Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ബാബു ആന്റണിയെ ഇത്രത്തോളം ആഘോഷിക്കാനുണ്ടോ?രണ്ടു ലക്കങ്ങളിലായി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ബാബു ആന്റണിയുമായുള്ള ദീർഘമായ അഭിമുഖം വായിച്ചു. ബാബു ആന്റണിയെയും അദ്ദേഹത്തിന്റെ സിനിമകളെയും ഗഹനമായി പഠിച്ച് അഭിമുഖം തയാറാക്കിയതിന് രൂപേഷ് കുമാറിനെ അഭിനന്ദിക്കുന്നു. വൈവിധ്യമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്വയം അടയാളപ്പെടുത്തിയ ബാബു ആന്റണിയെ പരിചയപ്പെടുത്താൻ അഭിമുഖത്തിനായി. പക്ഷേ, അഭിമുഖത്തിൽ ഒരു തികഞ്ഞ നടനായി ബാബു ആന്റണി സ്വയം അവതരിപ്പിക്കുന്നുണ്ട്. ''സ്റ്റോ​റി കേ​ള്‍ക്കു​മ്പോ​ള്‍ത​ന്നെ ക​ഥാ​പാ​ത്ര​ങ്ങ​ളെ എ​നി​ക്ക് അ​ഡോ​പ്റ്റ് ചെ​യ്യാ​ന്‍...

Your Subscription Supports Independent Journalism

View Plans

ബാബു ആന്റണിയെ ഇത്രത്തോളം ആഘോഷിക്കാനുണ്ടോ?

രണ്ടു ലക്കങ്ങളിലായി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ബാബു ആന്റണിയുമായുള്ള ദീർഘമായ അഭിമുഖം വായിച്ചു. ബാബു ആന്റണിയെയും അദ്ദേഹത്തിന്റെ സിനിമകളെയും ഗഹനമായി പഠിച്ച് അഭിമുഖം തയാറാക്കിയതിന് രൂപേഷ് കുമാറിനെ അഭിനന്ദിക്കുന്നു. വൈവിധ്യമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്വയം അടയാളപ്പെടുത്തിയ ബാബു ആന്റണിയെ പരിചയപ്പെടുത്താൻ അഭിമുഖത്തിനായി.

പക്ഷേ, അഭിമുഖത്തിൽ ഒരു തികഞ്ഞ നടനായി ബാബു ആന്റണി സ്വയം അവതരിപ്പിക്കുന്നുണ്ട്. ''സ്റ്റോ​റി കേ​ള്‍ക്കു​മ്പോ​ള്‍ത​ന്നെ ക​ഥാ​പാ​ത്ര​ങ്ങ​ളെ എ​നി​ക്ക് അ​ഡോ​പ്റ്റ് ചെ​യ്യാ​ന്‍ പ​റ്റു​മാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​ന്റെ സ്വ​ഭാ​വം എ​നി​ക്ക് പെ​ട്ടെ​ന്ന് പി​ടി​കി​ട്ടു​മാ​യി​രു​ന്നു. ഞാ​ന്‍ ഒ​രു പ​ട്ട​ണ​ത്തി​ല്‍ വ​ള​ര്‍ന്ന ആ​ളാ​ണ്‌. ഒ​രു​പാ​ട് ആ​ള്‍ക്കാ​രെ ക​ണ്ടു, ഒ​രു​പാ​ട് ദേ​ശ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ചു. ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ക​ണ്ടു. ആ​ള്‍ക്കാ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പ​ഠി​ച്ചു. ഒ​രു വേ​ശ്യ ആ​ണെ​ങ്കി​ല്‍, ഒ​രു പി​മ്പ് ആ​ണെ​ങ്കി​ല്‍ അ​വ​രു​ടെ ബോ​ഡിലാം​ഗ്വേ​ജ് എ​ന്താ​ണ്, അ​വ​രു​ടെ സ്വ​ഭാ​വം എ​ന്താ​ണ് എ​ന്ന് പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​മാ​യി​രു​ന്നു. അ​തൊ​ക്കെ ഒ​രുപ്രാ​വ​ശ്യം ക​ണ്ടാ​ല്‍ ന​മ്മു​ടെ മ​ന​സ്സി​ല്‍ കി​ട​ക്കും. എ​ന്നോ​ട് ഒ​രു പി​മ്പ് ആ​യി അ​ഭി​ന​യി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ ന​ല്ല അ​സ്സ​ലാ​യി പി​മ്പ് ആ​യി അ​ഭി​ന​യി​ക്കും. അ​തു​പോ​ലെ എ​ന്നെ ഒ​രു ക​ഥാ​പാ​ത്ര​വും ഹോ​ണ്ട് ചെ​യ്യാ​റി​ല്ല. കാ​മ​റ ഓ​ഫ് എ​ന്ന് പ​റ​യു​മ്പോ​ള്‍ കാ​ര​ക്ട​ര്‍ എ​ന്നെ വി​ട്ടു​പോ​കും. ഒ​രു സി​നി​മ​യും ഒ​രു ക​ഥാ​പാ​ത്ര​വും സി​നി​മ​ക്ക് മു​മ്പോ ശേ​ഷ​മോ ഞാ​ന്‍ ഉ​ള്ളി​ലേ​ക്ക് എ​ടു​ക്കാ​റി​ല്ല'' എന്നാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നത്.

അദ്ദേഹത്തിന്റെ ആക്ഷനും ഹീറോയിസവും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ. ഒരു അഭിനേതാവ് എന്നനിലയിൽ ​കാണികളുടെ ഉള്ളംതൊട്ട ഏത് പെർഫോമൻസാണ് അദ്ദേഹത്തിന്റേതായിട്ടുള്ളത്. ആകാരവടിവിന്റെയും ശരീരസൗന്ദര്യത്തിന്റെയും പ്രദർശനത്തിനപ്പുറത്ത് ഭാവാഭിനയംകൊണ്ടോ അനായാസതകൊണ്ടോ ശബ്ദവിന്യാസംകൊ​േണ്ടാ ഒരിക്കൽപോലും അടയാളപ്പെടുത്താൻ അദ്ദേഹത്തിനായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. എങ്കിലും സിനിമകൾക്കായി അദ്ദേഹമെടുക്കുന്ന ​മുന്നൊരുക്കങ്ങളെയും അർപ്പണബോധത്തെയും അഭിനന്ദിക്കുന്നു. കൂടുതൽ നല്ല വേഷങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെയെന്നും അതിനനുസരിച്ചുള്ള പ്രകടനങ്ങൾ നടത്താൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.

ശശിധരൻ, കണ്ണൂർ

പ്രവാസലോകത്തെ അഭിമുഖീകരിക്കണം

ലക്കം 1265ൽ ഇ.കെ. ദിനേശൻ എഴുതിയ പ്രവാസം വർഗീയതയെ ചെറുക്കുന്നതിങ്ങനെ എന്ന ലേഖ​നത്തോട് മറ്റുചില കാര്യങ്ങൾകൂടി കൂട്ടിച്ചേർക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെയും ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരുടെ വിദ്വേഷപ്രകടനങ്ങളെക്കുറിച്ചാണ് നാം സംസാരിച്ചിരുന്നത്. എന്നാൽ, നിലവിൽ ബി.ജെ.പിയുടെ വിദ്വേഷപ്രചാരണങ്ങൾ രാജ്യാന്തര തലത്തിൽതന്നെ ചർച്ചയാകുകയും നയതന്ത്ര ബന്ധത്തിൽവരെ ഉലച്ചിലുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അറബ് രാജ്യങ്ങളുമായി ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. പോർചുഗീസുകാരും ബ്രിട്ടീഷുകാരും വരുന്നതിന് മുന്നേ നമ്മളുമായി കള്ളവും ചതിയുമില്ലാതെ കച്ചവടം നടത്തിയവരായിരുന്നു അവർ. കാലാന്തരങ്ങൾക്കപ്പുറത്ത് എണ്ണയുടെ അക്ഷയഖനികൾ കണ്ടെത്തിയതോടെ ആ നാടുകളിൽ അധ്വാനിക്കാനും പൊന്നു വിളയിക്കാനും നാം പോയി.

നമ്മുടെ സമ്പദ് വ്യവസ്ഥയെ, പ്രത്യേകിച്ചും കേരളത്തിന്റെ സമ്പദ് ഘടനയെ താങ്ങിനിർത്തുന്നത് ഗൾഫ് രാജ്യങ്ങളാണെന്ന് എല്ലാവർക്കും അറിയാം. യു.എ.ഇയിൽ മാത്രം 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് താമസിക്കുന്നതെന്നാണ് ഇക്കണോമിക്ക് ടൈംസിന്റെ കണക്കുകൾ പറയുന്നത്. സൗദിയിൽ 25 ലക്ഷ​േത്താളവും കുവൈത്തിൽ പത്തുലക്ഷത്തോളവും ഇന്ത്യക്കാർ അധിവസിക്കുന്നു. സത്യം പറഞ്ഞാൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളേക്കാളും ജനങ്ങൾ അറബ് രാജ്യങ്ങളിൽ അധിവസിക്കുന്നുവെന്നാണ് സാരം. ഇങ്ങനെ അനേകം ഇന്ത്യക്കാരുടെ ജീവിതത്തെയാണ് ബി.ജെ.പി നേതാക്കളുടെ വംശീയവിദ്വേഷവും ഭ്രാന്തൻ സംസ്കാരവും സംശയനിഴലിലാക്കിയിരിക്കുന്നത്.

പ്രവാസികളോടൊപ്പം വളർന്ന മാധ്യമം പത്രവും പ്രവാസിപ്പതിപ്പുകൾ വരെ പുറത്തിറക്കുന്ന മാധ്യമം ആഴ്ചപ്പതിപ്പുമെല്ലാം ഈ വിഷയത്തെ ഗൗരവമായി അഡ്രസ് ചെയ്യേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ പ്രതിപാദിക്കുന്ന കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

സുബൈർ മലപ്പുറം

പാട്ടുകൾ നമ്മുടെ ഭാവങ്ങളെ നിയന്ത്രിക്കുന്നു

മലയാള ചലച്ചിത്രഗാന ചരിത്രവും ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകളും വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ്. പഴയ സിനിമാഗാനങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുമ്പോൾ അന്നത്തെ കാലഘട്ടത്തിലേക്ക് നമ്മൾ തിരിച്ചുപോകുന്നു. അന്നത്തെ ഓരോ മനുഷ്യരുടെയും മുഖങ്ങൾ മനസ്സിൽ തെളിയുന്നു. ചിലപ്പോൾ സംഭവങ്ങളായിരിക്കും മനസ്സിലേക്ക് കടന്നുവരുന്നത്. പാട്ടു കേൾക്കുമ്പോൾ ആ പാട്ടിനോടനുബന്ധിച്ച് നാം അനുഭവിച്ച ദൃശ്യങ്ങളും അനുഭവങ്ങളുമാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്. സിനിമയല്ല, പാട്ടാണ് നമ്മുടെ ഓർമയിൽ തെളിഞ്ഞുനിൽക്കുന്നത്. പാട്ടുകൾകൊണ്ട് മാത്രം ഹിറ്റായ സിനിമകളുമുണ്ട്.

തമ്പി ഗാനരചയിതാവായതുകൊണ്ടാകാം ഒരു സിനിമാഗാനവും മോശമെന്ന് അദ്ദേഹം പറയുകയില്ല. ഗാനങ്ങളെ അദ്ദേഹം വിശകലനം ചെയ്യുമ്പോൾ ആ ഗാനങ്ങളിലെല്ലാം സാഹിത്യഭംഗിയോ ശബ്ദസൗന്ദര്യമോ അദ്ദേഹത്തിന് കാണാൻ കഴിയുന്നു. എല്ലാ പാട്ടുകളും അദ്ദേഹത്തിന് ഇഷ്ടഗാനങ്ങൾ തന്നെ. തന്റെ ഗാനങ്ങളെക്കുറിച്ചല്ല, മറ്റു രചയിതാക്കളുടെ ഗാനങ്ങളെക്കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. രചയിതാക്കളെയും ഈണം നൽകുന്നവരെയും പാട്ടുകാരെയുമെല്ലാം നേരിട്ടറിയുന്നവനാണ് തമ്പി. ആരെയും ഇകഴ്ത്താൻ അദ്ദേഹം അതുകൊണ്ടുതന്നെ മുതിരുകയുമില്ല.

തമ്പി ജന്മനാ ഒരു കവിയാണ്. അതുകൊണ്ട് ഗാനങ്ങളിലുള്ള കവിതയും സംഗീതവും അദ്ദേഹം വേർതിരിച്ചു കാണുന്നു. എന്നാൽ, ഇതു രണ്ടുമുണ്ടെങ്കിലേ പാട്ട് ജനഹൃദയങ്ങളിൽ പതിയുകയുള്ളൂവെന്നും അദ്ദേഹത്തിനറിയാം.

ഓരോ പാട്ടും നമ്മുടെ മനസ്സിൽ ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്. അൽപമെങ്കിലും കവിതാസ്വാദനവും സംഗീതവാസനയുമുള്ളവർ അത് എപ്പോഴെങ്കിലും മൂളാതിരിക്കുകയുമില്ല. ചിലപ്പോൾ അവിചാരിതമായി ചില പാട്ടിന്റെ ഹൃദ്യമായ വരികൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. അപ്പോൾ നമ്മൾ ആ പാട്ടിന്റെ വരികൾ അറിയാതെ മൂളുകയും ചെയ്യുന്നു. ''തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ'', ''വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളേ...'', ''താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ...'' തുടങ്ങിയ പാട്ടുകൾ എപ്പോഴും എന്റെ മനസ്സിലുണ്ടാകും. ഇഷ്ടഗാനങ്ങൾ നമ്മൾ ഒരിക്കലും മറക്കുകയില്ല.

പാട്ടുകൾ ഇഷ്ടമാകുന്നത് അവരവരുടെ മനോനില ആശ്രയിച്ചായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ സാഹിത്യവാസനയെയും സംഗീതവാസനയെയും അനുസരിച്ചാണ് ഗാനങ്ങൾ മനസ്സിൽ പതിയുന്നത്. അൽപമെങ്കിലും വാസനയില്ലാത്തവർ ആരുമില്ലതാനും. പാട്ടുകൾ നമ്മുടെ മാനസികഭാവങ്ങളെ നിയന്ത്രിക്കുന്നുമുണ്ട്. ഒരു സുന്ദരമായ പാട്ടു കേൾക്കുമ്പോൾ നമ്മൾ എല്ലാ ദുഃഖങ്ങളും മറന്നുപോകുന്നു. ഈ മനോരഞ്ജകത്വം സാഹിത്യത്തിനുമുണ്ട്. നല്ലൊരു സാഹിത്യകൃതി വായിക്കുമ്പോഴോ നല്ലൊരു സിനിമ കാണുമ്പോഴോ നമ്മൾ മറ്റൊരാളായി മാറുന്നു. ശ്രീകുമാരൻ തമ്പി എഴുതുന്ന സംഗീതയാത്രയുടെ ചരിത്രം നമുക്ക് ആസ്വദിക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെയാണ്.

സദാശിവൻ നായർ, എരമല്ലൂർ

ചർച്ച ചെയ്യപ്പെടേണ്ട കഥ

നിർമലതയാണ് പി.കെ.സുധി എന്ന എഴുത്തുകാരന്റെ മുഖമുദ്ര. എത്രയോ കാലമായി കഥകളും നോവലും ബാലസാഹിത്യവും ശാസ്ത്രഗ്രന്ഥങ്ങളുമൊക്കെ ഇദ്ദേഹം എഴുതുന്നു.അധികം പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗകനോ താരമൂല്യമുള്ള അതിഥിയോ അല്ല.

കഥകൾ എഴുതിത്തുടങ്ങിയ കാലത്ത് എന്നെ മോഹിപ്പിച്ച നിരവധി കഥകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. മണ്ണുമാന്തിയന്ത്രത്തിനെ ദിനോസറിനോട് ഉപമിക്കുന്ന ഒരു കഥ മറക്കാനാകില്ല.ഒരിടത്തും തന്നെ പ്രതിഷ്ഠിക്കാൻ അത്യുത്സാഹം കാണിക്കാത്തതു കൊണ്ടാകണം അങ്ങനെ കൊണ്ടാടപ്പെടുന്ന എഴുത്തുകാർക്കിടയിൽ ഇദ്ദേഹമില്ല.

നിശ്ശബ്ദമായി മികച്ച കഥകൾ വല്ലപ്പോഴും എഴുതുന്ന ഇദ്ദേഹത്തിന്റെ വളരെ മനോഹരമായ കഥയാണ് മാധ്യമം ആഴ്ചപ്പതിപ്പ​് പ്രസിദ്ധീകരിച്ചത്. 'ഒരു ഗോസ്റ്റു​െറെറ്ററുടെ ജീവിതപ്പാതകൾ'. വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും വേണ്ട ഒരു കഥയാണിത്.കലാകൗമുദിയിൽ ആത്മകഥ വന്നുകൊണ്ടിക്കവെ ദുരൂഹമായി മരിച്ച മുൻ പൊലീസ് മേധാവി ജയറാം പടിക്കലിനെയും പല പ്രമുഖരെയും ഓർമയിലേക്ക് കൂട്ടുന്നു, ഈ കഥ. രസകരമായ ആഖ്യാനം.

ശ്രീകണ്ഠൻ കരിക്കകം

ഓരോ ട്രാൻസ് വ്യക്തിയുടെയും വേദനകൾ

മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1267ൽ കവർസ്റ്റോറിയായി വന്ന 'ഈ ജന്മത്തിൽ എത്രയോ തവണ ഞങ്ങൾ മരിച്ചിരിക്കുന്നു' എന്ന തലക്കെട്ടിലുള്ള എസ്. നേഹയുടെ അഭിമുഖം മനസ്സിൽ തറക്കുന്നതാണ്. നേഹയെപ്പോലെ സ്നേഹം സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും ലഭിക്കാതെ ആട്ടിയോടിക്കപ്പെട്ട ഒരുപാട് മനുഷ്യരുടെ ഉള്ളുപൊള്ളുന്ന ഗദ്ഗദം വിളിച്ചോതുന്ന അക്ഷരക്കൂട്ടുകളായിരുന്നു ആ അഭിമുഖം.

തങ്ങളുടേതല്ലാത്ത കാരണത്താൽ വന്നുപെട്ട അവസ്ഥകളുടെ പേരിൽ ജീവിതം കണ്ണീരിൽ കുതിർക്കേണ്ടി വന്നിരുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തുപിടിക്കുകയും അവരുടെ അവകാശങ്ങൾക്കുവേണ്ടി വാതോരാതെ ശബ്ദിക്കുകയും ചെയ്യുന്നതിൽ മലയാളികളിലെ വലിയൊരു വിഭാഗവും ഭരണകൂടവും കാണിക്കുന്ന കരുതലിനെ അഭിനന്ദിക്കുന്നു.

ഒരുകാലത്ത് സമൂഹം അയിത്തം കൽപിച്ചു മാറ്റിനിർത്തിയിട്ടുള്ള ഇത്തരം മനുഷ്യർ പല മേഖലകളിലും കഴിവ് തെളിയിക്കുകയും അംഗീകാരങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നത് ഒരു പുരോഗമന സമൂഹത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എസ്. നേഹ പറഞ്ഞ പൊള്ളുന്ന ജീവിതം ഓരോ ട്രാൻസ് വ്യക്തിയും കടന്നുപോവേണ്ടി വരുന്ന അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു.

എല്ലാ പ്രയാസങ്ങളെയും തള്ളി മാറ്റി ഒരു ഭരണകൂടത്തിന്റെ ആദരം ഏറ്റുവാങ്ങിയ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇസ്മായിൽ പതിയാരക്കര

നേഹയുടെ ജീവിതം തന്നെ ഒരു സിനിമ

എസ്‌. നേഹയുമായി പി.പി. പ്രശാന്ത്‌ നടത്തിയ സംഭാഷണം (ലക്കം: 1267) ശ്രദ്ധേയമായി. പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് ട്രാന്‍സ് സമൂഹത്തോട് തോന്നുന്ന വൈമുഖ്യവും പുച്ഛവും അവജ്ഞയും ഇല്ലാതാക്കാന്‍ ഇത്തരം സിനിമകള്‍ സഹായകമാകുമെന്നതില്‍ സംവിധായകൻ അഭിജിത്തിനും പ്രൊഡക്ഷന്‍ ടീമിനും അഭിമാനിക്കാം.

മാധ്യമം ഫോട്ടോഗ്രാഫർ കൂടിയായ അഭിജിത്ത് നേരത്തേ സംവിധാനംചെയ്ത 'അവളിലേക്കുള്ള ദൂരം', 'എന്നോടൊപ്പം' എന്നീ ഡോക്യുമെന്‍ററികള്‍ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ട്രാൻസ് വിഭാഗത്തിന്റെ ജീവിതത്തിലേക്ക് കടന്നുചെന്ന് ഗവേഷണം നടത്തി ചിത്രീകരിച്ച ഈ സിനിമ അഭിജിത്തിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുന്നു.

നേഹയുടെ ജീവിതംതന്നെ നല്ല ഒന്നാന്തരമൊരു സിനിമയാക്കാവുന്നതാണെന്നാണ് എന്റെ അഭിപ്രായം. ''നീ എവിടെയെങ്കിലും പോയി ചാവ്. ഞാന്‍ അഭിമാനത്തോടെ നിന്‍റെ മരണാനന്തര ചടങ്ങുകള്‍ നടത്തിക്കോളാം'' എന്നു പറയുന്ന ഒരു അച്ഛന്‍റെയും കരഞ്ഞുകലങ്ങിയ കണ്ണുമായി രഹസ്യമായി വന്ന് ''എവിടെയെങ്കിലും പോയി ജീവിക്ക്'' എന്നും പറഞ്ഞ്‌ ആയിരം രൂപ നീട്ടിയ ഒരു അമ്മയുടെയും മകളായ നേഹ ഇന്നോളം താണ്ടിയ വഴികളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ എത്ര ട്രാൻസ് വ്യക്തികൾ ആത്മഹത്യയില്‍ അഭയം തേടിയിരിക്കുന്നുവെന്നോ? പുറംലോകം അറിയുന്നില്ലെന്ന് മാത്രം. അത്തരക്കാരുടെ ആത്മനോവുകളും, ജീവിച്ചിരിക്കുന്ന ട്രാൻസ് വ്യക്തികളുടെ വേദനകളും 'അന്തരം' സിനിമ കാണിച്ചുതരുന്നു.

'അന്തര'ത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും സംവിധായകന്‍ അഭിജിത്തിനും നിർമാതാക്കളായ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി. ജിയോ, രേണുക അയ്യപ്പന്‍, എ. ശോഭില എന്നിവര്‍ക്കും സര്‍വോപരി അഞ്ജലിയായി ജീവിച്ച നേഹക്കും അഭിനന്ദനങ്ങള്‍.

സണ്ണി ജോസഫ്‌, മാള

ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന കഥ

മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1266ൽ പ്രസിദ്ധീകരിച്ച സച്ചിദാനന്റെ 'യാത്ര' എന്ന കഥ ഏറെ ഹൃദ്യമായി തോന്നി. ഒരു തീവണ്ടിയാത്രയിലൂടെ മലയാളിയുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്നു ഈ കഥ.

സാങ്കേതികതയുടെയും വിജ്ഞാനത്തി​െന്റയും വിസ്ഫോടനം തീർത്ത പുതിയകാലത്തും മലയാളിയെ ഗൃഹാതുരമാക്കിയ പൂർവകാലത്തി​െന്റ മൂല്യവ്യവസ്ഥയെ അബോധമായി നെഞ്ചോടു ചേർക്കുന്നതിന്റെ കാഴ്ചതന്നെയാണ് 'യാത്ര'. അതിവേഗത്തിൽ എത്തി എല്ലാം തകർത്തെറിയുന്ന ഒരു തീവണ്ടിയെ ദുഃസ്വപ്നം കണ്ട് ഉണരുന്ന വർത്തമാന മലയാളിക്ക് എല്ലാ സ്റ്റേഷനുകളിലും നിർത്തി യാത്രക്കാരെ കയറ്റി പോവുന്ന ഒരു തീവണ്ടിയിലിരുന്ന് ഭൂതകാലത്തിേലക്ക് സ്വപ്നസഞ്ചാരം നടത്തുന്ന ഒരു റിട്ട. അധ്യാപകൻ. മലയാളിയുടെ ഇഷ്ടകൃതികളെ ചരിത്രവുമായി ബന്ധിപ്പിച്ച കഥാപശ്ചാത്തലം. സച്ചിദാനന്ദനും ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.

കെ.പി. സുനിൽകുമാർ

ടൈം മെഷീനിൽ യാത്രചെയ്തതുപോലെ

അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന, വെറ്ററൻ എഴുത്തുകാരുടെ കഥകൾ ചെറുതല്ലാത്ത നൈരാശ്യം നൽകിയ അനുഭവമുള്ളതിനാൽ, സച്ചിദാനന്ദൻ മാധ്യമത്തിലെഴുതിയ 'യാത്ര' വായിക്കാനെടുത്തത്, എഴുത്തുകാരനോടുള്ള ബഹുമാനംകൊണ്ട് മാത്രമായിരുന്നു.

പക്ഷേ, 90 വയസ്സുള്ള, വിരമിച്ച അധ്യാപകനോടൊപ്പം ടൈം മെഷീനിൽ യാത്രചെയ്തതുപോലെ തോന്നി എനിക്ക്. നന്ദഗോപൻ മാഷ് കണ്മുന്നിലെന്നതു പോലെ. അല്ലെങ്കിൽ എന്നോടൊത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നപോലെ. അസംഭവ്യത, തോന്നലുകൾ, വികൽപങ്ങൾ ഇവയൊക്കെ വിശ്വസനീയമായി അവതരിപ്പിക്കപ്പെട്ട ഒരു കഥ. ഭൂതകാലം ഏതൊരാളിലും ഗൃഹാതുരത്വത്തിന്റെ ഊഷ്മളവികാരങ്ങൾ ഉളവാക്കുമെന്നതിനാൽ, അധികമായൊന്നും കഥയെക്കുറിച്ച് പറയാനില്ലെങ്കിലും അനുഭൂതിദായകമെന്ന് പറയാവുന്നതാണ്. ചരിത്രസംഭവങ്ങൾ പ്രതിപാദിക്കുന്നതോടൊപ്പം വർത്തമാനകാലത്തിൽനിന്നും പിറകോട്ട് സഞ്ചരിക്കുന്ന ഒരു മനുഷ്യന്റെ ആധികൾ നമ്മൾ കാണുന്നു. വാർധക്യം ശൈശവത്തിന്റെ ആവർത്തനം എന്ന ചൊല്ലിനെ അന്വർഥമാക്കുന്നതുപോലെ, കഥ അവസാനിക്കുമ്പോൾ, ജീവിതത്തിന്റെ ഭൂതകാലത്തിലെ അങ്ങേത്തലയിലേക്ക് എത്തുകയും, നിസ്സഹായനായി മകളുടെ ശ്രദ്ധക്കുവേണ്ടി ഉച്ചത്തിൽ കരയുകയും ചെയ്യുന്നു കഥാനായകൻ. നല്ല കഥ, നല്ല ദർശനം.

അഹ്മദ് ഷെരീഫ് (ഫേസ്ബുക്ക്)


News Summary - madhyamam weekly letters