Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ജോസഫ് സ്റ്റാലിൻ വെറുക്കപ്പെടേണ്ടവനോ?സോവിയറ്റ് യൂനിയൻ ഭരണാധികാരി ജോസഫ് സ്റ്റാലിനെ ഇകഴ്ത്തുന്ന രീതിയിലാണ് മിക്കപ്പോഴും മാധ്യമം അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ മുന്നോട്ടുപോകുന്നത്. നാസി ഭീകരൻ ഹിറ്റ്ലറിനോട് തുലനപ്പെടുത്തി കൂട്ടക്കൊലപാതകം നടത്തിയയാൾ എന്ന് മുദ്രയടിക്കുകയാണ് പതിവ്. അമേരിക്കൻ സാമ്രാജ്യത്വവും അതിന്റെ മാധ്യമങ്ങളും ബോധപൂർവം നടത്തിയ പ്രചാരണമായിരുന്നു സ്റ്റാലിനെ ഹിറ്റ്ലറോട് തുലനപ്പെടുത്തൽ. അതുവഴി ലോകത്തിലെ ഏറ്റവും നികൃഷ്ടമായ കൂട്ടക്കൊലപാതകങ്ങൾ നടത്തിയവർ എന്ന ആക്ഷേപത്തിൽ നിന്ന് മറികടക്കുകയായിരുന്നു അമേരിക്കൻ തന്ത്രം. അത് അറിഞ്ഞും അറിയാതെയും ലോകമെങ്ങുമുള്ള...

Your Subscription Supports Independent Journalism

View Plans

ജോസഫ് സ്റ്റാലിൻ വെറുക്കപ്പെടേണ്ടവനോ?

സോവിയറ്റ് യൂനിയൻ ഭരണാധികാരി ജോസഫ് സ്റ്റാലിനെ ഇകഴ്ത്തുന്ന രീതിയിലാണ് മിക്കപ്പോഴും മാധ്യമം അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ മുന്നോട്ടുപോകുന്നത്. നാസി ഭീകരൻ ഹിറ്റ്ലറിനോട് തുലനപ്പെടുത്തി കൂട്ടക്കൊലപാതകം നടത്തിയയാൾ എന്ന് മുദ്രയടിക്കുകയാണ് പതിവ്. അമേരിക്കൻ സാമ്രാജ്യത്വവും അതിന്റെ മാധ്യമങ്ങളും ബോധപൂർവം നടത്തിയ പ്രചാരണമായിരുന്നു സ്റ്റാലിനെ ഹിറ്റ്ലറോട് തുലനപ്പെടുത്തൽ. അതുവഴി ലോകത്തിലെ ഏറ്റവും നികൃഷ്ടമായ കൂട്ടക്കൊലപാതകങ്ങൾ നടത്തിയവർ എന്ന ആക്ഷേപത്തിൽ നിന്ന് മറികടക്കുകയായിരുന്നു അമേരിക്കൻ തന്ത്രം. അത് അറിഞ്ഞും അറിയാതെയും ലോകമെങ്ങുമുള്ള മാധ്യമങ്ങൾ പിന്തുടർന്നു.

യഥാർഥത്തിൽ നമ്മൾ ചരിത്രത്തോട് നീതി പുലർത്തണം. ലോകത്തിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് ഭരണകൂടത്തെ സായുധമായി തോൽപിക്കുകയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ചെമ്പട ചെയ്തത്. അജയ്യരെന്ന് അവകാശപ്പെട്ട് ലോകം പിടിച്ചെടുക്കാനൊരുങ്ങിയ, ജൂതരെയടക്കം കൂട്ടക്കൊല ചെയ്ത, മുസ്‍ലിംകളെ വംശഹത്യ ചെയ്യാനൊരുങ്ങിയ നിഷ്ഠുരമായ ഫാഷിസത്തെ സ്റ്റാലിന്റെ ചെമ്പട ഉജ്ജ്വലമായി പൊരുതി തോൽപിച്ചു. രണ്ടാം ലോകയുദ്ധത്തെ സാമ്രാജ്യത്വങ്ങളുടെ കൊള്ളയടിക്കലായി കണ്ട് ആദ്യ ഘട്ടത്തിൽ മാറിനിൽക്കുകയായിരുന്നു സോവിയറ്റ് യൂനിയൻ ചെയ്തത്. എന്നാൽ, റഷ്യ​ക്കു നേരെയും ഹിറ്റ്ലർ തിരിഞ്ഞു.

ഹിറ്റ്ലർ നടത്തിയപോലെയോ അമേരിക്കൻ ഭരണകൂടം അതിനുമുമ്പും പിമ്പും നടത്തിയ കൂട്ടക്കൊലകൾപോലെയോ ഒന്ന് സ്റ്റാലിൻ നടത്തിയിട്ടില്ല. ഏതെങ്കിലും ജനതയെ കൂട്ടക്കൊല ചെയ്യാൻ ഒരു പദ്ധതിയും ഒരുകാലത്തും ആവിഷ്കരിച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന കുറ്റം തന്റെ പാർട്ടിയിലെ ചിലയാളുകളെ അടിച്ചമർത്തിയെന്നതാണ്. അത് മറ്റൊരു രാഷ്ട്രീയ പ്രശ്നമാണ്. വലതുപക്ഷത്തേക്ക് നീങ്ങു​ന്നുവെന്ന് കരുതിയ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തെയാണ് അടിച്ചമർത്തിയത്. അല്ലാതെ മറ്റൊരു കൂട്ടക്കൊല ആരോപണം സ്റ്റാലിനുമേൽ ഇല്ല.

അതിനേക്കാൾ, ലോകചരി​ത്രത്തിൽ സ്റ്റാലിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു നേട്ടമുണ്ട്. അത് ഫാഷിസം കൂട്ടക്കൊല ചെയ്യുമായിരുന്ന കോടിക്കണക്കിന് ജനങ്ങളെ വംശഹത്യയിൽനിന്ന് രക്ഷിച്ചുവെന്നതാണ്. സ്റ്റാലിനെ അധിക്ഷേപിക്കുന്നവർ മറന്നുപോകുന്ന കാര്യമാണത്. ഹിറ്റ്ലറും കൂട്ടാളികളും കൊന്നുതീർക്കുമായിരുന്ന അസംഖ്യം വംശങ്ങളെ, ജനതയെ ആ വിപത്തിൽനിന്ന് സ്റ്റാലിൻ മോചിപ്പിച്ചു.


ലോകമെങ്ങും ഫാഷിസം ശക്തമാകുന്ന കാലഘട്ടത്തിൽ സ്റ്റാലിന്റെ ചരിത്രത്തിൽനിന്നും പോരാട്ടത്തിൽനിന്നും അനേകം കാര്യങ്ങൾ പഠിക്കാനുണ്ട്. എങ്ങനെ ഫാഷിസത്തെ തോൽപിക്കാം എന്നതാണ് അതിൽ പ്രമുഖം. ഈ വേളയിലെങ്കിലും സ്റ്റാലിനെ അധിക്ഷേപിക്കുന്നത് അവസാനിപ്പിച്ച് കൂടുതൽ വായനക്ക് തയാറാവണം. മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1303) ഫിറാത് സുനേലുമായി വി.എം. ഇബ്രാഹീം നടത്തിയ അഭിമുഖ സംഭാഷണം വായിച്ചപ്പോൾ തോന്നിയ വികാരമാണ് ഈ കത്ത് എഴുതാൻ പ്രേരിപ്പിച്ചത്. സ്റ്റാലിനെതിരെ ഫിറാത് സുനേൽ അധിക്ഷേപം ചൊരിയുന്നില്ല. അദ്ദേഹം നയതന്ത്രജ്ഞത അതിലും പുലർത്തിയതാവും.

ബിനോയ്​ കെ.വി, കൂത്താട്ടുകുളം

മാളികപ്പുറവും ‘തെളിച്ചുകടത്തലുകളും’

മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1304ൽ ​െബ്ലയ്സ് ജോണി എഴുതിയ ‘തി​ര​​ദൈ​​വ​​ങ്ങ​​ളി​​ല്‍നി​​ന്ന് താ​​ര​​ദൈ​​വ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പരിണാമ ദൂരങ്ങൾ’ എന്ന ലേഖനം വായിച്ചു. വളരെ മികച്ച രീതിയിൽ പഠിച്ചെഴുതിയ ഈ ലേഖനം ഒരുപാട് പുതിയ അറിവുകൾ ഗ്രഹിക്കാൻ സഹായകമായി. ലേഖനത്തിന്റെ അവസാനഭാഗത്ത് ‘മാളികപ്പുറം’ സിനിമ​യെക്കുറിച്ചെഴുതിയതിൽ അനുബന്ധമായി ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. സിനിമയുടെ ആരംഭത്തിൽ നന്ദിയർപ്പിച്ചവരിൽ ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവതുമുണ്ട്. അപ്പോൾ നരേന്ദ്ര മോദിയും പിണറായി വിജയനും വി.ഡി. സതീശനും വി. മുരളധീരനും ശ്രീധരൻ പിള്ളയുമെല്ലാം ഇല്ലേ എന്ന ചോദ്യമുയരും. എന്നാൽ, ​ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർക്കും മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാർക്കു​മെല്ലാം നന്ദിയർപ്പിക്കുന്നത് സിനിമയിൽ ചിരപരിചിതമായ ഒന്നാണ്. എന്നാൽ, ആർ.എസ്.എസ് സർ സംഘ്ചാലക് ക്രെഡിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുന്നത് ഇതാദ്യമാകും. ഇദ്ദേഹത്തിന് ഈ സിനിമയിൽ എന്താണ് റോൾ? എന്തിനാണ് ബി.ജെ.പി നേതാക്കൾ ഒന്നടങ്കം സിനിമയുടെ പ്രമോഷൻ വർക്കുകൾ ഏറ്റെടുക്കുന്നത് തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങൾക്കുകൂടി ലേഖനം ഉത്തരം കണ്ടെത്തേണ്ടിയിരുന്നു. ശബരിമല വിഷയത്തിലെ കേരളസർക്കാർ നിലപാടിനെ പരോക്ഷമായി വിമർശിക്കുന്ന രംഗങ്ങളും സിനിമയിലുണ്ട്.

ഉണ്ണി മുകുന്ദൻ എന്ന നടൻ ഹൈന്ദവ ദേശീയതയുടെ മലയാള സിനിമയിലെ മുഖമായി പരിണമിക്കാൻ ഉതകുന്ന ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുവെന്ന ലേഖകന്റെ അഭിപ്രായം ശരിയാണ്. അതിനെ സാധൂകരിക്കുന്ന പ്രകടനങ്ങൾതന്നെയാണ് നടൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും കഴിഞ്ഞ ഏതാനും നാളുകളായി നടത്തിക്കൊണ്ടിരിക്കുന്നത്. പണ്ട് ദൂരദർശൻ പ്രക്ഷേപണംചെയ്ത ‘രാമായൺ’ സീരിയലിലൂടെ അരുൺ ഗോവിൽ എന്ന നടൻ ഉത്തരേന്ത്യയിൽ ദൈവിക പരിവേഷത്തിലേക്ക് ഉയർന്ന അനുഭവം നമ്മൾക്കുണ്ട്. അദ്ദേഹം ബി.ജെ.പിയിലൂടെ രാഷ്ട്രീയ ജീവിതവും ആരംഭിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ വലിയ ആരാധകനെന്ന് സ്വയം അവകാശപ്പെടുന്ന ഉണ്ണി മുകുന്ദനും സ്ഥാനാർഥിയായി അവതരിക്കില്ലെന്ന് ആരു കണ്ടു? ഈ സിനിമയിലൂടെ ആശയങ്ങൾ ഒളിച്ചല്ല, തെളിച്ചുതന്നെയാണ് കടത്തുന്നത് എന്നതാണ് സത്യം.

​ജോബി, എറണാകുളം

ഷമീന അലിയുടേത് ഒരുത്തമ കവിത

ദൈവികാവബോധത്തിന്റെ ഉത്തമ നിദർശനമാണ് ഷമീന അലിയുടെ ‘മീസാൻകല്ലുകൾക്ക് പറയാനുള്ളത്’ (ലക്കം: 1303).

അറബി ഭാഷയുടെ പദസമന്വയ സൗന്ദര്യം കവിതയെ സൗന്ദര്യമുള്ളതാക്കുന്നു. അപൂർവമാണ് ഇതുപോലൊരാശയം. പാരത്രിക ദർശനങ്ങളുടെ ആധ്യാത്മിക വിചിന്തനങ്ങളാണ് ഓരോ വരിയിലും തുളുമ്പുന്നത്. ദൈവത്തെ പ്രകാശമായി കാണുന്ന സങ്കൽപത്തിന്റെ പ്രഭാവമാണ് കവിതയിൽ പ്രതിഫലിക്കുന്നത്. പാരത്രിക ദർശന ചിന്തകളുടെ ആധ്യാത്മിക പാരായണമാണ് കവിത നിർവഹിക്കുന്നത്. ഒരു ഭൗതിക മനുഷ്യന്റെ ആകുലതകളും പുറപ്പാടുകളും ജന്മവാസനകളുമെല്ലാം കൃത്യമായി അളന്നു തൂക്കിയ കവിത കാവ്യസംസ്കാരത്തിൽ ഊന്നിപ്പറയുന്നു. മനനംകൊണ്ട് വാക്കിനെ സംശുദ്ധമാക്കുന്ന ഒരുത്തമ കവിതയാണ് ഷമീന അലിയുടേത്.

വി.കെ.എം. കുട്ടി, ഈസ്റ്റ് മലയമ്മ

‘ആനന്ദനടനം’

മാധവൻ പുറച്ചേരി എഴുതിയ ‘ആനന്ദനടനം’ അടുത്ത് വായിച്ചതിൽ ഏറ്റവും മികച്ച രാഷ്ട്രീയ കവിതയാണ് (ലക്കം: 1304). അധികാരത്തിന്റെ ചില്ലുകൂട്ടിൽ കിടന്ന് ജീവിക്കുന്നുണ്ടെന്ന് നടിച്ച് അധോവായു വിട്ട് ആനന്ദിക്കുന്ന ഒരു ജനതയുടെ രാഷ്ട്രീയം ഇതിനെക്കാൾ മികച്ചതായിട്ട് എങ്ങനെ എഴുതാൻ പറ്റും? തന്റെയുള്ളിലും പുറത്തും കത്തുന്ന കടൽ കാണാതെ തീറ്റയും ഭോഗവും ഒരു തട്ടാനുമെന്ന മുച്ചക്രവണ്ടിയിൽ കറങ്ങുന്ന, തന്നെ പോറ്റുന്ന യജമാന വർഗത്തിന്റെ വാൽ മണപ്പിച്ച് സായുജ്യം കണ്ടെത്തുന്നവരുടെ ആനന്ദനടനം നടക്കുകയല്ലേ ചുറ്റിലും?

നാരായണൻ അമ്പലത്തറ


ഈ ചങ്കൂറ്റത്തെ പ്രശംസിക്കുന്നു

‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയെക്കുറിച്ച് ഡോ. സിബു മോടയിൽ, ആൽവിൻ അലക്സാണ്ടർ എന്നിവർ ചേർന്നെഴുതിയ ലേഖനം ‘ന​ൻ​പ​ക​ൽ നേ​ര​ത്തെ ദാ​ർ​ശ​നി​ക പ്ര​ശ്ന​ങ്ങ​ൾ’ വായിച്ചു (ലക്കം: 1303). ഇത്രയേറെ എഴുതുന്നതിനു മുമ്പേ ആ സിനിമ എന്താണെന്ന് കണ്ടു മനസ്സിലാക്കേണ്ടിയിരുന്നു എന്നാണ് അഭിപ്രായം. കലാമൂല്യമുള്ള സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് ഒരെത്തുംപിടിയും കിട്ടാത്ത, അബ്സേർഡ് എന്നോ സർറിയലിസ്റ്റിക് എന്നോ പോലും നിശ്ചയമില്ലാത്ത സിനിമയായിരുന്നു അത്.

‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ഇത്രയെല്ലാം അമൂല്യങ്ങളായ മുത്തുകൾ ഒളിഞ്ഞുകിടപ്പുള്ള ഒരു പവിഴദ്വീപായിരുന്നു എന്ന വാദത്തിനായി കാഫ്ക മുതൽ സാമൂഹിക രാഷ്ട്രീയ ദാർശനിക മാനങ്ങൾവരെ ലേഖകർ നിരത്തുന്നു.


ചുരുക്കത്തിൽ മലയാള ചലച്ചിത്ര നിരൂപണശാഖക്ക് കൈവന്ന മൂല്യശോഷണത്തെയും അപചയത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. വിമർശനങ്ങളിൽനിന്നുള്ള ഒഴികഴിവിനായി ഒന്നും ഫലിച്ചില്ലെങ്കിൽ ഒരു നാടകവണ്ടിയെന്ന സാമാന്യബുദ്ധി എഴുത്തുകാരനും സംവിധായകനും പ്രദർശിപ്പിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല. എങ്കിലും, അവർ അവകാശപ്പെടാൻ സാധ്യതയില്ലാത്ത കാഴ്ചകളുടെ തലങ്ങളുണ്ടെന്നെഴുതി സിനിമ കലാപൂർണമായ സൃഷ്ടിയാ​െണന്ന് പറയാനുള്ള ചങ്കൂറ്റത്തെ മുക്തകണ്ഠം അഭിനന്ദിക്കുന്നു, പ്രശംസിക്കുന്നു.​

രാധാകൃഷ്ണൻ വെട്ടത്ത്, ചേലൂർ

സത്യാനന്തര കാലത്തെ മികച്ച കഥ

രവിയും ഇന്ദിരയും തമ്മിലുള്ള സൂക്ഷ്മ സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന രചനയാണ് പി.എഫ്. മാത്യൂസിന്റെ ‘നക്ഷത്രങ്ങളില്ലാത്ത വീട്’. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകന്നുപോകുമ്പോള്‍ വീട്ടിനുള്ളിലെ നക്ഷത്രവെളിച്ചംപോലും കെട്ട് അത് ഇരുട്ടില്‍ മൂടുന്നു. ദമ്പതിമാര്‍ക്കിടയില്‍ സര്‍പ്പിളമായൊരു പക നിറയുന്നു. അവര്‍ക്കിടയില്‍ സ്‌നേഹരാഹിത്യത്തിന്റെ ഒരു നദിയൊഴുകാന്‍ തുടങ്ങുന്നു. രണ്ടു ശത്രുരാജ്യങ്ങള്‍ക്കിടയിലെ അലിയിക്കാന്‍ കഴിയാത്ത പക അവരെ ഹിംസയിലേക്ക് നയിക്കുന്നു. മൗനത്തെ ഹിംസാത്മകമായൊരു പശ്ചാത്തലത്തോടെ ചിത്രീകരിക്കുന്ന ഈ കഥയില്‍ സത്യാനന്തരകാലത്തെ ശരാശരി മലയാളിയുടെ സംഘര്‍ഷഭരിതമായ ദാമ്പത്യജീവിതത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്നു. സമീപകാലത്തു വായിച്ച നല്ലൊരു കഥ. പി.എഫ്. മാത്യൂസിനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങള്‍.

ഹക്കിം ചോലയില്‍

രാഷ്ട്രീയ ശരികളുടേതല്ലാത്ത കഥകളും വേണം

ലോകത്തുള്ള എല്ലാ ഭാര്യമാരും ഒരിക്കലെങ്കിലും ഭർത്താവൊന്ന് മരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് എന്നുള്ള ഓഷോ വചനം എവിടെയോ വായിച്ചിട്ടുണ്ട് – അതോ ഒരിക്കലെങ്കിലും ഭർത്താവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നാണോയെന്ന് കൃത്യമായി ഓർക്കുന്നില്ല. പി.എഫ്. മാത്യൂസിന്റെ ആഴ്ചപ്പതിപ്പിൽ വന്ന ‘നക്ഷത്രങ്ങളില്ലാത്ത വീട്’ എന്ന കഥക്കും ഏതാണ്ട് ഇതേ വിഷയമാണ്. മേൽപ്പറഞ്ഞ ആഗ്രഹത്തിന് ലിംഗഭേദം ഉണ്ടാവില്ല എന്ന് കരുതാം.

അതിപരിചയംകൊണ്ട് ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന വിരസതയും അകൽച്ചയും വിഷയമാക്കി ആഴ്ചയിൽ ഒരു കഥയെങ്കിലും ഏതെങ്കിലുമൊക്കെ ആഴ്ചപ്പതിപ്പുകളിൽ വരുന്നു. എന്നാലാവുന്നത് ഞാനും കഥയാക്കിയിട്ടുണ്ട്. എന്നാലും ജനനവും മരണവുംപോലെ മനുഷ്യജീവിതത്തിൽ ഇതാവർത്തിച്ചുകൊണ്ടിരിക്കും. കഴിഞ്ഞവർഷം വായിച്ചതിൽ ഏറ്റവും മികച്ച ഒന്നായിരുന്നു പി.എഫ്. മാത്യൂസിന്റെ ‘ദയ’ എന്ന കഥ. പൂർണമായും പിടിതന്നില്ല എങ്കിലും ‘ഹിറ്റ്ലറും’ രണ്ട് വട്ടം വായിച്ച കഥയാണ്. താരതമ്യം ചെയ്‌താൽ അത്രത്തോളം ഈ കഥ എത്തിയോ എന്ന് സംശയം തോന്നാം. ഇതൊരു പോരായ്മയായി കരുതുന്നില്ല. എല്ലാ കഥകളും ആഴത്തിലും പരപ്പിലും വലുപ്പത്തിലും അനുഭവത്തിലും ഒന്നുപോലെ ആകേണ്ടതില്ല.

ഉണ്ണി ആറും ഏച്ചിക്കാനവും എസ്.ഹരീഷും വിനോയ് തോമസുമെല്ലാം ചെറിയ പ്രസിദ്ധീകരണങ്ങളിലും ഫേസ്ബുക്കിലും ചെറുതും വൈവിധ്യവുമുള്ള കഥകൾ എഴുതണം എന്നാണ് അഭിപ്രായം. യമണ്ടൻ ആശയങ്ങളും രാഷ്ട്രീയശരികളും മാത്രം പിന്തുടരരുത്. ‘നക്ഷത്രങ്ങളുടെ കഥ’ ഒരു സാധാരണ കഥയാണ്. നല്ലതുമാണ്. പക്ഷേ, മികച്ച മലയാളം കഥകളിൽ അടയാളപ്പെടുത്തപ്പെടില്ല.

സുനു എസ്. തങ്കമ്മ, ഫേസ്ബുക്ക്

മറവിക്ക് വിട്ടുകൊടുക്കരുത്, മുത്തങ്ങയെ

മാധ്യമം ആഴ്ചപ്പതിപ്പിലെ ‘മുത്തങ്ങ’ എന്ന ‘തുടക്കം’ വായിച്ചപ്പോള്‍ നൂറ്റാണ്ടുകളായി ആദിവാസികള്‍ അനുഭവിച്ചു വരുന്ന നീതിനിഷേധങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും കുറവൊന്നും വന്നിട്ടില്ല എന്നോര്‍ത്ത് മനം നൊന്തു (ലക്കം: 1304). മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്നതും ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവത്തിന്‌ കൂട്ടിരിക്കാന്‍ വന്ന വയനാട്ടുകാരന്‍ വിശ്വനാഥനെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മർദിച്ച് അവശനാക്കി ആത്മഹത്യ ചെയ്യിപ്പിച്ചതും (അതോ കൊന്ന് കെട്ടിത്തൂക്കിയതോ?), കുരുമുളക് പറിക്കാന്‍ 100 രൂപ അധികവേതനം ആവശ്യപ്പെട്ട ആദിവാസി യുവാവിന്‍റെ കർണപുടം തകര്‍ത്തതുമൊക്കെ ദിവസേനയെന്നോണം വാര്‍ത്തകളായി വരുമ്പോള്‍ എനിക്ക് അമേരിക്കയിലെ റെഡ് ഇന്ത്യന്‍ വംശജരെക്കുറിച്ചുള്ള ‘വേരുകള്‍’ എന്ന ഡോക്യുമെന്ററി ഓര്‍മവരുന്നു. അമേരിക്കയിലേക്ക് കുടിയേറിയ ബ്രിട്ടീഷുകാര്‍ക്ക്‌ സുഖമായി താമസിക്കാനും കൃഷി ചെയ്യാനുമുള്ള ഭൂമിക്കായി തദ്ദേശീയരായ റെഡ് ഇന്ത്യക്കാര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളുടെ വിത്തുകള്‍ വിതച്ച് കൊന്നൊടുക്കിയ ഡോക്യുമെന്ററി കണ്ടാല്‍ ഉരുകാത്ത മനസ്സുകളും നിറയാത്ത കണ്ണുകളും ഉണ്ടാകില്ല. അതുപോലെ നമ്മുടെ നാട്ടിലെ ആദിവാസികളെ ഉന്മൂലനംചെയ്യാന്‍ പരിഷ്കൃത സമൂഹവും ഭരണകൂടവും കൈകോര്‍ത്ത് നടത്തിയ ഭീകരതാണ്ഡവമായിരുന്നു ഇരുപതു കൊല്ലം മുമ്പ് മുത്തങ്ങയില്‍ അരങ്ങേറിയത്.

പണിയര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, ഊരാളന്‍മാര്‍ തുടങ്ങിയ അധഃസ്ഥിത ജനത തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സി.കെ. ജാനുവിന്‍റെയും ഗീതാനന്ദന്‍റെയും നേതൃത്വത്തില്‍ മുത്തങ്ങക്കാട്ടില്‍ കുടില്‍കെട്ടി നടത്തിയ 49 ദിവസത്തെ സമരമാണ് മുത്തങ്ങ ‘കലാപമായി’ അറിയപ്പെടുന്നത്. അതില്‍ ആദിവാസിയായ ജോഗി പൊലീസ് വെടിവെപ്പിലും വിനോദെന്ന പൊലീസുകാരന്‍ സംഘട്ടനത്തിലും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ നരനായാട്ടില്‍ കണ്ണിൽക്കണ്ടവരെയെല്ലാം തല്ലിച്ചതച്ചുകൊണ്ട്‌ പൊലീസ് താണ്ഡവമാടി. ബൂട്ടിട്ട കാലുകൊണ്ട്‌ ഒറ്റച്ചവിട്ടിനാണ് ജാനുവിനെ ജീപ്പിലേക്ക് തെറിപ്പിച്ചത്. മർദനമേറ്റവരില്‍ പലരും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി ഇപ്പോഴും കുടിലുകളില്‍ നരകിച്ചു കഴിയുന്നു. പൊലീസിനെ അഴിഞ്ഞാടാന്‍ അനുവദിച്ച അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി ആകാശംമുട്ടെ വളര്‍ന്ന് കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായി അധികാരത്തിന്‍റെ വെണ്ണക്കല്‍ കൊട്ടാരത്തില്‍ ഏറെനാള്‍ വസിച്ചു. ആദിവാസികളുമായി സംസാരിച്ചു തീര്‍പ്പാക്കിയ കാര്യങ്ങള്‍ കുപ്പിയില്‍ അടക്കപ്പെട്ട ഭൂതംപോലെ ഇപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. ഇനിയത്‌ ആരും നോക്കാന്‍ പോകുന്നില്ല.

20 കൊല്ലം മുമ്പ് നടന്ന മുത്തങ്ങ സമരത്തെ ഓർമിച്ചതിനും ഓർമിപ്പിച്ചതിനും മാധ്യമം പത്രാധിപര്‍ക്ക് നന്ദി.

സണ്ണി ജോസഫ്, മാള

വേണുവിന്റെ ‘യുക്തിവാദം’

കെ. വേണുവുമായി അനൂപ് അനന്തൻ നടത്തിയ അഭിമുഖം (ലക്കം: 1302) ശ്രദ്ധേയമായി. തലക്കെട്ടിൽ സൂചിപ്പിച്ച യുക്തിവാദികളുടെ വിഷയം വേണ്ടത്ര വസ്തുനിഷ്ഠമാണോ എന്ന് സംശയം. എന്തെന്നാൽ, സി. രവിചന്ദ്രൻ എന്ന വ്യക്തി ഒരിക്കലും യുക്തിവാദി എന്ന് സ്വയം വിശേഷിപ്പിച്ചിട്ടില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും ‘സ്വതന്ത്ര ചിന്തകർ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നല്ല, കേരളത്തിലെ യുക്തിവാദികളെയും സംഘടനകളെയും അവർ ‘ശിലായുഗ യുക്തിവാദി’കൾ എന്ന് ആക്ഷേപിക്കാറുമുണ്ട്. ഇതിൽനിന്നുതന്നെ അവരുടെ യുക്തിവാദത്തോടുള്ള നിലപാട് വ്യക്തമാണ്. അതിനാൽ, യുക്തിവാദത്തെയും സ്വതന്ത്രചിന്തയെയും രണ്ടായി തന്നെ കാണേണ്ടിവരും. ​

യു.എസ്. മനോജ്, കൊടുവള്ളി

News Summary - readers responses on issue 1304