Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

അവസാനിച്ചു എന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നുഈ 86കാരന്റെ ഏഴ് പതിറ്റാണ്ട് കാലത്തിനിടയിലുള്ള വായനയിൽ പലരുടെയും ജീവിത എഴുത്തും ഓർമയെഴുത്തുമൊക്കെ ഒരുപാട് വായിക്കാനിടയായിട്ടുണ്ട്.കാഴ്ചക്കുറവ് അനുഭവപ്പെടുന്നതിനാൽ വായനക്ക് പ്രയാസമുണ്ടായിട്ടുപോലും യു.കെ. കുമാരന്റെ ഓർമയെഴുത്ത് മുടങ്ങാതെ വായിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം, അദ്ദേഹം ആദ്യാവസാനം പുലർത്തിയ സത്യസന്ധമായ നിലപാടാണെന്ന് ഞാൻ പറയും. പതിനേഴ് ലക്കങ്ങളിലും എങ്ങനെ പരതിയാലും വരിയിലോ വാചകത്തിലോ ഒരു കല്ലുകടിയും നിങ്ങൾക്ക് കണ്ടെത്താനാകില്ല. ഈ സത്യാനന്തരകാലത്ത് ഇങ്ങനെ ഒരനുഭവം അപൂർവമാണെന്നതാണ് നേര്. അദ്ദേഹത്തിന്റെ കഥയുടെയും നോവലിന്റെയും...

Your Subscription Supports Independent Journalism

View Plans

അവസാനിച്ചു എന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നു


ഈ 86കാരന്റെ ഏഴ് പതിറ്റാണ്ട് കാലത്തിനിടയിലുള്ള വായനയിൽ പലരുടെയും ജീവിത എഴുത്തും ഓർമയെഴുത്തുമൊക്കെ ഒരുപാട് വായിക്കാനിടയായിട്ടുണ്ട്.

കാഴ്ചക്കുറവ് അനുഭവപ്പെടുന്നതിനാൽ വായനക്ക് പ്രയാസമുണ്ടായിട്ടുപോലും യു.കെ. കുമാരന്റെ ഓർമയെഴുത്ത് മുടങ്ങാതെ വായിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം, അദ്ദേഹം ആദ്യാവസാനം പുലർത്തിയ സത്യസന്ധമായ നിലപാടാണെന്ന് ഞാൻ പറയും.

പതിനേഴ് ലക്കങ്ങളിലും എങ്ങനെ പരതിയാലും വരിയിലോ വാചകത്തിലോ ഒരു കല്ലുകടിയും നിങ്ങൾക്ക് കണ്ടെത്താനാകില്ല. ഈ സത്യാനന്തരകാലത്ത് ഇങ്ങനെ ഒരനുഭവം അപൂർവമാണെന്നതാണ് നേര്. അദ്ദേഹത്തിന്റെ കഥയുടെയും നോവലിന്റെയും കഥയും തഥൈവ. ഒടുവിലത്തെ ഈ അധ്യായത്തിലും നമുക്കത് അനുഭവപ്പെടുന്നുണ്ട്. വയലാർ പുരസ്കാര വാർത്ത സാനുമാഷ് വിളിച്ചറിയിക്കുന്ന സന്ദർഭമൊക്കെ വായിക്കുമ്പോഴറിയാം ആ മനസ്സിന്റെ നിഷ്കളങ്കതയും സത്യസന്ധതയും സർവോപരി ആ വിനയവുമൊക്കെ.

ഏകാകിയുടെ അക്ഷരയാത്ര അവസാനിക്കയാണെന്നറിയുന്നത് വലിയ സങ്കടത്തോടെയാണ് ഉൾക്കൊള്ളുന്നത്. നാടിന് 'തക്ഷൻകുന്ന് സ്വരൂപം' നൽകിയ യു.കെയുടെ ഓർമയെഴുത്തും വലിയൊരു സംഭാവനതന്നെയാണ്. ഈയുള്ളവന്റെ മനസ്സറിഞ്ഞുള്ള അഭിനന്ദനം യു.കെക്കും ആഴ്ചപ്പതിപ്പിനും നേരുന്നു.

മമ്മൂട്ടി കവിയൂർ

സംഗീതയാത്രകൾക്ക് തിരുത്തുകളുണ്ട്

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 1257ാം ലക്കത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ സംഗീതയാത്രകളിൽ ഏതാനും വിശദീകരണങ്ങൾ ആവശ്യമുണ്ട്. മുടിയനായ പുത്രൻ എന്ന സിനിമയിൽ കെ.പി.എ.സി സുലോചനയും പാടിയിട്ടുണ്ട്. ''പുൽമാടമാണേലും പൂമേടയാണേലും പൊന്നോട് മേയുന്ന പൂനിലാവേ'' എന്ന ഗാനമാണത്. അതുപോലെ രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'യിലെ ഒരു ഭാഗം ശാന്ത പി. നായർ മനോഹരമായി പാടിയിട്ടുണ്ട്. ''എത്ര മനോഹരമാണിവിടത്തെ ഗാനാലാപന ശൈലി''എന്നുതുടങ്ങുന്നു ആ വരികൾ.

അതേപോലെ 'വേലുത്തമ്പിദളവ'യിലെ വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും എന്ന ഗാനം പാടിയത് പി. ലീലയല്ല, എ.പി. കോമളയും ഉദയഭാനുവുമാണ്. ഇതേ ചിത്രത്തിൽതന്നെ ''ഇന്ന് നല്ല ലക്കാ...'' എന്നുതുടങ്ങുന്ന ഗാനം പാടിയതും ഉദയഭാനുവും സംഘവുമാണ്. യേശുദാസിന്റെ ''പുഷ്പാഞ്ജലികൾ'' എന്ന ഗാനവും ഈ സിനിമയിലുണ്ട്. ആ വർഷമിറങ്ങിയ 'ശാന്തിനിവാസ്' എന്ന ഡബ്ബിങ് ചിത്രത്തിലും യേശുദാസ് പാടിയിട്ടുണ്ട്. ഇത്തരം വസ്തുതകൾ ശ്രീകുമാരൻ തമ്പി സാർ ഒഴിവാക്കരുത്.

റഷീദ് പി.സി പാലം, നരിക്കുനി

യു.കെ. കുമാരന്റെ വീട്ടുവിശേഷങ്ങൾ

വിശ്രാന്തി തേടുന്ന ഒരിടം എന്നതിലുപരി വീട് തനിക്ക് പലതരത്തിലുള്ള സുരക്ഷിതത്വവും നൽകുന്നുവെന്ന് യു.കെ. കുമാരൻ എഴുതുന്നു. അക്ഷരങ്ങളുടെ സാന്നിധ്യമോ പുസ്തകങ്ങളുടെ ഗന്ധമോ ഇല്ലാത്ത വീടെങ്കിലും നമ്മിലേക്ക് പകരാനുള്ള പലതും അവിടെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അച്ഛനും അമ്മയും തന്ന അറിവിന്റെയും അനുഭവങ്ങളുടെയും ആഴവും പരപ്പും വളരെ വലുതായിരുന്നു. മറ്റുള്ളവർക്ക് നൽകേണ്ട കരുതലിന്റെയും ജീവിതത്തിൽ പാലിക്കേണ്ട സത്യസന്ധതയുടെയും വലിയൊരു സാക്ഷ്യമാണ് അച്ഛനും അമ്മയുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. വീടാണ് ഏറ്റവും ശക്തമായ സർഗാത്മകതയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

വീടിനോട് തനിക്കുള്ള ആത്മബന്ധം എത്രമാത്രം ശക്തമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. യു.കെയുടെ ഓർമയെഴുത്ത് അവസാന ഭാഗം വായിച്ചപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ബഹുമാനവും സ്നേഹവും വർധിച്ചതായി തോന്നി. യു.കെ നമ്മോടൊപ്പമിരുന്ന് വിശേഷങ്ങൾ പറയുന്നതായാണ് ഓരോ ലക്കം വായിക്കുമ്പോഴും തോന്നിയത്. യു.കെയുടെ ആത്മാർഥ സുഹൃത്തുക്കൾ പുസ്തകങ്ങളായിരുന്നു. മുട്ടവിളക്കിന്റെ വെളിച്ചത്തിലിരുന്ന് അദ്ദേഹം മനസ്സിലുള്ളതെല്ലാം എഴുതിക്കൂട്ടി. എഴുതിയതെല്ലാം അന്തഃസാരമുള്ളതു തന്നെയായിരുന്നു. അച്ഛനും അമ്മയും നൽകിയ സ്നേഹത്തിന്റെ സുരക്ഷിതത്വമാണ് വലിയ പ്രചോദനമായി ഭവിച്ചത്. ഭാര്യയുടെ സഹൃദയത്വത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 'തക്ഷൻകുന്ന് സ്വരൂപം' എന്ന വിശിഷ്ട നോവൽ രണ്ടു കൊല്ലംകൊണ്ടാണ് എഴുതിത്തീർത്തത്. കുട്ടിക്കാലത്ത് താൻ കേട്ടറിഞ്ഞ ഒരു ദേശത്തിന്റെ ഗതകാല ചരിത്രംതന്നെയാണത്. ഒരു കൃതിയുടെ രചനക്ക് വേണ്ടി ഇതുപോലൊരു പൊറുതികേട് അനുഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കുട്ടിക്കാലത്ത് തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നെന്നും പിന്നീട് മുതിർന്നപ്പോൾ ഹൃദയത്തിന് തകരാറുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനാൽ ശസ്ത്രക്രിയ നടത്തിയതും അദ്ദേഹം വിശദമാക്കുന്നു. വയലാർ അവാർഡ് ലഭിച്ചതിനെ തുടർന്നുണ്ടായ അപൂർവാനുഭവങ്ങളും അദ്ദേഹം പറയുന്നു. പുതിയ നോവലായ 'കണ്ടുകണ്ടിരിക്കെ' പുതിയകാലത്തിന്റെ ഉത്കണ്ഠകളെയും സ്വപ്നങ്ങളെയും പങ്കുവെക്കുന്ന കൃതിയാണ്? ആൾകൂട്ടത്തിൽ അണിചേരാൻ കഴിയാത്ത ഒരു മനസ്സ് തനിക്കെന്നുമുണ്ടായിരുന്നെന്നും അകാരണമായ ഒരശാന്തി താൻ എന്നും അനുഭവിച്ചിരുന്നുവെന്നും അതിന്റെയെല്ലാം പൊറുതികേടുകൾ മറന്ന് വിശ്രാന്തി തേടുന്ന ഒരിടം വീടാണെന്നും തന്റെ രചനകളിൽ വീടിന്റെ സ്വാസ്ഥ്യം ആവർത്തിക്കുന്നത് അതുകൊണ്ടായിരിക്കുമെന്നും യു.കെ പറയുന്നത് വാസ്തവം തന്നെയാകാനാണ് സാധ്യത. സ്നേഹനിധിയായ യു.കെക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. സാഹിത്യത്തിന്റെ പാന്ഥാവിൽ അദ്ദേഹത്തിന് നിർവിഘ്നം സഞ്ചരിക്കുമാറാകട്ടെ. ശുഭകരമാകട്ടെ അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും.

സദാശിവൻ നായർ, എരമല്ലൂർ

News Summary - madhyamam weekly letter