കഥപറച്ചിലിന്റെ ശിഥില സാധ്യതകൾ

ഒരു വേനൽക്കാലത്ത് ദക്ഷിണ ഫ്രാൻസിലെ മുന്തിരിപ്പാടത്ത് ജോലിചെയ്യാൻ നിശ്ചയിച്ച് അവിടേക്ക് യാത്രചെയ്യുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ‘ലിവിങ് തിങ്സ്’ (Living Things) വിവരിക്കുന്നത്. സ്പാനിഷ് എഴുത്താളായ മുനീർ ഹാഷെമിയുടെ പുതിയ നോവലിലൂടെ സഞ്ചരിക്കുന്നു. നോവലിന്റെ രൂപഭാവങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ആധുനികാനന്തര സാഹിത്യത്തിൽനിന്നുള്ള നീട്ടിയെഴുത്തുകളും വിച്ഛേദങ്ങളും ഓട്ടോ ഫിക്ഷനായും പോസ്റ്റ് ഫിക്ഷനായും നോൺഫിക്ഷൻ നോവലുകളായും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിവിധ കലാരൂപങ്ങളുമായുള്ള സംവാദങ്ങളായും ജ്ഞാനശാഖകളുടെ ഗുണാത്മകമായ ഇടപെടലുകളായും നവീനമായ ആശയങ്ങളുടെ...
Your Subscription Supports Independent Journalism
View Plansഒരു വേനൽക്കാലത്ത് ദക്ഷിണ ഫ്രാൻസിലെ മുന്തിരിപ്പാടത്ത് ജോലിചെയ്യാൻ നിശ്ചയിച്ച് അവിടേക്ക് യാത്രചെയ്യുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ‘ലിവിങ് തിങ്സ്’ (Living Things) വിവരിക്കുന്നത്. സ്പാനിഷ് എഴുത്താളായ മുനീർ ഹാഷെമിയുടെ പുതിയ നോവലിലൂടെ സഞ്ചരിക്കുന്നു.
നോവലിന്റെ രൂപഭാവങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ആധുനികാനന്തര സാഹിത്യത്തിൽനിന്നുള്ള നീട്ടിയെഴുത്തുകളും വിച്ഛേദങ്ങളും ഓട്ടോ ഫിക്ഷനായും പോസ്റ്റ് ഫിക്ഷനായും നോൺഫിക്ഷൻ നോവലുകളായും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിവിധ കലാരൂപങ്ങളുമായുള്ള സംവാദങ്ങളായും ജ്ഞാനശാഖകളുടെ ഗുണാത്മകമായ ഇടപെടലുകളായും നവീനമായ ആശയങ്ങളുടെ സാധ്യതകളായും ആവിഷ്കരിച്ചുകൊണ്ട് നോവലിന്റെ ഘടനക്കും പ്രമേയത്തിനും പുതുമ കൈവന്നു. ഇക്കാലത്തെ എഴുത്തുകാർ നോവലിന്റെ ശിൽപകലക്ക് പകരുന്ന നോട്ടങ്ങൾ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഗ്രാന്റയുടെ മികച്ച നോവലിസ്റ്റുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച സ്പാനിഷ് എഴുത്താളായ മുനീർ ഹാഷെമി എഴുത്തിന്റെ പുതുമയും വ്യത്യസ്തതയുംകൊണ്ട് ശ്രദ്ധ നേടുന്നു. മഡ്രിഡിന്റെ പ്രാന്തപ്രദേശങ്ങളിലെ ബാറുകളിൽ ശാസ്ത്രാഭിമുഖ്യമുള്ള കഥകൾ വിറ്റുകൊണ്ടാണ് അദ്ദേഹം എഴുത്തുജീവിതം ആരംഭിച്ചത്.
റോബർട്ടോ ബൊലാനോയുടെയും സാമന്ത ഷ്വബ്ലിന്റെയും പിൻതലമുറക്കാരൻ എന്നതരത്തിൽ, വ്യത്യസ്തമായ രചനാശൈലിയുള്ള മുനീർ ഹാഷെമിയുടെ ‘ലിവിങ് തിങ്സ്’ എന്ന നോവൽ മികച്ച അഭിപ്രായം നേടിയതാണ്. ഒരു വേനൽക്കാലത്ത് ദക്ഷിണ ഫ്രാൻസിലെ മുന്തിരിപ്പാടത്ത് ജോലിചെയ്യാൻ നിശ്ചയിച്ച് അവിടേക്ക് യാത്രചെയ്യുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ‘ലിവിങ് തിങ്സ്’ വിവരിക്കുന്നത്. യാഥാർഥ്യത്തെ നമുക്ക് മാറ്റാനാവില്ല, എന്നാൽ വിഷയത്തെ മാറ്റാനാവുമെന്നു സൂചിപ്പിച്ച ജെയിംസ് ജോയ്‌സിനെ ഓർത്തുകൊണ്ടാണ് മുനീർ ഹാഷെമി പ്രസ്തുത നോവൽ ആരംഭിക്കുന്നത്. എന്നാൽ, യാഥാർഥ്യം ഒരു മരുഭൂമിയാണ്. അതിനെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് എന്ന നോവലിസ്റ്റിന്റെ ആലോചനയിലൂടെ ആഖ്യാനം മുന്നോട്ടുനീങ്ങുന്നു. ആദ്യത്തെ നോവലെന്ന പ്രതീതി ജനിപ്പിക്കാതെ വിവിധ വിഷയങ്ങളെ പറഞ്ഞുപോകുന്ന ആഖ്യാനക്രമം ഇതിൽ കാണാം.
അധികാരപ്രകൃതവും ചൂഷണവും മുതലാളിത്തവ്യവസ്ഥയും (അനധികൃത) കുടിയേറ്റവും അതിജീവനവും എല്ലാം നോവലിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, അതേസമയം ബോധപൂർവം അയഞ്ഞ എഴുത്തുശൈലിയാണ് നോവലിൽ പരീക്ഷിച്ചിട്ടുള്ളത്. ശിഥിലമായ ശിൽപഘടന നോവലിലെ കഥാപാത്രങ്ങളുടെ സ്വഭാവവുമായി ചേർന്നുപോകുകയും ചെയ്യുന്നു. ആത്മകഥക്കും ഫിക്ഷനും ഇടയിലുള്ള അതിരുകളെ ഇല്ലാതാക്കിക്കൊണ്ടാണ് മുനീർ എഴുതുന്നത്. കഥപറച്ചിലിന്റെ സാമ്പ്രദായിക രീതിയെ മുഴുവനായി പിന്തുടരാതെ ചിന്തകളെയും ആലോചനകളെയും ആഖ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതുപോലെ അന്തരീക്ഷത്തിനും ചുറ്റുപാടിനും നോവലിസ്റ്റ് പ്രാധാന്യം കൽപിക്കുന്നുണ്ട്. സമകാല ലോകത്തിന്റെയും മാനവികതയുടെയും പ്രകൃതം പ്രകൃതിയുമായും മറ്റു ജീവജാലങ്ങളുമായും എത്രകണ്ട് അകലെയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ആഖ്യാനമാണ് മുനീർ ഹാഷെമിയുടേത്. അതുവഴി പാരിസ്ഥിതിക പ്രതിസന്ധിയുടെ തലങ്ങളെ സ്പർശിക്കാനാണ് നോവൽ പരോക്ഷമായി ലക്ഷ്യംവെക്കുന്നത്.
മുന്തിരികൃഷിയിൽ ഏർപ്പെട്ടുകൊണ്ട് വിളവെടുപ്പ് കാലത്ത് ലാഭംകൊയ്യാമെന്ന അതിമോഹമാണ് നാൽവർ സംഘത്തെ ഫ്രാൻസിലെത്തിക്കുന്നത്. എന്നാൽ, നിർഭാഗ്യവശാൽ അക്കൊല്ലം കാലാവസ്ഥ ചതിക്കുകയാണ്. അതിനാൽ മുന്തിരിച്ചെടി വളരാനും കായ്ക്കാനും അനുകൂലമായ സാഹചര്യം സംജാതമായതുമില്ല. മറ്റു വഴികളില്ലാതെ, പണം സമ്പാദിക്കാനായി കോഴിവളർത്തലും സസ്യപരിപാലനവും അവർക്ക് ചെയ്യേണ്ടി വരുന്നു. ശീലമില്ലാത്ത പണിയുടെ അസുഖകരമായ അവസ്ഥയും സഹപ്രവർത്തകരുടെ ഭീഷണിയും അപരിചിതമായ സ്ഥലവും അവർക്ക് അപ്രതീക്ഷിതമായ അനുഭവമാണ് നൽകിയത്. സ്വാഭാവികമായി ഇത് അവർ വിഭാവനം ചെയ്ത ഫ്രാൻസിലെ വേനൽക്കാല തൊഴിലെന്ന സങ്കൽപത്തെ ഇരുണ്ട പ്രതലങ്ങളുള്ള ഒരു സാഹചര്യമാക്കി മാറ്റുന്നു.
മാത്രമല്ല, സ്ഥിതിഗതികളുടെ സ്വാധീനം അവരെയും പരുക്കരാക്കി തീർക്കുന്നുണ്ട്. പകൽ മുഴുവനുള്ള അധ്വാനം ഈ സുഹൃത്തുക്കളെ തളർത്തുകയും സ്വഭാവത്തിൽ വ്യതിയാനം വരുത്തുകയും ചെയ്യുകയാണ്. അവരുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ അനുരണനങ്ങൾ മുനീറിന്റെ ഡയറിയിലൂടെ നാം വായിക്കുന്നു. പക്ഷേ, നോവലിസ്റ്റ് പുസ്തകത്തിൽ പറഞ്ഞതുപോലെ, മുനീർ എന്ന ഫാക്ടറി ജീവനക്കാരനും മുനീർ എന്ന എഴുത്താളും തമ്മിലുള്ള സ്വത്വപരമായ അന്തരം ഡയറിക്കുറിപ്പിൽ പ്രകടമാകുന്നുണ്ട്.
മുന്തിരിയുടെ വിളവെടുപ്പിനു പോയ മഡ്രിഡിൽനിന്നുള്ള നാല് വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് എന്ത് സംഭവിക്കുന്നുവെന്നാണ് പ്രാഥമികമായി ആഖ്യാനം വ്യക്തമാക്കുന്നത്. എന്നാൽ, അതിലുപരിയായി അനുഭവജ്ഞാനം സിദ്ധിച്ച് എഴുത്താളാവാൻ വേണ്ടി മുനീർ ഹാഷെമി ശ്രമിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത സഞ്ചാരത്തെ കാണാം. ആഖ്യാതാവായ നോവലിസ്റ്റ് സുഹൃത്തുക്കളായ ഏർനെസ്റ്റോ, അലാഹാന്ദ്രോ, ജി എന്നിവരാണ് മേൽപ്പറഞ്ഞ യാത്രികർ. ഈ യാത്രയിൽ അദ്ദേഹം എത്തിച്ചേർന്ന ഫ്രാൻസിലെ ഐർ-സുർ-എൽ-അഡോറിൽനിന്നുള്ള ദൈനംദിന സംഭവങ്ങൾ രേഖപ്പെടുത്തിയ ജേണലിലെ പുറങ്ങളെയും നോവലിൽ ചേർത്തിരിക്കുന്നു.
വിഷയപരിചരണം, പ്രമേയത്തിന്റെ വൈവിധ്യം, അവതരണരീതി എന്നിവയാൽ സമ്പന്നവും വേറിട്ടതുമായ നോവൽ തീർച്ചയായും സമകാല സാഹിത്യത്തിലെ പുതിയ ആഖ്യാനരീതിയുടെ മികച്ച ദൃഷ്ടാന്തമാണ്. പ്രസിദ്ധ വിവർത്തക ജൂലിയ സാഞ്ചസ് ആണ് സ്പാനിഷിൽനിന്ന് ഈ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് വിവർത്തനത്തിൽ യഥാക്രമം റിക്കാർഡോ പിഗ്ലിയ, എഡ്മണ്ടോ ഡെസ്നോസ്, ക്രിസ്റ്റീന മൊറേൽസ്, ഗബ്രിയേൽ ഗാർസിയ മാർകേസ്, ജോർജ് ലൂയിസ് ബോർഗസ്, അലെജോ കാർപെന്റിയർ, കർട്ട് വോണെഗട്ട് എന്നിവരുടെ നോവലുകളുടെ ശീർഷകങ്ങളാണ് അധ്യായങ്ങളുടെ പേരുകൾ.
യാഥാർഥ്യവും ഓർമയും ഏകതാനമായ വികാരങ്ങളാവുമ്പോൾ സാഹിത്യം സർഗാത്മകവും രസകരവുമാവുന്നതിന്റെ കാരണങ്ങളെ ആഖ്യാതാവ് അന്വേഷിക്കുന്നു. നടന്ന സംഭവത്തേക്കാൾ ഭാവനാത്മകമായ അധ്യായങ്ങളെ എഴുതുകയാണ് എളുപ്പമെന്ന തിരിച്ചറിവിലും അയാൾ എത്തുന്നുണ്ട്. ബോർഹസിന്റെ ‘Funes the Memorius’ എന്ന കഥ വായിച്ചതിന്റെ ഓർമയിൽ ആഖ്യാതാവ് ഒരു ഫ്ലാഷ് ഫിക്ഷൻ എഴുതുന്നു. ഒരു വീഴ്ചയെ തുടർന്ന് ഓർമ വിശാലവും സമഗ്രവുമായ തലത്തിലേക്കുയർന്ന ഐറീനോയെ പറ്റിയുള്ള കഥയായിരുന്നു അത്. ഇങ്ങനെ സർഗാത്മകമായ എഴുത്തിനെ കുറിച്ചുള്ള പാഠംകൂടിയായി നോവൽ വികസിക്കുന്നു. യാഥാർഥ്യം ഏറ്റവും ധാരണാശക്തിയുള്ള കണ്ടുപിടിത്തങ്ങളെക്കാൾ ശ്രമകരമാണെന്ന് സൂചിപ്പിക്കുന്ന ആഖ്യാനത്തിൽ ഒരു കഥാപാത്രം ഇപ്രകാരം പറയുന്നുണ്ട്. നാം ലോകത്തിന് വെളിച്ചം വീശുന്ന രീതിക്കും ലോകത്തിനും ഇടയിലുള്ള നിർണായകമായ അതിര് എന്നത് പ്രസ്തുത പ്രകാശം നഷ്ടപ്പെടുന്ന കൃത്യമായ നിമിഷമാണ്.
ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അവലോകനമായി ഈ ദാർശനിക ചിന്തയെ പരിഗണിക്കാവുന്നതാണ്. മരണമെന്ന ഉച്ചസ്ഥാനത്തിലെത്തിപ്പെടുന്ന കഥകളുടെ ജൈവികത ചിന്തനീയമാണ്. യാഥാർഥ്യത്തെയും സങ്കൽപത്തെയും സംബന്ധിച്ച ചർച്ചയിൽ വിഖ്യാത സാഹിത്യകാരായ ബോർഹസും ലൂയിസ് ആറഗോണും കാർലോസ് അർജെന്റീനോ ഡാനെറിയും ഒക്കെ കടന്നു വരുന്ന ആഖ്യാനം എഴുത്ത് എന്ന പ്രക്രിയയെ വിശദീകരിക്കുന്ന കൈപ്പുസ്‌തകമായും പരിണമിക്കുന്നു. നോവൽ എന്ന സാഹിത്യരൂപം വേറിട്ട ദിശയിൽ വ്യതിചലിക്കുന്നതിന്റെ തെളിവായി കൂടിയായി ഇതിനെ കാണാം. നമ്മുടെ പൂർവികർ വലിയ തരത്തിലുള്ള ഭീകരാന്തരീക്ഷം അനുഭവിച്ച നിമിഷമോ അല്ലെങ്കിൽ അവരിൽ ഒരാൾ മരിക്കുന്നതിനുമുമ്പുള്ള മുഹൂർത്തമോ കഥകൾ ജനിക്കുന്നതിന് അനുയോജ്യമാണെന്ന് നോവലിൽ വ്യക്തമാക്കുന്നു. അതുപോലെ അവരുടെ പാളയം ഉപരോധത്തിലായിരിക്കുമ്പോഴോ അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോഴോ കഥകൾ പിറക്കുന്നു എന്നും പറയാറുണ്ട്.
സർഗാത്മകരചനകളുടെ ഊർജം ഉറവയെടുക്കുന്ന വഴികളെയും ഉത്ഭവകേന്ദ്രങ്ങളെയും പറ്റി ആലോചിക്കുന്ന എഴുത്താളിനെയാണ് ആഖ്യാനത്തിൽ നാം പരിചയപ്പെടുന്നത്. ആഖ്യാതാവ് പറയുന്ന കഥ യാഥാർഥ്യത്തോട് അടുത്ത് കിടക്കുന്നതായതിനാൽ, സത്യത്തിന്റെ മാനങ്ങൾ വലുതാവുകയാണ്. അതിനാൽ ഭാഷ ആവശ്യപ്പെടുന്നതിനപ്പുറം അലങ്കാരങ്ങളൊന്നും ആഖ്യാനത്തിൽ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ ഭാഷ നമ്മെ സ്വയം സംസാരിക്കാൻ അനുവദിക്കുന്നതോടെ അലങ്കാരപ്രയോഗങ്ങളും വാചാടോപങ്ങളും കൃതിയിൽനിന്ന് തനിയെ അപ്രത്യക്ഷമാവുന്നു. ഭാഷയിലെ നിരവധി സൂക്ഷ്മതകൾ അതിനെ നിലനിർത്തുന്ന ഘടകമാണ്. ആഴത്തിലുള്ള ഉപമയോ രൂപകമോ എഴുത്തിൽ കടന്നുവരുമെന്ന് കരുതരുത് എന്ന പ്രസ്താവനയോടെ ജീവിതത്തെ പ്രായോഗികതയുടെ കണ്ണോടുകൂടി കാണുന്ന ആഖ്യാനമാണ് തന്റേതെന്ന് നോവലിസ്റ്റ് ഉറപ്പിച്ചുപറയുന്നു. മാത്രമല്ല, ഫിക്ഷനെ കുറിച്ചുള്ള നിരീക്ഷണങ്ങളും ആലോചനകളും മുനീർ ഹാഷെമി സവിസ്തരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
സമകാലത്ത് മിക്കവാറും എല്ലാ പ്രവൃത്തികളും വിപണിയിലെ പിരിമുറുക്കത്തിൽനിന്നാണ് ജനിക്കുന്നത് എന്നത് അദ്ദേഹം എടുത്തുപറയുന്നു. ഒരു എഴുത്താളാവുന്നതിലൂടെ പണവും പ്രശസ്തിയും നേടാൻ കഴിയുന്നു. എന്നിട്ടും ഒരു വ്യക്തി എഴുത്താളാവുന്ന നിമിഷത്തിനും അങ്ങനെ ചെയ്യുമ്പോൾ അവർ ഒന്നായിത്തീരുന്ന ക്ഷണത്തിനും ഇടയിലുള്ള രേഖ ദുർബലമാണ്. ഓരോ കഥയുടെയും ഉപരിതലത്തിന് താഴെ ആഴമേറിയ മറ്റൊരു കഥയുണ്ടെന്ന സിദ്ധാന്തവും മുനീർ ഓർമിപ്പിക്കുന്നു. ഒരു കഥയുടെ മുഴുവനായിട്ടുള്ള സത്തയെ നിലനിർത്തിക്കൊണ്ട് അതിന്റെ ഉപരിതലത്തെ മാത്രം മാറ്റാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വ്യക്തിപരമായി ഈ നോവലിസ്റ്റ് അംഗീകരിക്കുന്നില്ലെങ്കിലും അനുഭവം സാഹിത്യം സൃഷ്ടിക്കുന്നതിനുള്ള അനിവാര്യതയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന വസ്തുതയാണ്.
ബൊലാനോ അടക്കമുള്ള സാഹിത്യനായകരുടെ കാഴ്ചപ്പാടുകൾ വിശകലനം ചെയ്തതിനുശേഷം മുനീർ ഹാഷെമി എത്തിച്ചേരുന്ന, എഴുത്തിനെ സംബന്ധിച്ച പത്തു കൽപനകൾ അടങ്ങിയ നിയമാവലി ശ്രദ്ധേയമാണ്. അതുപ്രകാരം സ്വന്തം ജീവിതത്തെ പരിധിയില്ലാതെ സ്നേഹിക്കാനുള്ള ഔത്സുക്യം ആവശ്യമത്രെ. കൂടാതെ, ധീരതയോടെ പ്രവർത്തിക്കണമെന്ന് ഉദ്ഘോഷിക്കുന്ന നയവും പ്രാവർത്തികമാക്കേണ്ടതുണ്ട്. വാക്കുകളുടെ സൃഷ്ടികർമത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് എഴുത്ത് ഭീരുക്കൾക്കുള്ളതല്ലെന്നും, ധൈര്യം പുലർത്തുന്നത് ഭയപ്പെടാതിരിക്കുന്നതിന് തുല്യമല്ലെന്നും ഓർക്കണമെന്നതാണ്. ഭീതി തോന്നുന്ന കാര്യങ്ങളെ മുറുകെ പിടിക്കുകയും അവയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് നേരിടുകയുമാണ് വേണ്ടത് എന്നാണ് മുനീറിന്റെ വീക്ഷണം. ഒട്ടനവധി എഴുത്തുകാരെ മതിപ്പോടെ സ്മരിക്കുന്ന ആഖ്യാനത്തിൽ സമകാല ഫ്രഞ്ച് നോവലിസ്റ്റായ മിഷേൽ ഹൂൽബെക്കിന്റെ The Map and The Territoryയെ പറ്റിയും ആഖ്യാതാവ് പറയുന്നുണ്ട്.
“ഒരു കഥ ആരംഭിക്കുന്നതിനുമുമ്പ്, ഞാൻ നിർബന്ധമായും എന്റെ ഗ്രന്ഥശേഖരത്തിൽ ഒരു പുസ്തകത്തിനായി തിരയാറുണ്ട്. എന്താണോ എഴുതാൻ ആഗ്രഹിക്കുന്നത്, അതനുസരിച്ചുള്ള പുസ്തകമാവും ഞാൻ എടുക്കുന്നത്. എങ്കിലും ശൈലിയിലും സ്വരത്തിലും, ഞാൻ ഫിക്ഷൻസ് (Ficciones) അല്ലെങ്കിൽ ദി സാവേജ് ഡിറ്റക്ടിവ്സ് അല്ലെങ്കിൽ ദി പാസ്റ്റ് അല്ലെങ്കിൽ ഹിസ്റ്റോറിയ അർജന്റീന അല്ലെങ്കിൽ ഫീവർ ഡ്രീം അല്ലെങ്കിൽ പെക്വിന ഫ്ലോർ എന്നിവ സ്വാഭാവികമായി വലിച്ചെടുത്തേക്കാം. അവയും മറ്റ് ഒരുപിടി പുസ്തകങ്ങളുമാണ് എന്നെ എല്ലായ്‌പോഴും പ്രചോദിപ്പിച്ചത്. എന്റെ തലച്ചോറിനെ ഊഷ്മളമാക്കുകയും ഉണർത്തുകയും ചെയ്ത പുസ്തകങ്ങൾ അവയാണ്. ഞാൻ കുറച്ച് വരികൾ, ഏതാനും താളുകൾ, കുറച്ച് അധ്യായങ്ങൾ വായിക്കും. വളരെ അപൂർവമായി മാത്രമേ ഞാൻ ഒരു പുസ്തകവുമായി അവസാനം വരെ ചേർന്നുനിൽക്കുകയും എഴുതാൻ പുറപ്പെട്ട മുഴുവൻ കാര്യങ്ങളും ഒറ്റയടിക്ക് ശ്വസിക്കുകയും കെട്ടിച്ചമക്കുകയും ചെയ്തിരുന്നുള്ളൂ. സാധാരണയായി ഞാൻ ഭാഷയിൽ മുഴുകി, അതിൽ ധ്യാനനിമഗ്നനായി, തുടർന്ന് എഴുതാൻ തുടങ്ങി.
അപ്പോൾ ഒരു ചോദ്യം ഉയർന്നുവന്നു. സാധാരണ സത്യം ഞാൻ എങ്ങനെ എഴുതും? ഞാൻ എന്താണ് വായിക്കേണ്ടത്? റോഡോൾഫോ വാൽഷ് അല്ലെങ്കിൽ ട്രൂമാൻ കപോട്ടെ എന്നിവരെപ്പോലുള്ളവർ നോൺ-ഫിക്ഷനിലേക്ക് തിരിയുന്നതിൽ അർഥമില്ല; എനിക്ക് കാണാനാകുന്നത്ര, മറ്റേതൊരു എഴുത്താളിനെയും പോലെ അവരുടെ കൃതികളിലും കലയുണ്ട്. ഒരുപക്ഷേ അവർ അവരുടെ സ്വന്തം സത്യങ്ങൾ എഴുതിയിട്ടുണ്ടാകാം. എന്നാൽ സമയവും സ്ഥലവും കുറയുന്നതുപോലെ വായനാനുഭവങ്ങളും ഉണ്ടാകുന്നു. എനിക്ക് വായിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം ഞാൻ എഴുതിയ നോൺ-ഫിക്ഷൻ ആണെന്ന് വരുന്നു. അത് എഴുതുന്ന അവസരത്തിൽ മാത്രമാണ് എനിക്ക് വായിക്കാൻ സാധിക്കുന്നതെന്ന് വ്യക്തമാകുമ്പോൾ എന്റെ വാദം തകരുന്നു.” എഴുത്തിനോടുള്ള തീവ്രാഭിവാഞ്‌ഛമൂലം എഴുതിത്തുടങ്ങിയ ഈ നോവലിൽ എങ്ങനെ എഴുതി തെളിയാൻ സ്ഥിരോത്സാഹവവും അധ്വാനവും വേണം എന്ന് മുനീർ ഹാഷെമി നമ്മെ ബോധിപ്പിക്കുന്നു. തുച്ഛ താൽപര്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള ഊർജം അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് പ്രസരിക്കുന്നുണ്ട്.
ഒരു ജേണലിനെയോ ഡയറിക്കുറിപ്പിനെയോ ജീവിതകഥയായി കരുതുകയാണെങ്കിൽ ലോകത്തിന്റെ മുദ്ര ആ ജേണലിന്റെ നിലനിൽപിന് അത്യാവശ്യമായ ഒരു വ്യവസ്ഥയാണെന്ന് മുനീറിന് വ്യക്തമായി അറിയാം. അതുപോലെ പാശ്ചാത്യലോകത്തുള്ളവർക്ക് ഉൽക്കർഷേച്ഛയില്ലാതെ ബുദ്ധിശക്തി സങ്കൽപിക്കാൻ കഴിയില്ല. മുതലാളിത്തബോധം ബുദ്ധിശക്തിയെ കാണുന്നതാവട്ടെ, ഉൽപാദനവും സമയവും ആയി ചേർത്തുവെച്ചാണ്. അങ്ങനെ ബുദ്ധിശക്തിയെ ഒരു പ്രത്യേക ശ്രേണിയിൽ പരിചരിക്കുന്ന ലോകമതത്തെ നോവലിൽ സൂചിപ്പിക്കുന്നു. യാഥാർഥ്യം എക്കാലത്തും എഴുത്തുകാരെ പരാജയപ്പെടുത്തുന്നു. ആ നാല് പേരടങ്ങിയ സംഘം അവർ എഴുത്തുകാരാണെന്നും എഴുത്തുകാരായി കീർത്തി നേടുമെന്നും കരുതി. സങ്കൽപത്തിനും വാസ്തവത്തിനും ഇടയിലുള്ള ദൂരം കാരണം ഫിക്ഷനും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തിൽ അവർ പകച്ചുപോയി.
ഫിക്ഷന്റെ പതിവ് ചിട്ടവട്ടങ്ങളിൽനിന്നും പരിചരണശൈലികളിൽനിന്നും പാടെ ഭിന്നമായ തരത്തിലാണ് ഈ നോവൽ ക്രമപ്പെടുത്തിയിരിക്കുന്നത്. കഥയുടെ അന്ത്യം അറിയാനുള്ള ആകാംക്ഷക്ക് ഒട്ടും സാധ്യതയില്ലാത്ത വിധം എഴുത്തിന്റെ രസതന്ത്രം മുൻനിർത്തിയുള്ള ആഖ്യാനപരിസരത്തെ നോവലിസ്റ്റ് നിർമിക്കുന്നു. ആഖ്യാതാവിന്റെ ഓരോ പ്രവൃത്തിയും ഒരിക്കലും എഴുതിയിട്ടില്ലാത്ത ഒരു ജേണലിന്റെ നഷ്ടപ്പെട്ട ഉദ്ധരണിയിൽ വിവരിച്ചിരിക്കുന്ന ഒന്നാക്കി മാറ്റി. കോഴികളെ വ്യവസായാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഇടത്ത് ജോലി ചെയ്യുന്നതിനാൽ സസ്യാഹാരിയായി മാറുന്ന മുനീർ സാഹിത്യവും തൊഴിൽരംഗത്തെ പ്രശ്നങ്ങളും ഇടകലർത്തി ഒരു ദർശനം ഉരുവംകൊള്ളിക്കാൻ പ്രയാസപ്പെടുന്നു. കുറഞ്ഞ വേതനം പറ്റുന്ന ഫാക്ടറി തൊഴിലാളികളെക്കുറിച്ചുള്ള അയാളുടെ ‘കഥ’പറച്ചിൽ നോവലെഴുത്തിന്റെ പൊതുമാനങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതാണ്.
ബോർഹസിന്റെ പ്രശസ്തമായ ഒരു കൃതിയിൽ, കാഫ്ക വരാനിരിക്കുന്ന സാഹിത്യത്തിന്റെ മാത്രമല്ല, അദ്ദേഹത്തിന് മുമ്പുള്ള സാഹിത്യത്തിന്റെയും മുഖച്ഛായ മാറ്റിമറിച്ചുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. അതുപോലെ, ഫ്രാൻസിലെ താമസം മുനീറിന്റെ സുഹൃത്തുക്കളുടെയും ഭാവിയെ മാത്രമല്ല അവരുടെ ഭൂതകാലത്തെയും മാറ്റിമറിച്ചു. ഭാവുകത്വത്തിന്റെ പ്രവണതകൾ പുതിയ ചുറ്റുപാടുകളിൽ അത്യന്തം വ്യത്യസ്തമാണ്. ചിതറിയതും നൈരന്തര്യമില്ലാത്തതുമായ എഴുത്തിന്റെ രീതികൾ നോവലുകൾക്ക് പഥ്യമായി തുടങ്ങി. ചുരുക്കത്തിൽ പോസ്റ്റ് ഫിക്ഷൻ യുഗത്തിലേക്ക് നോവലുകൾ എത്തിച്ചേർന്നു. നോൺ ഫിക്ഷൻ/ ഫിക്ഷൻ അന്തരമില്ലാതെ ആഖ്യാനങ്ങൾ ആവിർഭവിക്കുകയും ചെയ്യുന്നു. പരിചിതമല്ലാത്ത ഭൂമികയും സർഗാത്മക പരിചരണവും മുനീർ ഹാഷെമിയുടെ നോവലിനെ സവിശേഷമായ തലത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.
സ്പെയിനിൽ നിന്നെത്തിയ ചെറുപ്പക്കാർക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന തൊഴിൽപരവും ഭാഷാപരവുമായ വിവേചനവും നോവലിൽ പരാമർശിക്കുന്നുണ്ട്. ‘വരത്തരാ’യ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിത്ത സ്ഥാപനങ്ങളുടെ ചെയ്തികൾ, സ്ഥിരമല്ലാത്ത ജോലിക്കരാറുകൾ, അവ്യക്തമായ തൊഴിൽവ്യവസ്ഥകൾ എന്നിങ്ങനെ ചിന്താക്കുഴപ്പം വിളിച്ചുവരുത്തുന്ന നയങ്ങൾ തൊഴിൽതേടിയെത്തുന്നവരെ അസ്വസ്ഥരാക്കി. മുന്തിരികൃഷിയുമായി ബന്ധപ്പെട്ട ശാരീരികാധ്വാനം താരതമ്യേന കുറവും ശമ്പളം കൂടുതലുമായ ജോലിക്ക് പകരം കോഴികളെ കെട്ടിവെക്കുക, താറാവുകൾക്ക് നിർബന്ധപൂർവം ഭക്ഷണം നൽകുക, ജനിതകമാറ്റം വരുത്തിയ സസ്യങ്ങളെ പരിപാലിക്കുക തുടങ്ങിയ ജോലികളാണ് സ്പെയിനിൽ നിന്നെത്തിയ ചെറുപ്പക്കാർക്ക് ലഭിച്ചത്.

അതിനാൽതന്നെ അവർ നിരാശരായി കാണപ്പെട്ടു. സാഹിത്യാഭിനിവേശമുള്ള നാല് ചെറുപ്പക്കാർ പണം സമ്പാദിക്കാനായി തിരഞ്ഞെടുത്ത മാർഗം ശരിയായിരുന്നില്ല എന്ന സന്ദേഹം ജനിപ്പിക്കുന്ന വിധമാണ് ഫ്രാൻസിലെ തൊഴിൽ സ്ഥാപനത്തിന്റെ പ്രതിനിധികൾ പെരുമാറിയത്. ഡയറിക്കുറിപ്പുകളുടെ രൂപത്തിൽ വികസിക്കുന്ന നോവലിൽ ആഖ്യാതാവും സുഹൃത്തുക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. ദിവസക്കൂലിക്ക് ജോലിക്ക് ചേർന്ന അവർക്ക് പകൽ സമയത്ത് മണിക്കൂറിന് പത്തു യൂറോയും രാത്രിയിൽ മണിക്കൂറിനു പതിമൂന്നു യൂറോയുമായിരുന്നു വേതനം. ജോലിക്കായി വെയർഹൗസിൽ എത്തിപ്പെട്ട ആഖ്യാതാവ് ആദ്യം ചിന്തിക്കുന്നത് താൻതന്നെ പാവപ്പെട്ട മൃഗങ്ങളുടെ കൂട്ടത്തിൽ പെട്ട ഒന്നാണല്ലോ എന്നതാണ്. ഇതിനിടയിൽ സഹപ്രവർത്തകരുടെ മരണവും അവർക്ക് ആഘാതമായി.
പണ്ട് മുതലേയുള്ള ആശയമായ, കഷ്ടതകളെ സർഗാത്മകമായി അവതരിപ്പിക്കുന്ന രീതിയുടെ പുതിയ പതിപ്പ് മുനീർ ഹാഷെമി ഇവിടെ അവതരിപ്പിക്കുന്നു. സമകാലത്തെ മുതലാളിത്ത വ്യവസ്ഥകൾ മനുഷ്യരെയും മൃഗങ്ങളെയും ഉപയോഗശൂന്യമായ ജീവികളാക്കി ഗണിക്കുന്ന കാഴ്ചയെയാണ് നോവലിൽ പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുള്ളത്. അതൊരു യാഥാർഥ്യമാണെന്ന ചിന്ത നോവലിലൂടെ ഉറപ്പിച്ചുപറയാൻ നോവലിസ്റ്റ് ശ്രമിക്കുന്നു. എന്നാൽ, ആഖ്യാതാവ് മുനീർ എന്ന പേര് തന്നെ സ്വീകരിക്കുന്നതിലൂടെ യാഥാർഥ്യമാണോ ഫിക്ഷനാണോ എന്ന സന്ദേഹവും ആവിർഭവിക്കുന്നു.
യഥാർഥ ജീവിതകഥകൾക്ക് ധാർമികതയില്ല എന്ന് വ്യക്തമാക്കുന്ന ആഖ്യാതാവ് ലോകം നമുക്കുചുറ്റും ഖണ്ഡങ്ങളായി വീഴുമ്പോൾ നമ്മൾ സഹജവാസനയാൽ ചെയ്യുന്ന ഒന്നാണ് കഥപറച്ചിൽ എന്നാവർത്തിച്ചു പറയുന്നു. എല്ലാ ചെറിയ വിശദാംശങ്ങളും പ്രകാശിപ്പിക്കുക, എല്ലാ സന്ദർഭങ്ങളിലും സൂക്ഷ്മതലത്തിൽ പ്രവർത്തിക്കുക എന്ന സൂത്രവാക്യത്തിലാണ് കഥപറച്ചിലിന്റെ ആർജവം കുടിയിരിക്കുന്നത് എന്ന് മുനീർ എന്ന ആഖ്യാതാവ് ഊന്നൽകൊടുത്ത് അവകാശപ്പെടുന്നു. കഥപറച്ചിലിന്റെ നവീനമായ തീരങ്ങളിലേക്ക് വായനക്കാരെ കൈപിടിച്ച് കൊണ്ടുപോകുന്ന മുനീർ ഹാഷെമി ആഖ്യാനത്തിന്റെ രീതിശാസ്ത്രത്തെ തകിടം മറിക്കുന്നുണ്ട്. നോവൽ എന്ന സാഹിത്യരൂപത്തിന്റെ നവീനമായ മാതൃകകളെ സ്വീകരിക്കേണ്ടതുണ്ട് എന്ന ദൗത്യം നമ്മിൽ ഉരുത്തിരിയിപ്പിക്കുന്ന ഈ നോവൽ സർഗാത്മകതയുടെ ഓജസ്സാൽ സമ്പന്നമാണ്.
