Begin typing your search above and press return to search.
proflie-avatar
Login

ഒരു ദേശം കഥയിൽ പ്രവേശിക്കുമ്പോൾ

ഒരു ദേശം കഥയിൽ പ്രവേശിക്കുമ്പോൾ
cancel
camera_alt

പൊയ്ക

നോവൽ

സബാഹ്

കറന്റ് ബുക്സ്

‘പുസ്തകങ്ങളുടെ ശീർഷകങ്ങൾ മനുഷ്യരുടെ പേരുകൾപോലെയാണ്. രൂപസാദൃശ്യമുള്ള ഒരായിരം പുസ്തകങ്ങളിൽനിന്ന് ഒരു കൃതിയെ വേർതിരിച്ചെടുക്കാൻ അത് സഹായകമാകുന്നു’. ഇങ്ങനെ നിരീക്ഷിച്ചത് ഓർഹൻ പാമുക്‌ ആണ്. ‘പൊയ്ക’ എന്നാൽ പൂക്കൾ നിറഞ്ഞ കുളം എന്നാണർഥം. താൻ വഹിക്കുന്ന പേരിന്റെ അർഥത്തോട് സാമ്യമേതുമില്ലാത്ത പെരുമാറ്റം മനുഷ്യരിൽ കാണാറുള്ളതുപോലെ ‘പൊയ്ക’ എന്ന കാൽപനിക പദത്തിനോട് ചേരുന്നവിധത്തിലുള്ള ജീവിതസന്ദർഭങ്ങളല്ല സബാഹ് എഴുതിയ ഈ നോവലിൽ അനാവൃതമാകുന്നത്.

ആളും പേരുമൊന്നുമില്ലാതെ ഉടയവൻതന്നെ ഉപേക്ഷിച്ചുകളഞ്ഞ ഒരുതുണ്ട് ഭൂമിയിൽ അതിജീവനത്തിന്റെ നടവഴി ഞരമ്പുകൾ തെളിച്ചെടുക്കാനെത്തുന്ന ഒരുസംഘം മനുഷ്യർ നേരിടുന്ന അവമതിയുടെയും ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും കഥയാണ് പൊയ്ക. കാറ്റിന്റെ ദിശക്കൊത്ത് സഞ്ചരിക്കുന്ന പായ് വഞ്ചികൾപോലെ പൊയ്കയിലെ മനുഷ്യരും ദിശയേതെന്ന് അന്വേഷിക്കാൻ അർഹതയില്ലാത്തവിധം അവർ ചെന്നുവീഴുന്ന ഒഴുക്കുകൾക്ക് അനുസരിച്ചുമാത്രം തുഴയാൻ വിധിക്കപ്പെട്ടവരാണ്. ആ മനുഷ്യസഞ്ചയത്തിനുള്ളിൽനിന്നും ഒഴുക്കിനെതിരെ നീന്താൻ ശ്രമിക്കുന്ന ഒന്നുരണ്ടാളുകളുടെ കാഹളംവിളിയാണ് ഈ നോവലിന്റെ രാഷ്ട്രീയം. പ്രത്യാശാനിർഭരമായ ആ ശബ്ദം പ്രതീക്ഷയറ്റവന്റെ നിലവിളിയായും പരാജയംകൊണ്ട് മുഖംകുനിഞ്ഞവന്റെ തേങ്ങലായും സ്വാഭാവികതയോടെ പരിണമിക്കുന്നത് വായനയുടെ മറുകരയിൽനിന്നും പിന്നീട് കേൾക്കാൻ കഴിയും.

യൂനുസ് ഉപ്പൂപ്പയും ഭാര്യ സൈനമ്പിയും മകൾ ഷെരീഫയും കൊച്ചുമകൻ ഇബ്രാഹിമും അടങ്ങുന്ന നാൽവർസംഘം എത്തിച്ചേരുന്നതോടെയാണ് വയലേലകൾക്ക് അക്കരെ ശീമപ്പുല്ലുകളും കാനച്ചെടികളും മൂടിക്കിടന്ന ആൾവാസമില്ലാത്ത കരപ്രദേശത്തിൽ മനുഷ്യജീവിതം ആരംഭിക്കുന്നത്. കരിമൻ കാലീദും കെട്ട്യോൾ അവ്വാമ്മയും മകൻ അയൂബും മരുമകൾ റാഫിയത്തും കൊച്ചുമകൾ മെഹർബാനും അധികം വൈകാതെ അവിടേക്കെത്തുന്നു. കൈയിൽ അവശേഷിച്ച അവസാനത്തെ നാണയങ്ങളും വിത്തുകളും ഇരുകുടുംബങ്ങളും ആ മണ്ണിൽ നിക്ഷേപിക്കുന്നെങ്കിലും അതുവരെ അവരെ പിന്തുടർന്നുവന്ന ദുർവിധി പെരുമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും രൂപത്തിൽ അവിടെയും തേടിവരുന്നു. നാഗർകോവിലിൽനിന്നും ദഫ് മുട്ടി പാട്ടുകൾപാടി ഭിക്ഷാടനംനടത്താനെത്തിയ ശൈഖ് യാഫി എന്ന ഫഖീറാണ് അവരോട് ദുരിതങ്ങളിൽനിന്ന് രക്ഷനേടാനായി മുഹിയിദ്ദീൻ ശൈഖിന്റെ കാവൽതേടാൻ ആവശ്യപ്പെടുന്നത്. പിന്നീട് ‘മുഹിയിദ്ദീൻപൊയ്ക’ എന്നറിയപ്പെടാൻ തുടങ്ങുന്ന ആ പ്രദേശത്തേക്ക് വേറെ എവിടെയും നിൽക്കക്കള്ളിയില്ലാതായിപ്പോയ മറ്റ് നാലു കുടുംബങ്ങൾകൂടി വന്നുചേരുന്നു.

വിവരണങ്ങൾ അധികമില്ലാതെ, ഉപകഥകൾക്ക് പിന്നിൽ മറച്ചുപിടിച്ചിരിക്കുന്ന, ഇബ്രാഹിമിന്റെയും മെഹ്റുവിന്റെയും പ്രണയത്തിന്റെ വളർച്ചക്കൊപ്പമാണ് ഈ നോവലിലെ കാലം മുന്നോട്ടുസഞ്ചരിക്കുന്നത്. കുന്നുമ്പുറം എന്ന ചെറിയപ്രദേശവും അതിന്റെ വടക്കേദിക്കിലുള്ള ഏലായുടെ മറുകരെയുള്ള പൊയ്യക്കാടുമടങ്ങുന്ന ചെറിയൊരു ലോകമാണ് ഈ നോവലിന്റേത്. ആ ദേശത്തേക്ക് യഹ്‌യയും മടന്തപ്പച്ചയും ഷാവലും കൂരി ആസിയായും ബച്ചൻഭായിയും ആത്തിക്കായുമെല്ലാം ഉൾപ്പെടുന്ന കഥാപാത്രങ്ങൾ വന്നുനിറയുമ്പോൾ ഇതുവരെയില്ലാത്തവിധം മനോഹരമായി സൃഷ്ടിക്കപ്പെട്ട ഒരു കഥാലോകമായി അവിടം പരിണമിക്കുന്നു. കണ്ണിമവെട്ടുന്ന വേഗത്തിൽ വഴുതിമാറുന്ന കുളക്കോഴികളെപ്പോലെ ആ ദേശത്തെ മനുഷ്യരുടെ സംസാരഭാഷ ആദ്യം പിടിതരാതിരിക്കുമെങ്കിലും അൽപനേരം പിന്നാലെ പമ്മിനടക്കുമ്പോൾ ചങ്ങാത്തം കൂടാനനുവദിച്ച് വായനക്കാരനെ അവയുടെ കരിംപച്ച പൊന്തകാടുകൾക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

കടലാസിൽ കിളിർത്ത നെൽചെടികൾക്കിടയിലേക്ക് ഒരുപാടശേഖരത്തിന്റെ വെള്ളംമുഴുവൻ ഒന്നിച്ചൊഴുകി വന്നപ്പോൾ ശ്വാസംകിട്ടാതെ പിടഞ്ഞെഴുന്നേറ്റ മന്ത്രവാദിയായ അബ്ദുള്ള മുസ്‍ലിയാർ, കള്ളംപറയാൻ ത്രാണിയില്ലാത്തതിനാൽ ഒരുകല്യാണം പോലും നടത്തിയെടുക്കാൻ കഴിയാത്ത ബ്രോക്കർ കലാംബാവ, സുകുമാരൻ എന്ന കൂലിപ്പണിക്കാരന്റെ ശമനമില്ലാത്ത രോഗവും അതിനെതുടർന്നുള്ള നിരാശയും, മാതയമ്മൂമ്മയുടെ നാടൻപാട്ടിലെ ഓണത്തുമ്പികൾ, പടിഞ്ഞാറേക്കരയിലെ ആകാശത്തുനിന്നും കുഞ്ഞുപിള്ളേർ കണ്ടെത്തിയെടുക്കുന്ന ചിത്രജാലങ്ങൾ... അന്തരീക്ഷത്തിലേക്ക് ആരോ വാരിയെറിഞ്ഞ വെള്ളിനാണയങ്ങൾപോലെ ഓരോ പേജുകൾ മറിക്കുമ്പോഴും കഥാപാത്രങ്ങളും സന്ദർഭങ്ങളും മുന്നിൽവീണ് ചിതറുകയാണ്. അവയുടെ കിലുക്കത്തിന് കാതോർക്കാതെ, അതിന്റെ പൊരുൾ തിരയാതെ ഒരുവിധത്തിലും മുന്നോട്ടുപോവുക സാധ്യമല്ല.

സ്വജീവിതാനുഭവങ്ങളിൽനിന്ന് കണ്ടെടുത്ത വെളിപാടുകളുടെ കൈപിടിച്ചാണ് ‘പൊയ്ക’യിലെ കഥാപാത്രങ്ങൾ മുന്നോട്ടുനടക്കുന്നത്. തന്നോടൊപ്പം അന്തിയുറങ്ങാൻ ആരുവേണം എന്ന് ഓരോ ദിവസവും തെരഞ്ഞെടുപ്പ് നടത്തിയിരുന്ന ചൂഴമ്പാല സുബൈദയാകട്ടെ, വൈകുന്നേരത്തെ ചന്തയിലേക്കുള്ള യാത്ര സ്വാതന്ത്ര്യപ്രഖ്യാപനമായികാണുന്ന പൊടിച്ചിയാകട്ടെ, സ്വന്തം മസിലുകളെ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിച്ച് ജീവിതാനന്ദം പരമാവധി തേടുന്ന യെംജീയാർ ആനന്ദനാകട്ടെ, പറഞ്ഞാലും പറഞ്ഞാലും തീരാത്തവിധം നുണകളുണ്ടാക്കി പാഞ്ഞുനടക്കുന്ന മുടിവെട്ടുകാരൻ കരീമാകട്ടെ ആരും ഈ കാഴ്ചപ്പാടിന് പുറത്തേക്ക് പോകുന്നില്ല.

ചിത്രകാരൻകൂടിയായ സബാഹ് വാക്കുകൾകൊണ്ട് വരച്ചിടുന്ന സ്വന്തം ദേശത്തിന്റെ ജലച്ചായചിത്രങ്ങളിൽ കൂടുതൽ തെളിഞ്ഞുനിൽക്കുന്നത് വിധിയോട് പ്രതിരോധിക്കാൻ കഴിയാതെ ഹതാശരായിപ്പോകുന്ന മനുഷ്യരുടെയും അവരുടെ ചുറ്റുപാടുകളുടെയും തീരാസങ്കടത്തിന്റെ കടുംനിറമാണ്. കണ്മുന്നിലെ വയലേല മുഴുവനായും വെള്ളത്തിൽ മുക്കിപ്പിടിച്ച് ആഴാന്തക്കുഴിയുപ്പൂപ്പക്ക് ശ്വാസംമുട്ടൽ തോന്നിപ്പിക്കുന്ന മഴയും, നിഷ്കളങ്കയായ ആലീസെന്ന കൊച്ചുപെൺകുട്ടിക്ക് നേരിടേണ്ടിവരുന്ന അനാഥത്വവും, മെഹ്റുവിന്റെ കണ്ണിലെ നിരാശയായി വളരുന്ന കാത്തിരിപ്പും, റഹ്‌മാൻ എന്ന ആട്ടിൻകുട്ടിയുടെ യാത്രയയപ്പുമെല്ലാം അതിനുദാഹരണങ്ങളാണ്. വാക്കുകളെ ചിത്രങ്ങളാക്കി അടുക്കിവെക്കുന്നതിന്റെയും ചിത്രങ്ങളെ അക്ഷരങ്ങളിലേക്ക് തർജമ ചെയ്യുന്നതിന്റെയും മനോഹരമായ എഴുത്തുവിദ്യ ഈ നോവലിലുടനീളം പ്രകടമാണ്. സാഹിത്യത്തിലെവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു നാടിന്റെ, തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള നാവായിക്കുളം- കല്ലുവാതുക്കൽ പ്രദേശത്തിന്റെ, ഏതാണ്ട് രണ്ടുദശാബ്ദത്തിലേറെയുള്ള ജീവിതം അടയാളപ്പെടുത്തുക കൂടിചെയ്യുന്നുണ്ട് ഈ കൃതി.

l

Show More expand_more
News Summary - book review- literature