മലയാള സിനിമയിലെ പെണ്ണനുഭവങ്ങൾ
camera_altപെൺതിര
പഠനം
ഡോ. അനു പാപ്പച്ചൻ
മാതൃഭൂമി ബുക്സ്
‘മൂലധന താൽപര്യങ്ങൾക്കൊപ്പം, കലയുടെ മറവിൽ ഒരുക്കപ്പെടുന്ന ആൺ കാമനകളുടെ സമ്മർദങ്ങളും തന്ത്രങ്ങളും എതിരിട്ടും സഹിച്ചുംതന്നെയാണ് അക്കാലത്തും ഈ പെണ്ണുങ്ങൾ ഉയർന്നുപൊങ്ങിയത്’ -ഡോ. അനു പാപ്പച്ചന്റെ ‘പെൺതിര’ എന്ന പുസ്തകത്തിലെ വാക്കുകളാണിത്. മലയാള സിനിമാ സമുദ്രത്തിൽ അഭിനയങ്ങളുടെയും അനുഭവങ്ങളുടെയും തിരയിളക്കിയ ഒരുപറ്റം സ്ത്രീകളുടെ നേർചിത്രങ്ങൾ പങ്കുവെക്കുന്ന ചരിത്രമെഴുത്ത്. മലയാള സിനിമാ തിരശ്ശീലയിൽ ആദ്യ നാലു ദശകങ്ങളിൽ പതിഞ്ഞ സ്ത്രീ മുഖങ്ങളാണ് ഈ പുസ്തകത്തിൽ. ആദ്യ നായിക പി.കെ. റോസി മുതൽ ചെമ്പരത്തി ശോഭന വരെയുള്ളവർ. അനേകർ ഇനിയും ഈ പുസ്തകപ്പടിക്ക് പുറത്തുനിൽക്കുന്നു, അടുത്ത പ്രവേശന ഊഴത്തിനായി.
മലയാള ആദ്യ സിനിമയിൽ ഭാഗമായ ഓരോരുത്തരുടെയും വിയർപ്പിൽ തെളിഞ്ഞ വിഗതകുമാരന്റെ ഒറ്റ ഫ്രെയിം പോലുമവശേഷിപ്പിക്കാത്ത നിയതിയുടെ നിശ്ചയത്തിൽ മറഞ്ഞുപോയ തിരപ്പെണ്ണാണ് റോസി യെന്ന് എഴുത്തുകാരി നിരീക്ഷിക്കുന്നു. സവർണതയുടെ രക്ഷാകർതൃത്വത്തിൽ എഴുതപ്പെട്ട ചരിത്രപുസ്തകങ്ങളിൽ വിത്തും വേരുമില്ലാതെ അന്ധകാരത്തിലേക്ക് ചിതറി തെറിച്ചുപോയ പെണ്ണ്! നന്തൻകോട് ആമത്തറയിൽ പുലയ സമുദായത്തിൽനിന്ന് ക്രൈസ്തവ മതം സ്വീകരിച്ച കോലപ്പൻ-കുഞ്ഞി ദമ്പതികളുടെ മകളായ രാജമ്മയായിരുന്നു പി.കെ. റോസിയെന്ന കേരളത്തിലെ സവർണ ബോധവും ആണധികാരവും ജാതിമേധാവിത്വവും ചേർന്ന് ആക്രമിച്ചു തുരത്തിപ്പായിച്ച മലയാള സിനിമയിലെ ആദ്യ നായിക! അന്ന് തുടങ്ങിയ പെൺ നടിമാരുടെ ഓട്ടം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
റോസിയിലൂടെ മലയാള സിനിമ റദ്ദു ചെയ്ത കീഴാള പ്രതിനിധാനം, അതേ ദുഷിച്ച പാരമ്പര്യത്തെ സിനിമയുടെ നൂറാം വാർഷികത്തിന് തൊട്ടടുത്തും തുടർന്നുകൊണ്ടേയിരിക്കുന്നതും കാണാതെ പോകരുതെന്ന് എഴുത്തുകാരി അഭിപ്രായപ്പെടുന്നു. സ്ത്രീ സുരക്ഷാ മതിലുകളുടെ ചർച്ചകളും കാമ്പയിനുകളും ടെലിവിഷൻ ഫ്രെയിമുകളിൽ നിറഞ്ഞാടി നിൽക്കുന്ന ഇക്കാലത്തും ഇത്തരം പെണ്ണോട്ടങ്ങൾ ഇനിയും നിലച്ചിട്ടില്ല എന്നുവേണം കരുതാൻ. കേരളത്തിലെ ഒരു നടിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾക്ക് വിഗതകുമാര ഘട്ടംവരെ പോകേണ്ടതുമില്ല. പതിറ്റാണ്ട് മുമ്പത്തെ തിരശ്ശീലക്കകത്തെ പെണ്ണനുഭവങ്ങളുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഹേമാ റിപ്പോർട്ടാണ് അനു പാപ്പച്ചന്റെ ഈ പുസ്തകം എന്ന് വേണമെങ്കിൽ പറയാം.
റോസിക്ക് പുറമെ, പുതിയ തലമുറയിലെ ചലച്ചിത്ര പ്രേമികൾക്ക് അപരിചിതരായ എം.കെ. കമലം, ദേവകി ബായ് കെ.എൻ. ലക്ഷ്മി സരോജം, മിസ്സ് കുമാരി, സി.കെ. രാജം, തിരുവിതാംകൂർ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ലളിത പത്മിനി രാഗിണിമാർ തുടങ്ങി കവിയൂർ പൊന്നമ്മ, ശാരദ, കെ.ആർ. വിജയ തുടങ്ങിയ പുതുതലമുറകളിൽപെട്ട ചിലർക്കെങ്കിലും പരിചിതരായ അഭിനേത്രിമാരുടെ തിര-ജീവിതങ്ങളെയും, അനുഭവങ്ങളെയും കൃത്യമായും ലളിതമായ വിവരണങ്ങളിലൂടെയും പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
വെള്ളിത്തിരയിൽ നക്ഷത്ര പ്രഭയോടെ വിളങ്ങിനിന്ന്, ശേഷം കടുത്ത രോഗാവസ്ഥയിൽപെട്ട് ആരാലും തിരിഞ്ഞുനോക്കപ്പെടാതെ ഒറ്റമുറി വാടക വീടുകളിൽ അന്ത്യനാൾ കഴിച്ചുകൂട്ടിയവർ, ആണധികാരങ്ങളുടെ കമ്പോള ദൃശ്യ ചുഴികളിലകപ്പെട്ട് ആത്മാഹുതിയിൽ വിലയം പ്രാപിച്ചവർ, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ സ്വകാര്യ ശരീര ഭാഗങ്ങളുടെ നിമ്നോന്നതികൾ ചിത്രഗ്രാഹികളുപയോഗിച്ചു പകർത്തി വാണിജ്യ കമ്പോളത്തിൽ വിറ്റ് പുകഴും സമ്പത്തും പെറുന്നവരെ എതിർക്കാൻ പോലും ത്രാണിയില്ലാതെ കടുത്ത മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടു ജീവിതം ഹോമിക്കപ്പെട്ടവർ... അങ്ങനെയെത്ര! അക്കാലത്തെ മലയാള സിനിമാ കൊട്ടകകളെ ത്രസിപ്പിച്ചിരുന്ന വിജയശ്രീ എന്ന നടിയാകട്ടെ, വളരെ ചെറുപ്രായത്തിലാണ് അരങ്ങൊഴിഞ്ഞത്, തന്റെ 21ാമത്തെ വയസ്സിൽ. പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് ദേശീയ സിനിമാ അവാർഡ് നേടിയ ശോഭ ആത്മഹത്യ ചെയ്തത്. അമ്മ പ്രേമയാവട്ടെ കോടതിയെയും, അന്നത്തെ പ്രധാനമന്ത്രിയെ പോലും നേരിൽ കണ്ട് മകളുടെ നീതിക്ക് വേണ്ടി യാചിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല! ഇന്നത്തെ അതിജീവിതയെപ്പോലെത്തന്നെ അവരോടൊപ്പം ഹൃദയം ചേർത്തുവെച്ച് പോരാടിയ ഒരുപറ്റം സഹപ്രവർത്തകമാരും ഭഗ്നഹൃദയത്തോടെയാണ് മുഖ്യ ആസൂത്രകനാണെന്നു കരുതപ്പെടുന്ന നടനെ വിടുതൽ ചെയ്ത കോടതിവിധി ശ്രവിച്ചത്. ആൺകോയ്മ അന്നും ഇന്നും ഫണം വിടർത്തിയാടിക്കൊണ്ടേയിരിക്കുന്നു എന്ന് സാരം.
പക്ഷേ, കരുത്തോടെ എല്ലാവിധ ആരോപണങ്ങളെയും ചൂഷണങ്ങളെയും അതിജീവിച്ചു കരുത്തുകാട്ടിയ അഭിനേത്രികളുമുണ്ട്. നടി ഷീല അത്തരത്തിൽ ‘പോയി പണി നോക്കെന്നേയ്’ എന്ന മട്ടിൽ ജീവിച്ചു കാട്ടിയ നടിയാണ്. മലയാള സിനിമാ ലോകത്ത് പെൺ അഭിനേതാക്കളുടെ സ്വത്വ സ്ഥാപനത്തിനായി ആദ്യം ഉയർന്നുകേട്ട ശബ്ദവും ഷീലയുടേതായി. ജയഭാരതി, മല്ലികാ സുകുമാരൻ എന്നിവരും മനോവീര്യം കെടാതെ ജീവിച്ചു.
യുവനടിയെ അതിജീവിതയാക്കപ്പെട്ട സംഭവത്തിനു ശേഷം ഞാനുമുണ്ടേയെന്ന് (me too) തെളിവു സഹിതം സിനിമാ മേഖലയിലെ പല യുവതികളും രംഗത്തു വന്നെങ്കിലും വനരോദനങ്ങളായി പര്യവസാനിച്ചു മീടൂ കാമ്പയിനുകൾ. ചുരുക്കത്തിൽ, മലയാള സിനിമയിലെ പെൺ താര മനസ്സും വപുസ്സും എക്കാലത്തും പുരുഷ സൂര്യന്മാരാൽ വലയം ചെയ്യപ്പെട്ട് ബാഷ്പീകരിക്കപ്പെടുന്ന ധൂമകേതുക്കളാകാനാണ് നിയോഗം. സാഹിത്യ, ചലച്ചിത്ര ജൂറി അംഗമായുംകൂടി പ്രവർത്തിച്ചിട്ടുണ്ട് ഈ പുസ്തകത്തിന്റെ രചയിതാവ് ഡോ. അനു പാപ്പച്ചൻ. മലയാള സിനിമാ ഗവേഷകർക്കൊരു റഫറൻസാണ് ‘പെൺതിര’.
.
