Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

കഥക്കുള്ളിൽ സാഹിത്യവും വർത്തമാനവും ചർച്ചചെയ്യുന്ന കഥശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘വരാഹമിഹിരന്റെ മുതല’ വായിച്ചു (ലക്കം: 1323). ‘‘നിങ്ങൾ ഇപ്പോഴും ആ പാമ്പ് ചത്തില്ലെന്നു കരുതി അതിന്റെ വാലിൽതന്നെ തല്ലുകയാണല്ലോ’’ എന്ന് വലിയൊരു പൊട്ടിച്ചിരിയുടെ നൂലിഴ വാടി​േപ്പായൊരു ഒച്ചയിൽ ചോദിക്കുന്ന അനന്തമൂർത്തിയാണ് ഈ കഥയിലെ നായകൻ. അടിച്ചുപിളർന്ന ഒരു തടിക്കഷ്ണംപോലെ വായും പിളർന്ന് കാലബോധങ്ങളൊന്നുമില്ലാതെ കിടക്കുന്ന ഈ കഥയിലെ മുതലയും അയാൾതന്നെയാണെന്നും തോന്നാം.‘‘മൂർത്തി വിചാരിച്ചാൽ മുഖ്യനും വരും’’ എന്നൊരു പറച്ചിൽതന്നെ ആയകാലത്ത് അനന്തമൂർത്തിയെ കുറിച്ച് ഉണ്ടായിരുന്നു. ഒരുകാലത്ത് സാഹിത്യ സാംസ്കാരിക...

Your Subscription Supports Independent Journalism

View Plans

കഥക്കുള്ളിൽ സാഹിത്യവും വർത്തമാനവും ചർച്ചചെയ്യുന്ന കഥ

ശ്രീകണ്ഠൻ കരിക്കകം എഴുതിയ ‘വരാഹമിഹിരന്റെ മുതല’ വായിച്ചു (ലക്കം: 1323). ‘‘നിങ്ങൾ ഇപ്പോഴും ആ പാമ്പ് ചത്തില്ലെന്നു കരുതി അതിന്റെ വാലിൽതന്നെ തല്ലുകയാണല്ലോ’’ എന്ന് വലിയൊരു പൊട്ടിച്ചിരിയുടെ നൂലിഴ വാടി​േപ്പായൊരു ഒച്ചയിൽ ചോദിക്കുന്ന അനന്തമൂർത്തിയാണ് ഈ കഥയിലെ നായകൻ. അടിച്ചുപിളർന്ന ഒരു തടിക്കഷ്ണംപോലെ വായും പിളർന്ന് കാലബോധങ്ങളൊന്നുമില്ലാതെ കിടക്കുന്ന ഈ കഥയിലെ മുതലയും അയാൾതന്നെയാണെന്നും തോന്നാം.

‘‘മൂർത്തി വിചാരിച്ചാൽ മുഖ്യനും വരും’’ എന്നൊരു പറച്ചിൽതന്നെ ആയകാലത്ത് അനന്തമൂർത്തിയെ കുറിച്ച് ഉണ്ടായിരുന്നു. ഒരുകാലത്ത് സാഹിത്യ സാംസ്കാരിക രംഗത്ത് അടക്കിവാണിരുന്ന സംഘാടകൻ. എഴുതി തെളിയാൻ തുടങ്ങിയവരും എഴുതി തെളിഞ്ഞവരുമെല്ലാം അക്കാലത്തയാളെ ഒരു കുളയട്ടയെ പോലെ ഭയന്നിരുന്നു.

കഥയിലൂടെ സഞ്ചരിക്കുമ്പോൾ എഴുത്തും വായനയും സാഹിത്യസൗഹൃദങ്ങളും സായാഹ്നങ്ങളുമൊക്കെ കടന്നുപോയ ഒരാൾക്ക് തീർച്ചയായും അനന്തമൂർത്തിയെ പോലെ ഒരാളെ തന്റെ ചുറ്റുവട്ടത്ത് കണ്ടെത്താൻ പറ്റും. അത്രമേൽ ഉള്ളിൽ തട്ടിയ ഒരനുഭവത്തിന്റെ പഴയൊരു ഏട് കഥയിൽ ഉണ്ട്. ആരുടെയൊക്കെയോ ഉള്ളിൽ വിങ്ങലിന്റെ പ്രതിധ്വനി അവ ഉണ്ടാക്കുമെന്ന് തീർച്ച.

‘വരാഹമിഹിരന്റെ മുതല’ എന്ന കഥയിലൂടെ ശ്രീകണ്ഠൻ പറയുന്ന ഒരുകൂട്ടം കാര്യങ്ങളുണ്ട്. മലയാള സാഹിത്യത്തെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരാൾക്ക് കാലങ്ങളിലൂടെ കടന്നുപോയ ഒട്ടേറെ കാര്യങ്ങൾ കഥയിൽ വീണ്ടെടുക്കാൻ കഴിയും. ഭാഷയേയും ഭാവനയേയും പുതുക്കിപ്പണിയുക എന്ന ചരിത്രധർമമാണ് ഓരോ തലമുറയിലെയും എഴുത്തുകാര്‍ നിർവഹിച്ചുപോന്നിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും സജീവ സാഹിത്യശാഖയായ ചെറുകഥ സമീപകാല ചെറുകഥയില്‍നിന്ന് വളരെയധികം വ്യത്യാസം പ്രകടിപ്പിക്കുന്നു. ആധുനികാനന്തര ചെറുകഥ സൃഷ്ടിച്ച സംവേദനങ്ങളെ ആദ്യമായി മറികടന്നത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കൊമാല’ എന്ന ചെറുകഥയായിരുന്നു. പുതിയ അവതരണരീതിയും മനുഷ്യനെക്കുറിച്ചുള്ള പുതിയ ആശങ്കയും പങ്കുവെച്ച് പുതുകഥാകൃത്തുക്കള്‍ അനുഭവങ്ങളുടെ വലിയ വന്‍കരതന്നെ മലയാളത്തില്‍ സൃഷ്ടിച്ചു. എന്നാല്‍, പുതുകഥ സൃഷ്ടിച്ച അഭിരുചിയെ തിരുത്തിയാണ് സമകാലിക കഥാകൃത്തുക്കള്‍ കടന്നുവരുന്നത്. സമീപകാല കഥകളില്‍നിന്ന് വ്യക്തമായ അകലം സൃഷ്ടിക്കുന്ന രചനാകൗശലങ്ങളും അനുഭവങ്ങളുമാണ് കഥാലോകത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മലയാളഭാവന കടന്നുചെല്ലാതിരുന്ന ഇടങ്ങളിലേക്ക് സമകാലിക ചെറുകഥ സഞ്ചരിക്കുന്നു. സ്ഥിരതയില്ലാത്ത കാലത്തിലെ ജീവിതത്തിന്റെ നശ്വരനിമിഷങ്ങള്‍ ചരിത്രവത്കരിക്കുന്ന ധർമമാണ് സമകാലിക കഥാകൃത്തുക്കള്‍ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ആധികാരികമായ ഏതെങ്കിലും ദര്‍ശനത്തിന്റെ വക്താവല്ല ഇന്നത്തെ കഥാകൃത്തുക്കള്‍. അങ്ങനെയൊരു ദര്‍ശനം ഇവിടെ അവശേഷിക്കുന്നുണ്ടെന്ന വിശ്വാസവും പുതിയ കഥാകൃത്തുക്കള്‍ പുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നില്ല. ആരെയും കാത്തുനില്‍ക്കാതെ, ഒന്നിനേയും താലോലിക്കാതെ തകര്‍ത്തൊഴുകുന്ന ജീവിത നദിയെ വെറുതെ നോക്കിനില്‍ക്കുന്നവരാണ് ഇന്നത്തെ കഥാകൃത്തുക്കള്‍. അവര്‍ കാലഘട്ടം നല്‍കിയിട്ടുള്ള എല്ലാവിധ പ്രത്യേകതകളോടും കൂടി മനുഷ്യനിലേക്ക് നോക്കുന്നതാണ് ഇന്നത്തെ കഥകളില്‍ കാണുന്നതെന്ന് ‘ഭാഷയിൽ പുതുക്കി പണിയുന്ന ശില്പങ്ങൾ’ എന്ന ലേഖനത്തിൽ ഡോ. ടി.എം. മാത്യൂ എഴുതിയിട്ടുണ്ട്.

തേച്ചുരച്ച്, രാകി മിനുക്കിയ തന്റെ ഭാഷയുടെ നവീനശൈലിയിലൂടെ ശ്രീകണ്ഠൻ കരിക്കകവും സഞ്ചരിക്കുന്നത് ഇവ്വിധമെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് കഥയിലെ ഒട്ടുമിക്ക പ്രയോഗങ്ങളും ഉപമകളും. അവ കഥയിൽ അത്രമേൽ ലയിച്ചു ചേർന്നിട്ടുമുണ്ട്.

-ഇയാൾ ഒരു കവിത എഴുതിക്കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം സാഹിത്യലോകം കന്നിക്കോളിലുറഞ്ഞ നായ്ക്കൂട്ടത്തെപോലെ അതിന്റെ പിന്നാലെയായിരിക്കും. ഇരുമ്പുറപ്പുള്ള പുസ്തകങ്ങൾപോലും ഉപ്പുവീണ സങ്കടങ്ങളാകും. അവ ഇരുണ്ട് മറഞ്ഞു പോകും.

-തൊണ്ടയിൽ തടഞ്ഞ ഒരു കൂർത്ത മീൻമുള്ളിനെ ഉരുളച്ചോറുകൊണ്ട് അന്നനാളത്തിലേക്ക് തള്ളിവിടുംപോലെ.

-ഒറ്റവരിയിലെഴുതുമ്പോൾ തന്നെ വിരസതയുടെ കരട് കണ്ണിൽ തടയുന്ന ഒരു പഴയ വീടായിരുന്നുവത്‌.

-ആ ചിരി കണ്ടപ്പോൾ ലിജിന് കനത്ത തോടുള്ള ഒരു ഉഭയജീവി അതിന്റെ മുൻഭാഗം തുറന്ന് കൊഴുത്ത മാംസളമായ ഉൾഭാഗം പുറത്തേക്ക് തള്ളിയതുപോലെയാണ് തോന്നിയത്.

-ഈ കസേരകൾ എന്നും പുതിയവയാണ്‌. അധികമാരും ഇരിക്കാറി​െല്ലന്നെയുള്ളൂ. ആരും ഇരിക്കാതെയാണ്‌ നാം പലതിനേയും പഴയതെന്ന്‌ പറയുന്നത്‌. നിരന്തരം വേണ്ട. വല്ലപ്പോഴും ഒന്നിരുന്നാൽ എല്ലാം പുതിയതാണ്‌. എല്ലാം.

-പകരം ഒരു പ്രകൃതിചികിത്സകന്റെ മെലിഞ്ഞ ഉടൽപോലെ ദുർബലമായ ഒരു ചെറിയ കട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

-പിന്നെ ഞാൻ പുതിയ ഓരോ ഇനം മീനുകളെയായി കൊണ്ടുവരാൻ തുടങ്ങി. ഏതു വാങ്ങിയാലും രണ്ടെണ്ണം വാങ്ങും. ഒരാണും ഒരു പെണ്ണും, അതാണല്ലോ കവിത. അവരുടെ പ്രണയവും പരിഭവവും പിന്നെയുള്ള രതിയും. അന്നേരം മനസ്സിൽ ആനന്ദത്തിന്റെ ചെകിളപ്പൂക്കൾ വിടർത്തിയും സ്നേഹത്തിന്റെ വായു മുകുളങ്ങൾ ഉടച്ചും ഇവർക്കൊപ്പം ഞാനും അങ്ങനെ നീന്തും.

-ഈ പ്രതിഭയെന്നും സർഗാത്മകതയെന്നുമെല്ലാം പറയുന്നത് ഒരു തരം രോഗാവസ്ഥയാണ്. കുറേ നാൾ ചികിത്സ ചെയ്യാതിരുന്നാലും താനേ ഒഴിഞ്ഞു പോകാറുള്ള ചില ഉന്മാദങ്ങളില്ലേ? താനേ വിട്ടൊഴിഞ്ഞു പോകുന്നവ.

-അനൗൺസ്​മെന്റ് വാഹനം ആ കടയുടെ മുന്നിൽ അവസാനത്തെ തുള്ളിയിടുന്ന ഒരു മൂത്രവിറയോടെ നിന്നു.

വായന തുടങ്ങിയാൽ പുറത്ത് കടക്കാൻ കഴിയാത്തവിധം പെട്ടുപോകുന്നതാണ്​ ശ്രീകണ്ഠന്റെ ഓരോ കഥയും.

രമേഷ് പെരുമ്പിലാവ്

കൈനോട്ടക്കാരൻ

മാധ്യമം ആഴ്ചപ്പതിപ്പിൽ ഒഴുകുപാറ സത്യന്റെ ഒരു കവിതയുണ്ട് ‘കൈനോട്ടക്കാരൻ’ (ലക്കം: 1323). ഇത് വായിച്ചപ്പോൾ കവിതകളിൽ മനുഷ്യരും അവരുടെ ജീവിതത്തിന്റെ ചൂടിടങ്ങളുടെ ചായ്പിൽ പൊള്ളിത്തിമിർക്കുന്ന പുകച്ചിലുകളും തിരികെ വരുന്നു എന്നുതോന്നി. അഥവാ മനുഷ്യനെക്കുറിച്ചെഴുതുന്ന കവിതകളും കവികളും ഉയിർകൊള്ളുന്നു എന്ന പ്രതീക്ഷ വല്ലാതെ ആനന്ദിപ്പിക്കുന്നു. പേരിന്റെ ഘനത്വം കണ്ടാൽ മുന്നും പിന്നും നോക്കാതെ ഏത് ചവറും കവിതയാണെന്ന് അരക്കിട്ടുറപ്പിക്കുന്ന മാധ്യമങ്ങളിൽനിന്നും മാധ്യമം ആഴ്ചപ്പതിപ്പ് പോലുള്ളത് വ്യത്യസ്തമാകുന്നതും മനുഷ്യനെ കാണുന്നതുകൊണ്ടാണ്. ഏറ്റവും അടിസ്ഥാന വർഗത്തിന്റെ ജീവിതത്തിന്റെ ചോരനിലങ്ങളിലേക്ക് കണ്ണ് പായിച്ച കവിക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ചുറ്റുപാടുമുള്ള സാധാരണ ജീവിതങ്ങൾ തന്നെയാവട്ടെ നമ്മുടെ കവിതകളും. കവിയും സമൂഹവും ഏകീഭവിക്കുമ്പോൾ അവിടെ നല്ല കവിതകൾ പിറക്കും. ആശംസകൾ.

ബാലഗോപാലൻ കാഞ്ഞങ്ങാട് (ഫേസ്ബുക്ക്)

അശോകൻ ചരുവിലിനെ ആസ്വദിച്ച്‍ വായിച്ചു

അശോകന്‍ ചരുവില്‍ എന്തെഴുതിയാലും അതിനൊരു ചാരുതയും പുതുമയും സുഗന്ധവും കാണുമെന്ന് അറിയാവുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ 'ഡൊബെറാനിലെ പള്ളി' എന്ന കഥ ആഴ്ചപ്പതിപ്പിൽ കണ്ടയുടനെ ആർത്തിപൂർവം വായിച്ചുതീര്‍ത്തു (ലക്കം: 1324). സുഗന്ധങ്ങളുടെ ജുഗല്‍ബന്ദിപോലെ അതെന്നിലേക്ക് ആവേശിച്ചു. ജര്‍മനിയിലെ ഹ്രസ്വകാല താമസത്തിനിടയില്‍ കഥാകൃത്ത്‌ കണ്ട ചില അപൂര്‍വ ദൃശ്യങ്ങളും, മനുഷ്യരും ദീപസ്തംഭങ്ങള്‍പോലെ അതിൽ തലയുയര്‍ത്തിപ്പിടിച്ച് നിൽക്കുന്നതു കണ്ടപ്പോൾ കുറച്ചുനേരത്തേക്ക് എനിക്ക് സ്ഥലകാല വിഭ്രാന്തിയുണ്ടായി. ഞാനും അദ്ദേഹത്തോടൊപ്പം ജര്‍മനിയിലെ കൃഷിയിടങ്ങളിലൂടെയും ചുവന്ന ഇഷ്ടികകള്‍കൊണ്ട് തീര്‍ത്ത കെട്ടിടങ്ങളിലൂടേയും സഞ്ചരിച്ചു.

വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ വായിച്ച് ഇഷ്ടം തോന്നിയ എഴുത്തുകാരന്‍റെ ഭ്രമാത്മകമായ അനുഭവങ്ങളാണ് ഈ കഥ. സത്യവും മിഥ്യയും കൂട്ടിക്കലര്‍ത്തി ഭാവനയുടെ ചൂളയില്‍ ​െവച്ച് ഉരുക്കിച്ചേര്‍ത്തപ്പോള്‍ പിറന്ന മനോഹരമായൊരു കഥാശിൽപം, കഥാകൃത്തിന്‍റെ ‘കാട്ടൂര്‍കടവ്’ എന്ന നോവലിനെക്കുറിച്ച് ഡോ. എം. ലീലാവതിയുടെ ‘സാഹിത്യപഠന’ത്തോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ആഴ്ചപ്പതിപ്പിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിയിരിക്കുന്നു.

സണ്ണി ജോസഫ്, മാള

മുത്തണ്ണൻ മികച്ച അനുഭവം

ഡോ. ഒ. രാജേഷിന്‍റെ ‘മുത്തണ്ണൻ’ വായിച്ചു. അരികുജീവിതങ്ങളുടെ ആഘോഷമായ പ്രസ്തുത കവിതയില്‍ ഒരു ദേശത്തിന്‍റെ ചരിത്രവും അടയാളപ്പെട്ടിരിക്കുന്നു. ഇതു രണ്ടും ചേര്‍ത്തുവെക്കുന്നതില്‍ കവി വിജയിച്ചിരിക്കുന്നു. സുന്ദരമായ വായനാനുഭവം സമ്മാനിച്ച കവിക്ക് അനുമോദനങ്ങള്‍.

എം.പി. ജയപ്രകാശ്, ഓച്ചിറ

അറിയിപ്പ്​

കെ.പി. കൃഷ്ണകുമാര്‍ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്

ചിത്ര-ശില്‍പകലയിലെ പുതുവാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായി ‘Amuseum Artscience’ ഏര്‍പ്പെടുത്തിയ കെ.പി. കൃഷ്ണകുമാര്‍ യങ് ആർട്ടിസ്റ്റ് അവാര്‍ഡിന്റെ രണ്ടാം പതിപ്പിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അന്തരിച്ച ശിൽപിയും ചിത്രകാരനുമായ കെ.പി. കൃഷ്ണകുമാറിന്റെ സ്മരണാർഥമാണ് പുരസ്കാരം നൽകുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 18നും 35നും ഇടയിൽ പ്രായമുള്ള മലയാളികള്‍ക്ക് അവാർഡിന് അപേക്ഷിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മത്സരത്തിനുള്ള ചിത്രത്തിന്റെയോ ശിൽപത്തിന്റെയോ ഫോട്ടോഗ്രാഫ് ഉൾപ്പെടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പെയിന്റിങ്, ശില്‍പം എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുക. അവസാന തീയതി: സെപ്റ്റംബര്‍ 30. വിശദാംശങ്ങള്‍ക്കും രജിസ്ട്രേഷനും bit.ly/kpkaward2023 എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 85890 61461, 9567508158.

പ്രാഥമിക ജൂറി തിരഞ്ഞെടുക്കുന്ന കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ഗാലറികളില്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ പ്രദര്‍‌ശനം സംഘടിപ്പിക്കും. ഇവയില്‍നിന്ന് ഇന്ത്യയിലെ കലാരംഗത്തെ പ്രമുഖ വ്യക്തികളടങ്ങുന്ന മൂന്നംഗ ജൂറി പുരസ്കാര ജേതാവിനെ കണ്ടെത്തും.

അഖില കേരള സാഹിത്യ മത്സരം

മണമ്പൂർ ഗവ. യു.പി സ്കൂൾ ശതാബ്ദിയാഘോഷ ഭാഗമായി അഖില കേരളാടിസ്ഥാനത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി കുറും കവിത, കുറും കഥ മത്സരം നടത്തുന്നു. രചനകൾ കൈയെഴുത്തായി എ4 സൈസിൽ ഒരു പേജിൽ കവിയരുത്. മികച്ച രചനകൾക്ക് 1000 രൂപ സമ്മാനം. തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ ശതാബ്ദിസ്മൃതി പുസ്തകത്തിൽ പ്രസിദ്ധപ്പെടുത്തും. രചയിതാവിന്റെ പേരും മേൽവിലാസവും ഫോൺനമ്പറും പ്രത്യേക കടലാസിൽ എഴുതി രചനക്കും സ്വന്തം ഫോട്ടോക്കും ഒപ്പം 2023 ആഗസ്റ്റ് 31നു മുമ്പ് കിട്ടത്തക്കവിധം തപാലിൽ അയക്കണം. വിലാസം: എസ്. സുരേഷ് ബാബു, എഡിറ്റർ, ശതാബ്ദിസ്മൃതി, തണൽ, മുള്ളറംകോട്, മണമ്പൂർ പി.ഒ, തിരുവനന്തപുരം ജില്ല - 695 611. ഫോൺ: 944666 3361.

ഗവേഷണ പ്രബന്ധ മത്സരം

ഇസ്​ലാഹി​യ കോളജ്​ ചേന്ദമംഗലൂർ ഓൾഡ്​ സ്റ്റുഡന്‍റ്​സ്​ അസോസിയേഷൻ (ഇക്കോസ) സംഘടിപ്പിക്കുന്ന പ്രഥമ കെ.സി. അബ്​ദുല്ല മൗലവി അനുസ്മരണ ഖുർആൻ കോൺഫറൻസുമായി ബന്ധപ്പെട്ട്​ ഹയർ സെക്കൻഡറി, ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി ഗവേഷണ പ്രബന്ധ മത്സരം നടത്തുന്നു. ‘നീതിയുടെ വെളിപാട്: ഖുർആനിക നിയമ പ്രമാണങ്ങളുടെ താരതമ്യ വീക്ഷണം’ എന്ന വിഷയത്തിലുള്ള പ്രബന്ധം ആഗസ്റ്റ്​ 15ന്​ മുമ്പായി kcconf23@gmail.com എന്ന ഇ-മെയിലിലേക്ക്​ അയക്കണം. 4000 വാക്കുകളിൽ കവിയരുത്​. സ്വയം സാക്ഷ്യപ്പെടുത്തിയ കത്തോ സ്​ഥാപനത്തിൽനിന്നുള്ള റെക്കമെൻഡേഷൻ ലെറ്ററോ പേപ്പറിന്​ കൂടെ വെക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മൂന്ന്​ ​പ്രബന്ധങ്ങൾക്ക്​ യഥാക്രമം, 20,000, 10,000, 5,000 രൂപ കാഷ്​ അവാർഡ്​ നൽകും.

കൂടുതൽ വിവരങ്ങൾക്ക്​: 9745866606, 9995186118.

News Summary - madhyamam weekly letter