Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

എഴുത്തുകുത്ത്​
cancel

നമുക്കീ പാപത്തിൽനിന്ന് കൈകഴുകാൻ സാധ്യമാണോ?ആഴ്ചപ്പതിപ്പ് ‘തുടക്കം’ വായിച്ചു (ലക്കം: 1301). അനുബന്ധമായി ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. നിണം വാർന്ന ചിറകുമായി 1948 ജനുവരി 30ന്റെ സന്ധ്യ വിടവാങ്ങുമ്പോൾ ഗോദ്സെ എന്ന ഹൈന്ദവ വർഗീയവാദിയുടെ വെടിയേറ്റ് ഗാന്ധി ബിർളാ പ്രാർഥനാമണ്ഡപത്തിൽ അന്ത്യയാത്ര പറയുകയായിരുന്നു. ഗാന്ധി ഒരു യുഗസ്രഷ്ടാവായിരുന്നു. ഇന്ത്യയെ മതേതരത്വത്തിൽ ഉറപ്പിച്ചുനിർത്തിയ ഭരണരീതിയുടെ സ്രഷ്ടാവ്. ആ ചുണ്ടിൽനിന്നു പൊഴിഞ്ഞ മന്ത്രം ‘‘ഈശ്വർ അല്ലാഹ് തേരേ നാം’’ എന്നായിരുന്നു.ഇന്ത്യയുടെ ആത്മാവായിരുന്ന മഹാത്മജിയെ കോൺഗ്രസുപോലും ഭാഗികമായി മറന്നു. അതിന്റെ പരിണതിയാണ് വർത്തമാന ഇന്ത്യ. ‘ചെറുതാണ്...

Your Subscription Supports Independent Journalism

View Plans

നമുക്കീ പാപത്തിൽനിന്ന് കൈകഴുകാൻ സാധ്യമാണോ?

ആഴ്ചപ്പതിപ്പ് ‘തുടക്കം’ വായിച്ചു (ലക്കം: 1301). അനുബന്ധമായി ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. നിണം വാർന്ന ചിറകുമായി 1948 ജനുവരി 30ന്റെ സന്ധ്യ വിടവാങ്ങുമ്പോൾ ഗോദ്സെ എന്ന ഹൈന്ദവ വർഗീയവാദിയുടെ വെടിയേറ്റ് ഗാന്ധി ബിർളാ പ്രാർഥനാമണ്ഡപത്തിൽ അന്ത്യയാത്ര പറയുകയായിരുന്നു. ഗാന്ധി ഒരു യുഗസ്രഷ്ടാവായിരുന്നു. ഇന്ത്യയെ മതേതരത്വത്തിൽ ഉറപ്പിച്ചുനിർത്തിയ ഭരണരീതിയുടെ സ്രഷ്ടാവ്. ആ ചുണ്ടിൽനിന്നു പൊഴിഞ്ഞ മന്ത്രം ‘‘ഈശ്വർ അല്ലാഹ് തേരേ നാം’’ എന്നായിരുന്നു.

ഇന്ത്യയുടെ ആത്മാവായിരുന്ന മഹാത്മജിയെ കോൺഗ്രസുപോലും ഭാഗികമായി മറന്നു. അതിന്റെ പരിണതിയാണ് വർത്തമാന ഇന്ത്യ. ‘ചെറുതാണ് സുന്ദരം’ എന്ന ഷുമാക്കറുടെ സാമ്പത്തിക ദർശനം ഗാന്ധിജിയിൽനിന്ന് ഉൾക്കൊണ്ടതാണ്. മസനോബ ഫുക്കുവോക്ക എന്ന ജപ്പാൻ കൃഷിശാസ്ത്രജ്ഞൻ മഹാത്മാ ഗാന്ധിയിൽനിന്നാണ് പ്രചോദനമുൾക്കൊണ്ടത്. ഇവാൻ ഇലിച്ചിന്റെ വൈദ്യകാഴ്ചപ്പാടിലും ഗാന്ധിയുടെ സ്വാധീനമുണ്ട്. കമ്യൂണിസ്റ്റ് ഭരണാധികാരിയായ ഹോചിമിനുപോലും ഗാന്ധി സ്വീകാര്യനാണ്. നമ്മളോ അധികാരത്തിന്റെ സുഖസോപാനമേറിയപ്പോൾ ഗാന്ധിജിയെ മറന്നു. അതുകൊണ്ടുള്ള നഷ്ടവും നമുക്കുതന്നെ.

ഗാന്ധിജിയുടെ രാമൻ ഇന്ത്യയിൽ രാവണനായി മാറി. ഇന്ത്യൻ മതേതരത്വത്തിന്റെ സർവനാശം മോദിയിലൂടെ സംഭവിച്ചിരിക്കുകയാണ്. നമ്മുടെ സാമ്പത്തിക-രാഷ്ട്രീയ-മതേതര നയങ്ങൾ എല്ലാമിന്ന് ആസന്ന നാശഭീതിയിലാണ്. മഹാത്മാ ഗാന്ധി തന്റെ പ്രാർഥനാവേളയിൽ കൈയിൽ പിടിച്ചത് ഖുർആനും ഭഗവദ്ഗീതയും ബൈബിളുമായിരുന്നു. ആ സമന്വയ ദർശനം ഹൈന്ദവ ഫാഷിസ്റ്റ് ശക്തികൾ അനുദിനം തകർത്തുകൊണ്ടിരിക്കുകയാണ്. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ ദിവസങ്ങളോളം നീണ്ട ‘ഭാരത് ജോഡോ’ പദയാത്ര ഗാന്ധിജിയുടെ 75ാം രക്തസാക്ഷിത്വ ദിനത്തിൽ കശ്മീരിൽ അവസാനിക്കുമ്പോൾ അണയാത്ത ഗാന്ധിയൻ വെളിച്ചമവിടെ കണ്ടു. ഇന്ത്യൻ മതേതരത്വത്തിന്റെ നിലനിൽപിനായി ദിവസങ്ങളോളം നീണ്ട ആ പദയാത്ര പലതും നമ്മോട് മന്ത്രിക്കുന്നുണ്ട്. ഇന്ത്യയിൽ ഗാന്ധിസം മരിക്കില്ല, മരിക്കാൻ പാടില്ല.

- കെ.ടി. രാധാകൃഷ്ണൻ, കൂടാളി


വാണിയമ്മയെ ഓർത്തെടുത്തപ്പോൾ

മലയാള ചലച്ചിത്രഗാനരംഗത്തെ കുയിൽനാദം എന്നു വിശേഷിപ്പിക്കുന്ന വാണി ജയറാമിന്റെ വേർപാടിനോട് അനുബന്ധിച്ച് പിന്നണിഗായകരായ രാജേഷ് വിജയ് യും മഞ്ജരിയും പങ്കുവെച്ച ഓർമകൾ ശ്രദ്ധേയമായി. വാണിയമ്മയുടെ ചില ഗാനങ്ങൾ തിരഞ്ഞെടുത്ത് അതിന്റെ പ്രത്യേകതകൾ രാജേഷ് വിജയ് വിശദമാക്കിയപ്പോൾ ആ ശബ്ദ സൗകുമാര്യത്തെ പൊതുവായി വിലയിരുത്തുന്നതായിരുന്നു മഞ്ജരിയുടെ ഓർമക്കുറിപ്പുകൾ. തന്റെ ഓർമയുടെ അയവിറക്കലിൽ മഞ്ജരി എടുത്തുപറയുന്ന ഏക മലയാള ഗാനം ‘‘തിരുവോണ പുലരിതൻ തിരുമുൽ കാഴ്ച വാങ്ങാൻ തിരുമേനി എഴുന്നള്ളും സമയമായി’’ എന്നതാണ്. ഈ ഗാനം കേൾക്കാത്ത ഏതെങ്കിലുമൊരു മലയാളിയുണ്ടോ എന്ന് സംശയമാണ്. ഓണത്തിന്റെ ഗതകാലസ്മൃതികളിലേക്കും ഗൃഹാതുരതകളിലേക്കുമെല്ലാം നമ്മെ കൊണ്ടെത്തിക്കുന്ന ആ ഗാനം കാലം എത്ര കടന്നുപോയാലും ഓരോ മലയാളിയുടെയും മനസ്സിൽ തങ്ങിനിൽക്കുകതന്നെ ചെയ്യും.

ഓരോ ഗായകരും നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ടാകുമെങ്കിലും അവയിൽ ചില ഗാനങ്ങൾ മാത്രമാണ് അനുവാചക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നത്. ആ ഗാനങ്ങളിലൂടെ ഗായകൻ/ഗായിക ഓർമിക്കപ്പെടുകയും ചെയ്യുന്നു. വാണിയമ്മയെ അങ്ങനെ നിരവധിപേർ തിരിച്ചറിയുന്ന ഒരു ഗാനമാണ് ‘തച്ചോളി അമ്പു’ എന്ന സിനിമയിലെ ‘‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്’’ എന്നു തുടങ്ങുന്ന ഗാനം. മലയാള സിനിമയിലെ മാപ്പിള കഥകൾക്കും മാപ്പിളപ്പാട്ടുകൾക്കും ലഭിച്ച സ്വീകാര്യത എക്കാലവും വലുതാണ്. അങ്ങനെ മലയാള സിനിമയിലെ ഏറ്റവും ജനകീയ മാപ്പിളപ്പാട്ടുകളിലൊന്നായി ഇത് മാറിയത് വാണി ജയറാമിന്റെ സ്വരത്തിലൂടെയാണ്. വാണിയമ്മ ഗാനമാലപിക്കുമ്പോൾ ഓരോ അക്ഷരവും പെറുക്കിയെടുക്കാൻ കഴിയുംവിധം വ്യക്തവും സ്പഷ്ടവുമാണ് ആ ആലാപനശൈലി. 2016ൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം പാടിയ ‘ആക്ഷൻ ഹീറോ ബിജു’വിലെ ‘‘പൂക്കൾ പനിനീർ പൂക്കൾ’’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകലോകം ഇരു കൈയും നീട്ടി സ്വീകരിച്ച് നെഞ്ചോടു ചേർത്തത് ആ വലിയ കലാകാരിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയായി.

ദിലീപ് വി. മുഹമ്മദ്


മനസ്സ് എന്ന ശിൽപശാല

മാധ്യമം ആഴ്ചപ്പതിപ്പിൽ പി.എഫ്. മാത്യൂസ് എഴുതിയ ‘നക്ഷത്രങ്ങൾ ഇല്ലാത്ത വീട്’ പ്രതീക്ഷകൾ വറ്റിയ ഒരു ദാമ്പത്യത്തിന്റെ കഥ പറയുന്നു (ലക്കം: 1303). പരസ്പരം കൊല്ലാൻ മടിക്കാത്ത ഭാര്യാഭർത്താക്കന്മാർ! കഥയുടെ ഭൂരിഭാഗവും രവിയുടെ ഭാവനയാണ്. ഭാര്യയുടെ ഒടുക്കം എങ്ങനെയാകണമെന്ന് അയാൾ ഭാവന ചെയ്യുന്നു. അയാളുടെ മനസ്സ് മറ്റൊരുതലത്തിൽ എത്തുന്നു. ഭാവനയിൽ അയാൾ അവരെ ഇല്ലാതാക്കുന്നു. അത് ആർക്കും കഴിയും. പലരും പലരോടും അത് ചെയ്തിട്ടുമുണ്ട്, ഭാവനയിൽ.

വില്യം ഷേക്സ്പിയറുടെ ‘വെനീസിലെ വ്യാപാരി’യിൽ ഇങ്ങനെ വായിക്കാം,

BASSANIO: Do all men kill the things they do not love?

SHYLOCK: Hates any man the thing he would not kill?

ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇഷ്ടമില്ലാത്തതിനെയൊക്കെ കൊല്ലുകയാണോ നമ്മൾ ചെയ്യുന്നത് എന്ന ഹീറോയുടെ ചോദ്യത്തിന് കൊല്ലാൻ മടിക്കുന്നതിനെ ആരെങ്കിലും വെറുക്കുമോ എന്ന മറുചോദ്യംകൊണ്ടാണ് വില്ലൻ നേരിടുന്നത്.

അതേപോലെയാണ് ഈ കഥയിലെ രംഗവും. ഭാവനയിൽ പലരും പ്രിയപ്പെട്ടവരെപ്പോലും കൊന്നു കാണും. യഥാർഥ ജീവിതത്തിൽ അതിന് കഴിയാത്തവരായിരിക്കും അവർ.

പക്ഷേ, മനസ്സിന്റെയും ഭാവനയുടെയുമൊക്കെ സ്വാധീനശക്തി അപാരമാണ്. എല്ലാ കാര്യങ്ങളും മനസ്സിൽ നടന്നതിനുശേഷമേ ലോകത്ത് നടന്നിട്ടുള്ളൂ. അത് നടക്കുകയും ചെയ്യും. ഇവിടെ ഭാര്യയെ കൊല്ലുന്നതായി ഭാവന ചെയ്തു കഴിഞ്ഞപ്പോൾ യഥാർഥത്തിൽ അത് ചെയ്യുവാനുള്ള മനക്കരുത്ത് രവിക്ക് കൈവരുന്നു. ഇത് ഒരു parable (സോദാഹരണ കഥ) ആണെന്ന് പറയാം.

- ശ്രീകുമാർ കെ (ഫേസ്ബുക്ക്)


കടൽ: വായിക്കേണ്ട ഒരു കഥ

കടലൊരു നിഗൂഢതയാണ്, മനുഷ്യമനസ്സുപോലെ. അവിടെയുണ്ട്, തി രയും തീരവും പ്രണയവും പ്രതീക്ഷകളും ഉദയാസ്തമയങ്ങളും എല്ലാം. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1302) സുധ തെക്കേമഠം എഴുതിയ കഥ മനസ്സിലേക്ക് ഒരു വലിയ കടലിരമ്പം കൊണ്ടുവന്നു. മരണവും മരണാനന്തര ചടങ്ങുകളും ഇവന്റ് മാനേജ്മെന്റുകാർ കൈകാര്യം ചെയ്യുന്ന ഇക്കാലത്ത് ആർ.ഐ.പി ക്രിമേഷൻസ് എന്ന കമ്പനി തങ്ങളുടെ ബിസിനസ് പ്രമോട്ട് ചെയ്യുന്നത് കേട്ടാൽ ‘എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ എത്ര മനോഹരമായിരിക്കും’ എന്നു തോന്നും...

ഒരു ഹൈടെക് ശവസംസ്കാരമാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. മനോഹരമായ ഒരിടം. ഓരോരുത്തർക്കും മുൻകൂട്ടി സ്ഥലം വാങ്ങിയിടാം എന്നതാണ് ഈ പദ്ധതിയുടെ മാഹാത്മ്യം. മരിച്ചു എന്ന മെസേജ് കിട്ടുന്ന നിമിഷം മുതൽ കമ്പനി കാര്യങ്ങളെല്ലാം ഏറ്റെടുത്തോളും.

നോക്കൂ, ഞെട്ടിപ്പോകും. കമ്പനി പറയുന്നു:

‘‘സ്വ​​പ്ന​​തു​​ല്യ​​മാ​​യ അ​​ന്ത്യ​​വി​​ശ്ര​​മം. അ​​താ​​ണ് ഞ​​ങ്ങ​​ൾ ഉ​​റ​​പ്പു​​ത​​രു​​ന്ന​​ത്. അ​​വി​​ടെ വ​​ള​​ർ​​ത്തേ​​ണ്ട ചെ​​ടി​​ക​​ൾ, മ​​ര​​ങ്ങ​​ൾ, സം​​ഗീ​​തം, ലൈ​​റ്റി​​ങ്സ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം നി​​ങ്ങ​​ൾ​​ക്കു മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യാ​​നും സെ​​റ്റ് ചെ​​യ്തു ക​​ഴി​​ഞ്ഞാ​​ൽ കാ​​ണാ​​നും സൗ​​ക​​ര്യ​​മു​​ണ്ട്. ഇ​​വി​​ടെ ജാ​​തി മ​​ത ഭേ​​ദ​​ങ്ങ​​ളൊ​​ന്നും ഇ​​ല്ല എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. ഞ​​ങ്ങ​​ളു​​ടെ മു​​ന്നൂ​​റേ​​ക്ക​​ർ വി​​സ്തൃ​​തി​​യു​​ള്ള പ്ലോ​​ട്ടി​​ൽ നി​​ങ്ങ​​ൾ​​ക്കി​​ഷ്ട​​മു​​ള്ള ഭാ​​ഗ​​ത്ത് ഇ​​ഷ്ട​​മു​​ള്ള രീ​​തി​​യി​​ൽ വി​​ശ്ര​​മ​​സ്ഥ​​ലം ഒ​​രു​​ക്കാം. പി​​ന്നെ പ്ര​​ധാ​​ന കാ​​ര്യം, എ​​ല്ലാ ആ​​ചാ​​ര​​ങ്ങ​​ളും ച​​ട​​ങ്ങു​​ക​​ളും അ​​വ​​യു​​ടെ തു​​ട​​ർ​​ച്ച​​യും ഇ​​ൻ​​ക്ലൂ​​ഡ​​ഡ് ആ​​ണ് കേ​​ട്ടോ, ലൈ​​ക്ക് അ​​ന്തി​​ത്തി​​രി, ശ്രാ​​ദ്ധം, ആ​​ണ്ട് എ​​ക്സി​​ട്ര.’’

‘‘ഒ​​ന്നോ​​ർ​​ത്തു നോ​​ക്കൂ. മ​​ഞ്ഞ അ​​ര​​ളി​​പ്പൂ​​ക്ക​​ളും വെ​​ളു​​ത്ത മ​​ന്ദാ​​ര​​ങ്ങ​​ളും പൂ​​ത്തു​​ല​​ഞ്ഞു നി​​ഴ​​ൽവി​​രി​​ക്കു​​ന്ന മ​​ണ്ണി​​ൽ പ​​ച്ച​​പ്പു​​ൽ​​പ്പ​​ര​​പ്പി​​നി​​ട​​യി​​ൽ ന​​നു​​ത്ത സം​​ഗീ​​തം പൊ​​ഴി​​യു​​ന്ന ഒ​​രു ശ​​വ​​ക്ക​​ല്ല​​റ​​യി​​ൽ നി​​ങ്ങ​​ൾ ഉ​​റ​​ങ്ങു​​ന്ന​​ത്. അ​​വി​​ടെ കാ​​ട്ടു​​ചെ​​ടി​​ക​​ളോ മ​​റ്റു​​ ജീ​​വി​​ക​​ളു​​ടെ ശ​​ല്യ​​മോ ഉ​​ണ്ടാ​​വി​​ല്ല. പൂ​​ക്ക​​ളു​​ടെ സു​​ഗ​​ന്ധ​​വും രാ​​പ്പ​​ക്ഷി​​ക​​ളു​​ടെ പാ​​ട്ടും മാ​​ത്രം. സു​​ഖ​​മാ​​യു​​റ​​ങ്ങൂ എ​​ന്ന​​താ​​ണ് ഞ​​ങ്ങ​​ളു​​ടെ മോ​​ട്ടോ...’’

‘‘പിന്നെ, ജീവൻ പോയിക്കഴിഞ്ഞാൽ എന്തോന്ന് വെള്ളമന്ദാരം’’ എന്നൊക്കെ ഒരു കഥാപാത്രം തിരിച്ചു ചോദിക്കുന്നുണ്ട്. അങ്ങേർക്ക് തറവാടുവക പ്രത്യേകം ചുടലപ്പറമ്പുണ്ടത്രേ! അവിടെ ശേഷക്രിയകൾ ‘ഉത്തമ’ത്തിലും, ‘മധ്യമ’ത്തിലും, 'അധമ'ത്തിലുമുണ്ട്.

കഥാപാത്രമായ ആശയുടെ ഫ്രണ്ട് രജനി മരണപ്പെട്ടു. അവർ കമ്പനിയോടാവശ്യപ്പെട്ടത് വളരെ റിസ്ക് ഉള്ള ക്രിമേഷനാണ്.

കമ്പനി ബിസിനസ് എത്തിക്സ് പാലിച്ചു. എന്തായിരുന്നു രജനിയുടെ അത്ര കോൺഫിഡൻഷ്യൽ ആയ ആഗ്രഹം?

ക്രൂരത നിറഞ്ഞ കാവ്യാത്മകത. കഥാകാരിക്ക് നന്ദി.

- ശ്രീദേവി എസ്.കെ


പുത്തൻപറമ്പിലെ പുതുപെണ്ണ് ധീര മാതൃകയാവട്ടെ

നജാ ഹുസൈൻ എഴുതിയ ‘കാറ്റു വന്നു വിളിച്ചപ്പോൾ’ എന്ന രചന ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു (ലക്കം: 1301). അത് വെറുതെ വായിച്ച് തള്ളിക്കളയേണ്ട ഒന്നല്ല എന്ന തോന്നലാണ് ഈ കുറിപ്പിന് വഴിയൊരുക്കിയത്. പുള്ളിപ്പാവാടയും പുള്ളിത്തട്ടവുമിട്ട പുത്തൻപറമ്പിലെ പുതുപെണ്ണ് ഒരു സ്ത്രീസമൂഹത്തെ മുഴുവൻ പ്രതിനിധാനംചെയ്യുന്ന അടയാളമായാണ് എഴുത്തുകാരി ഈ വരികളിൽ പങ്കുവെക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് അവരിലെ ആഗ്രഹങ്ങളെ മംഗല്യത്തിൽ വരിഞ്ഞു മുറുക്കി അകത്തളത്തിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കിയിരുന്ന കാരണവന്മാരുടെ ഒരു കെട്ടകാലം നമുക്കുണ്ടായിരുന്നു എന്ന് ഈ വരികൾ വരച്ചുകാണിക്കുന്നുണ്ട്. വിവാഹശേഷം ഭർത്താവിനും അവരുടെ കുടുംബത്തിനും വെച്ചുണ്ടാക്കലും വിളമ്പലും പെറ്റുപോറ്റലും എന്നതിനപ്പുറം സ്ത്രീ സങ്കൽപത്തിന് അതിരുകളില്ലാത്തൊരാകാശംതന്നെ നേടിയെടുക്കാനുണ്ട് എന്ന തിരിച്ചറിവുമായി പടിപ്പുര കടക്കുന്ന പുതുനാരിയുടെ തിരിച്ചുവരവ് പഴയതുകൾ മുഴുവൻ തൂത്തെറിയാൻ വെമ്പുന്ന പുതുതലമുറക്ക് മുന്നിലേക്കായിരുന്നു.

തനിക്ക് നിഷേധിച്ച വിദ്യാഭ്യാസം നേടിയെടുക്കുക മാത്രമല്ല ആ വിദ്യാഭ്യാസത്തിന്റെ മൂല്യമെന്താണെന്ന് തറവാട്ടിലെ കാരണവർക്ക് തിരിച്ചറിവുണ്ടാക്കി കൊടുക്കുക കൂടി ചെയ്യുമ്പോൾ രണ്ട് തലമുറകൾക്കിടയിൽ നിഴൽ നാടകമാടിയ ദുഷ്ചിന്തകളായിരുന്നു അഴിഞ്ഞുവീണതും, അലിഞ്ഞില്ലാതായതും. സധൈര്യം ഇറങ്ങിപ്പുറപ്പെടാൻ കഴിയാതെ പോയ എത്രയോ പുതുനാരിമാരുടെ കണ്ണുനീരിന് മറുപടിയെന്നോണം പുത്തൻപറമ്പിലെ പുതുപെണ്ണ് ധീര മാതൃകയാവട്ടെ. ചോദ്യശരങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കാതെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാകാൻ അവൾ പ്രാപ്തയാകട്ടെ. നേടിയെടുക്കാൻ കഴിയും എന്ന് ഉറപ്പുള്ള വിജയങ്ങളിലേക്ക് അവളെ കൈപിടിച്ചു നടത്താൻ... പെൺകരുത്തിന്റെ ചുവടുവെപ്പുകൾക്ക് വഴിവെളിച്ചമാകാൻ ഓരോ വല്യുപ്പയും ആർജവം കാണിക്കട്ടെ... ഇന്ന് തിരസ്കരിക്കപ്പെടുന്നിടം നാളെ സൽക്കരിക്കാൻ മത്സരിക്കട്ടെ...

നല്ല ചിന്തയും സന്ദേശവും പകർന്നുനൽകുന്ന ഈ രചനക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

- സന്ധ്യാവാസു, ഹനുമാൻകാവ്


ഫിറാതിനെ വായിച്ചിരിക്കണം

ടർക്കിഷ് നോവലിസ്റ്റും ഇന്ത്യയിലെ തുർക്കി അംബാസഡറുമായ ഫിറാത് സുനേലുമായി വി.എം. ഇബ്രാഹീം നടത്തിയ അഭിമുഖം സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തിൽ മർമപ്രധാനമായ പലപാഠങ്ങളും പകർന്നുതരുന്നുണ്ട്. ലേഖകന്റെ വാക്കുകളിൽ പറഞ്ഞാൽ വംശഹത്യാ മുറവിളികൾ സജീവമാകുകയും ഭരണകൂടം കാഴ്ചക്കാരായി മാറിനിൽക്കുകയും ചെയ്യുന്ന സമകാല അനുഭവങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഫിറാതിന്റെ നോവൽ ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ’. വി.എം. ഇബ്രാഹീമിന്റെ ഈ സംഭാഷണവും അഭിമുഖവും ശ്രദ്ധയോടെ വായിക്കുന്നവർക്ക് ഫിറാതിന്റെ ഒടുവിലെ വരികളിലെ പ്രാധാന്യം ബോധ്യപ്പെടാതിരിക്കില്ല. വർത്തമാനകാല ഇന്ത്യയിൽ കഴിയുന്നവർ ഫിറാതിന്റെ നോവലും സംഭാഷണവും വായിച്ചിരിക്കണമെന്ന് വിശ്വസിക്കുന്നു.

- മമ്മൂട്ടി കവിയൂർ

News Summary - readers letters on previous issues