ചരിത്രസഞ്ചാരങ്ങളും രാഷ്ട്രീയ വിമർശനങ്ങളും

ജൂലൈ ഒന്നിന് വിടപറഞ്ഞ വിഖ്യാത അൽബേനിയൻ എഴുത്തുകാരൻ ഇസ്മായിൽ കദാറെയുടെ രചനകളിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ് ലേഖിക. പല നോവലുകളും വിദൂര ഭൂതകാലത്തിൽ നടക്കുന്നവയെന്നു പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഏകാധിപത്യ നാളുകളിലെ അൽബേനിയയെ തന്നെയാണ് ചരിത്രകഥകളിലൂടെ കദാറെ അവതരിപ്പിച്ചിരുന്നതെന്നും എഴുതുന്നു.ഓരോ പുസ്തകമെഴുതുമ്പോഴും അതുവഴി സ്വേച്ഛാധിപത്യത്തിലേക്ക് ഒരു കഠാര...
Your Subscription Supports Independent Journalism
View Plansജൂലൈ ഒന്നിന് വിടപറഞ്ഞ വിഖ്യാത അൽബേനിയൻ എഴുത്തുകാരൻ ഇസ്മായിൽ കദാറെയുടെ രചനകളിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ് ലേഖിക. പല നോവലുകളും വിദൂര ഭൂതകാലത്തിൽ നടക്കുന്നവയെന്നു പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഏകാധിപത്യ നാളുകളിലെ അൽബേനിയയെ തന്നെയാണ് ചരിത്രകഥകളിലൂടെ കദാറെ അവതരിപ്പിച്ചിരുന്നതെന്നും എഴുതുന്നു.
ഓരോ പുസ്തകമെഴുതുമ്പോഴും അതുവഴി സ്വേച്ഛാധിപത്യത്തിലേക്ക് ഒരു കഠാര കുത്തിയിറക്കുകയും അതേസമയം, ആളുകൾക്ക് ധൈര്യം പകർന്നുനൽകുകയും ചെയ്യുന്നുവെന്നാണ് താൻ കരുതുന്നതെന്ന് പറഞ്ഞ, അൽബേനിയൻ എഴുത്തുകാരനാണ് ജൂലൈ ഒന്നിനു വിടവാങ്ങിയ ഇസ്മായിൽ കദാറെ. തന്റെ രചനകളിലൂടെ കദാറെ അൽബേനിയയിൽ നിലനിന്നിരുന്ന ഏകാധിപത്യ ഭരണകൂടത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചു.
കദാറെയുടെ രചനകളുടെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങൾ അൽബേനിയയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1963ൽ പ്രസിദ്ധീകരിച്ച ‘ദി ജനറൽ ഓഫ് ഡെഡ് ആർമി’ എന്ന കൃതി 1971ൽ ഫ്രഞ്ചിലേക്ക് വിവർത്തനംചെയ്യപ്പെട്ടതോടെയാണ് ഇസ്മായിൽ കദാറെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നത്. കവിയെന്ന നിലയിൽ വളരെ ചെറുപ്പത്തിലേ സ്വന്തം നാട്ടിൽ അദ്ദേഹം പേരെടുത്തിരുന്നു. കദാറെയുടെ നോവലുകളും ലേഖനങ്ങളും കവിതകളും നാൽപതിലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭരണകൂടത്തെയും അധികാരത്തെയും വിമർശിക്കാനായി രൂപകങ്ങളും നർമവും ഐതിഹ്യങ്ങളും ചേർത്തെഴുതിയ കദാറെയെ ഫ്രാൻസ് കാഫ്ക, ജോർജ് ഓർവെൽ, മിലൻ കുന്ദേര തുടങ്ങിയവരുമായാണ് താരതമ്യപ്പെടുത്താറുള്ളത്. 2020ൽ കദാറെ ന്യൂസ്റ്റാഡ്റ്റ് പുരസ്കാരത്തിന് (Neustadt International Prize for Literature) അർഹനായപ്പോൾ ഫ്രാൻസ് കാഫ്കയുടെ പിൻഗാമിയെന്നാണ് പുരസ്കാര സമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഏകാധിപത്യത്തിന്റെ നരകതുല്യമായ പ്രവർത്തനങ്ങളും അത് മനുഷ്യരിൽ ഏൽപിക്കുന്ന സ്വാധീനവും കദാറെയോളം കാഫ്കക്കുശേഷം ആരും അറിഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബാൾക്കൺ (Balkan) രാജ്യങ്ങളിലുൾപ്പെട്ട അൽബേനിയയിൽ 1936ലാണ് ഇസ്മായിൽ കദാറെ ജനിച്ചത്. 1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. അദ്ദേഹത്തിന്റെ ബാല്യം യുദ്ധക്കാഴ്ചകൾകൊണ്ടു നിറഞ്ഞതായിരുന്നു. ലോകയുദ്ധം അവസാനിച്ചതിനുശേഷം കദാറെ ടിറാന (Tirana) സർവകലാശാലയിൽനിന്ന് ഭാഷയിലും സാഹിത്യത്തിലും ബിരുദം നേടി. തുടർന്ന് സാഹിത്യപഠനത്തിനായി മോസ്കോയിലെ ഗോർക്കി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി.
സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സിദ്ധാന്തങ്ങൾ അടിച്ചേൽപിക്കുന്ന മോസ്കോയിലെ പഠനരീതികൾ സർഗാത്മകതയും മൗലികതയും ഇല്ലാതെയാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് പിൽക്കാലത്ത് കദാറെ അഭിപ്രായപ്പെട്ടു. പതിനൊന്നാം വയസ്സിൽതന്നെ മാക്ബെത്തും തുടർന്ന് ഗ്രീക് സാഹിത്യവും വായിച്ചുകഴിഞ്ഞിരുന്ന കദാറെയെ ഗോർക്കി ഇൻസ്റ്റിറ്റ്യൂട്ടിലെ സൈദ്ധാന്തിക പഠനം സ്വാധീനിച്ചില്ല. മോസ്കോയിൽ താമസിക്കുന്ന സമയത്ത് അദ്ദേഹം ‘ദി ടൗൺ വിതൗട്ട് പബ്ലിസിറ്റി’ എന്ന പേരിൽ ഒരു നോവൽ എഴുതിയിരുന്നു. അൽബേനിയയിൽ തിരിച്ചെത്തി ‘എ ഡേ അറ്റ് ദ കഫേ’ എന്ന മാസികയിൽ നോവലിന്റെ ഒരു ചെറിയഭാഗം പ്രസിദ്ധീകരിച്ചെങ്കിലും അതു നിരോധിക്കപ്പെട്ടു.
രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ വിദേശ അധിനിവേശത്തിൽനിന്ന് 1944ൽ അൽബേനിയ സ്വാതന്ത്ര്യം നേടി. തുടർന്ന് അൽബേനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ എൻവെർ ഹോജ (Enver Hoxha) അൽബേനിയയുടെ പ്രധാനമന്ത്രിയായി. എൻവെർ ഹോജയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ കദാറെ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു.
കദാറെയുടെ രചനകൾ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. അദ്ദേഹത്തിന്റെ പല നോവലുകളും വിദൂര ഭൂതകാലത്തിൽ നടക്കുന്നവയെന്നു പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഏകാധിപത്യ നാളുകളിലെ അൽബേനിയയെ തന്നെയാണ് ചരിത്രകഥകളിലൂടെ കദാറെ അവതരിപ്പിക്കുന്നത്. തന്റെ നോവലുകളിലെ ചരിത്രസംഭവങ്ങളിൽ കദാറെ വർത്തമാനകാല രാഷ്ട്രീയം ഒളിപ്പിച്ചുെവച്ചിരുന്നു. 1970ൽ പ്രസിദ്ധീകരിച്ച ‘ഉപരോധം’ (The Siege) എന്ന നോവലിലും 1981ൽ പ്രസിദ്ധീകരിച്ച ‘ദി പാലസ് ഓഫ് ഡ്രീംസി’ലും (The Palace of Dreams) ഓട്ടോമൻ സാമ്രാജ്യം സോവിയറ്റ് യൂനിയനെ പ്രതിനിധാനം ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അൽബേനിയ. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്കന്ദർബെഗിന്റെ (Skanderbeg) നേതൃത്വത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിനെതിരെയുണ്ടായ ചെറുത്തുനിൽപിനെത്തുടർന്നാണ് വേറിട്ട അൽബേനിയൻ രാഷ്ട്രമെന്ന ആശയം ആദ്യമായി ഉടലെടുക്കുന്നത്. എങ്കിലും സ്കന്ദർബെഗിന്റെ മരണശേഷം അൽബേനിയ ഓട്ടോമന്റെ ഭാഗമായി തുടർന്നു. ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ സ്കന്ദർബെഗിന്റെ ചെറുത്തുനിൽപിനെ അനുസ്മരിപ്പിക്കുന്ന കദാറെയുടെ നോവലാണ് ‘ഉപരോധം’.

ഓട്ടോമൻ സൈന്യം പേരുപറയാത്ത ഒരു ബാൾക്കൺ കോട്ടയെ കീഴടക്കാനായി കോട്ടക്ക് ചുറ്റുമായി തമ്പടിക്കുന്നതാണ് ‘ഉപരോധ’ത്തിന്റെ പ്രമേയം. ഉപരോധിക്കുന്നവരുടെയും പ്രതിരോധിക്കുന്നവരുടെയും വീക്ഷണങ്ങളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ശക്തമായ ആഖ്യാനവും വിശദാംശങ്ങളുടെ വർണനയും സൂക്ഷ്മനിരീക്ഷണങ്ങളുംകൊണ്ട് സമ്പുഷ്ടമാണ് ‘ഉപരോധം’.
സുൽത്താന്റെ സൈന്യത്തിനൊപ്പം ജ്യോതിഷി, ചരിത്രകാരൻ, പീരങ്കിയെപ്പറ്റി ഗവേഷണം നടത്തുന്ന എൻജിനീയർ, കോട്ടയുടെ ഘടന വിവരിക്കുന്ന വാസ്തുവിദഗ്ധൻ, സൈനികമേധാവിയുടെ നാലു ഭാര്യമാർ എന്നിങ്ങനെ യുദ്ധവുമായി നേരിട്ടു ബന്ധമില്ലാത്ത നിരവധി ആളുകളുമുണ്ട്. ഉപരിപ്ലവമായി കാണുന്ന യുദ്ധചിത്രങ്ങളല്ല യഥാർഥ സൈനിക ക്യാമ്പിൽ എന്ന് ‘ഉപരോധം’ കാട്ടിത്തരുന്നു. യുദ്ധരംഗത്തുള്ള വിവിധതരം മനുഷ്യരുടെ ചിന്തകളും കാഴ്ചപ്പാടുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോവലിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓട്ടോമൻ സൈനികപക്ഷത്തെ ആലോചനാസമിതിയിലെ വിരുദ്ധാഭിപ്രായങ്ങളും തർക്കങ്ങളും സർക്കാർതല ചർച്ചകളെയാണ് ഓർമപ്പെടുത്തുന്നത്.
ഉന്നതനിലയിലെത്തിക്കഴിഞ്ഞ ഓട്ടോമൻ സൈന്യാധിപൻ തന്റെ ഒൗദ്യോഗികവളർച്ചയെപ്പറ്റി ചിന്തിക്കുന്നത് ഇപ്രകാരമാണ്. ‘‘നിശ്ചലമായി നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ എത്തിക്കഴിഞ്ഞു. ഉയർന്നുകൊണ്ടേയിരിക്കുക അല്ലെങ്കിൽ വീഴുക എന്നതു മാത്രമാണ് എനിക്കിനി ചെയ്യാൻ കഴിയുക.’’ ‘ദി പാലസ് ഓഫ് ഡ്രീംസ്’ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ മാർക്ക് അലവും (Mark-Alem) ഇതേ ചിന്താഗതി പങ്കുവെക്കുന്നുണ്ട്. ഏകാധിപത്യ ഭരണത്തിൻ കീഴിലെ ഉദ്യോഗസ്ഥന്മാരുടെ അരക്ഷിതാവസ്ഥ ഈ രണ്ടു കഥാപാത്രങ്ങളിലും കാണാം.
യുദ്ധം തുടങ്ങുന്നതിനുമുമ്പ് കോട്ടക്കുള്ളിലുള്ളവരെ വശപ്പെടുത്താൻ സുൽത്താന്റെ ആൾക്കാർ പല മാർഗങ്ങളും സ്വീകരിക്കുന്നു. ആദ്യം അവർ കോട്ടയിലുള്ളവരെ പുകഴ്ത്തി, പിന്നീട് അധിക്ഷേപിച്ചു, അവസാനം ഭീഷണിപ്പെടുത്തി. കോട്ട അഭേദ്യമാണെങ്കിൽപോലും അതിനുള്ളിലുള്ളവരെ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശക്തിയുള്ള ഇരുമ്പുചങ്ങല തങ്ങളുടെ കൈവശമുണ്ടെന്ന് ഓട്ടോമൻ സൈന്യം ഭീഷണി മുഴക്കി. വിശപ്പും ദാഹവുമായിരുന്നു ആ ചങ്ങല.
കോട്ട പിടിച്ചെടുത്തു കഴിയുമ്പോൾ അതിനുള്ളിൽ ജീവിക്കുന്നവരെ പൂർണമായ അർഥത്തിൽ അധീനതയിലാക്കാൻ എന്തൊക്കെ അവരിൽനിന്ന് അടർത്തിമാറ്റേണ്ടതുണ്ടെന്നും എന്തൊക്കെ അവർക്കു വിട്ടുകൊടുക്കാമെന്നും ഓട്ടോമൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വിവരിക്കുന്നുണ്ട്.തുടക്കത്തിൽ മതം അവർക്കു വിട്ടുകൊടുക്കാം, ആദ്യം തന്നെ നിരോധിക്കപ്പെടേണ്ടത് അവരുടെ ഭാഷയാണെന്ന് അയാൾ പറയുന്നു. ‘‘ആദ്യം അവരുടെ ഭാഷയിൽ എഴുതുന്നത് നിരോധിക്കണം, പിന്നീട് സംസാരിക്കുന്നതും.’’ ഒരു രാഷ്ട്രത്തിന്റെ ദേശീയതയിൽ ഭാഷക്കുള്ള പ്രാധാന്യം കദാറെ ഇവിടെ എടുത്തുകാട്ടുന്നു.
അൽബേനിയൻ ഭാഷയോട് കദാറെക്ക് അഗാധമായ സ്നേഹവും മതിപ്പുമുണ്ടായിരുന്നു. സമ്പന്നവും സുഗമവും ഏതു സാഹചര്യത്തോടും അനുരൂപപ്പെടുത്താവുന്നതുമായ ഒരു അസാധാരണമായ ആവിഷ്കാര ഉപാധിയെന്നാണ് തന്റെ മാതൃഭാഷയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. കുടിയേറ്റങ്ങൾക്കോ അധിനിവേശങ്ങൾക്കോ അൽബേനിയൻ ഭാഷയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയവും മതപരവുമായ വിഭാഗീയതകൾക്കിടയിലും അൽബേനിയൻ വംശത്തിന്റെ സ്വത്വം അടയാളപ്പെടുത്തുന്ന പ്രധാന ഉപാധിയായി ഭാഷ മാറി.

‘ദി പാലസ് ഓഫ് ഡ്രീംസ്’ എന്ന നോവലിലും അധിനിവേശ ശക്തികൾ ജനങ്ങളെ അവരുടെ മാതൃഭാഷയിൽനിന്ന് അകറ്റിനിർത്താൻ ശ്രമിക്കുന്നതിന് ഉദാഹരണങ്ങളുണ്ട്. നോവലിൽ കഥാനായകനായ മാർക്ക് അലമിന്റെ കുടുംബത്തെ പ്രകീർത്തിച്ചുകൊണ്ട് പാടാൻ അൽബേനിയയിൽനിന്നുള്ള ഇതിഹാസ പാരായണക്കാരെ അദ്ദേഹത്തിന്റെ ഇളയ അമ്മാവനായ കുർട്ട് ക്ഷണിക്കുന്നു. സാമ്രാജ്യത്വ തലസ്ഥാനത്തു താമസിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ ഇതിഹാസം ബോസ്നിയയിൽനിന്നുള്ളവർ പാരായണം ചെയ്യുന്നതിലെ വൈരുധ്യം കുടുംബത്തിൽ അദ്ദേഹം ചർച്ചചെയ്യുന്നു. നൂറുകണക്കിനു വർഷങ്ങളായി ബോസ്നിയൻ പാരായണക്കാർ കുടുംബത്തിന്റെ ഇതിഹാസം പാടുന്നു.
അൽബേനിയൻ ഭാഷയിൽ അല്ലാത്തതിനാൽ കുടുംബത്തിൽ ആർക്കും അത് മനസ്സിലാകാറുമില്ല. ഒരു ആചാരംപോലെ അതു തുടരുന്നുവെന്നു മാത്രം. അതിനാണ് കുർട്ട് മാറ്റം വരുത്താൻ തീരുമാനിച്ചത്. സ്വന്തം ഭാഷയിൽ കേട്ട് തന്റെ കുടുംബത്തിന്റെ ഇതിഹാസം മനസ്സിലാക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഈ തീരുമാനം കുർട്ടിന്റെ അറസ്റ്റിലും മരണത്തിലും കലാശിക്കുന്നു. കദാറെയുടെ ഏറ്റവും മികച്ച കൃതികളിലൊന്നായി അറിയപ്പെടുന്ന നോവലാണ് ‘ദി പാലസ് ഓഫ് ഡ്രീംസ്.’ പ്രസിദ്ധീകരിച്ചു രണ്ടാഴ്ചക്കുള്ളിൽത്തന്നെ ഈ നോവൽ അൽബേനിയയിൽ നിരോധിക്കപ്പെട്ടു. എന്നാൽ, അപ്പോഴേക്കും പുസ്തകത്തിന്റെ മുഴുവൻ കോപ്പികളും വായനക്കാർ വാങ്ങിക്കഴിഞ്ഞിരുന്നു.
നോവലിന്റെ തുടക്കത്തിൽ കഥാനായകനായ മാർക്ക് അലം സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ ജോലിക്കു ചേരുന്നു. ഉന്നതതല ബന്ധങ്ങളുള്ള അഭിജാത കുടുംബമായ ക്യുപ്രിലി (Quprili) കുടുംബത്തിലെ അംഗമാണ് മാർക്ക് അലം. രാജ്യമാകെയുള്ള പൗരന്മാരുടെ സ്വപ്നങ്ങൾ ശേഖരിച്ച്, അവയെ തരംതിരിച്ച്, അവക്ക് വ്യാഖ്യാനങ്ങൾ ചമക്കുന്ന സുപ്രധാന ജോലിയാണ് സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആഴ്ചയിലൊരിക്കൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വപ്നത്തെ കണ്ടെത്തി അതു സുൽത്താനു കാഴ്ചവെക്കും. രാജ്യത്തിന്റെ ഭാഗധേയംവരെ നിർണയിക്കുന്ന സുപ്രധാനമായ തീരുമാനങ്ങൾ ചിലപ്പോൾ ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങൾകൊണ്ടു സംഭവിക്കാറുണ്ട്. അത്യധികം രഹസ്യസ്വഭാവമുള്ള ജോലിയാണ് സ്വപ്നങ്ങളുടെ കൊട്ടാരത്തിലേത്.
നോവലിലെ സ്വപ്നങ്ങളുടെ വിവരണം മാജിക്കൽ റിയലിസത്തെ ഓർമിപ്പിക്കുന്നതാണ്. ഒരു മതപഠനശാലയിലെ കുട്ടിയുടേതായി മാർക്ക് അലമിന്റെ മുന്നിലെത്തുന്ന സ്വപ്നം അത്തരത്തിലൊന്നാണ്. വീണുപോയ ഒരു മഴവില്ലാണു കുട്ടി സ്വപ്നത്തിൽ കണ്ടത്. രണ്ടുപേർ മഴവില്ലു കണ്ടെത്തി, ഉയർത്തി, പൊടിതട്ടി, നിറംകൊടുത്തു പഴയസ്ഥാനത്തു പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിയുന്നില്ല. ഒടുവിൽ അവർ മഴവില്ല് ഉപേക്ഷിച്ച് ഓടിപ്പോകുന്നു.
ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കും ഏകാധിപത്യ ഭരണത്തിൻ കീഴിൽ ഭയന്നു പണിയെടുക്കേണ്ടിവരുന്ന ഉദ്യോഗസ്ഥരെയും വിശദമായിത്തന്നെ കദാറെ ‘ദി പാലസ് ഓഫ് ഡ്രീംസി’ൽ വരച്ചുകാട്ടുന്നുണ്ട്. കൊട്ടാരത്തിലെ ഇടനാഴികളിൽ വഴിയറിയാതെ കഥാനായകനു മണിക്കൂറുകളോളം ചുറ്റിത്തിരിയേണ്ടിവരുന്നു. ആദ്യമായി അവിടെ എത്തിയ ദിവസം ഒരു ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാനെടുക്കുന്ന സമയം കണ്ട് ‘‘ഈ ജോലി എനിക്കു വേണ്ട, നിങ്ങൾ എഴുന്നേൽക്കുന്നത് കണ്ടുനിൽക്കാൻ എനിക്കു വയ്യെ’’ന്നു ഉറക്കെ പറയണമെന്നാണ് മാർക്ക് അലം ചിന്തിക്കുന്നത്.

വ്യാഖ്യാന വിഭാഗത്തിൽ ജോലി തുടങ്ങിയശേഷം സ്വപ്നങ്ങൾക്ക് അർഥങ്ങൾ കണ്ടെത്തി തുടങ്ങുമ്പോൾ മാർക്ക് അലം ഭയക്കുന്നു. ചിലപ്പോൾ ഏതെങ്കിലും ഒരു ദുരന്തത്തിനുശേഷം താൻ അയച്ച സ്വപ്നത്തെ ശരിയായി വ്യാഖ്യാനിച്ചിരുന്നെങ്കിൽ ആ സംഭവത്തെപ്പറ്റി മുൻകൂട്ടി സൂചന ലഭിക്കുമായിരുന്നു എന്നുപറഞ്ഞ് ഒരു പൗരൻ വന്നേക്കാം. മറ്റു ചിലപ്പോൾ വ്യാഖ്യാനങ്ങൾകൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടായേക്കാം. രാഷ്ട്രത്തിനെതിരെയുള്ളത് എന്ന് ആദ്യം വ്യാഖ്യാനിച്ച സ്വപ്നത്തിനു പിന്നീട് മിതമായ മറ്റൊരു അർഥം കണ്ടെത്താൻ അയാളെ പ്രേരിപ്പിക്കുന്നതും ഇതേ ഭയം തന്നെയാണ്.
സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ ജോലി ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അവിടെയുള്ള ഏകാന്ത മുറികളെപ്പറ്റി മാർക്ക് അലം കേൾക്കാനിടയാകുന്നത്. സംശയാസ്പദമായ സ്വപ്നങ്ങൾ കണ്ടവരെ വിളിച്ചുവരുത്തി ചോദ്യംചെയ്ത് അവരിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന മുറികളാണത്. ഒരിക്കൽ കണ്ട സ്വപ്നങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ആർക്കും ഓർമയുണ്ടായി എന്നുവരില്ല. അവിടെ നടക്കുന്നത് സ്വപ്നങ്ങൾ ഓർത്തെടുക്കാൻ പ്രേരിപ്പിക്കലല്ല, മറിച്ചു സ്വപ്നംകണ്ടയാളിൽ അതിനെക്കുറിച്ചുള്ള ഓർമകൾ ഇല്ലാതാക്കാൻ വേണ്ട പീഡനങ്ങളാണ് എന്ന് അയാൾ മനസ്സിലാക്കുന്നു. ഏകാന്ത മുറിയിൽ ചോദ്യംചെയ്യപ്പെട്ടയാളുടെ ശവപ്പെട്ടി വഹിച്ചുകൊണ്ടു പോകുന്നവരെയും മാർക്ക് അലം കാണുന്നുണ്ട്.
സ്വമേധയാ ജനങ്ങൾ കൊടുക്കുന്ന സ്വപ്നങ്ങളെക്കൂടാതെ രാഷ്ട്രം സ്വന്തം മാർഗങ്ങളിലൂടെ സ്വപ്നങ്ങൾ കണ്ടെത്തുകയും ശേഖരിക്കുകയുംചെയ്യുന്നുണ്ട്. അതിനായി ഒരു രഹസ്യവിഭാഗം പ്രവർത്തിക്കുന്നു. രഹസ്യ പൊലീസിനെ ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ സ്വന്തം ഗവൺമെന്റ് തന്നെ നിരീക്ഷിക്കുകയും വ്യാഖ്യാനങ്ങൾ കണ്ടെത്തി നിരപരാധികളെ ശിക്ഷിക്കുകയും ചെയ്യുന്നതിനെയാണ് കദാറെഇവിടെ വിമർശിക്കുന്നത്. സ്വപ്നങ്ങളുടെ കൊട്ടാരത്തിന്റെ മറവിൽ സ്ഫോടനാത്മകമായ രാഷ്ട്രീയ പരിഹാസങ്ങൾ അദ്ദേഹം വായനക്കാർക്കു മുന്നിൽ അവതരിപ്പിച്ചു. ലളിതമെന്നു തോന്നാവുന്ന കഥയിലൂടെ അൽബേനിയയിലെ ഏകാധിപത്യത്തിനും ഭരണകൂടത്തിന്റെ സ്റ്റാലിൻ വിധേയത്വത്തിനും എതിരെ കദാറെ നിശിത വിമർശനം നടത്തി.
മാർക്ക് അലമിന്റെ കുടുംബത്തിന്റെ ഉന്നതതലബന്ധം അവർക്ക് ഒരേപോലെ അനുഗ്രഹവും ശാപവുമാണ്. അയാളുടെ മാതൃസഹോദരന്മാർ മന്ത്രിസഭയിൽ ഉന്നത ഉദ്യോഗങ്ങൾ വഹിക്കുന്നവരാണ്, ഏറ്റവും ഇളയ ആളായ ക്രുട്ട് ഒഴികെ. ജോലിതേടിയെത്തിയ മാർക്ക് അലമിനോട് തങ്ങൾ ശിപാർശ കത്തുകൾ സ്വീകരിക്കാറില്ല എന്നു കൊട്ടാരത്തിൽനിന്നു പറയുന്നുണ്ടെങ്കിലും തുടക്കത്തിൽതന്നെ സ്വപ്നങ്ങൾ തരംതിരിക്കുന്ന വിഭാഗത്തിലേക്കാണ് അയാളെ നിയമിക്കുന്നത്.
മറ്റുള്ളവരെപ്പോലെ ആദ്യം പകർത്തിയെഴുത്തു വിഭാഗത്തിലും പിന്നീട് സ്വീകരണവിഭാഗത്തിലും അയാൾക്കു ജോലി ചെയ്യേണ്ടിവരുന്നില്ല. ആഴ്ചകൾക്കുള്ളിൽതന്നെ മാർക്കിനെ തരംതിരിക്കൽ വിഭാഗത്തിൽനിന്നു വ്യാഖ്യാനവിഭാഗത്തിലേക്കു മാറ്റുന്നു. ‘‘നിങ്ങൾ ഞങ്ങൾക്കു യോജിച്ചവനാണ്’’ എന്നു മാത്രമാണ് ഓരോ ഉദ്യോഗക്കയറ്റത്തിലും മേലുദ്യോഗസ്ഥർ അയാളോടു പറയുന്നത്. മാർക്കിന്റെ കുടുംബ മഹിമക്കപ്പുറം എങ്ങനെയാണ് അയാൾ യോജിച്ചവനാകുകയെന്ന് നോവലിൽ എവിടെയും സൂചിപ്പിക്കുന്നുമില്ല.

ഏറ്റവും രഹസ്യസ്വഭാവമുള്ളതും അഭിമാനകരവുമായ ജോലിയാണ് വ്യാഖ്യാനവിഭാഗത്തിന്റേത്. മാർക്ക് അലം ആഗ്രഹിക്കുന്നതിനു മുമ്പായിത്തന്നെ അയാൾ പദവിയുടെ പടവുകൾ കയറുന്നുണ്ട്. എന്നാൽ, ആരോ കണ്ട ഒരു സ്വപ്നത്തിന്റെ വ്യാഖ്യാനത്തിന്റെ ഫലമായി അയാളുടെ മുന്നിൽെവച്ചുതന്നെ രാജഭടന്മാർ അയാളുടെ ഇളയ അമ്മാവനായ ക്രുട്ടിനെ പിടിച്ചുകൊണ്ടുപോകുകയും തുടർന്നു വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്യുന്നു. സർക്കാറിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളെ കൂട്ടുപിടിക്കുകയാണെന്ന് സംശയിക്കാവുന്ന സംഭവമാണിത്.
ഇവിടെ എൻവർ ഹോജയുടെ ഭരണത്തിൻകീഴിലുള്ള തന്റെതന്നെ അവസ്ഥയായിരിക്കണം കദാറെ പറയാൻ ആഗ്രഹിച്ചത്. 1967 മുതൽ 1970 വരെ താൻ ഏകാധിപതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സ്വയം ഒരു എഴുത്തുകാരനും കവിയുമായി കരുതിയിരുന്ന ഹോജക്ക് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരനായ കദാറെയോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. എന്നിരുന്നാലും കദാറെ എല്ലായ് പോഴും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു.
ഹോജയോട് താൻ ചിലപ്പോഴൊക്കെ മൃദുസമീപനം പുലർത്തിയിരുന്നു എന്ന ആരോപണത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു; ‘‘അത്തരമൊരു സാഹചര്യത്തിൽ എനിക്കു മൂന്നു തിരഞ്ഞെടുപ്പുകൾ ഉണ്ടായിരുന്നു. ഒന്നുകിൽ സ്വന്തം വിശ്വാസങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുക, അതു ചിലപ്പോൾ മരണത്തിൽ കലാശിച്ചേക്കും. പൂർണമായി നിശ്ശബ്ദനാകുക എന്നുള്ളതാണ് മറ്റൊരു വഴി, ഒരർഥത്തിൽ അതും മരണസമാനംതന്നെ. മൂന്നാമത്തെവഴിയാണ് ഭരണകൂടത്തിനു കപ്പം കൊടുക്കൽ.’’ അൽബേനിയയിൽ തുടരാനായി ചിലപ്പോഴൊക്കെ അദ്ദേഹം ഭരണത്തോടു നയപരമായി ഇടപെട്ടു, മിക്കപ്പോഴും വിമർശിച്ചു. 1975ൽ, ഭരണകൂടത്തെ ലക്ഷ്യംെവച്ചെഴുതിയ ‘ദി റെഡ് പാഷ’ എന്ന അദ്ദേഹത്തിന്റെ കവിത നിരോധിക്കപ്പെട്ടു. തുടർന്ന് 1977ൽ കദാറെ എൻവർ ഹോജക്ക് അനുകൂലമായ നിലപാടെടുക്കുന്ന ‘ദി ലോങ് വിന്റർ’ എന്ന നോവൽ പ്രസിദ്ധീകരിച്ചു.
ഒരു രാജ്യത്തിന്റെ സ്വത്വം അവിടത്തെ ഭാഷയും സാഹിത്യവുമാണെന്നു കദാറെ വിശ്വസിച്ചു. സാഹിത്യം എന്നത് ഓർമപ്പെടുത്തലുകളാണ്. അത്തരം ഓർമകളും ഓർമെപ്പടുത്തലുകളുമില്ലാതെ ഒരു സമൂഹത്തിനു മുന്നോട്ടു പോകാനാവില്ല. ദേശത്തിന്റെ സംസ്കാരത്തിൽ ഭാഷക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യം തന്റെ ലേഖനങ്ങളിലും കദാറെ ഊന്നിപ്പറയുന്നുണ്ട്. അൽബേനിയയുടെ ചരിത്രം പുരാതന ഗ്രീസുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അധിനിവേശ ശക്തികളായ ഓട്ടോമൻ, സോവിയറ്റ് യൂനിയൻ, സ്ലാവിക് തുടങ്ങിയവരുമായല്ലെന്നും ‘എസ്കിലസ് അഥവാ വൻ പരാജിതൻ’ (Aeschylus or the Great Loser) എന്ന ലേഖനത്തിൽ അദ്ദേഹം എഴുതി (Ismail Kadare -The writer and Dictatorship 1957-1990 by Peter Morgan).
ആദ്യകാലത്ത് കദാറെയുടെ രചനകളിലെ ഗ്രീക് മിത്തോളജിയുടെ സാന്നിധ്യം കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നിരീശ്വരവാദത്തെയും ദേശീയതയെയും അമർഷം കൊള്ളിച്ചുവെങ്കിൽ എൻവർ ഹോജയുടെ കാലശേഷം അത്തരം പ്രമേയങ്ങൾക്കു മറ്റൊരു സാധ്യതകൂടിയുണ്ടായി. അൽബേനിയയുടെ യൂറോപ്യൻ പൈതൃകത്തിലേക്കുള്ള മടങ്ങിപ്പോക്കിനെ സാഹിത്യത്തിലെ ഇത്തരം കാഴ്ചപ്പാടുകളും പങ്കുവെക്കലുകളും സഹായിക്കുമെന്നു കദാറെ കരുതി.
1985ൽ റമീസ് അലിയ (Ramiz Alia) ഹോജയുടെ പിൻഗാമിയായി സ്ഥാനമേറ്റു. 1990ലാണ് കദാറെ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടിയത്. മുമ്പും പലപ്പോഴും ഫ്രാൻസിലേക്ക് താമസം മാറുന്നതിനെപ്പറ്റി അദ്ദേഹം ആലോചിച്ചിരുന്നെങ്കിലും തന്റെ നാടിൽനിന്നും ഭാഷയിൽനിന്നും പ്രിയപ്പെട്ടവരിൽനിന്നും പൂർണമായി അകലുക എന്നതു താങ്ങാനാവാത്തതിനാൽ അദ്ദേഹം അൽബേനിയയിലേക്കുതന്നെ മടങ്ങിയെത്തുകയായിരുന്നു. അൽബേനിയയോടുള്ള അദ്ദേഹത്തിന്റെ തീവ്ര സ്നേഹം ‘ലോങ്ങിങ് ഫോർ അൽബേനിയ’ (Longing for Albenia) എന്ന കവിതയിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്.
I was filled with longing for Albania,
For that great, wide and deep sky,
For the azure course of the Adriatic waves,
For clouds at sunset ablaze like castles,
I was filled with longing.
I was filled with longing
For the Albanians. (Poem, Longing for Albenia, 1960 - Ismail Kadare)

ഇസ്മായിൽ കദാറെ കുടുംബത്തോടൊപ്പം
1990ൽ ‘ദി പാലസ് ഓഫ് ഡ്രീംസി’ന്റെ പ്രസിദ്ധീകരണത്തിനായി കദാറെ ഫ്രാൻസിലേക്ക് പോകുകയും അവിടെ രാഷ്ട്രീയ അഭയം നേടുകയുംചെയ്തു. കദാറെ ഫ്രാൻസിലേക്കു കുടിയേറുമ്പോൾ അൽബേനിയ ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിൽ ആടിയുലയുകയായിരുന്നു. രാജ്യം വീണ്ടും സ്വേച്ഛാധിപത്യമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ താനൊരിക്കലും അൽബേനിയയിലേക്കു മടങ്ങിവരില്ലെന്ന് കദാറെ പറഞ്ഞു. ആ ഭീഷണി ജനാധിപത്യത്തിനായുള്ള പോരാട്ടത്തെ ഉത്തേജിപ്പിച്ചു. അദ്ദേഹത്തിന്റെ പരസ്യപ്രസ്താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും അൽബേനിയ ജനാധിപത്യത്തിന് അനുകൂലമായി തീരുമാനമെടുക്കുന്നതിന് അതു വലിയപങ്ക് വഹിക്കുകയും ചെയ്തു.
ബുക്കർ പുരസ്കാരം നിലവിൽ വന്ന വർഷമായ 2005ൽ ചരിത്രത്തിലെ ആദ്യത്തെ അന്തർദേശീയ ബുക്കർ പുരസ്കാരം കദാറെക്ക് ലഭിച്ചു. സാഹിത്യത്തിനുള്ള സമഗ്രസംഭാവനക്കായിരുന്നു അത്. 2009ൽ പ്രിൻസ് ഓഫ് അസ്ചൂറിയസ് (Asturias) പുരസ്കാരം, 2015ൽ ജറൂസലം പുരസ്കാരം, 2023ൽ അന്താരാഷ്ട്ര എഴുത്തിലെ ആജീവനാന്ത സംഭാവനക്കുള്ള സാഹിത്യത്തിനുള്ള അമേരിക്ക അവാർഡ് തുടങ്ങി നിരവധി ആഗോള പുരസ്കാരങ്ങൾ കദാറെയെ തേടിയെത്തി. നിരവധിതവണ നൊബേൽ പുരസ്കാരത്തിനും അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടു.
‘ക്രോണിക്കിൾ ഇൻ സ്റ്റോൺ’, ‘ബ്രോക്കൺ ഏപ്രിൽ’, ‘ദി ത്രീ-ആർച്ഡ് ബ്രിഡ്ജ്’, ‘ദി ഫയൽ ഓൺ എച്ച്’, ‘ദി സക്സെസർ’ തുടങ്ങി അദ്ദേഹത്തിന്റെ ഇരുപതിലധികം നോവലുകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒട്ടനവധി നോവലുകളും കവിതകളും ലേഖനങ്ങളും ചെറുകഥാ സമാഹാരങ്ങളും എഴുതിയിട്ടുള്ള കദാറെയുടെ അനേകം കൃതികൾ ഇനിയും ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെടാനിരിക്കുന്നു. കദാറെയുടെ ‘ദി ഡിക്ടേറ്റർ കാൾസ്’ എന്ന നോവൽ 2024ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഏകാധിപത്യ ഭരണകൂടത്തിൻ കീഴിൽ മറ്റു രാജ്യങ്ങളിലെ സാഹിത്യകാരന്മാർ തങ്ങളുടെ രചനകളെ രഹസ്യമായി ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചപ്പോൾ കദാറെയുടെ കൃതികൾ സർക്കാർ മേൽനോട്ടത്തിലുള്ള പ്രസിദ്ധീകരണശാലകൾ പ്രസിദ്ധീകരിക്കുകയും അവയിൽ ഒട്ടനവധി രചനകൾ വിദേശഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. സാഹിത്യകാരന്റെ ബാഹ്യസ്വാതന്ത്ര്യമല്ല ആന്തരിക സ്വാതന്ത്ര്യമാണ് പ്രധാനം എന്നാണ് ഇതേപ്പറ്റി കദാറെ അഭിപ്രായപ്പെട്ടത്.