Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

തുറന്നു കാണിക്കണം; ബാർകിന്റെ തട്ടിപ്പുകൾകോടിക്കണക്കിന് വരുന്ന ടി.വി ശീലങ്ങളെ വെറും ആയിരം മീറ്ററുകൾകൊണ്ട് അളക്കുന്ന വിദ്യയായ ബാർക് റേറ്റിങ്ങിന്റെ പൊള്ളത്തരങ്ങൾ ലക്കം: 1259ൽ യാസീൻ അശ്റഫ് 'മീഡിയ സ്കാനി'ലൂടെ തുറന്നുകാണിക്കുന്നു. രാജ്യത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ചാനലുകൾക്ക് ബാർക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിരന്തരം കിട്ടിയതോടെയാണ് ബാർകിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാൻ തുടങ്ങിയത്. കണക്കുകളിൽ കൃത്രിമം നടത്തുന്നത് ഉൾപ്പെടെയുള്ള കുറ്റാരോപണങ്ങൾ ഏറിയതോടെ കോടതി ഇടപെട്ട് ബാർകിന്റെ പ്രവർത്തനം മരവിപ്പിച്ചു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് ആണയിടുമ്പോഴും ബാർക് പലപ്പോഴും പുലർത്തുന്ന...

Your Subscription Supports Independent Journalism

View Plans

തുറന്നു കാണിക്കണം; ബാർകിന്റെ തട്ടിപ്പുകൾ

കോടിക്കണക്കിന് വരുന്ന ടി.വി ശീലങ്ങളെ വെറും ആയിരം മീറ്ററുകൾകൊണ്ട് അളക്കുന്ന വിദ്യയായ ബാർക് റേറ്റിങ്ങിന്റെ പൊള്ളത്തരങ്ങൾ ലക്കം: 1259ൽ യാസീൻ അശ്റഫ് 'മീഡിയ സ്കാനി'ലൂടെ തുറന്നുകാണിക്കുന്നു. രാജ്യത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന ചാനലുകൾക്ക് ബാർക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിരന്തരം കിട്ടിയതോടെയാണ് ബാർകിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാൻ തുടങ്ങിയത്. കണക്കുകളിൽ കൃത്രിമം നടത്തുന്നത് ഉൾപ്പെടെയുള്ള കുറ്റാരോപണങ്ങൾ ഏറിയതോടെ കോടതി ഇടപെട്ട് ബാർകിന്റെ പ്രവർത്തനം മരവിപ്പിച്ചു. സ്വതന്ത്രവും നിഷ്പക്ഷവും എന്ന് ആണയിടുമ്പോഴും ബാർക് പലപ്പോഴും പുലർത്തുന്ന നിലപാടുകൾ അതിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബാർക് സി.ഇ.ഒ റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ. മുംബൈ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ ബാർകിലെ സ്വകാര്യ രഹസ്യവിവരങ്ങൾ ഗോസ്വാമിക്ക് ലഭ്യമാക്കി എന്നായിരുന്നു റിപ്പോർട്ട്. ഇതേ ഗോസ്വാമിക്കെതിരെയാണ് പുൽവാമ ആക്രമണം നേരത്തേ അറിഞ്ഞിരുന്നുവെന്ന ആരോപണവും വന്നത് എന്നത് ഇതിന്റെ ഗൗരവം നമ്മെ ഓർമപ്പെടുത്തുന്നു. രാജ്യത്ത് നിരന്തരം വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. നിരന്തരം വിദ്വേഷം വിതറുകയും ഇതരമതവെറുപ്പ് ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ചാനലുകൾക്ക് ബാർക് റേറ്റിങ് ഒന്നാംസ്ഥാനം കിട്ടുന്നതോടെ മറ്റു ചാനലുകളും പരസ്യങ്ങൾക്ക് വേണ്ടി വെറുപ്പും വിദ്വേഷവും വിളമ്പാൻ താല്പര്യം പ്രകടിപ്പിക്കുന്നു. ഇത് രാജ്യത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. യാതൊരു ശാസ്ത്രീയതയും സുതാര്യതയും ഇല്ലാത്ത ബാർക് വീണ്ടും വരുമ്പോൾ കബളിപ്പിക്കപ്പെടുന്നത് സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്ന ചാനലുകളും അതിലുപരി പൊതുജനങ്ങളുമാണ്.

ഫസൽ വെള്ളുവങ്ങാട്

ഗ്രാമീണതയിലേക്ക് തുറക്കുന്ന എഴുത്ത്

യു.കെ. കുമാരന്റെ 'ഏകാകിയുടെ അക്ഷരയാത്ര' 17 ലക്കങ്ങളിലായി അവസാനിക്കുമ്പോൾ നിഷ്കകളങ്കവും നിർമലവുമായ ഒരു സാഹിത്യ ജീവിതത്തിന്റെ ആത്മകഥാംശമാണ് ഉന്മീലനം ചെയ്യപ്പെട്ടത്. നാഗരികതയുടെ ഊഷരതയിൽനിന്ന് ഗ്രാമീണതയുടെ ഉർവരതയിലേക്ക് മനസ്സും വാക്കും എപ്പോഴും തുറന്നുവെക്കാൻ യു.കെ. കുമാരന്റെ കഥകൾക്കും നോവലുകൾക്കും കഴിയുന്നു എന്നത് മലയാളത്തിന്റെ സൗഭാഗ്യമാണെന്ന് പറയട്ടെ. ക്ലീഷേയുടെ അകമ്പടിയില്ലാതെ, ഭാഷാ ദുരൂഹതയുടെ മേമ്പൊടിയില്ലാതെ എഴുതിയ 'ഏകാകിയുടെ അക്ഷരയാത്ര'യും വായനക്കാരന്റെ മനസ്സിൽ നിർമല സ്നേഹത്തിന്റെ ഭൂമിക സൃഷ്ടിക്കാതിരിക്കില്ല.

രാജൻ, ബാലുശ്ശേരി

തുടക്കം അർഥപൂർണം

മാനുഷികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിക്കുന്നതാണ് ഫാഷിസം. അതിന്‍റെ പേരില്‍ ഈ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ സഹിക്കുന്നത് മുസ്‍ലിംകളും ക്രൈസ്തവരും അടങ്ങുന്ന ജനസംഖ്യയില്‍ കുറവുള്ള സമൂഹങ്ങളാണ്. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ മൗനം ആര്‍ക്കും ഭൂഷണമല്ലെന്ന് 'തുടക്ക'ത്തിലൂടെ (ലക്കം: 1260) പത്രാധിപര്‍ പറഞ്ഞുവെക്കുന്നു. ആ വാക്കുകള്‍ അർഥപൂർണമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തു നടന്ന വാര്‍ത്തകള്‍ എടുത്തുകാട്ടി ഇതിനൊക്കെ പ്രതികരിക്കാതെ മൗനത്തില്‍ ആഴുകയാണോ നിങ്ങള്‍ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇവയെല്ലാം വായിക്കുകയും അറിയുകയും ചെയ്തിട്ടും പ്രതികരിക്കാതെ മൗനത്തില്‍ ആഴുന്നവര്‍ ഫാഷിസ്റ്റ്‌ ചേരിയിലും അല്ലാത്തവര്‍ മനുഷ്യത്വ ചേരിയിലുമാണെന്ന് നിസ്സംശയം പറയാം.

സണ്ണി ജോസഫ്‌, മാള

തൃശൂർക്കാരുടെ ജോസേട്ടൻ

മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം: 1259ൽ വന്ന സി.എൽ. ജോസെന്ന നാടക ഇതിഹാസത്തെ കുറിച്ചുള്ള സംഭാഷണം ഏറെ ഹൃദ്യമായി. നാടിന്റെ അകമാണ് നാടകം! അതുകൊണ്ടുതന്നെ പച്ചമനുഷ്യരുടെ ഹൃദയവ്യഥകൾ അതിൽ പ്രതിഫലിച്ചുകാണും. പൂരപ്പറമ്പുകളെ പുഷ്കലമാക്കിയിരുന്ന ഒരു അവിഭാജ്യ ഘടകമായിരുന്നു ഒരുകാലത്ത് നാടകം. എന്റെ കുട്ടിക്കാലത്ത് ഞാൻ ഏറ്റവുമധികം കേട്ടിരുന്ന പേരാണ് സി.എൽ. ജോസ്.

പണ്ട് മദ്രാസിൽനിന്ന് ലീവിന് വന്ന സമയത്ത് പട്ടിക്കരയിൽവെച്ച് എന്റെ സുഹൃത്ത് ലാസറും മറ്റു നാടക പ്രേമികളായ യുവാക്കളുംകൂടി സി.എൽ. ജോസിന്റെ നാടകം അവതരിപ്പിച്ച സംഭവം ഓർമവരുന്നു. പാറു എന്ന സഹൃദയന്റെ വീട്ടിൽ പോയി ചൂടുള്ള കട്ടൻചായ കുടിച്ച് നാടക റിഹേഴ്സൽ നടത്തിയ രസകരമായ നിമിഷങ്ങൾ ഇത് എഴുതുന്ന നിമിഷത്തിലും എന്റെ മനസ്സിൽ ഓർമകളുടെ ശരറാന്തൽ കൊളുത്തുന്നു.

ഇത്രയധികം നാടകങ്ങളും ഏകാങ്കങ്ങളും എഴുതിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാവില്ല. റേഡിയോ നാടകങ്ങൾ പ്രചുരപ്രചാരം നേടിയത് സി.എൽ. ജോസിന്റെ നാടകത്തിലൂടെയാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അത്രമാത്രം ജനസമ്മതനായിരുന്നു ജോസേട്ടൻ. അദ്ദേഹത്തെ മുഖചിത്രമാക്കിയ ആഴ്ചപ്പതിപ്പിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.

ഇ.പി. മുഹമ്മദ്, പട്ടിക്കര

'ചണ്ഡാലഭിക്ഷുകി'  ശ്രീകുമാരൻ തമ്പി കേട്ടില്ലേ?

ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകൾ ഏറെ കൗതുകപൂർവം വായിച്ചുകൊണ്ടിരിക്കുന്നു. 13ാം ഭാഗത്തിലെ 'സമാന്തര സംഗീത പ്രവാഹിനി'കൾക്ക് വിശദീകരണങ്ങളും തിരുത്തലുകളും ആവശ്യമാണെന്ന് കരുതുന്നു. സംഗീത യാത്രകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാണല്ലോ. 'കാൽപാടുകൾ' എന്ന സിനിമയിൽ യേശുദാസ് മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി'യിലെ ''പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ'' എന്ന കവിതാഭാഗം ശ്രുതിമധുരമായി ആലപിക്കുന്നുണ്ട്. മാതംഗിയുടെ ''അല്ലല്ലെന്തു കഥയിതു കഷ്ടമേ'' എന്ന ഭാഗം പി. ലീലയുമാണ് പാടിയത്. അതുപോലെ ഉദയഭാനുവിന്റെ മറ്റൊരു ഗാനവും ശ്രീകുമാരൻ തമ്പി പരാമർശിച്ചിട്ടില്ല. ''നമ്മുടെ പണ്ടത്തെ കാരണവന്മാർ'' എന്ന ഗാനവും യൗവനമുള്ളതാണ്. പ്രേംനസീറും പ്രേംനവാസും ഒരേ ചിത്രത്തിലഭിനയിക്കുന്ന ആദ്യ ചിത്രവുംകൂടിയാണ് 'കാൽപാടുകൾ' (മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികംകൂടിയാണ് 2022 എന്നോർക്കുക).

'ഭാഗ്യജാതകം' എന്ന സിനിമയിൽ മെഹബൂബും ശാന്തയും ചേർന്ന് പാടുന്ന ''കണ്ണുകളില്‍ കവിണയുമായ്'' എന്ന ഗാനത്തിൽ നാൽപതുകളിലെ യുവഹൃദയങ്ങളുടെ ഗായകൻ കെ.എൽ. സൈഗാളിന്റെ ''തുമ്നേ മുഝ്കോ പ്രേമ സിഖായാ...''എന്ന ഗാനവും ചേർത്തിട്ടുണ്ട്.

'സ്വർഗ്ഗരാജ്യം' എന്ന സിനിമയിലെ നായകൻ കെ.പി. ഉമ്മറായിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയപോലെ ''കരളിന്റെ കരളിലെ'' എന്ന ഗാനം പാടിയത് പി.ബി. ശ്രീനിവാസല്ല, സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസാണ്. കോഴിക്കോട്ടെ പ്രശസ്ത നാടക നടൻ എം. കുഞ്ഞാണ്ടിയുടെ ആദ്യചിത്രവും ഉമ്മറിന്റെ രണ്ടാമത്തെ ചിത്രവുമാണ് 'സ്വർഗ്ഗരാജ്യം'. പഴയ ഗാനങ്ങൾ പരാമർശിക്കുമ്പോൾ തമ്പി സാർ കൂടുതൽ സൂക്ഷ്മത പുലർത്തുമെന്ന് കരുതുന്നു.

റഷീദ് പി.സി പാലം, നരിക്കുനി

നമ്മൾ മുന്നോട്ടല്ലേ പോകുന്നത്?

ലക്കം: 1257ൽ ധന്യ എം.ഡി എഴുതിയ കഥ 'ഒറ്റാൽ' വായിച്ചു. സമകാലിക സംഭവങ്ങളെ വളരെ വിശദമായി നിരീക്ഷിക്കുന്ന കഥ നന്നായി. പക്ഷേ, ഒരു അഭിപ്രായംകൂടിയുണ്ട്. ജാതിയുടെ പേരിലുള്ള അവഗണന പണ്ടുമുതലേയുള്ള നാടിന്റെ ശാപമാണ് എന്നതിൽ തർക്കമില്ല. അത് അവസാനിപ്പിക്കുക എന്ന പോസിറ്റിവ് ചിന്താഗതിക്കു പകരം ഇങ്ങനെ പച്ചയായി എടുത്തുപറയുന്ന രീതി ഒഴിവാക്കാമായിരുന്നു. നമ്മൾ മുന്നോട്ടല്ലേ പോകുന്നത്?

എത്രയോ 'സവർണർ' അവർണർ എന്നു കരുതപ്പെടുന്നവരോടൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കണം. മാധ്യമം ആഴ്ചപ്പതിപ്പ് സ്ഥിരമായി വായിക്കുന്നവർ മുഴുവനും അവർണരല്ല എന്നുകൂടി അറിയുക. തോളോട് തോൾ ചേർന്നുനിന്ന് പ്രവർത്തിക്കാൻ തയാറുള്ള അത്തരക്കാരെക്കൂടി ഓർക്കണം എന്നാണെന്റെ അഭിപ്രായം. ആശംസകൾ നേരുന്നു.

സീരപാണി, തിരുവാലി

മൗനം പാലിക്കുന്നവരെല്ലാം ഫാഷിസ്റ്റുകളല്ല

ലക്കം: 1260ൽ 'മൗനം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച 'തുടക്കം' വായിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയാണ് അപ്പോൾ തോന്നിയത്. പലതും കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും അധികംപേരും നിസ്സംഗത പാലിക്കുന്നത് പക്ഷം ചേരുന്നതുകൊണ്ടോ ഫാഷിസ്റ്റ് ആയതുകൊണ്ടോ അല്ല. പ്രതികരിച്ചാൽ കുടുംബത്തെ ഒന്നാകെ ഉന്മൂലനംചെയ്യുന്ന ഇന്നത്തെ ജീവിത അന്തരീക്ഷത്തിൽ ഭയംകൊണ്ട് മാത്രമാണ് പലരും മൗനം പാലിക്കുന്നത്.

സബീന അക്ബർ

പൗരത്വ പ്രക്ഷോഭം: ഒരു മതേതര മുന്നേറ്റം

ലക്കം: 1260ൽ പ്രകാശ് കാരാട്ടുമായി എ.കെ. ഹാരിസ് നടത്തിയ അഭിമുഖം വായിച്ചു. രാജ്യത്ത് നിലവിൽ കേരളം മാത്രം ഭരിക്കുന്ന (നേരത്തേ ബംഗാൾ, ത്രിപുര ഭരിച്ച) ഇടതുപക്ഷത്തിന് ഹിന്ദുത്വത്തെ എതിർക്കാൻ പോന്ന ആശയ അടിത്തറയുണ്ട്. എന്നാൽ ഇന്ത്യ ഒട്ടാകെ അതിന് ശക്തിയില്ല. ഇന്ത്യ ഹിന്ദുത്വത്തിലേക്ക് പൂർണമായും അമരുന്ന ഭീകരമായ കാഴ്ചക്ക് എതിരെ പോരാടാനുള്ള സി.പി.എം ആഹ്വാനം ആശ്വാസംപകരുന്നു. പക്ഷേ, ഇത് വിജയിക്കുമോ എന്ന് തീർത്തും ഉറപ്പില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷം ആയിരുന്ന, മതേതര സ്വഭാവം ഉണ്ടായിരുന്ന കോൺഗ്രസിന്റെ ശക്തി വളരെ ക്ഷയിച്ചു. ഇത് മോദിസർക്കാറിന് ധൈര്യം പകരുന്നു. ഏതാണ്ട് ഒരു വർഷം നീണ്ടുനിന്ന കർഷകപ്രക്ഷോഭം നിർത്തുമ്പോൾ ബി.ജെ.പി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. എങ്കിലും അഭിമുഖത്തിൽ പരാമർശിച്ചപോലെ മോദിസർക്കാറിന് വിവിധ ജനവിഭാഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പ് ഇപ്പോൾ നേരിേടണ്ടിവരുന്നുണ്ട്.

സവർണ ബി.ജെ.പി ഭരണത്തെ താഴെയിറക്കാൻ എളുപ്പം കഴിയില്ല എന്നത് സി.പി.എം മനസ്സിലാക്കണം. രാജ്യത്തെ ഉദ്യോഗം, ബിസിനസ്, ധനം എന്നിവയിൽ സിംഹഭാഗവും കൈയാളുന്നത് സവർണരാണ്. അതിനാൽ അവർ സർവശക്തിയും ഉപയോഗിച്ച് തങ്ങളുടെ സവർണാധിപത്യം നിലനിർത്താൻ ശ്രമിക്കും. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും യോജിച്ച പോരാട്ടത്തിലൂടെ സംഘ്പരിവാറിനെതിരെ പ്രതിരോധം തീർക്കാനും സി.പി.എമ്മിന് കഴിയട്ടെ.

ആർ. ദിലീപ്, മുതുകുളം

News Summary - madhyamam weekly letter