ഒരു തെരുവിന്റെ കഥ; മറഞ്ഞുപോയ ഒരു സംസ്കാരത്തിന്റെയും


ജമാൽ കൊച്ചങ്ങാടിയുടെ ‘സിനഗോഗ് ലെയിൻ’ നൽകുന്ന വായന, ദേശ അനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ. ആ പുസ്തകം വായിക്കുന്ന ഒരാളുടെ ഫോർട്ട് കൊച്ചി യാത്രകൾ ഏറെ വ്യത്യസ്തമായിരിക്കുമെന്നും എഴുതുന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ സമയത്ത് ഫോർട്ട് കൊച്ചിയിലൂടെയും മട്ടാഞ്ചേരിയിലൂടെയും നടക്കുമ്പോൾ ഒരു നഗരമാകെ വിശാലമായ ഒരു കാൻവാസ് ആയി മാറുന്ന അനുഭവമാണ് തോന്നിയത്. ചെറിയ റോഡുകളും ഇരുവശത്തുമുള്ള വിവിധ നിറങ്ങൾ പൂശിയ കടകളും പഴക്കത്തിന്റെ ഗന്ധം നിറഞ്ഞ...
Your Subscription Supports Independent Journalism
View Plansജമാൽ കൊച്ചങ്ങാടിയുടെ ‘സിനഗോഗ് ലെയിൻ’ നൽകുന്ന വായന, ദേശ അനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ. ആ പുസ്തകം വായിക്കുന്ന ഒരാളുടെ ഫോർട്ട് കൊച്ചി യാത്രകൾ ഏറെ വ്യത്യസ്തമായിരിക്കുമെന്നും എഴുതുന്നു.
കൊച്ചി മുസിരിസ് ബിനാലെയുടെ സമയത്ത് ഫോർട്ട് കൊച്ചിയിലൂടെയും മട്ടാഞ്ചേരിയിലൂടെയും നടക്കുമ്പോൾ ഒരു നഗരമാകെ വിശാലമായ ഒരു കാൻവാസ് ആയി മാറുന്ന അനുഭവമാണ് തോന്നിയത്. ചെറിയ റോഡുകളും ഇരുവശത്തുമുള്ള വിവിധ നിറങ്ങൾ പൂശിയ കടകളും പഴക്കത്തിന്റെ ഗന്ധം നിറഞ്ഞ ഗുദാമുകളും റോഡിൽ നിറയെ ലോറികളും ഓട്ടോ റിക്ഷകളും കൗതുകകരമായ ഭാഷയിൽ സംസാരിക്കുന്ന തൊഴിലാളികളും ചേർന്ന ഈ തെരുവിലൂടെ നടക്കുമ്പോൾ മറ്റേതോ ഒരു കലാസൃഷ്ടിയിലൂടെ നടക്കുകയാണ് എന്ന് തോന്നും. ബിനാലെയിലെ ഏതു മഹത്തായ സൃഷ്ടിയേക്കാൾ സുന്ദരമാണല്ലോ മനുഷ്യർ പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന ഈ തെരുവ് എന്നോർക്കും.
വിചിത്രവും ഏറെ സുന്ദരവും എന്നാൽ പൊതുവേ അപരിചിതവുമായ ഈ ഭൂവിഭാഗത്തിന്റെ കഥയാണ് ജമാൽ കൊച്ചങ്ങാടി പറയുന്ന ‘സിനഗോഗ് ലെയിൻ’. 120 മീറ്റർ മാത്രം നീളമുള്ള ഒരു ചെറിയ ലെയിനിൽ ലോകചരിത്രത്തിന്റെ അദൃശ്യമായ ഒരു ഇതൾ വിടർന്നുനിൽക്കുന്നതിന്റെ കഥയാണ് അദ്ദേഹം പറയുന്നത്.
എത്ര തവണ പോയാലും എത്ര കുറച്ച് മാത്രമാണ് ഈ പ്രദേശങ്ങളെ നമ്മൾ മനസ്സിലാക്കുക എന്ന് നോവലിന്റെ ആമുഖമായി എൻ.എസ്. മാധവൻ എഴുതുന്നുണ്ട്. ജൂതരുടെ നഗരം എന്ന് സാമാന്യമായി ഈ ദേശത്തെ നമ്മൾ അടയാളപ്പെടുത്തുമെങ്കിലും ഏറെ വൈവിധ്യമാർന്ന ജൂത സമൂഹമാണ് ഇവിടെയുള്ളത്. 15ാം നൂറ്റാണ്ടിൽ ഐബീരിയൻ (സ്പെയിനും പോർചുഗലും) ഉപഭൂഖണ്ഡത്തിൽനിന്ന് നിഷ്കാസിതരായതിനെത്തുടർന്ന് കൊച്ചിയിലെത്തിയ സെഫാർഡി ജൂതന്മാർ, 19ാം നൂറ്റാണ്ടിൽ കൊച്ചിയിലെത്തിയ അറബി സംസാരിക്കുന്ന ബാഗ്ദാദി ജൂതന്മാർ, സിറിയയിലെ അലപ്പോയിൽനിന്ന് വന്നവർ എന്നിങ്ങനെ. വെളുത്ത ജൂതന്മാർ അഥവാ പരദേശി ജൂതന്മാർ സ്ഥാപിച്ചതാണ് നമുക്ക് പരിചിതമായ ജൂയിഷ് സിനഗോഗ് അഥവാ പരദേശി ജൂതപ്പള്ളി. ഇതിനെ ചുറ്റിപ്പറ്റിയാണ് കൊച്ചിയുടെ ജൂതപാരമ്പര്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കാറ്. എന്നാൽ, നൂറ്റാണ്ടുകളായി കേരളത്തിൽ ജീവിക്കുന്ന ‘കറുത്ത’ ജൂതരെക്കുറിച്ച് ആരും ഏറെ എഴുതിയിട്ടില്ല എന്ന് എൻ.എസ്. മാധവൻ സൂചിപ്പിക്കുന്നു.
പരദേശിജൂതന്മാരും കറുത്ത ജൂതന്മാരും തമ്മിൽ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന സ്പർധയുടെ കഥ ഇതിലുണ്ട്. വർണവിവേചനത്തിനെതിരെ നാട്ടുജൂതന്മാർ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൂടിയാണ് ‘സിനഗോഗ് ലെയിൻ’. 120 മീറ്റർ മാത്രമുള്ള ലെയിൻ അവസാനിക്കുന്നത് 45 അടി ഉയരമുള്ള ക്ലോക്ക് ടവറിൽ. നാലു മുഖമുള്ള ടവറിൽ മലയാളത്തിലും ഇംഗ്ലീഷിലും ഹീബ്രുവിലുമായി പരദേശിപ്പള്ളിയുടെ ജനനവർഷം എഴുതിെവച്ചിരിക്കുന്നു –1568.
താഴെ പ്രവചനസ്വഭാവമുള്ള സങ്കീർത്തന വാക്യം.
“Our days are like passing shadows...”
കടന്നുപോകുന്ന നിഴലുകൾപോലെ നമ്മുടെ നാളുകൾ.
എങ്ങനെയാണ് ഈ ജൂത സമൂഹം ഇവിടെയെത്തിയത്? കൊടുങ്ങല്ലൂരിലാണ് യൂറോപ്പിൽനിന്ന് പലായനം ചെയ്ത ജൂതർ ആദ്യമെത്തുന്നത്. അവിടെനിന്നും കൊച്ചിയിൽ. ‘ലോകമെമ്പാടുനിന്നും ആട്ടിയോടിക്കപ്പെടുന്ന ജനതക്ക് എന്റെ രാജ്യത്തിലിടമുണ്ട്’ എന്ന് അലിവോടെ പ്രഖ്യാപിച്ച കൊച്ചി രാജാവ് തന്റെ കൊട്ടാരത്തിന് തൊട്ടടുത്ത് തന്നെ ഒരു യൂദ നഗരം പണിയാൻ സ്ഥലം നൽകുകയായിരുന്നു.
കൊച്ചിയിലെ ജൂതർ മരിക്കുമ്പോൾ രണ്ട് കണ്ണുകളിലും ജറൂസലമിൽ നിന്നും കൊടുങ്ങല്ലൂരിൽനിന്നുമുള്ള ഓരോ പിടി മണ്ണ് വെച്ചാണ് സംസ്കരിച്ചിരുന്നത്. ഒരു കാലത്ത് ഇവിടെ ധാരാളം യഹൂദഭവനങ്ങളും ജൂതപ്പള്ളികളും ഉണ്ടായിരുന്നു. ജൂതക്കുട്ടികൾക്ക് പഠിക്കാൻ പ്രത്യേകം സ്കൂൾ. ഹാർബർ മാർക്കറ്റിനടുത്ത് സ്വന്തം അറവുശാലയും ഷോഹത്തും (അറവുകാരൻ). നൂറ്റാണ്ടുകളോളം അവർ ഇവിടെ ജീവിച്ചു. ഇസ്രായേലിലെ പിതൃഭൂമി തേടി ’50കളിലുണ്ടായ പലായനത്തിൽ (ആലിയ എന്നാണ് ഇത് അറിയപ്പെടുന്നത്) ഈ കഥയിലെ കഥാപാത്രങ്ങളായി മാറിയ മനുഷ്യർ ഇവിടം വിട്ടുപോകുന്നതുവരെ. കുറച്ചുപേർ മാത്രം ഇന്ത്യയെ സ്നേഹിച്ചുകൊണ്ട് ഇവിടെ തുടർന്നു. തിരിച്ച് ഇസ്രായേലിൽ എത്തിയവർ കൊച്ചിയുടെ ഓർമക്കായി അവിടെയും ഒരു റെപ്ലിക്കപോലെ ഒരു പരദേശിപ്പള്ളി സ്ഥാപിച്ചതായി കേട്ടിട്ടുണ്ട്.
തൊണ്ണൂറാം വയസ്സിൽ മരിക്കുന്നതുവരെ ഹലേഗ്വാ ഹാളിൽ വിഭാര്യനായി കഴിഞ്ഞിരുന്ന ഐസക് അഷ്കനാസി. സിനഗോഗിൽ വരുന്ന സന്ദർശകർക്ക് സുന്ദരമായ മുഖത്ത് ഒരു ചിരിപോലും നൽകാതെ നിസ്സംഗമായി ടിക്കറ്റ് കൊടുത്ത് ദിവസങ്ങൾ എണ്ണിത്തീർക്കുന്ന ജെന്നറ്റ്. മ്യൂസിയം പീസ് പോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് റൂബീസ് എംബ്രോയ്ഡറിക്ക് മുന്നിൽ നിൽക്കുന്ന റൂബിയാന്റി. ഇങ്ങനെ പലരെയും ജമാൽ കൊച്ചങ്ങാടി ഈ നോവലിൽ വരച്ചുചേർക്കുന്നു. ഇതൊക്കെ യഥാർഥ സംഭവങ്ങൾ തന്നെയായിരുന്നു എന്ന് ജമാൽ ആമുഖത്തിൽ പറയുന്നുണ്ട്.
ജൂതർ ഉപേക്ഷിച്ചുപോയ വീടുകൾ ഇപ്പോൾ കടകളായി മാറിയിട്ടുണ്ട്. കശ്മീരിൽനിന്നും ഗുജറാത്തിൽ നിന്നും കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും ധാരാളം കച്ചവടക്കാർ ഇങ്ങോട്ടെത്തി. സിനഗോഗ് ലെയിനിൽ പല ഭാഷകൾ കൂടിക്കലർന്നു. ഒപ്പം ധാരാളം ടൂറിസ്റ്റുകളുമെത്തി.
ഡാനിയൽ കോഹൻ ആണ് നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. കോഹൻ പിന്നീട് മലയാളത്തിൽ കോച്ച ആയി മാറി. കോച്ചമാരുടെ അങ്ങാടി കൊച്ചങ്ങാടിയും ആയത്രേ. ജമാൽ സ്വന്തം നാടിന്റെ ചരിത്രത്തിലേക്ക് സ്വന്തം കഥയെ ബന്ധിപ്പിക്കുന്നു. അമീർ ബാവ എന്നൊരു മുസ്ലിം പയ്യൻ ഒരു ജൂത കുടുംബത്തിൽ എത്തിച്ചേരുന്നതും അവിടെ റൂബിയാന്റിയുടെ സ്വന്തം മകനെപ്പോലെയാകുന്നതും നോവലിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. ഒടുവിൽ ഡാനിയുടെ ശവമഞ്ചം ചുമക്കുന്നതും അവനാണ്; അതിന്റെ പേരിൽ സ്വന്തം മതത്തിൽനിന്ന് എതിർപ്പുകൾ ഉണ്ടാകുന്നുവെങ്കിലും. പ്രവാചകമാതൃക കാണിച്ച് ഒരു മുസ്ലിം പണ്ഡിതൻ ഈ പ്രവൃത്തിയെ സാധൂകരിക്കുന്നുണ്ട്.
എന്നാൽ, ഈ വായനയിൽ നമ്മളെ വിസ്മയിപ്പിക്കുന്നത് ജൂത ഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന എബ്രഹാം ബറാക് സേലവും കുടുംബവും നടത്തിയ ആന്റി അപാർതൈറ്റ് പോരാട്ടമാണ്. അദ്ദേഹത്തിന്റെ മക്കളാണ് സാമുവൽ ശാലോമും ഭാര്യ സീമയും. പരദേശിപ്പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യത്തിനായിരുന്നു രണ്ടര നൂറ്റാണ്ട് ഇവർ പോരാടിയത്.

ജമാൽ കൊച്ചങ്ങാടി
കറുത്ത ജൂതനായ സമ്മി എന്ന സാമുവലിന് പരദേശിപ്പള്ളിയിൽ പ്രവേശനം ഉണ്ടായിരുന്നില്ല. പൂരിം ഉത്സവനാളിൽ മരച്ചില്ലകളുമായി പള്ളിയിലേക്ക് മത്സരിച്ചോടുന്നത് സമ്മിക്ക് ഓർമയുണ്ട്. പള്ളിയുടെ പുറത്ത് മരച്ചില്ലകൊണ്ട് അടിക്കാനേ കഴിയൂ. ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. അവിടെ വെളുത്ത തൊലിക്കാർ മാത്രം. സ്കൂളിൽ കറുത്ത ജൂതക്കുട്ടികളുടെ സ്ലേറ്റ് വെളുത്ത പെൺകുട്ടികൾ ചവിട്ടി പൊട്ടിക്കും.
ഈ സിനഗോഗ് ലെയിനിൽ കമ്യൂണിസവും കടന്നുവരുന്നുണ്ട്. യൂറോപ്പിനെ ആവേശിച്ച ആ ഭൂതം അറബിക്കടൽ കടന്ന് കൊച്ചിയിലുമെത്തി എന്ന് നോവലിസ്റ്റ് എഴുതുമ്പോൾ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആദ്യവാചകത്തിലേക്ക് സമർഥമായി കഥയെ ബന്ധിപ്പിക്കുന്നുണ്ട്. കാലിളകിയ ഒരു െബഞ്ചും മേശയുമുള്ള പാർട്ടി ഓഫിസിൽ ലോറൻസും സാൻഡോ ഗോപാലനും ഗംഗാധരനുമൊക്കെ വരും. അവിടെ പാർട്ടി അനുഭാവിയായി എത്തുന്ന ഒരു ചെറുപ്പക്കാരനാണ് ഉമ്മച്ചൻ. മീൻ പിടിത്തക്കാരുടെ കുടുംബമാണ്. ക്രമേണ ഉമ്മച്ചൻ അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനായി മാറി. ഓടത്ത ഉമ്മച്ചൻ എന്ന പേരിൽ.
പുസ്തക വായനക്കു ശേഷം ജമാൽക്കയുമായി നടന്ന ഒരു ഫോൺ സംഭാഷണത്തിൽ എന്താണ് ഓടത്ത എന്ന് അദ്ദേഹം വിശദീകരിച്ചു.
“ഹോർത്തൂസ് എന്നതിന്റെ മാറിയ രൂപമാണ് ഓടത്ത. ഹോർത്തൂസ് മലബാറിക്കസ് എഴുതിയ വാൻറീഡ് സായിപ്പും ഇട്ടി അച്യുതനും താമസിച്ചിരുന്നത് ഇപ്പോൾ ഡേവിഡ് ഹാൾ എന്നറിയപ്പെടുന്ന ആ കെട്ടിടത്തിലാണ്.
വായിച്ചുതീരുമ്പോൾ നമ്മൾ വിസ്മയിക്കും. ഇതൊരു കഥയോ നോവലോ മാത്രമായിരുന്നോ? അതോ നമ്മൾ ഇപ്പോൾ കടന്നുപോയത് ഒരു ചരിത്രഗ്രന്ഥത്തിൽ കൂടി ആയിരുന്നോ? ചരിത്രത്തിലില്ലാത്തത് ഒന്നുംതന്നെ ഈ നോവലിൽ നമ്മൾ കണ്ടില്ലല്ലോ.
അത് മാത്രമല്ല. ജൂതസംസ്കാരത്തിന്റെ സവിശേഷമായ സാംസ്കാരിക രീതികൾ, മതാചാരങ്ങൾ, വസ്ത്രധാരണം, യഹൂദ മലയാളം അടക്കമുള്ള ഭാഷാവൈചിത്ര്യങ്ങൾ, ലന്ത പറങ്കി വാസ്തുശിൽപശൈലി, ഭക്ഷണം, എപ്പോഴുമെന്ന പോലെ കാണുന്ന ജൂത ചിഹ്നമായ ഡേവിഡ് സ്റ്റാർ ഇതെല്ലാം ഉൾച്ചേർന്ന ഒരു എത്നോഗ്രഫിക് നോവൽ എന്നുകൂടി ‘സിനഗോഗ് ലെയിനി’നെ വിശേഷിപ്പിക്കാം.
മൂലമുടയ ഒരുത്തൻ എന്നാൽ ഏക ദൈവം. മെയുകാസിം എന്നാൽ വെളുത്ത ജൂതർ, മെഷൂരാരി എന്നാൽ കറുത്ത ജൂതർ. മോചിതരായ അടിമകളുടെ പിന്തുടർച്ചക്കാർ. നമുക്ക് അപരിചിതമായ ഈ വാക്കുകളിൽ വലിയ ചരിത്രം ഒളിച്ചിരിപ്പുണ്ട്. തങ്ങൾ മെഷ്റാറിം ആണ് എന്ന് അംഗീകരിച്ചാൽ കറുത്ത ജൂതരെ സിനഗോഗിൽ കയറ്റാം എന്നായിരുന്നു വെളുത്ത ജൂതരുടെ നിർദേശം. അത് ജൂത ഗാന്ധി അംഗീകരിച്ചില്ല. “അങ്ങനെ ഒപ്പിട്ട് കൊടുത്താൽ അതിനർഥം നമ്മടെ കാക്കക്കാരണവന്മാർ അടിമകൾ ആയിരുന്നെന്നാണ്” –അദ്ദേഹം പറഞ്ഞു.
12 വർഷം കൊണ്ടാണ് ഈ നോവൽ എഴുതി തീർത്തത് എന്ന് ജമാൽ പറയുന്നു. അഗാധമായ പാണ്ഡിത്യവും ഉൾക്കാഴ്ചയും ചരിത്ര ദർശനവും ചേർന്നുള്ള എഴുത്താണിത്. ഇരുനൂറ് വർഷത്തിന്റെ ചരിത്രം ഇരുനൂറ് പേജിൽ ഒതുക്കാനുള്ള മാസ്മരികമായ കഴിവ് ജമാൽ കൊച്ചങ്ങാടി ഈ രചനയിൽ കാണിക്കുന്നുണ്ട്. വർത്തമാന കാലത്തുനിന്ന് രണ്ട് നൂറ്റാണ്ട് പിറകിലേക്ക് പോയി അനായാസമായി തിരിച്ചെത്താനുള്ള കഴിവും.
എന്നാൽ, ഋജുവായ രചനാശൈലിയാണ്. ഭാഷയെ ആടയാഭരണങ്ങൾകൊണ്ട് അലങ്കരിക്കുന്ന ശൈലിയല്ല. കുറച്ച് കഥാപാത്രങ്ങൾ മാത്രം. അവരുടെ മനസ്സിലേക്ക് ആഴത്തിലിറങ്ങുന്ന എഴുത്ത്.
ലോക ചരിത്രത്തിൽ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ജൂതരുടെ കഥകൾ ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. “ഹിറ്റ്ലറുടേയും മുസ്സോളിനിയുടെയും കിരാതമായ പീഡനങ്ങളെ നേരിടേണ്ടി വന്ന യഹൂദർക്ക് എങ്ങനെയാണ് നിരപരാധികളായ ഫലസ്തീനികളെ പൈശാചികമായി വേട്ടയാടാൻ കഴിയുന്നത്.” എന്ന് ഈ കഥ പറയുന്ന തുടക്കത്തിൽ തന്നെ ജമാൽ കൊച്ചങ്ങാടി ഖേദിക്കുന്നുണ്ട്. ഈ വായനക്ക് ശേഷം ഇനിയുള്ള ഫോർട്ട് കൊച്ചി യാത്രകൾ ഏറെ വ്യത്യസ്തമായിരിക്കും. തീർച്ച.
ജമാൽ കൊച്ചങ്ങാടിക്ക് ഈ ആഴ്ച 82 തികഞ്ഞു. അദ്ദേഹത്തെ ഞാൻ നേരിട്ട് പരിചയപ്പെട്ടിട്ടില്ല. എങ്കിലും സ്നേഹപൂർവം ജമാൽക്ക എന്ന് വിളിക്കട്ടെ. 1963ൽ പത്രപ്രവർത്തനം തുടങ്ങിയതാണ് ജമാൽ. നാൽപതോളം പുസ്തകങ്ങൾ ഇതുവരെ എഴുതിയിരിക്കുന്നു. ആദ്യത്തെ പുസ്തകം പുറത്ത് വരുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. കഥാസമാഹാരമായിരുന്നു അത്. ഒരു സംയുക്ത സംരംഭം. പിന്നീട് രാഷ്ട്രീയ നേതാവും െഡപ്യൂട്ടി സ്പീക്കറുമെല്ലാമായ എം.ജെ. സക്കരിയാ സേട്ടുമായി ചേർന്ന് രണ്ടു പേരെഴുതിയ കഥകളുടെ ഒരു സമാഹാരം. ‘അഞ്ചും മൂന്നും ഒന്ന്’ എന്നായിരുന്നു ടൈറ്റിൽ.
സ്വാതന്ത്യ സമര സേനാനി പി.എ. സൈനുദ്ദീൻ നൈനയാണ് ജമാൽക്കാന്റെ പിതാവ്. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന് നൈന ജയിലിൽ പോകുന്നത് കല്യാണം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ്. ജയിലിൽ വെച്ച് വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെട്ടു. പുറത്തുവന്ന് രണ്ടു പേരും ചേർന്ന് പത്രം നടത്തി.
82 വയസ്സ്! അതിനിടയിൽ 60 വർഷത്തെ പത്രപ്രവർത്തനം. അതിനൊപ്പം 30 പുസ്തകങ്ങൾ, ജീവചരിത്രങ്ങൾ, സാംസ്കാരിക പഠനങ്ങൾ, കഥകൾ, തിരക്കഥകൾ, പാട്ടുകൾ, സിനിമാപ്പാട്ടുകൾ, ആകാശവാണിയിലെ കിഞ്ചനവർത്തമാനത്തിന്റെ സ്ക്രിപ്റ്റ്. നോവലുകൾ. ബക്കറിന്റെ ‘ചാപ്പ’ എന്ന സിനിമയുടെ കഥയും ജമാൽക്കയുടേതാണ്. ഏറ്റവും അവസാനം പുറത്തുവന്നത് ‘സിനഗോഗ് ലെയ്ൻ’ എന്ന നോവലാണ്. ജനിച്ചുവളർന്ന നാടും അതിന്റെ ചരിത്രവും സംസ്കാരവുമൊക്കെയാണല്ലോ അത്. ജീവിതത്തിന്റെ പാതി ചെലവിട്ട കോഴിക്കോടിനെ കുറിച്ച് എഴുതിത്തുടങ്ങിയിട്ടുണ്ട്. അത് ഉടൻ പൂർത്തിയായിക്കാണട്ടെ.

കൊച്ചി-മുസിരിസ് ബിനാലെ സമയത്തെ കാഴ്ച
ഈ പ്രായത്തിലും നിരന്തരമായി എഴുതുന്ന, അതിനായി യാത്ര ചെയ്തും വായിച്ചും ഗവേഷണം നടത്തിയും സജീവമായി നിൽക്കുകയാണ് ജമാൽക്ക. കൊച്ചിയുടെ സാംസ്കാരിക അന്തരീക്ഷത്തെ Cultural Symbiosis എന്നാണ് എം.ജി.എസ് നാരായണൻ വിളിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ഏടാണ് ജമാൽ കൊച്ചങ്ങാടി എഴുതുന്നത്. ഒരു പക്ഷേ അവസാനത്തെ ഏടുകളിൽ ഒന്ന്.
എന്നാൽ, അഞ്ഞൂറോളം വർഷത്തെ ഈ കൊടുക്കൽ വാങ്ങലുകൾ ഇനിയും ബാക്കിനിൽക്കുമോ? എറണാകുളം ചന്തയിൽ മൊത്തക്കച്ചവടക്കാർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംഖ്യ വാക്കുകൾ ഹീബ്രുവാണ് എന്ന് കൊച്ചിയുടെ മറ്റൊരു ചിത്രകാരനായ ബോണി തോമസ് ‘കൊച്ചിക്കാർ’ എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. എഹാദ്, ശെലോശ, അർബാ ആ, ഹമീശ എന്നിങ്ങനെ പലതരം ഹീബ്രു വാക്കുകൾ ചന്തയിൽ കച്ചവടക്കാർ പറയുമ്പോൾ കേൾവിക്കാർ കൗതുകത്തോടെ നോക്കിനിൽക്കും എന്ന് ബോണി തോമസ് പറയുന്നു.
ഇപ്പോൾ മട്ടാഞ്ചേരി ജ്യൂ ടൗണിൽ അവശേഷിക്കുന്നത് ഒരു വെളുത്ത യഹൂദൻ മാത്രം. അവസാനത്തെ ജൂതരും കൊച്ചിയിൽനിന്ന് പോയതോടെ വലിയൊരു സാംസ്കാരിക ധാര അവസാനിക്കുകയായിരുന്നു. ഈ സിനഗോഗുകളും സെമിത്തേരികളും അനാഥമായി പോയേക്കാം. ഇതിന്റെ തുടർച്ച ഉറപ്പാക്കുക എന്ന ബാധ്യത തീർച്ചയായും നമുക്കുണ്ട് എന്ന് ഓർമിപ്പിക്കുന്നു ജമാൽ കൊച്ചങ്ങാടിയുടെ ഈ നോവൽ.