Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

െബ്ലയ്സ് ജോണിക്ക് ചില കൂട്ടിച്ചേർക്കലുകൾ‘തിരമലയാളത്തിലെ ചിറകൊടിഞ്ഞ പൈങ്കിളികൾ’ ബ്ലെയ്സ്‌ ജോണിയുടെ ലേഖനം (ലക്കം: 1322) ജനപ്രിയ സാഹിത്യവും മലയാള സിനിമയും എന്ന വിഷയം അതിന്റെ ആഴത്തെ സ്പർശിക്കാതെയാണ് പോയതെന്ന് പറയട്ടെ. എങ്കിലും, ഈ വിഷയത്തിലേക്ക് ഒരു ചൂണ്ടുപലക നൽകാൻ ലേഖനത്തിനു കഴിഞ്ഞു. മലയാള സിനിമയിലെ സാഹിത്യബന്ധത്തിന്റെ സുവർണകാലമായിരുന്നു അറുപതുകൾ. ഏതാണ്ട് 30 ശതമാനം സിനിമകളും സാഹിത്യകൃതികളെ അവലംബിച്ചായിരുന്നു. മുഖ്യധാരാ സാഹിത്യകാരന്മാരുടെ കൃതികളോടൊപ്പംതന്നെ ജനപ്രിയ സാഹിത്യകൃതികളും അക്കാലത്ത് സിനിമക്കായി അവലംബിക്കപ്പെട്ട​ു. തകഴി, ബഷീർ, കേശവദേവ്, എസ്.കെ.പൊ​െറ്റക്കാട്ട്, മലയാറ്റൂർ രാമകൃഷ്ണൻ,...

Your Subscription Supports Independent Journalism

View Plans

െബ്ലയ്സ് ജോണിക്ക് ചില കൂട്ടിച്ചേർക്കലുകൾ

‘തിരമലയാളത്തിലെ ചിറകൊടിഞ്ഞ പൈങ്കിളികൾ’ ബ്ലെയ്സ്‌ ജോണിയുടെ ലേഖനം (ലക്കം: 1322) ജനപ്രിയ സാഹിത്യവും മലയാള സിനിമയും എന്ന വിഷയം അതിന്റെ ആഴത്തെ സ്പർശിക്കാതെയാണ് പോയതെന്ന് പറയട്ടെ. എങ്കിലും, ഈ വിഷയത്തിലേക്ക് ഒരു ചൂണ്ടുപലക നൽകാൻ ലേഖനത്തിനു കഴിഞ്ഞു. മലയാള സിനിമയിലെ സാഹിത്യബന്ധത്തിന്റെ സുവർണകാലമായിരുന്നു അറുപതുകൾ. ഏതാണ്ട് 30 ശതമാനം സിനിമകളും സാഹിത്യകൃതികളെ അവലംബിച്ചായിരുന്നു. മുഖ്യധാരാ സാഹിത്യകാരന്മാരുടെ കൃതികളോടൊപ്പംതന്നെ ജനപ്രിയ സാഹിത്യകൃതികളും അക്കാലത്ത് സിനിമക്കായി അവലംബിക്കപ്പെട്ട​ു. തകഴി, ബഷീർ, കേശവദേവ്, എസ്.കെ.പൊ​െറ്റക്കാട്ട്, മലയാറ്റൂർ രാമകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ, കെ. സുരേന്ദ്രൻ, ജി. വിവേകാനന്ദൻ, പൊൻകുന്നം വർക്കി, പാറപ്പുറത്ത് തുടങ്ങിയ എഴുത്തുകാരുടെ പ്രശസ്ത നോവലുകൾ ഈ കാലഘട്ടത്തിൽ സിനിമയായി. ഇതോടൊപ്പംതന്നെ അക്കാലത്തെ ജനപ്രിയ സാഹിത്യകാരന്മാരായിരുന്ന മുട്ടത്തു വർക്കി, പമ്മൻ, കാനം, ചെമ്പിൽ ജോൺ, മൊയ്തു പടിയത്ത് തുടങ്ങിയവരുടെയും നോവലുകൾ സിനിമയാക്കി വിജയം വരിക്കുകയുണ്ടായി.

നാടകരംഗത്തുനിന്നും ചില സിനിമകൾ ഇക്കാലയളവിൽതന്നെ ഉണ്ടായിട്ടുണ്ട്. തോപ്പിൽ ഭാസി, എസ്.എൽ. പുരം സദാനന്ദൻ, ടി.എൻ. ഗോപിനാഥൻ നായർ, കാലടി ഗോപി, കെ.ടി. മുഹമ്മദ്, സി.ജി. ഗോപിനാഥ്, കലാനിലയം കൃഷ്ണൻ നായർ തുടങ്ങിയ നാടകരംഗത്തെ പ്രമുഖരുടെ കൃതികളും സിനിമയായി പ്രത്യക്ഷപ്പെട്ടു. മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞ കൃതികളുടെ പ്രശസ്തിയും ജനപ്രീതിയും ഉപയോഗപ്പെടുത്തുക എന്ന വിപണന തന്ത്രമായിരുന്നു ഈയൊരു സാഹിത്യബന്ധത്തിനു പിറകിൽ. ജനപ്രിയ സാഹിത്യ ശ്രേണിയിലുള്ള മുട്ടത്തു വർക്കിയുടെയും കാനത്തിന്റെയും സൃഷ്ടികൾ ഒരുകാലത്ത് പ്രേക്ഷകനെ മദിപ്പിച്ചു നിർത്തിയിട്ടുണ്ട്.

എൺപതുകളിലെത്തുമ്പോേഴക്കും നമ്മുടെ സിനിമാരംഗം രണ്ടു ചേരികളിലായി മാറുന്നതു കാണാൻ കഴിയും. ഉത്കൃഷ്ട സിനിമയെന്നും ജനപ്രിയ സിനിമയെന്നുമുള്ള രണ്ടു പാതകൾ ഇവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ജനപ്രിയ സിനിമക്കാർ കച്ചവട സാധ്യതയുള്ള എല്ലാ ഘടകങ്ങളെയും വിദഗ്ധമായി ചൂഷണംചെയ്തുകൊണ്ട് സിനിമയെ ഒരു വിനോദ വ്യവസായമായി കണ്ടവരായിരുന്നു. ജനപ്രിയ സാഹിത്യവും പുരാണ സാഹിത്യവും വടക്കൻ വീരകഥകളും ഇക്കാലത്ത് സിനിമയിലൂടെ ലാഭം കൊയ്തു. ഉത്കൃഷ്ട കലാരചനകളിലൂടെ മികച്ച സിനിമകളെന്ന ഖ്യാതി നേടിക്കൊണ്ട് മറ്റൊരു പാതയും ഇതോടൊപ്പം നിലനിന്നു. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ, ഷാജി എൻ. കരുൺ, ​െക.ആർ. മോഹനൻ എന്നിവരുടെ സിനിമകൾ കലാമൂല്യവും സാമൂഹിക പ്രസക്തിയും നിറഞ്ഞവയാണെന്ന് വിധിയെഴുത്തുകളുണ്ടായി.

ഒരുകാലത്ത് നമ്മുടെ സാമൂഹിക ജീവിതത്തിൽ ശക്തമായി ഇടപെടാൻ കഴിഞ്ഞിരുന്ന സിനിമ പിന്നീട് ഉള്ളടക്കത്തിന്റെ ഒത്തുതീർപ്പുകളിൽ കുടുങ്ങി വെറും ഒരു വിനോദോപാധിയായി മാറുന്ന കാഴ്ച നാം കണ്ടു. താരങ്ങൾക്കനുസൃതമായി കഥകൾ രൂപപ്പെടുത്തി മാർക്കറ്റിലേക്കെത്തിക്കുന്ന വെറും വിപണന വസ്തുവായി സിനിമ മാറി. ഇവിടെ ചലച്ചിത്രകാരൻ വെറും നോക്കുകുത്തിയായി. എന്നാൽ, ജനപ്രിയ സിനിമകളിൽതന്നെ കലാമൂല്യവും പുലർത്താൻ ശ്രമിച്ചവർ ഉണ്ടായിരുന്നു. ഭരതൻ, പത്മരാജൻ, ഹരിഹരൻ, കെ.ജി. ജോർജ് തുടങ്ങിയവരെ ഈ ഗണത്തിൽപെടുത്താം.

ഏറെ സ്വാധീനമുള്ള ഒരു ജനകീയമാധ്യമം എന്നനിലയിൽ സിനിമ ആത്യന്തികമായി കലയുടെ ധർമം പാലിക്കേണ്ട ഒരു മാധ്യമംതന്നെയാണ്. ഉത്തമ മൂല്യങ്ങളും കലാമേന്മയും നിറഞ്ഞ ചിത്രങ്ങൾ ഇപ്പോഴും ഒരു ന്യൂനപക്ഷമാണ് എന്ന വസ്തുത നിഷേധിക്കാനാവില്ല. ആദ്യകാല സിനിമകൾ മിക്കതും സാഹിത്യസമ്പന്നമായിരുന്നു എന്നത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. കുടുംബവും കൂട്ടുകുടുംബവുമൊക്കെയായി ജീവിച്ച ഒരു സമൂഹത്തിന് അക്കാലത്തെ സാഹിത്യകൃതികൾ തങ്ങളുടെ ജീവിതം പറയുന്നതായി അനുഭവപ്പെട്ടു. അതിനുശേഷം വന്ന രണ്ടാം ഘട്ടം ജനപ്രിയ സാഹിത്യത്തിന്റേതായി മാറിയത് ആ കാലഘട്ടത്തിലെ ജീവിത സാഹചര്യത്തിലുണ്ടായ മാറ്റങ്ങളുടെ കൂടി അടയാളമായിരുന്നു. ഇന്ന് ജനപ്രിയ സാഹിത്യത്തിന് സിനിമയിൽ വലിയ സ്ഥാനമില്ലെന്നുതന്നെ പറയാം. വർത്തമാനകാല സംഭവങ്ങളാണ് ഇന്നത്തെ സിനിമയുടെ സാഹിത്യം. അതാകട്ടെ ലൊക്കേഷനിൽ വെച്ചുപോലും എഴുതിക്കൂട്ടാവുന്ന സാഹിത്യമായി മാറുകയാണ്. ഒരു പത്രവാർത്തയോ സംഭവമോപോലും ഇന്നത്തെ ജനപ്രിയ സിനിമയുടെ ആധാരശിലയാകുന്നുണ്ട്. എന്നിരുന്നാലും നീണ്ട ഇടവേളകൾക്കിടയിലും ചില നല്ല കഥകൾ, നോവലുകൾ സിനിമയായി വരുന്നുണ്ട്. ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, പി.എഫ്. മാത്യൂസ്, എസ്. ഹരീഷ്, ബെന്യാമിൻ, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവരുടെ കൃതികൾ സിനിമയിലേക്കു വന്നു തുടങ്ങിയിട്ടുണ്ട്. ജനപ്രിയ സാഹിത്യ കൃതികൾ ചലച്ചിത്രമാകുമ്പോൾ അത് ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത പുതിയ സാഹചര്യമാണ് നിലവിലുള്ളത്.

രാജൻ ബാലുശ്ശേരി

ലേഖകന്റേത് തെറ്റായ കണ്ടെത്തലുകൾ

കെ.എസ്.ഇ.ബി വൈദ്യുതിനിരക്ക് ഉയർത്തിയതിന്റെ പിന്നിലെ കാരണങ്ങൾ വിശകലനംചെയ്യുന്ന അബ്ദുൾ ലത്തീഫ് മാറഞ്ചേരിയുടെ ‘ധൂർത്തും ദുർവ്യയവും വൈദ്യുതി ഉപഭോക്താക്കളുടെ ചുമലിലോ’ എന്ന ലേഖനം വായിച്ചു (ലക്കം: 1322). കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതിനിരക്കുകൾ താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ വൈദ്യുതി ബോർഡ് ജനങ്ങളെ കൊള്ളചെയ്യുകയാണ് എന്നാണ് ലേഖകന്റെ പ്രധാന വാദം. വാദത്തെ ശക്തിപ്പെടുത്താൻ വേണ്ടി തെറ്റായ കണക്കുകളാണ് ലേഖകൻ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഗാർഹിക ഉപഭോക്താവ് 310 യൂനിറ്റിന് 724 രൂപയാണ് വൈദ്യുതി ചാർജ് അടക്കുന്നത് എന്നാണ് ലേഖകന്റെ കണ്ടെത്തൽ. തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (TANGEDCO) വെബ്സൈറ്റിൽ വൈദ്യുതി ബിൽ കാൽക്കുലേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതുപ്രകാരം 310 യൂനിറ്റിന്റെ ഒരു മാസത്തെ ഉപഭോഗത്തിന് 1465 രൂപയാണ് ചാർജ്. ഈ തുകയെയാണ് ലേഖകൻ 724 രൂപ എന്ന് എഴുതി തെറ്റിദ്ധരിപ്പിക്കുന്നത്.

മുൻവിധിയോടുകൂടി കാര്യങ്ങളെ സമീപിക്കുന്നതിനാൽ ചെറുകിട-വൻകിട വ്യവസായങ്ങൾക്ക് കേരളം ഏർപ്പെടുത്തിയ വൈദ്യുതി നിരക്ക് തമിഴ്നാടിനെക്കാൾ കുറവാണെന്ന വസ്തുതയെ പറ്റി ലേഖകൻ മൗനം പാലിക്കുകയാണ്. ബോർഡിലെ സബ് എൻജിനീയറുടെ ശമ്പളം 1,61,220 രൂപ എന്ന വിചിത്രമായ കണ്ടെത്തലും ലേഖകൻ നടത്തുന്നുണ്ട്. 2021ലെ പേ റിവിഷൻ ഉത്തരവ് പ്രകാരം സബ് എൻജിനീയറുടെ അടിസ്ഥാനശമ്പളം 41,600 രൂപയാണ്. നിലവിലെ ക്ഷാമബത്ത ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ എല്ലാംകൂടി പരമാവധി 20,000 രൂപക്കു താഴെ മാത്രമേ വരൂ എന്നതിനാൽതന്നെ ആകെ ശമ്പളം 65,000 രൂപയിൽ കൂടില്ല. വസ്തുത ഇതായിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് ലേഖകൻ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

അനുഗ്രഹ് എം.സി, ചോറോട്

ശ്രദ്ധേയ നിരീക്ഷണങ്ങൾ

‘തിരമലയാളത്തിലെ ചിറകൊടിഞ്ഞ പൈങ്കിളികൾ’ എന്ന ബ്ലെയ്സ് ജോണിയുടെ ലേഖനം ശ്രദ്ധേയമായി. ജനപ്രിയ/ പൈങ്കിളി എഴുത്തുകാരെ മലയാള സിനിമ വികലമായി അവതരിപ്പിക്കുന്നതിനെ ലേഖകൻ പുനർ വായനക്ക് വിധേയമാക്കുന്നു. കാൽപനികതയും വായനശീലവും പൈങ്കിളി എഴുത്തുകൾ സൃഷ്ടിച്ച നല്ല കാര്യങ്ങളായി ലേഖകൻ അടിവരയിടുന്നു. ൈപങ്കിളി/ ജനപ്രിയ എഴുത്തുകൾ വാർപ്പു മാതൃകകളായി അവതരിപ്പിക്കുന്നതിന്റെ കാരണമായി ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയ നിരീക്ഷണമാണ്.

‘‘ജനപ്രിയ രൂപങ്ങൾ മൂല്യവിചാരണക്ക് വിധേയമാകുമ്പോൾ അവിടെ പ്രവർത്തിക്കുന്നത് പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണ്’’എന്നാണ് ലേഖകന്റെ നിരീക്ഷണം. ജനപ്രിയ എഴുത്തുകൾ ഉണ്ടാക്കുന്ന പോസിറ്റിവ്-നെഗറ്റിവ് സ്വാധീനം ആഴത്തിൽ പറയാതെ പോയത് ലേഖനത്തിന്റെ കുറവായി അനുഭവപ്പെട്ടു.

പ്രസീത പാറമ്മൽ, പട്ടാമ്പി

അടിയന്തരാവസ്ഥക്കാലത്തെ പോരാളികൾക്ക് പെൻഷൻ ഒരുക്കണം

അഡ്വ. ജി. സുഗുണൻ എഴുതിയ ‘ഒരു വിദ്യാർഥി നേതാവി​ന്റെ ചകിത ഓർമകൾ’ കാലോചിതമായി. അന്ന് ഞാൻ ഒമ്പത്-പത്ത് ക്ലാസ് വിദ്യാർഥിയാണ്. സജീവ വിദ്യാർഥി രാഷ്ട്രീയ സംഘടന പ്രവർത്തകനായിരുന്നില്ലെങ്കിലും കെ.എസ്.യു അല്ലെങ്കിൽ അടിയന്തരാവസ്ഥ സ്തുതിപാഠകൻ അല്ലാത്തതിനാൽ അവഗണനയും അവഹേളനവും നേരിടേണ്ടിവന്നു. ഇത് പിന്നീട് നേടിയ കരുത്തിന് പ്രചോദനമായി.

ഇന്ദിരാ സ്തുതിപാഠകരുടെ അഴിഞ്ഞാട്ടമായിരുന്നു അന്ന്. സാംസ്കാരിക നായകരും ഇടതുപക്ഷ ചിന്തകരും മൗനത്തിലും. സി.പി.ഐക്കാരനായ അച്യുതമേനോനാണ് അന്ന് മുഖ്യമന്ത്രി. ആഭ്യന്തരം കെ. കരുണാകരനും. കേരളത്തിലുടനീളം പൊലീസുകാരുടെ അഴിഞ്ഞാട്ടമായിരുന്നു. പക്ഷേ, ആ ദുരവസ്ഥക്ക് അറുതിയാക്കിയത് നിരക്ഷരരെന്ന് നമ്മൾ പരിഹസിച്ചിരുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ്. സാക്ഷര കേരളം അന്ന് 20 എം.പിമാരെ അടിയന്തരാവസ്ഥക്കുള്ള അംഗീകാരമായി ഡൽഹിക്കയച്ചു. അരങ്ങിൽ ശ്രീധരന്റെ കെ.പി. ഉണ്ണികൃഷ്ണനോടുള്ള പരാജയവും പി.ആർ. കുറുപ്പിന്റെ വിജയവും എനിക്കന്ന് ആഘാതമായിരുന്നു. ശേഷം ഇരുവരും അടിയന്തരാവസ്ഥ വിരുദ്ധരായി കേന്ദ്ര സംസ്ഥാന മന്ത്രിമാരായി. ഒപ്പം പലരും.

ക്രൂരമായ ലോക്കപ്പ് മർദനങ്ങളാൽ നിത്യരോഗികളായ അനേകം പേർ ഇവിടെ ജീവിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്ക് അരനൂറ്റാണ്ട് തികയുന്ന ഈ വേളയിൽ ആ ധീര പീഡിത വിപ്ലവകാരികൾക്ക് പെൻഷനും ചികിത്സ സൗകര്യവും ഒരുക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. മറ്റുപല സംസ്ഥാനങ്ങളും ഇൗ വിഷയത്തിൽ കേരളത്തിന് മാതൃകയായുണ്ട്.

സി.എച്ച്. അബൂബക്കർ കടവത്തൂർ

News Summary - madhyamam weekly letter