പ്രത്യാശയുടെ കവിതകൾ

മലയാള കവിതയുടെ ഭാവുകത്വത്തിൽ പുതുകവിത വലിയ വിച്ഛേദമാണുണ്ടാക്കിയത്. ആധുനികത സൃഷ്ടിച്ച ദുർഗ്രഹ ബിംബാവലികളുടെ അടയാഭരണങ്ങൾ ഊരിയെറിഞ്ഞ് അവ വായനക്കാരനോടൊട്ടി നിൽക്കുന്നു. പുതുകവിതയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പാരായണക്ഷമതയാണ്. അവ നമ്മെ വായിപ്പിക്കുക തന്നെ ചെയ്യും. കവിത വായനക്കാരനെ പിന്തുടരും. രാജീവ് പെരുമൺപുറയുടെ ‘വെയിലത്ത് ഉണങ്ങുന്ന കവിതകൾ’ എന്ന കവിതാ സമാഹാരം അത്തരത്തിൽ ഒന്നാണ്. രാജീവിന്റെ കവിതകൾ ദുർഗ്രഹങ്ങളല്ല. എന്നാലവ അത്ര ലളിതവുമല്ല.
മാനവജീവിതത്തിന്റെ ധമനികളിൽ ജീർണത ബാധിക്കുമ്പോൾ പുഴുക്കുത്തുകൾ ഉന്മൂലനംചെയ്യാൻ ഒരു കവി ജനിക്കുകതന്നെ ചെയ്യും. നെറികെട്ട കാലത്തോട് അയാളുടെ തൂലിക പോരാടും. കേസരി വിഷംതീനികളായി കവികളെ കണ്ടത് മറ്റൊന്നും കൊണ്ടല്ല. വെയിലത്ത് ഉണങ്ങുന്ന കവിതകളിലെ രചനകളേറെയും കെട്ടകാലത്തോട് നിശിതമായി കലഹിക്കുന്നവയാണ്. സൂക്ഷ്മരാഷ്ട്രീയധ്വനികളാണ് ഈ കവിതകളുടെ അന്തർധാര. അവതാരികയിൽ കവി. ഡോ. സി. രാവുണ്ണി സമരോത്സുകമായ ഒരു കാലത്തിന്റെ അക്ഷരസാക്ഷ്യമായാണ് ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. തന്റെ ‘തെരഞ്ഞെടുപ്പ്’ എന്ന കവിതയിലൂടെ രാജീവ് ഫാഷിസത്തിന്റെയും അപര വിദ്വേഷത്തിന്റെയും പുതിയകാലത്തിനെ വിചാരണ ചെയ്യുന്നു.
കവിയെഴുതുന്നു, ‘മറവി ദേശീയരോഗമാണ്. ഓർമയുടെ തീക്കാറ്റ് കൊള്ളിച്ച് കരിച്ചില്ലെങ്കിൽ പതിയെപ്പതിയെ നമ്മെ കൊന്നുകളയും.’ ഒറ്റുകാരും കപട സ്നേഹിതരും കുതികാൽവെട്ടുകാരും ചുറ്റുംനിന്ന് ഒളിയമ്പെയ്യുമ്പോൾ കണ്ണുകളിൽ നിശ്ചയദാർഢ്യത്തോടെ അക്ഷോഭ്യനായി നിൽക്കുന്ന ഒരു നേതാവ് ‘കപ്പിത്താൻ’ എന്ന കവിതയിലുണ്ട്. ആ കപ്പിത്താൻ തകരുന്ന കപ്പലിൽനിന്ന് അവസാനം മാത്രം രക്ഷപ്പെടുന്ന, യാത്രികരുടെ ആന്തലുകൾക്കാശ്വാസമേകുന്ന ഉത്തമനായ നാവികനാണ്. പലതലങ്ങളിൽ വായിച്ചെടുക്കാൻ കഴിയുന്ന മികച്ച രാഷ്ട്രീയ കവിതയാണിത്. കർഷകന്റെ ചോര, ചോര ചിന്തിയ തെരുവിൽ കരളുകൊണ്ടെഴുതിയ കവിതയാണ്. ഗുരുദ്വാരയിൽനിന്ന് വരുന്ന വെടിയുണ്ട കടുകുപാടങ്ങളിൽ വറവുമണം പടർത്തുന്നത് ഈ കവിതയിൽ കാണാം.
‘സർവനാശം’ എന്ന കവിതയിലെത്തുമ്പോൾ ‘ഒന്നുതന്നല്ലയോ ഞാനുമീ കാടുമീയണ്ഡകടാഹവു’മെന്ന വിനയചന്ദ്രന്റെ ദർശനംപോലെ നാം ധ്യാനാത്മകമായൊരു അവസ്ഥയിലെത്തുന്നു. ‘ചിറക് കരിഞ്ഞൊരു പറവ കരഞ്ഞു എവിടെപ്പോയെൻ മാമരമെല്ലാം...’ - ഈ ഒരു വിലാപം രാജീവിന്റെ ഒട്ടനേകം കവിതകളിൽ മുഴങ്ങുന്നുണ്ട്. നഗര-ഗ്രാമ ദ്വന്ദ്വം പല കവിതകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. നന്മയുടെ വിളനിലമായ ഒരു ഗ്രാമം രാജീവിന്റെ കവിതകളിലെല്ലാമുണ്ട്. മറിയാമ്മയും തങ്കമണിയും ശാരദയും മറ്റും ഈ നാട്ടുനന്മകളുടെ ദീപശിഖയേന്തിയവരാണ്. ചുറ്റും മതിലുകൾ പണിയുന്ന പുതിയകാലത്തിന് പ്രതിരോധിക്കാൻ ഇവർക്കാവുമെന്ന് കവി വിശ്വസിക്കുന്നു. മനുഷ്യനിൽനിന്നില്ലാതാവുന്ന നന്മയും മാനവികതയുമെല്ലാം ഈ കവിയെ പൊറുതികേടിലാക്കുന്നുണ്ട്. അനീതിക്കു നേരെ പ്രതിഷേധസ്വരമുയർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഉത്തമബോധ്യമുണ്ട് ഈ കവിക്ക്. ‘ചെരുപ്പ്’ എന്ന കവിതയിൽ കൊള്ളരുതായ്മയുടെ മുഖത്തേക്കെറിയുവാൻ ഒരു രൂപകമായി കാലിൽ കിടന്ന് ഞരങ്ങുന്ന ചെരുപ്പുകളെ അവതരിപ്പിക്കുന്നുണ്ട്. ജീവിതാനുഭവങ്ങളുടെ മുൾവേലിയിൽനിന്ന് ചോരയിറ്റുന്ന ജീവിതം പല കവിതകളിലുമുണ്ട്. അതുകൊണ്ടുതന്നെയാവാം ‘എന്റെ കവിത’ എന്ന രചനയിൽ കവി ഇങ്ങനെ എഴുതിയത്:
‘പരാജയപ്പെട്ടവന്റെ പിടച്ചിൽ
പരാജയപ്പെടാൻ കൂട്ടാക്കാത്തവന്റെ കുതറൽ
കടന്നൽകുത്തേറ്റ ഹൃദയത്തിന്റെ നീറ്റൽ
എന്റെ കവിത’
‘പുളകം’ എന്ന കവിത കെ.ഇ.എന്നുമായുള്ള സൗഹൃദത്തിൽനിന്ന് രൂപപ്പെട്ട കവിതയാണ്. അപരസ്നേഹം ലഹരിയായി കാണുന്ന, ചൂടും തണുപ്പും തന്ന് സ്നേഹത്താൽ വാരിപ്പുണരുന്ന, ദൃഢ സൗഹൃദത്തിന്റെ അക്ഷരസാക്ഷ്യമാണത്.
‘യാത്രാമൊഴി ചൊല്ലി പിരിയുമ്പോൾ
ഒരു സൂര്യകാന്തിപ്പൂവ് പിന്നിൽനിന്ന് കൈ വീശിച്ചിരിക്കും.’ എന്ന മനോഹരമായ ബിംബമുള്ള ഈ രചന ആറ്റൂരിന്റെ ‘മേഘരൂപൻ’ പോലെ ചുള്ളിക്കാടിന്റെ ‘എവിടെ ജോൺ’പോലെ ഒരു എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരന് നൽകുന്ന അനർഘസമ്മാനമാണ്.
സ്ഥൂലത്തെ സൂക്ഷ്മത്തിലേക്ക് ഒതുക്കിവെക്കുന്ന, ശിൽപഭംഗിയുള്ള ഒട്ടേറെ രചനകൾ ഈ സമാഹാരത്തിലുണ്ട്. ഒരു മഞ്ഞുതുള്ളിയിൽ പ്രപഞ്ചത്തെയാകെ കാട്ടിത്തരുന്നുണ്ട് അവ. ഈ ന്യൂനോക്തി കവിതയെ കൂടുതൽ സുന്ദരമാക്കുന്നു. ഹ്രസ്വമായിരിക്കുമ്പോഴും അവ ശക്തവും തീക്ഷ്ണവുമായ ഏറുപടക്കങ്ങളായി മാറുന്നു. ലഘു നിബദ്ധമാവുമ്പോൾതന്നെ അവ തീക്ഷ്ണമാണ്. തെലുഗുവിൽ ദിഗംബര കവിതകൾ എന്നപേരിലും മലയാളത്തിൽ നഗ്നകവിതകൾ എന്ന പേരിലും അവ വായനക്കാരെ ഏറെ ആകർഷിക്കുന്നുണ്ട്. ആറ്റിക്കുറുക്കിയ ഇത്തരം രചനകളാണ് ആത്മം, തീപ്പെട്ടി, കുടിലത, യഥാവിധി, ഉൺമ എന്നിവ.
കവിത എന്ന രചന ഇങ്ങനെയാണ്:
‘കാടിനു മുകളിൽ വീഴുന്ന
സൂര്യവെളിച്ചം
ചിലത്
ഇലകളിൽ
ചിലത്
മരത്തിൽ
ചിലത് മാത്രം
മണ്ണിൽ’
ചാരത്തിരിക്കുവാൻ ആരുവരുമെന്ന് തുറന്നിട്ട വാതിലിൻ ശൂന്യതയിൽ കൺപാർത്തു കിടക്കുന്ന കിടപ്പു രോഗിയുടെ മായാത്ത ചിത്രം വരക്കുന്ന ‘കിടപ്പുരോഗി’ എന്ന കവിത ഈ സമാഹാരത്തിലെ മിഴിവുറ്റ രചനയാണ്.
കവിതകളെല്ലാം വ്യത്യസ്തമെങ്കിലും അവക്കെല്ലാം ഒരു ആന്തരിക താളമുണ്ട്. ഈ താളംതന്നെയാണ് ഈ കവിതകളുടെ മറ്റൊരു സവിശേഷത. ‘വെയിലത്ത് ഉണങ്ങുന്ന കവിതകളി’ലെ ഏറ്റവും വലിയ പ്രത്യേകത അവ ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണുന്നു എന്നതാണ്. മാനുഷികതയുടെ വീണ്ടെടുപ്പിന്റെ കവിതകളാണിത്. ഈ പ്രത്യാശ വായനക്കാരനിൽ എത്തേണ്ടതുണ്ട്.
