Begin typing your search above and press return to search.
proflie-avatar
Login

എം.ടി: കാലത്തെ മറികടന്ന സുകൃതം

എം.ടി: കാലത്തെ മറികടന്ന സുകൃതം
cancel

മലയാളത്തിലെ സർഗവസന്തമാണ് എം.ടി. വാസുദേവൻ നായർ. തന്റെ മാന്ത്രിക വിരൽ സ്പർശംകൊണ്ട് തൊട്ടതെല്ലാം മാണിക്യമാക്കാൻ കഴിഞ്ഞ അതുല്യ പ്രതിഭ. സ്ഫടികതയോലുന്ന വാക്കുകൾ കൊണ്ടും കാരുണ്യം കിനിയുന്ന ആഖ്യാനരീതി കൊണ്ടും തന്റെ വിചാര ലോകങ്ങളെ അവാച്യമായ അനുഭൂതിയായി ആസ്വാദകർക്ക് നേദിച്ച മലയാളത്തിലെ എഴുത്തുകാരൻ. എഴുത്തിൽ അദ്ദേഹം കൈവെക്കാത്ത മണ്ഡലങ്ങളില്ല. നോവൽ, തിരക്കഥ, യാത്ര, ഗാനമെഴുത്ത്, ചലച്ചിത്രം, പത്രാധിപത്യം, തിരക്കഥ തുടങ്ങി സർവസർഗാത്മക സപര്യകളിലും ആവുംവിധം സമ്പൂർത്തിയിൽ എത്തിയതാണ് ഈ കൂടല്ലൂരുകാരന്റെ ജീവിതം. അതുകൊണ്ടാവും ബഷീറിനുശേഷം മലയാളികൾ എം.ടിയോളം ആശ്ലേഷിച്ച എഴുത്തുകാരൻ വേറെയില്ലാതെ പോയത്. എം.ടിയുടെ രചനാലോകത്തെ പ്രതിഭ നാനാപ്രകാരങ്ങളിൽ നിരീക്ഷിക്കാൻ ശ്രമിച്ച നിരവധി പുസ്തകങ്ങൾ ഇന്ന് കമ്പോളത്തിൽ ലഭ്യമാവുന്നതും വെറുതെയല്ല. ഈ തരത്തിൽ എം.ടി പ്രതിഭയെ മൗലികതയിൽ അന്വേഷിക്കുന്ന ഒരപൂർവ പഠന സമാഹാരമാണ് ദുബൈ ചിരന്തനയും കോഴിക്കോട് ബുക്ക് പ്രിന്റും സംയുക്തമായി പ്രസിദ്ധീകരിച്ച ‘എം.ടി. കാലത്തിന്റെ സുകൃതം’.

സമാഹാരത്തിന്റെ ആദ്യഭാഗം എം.ടി. വാസുദേവൻ നായരുടെ നോവലുകളും ചെറുകഥകളും വിശദമായി വിശകലനത്തിന് വെക്കുന്നതാണ്. ഇതിൽ ഏറ്റവും മൗലികതയുള്ള പഠനം കെ.പി. രാമനുണ്ണിയുടെ ‘വിജയസാരഥി’ എന്ന പ്രൗഢപ്രബന്ധമാണ്. കാലസ്പന്ദം ശരിക്കും പിടിച്ചെടുക്കാനായതിനാലാണ് നവോത്ഥാന കൃതികളിൽ നിന്ന് ആധുനികവാദ കൃതികളിലേക്കുള്ള ഒരു വിപുലപാലമായി എം.ടിയുടെ എഴുത്തുകൾക്ക് സ്ഥായീത്വം ലഭിച്ചതെന്നാണ് രാമനുണ്ണി സമർഥിക്കുന്നത്. ആധുനിക സാഹിത്യത്തിൽ കാലാകാലങ്ങളിൽ വരുന്ന ഭാവുകത്വ പരിണാമങ്ങൾ ഏറ്റവും സ്വാഭാവികമായി മനസ്സിലാക്കാനും അതിലൊക്കെയും ധിമിക്കുന്ന പ്രവണതകൾ എഴുത്തിൽ പ്രയോഗിക്കാനുള്ള വൈഭവം കാണിച്ചതും എം.ടിയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

എം.ടിയുടെ ആത്മസുഹൃത്തും സഹചാരിയുമായ എം.എൻ. കാരശ്ശേരിയുടെ പ്രബന്ധം സംസാരിക്കുന്നത് പക്ഷേ, അദ്ദേഹത്തിശന്റ ഒരു പരഭാഗ ജീവിത വിശേഷമാണ്. എം.ടിയുടെ വ്യക്തിസത്തയുടെ സൂക്ഷ്മ വിശേഷങ്ങളാണ് കാരശ്ശേരി ഇതിൽ മിഴിവാക്കുന്നത്. നമ്മൾ പൊതുവേ പുറത്തുകാണുന്ന എം.ടി ചിരിക്കാത്ത, അപരസൗഹൃദം പ്രകടിപ്പിക്കാത്ത, മനസ്സ് തുറക്കാത്ത, ഒന്നും വിട്ടുപറയാത്ത ഒരു പരുക്കനായാണ്. എന്നാൽ, ഈ ബോധ്യങ്ങളെ ആകെ അട്ടിമറിക്കുന്നതാണ് കാരശ്ശേരിയുടെ എഴുത്ത്. തന്റെ ദീർഘ പ്രബന്ധത്തിൽ ആത്മസുഹൃത്തിനെ കരുണാർദ്രനായ ഒരു കാരണവരായി, തുരുതുരാ വർത്തമാനം പറയുന്ന ഒരു സംസാര പ്രിയനായി, കരിങ്കൽ പാളിക്കകത്തും ആർദ്രതയുടെ കന്മദം സൂക്ഷിക്കുന്ന ഉദാരനായി, ആരോടും ആരെപ്പറ്റിയും ദൂഷ്യം പറയാത്ത സൽസ്വഭാവിയായി, ഒരുപാട് എഴുതിയിട്ടും അപരപ്രിയം കൊണ്ട് മാത്രം ബോധപൂർവം ആത്മകഥ എഴുതാതെ ബാക്കിവെച്ച ഒരാളായി എം.ടിയെ കണ്ടെടുക്കുകയാണ്. ഈ ഭാഗം വായിക്കുമ്പോഴാണ് നാം സ്തബ്ധരാവുക. കാരശ്ശേരിയുടെ കണക്കിൽ ഇതാണ് സത്യത്തിലുള്ള എം. ടി. നാം കാണുന്നതോ എം.ടി ബോധപൂർവം പുറത്തുമാത്രം എടുക്കുന്ന മൂടുപടമിട്ട എം.ടി.

എം.ടിയുടെ വിശ്രുത രചനകളായ കുട്ട്യേട്ടത്തി, നാലുകെട്ട് എന്നിവയെ മുൻനിർത്തി കെ.ഇ.എന്നും ആശാലതയും ആലങ്കോട് ലീലാകൃഷ്ണനും നടത്തുന്ന വിപുലമായ പഠനങ്ങൾ ഈ സമാഹാരത്തിന്റെ മറ്റൊരു സവിശേഷതയാണ്. അതുപോലെ എം.ടിയുടെ കലയും കാലവും എന്ന മറ്റൊരു ശീർഷകം മനോജ് കുറൂറിന്റേതായി സമാഹരത്തിലുണ്ട്. ഇതും ഗംഭീരമായൊരു എം.ടി ഖനനമാണ്. മികച്ച സഞ്ചാരസാഹിത്യകാരനാണല്ലോ വാസുദേവൻ നായർ. ആ ഭാഗമാണ് മാങ്ങാട് രത്നാകരൻ അന്വയിക്കുന്നത്. തന്റെ കഥകളിൽ എന്ന പോലെ വികാരങ്ങളെ വായനക്കാരിലേക്ക് പകർത്തുന്ന സവിശേഷ രചനയാണ് എം.ടിയുടെ യാത്രയെഴുത്തും. അതിൽ സ്ഥലവിവരണങ്ങളുടെ സ്ഥൂലതയില്ല. കേവല കാഴ്ചയുടെ കുടമാറ്റങ്ങളുമില്ല. എന്നെ കണ്ട നാടും നഗരങ്ങളും ഇല്ല. മറിച്ച് യാത്രികൻ കണ്ട സാധാരണ മനുഷ്യർ മാത്രം. അവരുടെ ജീവിതാവസ്ഥകൾ, ഏകാന്തതയും വിഷാദ ഭാവങ്ങളും. ഒരു സഞ്ചാരി എന്ന നിലയിൽ വൈക്കം മുഹമ്മദ് ബഷീറിനും പൊറ്റെക്കാടിനും ഇടയിലാണ് എം.ടിയെ സ്ഥാനപ്പെടുത്തേണ്ടതെന്നാണ് രത്നാകരൻ പറയുന്നത്. ഏകാന്തതയും വിഷാദവും തന്റെ യാത്രയിൽ നിക്ഷേപിച്ച എഴുത്തുകാരനാണ് എം.ടി. മാങ്ങാട് രത്നാകരൻ പുസ്തകത്തിൽ അവതരിപ്പിക്കുന്ന യാത്രികനായ എം.ടി, സമാഹാരത്തിലെ ഏറ്റവും ചാരുതയുള്ള വായനാഭാഗമാണ്.

എം.ടിയുടെ ചലച്ചിത്ര ജീവിത പ്രകാരങ്ങളെ ചലച്ചിത്രകാരനും ഡയറക്ടറുമായ ഹരിഹരനും ഒ.കെ. ജോണിയും എ. ചന്ദ്രശേഖരനും പുസ്തകത്തിൽ വിശദമായി അന്വേഷിക്കുന്നുണ്ട്. സിനിമയിലെ എഴുത്തിലും സംഭാഷണ പൂർണിമയിലും നിർമാണത്തികവിലും ഛായാഗ്രഹണത്തിലും തിരക്കഥാ രചനയിലും ഗാനങ്ങളിൽപോലും എങ്ങനെയാണ് ഭാവനാകുമാരനായ എം.ടി കൈവെച്ച് വിജയിപ്പിക്കുന്നതെന്നതാണ് ഇവരുടെ അന്വേഷണം. ഈയൊരു ഭാവുകത്വപൂർണതക്കായി എം.ടിയിലെ പ്രതിഭ എന്തുമാത്രം ക്ലേശം സഹിച്ചുവെന്നത് ഇവരുടെ ലേഖനങ്ങൾ നമ്മോട് പറയുന്നു. പുസ്തകത്തിൽ കെ.സി. നാരായണൻ എഴുതുന്നത് എം.ടിയിലെ പത്രാധിപരെ പറ്റിയാണ്. അത്രമേൽ സമകാലികനായ പത്രാധിപരായിരുന്നു എം.ടി എന്നത് നിരവധി അനുഭവങ്ങളെ മുൻനിർത്തിയാണ് സഹപ്രവർത്തകൻ കൂടിയായ കെ.സി പുസ്തകത്തിൽ അന്വേഷിക്കുന്നത്. ആവിഷ്കാരങ്ങളിൽ പൂർണത എന്നത് എം.ടിയുടെ ശാഠ്യമായിരുന്നു. അതിനായി ആ മനുഷ്യൻ സ്വയം ബലിയായത് ഏറെ ഉദ്വേഗത്തോടെ വായിക്കുമ്പോൾ നാം എം.ടിയിലെ പത്രാധിപർക്കുമുന്നിൽ നമിച്ചുനിൽക്കുന്നതായി അനുഭവപ്പെടും. സി. രാധാകൃഷ്ണൻ, ജയമോഹൻ, സക്കറിയ, കെ.ആർ. മീര, എൻ.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയ എഴുത്തുകാരുടെ പഠനങ്ങളും ഈ സമാഹാരം ഉൾക്കൊള്ളുന്നു. അങ്ങനെ എം.ടി. വാസുദേവൻനായർ നമുക്കിടയിൽ കഴിഞ്ഞ കാലത്തെയും ജീവിതത്തെയും, പിന്തുടർന്ന സാംസ്കാരിക ഭാവനകളെയും അവയുടെ മുദ്രകളെയും പ്രാതിനിധ്യ സ്വഭാവത്തോടെ ക്രമീകരിച്ചിട്ടുള്ള ഒരു സമീകൃത സമാഹാരമാണീ പുസ്തകം. എം.ടിയെക്കുറിച്ച ഓർമകൾ, സാഹിത്യ വിശകലനങ്ങൾ, ചലച്ചിത്ര പഠനങ്ങൾ, പത്രാധിപത്യം, സാംസ്കാരിക സ്ഥാപനങ്ങളുടെ സംഘാടനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ എന്നിങ്ങനെ ആറ് ഉപശീർഷകങ്ങളിൽ സമർഥമായി അടുക്കിയ ഈ കൃതി, നവോത്ഥാനന്തര കേരളത്തെ സർഗാത്മകമായി മുന്നോട്ടുനയിച്ച ഒരു മഹാജീവിതത്തെ നമുക്കുമുന്നിൽ അനാവൃതമാക്കുന്നു. 240ലേറെ താളുകളിലേക്ക് വിടരുന്ന ‘എം.ടി. കാലത്തിന്റെ സുകൃതം’ വായനാക്ഷമതയുള്ള സമാഹാരം എഡിറ്റ് ചെയ്തത് ഡോ. ഉമർ തറമേൽ ആണ്.

.

Show More expand_more
News Summary - MT: Sukritam, who transcended time