Begin typing your search above and press return to search.
proflie-avatar
Login

സ്നേഹസുഗന്ധം നിറഞ്ഞ ജീവിതം

സ്നേഹസുഗന്ധം നിറഞ്ഞ ജീവിതം
cancel

മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം പുസ്തകരൂപമാർജിച്ചു. അതിന് കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ എഴുതിയ ആമുഖ കുറിപ്പാണ് ഈ ലേഖനം.ബൈജു ചന്ദ്രനല്ലാതെ ആർട്ടിസ്റ്റ് ഗോപാലനെക്കുറിച്ച് ഈ വിധമൊരു പുസ്തകം രചിക്കാൻ മറ്റാർക്കുമാവില്ല. അത്ര ഹൃദയപൂർവം എഴുതപ്പെട്ട പുസ്തകമാണ് ‘രേഖാചിത്രം’. ഏതാനും വർഷങ്ങൾ മുമ്പുവരെ ഇലസ്ട്രേഷൻ എന്ന കലക്ക് കേരളക്കരയിൽ വലിയ ഗ്ലാമറൊന്നും ഉണ്ടായിരുന്നില്ല. നമ്പൂതിരിയെപ്പോലെയും എം.വി. ദേവനെപ്പോലെയും എ.എസിനെപ്പോലെയുമുള്ള കലാകാരന്മാർ ഈ മേഖലയിൽ ഉണ്ടായിട്ടും ഒരിരുപതു-മുപ്പതു വർഷമേ ആയിട്ടുള്ളൂ അർഹിക്കുന്ന ബഹുമാനത്തോടെ ഇവരെ...

Your Subscription Supports Independent Journalism

View Plans
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം പുസ്തകരൂപമാർജിച്ചു. അതിന് കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ എഴുതിയ ആമുഖ കുറിപ്പാണ് ഈ ലേഖനം.

ബൈജു ചന്ദ്രനല്ലാതെ ആർട്ടിസ്റ്റ് ഗോപാലനെക്കുറിച്ച് ഈ വിധമൊരു പുസ്തകം രചിക്കാൻ മറ്റാർക്കുമാവില്ല. അത്ര ഹൃദയപൂർവം എഴുതപ്പെട്ട പുസ്തകമാണ് ‘രേഖാചിത്രം’. ഏതാനും വർഷങ്ങൾ മുമ്പുവരെ ഇലസ്ട്രേഷൻ എന്ന കലക്ക് കേരളക്കരയിൽ വലിയ ഗ്ലാമറൊന്നും ഉണ്ടായിരുന്നില്ല. നമ്പൂതിരിയെപ്പോലെയും എം.വി. ദേവനെപ്പോലെയും എ.എസിനെപ്പോലെയുമുള്ള കലാകാരന്മാർ ഈ മേഖലയിൽ ഉണ്ടായിട്ടും ഒരിരുപതു-മുപ്പതു വർഷമേ ആയിട്ടുള്ളൂ അർഹിക്കുന്ന ബഹുമാനത്തോടെ ഇവരെ കാണാൻ തുടങ്ങിയിട്ട്. എന്നാൽ, എത്രയെത്ര ഈടുറ്റ കഥകളും നോവലുകളുമാണ് മികച്ച ഇലസ്ട്രേഷനുകളിലൂടെ അനശ്വരമായിത്തീർന്നത്! എഴുത്തുകാർ വാക്കുകളിൽ സൃഷ്ടിക്കുന്ന ലോകവും സന്ദർഭങ്ങളും കഥാപാത്രങ്ങളും അനുവാചക മനസ്സിൽ മുദ്രിതമാകണമെങ്കിൽ ഈ രേഖാചിത്രങ്ങൾ കൂടിയേ കഴിയൂ.

വാരികകളിലെ രേഖാചിത്രങ്ങളുടെ സംവേദനക്ഷമത എനിക്ക് ആദ്യം ബോധ്യപ്പെടുന്നത് ‘ജനയുഗം’ വാരികയിൽ ബിമൽ മിത്രയുടെ ‘വിലയ്ക്ക് വാങ്ങാം’ എന്ന വിശ്രുത നോവലിന് വരക്കപ്പെട്ട ചിത്രങ്ങളിലൂടെയാണ്. ആ രേഖാചിത്രങ്ങളുടെ സ്രഷ്ടാവായ ഗോപാലനെ നേരിട്ടു കാണുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞുമാത്രം. തൊണ്ണൂറുകളുടെ ആദ്യം ഞാൻ ടൂറിസം വകുപ്പിന്റെ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ആർട്ടിസ്റ്റ് ഗോപാലനെ പരിചയപ്പെടുന്നതും കുറെ ജോലികൾ അദ്ദേഹത്തെക്കൊണ്ടു ചെയ്യിക്കുന്നതും. പഴയ ആരാധന ഞാൻ ഗോപാലനിൽനിന്ന് മറച്ചുവെച്ചില്ല. അത്ഭുതത്തോടെയാണ് അന്നും ഇന്നും ആ ചിത്രകാരന്റെ കലാസിദ്ധിയെ ഞാൻ നോക്കിക്കാണുന്നത്. അക്കാരണത്താൽ തന്നെ വർഷങ്ങൾക്കുശേഷം ബൈജു ചന്ദ്രൻ രചിച്ച ഈ പുസ്തകത്തിന്റെ അവതാരികയിലൂടെ ഇങ്ങനെ കണ്ണിചേരാൻ സാധിച്ചത് നിർധാരണം ചെയ്യാനാവാത്ത ഒരു ഹൃദയൈക്യത്തിന്റെ വെളിപ്പെടലായി എനിക്കനുഭവപ്പെടുന്നു.

ഇതൊരസാധാരണ കൃതിയാണ്. ഗോപാലൻ എന്ന ചിത്രകാരന്റെ ജീവിതമാണ് എഴുതപ്പെടുന്നതെങ്കിലും അതൊരു കാലഘട്ടത്തിന്റെ രേഖാചിത്രം കൂടിയാണ്. ആ സാംസ്കാരിക പത്രപ്രവർത്തന പശ്ചാത്തലമില്ലെങ്കിൽ ഈ ജീവിതകഥയുടെ പ്രാധാന്യവും പ്രസക്തിയും വായനക്കാരിലേക്ക് സംക്രമിക്കുകയില്ല. ഇന്ന് മലയാള മാധ്യമരംഗം സാഹിത്യത്തിന് കൽപിക്കുന്ന സ്ഥാനവും മൂല്യവും മൂന്നോ നാലോ പതിറ്റാണ്ടുമുമ്പു വരെ അവകാശപ്പെട്ടിരുന്ന അഗ്രിമസ്ഥാനത്തുനിന്ന് തുലോം ദൂരെയാണ്. സാഹിത്യം വാരികകളുടെ ഏറ്റവും വലിയ ആകർഷണവും അഭിമാനവുമായി പുലർന്ന ഒരു ഗതകാലപ്രതാപത്തിന്റെ ഓർമകൾ ഉണർത്തുന്നതിനു ബൈജു ചന്ദ്രന്റെ സമീപനത്തിന് സാധിക്കുന്നു. ആ നിലപാടിന്റെ അനേകം സഖ്യങ്ങളുണ്ട് പുസ്തകത്തിൽ. ആ കാലത്തിന്റെ ഹൃദയമിടിപ്പ് അറിഞ്ഞ കലാകാരനാണ് ഗോപാലൻ. ആ അന്തരീക്ഷം മാറിയതോടെയാവണം മെല്ലെ വരയിൽനിന്നും അദ്ദേഹം പിന്മാറിയതെന്ന് വേണം കരുതാൻ.

ഇലസ്ട്രേഷൻ മാത്രമല്ല, ചലച്ചിത്ര പരസ്യകലയിലും തന്റെ കൈയൊപ്പ് ചാർത്താൻ ഗോപാലന് സാധിച്ചു. ‘നദി’, ‘തുലാഭാരം’ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഗോപാലന്റെ ചിത്രീകരണ ശൈലി ചിത്രരചന ഗൗരവമായെടുക്കുന്നവർക്കു പാഠപുസ്തകമാണ്. പോസ്റ്ററായാലും വാരികകളിലെ രേഖാചിത്രമായാലും അവയുടെ കോമ്പോസിഷനും ജിജ്ഞാസ ജനിപ്പിക്കാൻ പോന്ന ഭാവാവിഷ്കാരവും വരകളുടെ കൃത്യതയും ഷെയ്ഡിങ്ങിന്റെ സവിശേഷതയും അനുകരണത്തിനു വഴങ്ങുകയില്ല. അത്തരം ഘടകങ്ങളിലേക്കൊക്കെ വെളിച്ചംവീശുന്നു ഈ പുസ്തകം.

ഇന്ന് ഡിജിറ്റൽ സാധ്യതകളും നിർമിതബുദ്ധിയുടെ അത്ഭുതാവഹമായ കഴിവുകളും ഈ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളും വെല്ലുവിളികളും ഉണർത്തിയിരിക്കുന്നു. എന്തെല്ലാം സാങ്കേതികവിദ്യ പ്രചരിച്ചാലും ഒരു കലാകാരന്റെ മൗലികതക്ക് അത് പകരമാവുകയില്ല. കലാകാരന് നിർമിതബുദ്ധിയുടെ കഴിവുകൾ ഉപയോഗപ്പെടുത്താം, പക്ഷേ കലാസൃഷ്ടിയുടെ സർഗാത്മക ചൈതന്യത്തെ ഒഴിവാക്കാനോ ആശ്രയിക്കാതിരിക്കാനോ നിർമിതബുദ്ധിക്ക് കഴിയില്ല. ഈ സാങ്കേതികവിദ്യകളുടെ ആവിർഭാവത്തിനു വളരെ മുമ്പാണ് ഗോപാലൻ തന്റെ സർഗവൈഭവത്തിന്റെ മാത്രം മേൽവിലാസത്തിൽ വിസ്മയങ്ങൾ തീർത്തത്.

ജനിച്ച സാഹചര്യമാണോ പിന്നീടുണ്ടാകുന്ന പരിചയങ്ങളാണോ, തുടർന്നുണ്ടാകുന്ന ബന്ധങ്ങളാണോ ഒരു വ്യക്തിയുടെ ഭാഗധേയം നിർണയിക്കുന്നത്? നിയതമായ ഉത്തരം പറയാൻ കഴിയില്ല. ആർട്ടിസ്റ്റ് ഗോപാലന്റെ കുടുംബപശ്ചാത്തലം ഒരു ആർട്ടിസ്റ്റിന്റെ ആവിർഭാവത്തിനു അനുകൂലമായിരുന്നില്ല. ‘‘ചവറ പുതുക്കാട് പുത്തൻവീട്ടിൽ വേലായുധനോ, ഭാര്യ ജാനകിക്കോ പൊടിയൻ എന്നവർ വിളിച്ചിരുന്ന രണ്ടാമത്തെ മകൻ ഗോപാലന്റെ ചിത്രകല ആസ്വദിക്കാനുള്ള കഴിവോ ജ്ഞാനമോ വിദ്യാഭ്യാസയോഗ്യതയോ ഉണ്ടായിരുന്നില്ല’’ എന്ന് ബൈജു ചന്ദ്രൻ ഈ അവസ്ഥയെ അടയാളപ്പെടുത്തുന്നുണ്ട്.

എങ്കിലും ജീവിതമൊരുക്കിയ സാഹചര്യങ്ങൾ, കണ്ടുമുട്ടിയ ആളുകൾ, അവരുടെ നിലപാടുകൾ, തീരുമാനങ്ങൾ എന്നിവയെല്ലാം ഈ കലാകാരനെ സൃഷ്ടി​െച്ചടുക്കാൻ പരസ്പരം സഹകരിക്കുകയായിരുന്നു. വൈക്കം ചന്ദ്രശേഖരൻ നായർ, വി.പി. നായർ, കെ.എസ്. ചന്ദ്രൻ, കാമ്പിശ്ശേരി കരുണാകരൻ എന്നീ പ്രഗല്ഭരായ പത്രാധിപന്മാർ ഗോപാലന്റെ സവിശേഷമായ കഴിവുകൾ മനസ്സിലാക്കി. ‘കേരളശബ്ദ’വും ‘ജനയുഗ’വും നൽകിയ അവസരങ്ങൾ ആ കലാപ്രതിഭക്ക് ചിറകു വിതിർക്കാൻ ആകാശം തീർത്തു.

സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സർഗാത്മകവ്യക്തിയുടെ ജീവിതത്തിലൂടെ വായനക്കാർ അനേകം വ്യക്തികളെ അറിയും. അവരുടെ പ്രഭാവവും പ്രാഗല്ഭ്യവും (ചിലപ്പോൾ ദൗർബല്യങ്ങളും) മനസ്സിലാക്കും. എന്തെല്ലാം തിരിച്ചടികളെ നേരിട്ടാണ് പ്രസിദ്ധീകരണങ്ങൾ നിലനിൽക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. എന്തെല്ലാം തിരിച്ചടികളെ നേരിട്ടാണീ പ്രസിദ്ധീകരണങ്ങൾ നിലനിൽക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ നാം മനസ്സിലാക്കുന്നു.

തീർച്ചയായും ഗോപാലന്റെ ജീവിതയാത്രയും നേട്ടങ്ങളും ആലേഖനം ചെയ്യുക വഴി ആ കലാകാരന്റെ വ്യക്തിത്വവും മികവോടെ വരച്ചിടാൻ എഴുത്തുകാരന് സാധിച്ചിരിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ പദവിയുടെയോ മുന്നിൽ തല കുനിച്ചു ഓച്ചാനിച്ചു നിൽക്കാൻ വിസമ്മതിക്കുന്ന ആത്മാഭിമാനിയായ ഗോപാലന്റെ ചിത്രം അത്യന്തം മിഴിവോടെ ഈ കൃതിയിലൂടെ തെളിഞ്ഞുവരുന്നു.

കാലിഗ്രഫി ഇന്ന് കുറെയൊക്കെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ഗോപാലൻ സ്വയം ഡിസൈൻചെയ്ത മലയാളം അക്ഷരങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോഴാണെങ്കിൽ അവക്കൊക്കെ പേറ്റന്റ് സമ്പാദിച്ചു ധാരാളം പണമുണ്ടാക്കാമായിരുന്നു. അതുപോലെതന്നെ കയറുകൊണ്ട് ഉജ്ജ്വലമായ ചിത്രങ്ങൾ രചിക്കാനുള്ള, ഗോപാലനുമാത്രം സിദ്ധമായ കഴിവിനും വേണ്ടത്ര പ്രചാരം കിട്ടിയില്ലെന്നു പറയാം; പല പ്രധാന സ്ഥാപനങ്ങളിലും അവ ഇപ്പോഴും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും.

പരിഭവങ്ങളില്ലാതെ പരാതിയേതും പറയാതെ ജീവിതത്തിന്റെ സായാഹ്ന വർഷങ്ങളിൽ സ്വസ്ഥമായി കഴിയുകയാണ് ഈ ധന്യനായ ചിത്രകാരൻ. അവാർഡുകളിലോ ആദര സമ്മേളനങ്ങളിലോ താൽപര്യമില്ലാതെ തികച്ചും നിസ്വനും നിഷ്കാമിയും എന്നാൽ സംതൃപ്തനുമായി -ഒരു കലായോഗിയായി- തലസ്ഥാന നഗരിയിൽ ജീവിക്കുന്ന ഗോപാലൻ തന്റെ വിശ്രമ ജീവിതം തീർച്ചയായും ആസ്വദിക്കുന്നുണ്ട്. സമാനതകളില്ലാത്ത ഒരു സർഗ ജീവിതത്തെ സമഗ്രമായി, എന്നാൽ, സ്ഥൂലതയില്ലാതെ അത്യന്തം പാരായണക്ഷമമായ ഭാഷയിൽ സ്നേഹസുഗന്ധത്തോടെ ആവിഷ്കരിക്കാൻ സാധിച്ചതിൽ ബൈജു ചന്ദ്രന് ചരിതാർഥനാകാം.

മുഴുവൻ വായിച്ചുകഴിയുമ്പോൾ ഈ കൃതിയുടെ ആശയം ബൈജുവിന്റെ മനസ്സിൽ വീണ ആ നിമിഷം അനുഗൃഹീതമായിരുന്നു എന്ന് ബോധ്യമാവും. ഈ വിശിഷ്ട കൃതി വായനസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ, ആർട്ടിസ്റ്റ് ഗോപാലനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാൾ എന്നനിലയിൽ എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു. ഈ പുസ്തകത്തിലൂടെ ഒരു വലിയ കലാകാരന്റെ മിഴിവാർന്ന ചിത്രം വരച്ചിടാൻ കഴിഞ്ഞ ബൈജു ചന്ദ്രനോട് കൃതജ്ഞതയും.

News Summary - Artist Gopalan's life has been turned into a book