Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

കോ​ൺ​ഗ്ര​സി​ൽ പ്ര​തീ​ക്ഷ​യു​ണ്ട്, വീ​ഴ്ച​യി​ൽനി​ന്ന് പാ​ഠം പ​ഠി​ക്ക​ണം

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫല​ത്തി​നുശേ​ഷം കോ​ൺ​ഗ്ര​സിന്റെ പ​രാ​ജ​യ​ത്തി​ന്റെ കാ​ര​ണം നി​ല​വി​ലെ കോ​ൺ​ഗ്ര​സിന്റെ പ്ര​മു​ഖ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന്റെ കു​റ​വോ ബി.​ജെ​.പി​യു​ടെ വി​ജ​യ​ത്തി​ന്റെ പി​ന്നി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ കി​ട​യ​റ്റ വൈ​ഭ​വം മാ​ത്ര​മെ​ന്നോ വി​ല​യി​രു​ത്തു​ന്ന​ത് അ​ത്ര​ക​ണ്ട് നി​ഷ്പ​ക്ഷ​മ​ല്ല എ​ന്നു പ​റ​യേ​ണ്ടിവ​രു​ന്നു രാ​ധാ​കൃ​ഷ്ണ​ൻ എം.​ജിയു​ടെ ‘മൃ​ദു ഹി​ന്ദു​ത്വ പ​രീ​ക്ഷ​ണ​ത്തി​ന്റെ പ​രാ​ജ​യം’ എന്ന ലേ​ഖ​നം (ലക്കം: 1346) വാ​യി​ക്കു​മ്പോ​ൾ. ​

കോൺ​ഗ്ര​സ് എ​ത്ര​യോ കാ​ല​മാ​യി അ​തി​ന്റെ ച​രി​ത്ര​ത്തി​ൽനി​ന്നും പാ​ര​മ്പ​ര്യ​ത്തി​ൽനി​ന്നും വ​ഴി​മാ​റി ന​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. അ​ന്നൊ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യാ​യി​രു​ന്നി​ല്ല​ല്ലോ ഉ​യ​ർ​ത്തിക്കാ​ട്ട​പ്പെ​ട്ടി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ്. വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ സെ​മി ഫൈ​ന​ൽ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ക​ളം അ​റി​ഞ്ഞ് ക​ളി​ച്ചി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. അ​ല്ലാ​തെ രാ​ഹു​ൽ ഗാ​ന്ധി​യെ​ന്ന നേ​താ​വി​ന്റെ മാ​ത്രം വീ​ഴ്ച​യ​ല്ല.

ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യാ​യ രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തി​സ്ഗഢിലും ബി.​ജെ.​പി​ക്ക് അ​നാ​യാ​സം വി​ജ​യം കൈപ്പി​ടി​യി​ലൊ​തു​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് വാ​സ്ത​വം. ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും ഒ​രു എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​വും ബി.​ജെ.പി ​അ​നാ​യാ​സ വി​ജ​യം പ്ര​വ​ചി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല, കോ​ൺ​ഗ്ര​സി​ന്റെ വി​ജ​യം വി​ദൂ​ര​ത്താ​ണെ​ന്നും പ്ര​വ​ചി​ക്കാ​ൻ മ​ടി​യാ​യി​രു​ന്നു.​ ബി.​ജെ.​പി​ക്ക് വി​ജ​യം നേ​ടാ​നാ​യ​ത് ഏ​തെ​ങ്കി​ലും പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നി​ല്ല. ദേ​ശീ​യത​ല​ത്തി​ലു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​ധാ​നമ​ന്ത്രി ത​ന്നെ ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങളി​ലും പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ഖ്യതാ​ര​മാ​യ​തും ഒ​രു പ​രി​ധിവ​രെ ‘മോ​ദി ഇ​ഫ​ക്ടാ​യി’ ക​ണ്ട് വി​ജ​യ​ത്തി​നു കാ​ര​ണ​മായെന്ന് വി​ല​യി​രു​ത്താ​വു​ന്ന​താ​ണ്. ഇ​തി​നു​മ​പ്പു​റം ബി.​ജെ.​പി​യു​ടെ തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ട് ഹി​ന്ദി ഹൃ​ദ​യഭൂ​മി​യി​ൽ വി​ജ​യം ക​ണ്ടുവെ​ന്നു പ​റ​യു​ന്ന​താ​കും കൂ​ടു​ത​ൽ ശ​രി.

എ​ന്നാ​ൽ, ബി.​ജെ.​പിയു​ടെ തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടി​നോ​ട് കോ​ൺ​ഗ്ര​സ് കൈക്കൊ​ണ്ട മൃ​ദുഹി​ന്ദു​ത്വ പ​രീ​ക്ഷ​ണം പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നും പ​റ​യേ​ണ്ടിവ​രു​ന്നി​ട​ത്ത് ന​മു​ക്ക് ലേ​ഖ​ക​നോ​ട് യോ​ജി​ക്കേ​ണ്ടിവ​രു​ന്നു​ണ്ട്.

തെ​ലങ്കാ​ന​യി​ലേ​ക്ക് വ​രു​മ്പോ​ൾ കാ​ണു​ന്ന ചി​ത്രം മ​റ്റൊ​ന്നാ​ണ്. അ​വി​ടെ പ​ത്ത് വ​ർ​ഷ​മാ​യി ഭ​രി​ച്ചുകൊ​ണ്ടി​രു​ന്ന ബി.​ആ​ർ.​എ​സി​നെ താ​ഴെ​യി​റ​ക്കി കോ​ൺ​ഗ്ര​സ് ഭ​ര​ണം പി​ടി​ച്ച​താ​ണ് ആ ​പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചിട​ത്തോ​ളം അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സ​മാ​കു​ന്ന​ത്. തെ​ല​ങ്കാ​ന സം​സ്ഥാ​ന രൂ​പവത്​ക​ര​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത സോ​ണി​യ ഗാ​ന്ധി​യെ സം​ബന്ധി​ച്ചി​ട​ത്തോ​ളം സ​ന്തോ​ഷി​ക്കാ​ൻ ഏ​റെ വ​ക​യു​ണ്ട് താ​നും.​ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ട​ന്ന ക​ർ​ണാ​ട​ക സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ കോ​ൺ​ഗ്ര​സി​ന്റെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ക്കാ​വു​ന്ന​തു​മാ​ണ് തെ​ല​ങ്കാ​ന​യി​ലെ വി​ജ​യ​വും.​ ഇ​തോ​ടെ, ദ​ക്ഷി​ണേ​ന്ത്യ ബി.​ജെ.​പി ​​മു​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​രുപ​രി​ധി വ​രെ കോ​ൺ​ഗ്ര​സി​ന്റെ സ്വാ​ധീ​നം അം​ഗീ​ക​രി​ച്ചുകൊ​ടു​ക്കാ​വു​ന്ന​തു​മാ​ണ്.

ഏ​തൊ​രു തെ​ര​​െഞ്ഞ​ടു​പ്പ് ഫ​ല​വും ചി​ല രാ​ഷ്ട്രീ​യ പാ​ഠ​ങ്ങ​ൾ പാ​ർ​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞുകൊ​ടു​ക്കു​ന്നു​ണ്ട്. ആ ​പാഠങ്ങ​ൾ പ​ഠി​ക്കു​ന്ന രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളും അ​തേ​സ​മ​യം, പ​ഠി​ക്കാ​ത്ത രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​മു​ണ്ട്.​ ഏ​റെ​ക്കാ​ല​മാ​യി ഇ​തി​ൽ ര​ണ്ടാ​മ​ത് പ​റ​ഞ്ഞ കാ​ര്യം ഏ​റ​ക്കു​റെ ക​ണി​ശ​മാ​യി പാ​ലി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ഇ​ന്ത്യ​ൻ നാ​ഷന​ൽ കോ​ൺ​ഗ്ര​സ് എ​ന്നു ബോ​ധ്യ​പ്പെ​ടും ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി ആ ​പാ​ർ​ട്ടി​യു​ടെ പോ​ക്കു ക​ണ്ടാ​ൽ. ഇ​തുത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​യ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ത്ത​ത് ഇ​നി ആ ​പാ​ർ​ട്ടി മാ​ത്ര​മേ​യു​ള്ളൂ.

ബി.​ജെ.​പി മാ​ത്ര​മാ​യി ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന 12 സം​സ്ഥാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ബി.​ജെ.​പി കൂ​ട്ടു​ക​ക്ഷി​യാ​യി ഭ​രി​ക്കു​ന്ന മ​റ്റ് 5 സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടി​യാ​കു​മ്പോ​ൾ അ​വ​യു​ടെ എ​ണ്ണം 17 ആ​കും. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്ത് ല​ഭി​ച്ച ഗം​ഭീ​ര വി​ജ​യ​വും തെ​ലങ്കാ​ന​യി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്താ​നാ​യ​തു​മെ​ല്ലാം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് ഊ​ർ​ജം പ​ക​രു​മെ​ന്നു​ള്ള​ത് തീ​ർ​ച്ച​യാ​ണ്. മ​റു​പ​ക്ഷ​ത്താ​ക​ട്ടെ 28 ക​ക്ഷി​ക​ളു​ടെ കൂ​ട്ടു​കെ​ട്ടാ​യ ‘ഇ​ൻഡ്യ’​യാ​ണ് ബി.​ജെ.​പിയെ ​നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

അ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​ക​ട്ടെ കോ​ൺ​ഗ്ര​സും. വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്തം കാ​ര്യംത​ന്നെ പ​രു​ങ്ങ​ലി​ലാ​യി​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന് ‘ഇ​ൻഡ്യ’ സ​ഖ്യ​ത്തെ എ​ങ്ങ​നെ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​നാ​കും എ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യാ​ലും തെ​റ്റ് പ​റ​യാ​നാ​കി​ല്ല. കോ​ൺ​ഗ്ര​സി​ന​ക​ത്ത് എ​ല്ലാ​വ​രും നേ​താ​വാ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ശ​രി​യാ​യ നേ​താ​വ് ഇ​ല്ലാ​തെ പോ​കു​ന്ന​ത് പാ​ർ​ട്ടി കാ​ണു​ന്നേ​യി​ല്ല. രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്രസ് രാ​ഷ്ടീ​യ​ത്തി​ൽ ഇ​ത് ന​മ്മ​ൾ ആ​വോ​ളം ക​ണ്ട​താ​ണ്. ബി.​ജെ.​പി​ക്ക് അ​ധി​കാ​രം കി​ട്ടി​യ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രു​ടെ​യെ​ങ്കി​ലും പേ​ര് അ​വ​ർ ഉ​യ​ർ​ത്തിക്കാ​ട്ടി​യി​രു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

നെ​ഹ്റു​വി​യ​ൻ സോ​ഷ്യ​ലിസ​ത്തെ ന​ര​സിം​ഹ​റാ​വു​വി​ന്റെ കാ​ല​ത്തുത​ന്നെ കോ​ൺ​ഗ്ര​സ് മ​റ​വുചെ​യ്തു എ​ന്ന ലേ​ഖ​ക​ന്റെ നി​രീ​ക്ഷ​ണം എ​ത്ര​യോ ശ​രി​യാ​ണ്. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റി​നെ ക​ണ്ടെ​ത്താ​ൻ ഏ​റെ നാ​ൾ സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും ചു​റ്റും ക​ട​ന്ന് പാ​ർ​ട്ടി ക​റ​ങ്ങി​യി​രു​ന്നു എ​ന്ന​ത് ശ​രിത​ന്നെ.​ എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​തി​ൽനി​ന്നും ക​ര​ക​യ​റി​യി​രി​ക്കു​ന്നു. നെ​ഹ്റു കു​ടും​ബ​ത്തി​നു വെ​ളി​യി​ൽനി​ന്ന് ഒ​രാ​ളെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. അ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യി​ൽ കു​റ​ച്ചെ​ങ്കി​ലും നേ​തൃ​പാ​ട​വം കാ​ണാ​നാ​യ​ത്. അ​തി​ന്റെ ഒ​രു പ്രാ​യോ​ഗി​ക വ​ശ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​താ​ണ് അ​ദ്ദേ​ഹം ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര. അ​തി​ൽ ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളൊ​ക്കെ എ​ത്ര പൈ​ങ്കി​ളിയെ​ന്നു പ​റ​ഞ്ഞാ​ലും ആ ​യാ​ത്ര ഉ​യ​ർ​ത്തി​യ ആ​ര​വം രാ​ഷ്ടീയ നി​രീ​ക്ഷ​ക​ർ പൊ​തു​വെ പാ​ർ​ട്ടി​യു​ടെ​യും രാ​ഹു​ലി​​ന്റെ​യും വി​ജ​യ​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തി​യ​ത്.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ വോ​ട്ടുശ​ത​മാ​നം വി​ല​യി​രു​ത്തി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും ആ ​പാ​ർ​ട്ടി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നു മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, അ​ത് ക​ണ്ട് പ​ഠി​ക്കേ​ണ്ട​ത് ആ ​പാ​ർ​ട്ടി ത​ന്നെ​യാ​ണ്: അ​താ​യ​ത് വീ​ഴ്ച​യി​ൽനി​ന്ന് തെ​റ്റു​ക​ൾ മ​ന​സ്സി​ലാ​ക്കി ഉ​യിർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്ന് ചു​രു​ക്കം. അ​ങ്ങ​നെ​യെ​ങ്കി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​നു പു​റ​ത്തുനി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന യു.​പി.​എക്ക് (പു​തി​യ ഇൻഡ്യ സഖ്യം) ഒ​റ്റ​യ​ടി​ക്ക് ഭ​ര​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും എ​ൻ.ഡി.​എ സ​ഖ്യ​ത്തി​ന്റെ ഭൂ​രി​പ​ക്ഷം കു​റ​ച്ചുകൊ​ണ്ട് ശ​ക്ത​മാ​യ ഒ​രു പ്ര​തി​പ​ക്ഷനി​ര​യെയെ​ങ്കി​ലും കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ക്കും.​ ജ​നാ​ധി​പ​ത്യ​ത്തി​ലും അ​തി​ന്റെ ഭാ​ഗ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലു​മെ​ല്ലാം വോ​ട്ട​ർ​മാ​രു​ടെ മ​ന​സ്സ് പ്ര​വ​ച​നാ​തീ​ത​മാ​ണ് എ​ന്ന വ​സ്തു​ത കാ​ണാ​തി​രു​ന്നുകൂ​ടാ.

(ദി​ലീ​പ് വി.​ മു​ഹ​മ്മ​ദ്, മൂവാ​റ്റു​പു​ഴ)

ര​സ​ക്കൂ​ട്ടൊ​രു​ക്കി മ​ട്ട​ൻക​റി സി​ദ്ധാ​ന്തം

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ജി​ഷ്ണു പ്ര​കാ​ശ് എ​ഴു​തി​യ ‘മ​ട്ട​ൻക​റി സി​ദ്ധാ​ന്തം’ എ​ന്ന ക​ഥ (ലക്കം: 1346) ആ​ഗോളീക​ര​ണാ​ന​ന്ത​ര കാ​ല​ത്തെ മ​നു​ഷ്യ​രു​ടെ ഭ​ക്ഷ​ണാ​സ​ക്തി അ​തി​ന്റെ പാ​ര​മ്യ​ത​യി​ലെ​ത്തു​ന്ന​തും കാ​ടി​നെ മൊ​ത്ത​മാ​യി തി​ന്നാ​ൻ ക​ഴി​യു​ന്ന മൃ​ഗം മ​നു​ഷ്യ​നാ​ണെ​ന്ന യാ​ഥാ​ർ​ഥ്യവും വ​ര​ച്ചു​കാ​ട്ടു​ന്നു. പ്ര​മേ​യം, ഭാ​ഷ, ആ​ഖ്യാ​നരീ​തി എ​ന്നി​വകൊ​ണ്ട് ക​ഥ ന​വ്യാ​നു​ഭ​വ​മാ​യി. പ്രാ​ചീ​ന​കാ​ലം തൊ​ട്ട് മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണാ​സ​ക്തി പു​തി​യ കാ​ല​ത്തും വ​ന്യ​മാ​യി വ​ള​രു​ന്ന​ത് പു​തി​യ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. ബു​ൾസൈ​യി​ൽ തു​ട​ങ്ങി മ​ട്ട​ൻക​റി​യു​ടെ പു​തി​യ സി​ദ്ധാ​ന്ത​ത്തി​ലേ​ക്ക് ക​ഥ ഒ​ഴു​കി​പ്പ​ര​ക്കു​ന്നു​ണ്ട്. മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ന​ല്ല ക​ഥ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​മാ​യി മാ​റു​ന്ന​തി​ൽ വ​രി​ക്കാ​ര​നെ​ന്ന നി​ല​യി​ൽ അ​തി​യാ​യ സ​ന്തോ​ഷം. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

(വ​ത്സ​രാ​ജ​ൻ ക​ട്ട​ച്ചേ​രി, ക​രി​വെ​ള്ളൂ​ർ)

അപകടങ്ങൾക്കെതിരെ ജാഗരൂകരാകണം

ആൾക്കൂട്ട അപകടങ്ങൾ അനിയന്ത്രിതമായ തിക്കും തിരക്കും മൂലം സംഭവിക്കുന്നതാണ്. ഇത് ഒഴിവാക്കുവാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ‘തുടക്കം’ എന്ന പംക്തിയിൽ (ലക്കം: 1345) എഴുതിയത് നന്നായി. കുസാറ്റ് അപകടത്തിൽ നാലുപേർ മരിക്കുകയും വളരെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു. സംഗീത പരിപാടി നടക്കുന്നിടത്തേക്ക് നിയന്ത്രണമില്ലാതെ ആളുകൾ തിക്കിത്തിരക്കി കയറിയതാണ് അപകട കാരണം. ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. ആൾക്കൂട്ടമുണ്ടാകുമ്പോൾ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് സംവിധാനം ഉണ്ടാകണം.

തിക്കിത്തിരക്കിൽപെടുന്നവർ സ്വയം നിയന്ത്രിക്കുകയില്ലെന്ന് അറിയേണ്ടതാണ്. പരിപാടി നടക്കുന്നതിനുമുമ്പ് പൊലീസിനെ അറിയിക്കുക തന്നെയാണ് ഏക പരിഹാര മാർഗം. പൊലീസിനെ മുൻകൂട്ടി അറിയിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനാകും. മുൻകൂട്ടി അനുമതി വാങ്ങുന്നതും നല്ലതുതന്നെയാണ്. ഇതും ഒരുവിധത്തിൽ പൊലീസിൽ അറിയിക്കൽ തന്നെയാണല്ലോ. സംഘടനാതലത്തിലുള്ള സുരക്ഷാ സംവിധാനവും ആവശ്യമാണ്. അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ കുറ്റമറ്റതാകണം. രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാനാവുകയില്ല. അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങളാണ് വേണ്ടത്.

അപകടങ്ങൾ ഉണ്ടായിക്കഴിഞ്ഞ് മാർഗനിർദേശങ്ങൾ നൽകുന്നതും അന്വേഷണവും നടത്തുന്നതും നല്ലതുതന്നെ. എന്നാൽ, അപകടങ്ങൾ ഒഴിവാക്കാൻ ജീവസുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്. കുസാറ്റിലെ പോലെ ഗേറ്റ് തുറക്കുമ്പോൾ കീഴോട്ടുള്ള ചവിട്ടുപടികൾ മറ്റൊരിടത്തും കണ്ടിട്ടില്ല. തിരക്കുണ്ടാകുമ്പോൾ പുറത്തുനിന്നുണ്ടാകുന്ന തള്ളലിൽ ഗേറ്റ് തകർന്ന് ചവിട്ടുപടിയിലേക്ക് വീഴുന്ന ആൾക്കൂട്ടത്തിന് ഗുരുതരമായ പരിക്കു പറ്റാനും മരണംതന്നെ സംഭവിക്കാനും ഇത് കാരണമാകുന്നു.

ചവിട്ടുപടികൾ കീഴോട്ടാണ് എന്നറിയുന്നവർ വിരളമായിരിക്കും. കുസാറ്റിൽ സംഭവിച്ചതും അതുതന്നെയാണ്. വേണ്ടത്ര സുരക്ഷാമാർഗങ്ങൾ ഒരുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണം. ഇനിയെങ്കിലും സംവിധാനത്തിൽ കാര്യമായ മാറ്റംവരുത്താൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.

(സദാശിവൻ നായർ, എരമല്ലൂർ)

വാഴ്ത്തപ്പെട്ട വർക്കിച്ചൻ

ഏതു പ്രമേയവും മനോഹര കഥയാക്കി മാറ്റാനുള്ള സ്വപ്ന അലക്സിന്റെ നർമഭാവനക്ക് മകുടംചാർത്തുന്ന കഥയാണ് ‘വാഴ്ത്തപ്പെട്ട വർക്കിച്ചൻ’. ഇല്ലാത്ത പൊള്ളത്തരങ്ങൾ ഊതിവീർപ്പിച്ച് ചുട്ടകോഴിയെ പറപ്പിക്കുന്ന പ്രഫഷനൽ വേദാന്തികളുടെ തൊലി ഉരിയുന്ന കഥ തനതുശൈലിയോടെ സ്വപ്ന അനാവരണം ചെയ്യുമ്പോൾ, കപടവേഷധാരികളായ ഭക്തരുടെ കൂടി തൊലിയുരിയുകയാണ്.

‘‘ഈ റിപ്പോർട്ട് അയച്ചാൽ തീരുമാനം എന്തായിരിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ, സമാനമായ സംഭവം ഉണ്ടായതിന്റെ രേഖകൾ അവരുടെ കൈവശമുള്ളതുകൊണ്ട് എന്റെ പ്രഫഷനൽ എത്തിക്സിന് എതിരായ നിലപാട് സ്വീകരിക്കാൻ സാധിക്കാത്തതുകൊണ്ട് എനിക്ക് മറ്റൊന്നും ചെയ്യാനായില്ല.’’ ഹിപ്പോക്രാറ്റസിന്റെ പേരിൽ പ്രതിജ്ഞ എടുക്കുന്ന എത്ര ഭിഷഗ്വരന്മാർ തങ്ങളുടെ പ്രതിജ്ഞ പരിപാലിക്കുന്നു എന്നുള്ളത് ഇന്നൊരു തർക്കവിഷയമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ മുന്നിലുള്ള ഹിപ്പോക്രാറ്റസിന്റെ പ്രതിമയുടെ മുന്നിൽവെച്ച് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നത് ഈയുള്ളവന് നേരിട്ട് കാണാനുള്ള ഗതികേടുപോലും ഉണ്ടായിട്ടുണ്ട്.

(ടി.ഡി. ഗോപാലകൃഷ്ണ റാവു, തെങ്ങന്നൂർ)

Show More expand_more
News Summary - weekly ezhuthukuth