Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ടിപ്പുവിനോട് എന്താണിത്ര വിദ്വേഷം?ലക്കം 1256ൽ ഡോ. ടി.എസ്. ശ്യാംകുമാർ എഴുതിയ 'ചരിത്രത്തിലെ ശരിതെറ്റുകൾ' വായിച്ചു. ഇത്രകണ്ട് ടിപ്പുവിരോധം രചിക്കാൻ എ.ആർ. രാജരാജവർമ ബ്രിട്ടീഷുകാരുടെ കൂലി എഴുത്തുകാരനായിരുന്നോ? ടിപ്പുവിന്റെ ചരിത്രം ഓർമിക്കുന്നതിന് ഇവിടെ പ്രസക്തിയുണ്ടെന്ന് കരുതുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത് വീരമൃത്യു വരിച്ച ഇന്ത്യയിലെ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. ആ പേരിന് പകരംവെക്കാൻ മറ്റൊരു പേരില്ല. ചരിത്രം ആ വ്യക്തിത്വത്തിന് ചാർത്തിക്കൊടുത്ത മറ്റുചില വിശേഷണങ്ങളുമുണ്ട്. വിശാല മൈസൂർ സാമ്രാജ്യത്തിന്റെ അധിപൻ, മതേതര ഇന്ത്യയെ സ്വപ്നം കണ്ട നായകൻ,...

Your Subscription Supports Independent Journalism

View Plans

ടിപ്പുവിനോട് എന്താണിത്ര വിദ്വേഷം?

ലക്കം 1256ൽ ഡോ. ടി.എസ്. ശ്യാംകുമാർ എഴുതിയ 'ചരിത്രത്തിലെ ശരിതെറ്റുകൾ' വായിച്ചു. ഇത്രകണ്ട് ടിപ്പുവിരോധം രചിക്കാൻ എ.ആർ. രാജരാജവർമ ബ്രിട്ടീഷുകാരുടെ കൂലി എഴുത്തുകാരനായിരുന്നോ? ടിപ്പുവിന്റെ ചരിത്രം ഓർമിക്കുന്നതിന് ഇവിടെ പ്രസക്തിയുണ്ടെന്ന് കരുതുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത് വീരമൃത്യു വരിച്ച ഇന്ത്യയിലെ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. ആ പേരിന് പകരംവെക്കാൻ മറ്റൊരു പേരില്ല. ചരിത്രം ആ വ്യക്തിത്വത്തിന് ചാർത്തിക്കൊടുത്ത മറ്റുചില വിശേഷണങ്ങളുമുണ്ട്. വിശാല മൈസൂർ സാമ്രാജ്യത്തിന്റെ അധിപൻ, മതേതര ഇന്ത്യയെ സ്വപ്നം കണ്ട നായകൻ, ദക്ഷിണേന്ത്യയെ ആധുനികതയിലെത്തിച്ച ഭരണാധികാരി, ഇന്ത്യയിലാദ്യമായി മിസൈൽ വിദ്യ ഉപയോഗിച്ച ഭരണകർത്താവ് ഇങ്ങനെ പലതുമുണ്ട്. ഇതിനിടയിലും തെളിഞ്ഞുകാണുന്ന ചില കറുത്ത പാടുകളാണ് ടിപ്പുസുൽത്താൻ ക്ഷേത്രധ്വംസകനും മതഭ്രാന്തനുമാണെന്നുള്ള ജൽപനങ്ങൾ.

കേരളപാണിനി എ.ആർ. രാജരാജവർമയുടെ സംസ്കൃത ചരിത്രകാവ്യമായ 'ആംഗലേയ സാമ്രാജ്യ'ത്തിൽ ടിപ്പുവിനെതിരെ ഇത്രകണ്ട് കലിതുള്ളാൻ പ്രേരിപ്പിച്ചത് യഥാർഥ ചരിത്രമല്ല എന്നത് ചരിത്രമറിയാവുന്നവർക്കറിയാം. അപ്പോൾ മറ്റെന്തെങ്കിലുമാണെങ്കിൽ അത് അന്വേഷിക്കേണ്ടതാണെന്ന 'അവർ കണ്ട ടിപ്പുവല്ല ചരിത്രത്തിലെ ടിപ്പു' എന്ന ലേഖനത്തിൽ ഡോ. ടി.എസ്. ശ്യാംകുമാർ പറയുന്നത് അംഗീകരിക്കേണ്ടിവരുന്നു.

ഹൈദരാലിക്ക് മുമ്പ് മൈസൂരിന്റെ ഭരണാധികാരികൾ ഹിന്ദു രാജാക്കന്മാരായിരുന്നു. വഡയാർ ഹിന്ദു രാജവംശത്തിലെ രാജാവായ കൃഷ്ണരാജ വഡയാറുടെ വിശ്വസ്ത മന്ത്രിയായിരുന്നു നഞ്ചരാജ്. നഞ്ചരാജിന്റെ ഏറ്റവും പ്രമുഖ സൈന്യാധിപനായിരുന്നു, നിശ്ചയദാർഢ്യം കൈമുതലാക്കി ഉയർന്നുവന്ന ഹൈദരാലി. വഡയാർ രാജവംശം ദുർബലമായ സാഹചര്യത്തിൽ ഹൈദർ മൈസൂരിന്റെ ഭരണാധികാരിയാവുകയായിരുന്നു.

ഹൈദരാലിയുടെ ഉയർച്ചയിൽ അസൂയാലുക്കളായ ഹൈദരാബാദ് നൈസാമും മഹാരാഷ്ട്രരും ഹൈദർക്കെതിരെ ബ്രിട്ടീഷുകാരുമായി സഖ്യത്തിൽ ഏർപ്പെട്ടു. അപ്രകാരം ഒരു സഖ്യം ഉണ്ടാക്കിയതിന് പിന്നിൽ ബ്രിട്ടീഷുകാർക്ക് ചില സ്വാർഥ താൽപര്യങ്ങൾ ഉണ്ടായിരുന്നു. മൈസൂരിനെ പരാജയപ്പെടുത്തിയാൽ ബ്രിട്ടീഷുകാർക്ക് തങ്ങളുടെ സുഗന്ധദ്രവ്യ വ്യാപാരം സുരക്ഷിതമാക്കാൻ മാത്രമല്ല, സംസ്ഥാനത്തിലെ വമ്പിച്ച സമ്പത്ത് സ്വായത്തമാക്കാനും കഴിയും. എന്നാൽ, ഒന്നാം മൈസൂർ യുദ്ധം ഇംഗ്ലീഷുകാർക്ക് ദോഷകരമായി കലാശിച്ചു (1767-1769). യുദ്ധത്തിൽ ജയിച്ച ഹൈദരാലിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് സന്ധിവ്യവസ്ഥകൾ തയാറാക്കപ്പെട്ടത്. 1762ൽ ഒപ്പുവെച്ച മദ്രാസ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു:

1. എപ്പോഴെങ്കിലും മേറ്റതെങ്കിലും രാജ്യങ്ങളാൽ ആക്രമിക്കപ്പെട്ടാൽ മൈസൂരിനെ സഹായിക്കാൻ ഇംഗ്ലീഷുകാർ ബാധ്യസ്ഥരാണ്.

2. മൈസൂർ മറ്റാരെയെങ്കിലും ആക്രമിച്ചാൽ നിഷ്പക്ഷത പാലിച്ചുകൊള്ളാമെന്നും ഇംഗ്ലീഷുകാർ സമ്മതിച്ചു.

എന്നാൽ, 1770ൽ മറാത്തക്കാർ മൈസൂരിനെ ആക്രമിച്ചപ്പോൾ ഇംഗ്ലീഷുകാർ 1769ലെ സന്ധിവ്യവസ്ഥകൾ പാലിച്ചില്ല. ഹൈദർ സഹായം അഭ്യർഥിച്ചെങ്കിലും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അത് നൽകാൻ തയാറായില്ല. കരാറിന്റെ നഗ്നമായ ലംഘനമായിരുന്നു ഇത്. ഇംഗ്ലീഷുകാരുടെ വഞ്ചനയിൽ കുപിതനായ ഹൈദർ പ്രതികാരത്തിനുള്ള അവസരത്തിനായി കാത്തിരുന്നു. 1778ൽ ബ്രിട്ടീഷുകാർ മാഹി അക്രമിച്ചപ്പോൾ, ഫ്രഞ്ചുകാരുടെ സുഹൃത്തായ ഹൈദർ ബ്രിട്ടീഷ് സൈന്യത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിച്ചു. രോഗബാധിതനായ ഹൈദർ 1780ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ഫത്തഹ് അലി (ടിപ്പുസുൽത്താൻ) യുദ്ധം തുടരുകയും ഇംഗ്ലീഷുകാർക്കെതിരായി ചില വിജയങ്ങൾ നേടുകയും ചെയ്തു. രണ്ടാം മൈസൂർ യുദ്ധം 1784ലെ മംഗലാപുരം സന്ധിപ്രകാരം അവസാനിച്ചു. രണ്ടു കൂട്ടരും യുദ്ധാരംഭത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിപ്പോകണമെന്ന് സന്ധിയിൽ വ്യവസ്ഥ ചെയ്തിരുന്നു.

ടിപ്പു തന്റെ പിതാവിനെക്കാൾ ശക്തനായ നേതാവായിരുന്നു. ദക്ഷിണേന്ത്യ മുഴുവൻ തന്റെ അധീശത്വം സ്ഥാപിക്കുക എന്ന ഹൈദറുടെ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു ടിപ്പുവിന്റെ ശ്രമം. ബ്രിട്ടീഷുകാരുമായി സംഖ്യത്തിലായിരുന്ന തിരുവിതാംകൂറിനെ അദ്ദേഹം ആക്രമിച്ചു. തിരുവിതാംകൂർ ബ്രിട്ടീഷുകാരോട് സഹായം അഭ്യർഥിച്ചു. ഈ സംഭവം മൂന്നാം മൈസൂർ യുദ്ധത്തിന് വഴിതെളിച്ചു.

(1790-92) തിരുവിതാംകൂർ മഹാരാജാവായിരുന്ന ധർമരാജാവിന്റെ ദിവാൻ രാജാകേശവദാസ് ടിപ്പുവിന്റെ മുന്നേറ്റത്തെ ശക്തിയായി പ്രതിരോധിച്ചു. തദവസരത്തിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുകയും ടിപ്പുവിനെ സന്ധിയപേക്ഷിക്കാൻ നിർബന്ധിതനാക്കുകയും ചെയ്തു. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച് (1792) ബ്രിട്ടീഷുകാർക്ക് മലബാർ, കുടക്, ദിണ്ഡിഗൽ എന്നീ പ്രദേശങ്ങൾ ലഭിച്ചു.

ഇത്രയും പരാജയങ്ങൾക്ക് ശേഷവും ഇംഗ്ലീഷുകാർക്ക് കീഴടങ്ങാൻ ടിപ്പു തയാറായില്ല. ഫ്രഞ്ചുകാരുമായുള്ള തന്റെ സഖ്യം അദ്ദേഹം ഘോഷിച്ചു. ടിപ്പു പാരിസിലേക്ക് അംബാസഡറെ അയക്കുകയും സ്വന്തം സൈന്യത്തെ പരിശീലിപ്പിക്കാൻ ഫ്രഞ്ചു സൈനികരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതിൽ കുപിതനായ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ടിപ്പുവിനോട് യുദ്ധം പ്രഖ്യാപിച്ചു. നാലാം മൈസൂർ യുദ്ധം (1799). ഗവർണർ ജനറലിന്റെ സഹോദരൻ സർ ആർതർ വെല്ലസ്ലി 1799ൽ ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണം ആക്രമിച്ച് പിടിച്ചെടുത്തു. സ്വന്തം തലസ്ഥാനത്തിന്റെ രക്ഷക്കായി യുദ്ധംചെയ്ത് ടിപ്പു രക്തസാക്ഷിയായി എന്നത് ചരിത്രമായിരിക്കെ ആരൊക്കെ എത്രയൊക്കെ നുണകൾ പ്രചരിപ്പിച്ചാലും സത്യത്തിന്റെ സൂര്യപ്രകാശത്തിന് മുന്നിൽ ഇത്തരം നുണകൾക്ക് പ്രസക്തിയില്ലതന്നെ.

പതിനെട്ടാം ശതകത്തിന്റെ ഉത്തരാർധത്തിലുണ്ടായ മൈസൂർ ആക്രമണം കേരളത്തിന്റെ ദീർഘവും ശബളാഭവുമായ ചരിത്രത്തിലെ ഒരു ഹ്രസ്വാവിഷ്കാരമാണ്. കേരളത്തിലെ മൈസൂർ ആക്രമണത്തിന് കളമൊരുക്കിക്കൊടുത്ത പ്രധാന ഘടകം കേരളത്തിലെ രാജാക്കന്മാരുടെ പരസ്പര സഹകരണമില്ലായ്മയും അനൈക്യവുമാണ്. സാമൂതിരിയുടെ രാജ്യ വികസന നയങ്ങൾ കോഴിക്കോടും അയൽരാജ്യങ്ങളും തമ്മിലുള്ള ഒരു സംഘട്ടന പരമ്പരക്ക് തീകൊളുത്തി മൈസൂരിന്റെ ആക്രമണത്തിന് അനുകൂലമായ സ്ഥിതിഗതികൾ സൃഷ്ടിച്ചു (പ്രഫ. ശ്രീധരമേനോൻ -കേരള ചരിത്രം).

കേരളത്തിൽ ടിപ്പു നടത്തിയ ആക്രമണങ്ങൾക്ക് രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികയും പ്രാധാന്യമർഹിക്കുന്ന ഫലങ്ങളുണ്ടായി. നാടുവാഴിത്ത സമ്പ്രദായത്തിലുള്ള ഭരണം തിരോഭവിച്ചതും തൽസ്ഥാനത്ത് ഒരു കേന്ദ്രീകൃത ഭരണം നിലവിൽ വന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഫലം. നവീനവും പുരോഗമനപരവുമായ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു മൈസൂരിന്റെ ഭരണസമ്പ്രദായം. മലബാറിലെ ഭൂനികുതി വ്യവസ്ഥ നവീകരിക്കപ്പെട്ട്, കുടിയാന്മാർക്ക് സമൂഹത്തിന് മുന്നിൽ മാന്യതയുണ്ടാക്കിക്കൊടുത്ത നടപടി ജന്മികളുടെ താൽപര്യത്തെ വിപരീതമായി ബാധിച്ചുവെന്നതാണ് യാഥാർഥ്യം. മൈസൂർ ഭരണാധികാരികൾ പുതിയതരം നാണയങ്ങൾ പുറപ്പെടുവിക്കുകയും ഉത്തര കേരളത്തിന്റെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കുന്ന അനേകം റോഡുകൾ നിർമിക്കുകയും ചെയ്തു. മലബാറിൽ ആദ്യമായി ആധുനിക രീതിയിലുള്ള റോഡുകൾ നിർമിച്ചത് ടിപ്പുസുൽത്താനാണ്. 1796ൽ മലബാറിലെ റോഡുകളുടെ നിലയെ കുറിച്ച് റിപ്പോർട്ട് തയാറാക്കിയ കേണൽ ഡോവ് പറയുന്നത് ശ്രദ്ധിക്കുക: ''മലബാറിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ ഒരു ശൃംഖല ടിപ്പു ആസൂത്രണം ചെയ്യുകയും വലിയൊരളവോളം നിർമാണം നിർവഹിക്കുകയും രാജ്യത്തിലെ കൊടും വനങ്ങളിലേക്കുപോലും റോഡുകളെ വ്യാപിപ്പിക്കുകയും ചെയ്തു.''

മൈസൂരിന്റെ ആക്രമണം കേരളത്തിലെ പരമ്പരാഗതമായ സാമൂഹിക ജീവിതത്തിന് ഒരു 'ആഘാത ചികിത്സ'യായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജാതിവ്യവസ്ഥ തച്ചുടക്കപ്പെടുകയും താണ ജാതിക്കാർ എന്ന് മുദ്രയടിക്കപ്പെട്ടവർക്ക് സ്വന്തം അന്തസ്സിനെ കുറിച്ചും പദവിയെ കുറിച്ചും ബോധമുളവാകാനുള്ള സാഹചര്യമുണ്ടായി. മൈസൂർ ആക്രമണംകൊണ്ട് സാമ്പത്തികമായി ചില നേട്ടങ്ങൾ ഉണ്ടായെന്നും അഭിപ്രായമുണ്ട്. കുരുമുളക്, ഏലം, ചന്ദനത്തടി എന്നിവയുടെ കച്ചവടം സർക്കാറിന്റെ കുത്തകയാക്കി. ഇവ ശേഖരിക്കാൻ ഉത്തര കേരളത്തിലെ വടകര, കൊയിലാണ്ടി, കോഴിക്കോട്, മയ്യഴി എന്നിവിടങ്ങളിൽ പണ്ടകശാലകൾ തുറന്നു.

ടിപ്പുവിന്റെ മതനയം ഒരു വിവാദ വിഷയമായിട്ടാണ് എല്ലായിടത്തും അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും വായിക്കപ്പെട്ടിട്ടുള്ളതും. കേരളത്തിൽ ടിപ്പു ക്ഷേത്രധ്വംസനവും നിർബന്ധിത മതപരിവർത്തനവും നടത്തിയെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും നടത്തിയിട്ടുണ്ടെങ്കിൽ മതപരമായ കാരണങ്ങളാലല്ല, നേരെമറിച്ച് രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാലാണെന്ന് ടിപ്പുവിന്റെ നയങ്ങൾ വിശകലനം ചെയ്യുന്ന ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിൽ അഭയം തേടിയ ശത്രുസൈനികരെ അമർച്ച ചെയ്യുകയും ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷിക്കുകയുമായിരുന്നു ടിപ്പുവിന്റെ ലക്ഷ്യമെന്നും കൂടാതെ ഗുരുവായൂർ, തിരുവഞ്ചിക്കുളം എന്നിങ്ങനെ പല ക്ഷേത്രങ്ങളിലേക്കും ടിപ്പു ഭൂമിയും പണവും ദാനം ചെയ്ത രേഖകളെ ആസ്പദമാക്കി മതകാര്യങ്ങളിൽ സുൽത്താൻ ഉദാരമായ നയമാണ് തുടർന്നുപോന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളപാണിനി എന്ന വിശേഷണമുള്ള എ.ആർ. രാജരാജവർമ തന്റെ സംസ്കൃത ചരിത്രകാവ്യമായ 'ആംഗല സാമ്രാജ്യത്തിൽ' ഇത്രകണ്ട് ടിപ്പു വിദ്വേഷം വമിപ്പിക്കുന്നത്, പതിറ്റാണ്ടുകളോളം ഇന്ത്യയെ അടക്കിഭരിച്ച ഇംഗ്ലീഷുകാരുടെ ഒപ്പം നിന്നോ ഒരുപക്ഷേ, അതിനേക്കാൾ കൂടിയ ശക്തിയിലാണോ എന്ന് സംശയിച്ചുപോകുന്നു. അതുകൊണ്ടുതന്നെ ചോദിച്ചുപോകുന്നു, എ.ആർ. രാജരാജവർമ ശരിക്കും ബ്രിട്ടീഷുകാരുടെ കൂലി എഴുത്തുകാരനായിരുന്നോ എന്ന്. ബ്രാഹ്മണരെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ് എ.ആർ ടിപ്പുവിനെ അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പല പരാമർശങ്ങളും ഡോ. ടി.എസ്. ശ്യാംകുമാർ തന്റെ ലേഖനത്തിൽ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. ഇതുപോലുള്ള കണ്ടെത്തലുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

ദിലീപ് വി. മുഹമ്മദ് മൂവാറ്റുപുഴ

കാലത്തിനൊപ്പം കാൽനൂറ്റാണ്ട്

ഇരുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിച്ച മാധ്യമം ആഴ്ചപ്പതിപ്പിന്റെ 1998 ഫെബ്രുവരി 20ലെ ആദ്യലക്കം മുതൽ ഒന്നൊഴിയാതെ വായിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എന്റെ ഗ്രാമത്തിലെ ചെറുകിട വ്യാപാരിയും എഴുപത്തിയഞ്ചുകാരനുമായ പനയാംപിള്ളി അബ്ദുൽ അസീസ് എന്ന സഹൃദയനെ പ്രത്യേകം സ്മരിക്കുന്നു. 'മാധ്യമം' കുടുംബത്തിലെ മുഴുവൻ പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ കടയിൽ വരുത്തുന്നുണ്ട്. അക്ഷരസ്നേഹികളായ ആർക്കും പുസ്തകങ്ങൾ എപ്പോഴും എടുത്ത് വായിക്കാനുള്ള അവസരവുമുണ്ട്.

2002 മുതൽ ഏതാനും വർഷങ്ങളിൽ ആഴ്ചപ്പതിപ്പിലേക്ക് ഞാൻ കത്തുകൾ എഴുതിയിരുന്നു. അതെല്ലാം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഓരോ ആഴ്ചയിലും ആഴ്ചപ്പതിപ്പ് കൈയിലെടുക്കുമ്പോൾ ഉള്ളടക്കത്തെ സംബന്ധിച്ച് എന്തെങ്കിലും എഴുതണമെന്ന അഭിനിവേശം ഇപ്പോഴും നിലനിൽക്കുന്നു. വ്യത്യസ്തവും വ്യതിരിക്തവുമായ അഭിപ്രായങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ അത് പിന്നെയും നീണ്ടുപോകുന്നുവെന്ന് മാത്രം. മാധ്യമം ആഴ്ചപ്പതിപ്പിന് 24 വയസ്സ് പൂർത്തിയാവുന്ന ഘട്ടത്തിൽ ആഴ്ചപ്പതിപ്പിനെ ഓഡിറ്റ് ചെയ്തുകൊണ്ട് അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാർ എഴുതിയ കത്തുകൾ കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ച ലക്കം അത്യന്തം പുതുമയാർന്നതായിരുന്നു. വലിയങ്ങാടിയിലെ അടച്ചിട്ട ഒരു കടയുടെ മുന്നിൽ വിവശനായി ഇരുന്ന വൃദ്ധന്റെ മുഖം കാമറയിൽ പകർത്തി അതിന്റെ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ ചേർത്ത് പ്രഥമ ലക്കത്തിന്റെ മുഖചിത്രമാക്കിയതിലൂടെ മലയാളിയുടെ അതുവരെയുള്ള കാഴ്ചവട്ടങ്ങളിൽ ആഴ്ചപ്പതിപ്പ് നിശ്ശബ്ദ വിപ്ലവങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. ആദ്യലക്കത്തിന്റെ മുഖചിത്രം തേടിയുള്ള റസാഖ് കോട്ടക്കലിന്റെയും മൊയ്തു വാണിമേലിന്റെയും യാത്രാനുഭവങ്ങൾ രേഖപ്പെടുത്തിയത് ഹൃദ്യമായി.

ആദ്യ ലക്കത്തിന്റെ മുഖചിത്രം അടയാളപ്പെടുത്തിയപോലെ നിസ്വരും നിരാലംബരുമായ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ജിഹ്വയായി 'മാധ്യമം' മാറുന്നതിന്റെ കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടതുപക്ഷ-മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾക്ക് മേൽകൈയുള്ള കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ഇടപെടുന്ന ഒരു പ്രസിദ്ധീകരണം എന്ന നിലയിൽ ഇടത് പ്രത്യയശാസ്ത്ര പ്രയോഗങ്ങളെ നിശിതമായ വിമർശനത്തിന് ആഴ്ചപ്പതിപ്പ് വിധേയമാക്കാറുണ്ട്. ഇടതു മൂല്യങ്ങളുടെ അടിത്തറയായി തീരേണ്ട ആദിവാസി-ദലിത്-സ്ത്രീ-പരിസ്ഥിതി മേഖലയിലെ പ്രശ്നങ്ങൾ സെമിനാറുകളിൽ അവതരിപ്പിച്ച് കൈയടി നേടേണ്ട കേവല പ്രബന്ധങ്ങൾ മാത്രമെല്ലന്ന് 'മാധ്യമം' ഓർമപ്പെടുത്തുന്നു. രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങളിൽ ഒരുപക്ഷത്തും ചേരാതെ നിൽക്കുന്ന നിഷ്പക്ഷതയല്ല; മറിച്ച് പ്രശ്നങ്ങളിൽ ഇടപെട്ട് ഇരകളുടെ പക്ഷത്ത് ഉറച്ചുനിൽക്കലാണ് യഥാർഥ ജനപക്ഷ നിലപാടെന്ന് ആഴ്ചപ്പതിപ്പ് ഉറക്കെ പ്രഖ്യാപിക്കുന്നു. എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിലെ ഒരു പരാമർശത്തിന്റെ പേരിൽ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി മലയാളത്തിലെ ഒരു മുൻനിര പ്രസിദ്ധീകരണം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ നോവൽ പിൻവലിച്ച വസ്തുത നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഗാന്ധിവധത്തിലെ ചരിത്രസത്യങ്ങൾ പ്രമേയമാക്കിക്കൊണ്ട് യുവ എഴുത്തുകാരൻ വിനോദ് കൃഷ്ണ എഴുതുന്ന '9 MM ബെരേറ്റ' എന്ന നോവൽ പ്രസിദ്ധീകരിക്കാൻ മാധ്യമം ആഴ്ചപ്പതിപ്പ് പ്രകടിപ്പിച്ച ആർജവത്തിന് ഒരു ബിഗ് സല്യൂട്ട്.

മഹേന്ദ്രൻ തോട്ടുക്കര തൃശൂർ

നിലപാടുകളിലെ ഇരട്ടത്താപ്പുകൾ

ലക്കം 1254ൽ കെ.എം. സീതി എഴുതിയ യുക്രെയ്ന്റെയും യൂറോപ്പിന്റെയും രാഷ്ട്രീയഭൂപടം മാറുമ്പോൾ എന്ന രചന വളരെ ശ്രദ്ധ ആകർഷിച്ചു. ഇപ്പോൾ യുക്രെയ്നിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തെ എതിർക്കുന്ന ജർമനിയും ബ്രിട്ടനും അമേരിക്കയുമെല്ലാം മുമ്പ് അധിനിവേശം നടത്തി വിജയിച്ചവരാണ്. ബ്രിട്ടനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളുടെ അധിനിവേശങ്ങളുടെ ചരിത്രം കൂട്ടക്കൊലകളുടേതും വംശഹത്യകളുടേതുമാണ്.

ഇവരുടെയൊക്കെ മുൻകാലങ്ങളിലെ അധിനിവേശ ചരിത്രങ്ങളിലെ ഭീകരത നോക്കുമ്പോൾ റഷ്യയുടേത് ചെറുതെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല. എങ്കിലും ഇപ്പോൾ റഷ്യ ചെയ്യുന്നതും അപലപിക്കേണ്ടത് തന്നെയാണ്.

ഫലസ്തീനികൾ അവരുടെ പ്രതിരോധത്തിനുവേണ്ടി തോക്കേന്തിയപ്പോൾ അവരെ തീവ്രവാദികളായി മുദ്രകുത്തിയവർ നമ്മുടെ ഇടയിൽതന്നെയുണ്ട്. എന്നാൽ അവർതന്നെ യുക്രെയ് നികൾ തോക്കേന്തിയപ്പോൾ ധീരന്മാരായി വാഴ്ത്തുകയാണ്. ഇരട്ടത്താപ്പ് എന്നല്ലാെത എന്തു പറയാൻ?

മുഹമ്മദ്‌ യാസീൻ കൂടാളി