ്ങിയും പരിഹാസവാക്കുകൾ പറഞ്ഞും പതുക്കെ പതുക്കെ ആ മഹാസൗഹൃദം പടർന്നുപന്തലിക്കുകയാണ്. സൗഹൃദം എന്നത് സ്നേഹിക്കാൻ മാത്രമുള്ള ഒരിടമല്ലെന്നും വിയോജിക്കാനും തർക്കിക്കാനുമുള്ള ഇടംകൂടി അതിൽ ഉണ്ടെന്നും നോവലിസ്റ്റ് വരച്ചുകാട്ടുമ്പോൾ സ്നേഹത്തിന്റെ നിർവചനങ്ങൾക്ക് വ്യാപ്തിയും ആഴവും വർധിക്കുന്നുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തെ ബലപ്പെടുത്തുന്നത് എന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാടാണ് ഈ കഥാപാത്രങ്ങളിലൂടെ വെളിപ്പെട്ടുവരുന്നത്. വൈകാരികതയും സാമൂഹികതയും ഒത്തുചേരുന്ന ഈ നോവൽ മലയാള സാഹിത്യത്തിന് തീർച്ചയായും ഒരു മുതൽക്കൂട്ടാണ്.
